Sunday, December 5, 2010

[www.keralites.net] വന്ധ്യത എന്തുകൊണ്ട്?



വന്ധ്യത വര്‍ധിച്ചു വരുന്നുണ്ടോ? ജീവിതരീതിയിലും ഭക്ഷണശീലങ്ങളിലുമൊക്കെ വന്ന മാറ്റം മൂലം വന്ധ്യത കൂടിയിട്ടുണ്ടെന്നാണ് ആയുര്‍വേദ ചികിത്സകര്‍ പലരും അഭിപ്രായപ്പെടുന്നത്. പ്രത്യക്ഷത്തില്‍ അങ്ങനെ തോന്നാമെങ്കിലും വന്ധ്യത വര്‍ധിച്ചു എന്നു പറയാനാവില്ലെന്നാണ് ആധുനിക ചികിത്സാരംഗത്തെ ഡോക്ടര്‍മാരുടെ അഭിപ്രായം. വന്ധ്യതാ പ്രശ്‌നത്തിനു ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ട്. വന്ധ്യതാക്ലിനിക്കുകളും വളരെയധികം ഉണ്ടായി. ഇത് വന്ധ്യത കൂടിയതുകൊണ്ടാണ് എന്നു പറഞ്ഞുകൂടാ. ഗര്‍ഭധാരണം പ്രതീക്ഷിച്ച് നാലഞ്ചുമാസമായിട്ടും അതിനു കഴിയാതിരുന്നാല്‍ മിക്കവരും 'വന്ധ്യതയ്ക്ക്' ചികിത്സ തേടി എത്തുകയായി. ഇവരില്‍ വലിയൊരു വിഭാഗത്തിനും വന്ധ്യതാപ്രശ്‌നങ്ങളൊന്നും ഉണ്ടായിരിക്കില്ല.

ഒരു വര്‍ഷമെങ്കിലും ഫലപ്രദമാം വിധം ഒരുമിച്ചു കഴിഞ്ഞിട്ടും ഗര്‍ഭധാരണം സാധിക്കുന്നില്ലെങ്കില്‍ മാത്രമേ ചികിത്സ തേടേണ്ടതുള്ളൂ. സ്ത്രീകളുടെ കാര്യത്തില്‍ വന്ധ്യതാ കാരണങ്ങള്‍ കണ്ടെത്തുക താരതമ്യേന എളുപ്പമാണ്. അതുകൊണ്ടുതന്നെ അവ ചികിത്സിച്ചുഭേദമാക്കാനും എളുപ്പമാണ്. എന്നാല്‍ പുരുഷവന്ധ്യതയുടെ കാര്യത്തില്‍ സംഗതികള്‍ അത്ര എളുപ്പമല്ല. വന്ധ്യതയുടെ കൃത്യമായ കാരണം കണ്ടെത്തുക വിഷമമാണ്. അതുകൊണ്ടുതന്നെ ചികിത്സ നിര്‍ണയിക്കുന്നതും വിഷമം.

ബീജസംഖ്യ കുറഞ്ഞു വരുന്നു

വന്ധ്യത വര്‍ധിക്കുന്നു എന്നതിന് ശാസ്ത്രീയ തെളിവുകളോ കണക്കുകളോ ഒന്നുമില്ലെങ്കിലും പുരുഷന്മാരുടെ ബീജസംഖ്യയില്‍ വ്യക്തമായ കുറവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു തവണത്തെ സ്ഖലനത്തില്‍ ശരാശരി 60 ദശലക്ഷം ബീജങ്ങളെങ്കിലും ഉണ്ടെങ്കിലേ ഗര്‍ഭധാരണം നടക്കുകയുള്ളൂ എന്നായിരുന്നു മുമ്പ് കണക്കാക്കിയിരുന്നത്. അത്രയുമില്ലെങ്കില്‍ ബീജസംഖ്യ (കൗണ്ട്) കുറവാണെന്നു കണക്കാക്കിയിരുന്നു. ആഗോള ശരാശരി നോക്കുമ്പോള്‍ ഇത്രയും ഉയര്‍ന്ന ബീജസംഖ്യ സര്‍വ്വസാധാരണമല്ലെന്നും ഗര്‍ഭധാരണത്തിന് ഇത്രയും ആവശ്യമില്ലെന്നും മനസ്സിലാക്കി ലോകാരോഗ്യസംഘടന ഇത് തിരുത്തുകയായിരുന്നു. അവശ്യം വേണ്ട ബീജസംഖ്യ 40 ദശലക്ഷം എന്നു നിര്‍ണയിച്ചു. വീണ്ടും ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങളില്‍ മിനിമം ബീജസംഖ്യ 20 ദശലക്ഷമാണ്.

ഭക്ഷണ, ജീവിത ശീലങ്ങളില്‍ വന്നമാറ്റം, പ്രകൃതിയുടെ വഴികളില്‍ നിന്നകന്നുള്ള പരിഷ്‌കാരങ്ങള്‍ എന്നിവയൊക്കെയാണ് ബീജസംഖ്യ കുറയാനുള്ള കാരണങ്ങള്‍. എന്നാല്‍, ബീജസംഖ്യ കുറയുന്നത് വന്ധ്യത വര്‍ധിക്കുന്നതിന്റെ സൂചനയാണെന്നു പറഞ്ഞുകൂടാ. ഒരൊറ്റ ബീജമേ ഉള്ളൂവെങ്കിലും ഗര്‍ഭധാരണം നടക്കാന്‍ സാധ്യതയുണ്ടല്ലോ. എന്നാല്‍ പലപ്പോഴും അങ്ങനെ പറ്റാറില്ല. വലിയൊരു വിഭാഗം ആളുകള്‍ക്കും വന്ധ്യതാ പ്രശ്‌നത്തിനു കാരണം ബീജസംഖ്യയിലെ കുറവുതന്നെ. ഘടനാപരമായ പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ഔഷധചികിത്സകൊണ്ട് ഒരളവുവരെ വന്ധ്യതാ പ്രശ്‌നത്തിനു പരിഹാരം കണ്ടെത്താനാവും. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, വൃഷണവീക്കം, വെരിക്കോസില്‍ തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും വന്ധ്യത ഉണ്ടാവാം.

ചലനശേഷിക്കുറവും പ്രശ്‌നമാണ്

ബീജസംഖ്യ പോലെ തന്നെ പ്രധാനമാണ് ബീജങ്ങളുടെ ചലനശേഷിയും. വൃഷണങ്ങളില്‍ നിന്നു സ്ഖലിച്ചു പുറത്തെത്തുന്ന ബീജങ്ങള്‍ യോനീനാളത്തിലൂടെ സാവധാനം മുന്നേറി അണ്ഡാശയക്കുഴലിലെത്തുന്നു. അവിടെ കാത്തുനില്‍ക്കുന്ന അണ്ഡത്തിന്റെ കവചങ്ങളെ ഭേദിച്ച് ഉള്ളിലെത്തുന്നത് ഒരൊറ്റ ബീജമാണ്. രണ്ടുകോടിയോളം ബീജങ്ങളില്‍ ഏറ്റവും കരുത്തും കര്‍മവീര്യവും ലക്ഷ്യബോധവുമുള്ള ബീജമാണ് ഈ മത്സരയോട്ടത്തില്‍ വിജയിയാകുന്നത്.

വാല്‍ ചലിപ്പിച്ച് നേരേ മുന്നോട്ടുതന്നെ നീന്തിക്കുതിച്ചുപോകുന്ന ബീജത്തിനേ ലക്ഷ്യത്തിലെത്താന്‍ കഴിയുകയുള്ളൂ. ചില ബീജങ്ങള്‍ക്ക് നല്ല ചലനശേഷിയുണ്ടാവും. പക്ഷേ അവ വേണ്ട ദിശയില്‍ ഫലപ്രദമായി മുന്നേറുന്നവയായിരിക്കില്ല. വെട്ടിവെട്ടി വശങ്ങളിലേക്കു പോവുക, ലക്ഷ്യമില്ലാതെ വെറുതേ ഓടിക്കൊണ്ടിരിക്കുക തുടങ്ങി പല പ്രശ്‌നങ്ങളുണ്ടാവാം. ആകെ ബീജങ്ങളില്‍ പകുതിയെങ്കിലും ഉത്സാഹപൂര്‍വം നേരേ മുന്നോട്ടുതന്നെ ചലിക്കുന്നവ ആയിരിക്കണം. ചിലര്‍ക്ക് ബീജസംഖ്യ വേണ്ടത്രയുണ്ടെങ്കിലും ചലനശേഷി കാര്യമായി ഉണ്ടാകാറില്ല. ഇത് ഗൗരവമേറിയ പ്രശ്‌നമാണ്. വിദഗ്ധ ചികിത്സകൊണ്ട് വലിയൊരളവോളം ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാറുണ്ട്.

ബീജവാഹിനിയിലെ തടസ്സങ്ങള്‍

വൃഷണത്തില്‍ ബീജോത്പാദനം നടക്കുന്നുണ്ടെങ്കിലും അവ പുറത്തുവരാതെ പോകുന്നപ്രശ്‌നം ചുരുക്കമായെങ്കിലും ചിലരില്‍ കാണാറുണ്ട്. ബീജവാഹിനിക്കുഴലിലെ തടസ്സങ്ങളാണ് ഇതിനു കാരണം. വൃഷണകോശങ്ങളില്‍നിന്ന് എപ്പിഡിഡിമസിലൂടെ ശുക്ലനാളിയിലെത്തിയാണ് ബീജങ്ങള്‍ പുറത്തു വരേണ്ടത്. വൃഷണകോശങ്ങളില്‍ നിന്നുള്ള ഈ സഞ്ചാരത്തിനിടെ എവിടെയെങ്കിലും തടസ്സങ്ങളുണ്ടായാല്‍ ബീജങ്ങള്‍ പുറത്തുവരില്ല. അത് വന്ധ്യതയ്ക്കു വഴിതെളിക്കലാവുകയും ചെയ്യും. ശുക്ലപരിശോധനയില്‍ ബീജസംഖ്യ വളരെക്കുറവാണെന്നു കണ്ടെത്തുകയും വൃഷണങ്ങള്‍ സാധാരണപോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നു വ്യക്തമാവുകയും ചെയ്താല്‍ ഇത്തരം തടസ്സങ്ങള്‍ക്കു സാധ്യതയുണ്ടെന്നു കരുതണം. എന്തുകൊണ്ടാണ് ഇത്തരം തടസ്സങ്ങള്‍ ഉണ്ടാകുന്നതെന്നു കണ്ടെത്താനും എവിടെയാണു തടസ്സം എന്നു കൃത്യമായി നിര്‍ണയിക്കാനും അത്രയെളുപ്പമല്ല. അവ കണ്ടെത്തി പരിഹരിക്കാനായാല്‍ സ്വാഭാവിക ഗര്‍ഭധാരണം സാധ്യമാകും.

ബീജവാഹിനിയിലെ തടസ്സം മൂലം ബീജങ്ങള്‍ പുറത്തുവരാത്തതുമാത്രമാണു പ്രശ്‌നമെങ്കില്‍, വൃഷണത്തിലോ ബീജസംഭരണിയിലോ നിന്ന് ബീജങ്ങള്‍ കുത്തിയെടുത്ത് ഐ.യു.ഐയോ മറ്റ് നവീനരീതികളോ സ്വീകരിച്ച് ഗര്‍ഭധാരണം സാധിക്കാനാവും.

ബീജനാശക ആന്റിബോഡി

ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയ്ക്കു പുറത്താണ് വൃഷണങ്ങളുടെ സ്ഥാനം. പുറമേനിന്ന് ശരീരത്തിലേക്കു കടന്നെത്തുന്ന അന്യവസ്തുക്കളെയും അണുക്കളെയും പ്രതിരോധിക്കാനുള്ള ആന്റിബോഡികള്‍ ശരീരത്തില്‍തന്നെ ഉണ്ടാകുന്നുണ്ട്.
വൃഷണങ്ങളെ ശരീരത്തിന്റെ പൊതുപ്രതിരോധവ്യവസ്ഥയില്‍ നിന്നു രക്ഷിക്കുന്നത് പല അടരുകളുള്ള ചില സ്തരങ്ങള്‍കൊണ്ടും മറ്റുമാണ്. പ്രതിരോധവ്യവസ്ഥയെ തടഞ്ഞു നിര്‍ത്തുന്ന ഈ ഭിത്തികള്‍ക്ക് ഏതെങ്കിലും തരത്തില്‍ തകരാറുകള്‍ വരാം. അങ്ങനെ വന്നാല്‍ പ്രതിരോധ വ്യവസ്ഥയുടെ പ്രവര്‍ത്തനം വൃഷണങ്ങളിലേക്കും കടന്നുചെല്ലും. വൃഷണങ്ങളില്‍ ഉണ്ടാകുന്ന ബീജങ്ങളെ അന്യവസ്തുക്കളായാണ് കാണുക. പ്രതിരോധ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അന്യവസ്തുക്കളായ ബീജാണുക്കളെ നശിപ്പിക്കുന്നതിനുള്ള ആന്റിബോഡികള്‍ ശരീരത്തില്‍തന്നെ ഉത്പാദിപ്പിക്കാന്‍ തുടങ്ങും. ഇവയാണ് ബീജനാശക ആന്റിബോഡി അല്ലെങ്കില്‍ ആന്റിസ്‌പേം ആന്റിബോഡി.

വന്ധ്യത അനുഭവിക്കുന്ന പുരുഷന്മാരില്‍ 10 ശതമാനത്തോളം പേരില്‍ ബീജനാശക ആന്റി ബോഡികളുടെസാന്നിധ്യമാകാം പ്രശ്‌നകാരണം. ബീജനാശ ആന്റിബോഡിയുടെ തീവ്രത കുറവാണെങ്കില്‍ പ്രത്യുത്പാദനത്തിന് പ്രശ്‌നമൊന്നും ഉണ്ടായില്ലെന്നുവരാം. എന്നാല്‍, അതിനു സാധ്യത കുറവാണ്. വന്ധ്യതാപ്രശ്‌നമില്ലാത്തവരില്‍ ഒരു ശതമാനത്തില്‍ താഴെ ആളുകളില്‍ മാത്രമാണ് ബീജനാശക ആന്റിബോഡികള്‍ കണ്ടിട്ടുള്ളത്.

വൃഷണങ്ങളില്‍ എന്തെങ്കിലും ആഘാതങ്ങള്‍ ഏറ്റിട്ടുള്ളവര്‍, വെരിക്കോസില്‍ ശസ്ത്രക്രിയ ചെയ്തവര്‍, ജന്മനാതന്നെ വാസ്ഡിഫറന്‍സ് ഇല്ലാത്തവര്‍, വൃഷണം തിരിച്ചില്‍ ഉണ്ടായവര്‍, വൃഷണത്തില്‍ നിന്ന് ബയോപ്‌സി എടുത്തിട്ടുള്ളവര്‍, വൃഷണങ്ങള്‍ വൃഷണസഞ്ചിയിലേക്ക് ഇറങ്ങാതിരുന്നവര്‍, പ്രോസ്റ്റേറ്റൈറ്റിസ് തുടങ്ങി അണുബാധപ്രശ്‌നമുള്ളവര്‍ എന്നിവര്‍ക്കൊക്കെ ബീജനാശക ആന്റിബോഡികളുണ്ടാവാനുള്ള സാധ്യത കൂടുതലുണ്ട്.

കോര്‍ട്ടികോസ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിച്ച് ശരീരത്തിന്റെ പ്രതിരോധശേഷിയെ അമര്‍ച്ചചെയ്യുകയാണ് പ്രശ്‌നത്തിനുള്ള സാധാരണ പ്രതിവിധി. എന്നാല്‍ ഇത്തരം ചികിത്സകള്‍ക്ക് പലതരത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാകാനിടയുണ്ട്. സ്ത്രീകളിലും ബീജനാശ ആന്റിബോഡികള്‍ ഉണ്ടാകാം. അത്യപൂര്‍വ്വമായി ചില സ്ത്രീകള്‍ക്ക് ശുക്ലത്തോട് അലര്‍ജി ഉള്ളതായും കണ്ടിട്ടുണ്ട്. രക്തപരിശോധനയില്‍ നിന്ന് ഇക്കാര്യം മനസ്സിലാക്കാനാവും. ചിലപ്പോള്‍ സംയോഗാനന്തര പരിശോധനകള്‍ നടത്തേണ്ടതായും വരാം.
ആന്റിസ്‌പേം ആന്റിബോഡിയുള്ളവര്‍ക്ക് ഔഷധചികിത്സകൊണ്ട് ഒരു പരിധിവരെയൊക്കെ മാത്രമേ പ്രശ്‌നപരിഹാരം സാധിക്കുകയുള്ളൂ. ഐ.യു.ഐ ഐ.വി.എഫ്. തുടങ്ങിയ രീതികളാണ് പലപ്പോഴും വേണ്ടിവരിക.

അവയവതകരാറുകള്‍

അത്യപൂര്‍വമാണെങ്കിലും ചില പുരുഷന്മാര്‍ക്ക് ലൈംഗികാവയവത്തിനുള്ള തകരാറുകള്‍ മൂലം പ്രത്യുത്പാദനം പ്രശ്‌നമാകാറുണ്ട്. ലൈംഗികബന്ധത്തിനു കഴിയാത്തവിധം ലിംഗം വളഞ്ഞിരിക്കുക, മൂത്രനാളി ലിംഗത്തിനു ചുവട്ടിലോ മറ്റോ തുറക്കുക, ശുക്ലനാളിയില്‍നിന്ന് ശുക്ലം സ്ഖലനത്തിലൂടെ പുറത്തേക്കു വരാതെ മൂത്രസഞ്ചിയിലേക്കു തിരികെപ്പോവുക തുടങ്ങിയ പ്രശ്‌നങ്ങളാണ് ചിലരില്‍ കാണാറുള്ളത്. മിക്കപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ നേരത്തേ തന്നെ കണ്ടെത്താറുണ്ട്. അതിനു കഴിയാതെ വരുമ്പോഴാണ് പ്രശ്‌നമാവുക. അവയവങ്ങള്‍ക്കുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ശസ്ത്രക്രിയയാണു ചികിത്സ.

കൗമാരകാലത്തെ മുണ്ടിനീര്

മുമ്പ് വ്യാപകമായി കണ്ടിരുന്ന മുണ്ടിനീര് ഇപ്പോള്‍ അത്രയധികം ഇല്ല. വൈറസ് ബാധമൂലം ഉമിനീര്‍ ഗ്രന്ഥികള്‍ക്ക് വീക്കമുണ്ടാകുന്ന അസുഖമാണ് മുണ്ടിനീര്. ഉമിനീര്‍ ഗ്രന്ഥികള്‍ക്കുണ്ടാകുന്ന വീക്കം ഒരാഴ്ചകൊണ്ടെക്കെ ഭേദമാകാറുണ്ട്. എന്നാല്‍ ഈ വൈറസുകള്‍ മിക്കപ്പോഴും വൃഷണങ്ങളിലേക്കു കടന്നെത്തി അവയെയും ബാധിക്കും. ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയില്‍ ഉള്‍പ്പെടാതെ പുറത്തായാണ് വൃഷണങ്ങള്‍ നില്‍ക്കുന്നത്. അതിനാല്‍ത്തന്നെ അണുബാധകള്‍ക്കു വേഗം വിധേയമാകും.

15-16 വയസ്സുള്ളപ്പോള്‍ മുണ്ടിനീരു വരുന്നതാണ് പ്രശ്‌നം. വൃഷണങ്ങള്‍ ദ്രുതഗതിയില്‍ വളരുന്നതും കൗമാരകാലത്താണ്. ഈ കാലത്തുണ്ടാകുന്ന വൈറസ് ബാധ വൃഷണങ്ങളുടെ വളര്‍ച്ചയെ ആകെ തകരാറിലാക്കും. പലപ്പോഴും വൈറസ് ബാധമൂലം വൃഷണങ്ങള്‍ ശുഷ്‌കിച്ചുപോകും. അതിനാല്‍ ബീജോത്പാദനം നടക്കാതാവും. മുണ്ടിനീരു മൂലമുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ചികില്‍സിച്ചു ഭേദമാക്കുക എളുപ്പമല്ല. കുട്ടിക്കാലത്തെ മുണ്ടിനീരിനെക്കാള്‍, കൗമാരകാലത്തെ മുണ്ടിനീരിനെയാണു പേടിക്കേണ്ടത്. കുഞ്ഞുങ്ങള്‍ക്കു മുണ്ടിനീരു വരാതെ നോക്കണം. ഇപ്പോള്‍ ഇതിനുള്ള പ്രതിരോധ വാക്‌സിനുകള്‍ വ്യാപകമായിക്കഴിഞ്ഞു. വലിയൊരളവുവരെ മുണ്ടിനീരിനെ ചെറുക്കാന്‍ കഴിയുന്നുണ്ട്.

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍

ഭക്ഷണശീലങ്ങളിലും ജീവിതസാഹചര്യങ്ങളിലും വന്ന വ്യതിയാനങ്ങള്‍, ശാരീരിക സവിശേഷതകള്‍, ചില രോഗങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍കൊണ്ടും ഹോര്‍മോണ്‍ തകരാറുകള്‍ ഉണ്ടാകാം. ചുരുക്കം ചില പുരുഷന്മാരില്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ മൂലം വന്ധ്യത അനുഭവപ്പെടാറുണ്ട്. ഹൈപ്പോതലാമാസിന്റെ നിയന്ത്രണത്തിലുള്ള പിറ്റിയൂറ്ററി ഗ്രന്ഥി 'മാസ്റ്റര്‍ ഗ്രന്ഥി' ആയാണ് അറിയപ്പെടുന്നത്. ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന മിക്ക ഗ്രന്ഥികളെയും നിയന്ത്രിക്കുന്നത് പിറ്റിയൂറ്ററിയാണ്. അതിനാലാണ് പിറ്റിയൂറ്ററിയെ മാസ്റ്റര്‍ ഗ്ലാന്‍ഡ് എന്നു വിളിക്കുന്നത്. ഹൈപ്പോതലാമസില്‍ ഉത്പാദിപ്പിക്കുന്ന ഗൊണാഡോ ട്രോപിന്‍ റിലീസിങ്ങ് ഹോര്‍മോണ്‍ ആണ് പിറ്റിയൂറ്ററിയെ പ്രചോദിപ്പിച്ച് പ്രധാന ലൈംഗിക ഹോര്‍മോണുകളായ എല്‍.എച്ച് എഫ്.എസ്.എച്ച്. എന്നിവയുടെ ഉത്പാദനം ത്വരിതപ്പെടുന്നത്. എല്‍.എച്ച്. അഥവാ ല്യൂട്ടിനെസിങ്ങ് ഹോര്‍മോണ്‍ വൃഷണത്തിലെ ലെയ്ഡിഗ് കോശങ്ങളെ പ്രചോദിപ്പിച്ച് പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനം സുഗമമാക്കുന്നു.

ഫോളിക്കിള്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ ആണ് വൃഷണങ്ങളില്‍ ബീജോത്പാദനം ത്വരിതപ്പെടുത്തുന്നത്. ഗൊണാഡോട്രോപിന്‍ ഹോര്‍മോണുകളുടെ അളവു കുറവായിരിക്കുന്ന അവസ്ഥയ്ക്ക് ഹൈപ്പോഗൊണാഡിസം എന്നു പറയുന്നു. ഫോളിക്കിള്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണുകളുടെ കുറവുമൂലം ബീജസംഖ്യയിലും ബീജങ്ങളുടെ ഗുണനിലവാരത്തിലും കുറവു വരാം. ലൈംഗിക താത്പര്യവും ലൈംഗിക ശേഷിയും ഉണ്ടാകണമെങ്കില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉണ്ടായേ തീരൂ. ല്യൂട്ടനൈസിങ് ഹോര്‍മോണ്‍ കുറഞ്ഞാല്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനം ഫലപ്രദമായി നടക്കുകയില്ല.

രക്തപരിശോധനയിലൂടെ ശരീരത്തിലെ ഹോര്‍മോണ്‍ നില നിര്‍ണയിക്കാനാവും. ഓരോരുത്തരുടെയും ശാരീരികനിലയ്ക്കനുസരിച്ച് ഹോര്‍മോണ്‍ നിലയില്‍ നേരിയ മാറ്റങ്ങളുണ്ടാവാം. അതിനാല്‍, ചികിത്സ തുടങ്ങുംമുമ്പ് രണ്ടു തവണയെങ്കിലും രക്തത്തിലെ ഹോര്‍മോണ്‍ നില പരിശോധിക്കേണ്ടതാണ്. പുറമേ നിന്ന് ഹോര്‍മോണ്‍ നല്‍കി വലിയൊരളവുവരെ ഈ പ്രശ്‌നം പരിഹരിക്കാനാവും. ഹോര്‍മോണ്‍ ഗുളികകള്‍, ഹോര്‍മോണ്‍ പാച്ചുകള്‍ , കുത്തിവയ്പുകള്‍ തുടങ്ങി പലരീതിയിലും ഹോര്‍മോണ്‍ റീപ്ലേസെ്മന്റ് തെറാപ്പി സാധ്യമാണ്. എന്നാല്‍, ഹോര്‍മോണ്‍ പകരം നല്‍കുന്ന ചികിത്സകള്‍ക്ക് പല പാര്‍ശ്വഫലങ്ങളും ഉണ്ട്.

ബിജു സി.പി.

കടപ്പാട്:

ഡോ. പി.ജി. പോള്‍
ഡോ. ജോര്‍ജ് പി. എബ്രഹാം
ഡോ. ദേവന്‍ നമ്പൂതിരി
                 


  Thanks & Regards .......                          
       
Ansar Koduvally 
AH.AL Gosaibi & Bros Foods Co. / AL-Khobar   Dammam   /  K.S.A.
Mob: +966 5354 66 928 / Ph: +966 3 859 3665 Ext# 242 / Fax: +966 3 859 3996
                                                                             

                                                         
               
                            
www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment