Friday, October 22, 2010

[www.keralites.net] TRIBUTE TO RENOWNED MALAYALAM POET - A. AYYAPPAN



വീടുപേക്ഷിച്ച കുട്ടിയോടൊത്ത്

 

Fun & Info @ Keralites.net


ഭാ
വുകത്വത്തിന്റെയും കാവ്യബിംബങ്ങളുടെയും അമ്ലതീക്ഷ്ണതകൊണ്ട് സമകാലിക കാവ്യഭൂമികയെ വിസ്മയിപ്പിച്ച മലയാളത്തിന്റെ പ്രിയകവി എ അയ്യപ്പന്‍ മലയാളത്തോട് വിടപറഞ്ഞിരിക്കുന്നു.

ലഹരി മണക്കുന്ന ജീവിതം മണക്കുന്ന കവിതകളെക്കുറിച്ച് അയ്യപ്പന്‍ സംസാരിച്ചത്…


'നീ കടിച്ചു ചവക്കുന്ന കാലുകള്‍ എന്റെ കലമാനിന്റെ വേഗമാണ്. നീ കുടിക്കുന്ന നീലരക്തം ഞാന്‍ സ്‌നേഹിച്ച നീലിമയാണ്….' അതുകൊണ്ടാണോ ഉന്മാദത്തിന്റെ കാറ്റിന്‍ തുഞ്ചത്തേറി അലയുന്നത്?

ഉന്‍മാദത്തിന്റെ ഈ യാത്ര ഞാന്‍ സ്വയം തിരഞ്ഞെടുത്തതല്ല. കാലം എനിയ്ക്ക് സമ്മാനിച്ച അഭയമാണത്. എന്റെ മറവിയില്ലായ്മയ്ക്ക് ഔഷധിയാണീ ഉന്മാദം. ഓരോ കണ്ണുകളിലും ഇരയുടെ വിലാപങ്ങളും വേട്ടക്കാരന്റെ ആക്രോശങ്ങളും ഞാന്‍ വായിച്ചെടുക്കുന്നു. അതുകൊണ്ട് കാറ്റിന്റെ ഈ ഉന്മാദ രഥ്യകളിലൂടെ ഞാന്‍ ഒറ്റയ്ക്ക് നടക്കുന്നു. ഞാന്‍ എന്റെ കാലത്തിന്റെ ബലിയാടും പ്രവാചകനുമാകുന്നു

'ഞങ്ങളുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കാനുള്ള കമ്പി ഉലയില്‍ വച്ച് പഴുപ്പിച്ചത് കൊല്ലനല്ല, കോടതിയാണ്…..' വ്യവസ്ഥാപിതങ്ങളോടുള്ള ഈ കലഹം അസ്തിത്വത്തിന്റെ ഭാഗം തന്നെയാണല്ലോ?

വ്യവസ്ഥാപിതങ്ങള്‍ മിക്കപ്പോഴും നേരുകളെ അടയാളപ്പെടുത്തുന്നില്ല. ഇരയുടെ ധര്‍മ്മസങ്കടങ്ങളോ നീതിക്കായുള്ള അവന്റെ ദാഹമോ അതിന്റെ തീവ്രമായ അര്‍ത്ഥത്തില്‍ ഒരു കോടതിയും പരിഗണിക്കുന്നുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അത്യന്തികമായി വേട്ടക്കാരന്റെ താല്‍പര്യങ്ങള്‍ തന്നെയാണ് കോടതികളിലൂടെ സംരക്ഷിക്കപ്പെടുന്നതും ഉറപ്പിക്കപ്പെടുന്നതും. ഉച്ചനേരത്ത് കോടതിയില്‍ വിസ്താരം കേള്‍ക്കുന്ന ന്യായാധിപന്റെ മനസ് ഉച്ചഭക്ഷണത്തിനോടൊപ്പമുള്ള ഒരു പൊരിച്ച കോഴിയിലായിരിക്കുമെന്ന് ആരോ പറഞ്ഞതോര്‍ക്കുന്നു

'കവിയുടെ ഛന്ദസ്സിന് മുറിവേറ്റിരിക്കുന്നു. മുറിവേറ്റ ഛന്ദസ്സിന്റെ മന്ത്രമുരുക്കഴിച്ച്, എള്ളും പൂവും നനക്കുന്നത് എന്റെ ചോരകൊണ്ട് തന്നെയാണ്…' എന്താണ് ചോരകൊണ്ടിങ്ങനെ കവിത കഴുകുന്നത്?

ഞാന്‍ എന്റെ ചോരകൊണ്ട് വാക്കുകള്‍ നനക്കുന്നു. എന്റെ ചോരയില്‍ ചരിത്രത്തിന്റെ ചാരം അലിഞ്ഞിട്ടുണ്ട്. അതില്‍ ഇന്നിന്റെ ധര്‍മ്മസങ്കടങ്ങളുണ്ട്. നാളയുടെ ഉത്കണ്ഠകളുണ്ട്. കവിയുടെ ചങ്കില്‍ കിനിയുന്ന ചോരയുടെ ഗന്‍ധമുണ്ടാകണം കവിതക്ക്. അപ്പൊഴേ ഒരു വേനല്‍മഴ പോലെ നമ്മുടെ നെഞ്ചുപൊള്ളിക്കാന്‍ കവിതക്കാകൂ.

'ലഭിച്ച സ്‌നേഹം തിരസ്‌കരിച്ചതിന് അച്ഛനെന്ന വിളിയോ ഒരുമ്മയോ കിട്ടാതെ എനിക്ക് പോകേണ്ടിവരും….' ഈ വേദന കവിതയിലൂടെ മറികടക്കാനാകുമോ?

അറിയില്ല. എങ്കിലും ഞാനങ്ങനെ വിശ്വസിക്കാന്‍ ശ്രമിക്കുന്നു. കവിതയിലൂടെ എന്റെ എല്ലാ വേദനകളേയും മറികടക്കാനും.

'ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയോടെ, സ്‌നേഹവും കാലവും ദൂരവും പ്രേമഭാജനത്തിന്റെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നു…' പ്രണയത്തെക്കുറിച്ച് ?

ഞാന്‍ ഏറെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഓര്‍മ്മ എന്റെ വരണ്ട ജീവിതത്തെ ചിലപ്പോഴെങ്കിലും ഉര്‍വ്വരതയിലേക്ക് വ്യാമോഹിപ്പിക്കാറുണ്ട്. ഇന്നത് ചരിത്രം മാത്രമെന്നെനിക്കറിയാം. ഞാനെന്റെ പ്രണയത്തിന് വെള്ളമൂടികഴിഞ്ഞു. പക്ഷേ ചിതകൊളുത്തില്ലൊരിക്കലും….

'നിറങ്ങളുടെ മഴയില്‍ നനഞ്ഞൊലിക്കന്ന ദിവസം ഹോളിയുടെ ആഹ്ലാദത്തിന് മാറ്റു കൂട്ടാന്‍ ഒരു കോമാളിയെ വേണം – നീ പോകരുത്' സ്വന്തം ജീവിതത്തിലെ ആഘോഷങ്ങള്‍ ഒടുങ്ങിയത് അതുകൊണ്ടാണോ?

ഞാനെന്റെ ജീവിതത്തെ ഒറ്റയ്ക്ക് ഒരാഘോഷമാക്കുകയാണ്. ആഹ്ലാദങ്ങള്‍ ഒടുങ്ങിപ്പോയത് കൊണ്ട് ജീവന്റെ വ്യഥകളും വ്യാകുലതകളും ഞാന്‍ ആഘോഷങ്ങളാക്കുന്നു. എന്റെ ആഘോഷങ്ങളില്‍ ഞാന്‍ തന്നെ കോമാളിയും ബലിമൃഗവുമാകുന്നു. ഹോളിയുടെ ആഹ്ലാദങ്ങള്‍ക്ക് മാറ്റു കൂട്ടാന്‍ ഒരു കോമാളിയെത്തേടുന്നത് പക്ഷേ എന്റെ രക്തത്തിന്റെ ദ്രാവിഡതയല്ല. മറിച്ച് അലിവറ്റ മറ്റേതോ സംസ്‌കാരത്തിന്റെ ഇച്ഛയാണത്.

'മഞ്ഞപ്പുലികള്‍ തുള്ളിച്ചാടുന്നത് പോലെ കൊന്നപ്പൂക്കള്‍ പൊട്ടിവിടര്‍ന്ന കാലത്ത്…..'നിറങ്ങളുടെ കല ഇപ്പോഴും വ്യാമോഹിപ്പിക്കുന്നുണ്ടോ?

ഒരിക്കല്‍ ഞാന്‍ നിറങ്ങളുടെ ലോകത്തായിരുന്നു. ഞാന്‍ പ്രണയിച്ചതും കവിതയിലേക്കെത്തിയതും നിറങ്ങളിലൂടെയായിരുന്നു. ഇന്ന് നിറങ്ങളൊക്കെ മങ്ങി. എന്റെ നഷ്ടങ്ങളുടെ പുസ്തകത്തിലെ ഒരധ്യായമാണ് ചിത്രകല. ഇന്ന് ഞാനത് മറക്കാന്‍ ശ്രമിക്കുന്നു.

'നാഴികക്കല്ലുകളും ശിലാലിഖിതങ്ങളും പുസ്തകങ്ങളമല്ല ചരിത്രം. യാത്രയാണ്….'യാത്രകളെക്കുറിച്ച് ?

">യാത്രകള്‍ എനിക്ക് ഒഴിവാക്കാനാവില്ല. ചരരാശിയിലാണല്ലോ കവിജന്മം. മഴയും വെയിലും കല്ലും മുള്ളും എന്റെ യാത്രകളെ വിശുദ്ധമാക്കുന്നു. എന്റെ ഉന്‍മാദത്തിന്റെ തീവ്രവേഗങ്ങളെ യാത്രകളുടെ ശാന്തി ശമിപ്പിക്കുന്നു….

'കുസൃതിയേറെ കൂടി, കുരുത്തംകെട്ട കൂട്ടുകൂടി, മുത്തച്ഛന്‍ തേച്ച കാന്താരി നീരാണ് എന്റെ കണ്ണുതെളിച്ചത്…' ബാല്യത്തെക്കുറിച്ച്?

ഞാന്‍ പിറന്നത് ഒരു സ്വര്‍ണക്കച്ചവടക്കാരന്റെ മകനായാണ്. ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ തന്നെ അച്ഛനെ കൂട്ടുകാരന്‍ വിഷം കൊടുത്തു കൊന്നു. കച്ചവടത്തിലെ പിണക്കമാണ് കാരണമെന്ന് ചിലര്‍ പറഞ്ഞു. അമ്മയുടെ സൗന്ദര്യം മൂലമെന്ന് മറ്റ് ചിലര്‍ . എന്തായാലും അതുവരെ നല്ല നിലയില്‍ കഴിഞ്ഞ ഞങ്ങള്‍ ദുരിതത്തിലായി. എന്നെ പഠിപ്പിക്കാന്‍ അമ്മയും സഹോദരിയും കൂലിപ്പണി ചെയ്തു.

ഞാന്‍ പാഠപുസ്തകങ്ങള്‍ വിട്ട് കൊടിയുടെ പിറകേ പോയി. ഒരു ദിവസം സ്‌കൂള്‍ ഇലക്ഷനില്‍ ജയിച്ച് ആഹ്ലാദത്തോടെ ഞാന്‍ വീട്ടിലെത്തുമ്പോള്‍ അമ്മയുടെ മൃതദേഹം വരാന്തയില്‍ ഇറക്കികിടത്തിയിരിന്നു. ഗര്‍ഭഛിദ്രത്തിനിടെയാണ് മരിച്ചതെന്ന് പിന്നീടറിഞ്ഞു. എന്റെ സ്വപ്‌നങ്ങള്‍ക്ക് രക്തസാക്ഷിത്വത്തിന്റെ മധുരം സമ്മാനിച്ചവരാണ് എന്റെ മാതാപിതാക്കള്..

'ഒരു മരണവും എന്നെ കരയിച്ചില്ല. സ്വപ്‌നത്തില്‍ മരിച്ച തുമ്പികള്‍ മഴയായ് പെയ്യുമ്പോഴും കരഞ്ഞില്ല. പൂത്ത വൃക്ഷങ്ങള്‍ കടപുഴകുമ്പോള്‍ പൊട്ടച്ചിരിച്ചു ഞാന്‍ …' പ്രത്യയശാസ്ത്ര ഭ്രംശങ്ങളിലേക്ക് നോക്കുമ്പോള്‍ അപഹസിക്കപ്പെട്ടുവെന്ന് തോന്നിയോ?

ഞാനൊരു കമ്മ്യൂണിസ്റ്റായിരുന്നു. ഇന്നും അങ്ങനെ തന്നെ. ഓരോ തെണ്ടിയുടേയും പ്രാഥമികമായ അനിവാര്യതകള്‍ പരിഹരിക്കാന്‍ ഭരണകൂടത്തിനാകണമെന്ന് ഞാന്‍ ആഗ്രഹക്കുന്നു. പ്രത്യയശാസ്ത്രം എന്നെ അപഹസിച്ചിട്ടില്ല. ഭ്രംശങ്ങള്‍ കാലത്തിന്റെ പാപമാണെന്ന് ഞാന്‍ കരുതുന്നു. കമ്യൂണിസം അതു പങ്കുവക്കുന്ന മാനവികതയുടെ ശുദ്ധിയിലേക്ക് തിരിച്ചുവരുമെന്നാണ് എന്റെ പ്രതീക്ഷ. ഈശ്വരന്റെ ധര്‍മ്മസങ്കടങ്ങളെ ഉള്‍ക്കൊള്ളാനാകും വിധം പ്രത്യയശാസ്ത്രത്തിന്റെ ആകാശങ്ങള്‍ വിശാലമാകുമെന്നും ഞാന്‍ കരുതുന്നു.

'ചങ്ങാതി തലവച്ച പാളത്തിലൂടെ ഞാന്‍ തീര്‍ത്ഥയാത്രക്ക് പോയി…'സൗഹൃദങ്ങളെക്കുറിച്ച്?

ഞാനും നരേന്ദ്രപ്രസാദും വി.പി.ശിവകുമാറും പലര്‍ക്കും ത്രിമൂര്‍ത്തികളായിരുന്നു. ഞങ്ങളൊരുമിച്ചു സ്വപ്‌നം കണ്ടു. വസന്തത്തിന്റെ ഇടിമുഴക്കങ്ങളില്‍ ഭ്രമിച്ചുപോയ ബോസ്… കിണറിന്റെ ജലകവാടങ്ങള്‍ കടന്ന് അവന്‍ പിന്നീട് തിരിച്ചുപോയി. സിവിക്… സ്‌നേഹത്തിന്റെ വ്യാകരണമറിയുന്നവന്‍ . പിന്നീടൊരുവന്‍ വന്നൂ, ഭ്രാന്തസ്‌നേഹത്തിന്റെ അമ്ലതീക്ഷ്ണതയുമായി… അവന് ജോണെന്ന് പേര്‍… കണ്ടതുമുതല്‍ അവന്‍ എന്നില്‍ കുടിയേറി.

പിന്നീട് ഞങ്ങളെപ്പോഴും ഒന്നിച്ചായിരുന്നു. ഒരുദിവസം ഏതോ രാത്രിസങ്കേതത്തിന്റെ മുകളില്‍ നിന്നും അവന്‍ മരണത്തിലേക്ക് പറന്നു… ഇപ്പോഴും ഞാനവന്റെ ചുംബനത്തിന്റെ ചാരായഗന്ധമോര്‍ക്കുന്നു… ഒരുപാട് സൗഹൃദങ്ങള്‍ എനിക്ക് നഷ്ടമായിട്ടുണ്ട്. ആ മുറിവുകളുണങ്ങിയിട്ടില്ല. തീവ്രമായ സൗഹൃദങ്ങള്‍ ഇപ്പോഴുമുണ്ട്. എന്റെ സെബാസ്റ്റിയന്‍ …സാവിച്ചി…പേരെടുത്ത് പറയാന്‍ ഇനിയുമുണ്ട് ഒരുപാട് പേര്‍ …

'ആള്‍ജിബ്രയില്‍ പോരാടുവാനില്ല അഞ്ചുപേരും നൂറ്റൊന്നുപേരും…' വൈരുദ്ധ്യങ്ങള്‍ ഒടുങ്ങിയോ?

ജീവിതത്തിന്റെ ആള്‍ജിബ്രയറിഞ്ഞവന് വൈരുദ്ധ്യങ്ങളില്ല. അജ്ഞതയുടെ ഉത്പന്നങ്ങളാണ് വൈരുദ്ധ്യങ്ങള്‍ . സംഘര്‍ഷരാഹിത്യത്തിന്റേതാണ് ജീവിതത്തിന്റെ ആള്‍ജിബ്രയെന്ന് ഞാന്‍ കരുതുന്നു. ആ ആള്‍ജിബ്രയുടെ വിശുദ്ധിയെ മനുഷ്യകുലം എത്തിപ്പിടിക്കുമെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു

Fun & Info @ Keralites.net

Fun & Info @ Keralites.net

Thanks & Regards, Raj. Kumar (Write up Courtesy to Sudheer)
www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment