Review: Kandahar
ലോക്‍നാഥ് ശര്‍മ (അമിതാഭ് ബച്ചന്‍) എന്ന നല്ലവനും സമര്‍ഥനുമായ അധ്യാപകന്റെ മകനാണ് സൂര്യ (ഗണേഷ് വെങ്കിട്ടരാമന്‍). ഊട്ടിയില്‍ വിശ്രമജീവിതം ശര്‍മയ്‌ക്ക് മകനേക്കുറിച്ച് വലിയ മതിപ്പാണ്. ഒരുകാലത്ത് സൂര്യയുടെ അച്ഛന്‍ എന്നറിയപ്പെടണം എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
പൈലറ്റ് ലൈസന്‍സുണ്ടെങ്കിലും ജോലി കിട്ടാതെ വിഷമിക്കുന്ന സൂര്യ മേജര്‍ മഹാദേവന്റെ (മോഹന്‍ലാല്‍) സ്വാധീനത്തില്‍ ഇന്ത്യന്‍ സൈന്യത്തില്‍ എത്തുന്നു. കടുത്ത പരിശീലനത്തിനു ശേഷം സൂര്യ ജോലി ആരംഭിച്ചത് മഹാദേവനൊപ്പമാണ്. അവരെ കാത്തിരുന്നത് അസാധാരണമായ പ്രശ്‌നങ്ങളായിരുന്നു. അച്ഛന് അഭിമാനിക്കാവുന്ന മകനായിത്തന്നെ സൂര്യ മടങ്ങിയെത്തുമ്പോഴാണ് സിനിമ അവസാനിക്കുന്നത്. പക്ഷേ, അഭിമാനകരമായ ആ വരവില്‍ ശര്‍മയ്‌ക്ക് സന്തോഷിക്കാന്‍ കഴിയുന്നില്ല എന്നതാണ് ദുരന്തം.
PLUSES
ഹൃദയസ്‌പര്‍ശിയായ രണ്ട് രംഗങ്ങളുണ്ട് ഇതില്‍. ഒന്നില്‍ തിളങ്ങിയത് കെ പി എ സി ലളിത. രണ്ടാമത്തേതില്‍ അനില്‍ മുരളിയും. ജിഹാദികളുടെ കൂടാരത്തിലേക്ക് ഒരു ഭ്രാന്തനെപ്പോലെ പായുന്ന മകന് അവസാന ഉരുള ചോറ് കൊടുത്തയയ്‌ക്കുന്ന ഉമ്മയുടെ വേദന നിറഞ്ഞ മുഖം, പിന്‍വിളി വിളിക്കുന്ന മുഖം ഇപ്പോഴും മനസ്സില്‍ നില്‍ക്കുന്നു. അങ്ങനെയുള്ള ഉമ്മമാര്‍ ലോകത്ത് പലയിടത്തും ഉണ്ടാവും. അവര്‍ക്കു വേണ്ടി ഒരു തുള്ളി കണ്ണീര്‍; കെ പി എ സി ലളിതയ്‌ക്ക് നന്ദി.
സൈനികന്റെ മൃതദേഹവുമായി പോകുന്ന വാഹനത്തിനു പിന്നില്‍ ചെന്ന് അക്ഷമനായി ഹോണ്‍ മുഴക്കി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്ന ട്രക്ക് ഡ്രൈവറാണ് അനില്‍ മുരളി. നമുക്കയാളോട് ദേഷ്യം തോന്നും. മുന്നിലുള്ളത് എന്താണെന്ന് അറിയുന്ന നിമിഷം അയാള്‍ ചുണ്ടിലെ ബീഡി കളയുന്നു, തലയിലെ കെട്ടഴിക്കുന്നു. എങ്കിലും, നമ്മളെ അമ്പരപ്പിച്ചുകൊണ്ട്, അയാള്‍ സൈനികവാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നുണ്ട്. അതുപക്ഷേ, ആ സൈനികന്റെ അന്ത്യയാത്രയ്‌ക്ക് പൈലറ്റ് വാഹനമാകാനായിരുന്നു എന്നറിയുന്ന നിമിഷം നമ്മള്‍ വീണ്ടും അമ്പരക്കും, അതിലേറെ അഭിമാനം തോന്നും. പല സിനിമകളിലും തല്ലുകൊള്ളി വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള അനില്‍ മുരളിയെ ഞാന്‍ ഇനി ഓര്‍ക്കാന്‍ പോകുന്നത് ഈ ഒറ്റ സീക്വന്‍സിന്റെ പേരിലായിരിക്കും.
ഇവര്‍ കഴിഞ്ഞാല്‍, അമിതാബ് ബച്ചനാണ് ഈ സിനിമയിലെ ആകര്‍ഷണം. അറുപതുകളുടെ അവസാനത്തില്‍ നില്‍ക്കുമ്പോഴും രൂപം കൊണ്ടും ശബ്ദം കൊണ്ടും അഭിനയം കൊണ്ടും കാണികളെ വിസ്‌മയിപ്പിക്കുന്നു അദ്ദേഹം. ബച്ചന്‍ -ലാല്‍, ബച്ചന്‍ -ഗണേഷ് വെങ്കിട്ടരാമന്‍, ബച്ചന്‍ -സുമലത.. ഈ മൂന്ന് കോമ്പിനേഷനുകളിലാണ് നമ്മള്‍ പ്രധാനമായും ബച്ചനെ കാണുന്നത്. എത്ര അനായസമായാണ് അദ്ദേഹം ലാലിനെയും ഗണേഷിനെയും സുമലതയെയും അതിശയിച്ചത്, അവരുടെ അഭിനയത്തെ transcend ചെയ്തത്. എനിക്ക് ബച്ചനോട് ബഹുമാനം തോന്നി; സ്നേഹവും.
(മോഹന്‍ലാലിനേപ്പറ്റി പറഞ്ഞില്ല എന്ന് അലറാന്‍ ഒരുങ്ങുന്നവര്‍ക്കു വേണ്ടി ഒരു വാചകം: ഉള്ള പണി വൃത്തിയായി ചെയ്തിട്ടുണ്ടെന്നല്ലാതെ മോഹന്‍ലാലിന്റെ മേജര്‍ മഹാദേവന്‍ അദ്ഭുതങ്ങളൊന്നും കാണിക്കുന്നില്ല. അക്കാര്യത്തില്‍ മേജര്‍ രവി ഒരു മൈനര്‍ വീഴ്ച പോലും വരാതെ ശ്രദ്ധിച്ചിട്ടുണ്ട്; മോഹന്‍ലാലും. മാത്രമല്ല, മേജര്‍ പ്രകടിപ്പിക്കുന്ന തീവ്രവികാരങ്ങള്‍ ആ കഥാപാത്രത്തിനു തീരെ ചേരാത്തവയുമാണ്.)
MINUSES
ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ കാണികളെ കസേരയില്‍ പിടിച്ചിരുത്തുന്ന ഒന്നും ഈ സിനിമയില്‍ ഇല്ല. സത്യത്തില്‍ കാണ്ഡഹാറിനെ ലക്ഷണമൊത്ത ഒരു സിനിമയായി തന്നെ കാണാന്‍ പ്രയാസമുണ്ട്. ഒരുപാട് പണം മുടക്കിയെടുത്തിട്ടുള്ള ഒരു അമച്വര്‍ സംരംഭം മാത്രമാണിത്. (എങ്കിലും, ഇതിന്റെ തിരക്കഥയേക്കുറിച്ച് നമുക്ക് മോശം പറയാന്‍ കഴിയില്ല. ഇല്ലാത്ത സാധനത്തെപ്പറ്റി എന്തു പറയാനാണ്!)
ഇത് ഒരു സിനിമയല്ല, ഒരുപാട് സിനിമയാണ് എന്നു വേണമെങ്കിലും പറയാം. ഫിലിംസ് ഡിവിഷന്റെ അതിവിരസമായ ഡോക്യുമെന്ററികള്‍, ബ്ലാക് & വൈറ്റ് കാലത്തെ അതിഭാവുകത്വം നിറഞ്ഞ മലയാളസിനിമ, സ്ഥിരം ഫോര്‍മുലയില്‍ നിന്ന് ഒരു മില്ലിമീറ്റര്‍ പോലും മാറാതെ നിര്‍മിക്കുന്ന തീവ്രവാദവിരുദ്ധ ഇന്ത്യന്‍സിനിമ, മിമിക്രിക്കാര്‍ മലയാളസിനിമയില്‍ കയറി മറിഞ്ഞ കാലത്ത് ഉണ്ടായ കോമാളിസിനിമകള്‍… ഇങ്ങനെ പലതും ഓരോരോ സമയത്ത് മേജര്‍ രവിയുടെ കാണ്ഡഹാര്‍ ഓര്‍മിപ്പിക്കും. ഇതൊന്നും പോരാഞ്ഞിട്ട് ഒരു തറ ബാര്‍ ഡാന്‍സും.
അനൂപ് ചന്ദ്രന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവര്‍ പ്രത്യക്ഷപ്പെടുന്ന വര്‍ക്ക്ഷോപ്പ് സീനുകള്‍ സര്‍ക്കസുകളിലെ സ്ഥിരം വിഭവമായ കുള്ളന്‍ എപ്പിസോഡ് ഓര്‍മിപ്പിച്ചു. (ബഫൂണ്‍ വേഷം കെട്ടിയ കുള്ളന്മാര്‍ക്ക് എല്ലാ സര്‍ക്കസിലും ഒരേ ഇനങ്ങള്‍ തന്നെ: ചന്തിക്ക് തല്ലല്‍, തല കുത്തി മറിയല്‍, ബലൂണ്‍ പൊട്ടുന്ന ശബ്ദം കേട്ട് ബോധംകെടല്‍, കുറേ കാറലും കൂവലും.. കഴിഞ്ഞു.)
എയര്‍ ഹോസ്റ്റസിനോടും പൈലറ്റിനോടും ചോദിച്ച് ചോദിച്ച് വിമാനം പറത്തുന്ന മേജര്‍ മഹാദേവനെ കാണുമ്പോള്‍ ഒരൊറ്റ കാര്യത്തില്‍ മാത്രമേ നമുക്ക് തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ട് തോന്നുകയുള്ളു; ചിരിക്കണോ കൂവണോ? (നമുക്ക് ചോദിച്ചു ചോദിച്ചു പോകാം എന്ന ആ പഴയ പ്രശസ്തമായ ഡയലോഗ് ഓര്‍മ വന്നതുകൊണ്ട് ഞാന്‍ കൂവിയില്ല, തല കുത്തി ചിരിച്ചു.)
ഇതിനെ മലയാളം സിനിമ എന്നു വിളിക്കാന്‍ ബുദ്ധിമുട്ടാണ്. ഒരു മലയാളം ഡയലോഗ് വരുമ്പോള്‍ മൂന്ന് ഇംഗ്ലീഷ് ഡയലോഗും അഞ്ച് ഹിന്ദി ഡയലോഗും വരും. അതില്‍ പലതും സബ് ടൈറ്റില്‍ ചെയ്‌തിട്ടുമില്ല.
EXTRAS
സുപ്പീരിയര്‍ ഓഫീസറുടെയും സാക്ഷാല്‍ ഇന്ത്യാ ഗവണ്മെന്റിന്റെയും വിലക്ക് അവഗണിച്ച് വളരെ നിര്‍ണായകമായ ഒരു പ്രശ്‌നത്തില്‍ കൊച്ചുകുട്ടികളുടെ വാശിയും വികാരപരതയും എടുത്തുചാട്ടവും പ്രകടിപ്പിക്കുന്ന ഒരു സാദാ മേജറെ മുന്നില്‍ നിര്‍ത്തി ഈ ചിത്രം നിര്‍മിക്കുമ്പോള്‍ എന്തായിരിക്കും സംവിധായകന്റെ മനസ്സിലുണ്ടായിരുന്നിരിക്കുക? നമ്മുടെ അഭിമാനമായ ഇന്ത്യന്‍ സൈന്യം ആര്‍ക്കും എന്തും തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യാവുന്ന പിള്ളേരുകളിയാണെന്ന് സ്ഥാപിക്കലോ? അതോ, ജീവന്‍ കൈയിലെടുത്ത് പിടിച്ച് രാജ്യത്തിനു വേണ്ടി പൊരുതുന്ന ഇന്ത്യന്‍ സൈനികന്റെ ആത്മവീര്യം, ദേശസ്നേഹം എന്നൊക്കെ പറയുന്നത് കൈയടി കിട്ടാനുള്ള അടവോ വെറും എടുത്തുചാട്ടമോ ആണെന്ന് കാണിക്കലോ? രണ്ടായാലും, അത് നമ്മുടെ സൈന്യത്തിനും നമ്മുടെ രാജ്യത്തിനും അപമാനകരമാണ്. ഇദ്ദേഹം സത്യത്തില്‍ ഇന്ത്യന്‍ സൈന്യത്തില്‍ മേജറായിരുന്നോ എന്ന് എനിക്ക് ബലമായ സംശയമുണ്ട്.
കമാന്‍ഡോ ഓപറേഷന്റെ രീതികളേക്കുറിച്ച് എനിക്ക് വലിയ ധാരണയൊന്നുമില്ല. വിമാനത്തിന്റെ ഭൂമിശാസ്‌ത്രവും കാര്യമായി അറിയില്ല. എങ്കിലും, ഇതില്‍ കാണുന്ന പോലെ അതിലളിതമായ ഒരു ഓപ്പറേഷന്‍ വിമാനത്തില്‍ സാധ്യമാകില്ലെന്നാണ് എന്റെ ചെറിയ ബുദ്ധിയില്‍ തോന്നുന്നത്. അഥവാ സാധിച്ചാല്‍ത്തന്നെ, അതിലെ ഒരു ഈച്ച പോലും ജീവനോടെ പുറത്തുവരില്ല. (അതേക്കുറിച്ച് കൂടുതല്‍ അറിയാവുന്നവര്‍ ആധികാരികമായി പറഞ്ഞാല്‍ നന്നായിരുന്നു.)
മൂന്നു മിലിറ്ററി സിനിമയ്‌ക്കു ശേഷം നാലാമത്തേതിലെത്തി നില്‍ക്കുന്ന മേജര്‍ രവി ഓരോന്നും കഴിയുമ്പോള്‍ സിനിമാബോധത്തില്‍ നിന്നും മിലിറ്ററിബോധത്തില്‍ നിന്നും ഒരുപോലെ പിന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതിന്റെ കാരണം എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല.
REAL KANDAHAR
കാണ്ഡഹാര്‍ എന്നു കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മയില്‍ വരുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, 1999-ല്‍ നടന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാന റാഞ്ചല്‍. രണ്ട്, ഇറാനിയന്‍ സംവിധായകനായ മക്‍മല്‍ബഫിന്റെ കാണ്ഡഹാര്‍ എന്ന പ്രശസ്തമായ സിനിമ.
174 യാത്രക്കാരും 11 ജോലിക്കാരുമുണ്ടായിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ കാഠ്‌മണ്ഡു -ന്യൂ ഡല്‍ഹി എയര്‍ ബസ് പാക്കിസ്ഥാനില്‍ നിന്നുള്ള ഹര്‍ക്കത്-ഉല്‍-മുജാഹിദ്ദീന്‍ തീവ്രവാദികള്‍ റാഞ്ചിയത് 1999 ഡിസംബര്‍ 24-നായിരുന്നു. അമൃത്‌സര്‍, ലഹോര്‍, ദുബായ് എന്നിവിടങ്ങളില്‍ ഇറക്കുകയും കുറച്ച് യാത്രക്കാരെ മോചിപ്പിക്കുകയും ചെയ്ത ശേഷം റാഞ്ചികള്‍ വിമാനം നേരെ താലിബാന്‍ കേന്ദ്രമായ കാണ്ഡഹാറില്‍ എത്തിച്ചു. ഇന്ത്യയില്‍ ജയിലില്‍ കഴിയുന്ന മുഷ്‌താഖ് അഹ്‌മദ് സര്‍ഗാര്‍, ഒമാര്‍ സഈദ് ഷേഖ്, മൌലാന മസൂദ് അസര്‍ എന്നീ തീവ്രവാദികളെ വിട്ടയക്കണം എന്നായിരുന്നു അവരുടെ പ്രധാന ആവശ്യം. സൈനികതന്ത്രപരമായും നയതന്ത്രപരമായും രാഷ്‌ട്രീയമായും ഇന്ത്യ ലോകത്തിനു മുന്നില്‍ നാണം കെട്ടു നിന്ന ഏഴു ദിവസങ്ങള്‍ക്കൊടുവില്‍, ബി ജെ പിയുടെ നേതൃത്വത്തിലുള്ള അന്നത്തെ എന്‍ ഡി എ ഗവണ്‍മെന്റ് ചോദിച്ചതു കൊടുത്ത് യാത്രക്കാരെ മോചിപ്പിച്ചു.
താലിബാന്റെ മനുഷ്യത്വരാഹിത്യത്തില്‍ മനം നൊന്ത് നാണം കെട്ട ജീവിതം സ്വയം അവസാനിപ്പിക്കാനൊരുങ്ങുന്ന സഹോദരിയെ രക്ഷിക്കാന്‍ കാണ്ഡഹാര്‍ പട്ടണത്തിലേക്ക് ഒളിച്ചു കടക്കാന്‍ ശ്രമിക്കുന്ന നഫാസ് എന്ന കനേഡിയന്‍ ജേണലിസ്റ്റിന്റെ കഥയാണ് മക്‍മല്‍ബഫിന്റെ കാണ്ഡഹാര്‍ പറയുന്നത്. അങ്ങേയറ്റം ലളിതമെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിപ്പിക്കുമെങ്കിലും, ഗൌരവമേറിയ, ഒപ്പം ഹൃദ്യവും വേദനാജനകവുമായ ഈ ചിത്രം നിറഞ്ഞ കണ്ണുകളോടെയല്ലാതെ കണ്ടുതീര്‍ക്കാന്‍ കഴിയില്ല.
ഈ രണ്ടു കാണ്ഡഹാറുമായും മേജര്‍ രവിയുടെ കാണ്ഡഹാറിന് ബന്ധമൊന്നുമില്ല. ആമയും മുയലും ഓട്ടപ്പന്തയം വച്ചു; നമുക്ക് ന്യൂഡല്‍ഹി വരെ ഓടാം. ഇടയ്‌ക്കു വച്ച് മുയല്‍ ഉറങ്ങി. അപ്പുറത്തെ വളവിലുള്ള New Delhi 2500 KM എന്നെഴുതിയ മയില്‍ക്കുറ്റിക്കടുത്തു ചെന്ന് ആമ തിരിച്ചു പോന്നു. ഈ കഥയ്‌ക്ക് ന്യൂഡല്‍ഹി എന്നു പേരിടുന്നതില്‍ നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍ മേജര്‍ രവിയുടെ സിനിമയ്‌ക്ക് കാണ്ഡഹാര്‍ എന്ന് പേരിട്ടതിന് ഒരു കുറ്റവും പറയാന്‍ തോന്നില്ല.
LAST WORD
അമിതാഭ് ബച്ചനെയും മോഹന്‍ലാലിനെയും കണ്ടാല്‍ സമാധാനമാകുന്നവര്‍ക്ക് വേണമെങ്കില്‍ കാണാവുന്ന സിനിമ.
RATING
ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇനിയൊരു റേറ്റിങ്ങിന്റെ ആവശ്യമില്ല. ബുദ്ധിയുള്ള വായനക്കാര്‍ക്ക് സ്വയം തീരുമാനിക്കാവുന്നതേയുള്ളു. (അതില്ലാത്തവര്‍ ദയവായി നല്ല ബ്രഹ്‌മിയോ മറ്റോ വാങ്ങി കഴിച്ചു നോക്കുക; ഗുണം കിട്ടുമെന്നാണ് പറയപ്പെടുന്നത്.)
G Krishnamurthy
movieraga--
www.keralites.net |
__._,_.___
No comments:
Post a Comment