Tuesday, October 5, 2010

[www.keralites.net] മധ്യവയസ്സില്‍ മിതാഹാരം



  മധ്യവയസ്സില്‍ മിതാഹാരം**

മധ്യവയസ്സ് ജീവിതയാത്രയിലെ സുപ്രധാന ഘട്ടമാണ്. വര്‍ഷങ്ങളായി ആര്‍ജിച്ച പ്രവൃത്തിപരിചയത്തിന്റെ പിന്‍ബലവുമായി, കര്‍മരംഗത്ത് മികവു കാട്ടേണ്ട സമയം. കുടുംബത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വം ഫലപ്രദമായി നിറവേറ്റേണ്ട സമയം. ഈ കാലഘട്ടത്തില്‍ തന്നെയാണ് ജീവിതശൈലിയുമായി ബന്ധമുള്ള രോഗങ്ങളും തലപൊക്കുന്നത്. അമ്പതിലും അറുപതിലും എത്തുന്നവരെ ബാധിച്ചിരുന്ന ഹൃദ്രോഗം, പ്രമേഹം രക്താതിസമ്മര്‍ദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ നാല്‍പതുകാരെതന്നെ പിടികൂടിത്തുടങ്ങിയിരിക്കുന്നു. ഈ രോഗങ്ങളെല്ലാംതന്നെ ആകസ്മികമായി പിടികൂടുന്നത് പലപ്പോഴും ഗൃഹനാഥനെതന്നെയായിരിക്കും. ചികിത്സയുടെ വന്‍ സാമ്പത്തിക ബാധ്യതയ്ക്കു മുന്നില്‍ പകച്ചുനില്‍ക്കുന്ന കുടുംബങ്ങള്‍ ഒരു ദയനീയ കാഴ്ചയാണ്.

പ്രതിരോധത്തില്‍ ഊന്നിക്കൊണ്ടുള്ള ഒരു ചികിത്സാരീതിയിലൂടെ മാത്രമേ, ആധുനിക രോഗങ്ങളെ നിയന്ത്രിക്കുവാന്‍ സാധിക്കുകയുള്ളൂ എന്നു വൈദ്യശാസ്ത്രം മനസ്സിലാക്കിയിരിക്കുന്നു. ക്രമമായ വ്യായാമം, സംഘര്‍ഷരഹിതമായ ജീവിതം, പുകവലിയും മദ്യപാനവും ഉപേക്ഷിക്കല്‍ തുടങ്ങിയവയോടൊപ്പം ഭക്ഷണക്രമീകരണത്തിനും രോഗപ്രതിരോധത്തില്‍ പ്രധാന പങ്കുണ്ട്.

ആഹാരത്തിലൂടെ ആരോഗ്യം; രോഗങ്ങളും

നമ്മുടെ പരമ്പരാഗത ഭക്ഷണരീതി പ്രകൃതി ജീവനവുമായി താദാത്മ്യം ഉള്ളതും സ്വാഭാവികവുമായിരുന്നു. പഴവര്‍ഗങ്ങളും പച്ചക്കറിയും ഇലക്കറികളുമൊക്കെ ചേര്‍ന്ന് പോഷകസമ്പുഷ്ടവുമായിരുന്നു. എന്നാല്‍, ആധുനിക മനുഷ്യന്റെ തിരക്കും സംഘര്‍ഷങ്ങളും ഭക്ഷണക്രമത്തെയും ബാധിച്ചിരിക്കുന്നു.

രാത്രിയുടെ അന്ത്യയാമങ്ങളില്‍വരെ പണിയെടുത്തു തളരുന്നവര്‍ ഭക്ഷണത്തിന്നായി സൗകര്യപൂര്‍വം എത്തിച്ചേരുന്നത് ഫാസ്റ്റുഫുഡ് കേന്ദ്രങ്ങളിലാണ്. നമ്മുടെ ഗ്രാമങ്ങളില്‍പോലും ഫാസ്റ്റുഫുഡ് സെന്ററുകള്‍ സജീവസാന്നിധ്യമായി മാറിയിരിക്കുന്നു. ടിന്നിലടച്ചതും കുപ്പികളില്‍ നിറച്ചുവരുന്നതുമായ പോഷകമൂല്യം കുറഞ്ഞ ഭക്ഷണസാധനങ്ങള്‍ സുലഭം വിറ്റഴിയുന്നു. ഫാസ്റ്റുഫുഡ് സാധനങ്ങളില്‍ രുചികൂട്ടുവാനും ചീത്തയാകാതെ സൂക്ഷിക്കുവാനുമായി ഉപയോഗിക്കുന്ന പല ചേരുവകളും ശരീരത്തിന് ഹാനികരമാണ്. ചൈനീസ് ഫാസ്റ്റുഫുഡില്‍ മാംസത്തിനു മാര്‍ദ്ദവമുണ്ടാക്കുവാനായി ഉപയോഗിക്കുന്ന അജിനോമോട്ടോ (മോണോ സോഡിയം ഗ്ലൂക്കോണേറ്റ്) പ്രായമായവരില്‍ ദഹനക്കേട്, വയറിളക്കം, വിശപ്പില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്.

ഭക്ഷണസാധനങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ മാത്രമല്ല, ഭക്ഷണം കഴിക്കുന്നതിലും വന്നിരിക്കുന്നു അനാരോഗ്യകരമായ പ്രവണതകള്‍, ഭക്ഷണത്തിന്റെ രുചിയും മണവുമൊക്കെ ആസ്വദിച്ച് സാവധാനം ഭക്ഷണം കഴിച്ചാല്‍ മാത്രമേ ദഹനരസത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ഉല്‍പാദനം നടക്കുകയുള്ളൂ. എന്നാല്‍ തിരക്കുകളുടേയും ജോലിയുടെ സമ്മര്‍ദങ്ങളുടേയും ഇടയില്‍ ഭക്ഷണം കഴിച്ചെന്നു വരുത്തിത്തീര്‍ക്കുന്നവര്‍ക്ക് ശരിയായ രീതിയില്‍ ഒരു സദ്യപോലും ആസ്വദിക്കുവാന്‍ സാധിക്കുന്നില്ല. ഫലമോ ദഹനക്കേടും വയറിനു പെരുക്കവും അസ്വസ്ഥതകളും.

സസ്യഭക്ഷണം സമീകൃതം

മധ്യവയസ്സിലെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണം ഫ്രീ റാഡിക്കലുകള്‍ എന്ന സ്വതന്ത്രകണികകളാണെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിരിക്കുന്നു. അര്‍ബുദം, രക്തധമനികളില്‍ കൊഴുപ്പടിഞ്ഞുകൂടി തടസ്സമുണ്ടാക്കുന്ന അതിറോസ്‌ക്‌ളീറോസിസ്, പ്രമേഹം, രക്തസമ്മര്‍ദം, സന്ധിവാതരോഗങ്ങള്‍, ആസ്ത്മ എന്നുവേണ്ട അകാലവാര്‍ധക്യത്തിനുപോലും ഫ്രീറാഡിക്കലുകള്‍ കാരണമായേക്കാം. ഇവയെ നിര്‍വീര്യമാക്കുന്ന ഘടകമാണ് ആന്റിഓക്‌സിഡന്റുകള്‍. ജീവകം സി, ജീവകം ഇ, ബീറ്റാകരോട്ടിന്‍ എന്നിവ ധാരാളമായി അടങ്ങിയ പഴങ്ങള്‍, ധാന്യങ്ങള്‍, പച്ചിലക്കറികള്‍, പയറുവര്‍ഗങ്ങള്‍ ഇവയിലൊക്കെ ആന്റി ഓക്‌സിഡന്റുകള്‍ സുലഭമാണ്. അതുകൊണ്ട് സസ്യപ്രധാനമായ ഭക്ഷണരീതി സ്വീകരിച്ചാല്‍ പലരോഗങ്ങളുടേയും പിടിയില്‍നിന്ന് ശരീരത്തെ അകറ്റിനിര്‍ത്താം. വാര്‍ധക്യത്തിന്റെ ദുര്‍ബലതകളിലേക്ക് രോഗമില്ലാത്ത ശരീരവുമായി പ്രവേശിക്കാം.

ആരോഗ്യകരമായ ജീവിതത്തിനു നാരുകള്‍ ധാരാളമായി അടങ്ങിയ ഭക്ഷണരീതി ആവശ്യമാണ്. ധാന്യങ്ങള്‍, പഴങ്ങള്‍, ഇലക്കറികള്‍ ഇവയിലൊക്കെ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ധാന്യങ്ങളുടേയും പയര്‍, പരിപ്പ് വര്‍ഗങ്ങളുടേയും പുറംഭാഗത്തും പഴങ്ങളുടേയും പച്ചക്കറികളുടേയും തൊലിയിലും കാണപ്പെടുന്ന നാരുകള്‍ വെള്ളത്തില്‍ ലയിക്കാത്തതാണ്. ഈനാരുകള്‍ ആഹാരത്തിലെ കൊഴുപ്പിന്‍േറയും പഞ്ചസാരയുടേയും ആഗിരണത്തെ കുറയ്ക്കുന്നു. ഇത് പ്രമേഹനിയന്ത്രണത്തിനും അമിത കൊളസ്‌ട്രോളിനേയും പൊണ്ണത്തടിയേയും തടയുവാനും ഉപകരിക്കുന്നു. അര്‍ബുദത്തെ തടയുന്നതിനും നാരുകളടങ്ങിയ ഭക്ഷണം സഹായകമാണ്. അര്‍ബുദത്തിനു കാരണമായ വസ്തുക്കളെ നാരുകള്‍ പുറന്തള്ളുന്നു.

പ്രമേഹത്തെ പ്രതിരോധിക്കാം

നാല്‍പതു കഴിഞ്ഞവരില്‍ കൂടുതലായി കണ്ടുവരുന്ന ഇന്‍സുലിനെ ആശ്രയിക്കാത്ത പ്രമേഹം (ടൈപ്പ്-രണ്ട്) ചില മുന്‍കരുതലുകളിലൂടെ തടയാവുന്നതാണ്. ക്രമമായ വ്യായാമത്തിനും ശരീരത്തിന്റെ അമിതഭാരം കുറയ്ക്കുന്നതിനോടുമൊപ്പം ഭക്ഷണക്രമീകരണവും പ്രാധാന്യമര്‍ഹിക്കുന്നു. കുടുംബത്തില്‍ പ്രമേഹമുള്ളവര്‍, അമിത വണ്ണക്കാര്‍, വ്യായാമം കുറഞ്ഞ ജീവിതരീതിയുള്ളവര്‍, സങ്കീര്‍ണമായ ഗര്‍ഭകാലമുണ്ടായ സ്ത്രീകള്‍, സ്റ്റിറോയിഡ് മരുന്നുകളുപയോഗിക്കുന്നവര്‍ തുടങ്ങി പ്രമേഹരോഗസാധ്യതയേറിയവര്‍ മധ്യവയസ്സില്‍ ഭക്ഷണം ക്രമീകരിക്കുന്നത് രോഗംവരാതെ തടയുവാന്‍ സഹായിക്കും. നാരുകള്‍ ധാരാളമടങ്ങിയ ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കണം. ഈ നാരുകള്‍ ഗ്ലൂക്കോസിന്റെ ആഗിരണത്തെ നിയന്ത്രിക്കും.

ആവശ്യത്തിലേറെ ഭക്ഷണം കഴിക്കുന്ന രീതിയും ഇടനേരങ്ങളില്‍ മധുരവും കൊഴുപ്പമടങ്ങിയ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്ന രീതിയും ഒഴിവാക്കണം. ഇത് അമിതവണ്ണത്തിനിടയാക്കിയേക്കാം. പൊണ്ണത്തടി ഇന്‍സുലിന്റെ പ്രവര്‍ത്തനക്ഷമതയെ മന്ദീഭവിപ്പിക്കും.
മദ്യപാനം പാന്‍ക്രിയാസ് ഗ്രന്ഥിക്ക് തകരാറുണ്ടാക്കി പ്രമേഹത്തിനു കാരണമായേക്കാം. മദ്യപന്മാരില്‍ പ്രമേഹത്തോടൊപ്പം അമിതവണ്ണം, രക്തത്തിലെ കൊഴുപ്പിന്റെ അളവു കൂടുക തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഒരുമിച്ചു കാണാറുണ്ട്.
പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്ന അന്നജമടങ്ങിയ ആഹാരസാധനങ്ങളുടെ ഉപയോഗം, പ്രമേഹസാധ്യതയുള്ളവര്‍ കുറയ്ക്കണം. ഇത് കിഴങ്ങുവര്‍ഗങ്ങള്‍, റൊട്ടി, തേന്‍, പഞ്ചസാര, ശര്‍ക്കര മുതലായവയാണ്.

ഉപ്പെത്ര കഴിക്കാം?

അമിത രക്തസമ്മര്‍ദം മധ്യവസ്സുകാരിലെ ഒരു പ്രധാന ആരോഗ്യപ്രശ്‌നമാണ്. ഹൃദയാഘാതം, വൃക്കകളുടെ പ്രവര്‍ത്തന തകരാറുകള്‍, പക്ഷാഘാതം തുടങ്ങിയ സങ്കീര്‍ണതകള്‍ രക്താതിസമ്മര്‍ദത്തിന്റെ ഫലമായുണ്ടാകാം. കഴിഞ്ഞ അമ്പതു വര്‍ഷമായി മധ്യവയസ്സുകാരില്‍ രക്തസമ്മര്‍ദം ക്രമമായി കൂടിക്കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. രക്തസമ്മര്‍ദം ഒഴിവാക്കുന്നതില്‍ ഭക്ഷണക്രമത്തിന് പ്രത്യേകിച്ചും ഉപ്പ് നിയന്ത്രിക്കുന്നതിന് പ്രാധാന്യമുണ്ട്.

നമ്മുടെ ഭക്ഷണരീതിയില്‍ ഉപ്പിന്റെ ഉപയോഗം താരതമ്യേന കൂടുതലാണ്. പ്രത്യേകിച്ചും ഭക്ഷണത്തിന്റെ പ്രധാന മേമ്പൊടിയായ ഉപ്പിലിട്ട വിഭവങ്ങളില്‍. കൂടാതെ കഞ്ഞിയിലും ചോറിലുമൊക്കെ ഉപ്പൊഴിച്ചു കഴിക്കുന്നതും വ്യാപകമാണ്. ഉപ്പിന്റെ അമിത ഉപയോഗം രക്തസമ്മര്‍ദത്തിനു വഴിതെളിച്ചേക്കാം.

ഉപ്പിന്റെ ഉപയോഗം ദിവസേന ആറു ഗ്രാമില്‍ താഴെയായി മിതപ്പെടുത്തണം. രക്തസമ്മര്‍ദമുള്ളവര്‍ ഉപ്പിലിട്ട വിഭവങ്ങള്‍ ഉണക്കമീന്‍ ഇവ ഒഴിവാക്കണം. സസ്യഭക്ഷണക്കാരില്‍ അമിത രക്തസമ്മര്‍ദത്തിനുള്ള സാധ്യത കുറവാണ്. പഴവര്‍ഗങ്ങളിലും പച്ചക്കറികളിലും ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസിയവും രക്തസമ്മര്‍ദത്തെ കുറയ്ക്കുവാന്‍ സഹായിക്കും.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

മധ്യപ്രായക്കാരില്‍ അമിത കൊളസ്രട്രോളിന്റെ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നു. ഈ പ്രായക്കാരിലെ പ്രധാന മരണകാരണമായ ഹൃദയാഘാതത്തിന് അമ്പതു ശതമാനം പേരിലും കാരണം കൂടിയ കൊളസ്‌ട്രോള്‍ നിലയാണ്. കൂടാതെ, രക്തധമിനികളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടി ഉണ്ടാകുന്ന അതിറോസ്‌ക്‌ളിറോസിസ് പക്ഷാഘാതത്തിനും കാരണമായേക്കാം.

അമിത കൊളസ്‌ട്രോളില്‍നിന്നും രക്ഷ നേടാന്‍ സസ്യേതര ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുന്നതാണ് ഉചിതം. നെയ്യ്, വെണ്ണ, ക്രീം, പാല്, മുട്ട, മാംസം തുടങ്ങിയവയിലടങ്ങിയിരിക്കുന്ന പൂരിതകൊഴുപ്പ് രക്തത്തിലെ കൊളസ്‌ട്രോള്‍ നില ഉയര്‍ത്തുന്നു. ഇറച്ചി, മുട്ടയുടെ മഞ്ഞക്കരു ഇവ ഒഴിവാക്കണം. പൂരിത കൊഴുപ്പുകള്‍ അടങ്ങിയ എണ്ണ പാചകത്തിന് ഉപയോഗിക്കരുത്. വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന ലാറിക് ആസിഡ്, മിറിസ്റ്റിക് ആസിഡ് തുടങ്ങിയ കൊഴുപ്പങ്ങള്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്നില്ല.
പാചകത്തിനു ഉപയോഗിച്ച് ബാക്കി വന്ന എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. ഇതില്‍ രൂപപ്പെടുന്ന അക്രോലിന്‍
എന്ന രാസവസ്തു രക്തധമനികള്‍ക്ക് കട്ടികൂട്ടുകയും അതുവഴി, രക്തപ്രവാഹത്തിന് തടസ്സമുണ്ടാക്കുകയും ചെയ്യാം.
പൊണ്ണത്തടി ഒഴിവാക്കാന്‍ പൊണ്ണത്തടി ഒരു ആരോഗ്യപ്രശ്‌നമാണെന്നു ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ചിരിക്കുന്നു. പ്രായം നാല്‍പതിനോടടുക്കുമ്പോള്‍ അമിത വണ്ണത്തിനുള്ള സാധ്യത കൂടുന്നു. ഭാരതം പോലെയുള്ള വികസ്വര രാജ്യങ്ങളില്‍ പോലും അമിതവണ്ണക്കാരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഹൃദ്രോഗം, പ്രമേഹം, രക്താതിസമ്മര്‍ദം, കാന്‍സര്‍, സന്ധിവാതരോഗങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ അമിതശരീരഭാരമുള്ളവരില്‍ കൂടുതലാണ്.

പൊണ്ണത്തടിയുടെ ചികിത്സ സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്. ചികിത്സയുടെ ഫലമായി വണ്ണം കുറഞ്ഞ അറുപത് ശതമാനം പേരും ഒരു വര്‍ഷത്തിനകവും തൊണ്ണൂറ്റഞ്ച് ശതമാനം പേര്‍ അഞ്ചു വര്‍ത്തിനകവും വീണ്ടും പഴയ ശരീരഭാരത്തിലേക്കു മടങ്ങുന്നു. ചികിത്സ പരാജയപ്പെടുവാനുള്ള പ്രധാന കാരണം പലപ്പോഴും ഭക്ഷണക്രമീകരണത്തിന്‍േറയും വ്യായാമത്തിന്‍േറയു അഭാവമാണ്.
മധ്യവയസ്സുകാരില്‍ കൂടുതലായി കാണപ്പെടുന്ന അമിതവണ്ണം ഒഴിവാക്കുവാന്‍ കൊഴുപ്പടങ്ങിയ ആഹാരസാധനങ്ങള്‍ നിയന്ത്രിക്കണം. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ഥങ്ങളും, കൃത്രിമശീതളപാനീയങ്ങളും ഒഴിവാക്കണം. പഴവര്‍ഗങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍ ഇവ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം. ഇടനേരങ്ങളിലെ ആഹാരവും ഒഴിവാക്കണം. ധൃതിയില്‍ വാരിവലിച്ചുകഴിക്കാതെ സമയമെടുത്ത് ശ്രദ്ധയോടെ കഴിക്കുന്നതാണ് ശരിയായ ഭക്ഷണരീതി.

മധ്യവയസ്സ് ജീവിതത്തിലെ ഏറ്റവും ഊര്‍ജസ്വലമാകേണ്ട ഒരു കാലഘട്ടമാണ്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം നല്‍കുന്ന ഉത്തമമായ ഭക്ഷണമാണ് ഈ സമയത്ത് തിരഞ്ഞെടുക്കേണ്ടത്. ആരോഗ്യമുള്ള ഒരു ശരീരവും മനസ്സുമായി വാര്‍ധക്യത്തിന്റെ പരാധീനതകളിലേക്ക് പ്രവേശിക്കുവാന്‍ വ്യക്തിയെ സജ്ജമാക്കുന്നതായിരിക്കണം മധ്യവയസ്സിലെ ഭക്ഷണക്രമം.

ഡോ. ബി. പത്മകുമാര്‍

അസി. പ്രൊഫസര്‍,
മെഡിക്കല്‍ കോളേജ്,
ആലപ്പുഴ



        

║█║▌│█│█║▌█║▌██║▌│█│║▌║││█║
║█║▌│█│█║▌█║▌██║▌│█│║▌║││█║ 

Cσρу RιgнT © ®





__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment