Sunday, November 21, 2010

[www.keralites.net] ഇങ്ങനെയാണിപ്പോള്‍ ഇറാഖ്!



ഇങ്ങനെയാണിപ്പോള്‍ ഇറാഖ്‌


അതിജീവനം എളുപ്പമല്ലാത്ത ദുസ്സഹ സാഹചര്യങ്ങളിലാണ് അമേരിക്കന്‍ അധിനിവേശം ഇറാഖിനെ കൊണ്ടെത്തിച്ചുനിര്‍ത്തിയിരിക്കുന്നത്.



ദക്ഷിണ ചൈനാ സമുദ്രത്തിന്റെ ഭാഗമായ ടോജിന്‍ ഉള്‍ക്കടലില്‍ 1964 ആഗസ്ത് രണ്ടിന് അമേരിക്കയുടെയും വടക്കന്‍ വിയറ്റ്‌നാമിന്റെയും നാവികസേനകള്‍ തമ്മിലൊരു സംഘര്‍ഷമുണ്ടായി. ചാരദൗത്യത്തിലേര്‍പ്പെട്ട 'യു.എസ്.എസ്. മാഡോക്‌സ്' എന്ന അമേരിക്കന്‍ പടക്കപ്പലിനെ വടക്കന്‍ വിയറ്റ്‌നാമിന്റെ സൈനികബോട്ടുകള്‍ നേരിടുകയാണുണ്ടായത്. രണ്ടുദിവസം കഴിഞ്ഞ്, അതായത് ആഗസ്ത് നാലിന്, ടോജിന്‍ ഉള്‍ക്കടലില്‍ തങ്ങളുടെ രണ്ടു പടക്കപ്പലുകള്‍ക്കുനേരെ വടക്കന്‍ വിയറ്റ്‌നാമിന്റെ നാവികസേന പ്രകോപനം കൂടാതെ ആക്രമണമഴിച്ചുവിട്ടതായി അമേരിക്ക ആരോപിച്ചു. തുടര്‍ന്ന്, ദക്ഷിണപൂര്‍വേഷ്യയില്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സൈനിക നടപടിക്കു പ്രസിഡന്റ് ലിന്‍ഡന്‍ ബി. ജോണ്‍സണെ അധികാരപ്പെടുത്തിക്കൊണ്ടു യു.എസ്. കോണ്‍ഗ്രസ് പ്രമേയം പാസ്സാക്കി. ഫലം വിയറ്റ്‌നാം യുദ്ധം. എന്നാല്‍, ആഗസ്ത് നാലിനു നടന്നതായി ആരോപിക്കപ്പെട്ട നാവികാക്രമണം കള്ളക്കഥയായിരുന്നെന്നു വ്യക്തമാക്കുന്ന രഹസ്യരേഖ 2005-ല്‍ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി പുറത്തുവിട്ടു !

ഏതു യുദ്ധത്തിനുപിന്നിലും ചില നുണകളുണ്ടാവുമെന്നു പറയുന്നതപ്പോള്‍ വെറുതെയല്ല. ജോര്‍ജ് ബുഷ് ഭരണകൂടം 2003-ല്‍ ഇറാഖില്‍ യുദ്ധത്തിനുപോയത്, സദ്ദാം ഹുസൈന്റെ പക്കല്‍ കൂട്ട വിനാശായുധങ്ങളുണ്ടെന്നും അവ അമേരിക്കയ്ക്കും ലോകത്തിനും ഭീഷണിയാണെന്നും പറഞ്ഞാണ്. ഇതുമൊരു കള്ളക്കഥയായിരുന്നെന്നു പിന്നീട് വെളിപ്പെട്ടു. ആ രാജ്യത്തു കൂട്ട വിനാശായുധങ്ങളില്ലെന്ന് അധിനിവേശാനന്തരം അറിഞ്ഞപ്പോള്‍ വല്ലാത്ത അസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നാണ് ഈ മാസം പുറത്തിറങ്ങിയ 'ഡിസിഷന്‍ പോയന്റ്‌സ് ' എന്ന തന്റെ ഓര്‍മക്കുറിപ്പുകളില്‍ ജോര്‍ജ് ബുഷ് കുമ്പസരിക്കുന്നത്. എന്നാല്‍, ആക്രമണതീരുമാനം തെറ്റായിരുന്നെന്ന് ഇപ്പോഴും കരുതുന്നില്ലെന്നു പുസ്തകത്തിന്റെ പ്രചാരണാര്‍ഥം അനുവദിച്ച ടെലിവിഷന്‍ അഭിമുഖങ്ങളിലൊന്നില്‍ ബുഷ് പറഞ്ഞു. ഇറാഖിനെ സുസ്ഥിര, ക്ഷേമ, ജനാധിപത്യ രാഷ്ട്രമാക്കിമാറ്റിയെന്ന കള്ളത്തില്‍ കടിച്ചുതൂങ്ങാന്‍ ബുഷ് ഇപ്പോഴും ഇഷ്ടപ്പെടുന്നുവെന്നു വ്യക്തം.

ഇക്കഴിഞ്ഞ ആഗസ്ത് 31-ന് ഇറാഖില്‍ അമേരിക്കന്‍ സേനയുടെ 'ആക്രമണ ദൗത്യം' അവസാനിപ്പിച്ചുകൊണ്ടു യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ നടത്തിയ പരാമര്‍ശം ബുഷ് പറഞ്ഞ കള്ളങ്ങളുടെ തുടര്‍ച്ച മാത്രമായിരുന്നു. ഇറാഖില്‍ അമേരിക്ക ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നുവെന്നാണ് ഒബാമ തട്ടിവിട്ടത്.

ഇറാഖില്‍ കാര്യങ്ങളെല്ലാം ഭംഗിയാണോ എന്നറിയാന്‍ 'ആഗോള സമാധാന സൂചിക' (ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സ്) കഴിഞ്ഞ കൊല്ലം തയ്യാറാക്കിയ, സമാധാനാന്തരീക്ഷത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ രാജ്യത്തെയും സ്ഥാനപ്പെടുത്തിയ പട്ടികയൊന്നു പരിശോധിച്ചാല്‍ മതി. 144 രാജ്യങ്ങളാണു പട്ടികയിലുള്ളത്. ഇറാഖിന്റെ സ്ഥാനം 144-ാമതാണ്. തൊട്ടടുത്ത് അഫ്ഗാനിസ്താന്‍.

'വിക്കി' വെളിപ്പെടുത്തലുകള്‍

അധിനിവേശത്തിനുശേഷമുള്ള ആദ്യ വര്‍ഷങ്ങളെ അപേക്ഷിച്ചുനോക്കുമ്പോള്‍ ഇറാഖില്‍ ഇപ്പോള്‍ സ്ഥിതി കുറെ ഭേദമായിട്ടുണ്ട്. കഴിഞ്ഞ കൊല്ലം രാജ്യത്ത് അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂവായിരത്തോളമെന്നാണു കണക്കാക്കിയിട്ടുള്ളത്. 2007ലെ 34,500 ന്റെ പത്തിലൊന്നു മാത്രമാണിത്. അക്രമസംഭവങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 'അല്‍ ഖ്വെയ്ദ 'യുടെ നേതൃത്വത്തില്‍ സുന്നി വിഭാഗക്കാര്‍ നടത്തുന്ന ഒളിപ്പോരിന്റെ വീര്യവും സാരമായി ചോര്‍ന്നു.

അധിനിവേശ സേനയും ഇറാഖി ഭരണകൂടവും ചേര്‍ന്ന് ഇതെങ്ങനെ സാധിച്ചെടുത്തു എന്നതിന്റെ അനാവരണമാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 22-ന് 'വിക്കിലീക്ക്‌സ് ' വെബ്‌സൈറ്റ് പുറത്തുവിട്ട ഇറാഖ് യുദ്ധരേഖകള്‍. ഒളിപ്പോരും സുന്നി-ഷിയാ സംഘര്‍ഷവും കത്തിനിന്ന 2004 മുതല്‍ 2008 വരെയുള്ള വര്‍ഷങ്ങളില്‍ അധിനിവേശ, തദ്ദേശസേനകള്‍ ഇറാഖില്‍ അഴിച്ചുവിട്ട മൃഗീയ പീഡനങ്ങളെക്കുറിച്ച് അമേരിക്ക തന്നെ ശേഖരിച്ച രഹസ്യാന്വേഷണ വിവരങ്ങളാണ് 'വിക്കിലീക്ക്‌സ്' എന്ന ആക്രമണോത്സുക മാധ്യമസ്ഥാപനം ചോര്‍ത്തി പ്രസിദ്ധീകരിച്ചത്.

അധിനിവേശവിരുദ്ധ ഒളിപ്പോരാട്ടത്തിന്റെ നടുവൊടിക്കാന്‍ രണ്ടുതന്ത്രങ്ങളാണ് അമേരിക്ക പ്രയോഗിച്ചത്. ഒന്നാമതായി, ഒളിപ്പോരാളികളെ അതിക്രൂരമായി അടിച്ചമര്‍ത്താന്‍ ഇറാഖ് പ്രധാനമന്ത്രി നുറി അല്‍ മാലിക്കിയുടെ ഭരണകൂടത്തിന് ഒത്താശയും പ്രോത്സാഹനവും നല്‍കി.

പ്രീണനതന്ത്രം പ്രയോഗിച്ച് 'അല്‍ ഖ്വെയ്ദ' പോരാളികളിലൊരു വിഭാഗത്തെ അടര്‍ത്തിയെടുക്കുകയായിരുന്നു രണ്ടാമത്തെ തന്ത്രം. ഇറാഖില്‍ വിജയകരമായി പയറ്റിയ ഈ തന്ത്രമാണ് താലിബാന്‍ പോരാളികള്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ലക്ഷ്യമിട്ട് അമേരിക്ക ഇപ്പോള്‍ അഫ്ഗാനിസ്താനില്‍ പരീക്ഷിക്കുന്നത്. നല്ല താലിബാനും ചീത്ത താലിബാനുമുണ്ടെന്നും നല്ല കൂട്ടരോട് അനുരഞ്ജനമാവാമെന്നുമൊക്കെ അമേരിക്കന്‍ തന്ത്രജ്ഞര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയത് അങ്ങനെയാണ്.പക്ഷേ, അവിടെ ആ പരിപ്പ് വേവുന്ന ലക്ഷണമൊന്നും ഇതുവരെയായിട്ടും കാണുന്നില്ല.

ഒളിപ്പോരാളികളെ അമര്‍ച്ച ചെയ്യാന്‍ ഇറാഖ് സര്‍ക്കാര്‍ നടത്തിയ കൊടിയ അതിക്രമങ്ങളെ അമേരിക്ക കണ്ടില്ലെന്നു നടിക്കുകയാണു ചെയ്തതെന്ന് 'വിക്കിലീക്ക്‌സ് ' രേഖകള്‍ വ്യക്തമാക്കുന്നു.'അല്‍ ഖ്വെയ്ദ', സുന്നി ഒളിപ്പോരാളികളെ മാത്രമല്ല, അധിനിവേശവിരുദ്ധനായ ഷിയാ തീവ്രനേതാവ് മുക്താദ അല്‍ സദര്‍ നയിച്ച പോരാട്ടത്തെയും ഷിയാ വിഭാക്കക്കാരന്‍ തന്നെയായ നൂറി അല്‍ മാലിക്കിയുടെ ഭരണകൂടം നിഷ്ഠൂരമായി അടിച്ചമര്‍ത്തി.

മനുഷ്യാവസ്ഥ ശോചനീയം

ഒളിപ്പോരും വംശീയ സംഘര്‍ഷങ്ങളും സാരമായി കുറഞ്ഞെങ്കിലും ഇറാഖില്‍ ഭരണകൂട അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നിര്‍ബാധം തുടരുകയാണ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ 'ഇറാഖിലെ മനുഷ്യാവകാശ സ്ഥിതി' എന്ന റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു: ''രാജ്യത്തെ മനുഷ്യാവകാശ സ്ഥിതി ഇപ്പോഴും അതിഗുരുതരമാണ്. സംഘര്‍ഷത്തിലുള്‍പ്പെട്ട എല്ലാ കക്ഷികളും നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകളാവുന്നതു സാധാരണ പൗരന്‍മാരാണ്. സാധാരണക്കാര്‍ക്കു നേരേയുള്ള അക്രമങ്ങള്‍, തട്ടിക്കൊണ്ടുപോവലുകള്‍, സായുധ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയൊക്കെ നിത്യേന നടക്കുന്നുണ്ട്.''

എന്നാല്‍, ഇറാഖിലെ മനുഷ്യാവസ്ഥയെയും ജീവിത നിലവാരത്തെയും കുറിച്ച് ആഗോള ജീവകാരുണ്യ സംഘടനകളും മറ്റും വെളിപ്പെടുത്തുന്ന വിവരങ്ങള്‍ കൂടുതല്‍ ഞെട്ടിപ്പിക്കുന്നവയാണ്. ബ്രിട്ടനിലെ ഓക്‌സ്‌ഫെഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഓക്‌സ്ഫാം ' നല്‍കുന്ന ചില വിവരങ്ങളിതാണ്:

1) രാജ്യത്തെ ശിശുമരണ നിരക്ക് 1990-ലേതിനെ അപേക്ഷിച്ച് 150 ശതമാനം ഉയര്‍ന്നു. 2) പ്രൈമറി ക്ലാസ്സില്‍ പഠിക്കേണ്ട പ്രായത്തിലുള്ള കുട്ടികളില്‍ പകുതിയും സ്‌കൂളില്‍ പോകുന്നതേയില്ല. 3) 2007-ലെ ഔദ്യോഗിക കണക്കനുസരിച്ച് അമ്പതു ലക്ഷം കുട്ടികള്‍ അനാഥരാണ്. 4) ആയിരത്തഞ്ഞൂറോളം കുട്ടികള്‍ ഭീകരമായ തടങ്കല്‍പ്പാളയങ്ങളില്‍. 5) തൊഴിലില്ലായ്മ ഔദ്യോഗിക കണക്കനുസരിച്ച് 50 ശതമാനം; യഥാര്‍ഥത്തില്‍ 70 ശതമാനം. 6) രാജ്യത്തിനകത്ത് അഭയാര്‍ഥികളായി ജീവിക്കുന്നവര്‍ മുപ്പത് ലക്ഷത്തോളം; വിദേശത്തേക്കു പലായനം ചെയ്തവര്‍ ഇരുപത് ലക്ഷത്തോളം. 7) 43 ശതമാനം ഇറാഖികളെങ്കിലും കൊടുംദാരിദ്ര്യത്തില്‍. 8) അടിയന്തര മാനുഷിക സഹായങ്ങള്‍ ആവശ്യമുള്ളവര്‍ എണ്‍പതു ലക്ഷം. 9) 80 ശതമാനം പേര്‍ക്കെങ്കിലും മതിയായ ശുചിത്വ സൗകര്യങ്ങളില്ല. 10) മതന്യൂനപക്ഷങ്ങള്‍ നാശത്തിന്റെ വക്കില്‍

''ഇറാഖിലേതു പോലെ സ്ത്രീകള്‍ക്ക് അധികാരവും പിന്തുണയും ലഭിക്കുന്ന മറ്റൊരു അറബ് രാജ്യവുമില്ല'' എന്നാണ് സദ്ദാം ഹുസൈന്റെ കാലത്ത് ഇറാഖിനെക്കുറിച്ച് ഐക്യരാഷ്ട്ര ഏജന്‍സിയായ 'യുണിസെഫ്' അഭിപ്രായപ്പെട്ടത്. എന്നാല്‍, അധിനിവേശാനന്തര ഇറാഖിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് 'ഓക്‌സ്ഫാം' നടത്തിയ സര്‍വേയില്‍ വെളിപ്പെട്ട വിവരങ്ങള്‍ ഇവയാണ്:

1) 55 ശതമാനം പേര്‍ അക്രമങ്ങള്‍ക്കു വിധേയരായിട്ടുണ്ട്. 2) 55 ശതമാനം പേര്‍ വാസസ്ഥലങ്ങളില്‍നിന്നു പറിച്ചെറിയപ്പെട്ടു. 3) 52 ശതമാനം പേര്‍ തൊഴില്‍രഹിതര്‍. 4) 33 ശതമാനം പേര്‍ക്കു യാതൊരുവിധ മാനുഷിക സഹായങ്ങളും ലഭിക്കുന്നില്ല. 5) വിധവകളില്‍ 76 ശതമാനം പേര്‍ക്കും പെന്‍ഷന്‍ കിട്ടുന്നില്ല

വിദ്യുച്ഛക്തി, കുടിവെള്ളം, ആരോഗ്യ സേവനങ്ങള്‍, വിദ്യാഭ്യാസം തുടങ്ങിയവയുടെയൊക്കെ കാര്യത്തില്‍ ഇറാഖ് ദയനീയ പരാജയമാണിന്ന്. ജനസംഖ്യയില്‍ 87.5 ശതമാനത്തിനും ശുദ്ധമായ കുടിവെള്ളം കിട്ടുന്നില്ലെന്നാണു ലോക ബാങ്കിന്റെ പഠനത്തില്‍ വെളിപ്പെട്ടത്. സദ്ദാമിന്റെ കാലത്ത് ഇറാഖി നഗരങ്ങളില്‍ 24 മണിക്കൂറും മുടക്കം കൂടാതെ വൈദ്യുതി ലഭിച്ചിരുന്നു. ഇന്നിപ്പോള്‍ രാജ്യമെങ്ങും വിദ്യുച്ഛക്തി വിതരണം അവതാളത്തിലാണ്. വിവിധ നഗരങ്ങളില്‍ ജനരോഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണില്‍ രാജ്യത്തെ വൈദ്യുതി മന്ത്രി കരീം വഹീദിനു രാജിവെക്കേണ്ടിവന്നു.

അധിനിവേശത്തിനുമുമ്പ് ഇറാഖിലെ വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങള്‍ സാര്‍വത്രികമായിരുന്നു. എന്നാലിന്ന് ഈ രണ്ടുമേഖലകളും തകര്‍ന്നുതരിപ്പണമായിരിക്കുകയാണ്. മിടുക്കരായ ഡോക്ടര്‍മാരെയും കേമന്മാരായ അധ്യാപകരെയും തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തുന്നതില്‍ അധിനിവേശ സേന ഉത്സാഹം കാട്ടിയിരുന്നതായി ആരോപണമുണ്ട്. സദ്ദാം കാലഘട്ടത്തിന്റെ ശേഷിപ്പുകളൊക്കെ തുടച്ചുനീക്കാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമായിരുന്നു ഇതെന്നു പറയപ്പെടുന്നു. ഒട്ടേറെ ഭിഷഗ്വരരും അക്കാദമിക വിദഗ്ധരും ജീവരക്ഷാര്‍ഥം മറുരാജ്യങ്ങളിലേക്കു പലായനം ചെയ്തു.

അര്‍ബുദം പടരുന്നു

മാരക ആണവ പദാര്‍ഥമായ 'അവക്ഷിപ്ത യുറേനിയം' ഉപയോഗിച്ചുനിര്‍മിച്ച ബോംബുകള്‍ അധിനിവേശസേന ഇറാഖില്‍ വ്യാപകമായി പ്രയോഗിച്ചിട്ടുണ്ട്. രാജ്യത്ത് അര്‍ബുദബാധിതരുടെ എണ്ണത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന വന്‍വര്‍ധനയുമായി ഇതിനു നേര്‍ബന്ധമുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ തറപ്പിച്ചുപറയുന്നത്. ഗുരുതരമായ വൈകല്യങ്ങളും മാറാരോഗങ്ങളുമായി ജനിക്കുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായിട്ടുള്ള അസാധാരണമായ വര്‍ധനയുടെ കാരണം മറ്റൊന്നല്ല. ഇറാഖിലെ ഒട്ടേറെ മേഖലകളില്‍ ഭൂമിയും വെള്ളവും വായുവും അവക്ഷിപ്ത യുറേനിയത്താല്‍ മലിനീകരിക്കപ്പെട്ടിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
 

കനത്ത ബോംബിങ്ങിനു വിധേയമാവേണ്ടിവന്ന ഫലൂജ നഗരത്തില്‍ 2004-നുശേഷമുണ്ടായ കുട്ടികളില്‍ 25 ശതമാനത്തിനും ജനനാല്‍ വൈകല്യങ്ങളോ മാറാരോഗങ്ങളോ ഉണ്ട്. 2003-നു മുമ്പു കണ്ടിട്ടിട്ടില്ലാത്ത പുതിയതരം അര്‍ബുദങ്ങളും ഈ പ്രദേശത്തു കണ്ടുവരുന്നതായാണു റിപ്പോര്‍ട്ട്. 2004-ല്‍ അഞ്ഞൂറോളം പേരില്‍ അര്‍ബുദം കണ്ടെത്തിയ ബാബില്‍ പ്രവിശ്യയില്‍ 2009 ആയപ്പോഴേയ്ക്കത് 9082 ആയി ഉയര്‍ന്നു. ബസ്രയില്‍ രക്താര്‍ബുദബാധിതരുടെ എണ്ണത്തില്‍ 600 ശതമാനം വര്‍ധനയാണു രേഖപ്പെടുത്തിയിട്ടുള്ളത്.

എല്ലാം പന്തിയല്ല യു.എസ്സിനും

അടുത്തിടെ ഇറാഖ് സന്ദര്‍ശിച്ചപ്പോള്‍ യു.എസ്. പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സ് മാധ്യമപ്രവര്‍ത്തകരോടു നടത്തിയ പരാമര്‍ശം ശ്രദ്ധേയമാണ്. ''ഇറാഖില്‍ യുദ്ധത്തിനു പോവുന്നതിനു പറഞ്ഞകാരണം സദ്ദാമിന്റെ കൈയില്‍ കൂട്ട വിനാശായുധങ്ങളുണ്ട് എന്നതായിരുന്നു. അപ്പറഞ്ഞതു വാസ്തവമല്ലെന്നു പിന്നീട് തെളിഞ്ഞു. ഈ യുദ്ധത്തെപ്പറ്റി ആലോചിക്കുമ്പോള്‍ പല അമേരിക്കക്കാരെയും അലട്ടുന്ന പ്രശ്‌നമിതാണ്; യുദ്ധത്തിന്റെ അനന്തരഫലം അമേരിക്കയെ സംബന്ധിച്ചിടത്തോളം ഗുണകരമാണെങ്കിലും.'' ഇതാണു ഗേറ്റ്‌സ് പറഞ്ഞത്. ഇറാഖില്‍ അമേരിക്കയ്ക്കു ലക്ഷം കോടി ഡോളറിന്റെ മൂലധന താത്പര്യങ്ങള്‍ സംരക്ഷിക്കാനുണ്ടെന്ന യു.എസ്. വിദേശകാര്യ വക്താവ് പി.ജെ. ക്രൗലിയുടെ പരാമര്‍ശം ഇതിനോടു ചേര്‍ത്തു വായിക്കേണ്ടതാണ്. അമ്പതും അറുപതും കൊല്ലത്തേക്കുള്ള എണ്ണക്കരാറുകളാണ് അമേരിക്കന്‍ കമ്പനികള്‍ ഇതിനകം സ്വന്തമാക്കിയിരിക്കുന്നത്.

എന്നാല്‍, എല്ലാം അമേരിക്കയുടെ താത്പര്യാനുസരണമാണു നീങ്ങിക്കൊണ്ടിരിക്കുന്നതെന്നു പറയാനാവില്ല. ഇറാഖിലെ കാര്യങ്ങളില്‍ അയല്‍രാജ്യമായ ഇറാന് സ്വാധീനം വര്‍ധിച്ചുവരുന്നത് അമേരിക്കയെ അസ്വസ്ഥമാക്കുന്നുണ്ട്. ഇറാനും ഇറാഖും ഷിയാ ഭൂരിപക്ഷ രാജ്യങ്ങളാണ്. ഇറാഖിലെ ഷിയാ വിഭാഗക്കാരനായ പ്രധാനമന്ത്രി നൂറി അല്‍ മാലിക്കി അമേരിക്കന്‍ ആജ്ഞാനുവര്‍ത്തിയെങ്കിലും ഇറാനോട് ഉള്ളാലേ കൂറു പുലര്‍ത്തുന്നയാളാണ്. ഈയിടെ മാലിക്കിക്ക് പ്രധാനമന്ത്രിപദത്തില്‍ രണ്ടാമൂഴമുറപ്പിക്കാന്‍ സഹായഹസ്തം നീട്ടിയത് ഇറാനാണ്. ഇതും അമേരിക്കയ്ക്കു രസിച്ചിട്ടില്ല. അട്ടിമറി നടത്തി അധികാരം പിടിച്ചെടുക്കാന്‍ ഇറാഖി സൈന്യത്തെ പ്രേരിപ്പിക്കുകയെന്ന ആശയം യു.എസ്. ഭരണകൂടത്തിന്റെ പരിഗണനകളിലുള്‍പ്പെടുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് ഈ സാഹചര്യത്തില്‍ അങ്ങനെയങ്ങ് തള്ളിക്കളയാനാവില്ല.

ആളെണ്ണം കുറച്ച് അധിനിവേശപ്പട

അടുത്ത വര്‍ഷാവസാനത്തോടെ ഇറാഖില്‍നിന്നു യു.എസ്. സേനയെ പൂര്‍ണമായി പിന്‍വലിക്കുമെന്നാണു ധാരണ. 2008-ല്‍ അന്നത്തെ യു.എസ്. പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇറാഖ് സര്‍ക്കാറുമായുണ്ടാക്കിയ 'സ്റ്റാറ്റസ് ഓഫ് ഫോഴ്‌സസ് ' കരാറിലാണ് ഇങ്ങനെ വ്യവസ്ഥ ചെയ്തിട്ടുള്ളത്. അതേസമയം, 2010 ആഗസ്‌തോടെ ഇറാഖിലെ ആക്രമണ ദൗത്യം അവസാനിപ്പിക്കുമെന്ന് ഇപ്പോഴത്തെ പ്രസിഡന്റ് ബരാക് ഒബാമ അമേരിക്കന്‍ ജനതയ്ക്കു തിരഞ്ഞെടുപ്പുവാഗ്ദാനം നല്‍കിയിരുന്നു. ഇതനുസരിച്ച് ഇക്കഴിഞ്ഞ ആഗസ്ത് 31-ന് യു.എസ്. സേനയിലെ ആക്രമണ വിഭാഗം ഇറാഖില്‍നിന്നു പിന്‍മാറി. 50,000 യു.എസ്. ഭടന്‍മാരാണിപ്പോള്‍ ഇറാഖില്‍ ശേഷിക്കുന്നത്. ഇറാഖ്‌സൈന്യത്തെ ഉപദേശിക്കുകയും പരിശീലിപ്പിക്കുകയും തീവ്രവാദി വേട്ടയില്‍ സഹായിക്കുകയുമാണ് ഇവരുടെ ദൗത്യമെന്നാണു വെപ്പ്.

എന്നാല്‍, ഇറാഖില്‍ തുടരുന്ന യു.എസ്. ഭടന്‍മാര്‍ക്കു സ്വരക്ഷയ്ക്കുവേണ്ടിയോ അവിടത്തെ സര്‍ക്കാര്‍ അഭ്യര്‍ഥിക്കുന്ന പക്ഷമോ പോരിനിറങ്ങാന്‍ അനുമതിയുണ്ട്. സേനയുടെ ആക്രമണശേഷിയിലും വലിയ കുറവൊന്നും വരുത്തിയിട്ടില്ല. ചടുല ദൗത്യങ്ങള്‍ക്കു സജ്ജമായ 'പ്രത്യേക സേന'യും ആക്രമണ ഹെലികോപ്റ്ററുകളുടെ വ്യൂഹവുമൊക്കെ ഇപ്പോഴുമുണ്ട്. സുസജ്ജമായ പോര്‍വിമാനങ്ങളുമുണ്ട്. ഇതു കൂടാതെ, യു.എസ്സിനുവേണ്ടി കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലക്ഷത്തോളം സ്വകാര്യ സൈനികരും ഇറാഖിലുണ്ട്.

അടുത്ത വര്‍ഷാവസാനം സമ്പൂര്‍ണ സൈനിക പിന്‍മാറ്റമൊന്നുമുണ്ടാവില്ലെന്നും യു.എസ്. അധികാരികള്‍ വ്യംഗ്യമായ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. അത്തരമൊരു പിന്‍മാറ്റം ഇറാഖിനെ പൂര്‍ണമായും ഇറാന്റെ സ്വാധീനവലയത്തിലാക്കുമെന്ന് സ്വാഭാവികമായും അമേരിക്കയ്ക്ക് ആശങ്കയുണ്ടാവും.

യു.എസ്സിനെ ആശങ്കയിലാക്കി രാഷ്ട്രീയ ധാരണ

ഇറാഖില്‍ മാര്‍ച്ച് ഏഴിനു നടന്ന പൊതു തിരഞ്ഞെടുപ്പില്‍ തൂക്കു പാര്‍ലമെന്റ് നിലവില്‍ വന്നതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയഅനിശ്ചിതാവസ്ഥയ്ക്ക് അന്ത്യമായത് ഈ മാസത്തിന്റെ ആദ്യ പകുതിയിലാണ്. പ്രധാന രാഷ്ട്രീയ ചേരികള്‍ക്കെല്ലാം പങ്കാളിത്തമുള്ള ദേശീയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ മാസങ്ങളായി നടന്ന ശ്രമങ്ങളാണ് ഒടുവില്‍ വിജയം കണ്ടിരിക്കുന്നത്. ഇറാന്റെ തന്ത്രപരമായ ഇടപെടലാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായത്.

അധിനിവേശാനന്തര ഇറാഖിലെ ആദ്യ പ്രധാനമന്ത്രി ഇയാദ് അല്ലാവി നയിച്ച 'ഇറാഖിയ' സഖ്യമാണ് 325 അംഗ പാര്‍ലമെന്റില്‍ 91 സീറ്റു നേടി ഏറ്റവും വലിയ ചേരിയായത്. ഈ മുന്നണിക്കൊപ്പമായിരുന്നു അമേരിക്കയുടെ മനസ്സ്. മുന്‍ സി.ഐ.എ. ഏജന്റായ അല്ലാവി ഷിയാ വിഭാഗക്കാരനാണെങ്കിലും മതനിരപേക്ഷനും ദേശീയവാദിയുമായാണ് അറിയപ്പെടുന്നത്. സുന്നി കക്ഷികള്‍ക്കു മേല്‍ക്കോയ്മയുള്ളതാണ് അദ്ദേഹത്തിന്റെ മുന്നണി. രാജ്യത്തെ 80 ശതമാനം സുന്നികളും ഈ മുന്നണിക്കാണു വോട്ടു ചെയ്തതെന്നാണു കരുതപ്പെടുന്നത്.

നിലവിലെ പ്രധാനമന്ത്രി നൂറി അല്‍ മാലിക്കിയുടെ ഷിയാ കക്ഷിയായ ദഅവ പാര്‍ട്ടി നയിച്ച 'സ്റ്റേറ്റ് ഓഫ് ലോ ' സഖ്യത്തിനു കിട്ടിയത് 89 സീറ്റാണ്. പ്രധാനമന്ത്രിപദം തനിക്കു വേണമെന്ന അല്ലാവിയുടെ ആവശ്യം അംഗീകരിക്കാന്‍ മാലിക്കി കൂട്ടാക്കാതിരുന്നതാണ് സര്‍ക്കാര്‍ രൂപവത്കരണം നീണ്ടുപോവാനിടയാക്കിയത്.

ഷിയാ തീവ്ര നേതാവ് മുക്താദ അല്‍ സദറിന്റെ 'ഇറാഖി നാഷണല്‍ അലയന്‍സ് ' 70 സീറ്റും കുര്‍ദ് വംശജരുടെ മുന്നണി 43 സീറ്റും നേടിയിരുന്നു. ഈ മുന്നണികളുടെ പിന്തുണ ഉറപ്പാക്കുന്നതില്‍ മാലിക്കി വിജയിച്ചതോടെ ഇയാദ് അല്ലാവി പ്രധാനമന്ത്രിപദമോഹം ഉപേക്ഷിക്കുകയും ദേശീയ സര്‍ക്കാറില്‍ പങ്കാളിയാവാന്‍ സമ്മതിക്കുകയുമാണുണ്ടായത്. ധാരണയനുസരിച്ച് മാലിക്കി പ്രധാനമന്ത്രിയായും കുര്‍ദ് നേതാവായ ജലാല്‍ തലബാനി രാജ്യത്തിന്റെ പ്രസിഡന്റായും തുടരും. പാര്‍ലമെന്റ് സ്​പീക്കര്‍ സ്ഥാനം 'ഇറാഖിയ ' സഖ്യത്തിനു ലഭിക്കും.

മുമ്പ് അധിനിവേശവിരുദ്ധ ഒളിപ്പോരിലേര്‍പ്പെട്ടിരുന്ന മുക്താദ അല്‍ സദറിന്റെ പിന്തുണ മാലിക്കിക്കു നേടിക്കൊടുക്കുന്നതില്‍ ഇറാന്‍ വഹിച്ച പങ്കാണ് ദേശീയ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ നിര്‍ണായകമായത്. മുക്താദ ഇപ്പോള്‍ ഇറാനിലെ ഖം നഗരത്തില്‍ വൈദിക പഠനം നടത്തിവരികയാണ്. മുക്താദയ്ക്കും ഇറാനും സ്വാധീനമുള്ള സര്‍ക്കാര്‍ ഇറാഖില്‍ നിലവില്‍വരുന്നത് അമേരിക്കയുടെ തന്ത്രപര താത്പര്യങ്ങള്‍ക്ക് ഒട്ടും അനുഗുണമാവില്ലെന്നാണു വിലയിരുത്തല്‍.

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment