Saturday, November 13, 2010

[www.keralites.net] പണക്കാരനാകണോ? എങ്കില്‍ ആയിക്കളയാം



പണക്കാരനാകണോ? എങ്കില്‍ ആയിക്കളയാം

പണത്തിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് ഈയിടെയായി പല 'പരിഹാരങ്ങളും' ഉണ്ടായിട്ടുണ്ട്. വ്യാപകമായി കണ്ടു വരുന്ന അതിലൊരു പരിഹാരമാണ് ഒരു അനുഭവകഥ ആസ്പദമാക്കി ഇവിടെ പറയുന്നത്. അല്പസ്വല്പം ആഡംബരജീവിതവും എസ്റ്റേറ്റും ബംഗ്ലാവുമൊക്കെ പണിയില്ലാതെ രാപ്പകല്‍ റോഡ്‌റീസര്‍വേ നടത്തുന്ന ഏതൊരു പൊട്ടനും കൈപിടിയില്‍ ഒതുക്കാവുന്നതേയുള്ളൂ എന്ന് മനസ്സിലാക്കാന്‍ വെറുമൊരു ഇമെയില്‍ അക്കൗണ്ട്‌ തുറന്നാല്‍ മാത്രം മതി. എന്നും രാവിലെ കൈനീട്ടമെന്ന പോലെ വന്നു കൊള്ളും മില്യണ്‍ കണക്കിന് ഡോളറുകള്‍. ഇമെയില്‍ ഐ.ഡികള്‍ നറുക്കിട്ടപ്പോള്‍ താങ്കളുടെ ഐ.ഡിക്ക് നറുക്ക് വീണെന്നും വന്‍തുക സമ്മാനം ഞങ്ങളുടെ കൈയില്‍ റെഡിയാണെന്നുമാണ് സന്ദേശങ്ങളുടെ രത്നച്ചുരുക്കം. ആരെങ്കിലും മറുപടി അയച്ചാല്‍ പിന്നാലെ വരും ബാങ്ക് അക്കൗണ്ട്‌ നമ്പര്‍ അടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ അയച്ചു കൊടുക്കാനുള്ള അടിയന്തര സന്ദേശം. അതിനും മറുപടി അയക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ 'പണ'ക്കാരായി മാറാന്‍ തുടങ്ങുന്നത്. പണം ഏതോ ഒരു യൂറോപ്യന്‍ രാജ്യത്താണെന്നും അവിടെ നിന്ന് അയക്കാനുള്ള ചാര്‍ജ്, അവിടത്തെ ഇന്‍കം ടാക്സ്‌, പിന്നെ പ്രസ്തുത പണം ഭീകരവാദി പ്രവര്‍ത്തനങ്ങള്‍ക്കുള്ളതല്ലെന്നു തെളിയിക്കുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ക്കുള്ള ചെലവ് തുടങ്ങി തവണകളായി പല സംഖ്യകള്‍ ആവശ്യപ്പെട്ടു തുടങ്ങും. തുടക്കക്കാരായ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളാണ് കൂടുതലായും ഈ വക തട്ടിപ്പുകള്‍ക്ക് ഇരയാവുന്നത്. തട്ടിപ്പാണെന്ന് മനസ്സിലാകുമ്പോഴേക്കും പോക്കറ്റ്‌ ഏകദേശം 'സ്ലിം ബ്യൂട്ടി' ആയിട്ടുണ്ടാകും. അഭ്യസ്ത വിദ്യരടക്കമുള്ള പലര്‍ക്കും പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും മാനഹാനി ഭയന്ന് പുറത്തു പറയാതിരിക്കുന്നതാണ് ഇത്തരം ആഗോള തട്ടിപ്പുകാരുടെ ഊര്‍ജം. ഈയിടെ ഒരു സുഹൃത്തിനു ഇത്തരത്തില്‍ വളരെ രസകരമായ ഒരു അനുഭവം ഉണ്ടായി. ഈ അന്താരാഷ്ട്രാ തട്ടിപ്പുകാര്‍ എത്ര ആസൂത്രിതവും അവിശ്വസനീയവുമായ രീതിയിലാണ് ആളുകളുടെ പോക്കറ്റിന്‍റെ താക്കോല്‍ ‌ കൈപ്പിടിയില്‍ ഒതുക്കുന്നതെന്ന് ഈ സംഭവം സാക്ഷ്യപ്പെടുത്തുന്നു.
സുഹൃത്ത്‌ ഒരു ഡ്രൈവറാണ്. വെള്ളിയാഴ്ച ജോലിയില്ല. സാധാരണ പ്രവാസികള്‍ മിനിമം പതിനൊന്നു മണിയാവും ഉണരാന്‍. പക്ഷെ നമ്മുടെ കക്ഷി രാവിലെ തന്നെ എഴുന്നേറ്റു കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു ഇമെയില്‍ നോക്കിത്തുടങ്ങി. ഒരുപാട് കാലത്തെ കമ്പ്യൂട്ടര്‍ പരിചയമൊന്നും ഇല്ല. നാട്ടിലേക്കു വിളിക്കാന്‍ വേണ്ടി റൂമിലുള്ളവരെല്ലാം കൂടി ഒത്തു ചേര്‍ന്ന് ഒപ്പിച്ചെടുത്തതാണ് കമ്പ്യൂട്ടര്‍. ഇന്റര്‍നെറ്റ്‌ വന്നപ്പോള്‍ പിന്നെ ഇമെയില്‍, ചാറ്റിങ്, അത്യാവശ്യം പത്രം നോക്കല്‍ തുടങ്ങിയവയൊക്കെ പഠിച്ചു തുടങ്ങി. ബ്രൌസിംഗില്‍ ഹെവി ആയി വരുന്നതേയുള്ളൂ. ഏതായാലും ഇമെയില്‍ നോക്കിയപ്പോള്‍ കക്ഷിക്ക് വിശ്വാസം വന്നില്ല. തന്‍റെ ഇമെയില്‍ ഐ.ഡിക്ക് പത്തു ലക്ഷം ഡോളര്‍ അടിച്ചിരിക്കുന്നു. ഇരിക്കപ്പൊറുതി കിട്ടുന്നില്ല. എത്ര വര്‍ഷമായി ഈ മരുഭൂമിയില്‍ വളയം പിടിക്കുന്നു. അറബികളുടെ ആട്ടും തുപ്പും കേട്ടത് മിച്ചം എന്നതല്ലാതെ എന്തെങ്കിലും ഉണ്ടാക്കാന്‍ പറ്റിയോ? അതെങ്ങനെയാ, ഓട്ട ബക്കറ്റില്‍ വെള്ളം കോരുന്നത് പോലെയല്ലേ. മുകളിലെത്തുമ്പോഴേക്കും ഒരു തുള്ളി പോലും കാണാറില്ലല്ലോ. എല്ലാ മാസവും എന്തെങ്കിലും അത്യാവശ്യങ്ങളുണ്ടാകും. വീട്ടിലേക്ക് എത്ര അയച്ചാലും മതിയാകില്ല. കൂടാതെ ടി വി സീരിയല്‍ പോലെ ഒരു കാലത്തും തീരാത്ത ഒരു വീട്പണിയും. കടക്കണക്കുകള്‍ മാത്രമാണ് പച്ച പിടിച്ചു വരുന്നത്. സന്തോഷം സഹിക്ക വയ്യാതെ അവന്‍ മൂടിപ്പുതച്ചുറങ്ങുന്ന സഹമുറിയന്റെ പുതപ്പ് വലിച്ചു മാറ്റി.

വെള്ളിയാഴ്ച രാവിലെ തന്നെയുള്ള കയ്യേറ്റം കക്ഷിക്ക് തീരെ പിടിച്ചില്ല. ആകെയുള്ള ഒരു ഒഴിവുദിവസമാണ്. വെളുപ്പിന് 4 മണിക്ക് എഴുന്നേല്‍ക്കേണ്ടാത്ത ഏക ദിവസം. അപ്പോഴാണ്‌ അവന്‍റെയൊരു അലറി വിളി. ദേഷ്യം കടിച്ചമര്‍ത്തി ടിയാന്‍ ‌ എഴുന്നേറ്റു. ഏതായാലും സുഹൃത്തല്ലേ. എന്തെങ്കിലും അത്യാവശ്യം കാണും.
"എന്താ കാര്യം?" അവന്‍ അന്വേഷിച്ചു.
"ഡേ, ഇത് നോക്ക്." അവന്‍ സ്വരം ഉയര്‍ത്താതെ സ്വകാര്യം പോലെ പറഞ്ഞു. എനിക്ക് ഒരു ഇമെയില്‍ വന്നിരിക്കുന്നു.പത്തു ലക്ഷം ഡോളര്‍ ആണ് അടിച്ചിരിക്കുന്നത്. എന്‍റെ ഇമെയില്‍ അഡ്രസ്‌ നറുക്കില്‍ വീണതാണത്രേ. "എവിടെ നോക്കട്ടെ. പത്തു ലക്ഷം ഡോളര്‍ എന്ന് പറയുമ്പോള്‍ ഏകദേശം 5 കോടി രൂപ. ഹൊ! ഭാഗ്യവാന്‍. ഇനി ഈ പുളുങ്ങിയ വളയവും തിരിച്ച് ഊര് തെണ്ടണ്ടല്ലോ."

"ഏതായാലും മറുപടി അയക്ക്. ക്ഷണിക്കപ്പെടാതെ വന്ന ഭാഗ്യം എന്തിനു തട്ടിക്കളയണം?" സുഹൃത്ത്‌ ഉപദേശിച്ചു. ബാങ്ക് അക്കൗണ്ട്‌ നമ്പര്‍, നാട്ടിലെ അഡ്രസ്‌, ഇവിടത്തെ ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളെല്ലാം പൂരിപ്പിച്ച് മറുപടി അയച്ചു. വലിയ സംഖ്യയുടെ ഇടപാടായത് കൊണ്ട് തല്‍ക്കാലം മറ്റുള്ളവരാരും അറിയേണ്ടെന്നും രണ്ടു പേരും തീരുമാനിച്ചു. ബിസിനസ്‌ തുടങ്ങണോ, റബര്‍ എസ്റ്റേറ്റ്‌ വാങ്ങണോ? അതോ എവിടെയെങ്കിലും ബില്‍ഡിംഗ്‌ ഉണ്ടാക്കിയിടണോ? ഏതാനും ദിവസത്തേക്ക് നമ്മുടെ കക്ഷിക്ക് ആകെ ഒരു കണ്‍ഫ്യൂഷന്‍.
ഒന്ന് രണ്ടാഴ്ചത്തേക്ക് മറുപടിയൊന്നും കണ്ടില്ല. ആ നിരാശയില്‍ അങ്ങനെ നടക്കുമ്പോഴാണ് പെട്ടെന്നൊരു ദിവസം ഇന്ത്യയിലേതാണെന്ന് തോന്നിക്കുന്ന ഒരു നമ്പറില്‍ നിന്നും ഒരു കാള്‍. അറ്റന്‍ഡ് ചെയ്തപ്പോള്‍ ഏതോ ഇംഗ്ലീഷുകാരനാണ്. സ്റ്റോക്ക്‌ ഉള്ള ആംഗലേയ പരിജ്ഞാനം വെച്ച് കാച്ചിയപ്പോള്‍ ഇത് നമ്മുടെ മില്യണിന്‍റെ ആളുകള്‍ തന്നെയെന്നു മനസ്സിലായി.
"ഏയ്‌, താങ്കള്‍ എവിടെയാണ്. ഞാന്‍ നിങ്ങളുടെ പണവുമായി ബോംബയിലാണ് ഉള്ളത്. എവിടെയാണ് താങ്കളുടെ വീട്? പണം വീട്ടില്‍ ആരെയാണ് എല്പ്പിക്കേണ്ടത്?"
"വീട്ടില്‍ കൊടുക്കുകയോ? അത് സുരക്ഷിതമല്ല. നാട്ടില്‍ ആരെയും എല്പ്പിക്കേണ്ട. അതായിരിക്കും നല്ലത്. നമ്മള്‍ ഇവിടെയാണ് ഉള്ളതെന്ന് പറ."
അടുത്തുണ്ടായിരുന്ന സുഹൃത്ത്‌ ഉപദേശിച്ചു.
അത് പറഞ്ഞപ്പോള്‍ വിളിച്ച പാര്‍ട്ടിക്ക് യാതൊരു കുഴപ്പവുമില്ല.
"അതിനെന്താ? ഞാന്‍ അങ്ങോട്ട്‌ വരാമല്ലോ. ഫ്ലൈറ്റ് ഷെഡ്യൂള്‍ നോക്കിയിട്ട് ഞാന്‍ അങ്ങോട്ട്‌ വിളിക്കാമെന്ന് പറഞ്ഞ് അയാള്‍ ഫോണ്‍ വെച്ചു.

പിറ്റേന്ന് രാവിലെ ബോംബയില്‍ നിന്നും വീണ്ടും കാള്‍ വന്നു. ഒരു മണിക്കൂറിനകം താന്‍ പുറപ്പെടുമെന്നും അപ്പോള്‍ നാലഞ്ചു മണിക്കൂറിനകം ദുബായ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ്‌ ചെയ്യുമെന്നും അറിയിച്ചു. അങ്ങനെ ഏകദേശം ഉച്ച കഴിഞ്ഞപ്പോള്‍ ഒരു യു എ ഇ മൊബൈല്‍ നമ്പറില്‍ നിന്നും ഒരു കാള്‍. ഇംഗ്ലീഷുകാരന്‍ തന്നെ. താന്‍ ദുബായ് എയര്‍ പോര്‍ട്ടിന്‍റെ ഉള്ളിലാണെന്നും പുറത്തിറങ്ങാന്‍ സെക്യൂരിറ്റി തടസ്സമുണ്ടെന്നും പറഞ്ഞു. വലിയ സംഖ്യ കൈയില്‍ ഉള്ളതിനാല്‍ അഞ്ഞൂറ് ഡോളര്‍ ഉടന്‍ അടച്ചാല്‍ മാത്രമേ പുറത്തിറങ്ങാന്‍ കഴിയൂ. അത് കൊണ്ട് എത്രയും വേഗം വെസ്റ്റേണ്‍ യൂണിയന്‍ വഴി 500 ഡോളര്‍ തന്‍റെ പേരില്‍ അടക്കണമെന്നും പറഞ്ഞു.
അവിശ്വസിക്കാന്‍ തക്കതായി യാതൊന്നുമില്ല. തന്നെ തേടി ഇന്ത്യയില്‍ പോയി. അവിടെ നിന്ന് തന്‍റെ ആവശ്യ പ്രകാരം ദുബായില്‍ വന്നു. ഇനി തന്‍റെ ഭാഗ്യം തെളിയാന്‍ ഒരു അഞ്ഞൂറ് ഡോളറിന്റെ കടമ്പ. ആരായാലും എങ്ങനെയെങ്കിലും അഞ്ഞൂറ് ഡോളര്‍ ഒപ്പിച്ചുണ്ടാക്കി അയച്ചു കൊടുക്കും. പക്ഷെ അതിബുദ്ധിമാനായ കക്ഷിയുടെ സുഹൃത്തിന് അതത്ര ബോധിച്ചില്ല. അതെങ്ങനെയാ? പത്തു ലക്ഷം ഡോളറുമായി വരുന്നവന് എയര്‍ പോര്‍ട്ടിലടക്കാന്‍ അഞ്ഞൂറ് ഡോളര്‍ കൈയില്‍ ഇല്ലെന്നോ? ഏതായാലും ഇപ്പോള്‍ വിളിക്കാമെന്നു പറഞ്ഞ് ഫോണ്‍ കട്ടാക്കി.

അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അതാ വീണ്ടും. ഇത്തവണ ഏതോ യൂറോപ്യന്‍ രാജ്യത്തെതെന്നു തോന്നിക്കുന്ന നമ്പറില്‍ നിന്നാണ്.
"ഏയ്, നിങ്ങളെന്താണീ കാണിക്കുന്നത്? ഞങ്ങളുടെ പ്രതിനിധി ദുബായ് എയര്‍പോര്‍ട്ടില്‍ പുറത്തിറങ്ങാന്‍ പറ്റാതെ നില്‍ക്കുകയാണ്. ഉടന്‍ അഞ്ഞൂറ് ഡോളര്‍ അടക്കൂ."

"അഞ്ഞൂറ് ഡോളര്‍ എനിക്കുള്ള പണത്തില്‍ നിന്നും അടച്ചോട്ടെ. എനിക്ക് ബാക്കി പണം മതി." കക്ഷി തിരിച്ചടിച്ചു.

തങ്ങളുടെ പണവും സമയവും വേസ്റ്റ് ചെയ്യരുതെന്നും പണം ഉടനെ അടച്ചാല്‍ മാത്രമേ നിങ്ങളുടെ പണം കിട്ടുകയുള്ളൂ എന്നും ക്ഷുഭിതമായ മറുപടിയിലെ ഭീഷണി സ്വരം. ഫോണ്‍ കട്ടായി.

ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ദുബായ് മൊബൈല്‍ നമ്പറില്‍ നിന്നും വിളി. "എന്ത് തീരുമാനിച്ചു? പണം വേണ്ടേ?"

ഞങ്ങള്‍ ദുബായ് എയര്‍പോര്‍ട്ടിലേക്കുള്ള വഴിയിലാണെന്നും അവിടെ വന്ന് നേരില്‍ പണം അടച്ചു കൊള്ളാമെന്നും പറഞ്ഞു.

മറുപടി വീണ്ടും ഹൈ പിച്ചില്‍. "നിങ്ങളിവിടെ വന്നാല്‍ ഉള്ളിലേക്ക് കയറ്റില്ല. എന്നെ പുറത്തേക്കും വിടില്ല. നിങ്ങള്‍ വരുന്നത് വെറുതെയാണ്. ഒന്നുകില്‍ വെസ്റ്റേണ്‍ യൂണിയന്‍ വഴി പണമടക്കുക. അല്ലെങ്കില്‍ ഞാന്‍ തിരിച്ചു പോകുകയാണ്."

"ഞങ്ങള്‍ക്ക് ഉള്ളില്‍ കടക്കുന്നതിന് കുഴപ്പമില്ല. എന്റെ കൂടെ എന്‍റെ സുഹൃത്തായ എയര്‍ പോര്‍ട്ട്‌ പോലീസ് സൂപ്രണ്ട് ഉണ്ട്. അദ്ദേഹത്തിന്‍റെ സഹായത്തോടെ ഞങ്ങള്‍ ഉള്ളിലേക്ക് വരികയും താങ്കള്‍ക്ക് പുറത്തു കടക്കുകയും ചെയ്യാം". ഫോണ്‍ അദ്ദേഹത്തിന് കൊടുക്കാം എന്നും പറഞ്ഞ് സുഹൃത്തിന് കൈ മാറി. അല്‍പം ഗൌരവ സ്വരത്തില്‍ സുഹൃത്ത്‌ സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ ഫോണ്‍ ഡിസ്കണക്ട് ആയി. പിന്നെ ആ വിഷയവും പറഞ്ഞൊരു കാള്‍ വന്നതേയില്ല.

നോക്കുക, എത്രത്തോളം വ്യവസ്ഥാപിതമായ രീതിയിലാണ് ഈ തട്ടിപ്പുകാരുടെ ഓപറേഷന്‍!

"അര്‍ത്ഥമെത്ര വളരെയുണ്ടായാലും
തൃപ്‌തിയാകാമനസിനൊരുകാലം
പത്തുകിട്ടുകില്‍ നൂറു മതിയെന്നും
ശതമാകില്‍ സഹസ്രം മതിയെന്നും
ആയിരംപണം കയ്യിലുണ്ടാകുമ്പോള്‍
ആയുതമാകിലാശ്‌ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേര്‍വിടാതെ കരേറുന്നു മേല്‍ക്കുമേല്
‍"

എന്ന് പൂന്താനം പാടിയത് വെറുതെയാണോ? മനുഷ്യന്‍റെ ആര്‍ത്തി നിലനില്‍ക്കുന്നേടത്തോളം കാലം ഇക്കൂട്ടര്‍ക്ക് കഞ്ഞികുടി മുട്ടുമോ?

Regards
Shukoor Cheruvadi
www.athmagatham.co.cc

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment