Wednesday, October 13, 2010

[www.keralites.net] concern over marriage...just read it.. *



നാം മലയാളികള്‍ എവിടെ ചെന്നാലും നമ്മുടേതായ ചില അടയാളങ്ങള്‍ തേടി ചെല്ലും. മലയാളികള്‍ അധിവസിക്കുന്ന ഏത് ഭൂപ്രദേശമായാലും ആറന്മുള കണ്ണാടിയും അമ്പലപ്പുഴ പാല്‍പായസവും, കോഴിക്കോടന്‍ ഹല്‍വയും പാലക്കാടന്‍ മട്ടയും മലപ്പുറം കത്തിയും പയ്യന്നൂര്‍ പവിത്ര മോതിരവും നമ്മുടെ സ്വകാര്യ അഹങ്കാരങ്ങളാകുന്നത് അങ്ങനെയാണ്. ഇതുപോലുള്ള ഒരുപാട് രുചി ഭേദങ്ങളുണ്ട് നമ്മുടെ ജില്ല തിരിച്ചും. താലൂക്ക് തിരിച്ചും. വടക്കന്‍, തെക്കന്‍, കിഴക്കന്‍ എന്നീ നിലകളിലും വ്യത്യസ്ഥതയുണ്ട്.

നാം ഗള്‍ഫില്‍ എല്ലായിടത്തും ഹോട്ടലുകളില്‍ കാണുന്ന ഒരു വാചകമുണ്ട് 'തലശ്ശേരി ബിരിയാണിയും തലശ്ശേരി പലഹാരങ്ങളും'. ഇന്നും പ്രശസ്തമാകുന്നത് രുചിയുടെ രസക്കൂട്ടുകള്‍ തന്നെയാണ്. പഴമയില്‍ നിന്ന് കൈമാറി വന്ന പലഹാരങ്ങള്‍ ഉണ്ടാക്കുന്ന വിധത്തിലും ആകൃതിയിലും വ്യത്യാസം വന്നെങ്കില്‍ പോലും നാവിലെ രുചി അത് പോലെതന്നെ നിലനില്‍ക്കുന്നുണ്ട് ഇവിടെങ്ങളിലെ പലഹാരങ്ങള്‍ക്ക് ഇപ്പോഴും.

ആതിഥ്യമര്യാദയിലും സല്‍ക്കാരങ്ങളിലും വ്യത്യസ്ഥത പുലര്‍ത്തുന്ന തലശ്ശേരിക്കാരുടെ ഇടപെടലുകള്‍ പല സാഹിത്യകാരന്‍മാരുടെയും യാത്രാവിവരണക്കാരുടെയും കുറിപ്പുകളില്‍ നമുക്ക് വായിക്കാം. തലശ്ശേരി സന്ദര്‍ശിച്ച ആരും പെട്ടെന്ന് ആ രുചികള്‍ മറക്കില്ല. ഓര്‍ത്താല്‍ എന്നും നാവില്‍ വെള്ളമൂറും.

തലശ്ശേരിയുടെ ഇന്നത്തെ കഥ വേറെയാണ്. തലശ്ശേരി കല്ല്യാണങ്ങളിലെ കൂട്ടിക്കെട്ടലുകള്‍ അത്ര സുഖകരമല്ല നമുക്ക് കേള്‍ക്കാനും പറയാനും.

തീരദേശ പ്രദേശങ്ങളായ വടകര, മാഹി, തലശ്ശേരി എന്നിവിടങ്ങളിലും കണ്ണൂരിലെ ചില ഭാഗങ്ങളിലും മുസ്ലീം കല്ല്യാണങ്ങളാണ് ഇപ്പോള്‍ പല വിധ അനാചാരങ്ങളും ആര്‍ഭാടങ്ങളും ധൂര്‍ത്തും കൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.

ഇവിടെങ്ങളില്‍ വലിയ ശതമാനത്തോളം പേര്‍ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരല്ലെങ്കിലും ഗള്‍ഫ് കുടിയേറ്റവും ചെറുകിട വ്യാപാര വ്യവസായങ്ങളും കൊണ്ട് മുന്നേറിയവരാണ്. പഴയ പാരമ്പര്യത്തിന്റെ ശേഷിപ്പുകള്‍ ഇന്നും തലശ്ശേരിയില്‍ നിലനില്‍ക്കുന്നുണ്ട്. പഴയ തറവാടുകള്‍ പൊളിച്ചടുക്കാതെ നിലനിര്‍ത്തിയത് ചരിത്രവും പഴയ കഥകളും ഓര്‍ക്കാന്‍ നിമിത്തമാകാറുണ്ട.്

വീരസമരങ്ങളുടെ ചരിത്രമുള്ള മണ്ണാണിത്. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കെതിരായും ഇവിടുക്കാര്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ക്രിക്കറ്റും ഫുട്‌ബോളും കലാപ്രവര്‍ത്തനവും പണ്ട് മുതലേ കൈമുതലാക്കിയിട്ടുമുണ്ട് ഇവിടുത്തുകാര്‍.

ഇത്രയും രാഷ്ട്രീയ സാമൂഹ്യ കലാ സാഹിത്യ കായിക പാരമ്പര്യമുള്ള പ്രദേശത്താണ് കല്ല്യാണത്തിന്റെ പേരില്‍ തോന്ന്യാസങ്ങള്‍ അരങ്ങേറുന്നത്. ഒരു സമുദായത്തിന്റെ കല്ല്യാണചിട്ടവട്ടങ്ങള്‍ പല പ്രദേശങ്ങളില്‍ പല രീതിയിലാണ്. മാഹിയിലും തലശ്ശേരിയിലും കണ്ണൂരിന്റെ ചില ഭാഗങ്ങളിലും 'അറ' സമ്പ്രദായമുണ്ട്. പുതിയാപ്ല വധുവിന്റെ വീട്ടില്‍ അവര്‍ സജ്ജീകരിക്കുന്ന 'അറ'യില്‍ താമസിക്കണം. അത് അവകാശമായി കിട്ടുന്നു. 'പുതിയാപ്ലയുടെ അറയാണ്. സാമ്പത്തികശേഷിക്കനുസരിച്ച് 'അറ'യുടെ മട്ടും ഭാവവും മാറും. ഒരു ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ ഒരറ നിര്‍മിക്കാന്‍ ഇവിടങ്ങളില്‍ ചെലവാക്കാറുണ്ട്. വധുവിന്റെ സ്വര്‍ണവും 'അറ'യുടെ ഗാംഭീര്യവും ഇവിടങ്ങളില്‍ അമ്മാശന്റെ (വധുവിന്റെ പിതാവിന്റെ) പവര്‍ അളക്കാനുള്ള മാര്‍ഗമാകാറുമുണ്ട്.

ഈ കാരണം കൊണ്ട് തന്നെ ഇത് വിറ്റ് പെറുക്കി പലിശയ്‌ക്കെടുത്തും കിടപ്പാടം പണയം വെച്ചും മകള്‍ക്ക് നല്ല 'അറ' കൊടുക്കാന്‍ പല പിതാക്കന്മാരും ശ്രമിക്കാറുണ്ട്. അഞ്ച് പെണ്‍മക്കളുള്ള ബാപ്പയുടെ നെഞ്ചിടിപ്പ് നമുക്ക് ഊഹിക്കാന്‍ കഴിയും. കല്ല്യാണം കഴിപ്പിച്ചയച്ചാല്‍ ബാധ്യത തീരുന്നില്ല. 'പുതിയാപ്ല'യെ എന്നും തീറ്റി പോറ്റേണ്ട ബാധ്യതകൂടി ഈ വീട്ടുകാര്‍ ഏറ്റെടുക്കണം. അതിനിടയിലുള്ള സല്‍ക്കാരം, ചെറുക്കന്റെ സ്‌നേഹിതന്മാരുടെ സല്‍ക്കാരം, ചെറുക്കന്റെ കാരണവന്മാരുടെ വീടുകാണല്‍, സ്ത്രീകളുടെ കാഴ്ച ഇതൊക്കെ ഒരോ ചെറുകല്ല്യാണത്തിന്റെ ചെലവ് വരുന്ന സല്‍ക്കാരങ്ങളാണ്.

ഇതിനിടയിലാണ് കല്ല്യാണത്തിന്റന്ന് കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍. ചില തമാശകള്‍ സഹിക്കാം. ഈ തമാശകള്‍ ക്രൂരമായ റാഗിങ്ങ് ആവുമ്പോള്‍ അത് കാണുന്നവരിലും അനുഭവിക്കുന്നവരിലും ഉണ്ടാകുന്നത് പേടിയാണ്, അറപ്പാണ്, വെറുപ്പാണ്....

രണ്ട് മനസ്സുകളുടെ കൂടിചേരല്‍. രണ്ട് ശരീരങ്ങളുടെ പ്രകൃതിപരമായ വിളക്കിചേര്‍ക്കല്‍. ജീവിതാന്ത്യം വരെ തുടരേണ്ട പവിത്രമായ ബന്ധത്തിന്റെ തുടക്കമാണ് ഇത്.് ഏത് മതവിഭാഗത്തിലുമാവട്ടെ, അവരവരുടെ ആചാരപ്രകാരം ഇണയെ തന്റെ ജീവിതകാലം മുഴുവന്‍ സംരക്ഷിച്ച് കൊള്ളാമെന്ന് മന്ത്രിച്ച് സ്വീകരിക്കുന്നു. ഈ ചടങ്ങാണ് മുദ്രാവാക്യം വിളികളും കൂക്കിവിളികളും തെറിപ്പാട്ടുകളും കൊണ്ടും പടക്കം പൊട്ടിച്ചും അലങ്കോലമാക്കുന്നത്.

പുതിയാപ്ലയെ ആനയിക്കുന്നത് ജെ.സി.ബിയില്‍, ഒട്ടകപ്പുറത്ത്, കുതിരപ്പുറത്ത്, സൈക്കിളില്‍, പെട്ടി ഓട്ടോയില്‍, കളരി വേഷത്തില്‍. ചിലപ്പോള്‍ പൊരിവെയിലത്ത് കിലോമീറ്ററോളം നടത്തിച്ച് വധുവിന്റെ വീട്ടിലെത്തിക്കുന്നു. മംഗളമായ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയവര്‍ ചിതറിയോടുന്നു. വരനെ വധുവിന്റെ വീട്ടില്‍ കയറ്റാതെ വിലപേശലാണ് വരന്റെ ഒപ്പം വന്ന ചെറുപ്പക്കാര്‍ക്ക്. ഈ റാഗിങ്ങിന് ചിലവായ കാശ് 5,000 മുതല്‍ 25,000 വരെ ആവശ്യപ്പെടുന്നു. പറഞ്ഞ തുക കിട്ടുന്നത് വരെ ഗൈയിറ്റിനരികെതന്നെ നിന്ന് പാട്ട സംസാരിക്കുന്നു.

ഗത്യന്തരമില്ലാതെ വധുവിന്റെ പിതാവ് കാശ് നല്‍കുന്നു. ശേഷം 'സുഹൃത്തു'ക്കള്‍ അറയിലേക്ക് പ്രവേശിക്കുന്നു. അതൊരു താണ്ഡവമാണ്. അറയിലുള്ള വിലപിടിപ്പുള്ളതെല്ലാം നശിപ്പിക്കുന്നു. കിടക്ക കീറുന്നു, തലയിണയിലെ ഉന്നം പറത്തുന്നു, ലൈറ്റുടയ്ക്കുന്നു, ചുമരില്‍ സുഹൃത്തുക്കള്‍ തന്റെ ചിത്രപ്രദര്‍ശനം നടത്തുന്നു. ആന കരിമ്പിന്‍തോട്ടത്തില്‍ കയറിയത് പോലെ ഏല്ലാവരും പുറത്തേക്കിറങ്ങുന്നു. ഇതിനിടയില്‍ മണിയറയുടെ വാതില്‍ പൂട്ടി താക്കോലുമായി വിരുതന്‍ പോകുന്നു. വരനെ വധുവിനെ കാണിക്കാതെ ബാംഗ്ലൂരിലേക്ക്് കൊണ്ട് പോകുന്നു. സുഹൃത്തുക്കളുടെ ഈ 'പരിപാടി'ക്ക് എന്ത് പേരാണ് വിളിക്കേണ്ടത്. വധുവിന്റെ ആള്‍ക്കാര്‍ ഒന്നും പറയാന്‍ കഴിയാറില്ല. കാരണം വരന്റെ 'ചങ്ങാതി'മാരാണ്. അവരെ പറഞ്ഞാല്‍ വരന്‍ പിണങ്ങിയാലോ...

കേരളത്തിലെ സാംസ്‌കാരിക വകുപ്പോ മനുഷ്യാവകാശ കമ്മീഷനോ സ്വമേധയാ കേസ്സെടുക്കേണ്ട കാര്യമാണ്. ഇതാണ് മനുഷ്യാവകാശലംഘനം. ഇതാണ് പീഢനം. ഇതാണ് സാംസ്‌കാരിക സമുഹത്തിന് ചീത്തപ്പേരുണ്ടാക്കുന്ന കൊള്ളരുതായ്മ.

ഇവിടങ്ങളില്‍ മാത്രമല്ല. ഇതുപോലുള്ള കല്ല്യാണങ്ങള്‍ നടക്കുന്നത.് പക്ഷേ ഞാന്‍ കണ്ട കല്ല്യാണം എന്റെ നാട്ടിലെ ഈ പ്രദേശങ്ങളിലേതാണ്.

ഞാന്‍ പങ്കെടുത്ത ഒരു കല്ല്യാണം ഇങ്ങനെ ആഭാസപൂരിതമായിരുന്നു. ഈ കോപ്രായങ്ങള്‍ കാട്ടികൂട്ടിയ വരന്റെ പിതാവിനോട് ഞാന്‍ ചോദിച്ചു ''നിങ്ങള്‍ ഒരധ്യാപകനല്ലേ.. നിങ്ങളുടെ മകന്റെ കൂടെ പോയവര്‍ ചെയ്തത് നിങ്ങള്‍ കണ്ടില്ലേ.. നിങ്ങളെ പോലുള്ളവര്‍ ഇങ്ങനെ മൗനം പാലിച്ചിരുന്നാല്‍ എന്താവും..''

ആ പിതാവിന്റെ മറുപടി ഇങ്ങനെയായിരുന്നു.

''ഞാന്‍ മാത്രമല്ല ഇങ്ങനെ മൗനിയായിപ്പോയ പല പിതാക്കന്മാരുണ്ടിവിടെ.. കാരണം, അവന്റെ ചെലവിലാണ് ഞാനും എന്റെ നാല് പെണ്‍കുട്ടികളും ഉമ്മയും കഴിയുന്നത്. അത്‌കൊണ്ട് അവന്‍ പറയുന്നതിനപ്പുറം ഒന്നും പറയാനാവില്ല. ഒരു മദ്രസ്സ അദ്ധ്യാപകനായ എനിക്ക് പെന്‍ഷന്‍ പോലുമില്ല. അടങ്ങി ഒതുങ്ങി നിന്നാല്‍ എല്ലാവര്‍ക്കും നല്ലത്...'' അദ്ദേഹത്തിന്റെ വാക്ക് കേട്ടപ്പോള്‍ ഉള്ളം പിടഞ്ഞ് പോയി.

ശരിയാണ്, ഗള്‍ഫ് പണത്തിന്റെ സമ്പാദ്യം ഇന്ന് ഇളം തലമുറയുടെ കൈയ്യിലാണ്. കല്ല്യാണവും ആഘോഷവും അവര്‍ തീരുമാനിക്കുന്നു. ബാപ്പയും ഉമ്മയും നിശബ്ദരായി തലകുലുക്കുന്നു. അവന്‍ പറയുന്നു അവര്‍ അനുസരിക്കുന്നു. മറുവാക്ക് പറയാന്‍ ഒന്നും കൈയ്യിലില്ല. ഒന്നും.


ആരാണ് മുന്നിട്ടറങ്ങേണ്ടത്. ആരെയാണ് ബോധവല്‍ക്കരിക്കേണ്ടത്. ഒരു തലമുറ അവരുടെ ശക്തിയും ഉണര്‍വ്വും സമയവും ഈ വിധം പാഴാക്കുമ്പോള്‍ ആരെയാണ് പഴി പറയേണ്ടത്. അറിയില്ല.

കല്ല്യാണം വിളിക്കാന്‍ വരുമ്പോള്‍ പേടിയാവുന്ന ഒരു സമൂഹം വളര്‍ന്ന് വരികയാണ്. നാം കണ്ട കല്ല്യാണത്തിന്റെ എത്ര നല്ല ഓര്‍മകളാണ് പെട്ടെന്ന് ഭയപ്പെടുത്തുന്ന ശബ്ദത്തിലേക്ക് മാറ്റപ്പെട്ടത്.

ഒറ്റപ്പെട്ട കല്ല്യാണങ്ങള്‍ ലളിതമായും ചിട്ടയോടും നടക്കുന്നുണ്ട്് എന്ന് വിസമരിച്ച് കൊണ്ടല്ല ഇതെഴുതുന്നത്. പക്ഷേ, ഭൂരിപക്ഷം കല്ല്യാണങ്ങളും പാഴ്ചിലവിന്റെയും ധൂര്‍ത്തിന്റെയും വേദിയാവുന്നു.

സിനിമാറ്റിക് ഡാന്‍സും ബുഫേ ഫുഡും ഗാനമേളയും പരവതാനിയും ഒരേക്കറില്‍ ആധുനിക പന്തലും നിയന്ത്രിക്കാന്‍ സെക്യൂരിറ്റിയും മുല്ലപ്പൂവും ഐസ്‌ക്രീമും ചായമക്കാനിയും മൂന്ന് നിലകളുള്ള 'അറ'യും മോറോക്കന്‍ ബാത്ത്‌റൂമും കൊണ്ട് കല്ല്യാണ മാമാങ്കം നടത്തുന്ന ഗള്‍ഫ് പ്രവാസിയും നാട്ടിലെ ബിസിനസ്സുകാരുമുണ്ടിവിടെ.

അഞ്ച് പവന്‍ തികച്ചുമില്ലാത്ത, കെട്ടുപ്രായം തികഞ്ഞ് നില്‍ക്കുന്ന നിരവധി പെണ്‍കുട്ടികള്‍ ജീവിക്കുന്ന ഈ പ്രദേശങ്ങളില്‍ ് ഇതുപോലുള്ള ആഢംബര കല്ല്യാണം 'അനിസ്‌ലാമിക'മല്ലേ എന്ന് ചോദിച്ച മുതലാളിയുടെ ശിങ്കിടിയുടെ മറുപടി ഇങ്ങനെയാണ്. ''ഞമ്മടെ മുതലാളി അഞ്ച് അനാഥകുട്ടികളുടെ നിക്കാഹ് നടത്തി കൊടുത്തിട്ടാണ് ഇങ്ങനെയുള്ള കല്ല്യാണം നടത്തുന്നത്.''

അഞ്ച് അനാഥ കുട്ടികള്‍ക്ക് മംഗല്യമൊരുക്കിയതിന്റെ പേരില്‍ ഈ ധൂര്‍ത്ത് 'അനുവദനീയ'മാവുന്നതിന്റെ 'ഗുട്ടന്‍സ് എനിക്ക് മനസ്സിലായില്ല. ചിന്തിക്കാത്തത് കൊണ്ടാവാം.

ഇത് പോലുള്ള കല്ല്യാണധൂര്‍ത്തില്‍ നിക്കാഹ് കാര്‍മ്മികത്വം വഹിക്കാന്‍ മതപുരോഹിതന്മാര്‍ എത്തുന്നു . ലളിതമായ ചടങ്ങിന്റെ ആവശ്യകതയും ഉത്‌ബോധനവും നടത്തുന്ന ഇവര്‍ നിസ്സാഹായരാണ്. . ഇതിനെതിരെ ഒരു ബഹിഷ്‌കരണമെങ്കിലും നടത്തണം. കാര്‍മികത്വത്തില്‍ നിന്ന് മാറിനിന്ന് സമൂഹത്തേയും സമുദായത്തേയും മുന്നില്‍ നടത്തണം.

ദൈവം നല്‍കിയ സമ്പത്ത് ശരിയായ ദിശയിലും പാവനമായ മാര്‍ഗത്തിലും വിനിയോഗിക്കണം. അച്ചടക്കമുള്ള ആഘോഷങ്ങളും ലളിതമായ ചടങ്ങും ഉണ്ടാവണം. ഭക്ഷണവും സ്വീകരണവും നല്‍കണം. കല്ല്യാണങ്ങള്‍ ഉത്സവങ്ങളാക്കുമ്പോഴാണ് ഇല്ലാത്തവനും ഉള്ളവനും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്നത്.

അതില്‍ നിന്നാണ് ഒരു തലമുറയിലെന്യൂനപക്ഷം ചെറുപ്പക്കാരെങ്കിലും വഴിതെറ്റിപ്പോവുന്നത്. ഈ അന്തരമാണ് കൊള്ളയും കൊലയും പിടിച്ചുപറിക്കും പ്രേരകമാകുന്നത്. ക്വട്ടേഷന്‍ സംഘങ്ങളും അനുബന്ധ ക്രിമിനലിസവും വളരുന്നത്, സ്വന്തം നിലനില്‍പ്പ് ശോഷിച്ച് പോവുന്നത് കൊണ്ടാണ്.

തലശ്ശേരിയില്‍ മാത്രമല്ല, കേരളത്തില്‍ മുഴുവനും ഈ കല്ല്യാണ റാഗിങ്ങ് നടക്കുന്നു എന്നറിയാം.
ഇതിലും ഗള്‍ഫ് പ്രാവാസികളാണ് ഏറെ പങ്കും എന്നറിയുമ്പോഴാണ് വേദന വര്‍ദ്ധിക്കുന്നത്.


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment