Wednesday, October 13, 2010

[www.keralites.net] വിജയദശമിക്കു പിന്നിലെ ഐതിഹ്യം



വിജയദശമിക്കു പിന്നിലെ ഐതിഹ്യം



അസുരചക്രവര്‍ത്തിയായിരുന്ന മഹിഷാസുരന് ഈരേഴുപതിനാല് ലോകങ്ങളുടെയും ചക്രവര്‍ത്തിയായി വാഴണമെന്ന മോഹമുദിച്ചു. അതിനായുള്ള ശ്രമങ്ങളും ആരംഭിച്ചു. മഹിഷാസുരന്റെ ഈ മോഹവും ശ്രമങ്ങളും സകല ലോകര്‍ക്കും കണ്ണീരും ദുരിതങ്ങളും സമ്മാനിച്ചുതുടങ്ങി.

ദുഷ്ടനും കരുത്തനുമായ മഹിഷാസുരന്റെയും അസുരപ്പടയുടെയും അപ്രതീക്ഷിതമായ ആക്രമണങ്ങള്‍ക്കു മുമ്പില്‍ ജീവിതം ഹോമിക്കാന്‍ വിധിക്കപ്പെട്ടവരായി മാറിക്കഴിഞ്ഞിരുന്നു. ദേവഗണങ്ങള്‍പോലും അസുരചക്രവര്‍ത്തിയെയും അനുയായികളെയും ചെറുത്തുതോല്പിക്കാനാവില്ലെന്ന് പൂര്‍ണ ബോധ്യമായ വേളയില്‍ ദേവന്മാര്‍ ആദിപരാശക്തിക്കു മുമ്പില്‍ സങ്കടമുണര്‍ത്തിച്ചു. സര്‍വലോക രക്ഷാര്‍ഥം ദേവി, അഹങ്കാരിയും ക്രൂരനുമായ മഹിഷാസുരനെ തെറ്റുകളില്‍നിന്ന് പിന്തിരിപ്പിക്കാന്‍തന്നെ തീരുമാനിച്ചു. എന്നാല്‍ തീര്‍ത്തും അത്യാഗ്രഹിയായി മാറിക്കഴിഞ്ഞിരുന്ന മഹിഷാസുരന്‍ ദേവിയുടെ ഉപദേശങ്ങള്‍ ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല, ദേവിയെ വെല്ലുവിളിക്കുകയും ചെയ്തു. കോപിഷ്ഠയായ ദേവി മഹിഷാസുരനിഗ്രഹത്തിനു തുനിഞ്ഞു. പിന്നീട് യുദ്ധത്തില്‍ ഏറ്റവും വലിയ കരുത്തനെന്ന് അഹങ്കരിച്ചിരുന്ന മഹിഷാസുരന്‍ നിഗ്രഹിക്കപ്പെട്ടു. സകലലോകങ്ങളും ദേവിക്കു മുമ്പില്‍ സാഷ്ടാംഗം നമിച്ചു. ഈ വിജയമുഹൂര്‍ത്തത്തിന്റെ സ്മരണയായാണ് വിജയദശമി (നവരാത്രിദിനങ്ങള്‍) ആഘോഷിക്കപ്പെടുന്നത്. തിന്മയ്ക്കു മേല്‍ നന്മയുടെയും അജ്ഞതയ്ക്കുമേല്‍ ജ്ഞാനത്തിന്റെയും ഇരുളിനു മേല്‍ വെളിച്ചത്തിന്റെയും ദുരിതങ്ങള്‍ക്കുമേല്‍ ഐശ്വര്യത്തിന്റെയും വിജയം.
നവരാത്രിവ്രതം ഓരോ മനുഷ്യനും സമ്മാനിക്കുന്നതും മേല്‍പ്പറഞ്ഞ വിജയങ്ങളാണ്.


പൂജവെപ്പ്


പൂജിക്കുന്നതിനായി പുസ്തകങ്ങളും മറ്റും ഭൂരിപക്ഷം പേരും ക്ഷേത്രങ്ങളില്‍ ഏല്പിക്കാറാണ് പതിവ്. പണിയായുധങ്ങള്‍ പണിശാലയില്‍തന്നെ വെച്ച് യഥാവിധി പൂജാവിധികള്‍ അനുഷ്ഠിക്കുന്ന കാഴ്ചകള്‍ വര്‍ണ-നാദ സംയുക്തമായ ഒരാചാരക്രമത്തിന്റെ വിശ്വാസഗോപുരംതന്നെ നമ്മുടെയുള്ളില്‍ കെട്ടിപ്പൊക്കാറുണ്ട്.

അഷ്ടമിസന്ധ്യാവേളയില്‍ വരുന്ന നാളിലാണ് പൂജയ്ക്കു വെക്കേണ്ടത്. അതിനു യോജിച്ച സ്ഥലം നല്ല രീതിയില്‍ വൃത്തിയാക്കി ചാണകം കലക്കി തളിക്കുന്നത് ഉത്തമമാണ്. തുടര്‍ന്ന് ഒരരികില്‍ പലകയോ മറ്റോ വെച്ച് അതിന്മേല്‍ പട്ടുതുണി വിരിക്കാം. ഇങ്ങനെയുണ്ടാക്കുന്ന പീഠത്തിന്മേലാണ് പൂജാചിത്രം (ദേവീദേവന്മാരുടെ) വെക്കേണ്ടത്. പൂജാചിത്രങ്ങള്‍ക്കു തൊട്ട് മറ്റൊരു പട്ടുതുണി വിരിച്ച് അതിലാണ് പുസ്തങ്ങള്‍ വെക്കേണ്ടത്. യഥാവിധി നിലവിളക്ക്, ചന്ദനത്തിരികള്‍ തുടങ്ങിയവകത്തിച്ചുവെച്ചതിനുശേഷം പൂജയും പ്രാര്‍ഥനകളും ആരംഭിക്കുന്നു. ഏവര്‍ക്കും അനുഷ്ഠിക്കാവുന്നതും വളരെ ഫലം നല്‍കുന്നതുമായ പ്രാര്‍ഥനകള്‍ നിലവിലുണ്ട്. അവ ഉപദേശപ്രകാരം അനുഷ്ഠിക്കാവുന്നതാണ്.

വിജയദശമി ദിവസം രാവിലെ യഥാവിധിയുള്ള പ്രാര്‍ഥനാകര്‍മങ്ങള്‍ക്കുശേഷമാണ് ഗ്രന്ഥം സ്വീകരിക്കല്‍ചടങ്ങ്. തുടര്‍ന്ന് അക്ഷരമാല എഴുതിക്കുന്നു. ഹരിശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു എന്ന് ആദ്യവും പിന്നെ അക്ഷരമാലയും.


നവരാത്രിസംഗീതോത്സവം-

നിഷാ അറുമുഖന്‍


നവരാത്രിയാഘോഷത്തിന്റെ ഭക്തിപൂരിതമായ നാളുകളില്‍ തിരുവനന്തപുരം നഗരം സംഗീതലഹരിയില്‍ ആറാടുന്നു. പ്രശസ്തമായ പത്മനാഭപുരം കൊട്ടാരത്തിലെ നവരാത്രിമണ്ഡപത്തില്‍ പത്തുനാള്‍ നീളുന്ന സംഗീതക്കച്ചേരിയാണ് സഹൃദയര്‍ക്കു മുമ്പില്‍ ആസ്വാദനത്തിന്റെതായ ഒരു നാദവിസ്മയമൊരുക്കുന്നത്. എല്ലാ വര്‍ഷവും നവരാത്രിദിനത്തില്‍ പത്മനാഭപുരം കൊട്ടാരത്തിലെ സരസ്വതീക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തോടനുബന്ധിച്ചാണ് സംഗീതക്കച്ചേരി അരങ്ങേറുന്നത്. സന്ധ്യയ്ക്ക് ആറു മുതല്‍ ആരംഭിക്കുന്ന കച്ചേരി രാത്രി എട്ടരയോടെ സമാപിക്കും.

പഞ്ചലോഹത്തില്‍ തീര്‍ത്ത വിഗ്രഹമാണ് സരസ്വതീക്ഷേത്രത്തില്‍ പ്രതിഷ്ഠീച്ചിരിക്കുന്നത്. നവരാത്രി ഉത്സവം നടക്കുമ്പോള്‍ ദേവീചൈതന്യം വാല്‍ക്കണ്ണാടിയിലേക്ക് ആവാഹിച്ചശേഷമാണ് പൂജകള്‍ നടത്തുന്നത്. ഉത്സവവിഗ്രഹത്തെ അലങ്കരിച്ച ആനപ്പുറത്തേറ്റി നവരാത്രിനാളില്‍ വെളിയിലേക്കു കൊണ്ടുപോകുന്നു. പിന്നീട് ഉത്സവശേഷം രണ്ടുനാള്‍ കഴിഞ്ഞാണ് മൂലവിഗ്രഹത്തില്‍ ചൈതന്യം പുനഃസ്ഥാപിക്കുന്നത്. ഈ നാളില്‍ വെള്ളിമലയില്‍ വേലായുധപ്പെരുമാളിന്റെയും ശുചീന്ദ്രത്തില്‍നിന്ന് മുന്നത്ത് നങ്കമ്മയുടെയും വിഗ്രഹങ്ങള്‍ ഈ ഉത്സവത്തല്‍ പങ്കുകൊള്ളിക്കുന്നതിനായി ആനയിച്ചു കൊണ്ടുവരും. ഉത്സവം കഴിയുമ്പോള്‍ ആ വിഗ്രഹങ്ങളെ ക്ഷേത്രത്തിലേക്ക് തിരിച്ചുകൊണ്ടുപോകും. ഇതോടെയാണ് ആഘോഷച്ചടങ്ങുകള്‍ക്ക് സമാപനമാകുന്നത്.

18-ാം നൂറ്റാണ്ടില്‍ ധര്‍മരാജയുടെ ഭരണകാലത്ത് തിരുവിതാംകൂറിന്റെ ആസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയ നാള്‍മുതലാണ് സരസ്വതീക്ഷേത്രത്തിലെ ഉത്സവം നടത്താനാരംഭിച്ചത് എന്നാണ് കരുതപ്പെടുന്നത്. 1844-ല്‍ സ്വാതിതിരുനാള്‍ പണികഴിപ്പിച്ച പുത്തന്‍ മാളിക എന്ന കുതിരമാളികയുടെ പുറത്താണ് നവരാത്രിമണ്ഡപം. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തുന്ന സംഗീതക്കച്ചേരിക്കുമുണ്ട് ചരിത്രപ്രാധാന്യം. ചേരരാജാവ് തമിഴ്കവി കമ്പര്‍ക്ക് കൊടുത്ത വാഗ്ദാനം പാലിക്കുന്നതിനുവേണ്ടിയാണത്രെ എല്ലാവര്‍ഷവും നവരത്രിമണ്ഡപത്തില്‍ സംഗീതക്കച്ചേരി നടത്തുന്നത്. തിരുവിതാംകൂര്‍ രാജവംശത്തിന്റെ ജീവിതചര്യയും സാംസ്‌കാരികത്തനിമയും പ്രതിഫലിപ്പിച്ചുകാണിക്കുന്ന സരസ്വതിയുത്സവം നവരാത്രികാലത്ത് കേരളത്തില്‍ നടക്കുന്ന ഏറ്റവും പ്രധാന ആഘോഷമാണെന്നത് നിസ്തര്‍ക്കമാണ്.

സ്വാതിതിരുനാളിന്റെ നവരാത്രിപ്രബന്ധം എന്ന സരസ്വതികീര്‍ത്തനങ്ങളടങ്ങിയ സംഗീതകൃതിയാണ് നവരാത്രിയിലെ ഈ കച്ചേരിയുടെ ആധാരം.








www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment