Sunday, November 28, 2010

[www.keralites.net] ഈ മീനുകള്‍ എവിടെപ്പോകുന്നു?



ഈ മീനുകള്‍ എവിടെപ്പോകുന്നു ?


Fun & Info @ Keralites.net



കുറവല്ല മീന്‍


ഇല്ല. മത്സ്യസമ്പത്ത് മൊത്തത്തില്‍ കുറഞ്ഞിട്ടില്ല. ആവശ്യം കൂടിയതുകൊണ്ട് മറിച്ച് തോന്നുന്നുവെന്ന് മാത്രം. ചിലയിനം മീനുകള്‍ ഇല്ലാതായി. ചിലത് മറ്റുഭാഗങ്ങളിലേക്ക് മാറിപ്പോയി.

1960 മുതല്‍ 1985 വരെ ഉണ്ടായിരുന്ന മീന്‍പിടിത്തം അവിടുന്നങ്ങോട്ട് കുതിച്ചുകയറുകയായിരുന്നു. പുതിയ വലകളും സാങ്കേതിക സഹായങ്ങളുമാണിതിന് കാരണം. '60-കളില്‍ കിട്ടിയിരുന്നതിന്റെ മൂന്നിരട്ടിമീന്‍ '80-കളില്‍ കിട്ടി. എന്നാല്‍ '90-കളില്‍ ഇത് കാര്യമായി കൂടിയില്ല. ടൂണ തുടങ്ങിയവ 1992-നുശേഷം കൂടിയില്ലെന്നതുപോലെ 1993-'94 നുശേഷം അയലയും കൂടിയില്ല. ചാള (നെയ്മത്തി) നേരിയതോതിലേ കൂടിയുള്ളൂ.

1980-കളില്‍ ധാരാളമായി കിട്ടിയ അയല '90 കളില്‍ കിട്ടാതായപ്പോള്‍ കേരളത്തില്‍ വന്‍ വിലക്കയറ്റമുണ്ടായത് ഓര്‍ക്കുക.മുമ്പ് പ്രധാനമായും കേരളത്തില്‍ മാത്രം കിട്ടിയിരുന്ന ചാള 1990-നുശേഷം ചെന്നൈയിലും എത്തി. ഇപ്പോള്‍ വടക്കുകിഴക്കന്‍ തീരത്തുവരെ ചാള കിട്ടുന്നുണ്ട്.

''മീനെന്ന് പറഞ്ഞാല്‍, അതൊക്കെ പണ്ട് തന്നെ. എത്രതരം മീനാ..... അയലയും ചാളയും മാത്രമല്ല. മുള്ളനും മാന്തളും സ്രാവും ഒക്കെ പലതരം.....'' ചാവക്കാട് കടലില്‍ വഞ്ചിയിറക്കാനുള്ള തിരക്കിനിടെ പാലക്കല്‍ മോഹനന്‍ പറഞ്ഞു. പഴയ പ്രതാപകാലം ഓര്‍ത്തപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സ് കരയ്ക്ക് പിടിച്ചിട്ട മീനിനെപ്പോലെ പിടഞ്ഞു.

ശരിയാണ്, പലതരം മീനുകളും കുറഞ്ഞു. മീന്‍ കിട്ടുന്ന കാലവും തെറ്റുന്നു. കാലാവസ്ഥയിലെ മാറ്റം രണ്ടു തരത്തിലാണ് നമ്മുടെ മീനുകളെ ബാധിക്കുന്നത്. ഒന്ന്: കടലിലെ ചൂട് കൂടുന്നു. രണ്ട്: അസിഡിറ്റി അഥവാ, അമ്ലത കൂടുന്നു.

ചൂടിനുതന്നെ പ്രധാന പങ്ക്. മീനുകള്‍ക്ക് മുട്ടയിടാന്‍ അനുയോജ്യമായ പ്രത്യേക താപനില ആവശ്യമാണ്. എല്ലാ സാഹചര്യങ്ങളും ഒത്തുചേര്‍ന്നാലും ഈ ചൂട് തെറ്റിയാല്‍ അവ മുട്ടയിടാറില്ല. ഉദാഹരണത്തിന് ഏപ്രിലില്‍ മുട്ടയിടാറുള്ള പല മീനുകളും കുറച്ച് വര്‍ഷങ്ങളായി ആ കാലത്ത് അത് ചെയ്യുന്നില്ലെന്ന് കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ (*ങ/ഞക) പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആ മീനുകള്‍, മുട്ടയിടുന്നത് ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു. കേരളത്തില്‍ ധാരാളം കിട്ടാറുള്ള കിളിമീന്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ചെന്നൈ ഭാഗത്ത് കൂടുതല്‍ കണ്ടുതുടങ്ങി. വെയിലിനുശേഷം വരുന്ന തണുപ്പ് നോക്കി മുട്ടയിടുന്ന മീനുകളും ഉണ്ടെന്നാണ് ഗവേഷകര്‍ കരുതുന്നത്. കൂടിയ ചൂടിനെ അതിജീവിക്കാന്‍ കഴിയുമെങ്കിലും മീനുകളുടെ പ്രജനനത്തിന് താളം തെറ്റുകയാണ്. അതോടെ ചിലയിനം മീനുകള്‍ ചില കാലങ്ങളില്‍ കിട്ടാതാവുന്നു.

ചൂടിന്റെ മാറ്റം മീനുകളുടെ വാസസ്ഥാനങ്ങളില്‍ മാറ്റമുണ്ടാക്കുന്നതും ശ്രദ്ധേയമാണ്. കടലില്‍ അധികം ആഴത്തിലല്ലാതെ കാണുന്ന ചാള (നെയ്മത്തി), അയില തുടങ്ങിയ വിഭാഗം മീനുകള്‍ ചൂടുകൂടുമ്പോള്‍ തണുപ്പ് തേടിപ്പോകും. മുകള്‍പ്പരപ്പില്‍ നിന്ന് ആഴങ്ങളിലേക്ക് പോകുന്നവയും ഉണ്ട്. അയല ആഴക്കടലില്‍ നിന്ന് കിട്ടാറില്ല. എന്നാലിപ്പോള്‍ അവിടെനിന്നു കിട്ടുന്നു എന്നത് ഇക്കാര്യം വ്യക്തമാക്കുന്നു. ഓരോ കടല്‍മത്സ്യത്തിനും അനുയോജ്യമായ ചൂട് വ്യത്യസ്തമാണ്. ഇതില്‍വരുന്ന മാറ്റം അവയുടെ മുട്ടയിടലിലും വാസസ്ഥലങ്ങളിലും മാറ്റമുണ്ടാക്കുന്നു.

കടലിലെ ചൂടിന്റെ വര്‍ധന മീനുകളുടെ ഭക്ഷണത്തിലും മാറ്റം വരുത്തുന്നുണ്ട്. ഫൈറ്റോപ്ലാങ്ടണ്‍ എന്ന അതിസൂക്ഷ്മസസ്യങ്ങളാണ് കടലിലെ ഭക്ഷ്യശൃംഖലയിലെ ആദ്യകണ്ണി. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓകൈ്‌സഡ് വലിച്ചെടുത്ത് അവ ഭക്ഷണമുണ്ടാക്കുന്നു. ചൂട് കൂടുമ്പോള്‍ ചിലയിനം ഫൈറ്റോപ്ലാങ്ടണുകള്‍ നശിക്കുന്നു. അപ്പോള്‍ അവയെ ഭക്ഷിച്ച് വളരുന്ന മീന്‍ കുഞ്ഞുങ്ങള്‍ക്കും നിലനില്‍ക്കാനാവുന്നില്ല. ചിലയിനം ചെറുസസ്യങ്ങളാകട്ടെ ചൂട് കൂടുന്നതുകാരണം കൂടുതല്‍ വലുപ്പത്തില്‍ വളരും. അപ്പോള്‍ ചെറുമീന്‍ കുഞ്ഞുങ്ങള്‍ക്ക് അവയെ തിന്നാന്‍ പറ്റാതാവും. ചില കാലങ്ങളില്‍ ചൂട് കൂടുമ്പോള്‍ ഫൈറ്റോപ്ലാങ്ടണുകള്‍ വളരെ വേഗത്തില്‍ വളര്‍ച്ചയെത്തുകയും വേഗം നശിക്കുകയും ചെയ്യുന്നതായും കണ്ടിട്ടുണ്ട്. ഇതും മീന്‍കുഞ്ഞുങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാണ്. 

കടലിന് ചുവപ്പ്, തവിട്ട്, ഓറഞ്ച് നിറങ്ങള്‍ വരുന്നതായി വാര്‍ത്തകളുണ്ടാവാറുണ്ട്. കടല്‍ച്ചൂട് വ്യത്യാസപ്പെടുമ്പോള്‍ ചിലതരം ഫൈറ്റോപ്ലാങ്ടണുകള്‍ കൂടുതലായി ഉണ്ടാവുന്നതാണ് ഇതിന് കാരണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചിലയിനം മീനുകള്‍ കൂടുകയും മറ്റു ചിലത് കുറയുകയും ചെയ്യും. മീനുകള്‍ക്ക് ദോഷകരമായ വിഷസസ്യങ്ങള്‍ പെരുകുന്നതും പതിവാണ്. ഇത്തരം പ്രവണതകള്‍ കൂടിവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട്. കൂടുതല്‍ തവണ ആവര്‍ത്തിക്കുന്നുണ്ട്.

ഏട്ടയെ കാണാനുണ്ടോ?


കേരളത്തില്‍ കാണാതായ മീനാണ് ഏട്ട (കാറ്റ്ഫിഷ്). ഈ മീനിനെപ്പോലെ അതിന്റെ മുട്ടയ്ക്കും പ്രിയം കൂടിയത് നാശത്തിന് കാരണമായിട്ടുണ്ടാവാം. അല്ലെങ്കില്‍, പുതിയ വാസകേന്ദ്രങ്ങളിലേക്ക് മാറിയിട്ടുണ്ടാവാം.

തൃശ്ശൂരിന്റെ തീരത്തുനിന്ന് മുള്ളന്‍ മാറിപ്പോയിരിക്കുകയാണിപ്പോള്‍. എന്നാല്‍, കോഴിക്കോട് ഭാഗത്ത് ഇവ കിട്ടാനുണ്ട്. സ്രാവുകളാണ് തൃശ്ശൂരില്‍ കിട്ടാതായ മറ്റൊരു മീനെന്ന് മോഹനന്‍ പറഞ്ഞു. പച്ചക്കണ്ണന്‍, കയറെട്ടി, തൂമ്പന്‍, ചടയന്‍ ഇനങ്ങളൊന്നും ഇപ്പോള്‍ കിട്ടാതായി. ചെറിയ മണങ്ങ് ആണ് ഇവിടെ അപ്രത്യക്ഷമായ മറ്റൊരു മീന്‍.

കഴിഞ്ഞ 41 കൊല്ലത്തെ വിവരങ്ങളില്‍ നിന്ന് വിശകലനംചെയ്ത വസ്തുതകളിലൊന്ന് , സമുദ്ര ഉപരിതല താപത്തില്‍ (സീ സര്‍ഫസ് ടെമ്പറേച്ചര്‍ -എസ്.എസ്.ടി) വര്‍ധന ഉണ്ടായി എന്നുതന്നെയാണ്. 1967-ല്‍ 28.3 ഡിഗ്രി സെന്റിഗ്രേഡ് ആയിരുന്നു എസ്.എസ്.ടി. 2007-ല്‍ അത് 28.94 ആയി.

സാധാരണ കാലവര്‍ഷത്തിനുമുമ്പ് കടലിനുമുകളിലെ ചൂട് കൂടുതലായിരിക്കും. കാലവര്‍ഷത്തില്‍ അത് കുറയും. എന്നാല്‍ 41 കൊല്ലത്തെ പ്രവണത മറ്റൊന്നാണ്. കാലവര്‍ഷത്തിലെ താപനില (എസ്.എസ്.ടി.) 1967-ല്‍ 27.16 ഡിഗ്രി സെന്റിഗ്രേഡ് ആയിരുന്നു. 2007-ല്‍ അത് 28.46 ആയി. അതായത് ചൂട് കാലവര്‍ഷത്തില്‍ കാര്യമായി കുറയുന്നില്ല.

കാലവര്‍ഷത്തിനു തൊട്ടുപിന്നാലെയാണ് കേരളത്തില്‍ ചാള കൂടുതല്‍ കിട്ടുന്നത്; അയല കാലവര്‍ഷത്തിലും. ചൂടിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിനുള്ള കാരണങ്ങളിലൊന്ന്.

മഴ തുടരുമ്പോള്‍ കടല്‍ വെള്ളത്തിന്റെ തണുപ്പ് ആഴത്തില്‍നിന്ന് മുകളിലേക്ക് വ്യാപിക്കാന്‍ തുടങ്ങും. അപ്പോള്‍ പല മീനുകളും മുകള്‍പ്പരപ്പിലെത്താന്‍ തുടങ്ങും. ടൂണ മത്സ്യത്തിന് ഈ ശീലമുണ്ട്. തണുപ്പ് കൂടിയ, പോഷകം കൂടിയ അടിവെള്ളം മുകളിലേക്ക് എത്തുന്ന കടല്‍മറിയല്‍ അഥവാ, അപ്‌വെല്ലിങ് നടക്കുന്ന ഭാഗങ്ങളിലും ഇവ കൂട്ടംകൂടാറുണ്ട്. തൃശ്ശൂര്‍ തീരത്ത് സപ്തംബറില്‍ കൂന്തല്‍ ധാരാളം കിട്ടിയത് ഇതുകൊണ്ടാണെന്ന് കരുതുന്നു.

പോളക്കര: കൊല്ലാനും വളര്‍ത്താനും


കടലിലെ മീനുകളുടെ ഭക്ഷണമായ ചെറുസസ്യങ്ങള്‍ വളരെവേഗം പെരുകി നിറയുന്നതിനെയാണ് മത്സ്യത്തൊഴിലാളികള്‍ പോളക്കരയെന്ന് പറയുന്നത്. വിഷാംശമുള്ള സസ്യങ്ങളുടെ പോളക്കര വന്നാല്‍ മീനുകള്‍ കൂട്ടത്തോടെ ചാവും. പലപ്പോഴും തീരത്ത് മീനുകള്‍ ചത്തടിയുന്നത് ഇതുകൊണ്ടാണ്. എന്നാല്‍, മീനുകള്‍ക്ക് യോജിച്ച ഭക്ഷണമാണ് നിറയുന്നതെങ്കില്‍ അത് മീനുകള്‍ വളരുന്നതിനും പെരുകുന്നതിനും സഹായിക്കും.

കടല്‍മറിയല്‍ നടക്കുമ്പോഴാണ് പോളക്കര കൂടുക. ശക്തമായ കാറ്റ് കടല്‍പ്പരപ്പിനെ നീക്കിക്കൊണ്ടുപോകുമ്പോള്‍ അടിയിലുള്ള ചൂട് കുറഞ്ഞ വെള്ളം മുകളിലെത്തുന്നു. കോഴിക്കോട് ഭാഗത്ത് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉണ്ണിമേരി, പുയ്യാപ്ലക്കോര എന്നീ മീനുകള്‍ ധാരാളം ലഭിക്കാറുണ്ട്. എന്നാല്‍ വലിയ പരവമീന്‍ ഇപ്പോള്‍ നന്നേ കുറഞ്ഞു. 15 സെന്റിമീറ്ററില്‍ കൂടുതല്‍ ഉണ്ടാവാറുള്ള പരവ ഇപ്പോള്‍ രണ്ടിഞ്ച് വലിപ്പത്തിലാണ് കാണുന്നത്. ഇവയ്ക്ക് യോജിച്ച ഭക്ഷണം കാലാവസ്ഥാമാറ്റത്തില്‍ കുറഞ്ഞുപോയതാവാം കാരണമെന്ന് കരുതുന്നു.

കല്ലുമ്മക്കായയുടെ രുചി മാറിയോ?


ഇപ്പോഴത്തെ മീനുകള്‍ക്കും മറ്റു കടല്‍വിഭവങ്ങള്‍ക്കും പഴയ രുചിയില്ലെന്ന് തോന്നുന്നുണ്ടോ? ശരിയാണ്. കടലിലെ ഉപ്പിന്റെ അളവും അമ്ലസാന്നിധ്യവും ഇവയുടെ രുചി മാറ്റുന്നുണ്ട്. കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട വിഭവമായ കല്ലുമ്മക്കായയ്ക്ക് ഇത് സംഭവിച്ചിട്ടുണ്ട്. കായലില്‍ വളര്‍ത്തുന്ന കല്ലുമ്മക്കായയ്ക്ക് പ്രകടമായ രുചി വ്യത്യാസമുണ്ട്. അതുപോലെ പഴമക്കാര്‍ കഴിച്ച രുചിയോടെയല്ല പല മീനുകളും ഇപ്പോള്‍ നമ്മുടെ തീന്‍മേശയിലെത്തുന്നത്.
അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈഓകൈ്‌സഡ് കടല്‍വെള്ളത്തില്‍ ലയിച്ച് കാര്‍ബോണിക് ആസിഡ് ആകുന്നതുവഴിയാണ് കടലില്‍ അമ്ലത കൂടുന്നത്. മീനുകളുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ ഇത് തകരാറിലാക്കുന്നു. മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങളാവുന്നില്ല. കുഞ്ഞുങ്ങള്‍ തന്നെ വളര്‍ച്ചയിലെത്തുന്നില്ല. ചെറുസസ്യങ്ങള്‍ നശിക്കുന്നതിനും അമ്ലത ഇടയാക്കുന്നു. 
പവിഴപ്പുറ്റുകളെയും ചിപ്പികളെയുമാണ് അമ്ലത കൂടുതല്‍ ബാധിക്കുന്നത്. ഇവയുടെ പുറന്തോടുകള്‍ വളര്‍ച്ചയെത്തുന്നതിനെ അമ്ലത തടയുന്നു. മീനുകളുടെ ജീവിതത്തില്‍ ഉപ്പ് രസത്തിനും നിര്‍ണായക സ്വാധീനമുണ്ട്. അറബിക്കടലിന്റെ വടക്ക് അയലയ്ക്കും തെക്ക് ചാളയ്ക്കും പ്രിയപ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനുകാരണം, മിക്കപ്പോഴും മംഗലാപുരത്തിന് വടക്ക് ഉപ്പുരസം പെട്ടെന്ന് കൂടുന്നു എന്നതാണ് 
ചൂടില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം ഉപ്പുരസവുമായി പൊരുത്തപ്പെടാനുള്ള മീനുകളുടെ കഴിവിനെ സ്വാധീനിക്കുന്നുമുണ്ട്. ചൂട് കൂടുന്നത് ഇക്കാര്യത്തില്‍ വിപരീതഫലം ഉണ്ടാക്കും. ഉപ്പുരസവും താപനിലയുംചേര്‍ന്ന് കടല്‍ജീവികളുടെ ആന്തരിക പ്രവര്‍ത്തനങ്ങള്‍ (ഉപാപചയം), രക്തത്തിലെ ഇരുമ്പിന്റെ അളവ് എന്നിവയെ സ്വാധീനിക്കുകയും അതുവഴി വളര്‍ച്ചയെ ബാധിക്കുകയും ചെയ്യുന്നു.കാലാവസ്ഥാമാറ്റം വളരെ ആഴത്തില്‍ ബാധിക്കുന്നു എന്നതിന് മറ്റു തെളിവുകളെന്തിന്?

ചാളയെ വിശ്വസിക്കാം


തെങ്ങ് ചതിക്കി ല്ല എന്ന് പറയാറുള്ളതുപോലെ ചാളയും ചതിക്കില്ലെന്ന് നമുക്ക് വിശ്വസിക്കാം. കാരണം, കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കാനുള്ള ശേഷിയുണ്ടെന്ന് പോഷകസമ്പുഷ്ടമായ ഈമീന്‍ ഇതിനകം പലതവണ തെളിയിച്ചിട്ടുണ്ട്.
ചാള വേഗം വളരുകയും വേഗം വളര്‍ച്ചയെത്തുകയും ചെയ്യും. രണ്ട് വയസ്സ് പിന്നിടുന്നത് അപൂര്‍വമാണ്.
ഭക്ഷണം കുറയുമ്പോഴും വെള്ളത്തിന്റെ ചൂട്കൂടുമ്പോഴും ഇവ പുതിയമേഖലകള്‍ തേടിപ്പോവുകയും അനുയോജ്യസാഹചര്യത്തില്‍ തിരിച്ചുവരികയും ചെയ്യും. ചാളകള്‍ക്ക് യോജിച്ച താപനില 27-28 ഡിഗ്രിസെല്‍ഷ്യസ് ആണ്. അമ്ലത 22.8-33.5 ജ.ട.ഡ..ഉം ഇതില്‍ മാറ്റമുണ്ടായാല്‍ ചാള കിട്ടുന്നത് കുറയും. 1962-63 ല്‍ കണ്ണൂര്‍ തീരത്ത് ഇത്തരം മാറ്റം ചാളയുടെ ലഭ്യതയില്‍ പൊടുന്നനെ കുറവ് ഉണ്ടാക്കിയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ മൊത്തം വാര്‍ഷിക മീന്‍പിടിത്തത്തില്‍ 20 ശതമാനം ചാളയാണ്. മഴ ഇതില്‍ പിന്നെയും വര്‍ധനയുണ്ടാക്കും. കൂടുതല്‍ ഓക്‌സിജന്‍ വെള്ളത്തില്‍ കലരുന്നതുകൊണ്ടും കൂടുതല്‍ പോഷകങ്ങള്‍ ലഭിക്കുന്നതുകൊണ്ടുമാണ് ഇത്. ഇക്കാലത്താണ് ചാളകൂടുതല്‍ മുട്ടയിടുന്നത്. മഴപെയ്യുന്നത് ഇവയുടെ പ്രജനനത്തെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നതായി പഠനങ്ങള്‍ പറയുന്നു. ചൂടും ഉപ്പുരസവും കുറയുന്നതാണിതിനു കാരണം. അതുകൊണ്ടുതന്നെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ചാളയുടെ ലഭ്യതയില്‍ വ്യത്യാസമുണ്ടാക്കുന്നുണ്ട്.
പവിഴപ്പാറകള്‍ 
നശിച്ച തിക്കോടി

കടല്‍വെള്ളത്തിന്റെ അമ്ലത (അസിഡിറ്റി) കൂടുന്നത് പവിഴപ്പാറകളുടെ വ്യാപകനാശത്തിന് കാരണമായിട്ടുണ്ട്. ലോകമെമ്പാടും ആഗോളതാപനത്തിന്റെ പ്രധാന വിപത്തുകളിലൊന്നായി പറയുന്നതും ഈ നാശമാണ്.

1998 മെയിലെ കണക്കുപ്രകാരം ലക്ഷദ്വീപിലെ 78 ശതമാനം പവിഴപ്പുറ്റുകള്‍ നശിച്ചിട്ടുണ്ട്. ആന്‍ഡമാന്‍ദ്വീപുകളില്‍ 50 ശതമാനവും നിക്കോബാര്‍ ദ്വീപുകളില്‍ 20 ശതമാനവും കച്ച് ഉള്‍ക്കടലില്‍ 10 മുതല്‍ 30 ശതമാനം വരെയും പവിഴപ്പുറ്റുകള്‍ ഇക്കാലത്ത് നഷ്ടപ്പെട്ടു. മാന്നാര്‍ ഉള്‍ക്കടലിലെ 60 ശതമാനം പുറ്റുകള്‍ക്ക് 1998 ജൂണിലെ കണക്കുപ്രകാരം നാശമുണ്ടായി. പാക് ഉള്‍ക്കടലിലെ പവിഴപ്പുറ്റുകളെ 60 ശതമാനം വരെ ബാധിച്ചിട്ടുണ്ടെന്നാണ് 2002 ഏപ്രിലിലെ കണക്ക്.

കേരളത്തില്‍ കോഴിക്കോടിനടുത്ത തിക്കോടിയിലാണ് പവിഴപ്പുറ്റുകള്‍ നശിച്ചതായികണ്ടെത്തിയത്.

പാറയുള്ളതിനാല്‍ വെള്ളത്തിന്റെ ഗുണം കൂടുതലായിരുന്നു തിക്കോടിയില്‍. വലിയ മാന്തളുകളും കല്ലുമ്മക്കായയും ഇവിടെ കൂടുതലുള്ളത് അതുകൊണ്ടാണ്. എന്നാല്‍, അമ്ലത കൂടുമ്പോള്‍ ഈ ജീവികളെയും അത് ബാധിക്കുന്നു. ലഭ്യതയിലും രുചിയിലും മാറ്റമുണ്ടാകുന്നു.

വല നിറയെ മഞ്ഞപ്പാര


അഞ്ചുകിലോ ഗ്രാംവരെ തൂക്കമുള്ളതാണ് മഞ്ഞപ്പാരമീന്‍. ആഴക്കടലില്‍ നിന്ന് അപൂര്‍വമായേ മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് കിട്ടാറുള്ളൂ. എന്നാല്‍ പരപ്പനങ്ങാടിയില്‍ നിന്ന് കടലില്‍ പോയ ഫൈബര്‍ വഞ്ചികള്‍ക്ക് ഒറ്റയടിക്ക് അഞ്ച്‌ലക്ഷംരൂപയുടെ മഞ്ഞപ്പാരയാണ് കിട്ടിയത്. ആവോലിയും ഇതുപോലെ കൂട്ടത്തോടെ കിട്ടാറുണ്ട്. കടലിലെ താപനിലയിലും ഭക്ഷണലഭ്യതയിലും മാറ്റം വരുമ്പോള്‍ മീനുകള്‍ ആവാസവ്യവസ്ഥ മാറ്റുന്നതാണ് ഇതിനു കാരണം. മീനുകളുടെ കൂട്ടപ്പാലായനമെന്ന് ഇതിനെ വിശേഷിപ്പിക്കാം.

Courtesy:    Fun & Info @ Keralites.net

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment