Sunday, November 28, 2010

[www.keralites.net] കൊച്ചിയെ കടല്‍ വിഴുങ്ങുമോ?



കൊച്ചിയെ കടല്‍ വിഴുങ്ങുമോ?


സത്യമാവാതിരിക്കട്ടെ എന്ന് നമ്മള്‍ ആഗ്രഹിക്കുന്ന ഒരു പ്രവചനമാണിത്. പക്ഷേ, ചില മുന്‍കരുതലുകള്‍ക്ക് സമയമായെന്ന് ഇത് ഓര്‍മിപ്പിക്കുന്നു.
ആഗോളതാപനത്തിന്റെ ഏറ്റവും വലിയ വിപത്തായി ഐ.പി.സി.സി. (ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസ്) വലിയിരുത്തുന്നത് കടല്‍നിരപ്പിന്റെ ഉയര്‍ച്ചയെയാണ്. ലോകമെമ്പാടും പലതോതില്‍ കടല്‍നിരപ്പുയരുന്നു.ഒരു മില്ലിമീറ്റര്‍ കടല്‍നിരപ്പുയര്‍ന്നാല്‍ ഒന്നര മീറ്റര്‍ തീരം കടലിനടിയിലാവും. 2030 ഓടെ കടല്‍നിരപ്പ് 72 മില്ലിമീറ്റര്‍ ഉയരുമെന്നാണ് ആശങ്കിക്കുന്നത്. അപ്പോള്‍ 108 മീറ്റര്‍ കര കടലിനടിയില്‍പ്പെടും. അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികള്‍ വര്‍ധിച്ചതോതില്‍ ഉരുകുകയാണെങ്കില്‍ 25 സെന്റിമീറ്റര്‍ വരെ നിരപ്പുയര്‍ന്നാലും അത്ഭുതപ്പെടേണ്ട. എങ്കില്‍ 375 മീറ്റര്‍ ദൂരത്തേക്ക് കടലെത്തും.
25 കൊല്ലത്തിനകം കൊച്ചി പൂര്‍ണമായി കടലിനടിയിലാകുമെന്ന് ചിലര്‍ പേടിക്കുന്നത് ഈ കണക്ക് കണ്ടാണ്. 2050ല്‍ കൊല്ലം, തിരുവനന്തപുരം, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകള്‍ക്ക് കനത്ത നാശം നേരിടേണ്ടിവരുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇക്കാര്യങ്ങളില്‍ തര്‍ക്കമുണ്ടാവാമെങ്കിലും കടല്‍നിരപ്പുയരുന്നതുകൊണ്ടുള്ള ദോഷം കൂടുതല്‍ ബാധിക്കുക കേരളത്തെയായിരിക്കും എന്നുറപ്പാണ്. ജനസാന്ദ്രത കൂടിയ പടിഞ്ഞാറന്‍ തീരവും ഉടനീളമുള്ള ജലാശയങ്ങളും ഇവിടെ വലിയ കെടുതികള്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രധാന നഗരങ്ങള്‍ കടല്‍ത്തീരത്താണ്. ദേശീയപാതകളായ 47 ഉം 17 ഉം സമുദ്രനിരപ്പിലാണ്.
ഇതുസംബന്ധിച്ച് പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു:

കടലില്‍ നിന്ന് എട്ട് മീറ്ററില്‍ കുറഞ്ഞ ഉയരമുള്ള പ്രദേശങ്ങളുടെ ഭാവി ഭീഷണിയിലാണ്. ജനസാന്ദ്രത കൂടുതലാണെന്നതിനുപുറമെ ഈ പ്രദേശം കേരളത്തിന്റെ സാമ്പത്തിക ഉറവിടം കൂടിയാണ്. മീന്‍പിടിത്തം, കയര്‍, ടൂറിസം വ്യവസായങ്ങള്‍ ഈ ഭാഗത്താണ്. വന്‍കിട വ്യവസായങ്ങളായ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം എന്നിവ ഇവിടെയുണ്ട്. ഏഴിമല നാവിക അക്കാദമി, കൊച്ചിന്‍ തുറമുഖം, നേവല്‍ബേസ്, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവ ചിലതുമാത്രം.വേമ്പനാട്ട് കോള്‍ നീര്‍ത്തടങ്ങള്‍ നാശത്തിലെത്തും. തണ്ണീര്‍ത്തടങ്ങള്‍ കടലിനടിയിലാവും. 2,75,000 ഏക്കര്‍ വിസ്തൃതിയുള്ള കുട്ടനാട് കടല്‍നിരപ്പില്‍ നിന്ന് രണ്ടുമീറ്റര്‍ വരെ താഴെയാണ്. കടല്‍നിരപ്പിന് താഴേയുള്ള കുട്ടനാട്ടില്‍ കടല്‍വെള്ളം കയറാതെ രക്ഷിക്കുന്നത് തോട്ടാപ്പള്ളി മുതല്‍ അരൂര്‍ വരെയുള്ള തീരദേശമാണ്. കടല്‍നിരപ്പില്‍ നിന്ന് രണ്ടുമീറ്റര്‍ വരെ ഉയരമുള്ള ഈ ദേശങ്ങളില്‍ എവിടെയെങ്കിലും തകര്‍ച്ചയുണ്ടായാല്‍ വലിയൊരു മേഖല ഇല്ലാതാവും. കടല്‍കരയിലേക്ക് കയറുന്നതിനനുസരിച്ച് കുടിവെള്ളത്തിന്റെ ഉറവിടങ്ങളില്‍ ഉപ്പ് കലരും. ഇക്കാര്യത്തില്‍ കൊച്ചിയായിരിക്കും ആദ്യം പ്രതിസന്ധി നേരിടുക. തിരുവനന്തപുരത്തും കോഴിക്കോട്ടും ഇതേ പ്രശ്‌നമുണ്ടാവും. തൃശ്ശൂരിന്റെ കോള്‍പ്പാടങ്ങളിലും ഉപ്പുവെള്ളം കലരും.
മത്സ്യത്തൊഴിലാളികളുടെ ആയിരക്കണക്കിന് വീടുകള്‍, ടൂറിസം കേന്ദ്രങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, ജലവിതരണ പദ്ധതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവ നഷ്ടപ്പെടും. തീരദേശത്തുകാര്‍ പുതിയ താമസസ്ഥലങ്ങള്‍ തേടി നഗരത്തിലേക്കും മലയോരങ്ങളിലേക്കും മാറുന്നത് കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ വ്യാപകമാവും.
വികസനകേന്ദ്രമെന്ന് വിലയിരുത്തപ്പെടുന്ന കൊച്ചി ഒരു ചെറുദ്വീപുപോലെ ചുരുങ്ങിപ്പോകും.
ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, സുമാത്ര, ജാവ തുടങ്ങിയ പ്രദേശങ്ങളെ, ലോകത്ത് ഉയരുന്ന കടല്‍നിരപ്പുകാരണം ഭീഷണിയിലാവുന്ന രാജ്യങ്ങളായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ കേരളവും ഗോവയും കുഴപ്പത്തിലാവും. മഞ്ഞ് ഉരുകിയും ചൂട് കൂടുമ്പോള്‍ കടല്‍വെള്ളത്തിന്റെ വ്യാപ്തികൂടിയുമാണ് കടല്‍നിരപ്പുയരുന്നത്. ചെറിയ അളവിലാണെങ്കിലും കൊച്ചിയിലും മുംബൈയിലും ഈ ഉയര്‍ച്ച കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

പെറു ഒരു മുന്നറിയിപ്പ്


അന്താരാഷ്ട്ര സംഘടനകളുടെയും സര്‍ക്കാറുകളുടെയും ചര്‍ച്ചാവിഷയമായ സിദ്ധാന്തം മാത്രമല്ല ആഗോളതാപനവും കാലാവസ്ഥാമാറ്റവും. ഓരോരോ രാജ്യങ്ങളില്‍ ദുരിതവും പ്രതിസന്ധിയുമുണ്ടാക്കി വ്യാപിക്കുന്ന ഗുരുതരസ്ഥിതിതന്നെയാണിത്. ഇതറിയാന്‍ പെറുവിനെക്കുറിച്ച് അറിഞ്ഞാല്‍മതി. ലോകത്തിലെ ഉഷ്ണമേഖലാപ്രദേശത്തുള്ള മഞ്ഞുപാളികളില്‍ 70 ശതമാനവും പെറുവിലാണ്. എന്നാല്‍ വെള്ളമില്ലാതെ കര്‍ഷകരും മറ്റു ജനങ്ങളും വലയുകയാണിവിടെ. പുഴകള്‍ വരണ്ടുകഴിഞ്ഞു. ഓരോ കൊല്ലവും ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുന്നു. മഞ്ഞും വെള്ളവും ഇല്ലാതാകുകയാണ്. മഴക്കാലത്തെക്കുറിച്ച് പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതി. മഴ കിട്ടുമോ ഇല്ലയോ എന്ന് ഒരുറപ്പുമില്ല. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍വരെ ഇവിടെ മഴ കിട്ടിയിരുന്നു. മെയ്, ജൂണ്‍, ജൂലായ് മാസങ്ങള്‍ മഞ്ഞുറയുന്ന കാലവും. ഇപ്പോള്‍ ഇതൊന്നുമില്ലാതായി. ജനം കൃഷിയും കാലിവളര്‍ത്തലും കൈയൊഴിയാന്‍ തുടങ്ങി. വെള്ളത്തെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ പെറുവില്‍ വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
'എല്‍നിനോ' ആണ് പെറുവിനെ ദുരിതത്തിലാക്കുന്ന കാലാവസ്ഥാ മാറ്റത്തിന്റെ പ്രധാന കാരണം. ശാന്തസമുദ്രത്തിന്റെ ഉപരിതലത്തില്‍ ഉണ്ടാകുന്ന ചൂട് പെറുവിന്റെ തീരത്തേക്കാണ് നീങ്ങുക. വെള്ളത്തിലൂടെയും 
വായുവിലൂടെയും ചൂട് പെറുവില്‍ എത്തും. തീരക്കടലില്‍ നിന്ന് മീനുകള്‍ മറയും. അതിനാല്‍ എല്‍നിനോയുടെ ദുരിതം അനുഭവിക്കുന്നത് പെറുവിലെ മത്സ്യത്തൊഴിലാളികളാണ്.
സമുദ്രഉപരിതലം ചൂടാവുന്ന പ്രതിഭാസം ഉണ്ടാകുന്നത് ക്രിസ്മസ് കാലത്താണ് എന്നതിനാല്‍ പെറുവിലെ മത്സ്യത്തൊഴിലാളികളാണ് ഉണ്ണിയേശു അഥവാ ചെറിയ ആണ്‍കുട്ടി എന്ന അര്‍ഥത്തില്‍ എല്‍നിനോ എന്ന് വിളിച്ചത്.

കാറ്റിനും കാലിടറുന്നു


കാലാവസ്ഥാമാറ്റം കാറ്റിനെയും വെറുതേ വിടുന്നില്ല. ചൂടിനനുസരിച്ച് വായുവിനുണ്ടാകുന്ന ചലനമാണ് കാറ്റ് എന്നതിനാല്‍ ചൂടില്‍വന്ന മാറ്റങ്ങള്‍ കാറ്റിനെയും ബാധിക്കുന്നുണ്ട്.
പകല്‍ താരതമ്യേന തണുത്തിരിക്കുന്ന കടലില്‍ നിന്ന് ചൂട് പിടിച്ച കരയിലേക്ക് വരുന്നതാണ് കടല്‍ക്കാറ്റ്. കരയില്‍ നിന്ന് ചൂട് കൂടുന്നതിനെ തടയാന്‍ കടല്‍കാറ്റിന് കഴിയും. എന്നാല്‍ ആഗോളതാപനത്തിന്റെ ഭാഗമായി കടല്‍ച്ചൂട് കൂടാന്‍ തുടങ്ങിയതോടെ കടല്‍ക്കാറ്റ് ക്ഷീണിക്കാന്‍ തുടങ്ങി. സാധാരണ ഉച്ചയോടു കൂടിയോ ഉച്ചതിരിഞ്ഞോ ആണ് കടല്‍ക്കാറ്റ് ആരംഭിക്കുന്നത്. കേരളത്തില്‍ ഇതിന്റെ ദിശ പടിഞ്ഞാറു നിന്നോ തെക്കുപടിഞ്ഞാറു നിന്നോ ആണ്.
പര്‍വതപ്രദേശങ്ങളില്‍ പര്‍വതക്കാറ്റുകളും താഴ്‌വരക്കാറ്റുകളും ഉണ്ട്. പകല്‍ ചരിവില്‍ക്കൂടി മുകളിലേക്കും രാത്രി ചരിവിലൂടെ താഴേക്കും ഇവ വീശുന്നു. ചുരങ്ങള്‍ ഉള്ളിടത്ത് കാറ്റ് അതിലൂടെ ഒരു ഫണലിലൂടെ എന്നപോലെ അതിവേഗം കടന്നുപോകുകയും ചെയ്യും.
മെയ് മുതല്‍ നവംബര്‍ വരെ കാറ്റുകള്‍ പടിഞ്ഞാറുനിന്നാണ്. കാലവര്‍ഷത്തോടൊപ്പം ഈ പടിഞ്ഞാറന്‍ കാറ്റിന്റെയും ശക്തികൂടുന്നു. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ ഈ കാറ്റ് ദുര്‍ബലമാകും. അപ്പോള്‍ കടല്‍ക്കാറ്റാണ് വീശുക.
കടലിനു മീതെയുള്ള കാറ്റിന്റെ വേഗം കാലവര്‍ഷത്തെ ബാധിക്കുന്നത് ഇങ്ങനെയാണ്. കാറ്റിന്റെ വേഗം 12 നോട്ട് വരെയാണെങ്കില്‍ കാലവര്‍ഷം ശരാശരിയുടെ പകുതിയേക്കാള്‍ കുറവായിരിക്കും. കാറ്റിന്റെ വേഗം 13-22 നോട്ട് വരെയാണെങ്കില്‍ കാലവര്‍ഷം ശരാശരിയുടെ ഒന്നരമടങ്ങുവരെയാകും. വേഗം 23-32 ആണെങ്കില്‍ നാലുമടങ്ങുവരെ കാലവര്‍ഷം ലഭിച്ചേക്കും. കാറ്റിന്റെ വേഗം ഇതില്‍ കൂടിയാല്‍ കാലവര്‍ഷം നാലു മടങ്ങിലധികവും വ്യാപകമായ മഴയുമായിരിക്കും ഫലം - 'കേരളത്തിന്റെ കാലാവസ്ഥ' എന്ന പുസ്തകത്തില്‍ പി.എ. മേനോനും സി.കെ. രാജനും പറയുന്നു
പാലക്കാട് ചുരം വഴി നവംബര്‍ മുതല്‍ മാര്‍ച്ച് വരെ കിഴക്കുനിന്ന് കാറ്റ് വീശുന്നു. ബാക്കി മാസങ്ങളില്‍ പടിഞ്ഞാറു നിന്നാണ്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ കാറ്റിനെ നിശ്ചയിക്കുന്നത് കരയുടെയും വെള്ളത്തിന്റെയും ചൂടിനുവരുന്ന വ്യത്യാസമാണ്.
കാറ്റിന്റെ ഈര്‍പ്പത്തിന്റെ അളവില്‍ വന്ന വ്യത്യാസമാണ് ഇപ്പോഴത്തെ പ്രകടമാറ്റം. വരണ്ട കാറ്റില്‍ പൊടിപടലങ്ങളും ഒപ്പം രോഗാണുക്കളും നിറയുന്നു. കാറ്റ് വരുന്നവഴിയില്‍ ധാരാളം മരങ്ങളുണ്ടെങ്കില്‍ പൊടിയില്‍ രോഗാണുക്കളും കുറേയെറെ അതില്‍ അരിച്ചെടുക്കുന്നു. പാലക്കാടന്‍ കാറ്റ് കൂടുതല്‍ വേഗത്തോടെയാണ് ഇപ്പോള്‍ വീശുന്നത്. അതോടെ തൃശ്ശൂരിലേക്ക് കൂടുതല്‍ വ്യാപിക്കാന്‍ തുടങ്ങി. ചെങ്കണ്ണും ശ്വാസകോശരോഗങ്ങളും പരക്കുന്നത് ഇക്കാലത്താണ്.


Courtesy:    Fun & Info @ Keralites.net

Nandakumar

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment