Wednesday, October 13, 2010

[www.keralites.net] തീവണ്ടിയുടെ സഹയാത്രികര്‍



തീവണ്ടിയുടെ സഹയാത്രികര്‍

ഉറക്കത്തിലാണ്. അര്‍ധരാത്രിയോടടുത്തു. കുറുക്കന്മാരുടെ ഓരിയും നായ്‌ക്കളുടെ കുരയും. റെയില്‍പാളത്തിന് ഇരുപുറവുമുള്ള വയലുകളില്‍ തവളകള്‍ കരയുന്നു. കാലന്‍കോഴി നിര്‍ത്താതെ കൂവി. 12 മണിക്കുള്ള ബീറ്റ് തുടങ്ങുകയാണ്.

Fun & Info @ Keralites.netപള്ളിക്കര റെയില്‍വേഗേറ്റിനു മുന്നിലൂടെ കാട്ടുതലയില്‍ കുഞ്ഞിരാമന്‍, പി നാരായണന്‍ എന്നീ ബീറ്റുകാര്‍ ചെറുവത്തൂര്‍ ഭാഗത്തേക്ക്. 10 മിനിറ്റു കഴിഞ്ഞാല്‍ ഇരുഭാഗത്തേക്കും രണ്ടു വണ്ടികള്‍ എത്തും. ഭയാനകമായ ഇരുട്ടില്‍ റാന്തല്‍വിളക്കുമായി നീങ്ങുമ്പോള്‍ അശുഭമായി ഒന്നും കാണരുതേയെന്ന് ആഗ്രഹം. മയിച്ച പാലത്തിനടുത്ത് എത്താറായി. ട്രാക്കിന്റെ കിഴക്കുഭാഗത്ത് ആരോ വീണുകിടക്കുന്നു. ടോര്‍ച്ച് തെളിച്ചു. പടിഞ്ഞാറുഭാഗത്തായി മറ്റൊരു ജഡം. കറുത്ത ടീഷര്‍ട്ടും ജീന്‍സും വേഷം. പരിചയക്കാരാരുമല്ല. വിവരം അടുത്ത സ്റ്റേഷനില്‍ അറിയിക്കാനുള്ള ബാധ്യത പട്രോള്‍ഡ്യൂട്ടിക്കാരന്റേതാണ്. ബി ട്രാക്കിലൂടെയാണ് മടക്കയാത്ര. ജഡം കിടന്ന മയിച്ച പാലത്തിനടുത്തെത്താറായി. അതാ ബി ട്രാക്കിന്റെ പടിഞ്ഞാറു ഭാഗത്ത് മൂന്നാമത്തെ ജഡം. അതേരൂപത്തില്‍ അതേ വേഷത്തില്‍. ഇരുവരും സ്‌തബ്‌ധരായി. മൂന്നു ജീവന്‍ ഒരേസമയം ട്രാക്കില്‍. ഹൃദയമിടിപ്പിന് വേഗം കൂടി. ട്രാക്കിലൂടെ വീണ്ടും റെയില്‍വേസ്റ്റേഷനിലേക്ക്. നടത്തത്തിന് വേഗംകൂട്ടാന്‍ ശ്രമിച്ചെങ്കിലും ആരോ കാലില്‍ പിടിച്ചുവലിക്കുന്നപോലെ. ഇനിയും ജഡം കാണുമോ എന്ന ഭീതി. ശിരസ്സറ്റ്, മാംസത്തുണ്ടുകള്‍ ചിതറിത്തെറിച്ച്, പാതിവഴിയില്‍ ജീവിതം അവസാനിപ്പിച്ചവരുടെ രക്തംവീണ കല്‍ക്കൂമ്പാരങ്ങള്‍. രാത്രിയുടെ ഏകാന്തയാമങ്ങളില്‍ റെയില്‍വേ കനിഞ്ഞുനല്‍കിയ റാന്തല്‍വെളിച്ചത്തില്‍ എത്രയെത്ര കബന്ധകാഴ്‌ചകള്‍... ദുരന്തങ്ങളുടെ പാതിരാരംഗങ്ങള്‍ കണ്ടു മരവിച്ച് റെയില്‍വേ പട്രോള്‍ഡ്യൂട്ടിക്കാരന്റെ യാത്ര.

നേരംപുലര്‍ന്നു. വീണുകിടക്കുന്നയാളുടെ പോക്കറ്റില്‍ പൊലീസിന്റെ ലുക്ഔട്ട് നോട്ടീസ് രേഖപ്പെടുത്തിയ പത്രക്കട്ടിങ്. അതില്‍ കാണുന്ന മൂന്നു വ്യക്തികളാണ് ചിതറിക്കിടക്കുന്നത്. മോഷ്‌ടാക്കള്‍. ലുക്ഔട്ട് നോട്ടീസും പുതിയ പദ്ധതികളും പാളത്തിലുപേക്ഷിച്ച് മാംസത്തുണ്ടുകളായിരിക്കുന്നു. എല്ലാത്തിനും സാക്ഷിയാകാന്‍ പാതിരാനേരത്തും റെയില്‍വേ ബീറ്റുകാരന്‍. ട്രാക്കുകളില്‍ കല്ലുനിറച്ചും പാളങ്ങളുടെ ഉറപ്പ് പരിശോധിച്ചും ഉറപ്പിച്ചും ഗേറ്റ് തുറന്നും അടച്ചും യാത്രികരോടൊപ്പം ദേശാടനംചെയ്‌തും ട്രെയിനും റെയില്‍പ്പാളവും ജീവിതത്തിന്റെ ഭാഗമാക്കിയവര്‍. ഇവരുടെ പ്രധാന സങ്കേതങ്ങളിലൊന്നാണ് ചെറുവത്തൂര്‍. തിമിരി, വെങ്ങാട്ട്, മയിച്ച ഭാഗങ്ങളിലായി ഇവര്‍ കൂട്ടമായി കഴിയുന്നു.

Fun & Info @ Keralites.netമയിച്ച, വെങ്ങാട്ട്, തിമിരി, മുണ്ടക്കണ്ടം ഭാഗങ്ങളില്‍ മിക്കവരും റെയില്‍വേ തൊഴിലാളികളോ അവരുടെ ആശ്രിതരോ ആണ്. കല്‍ക്കരി എന്‍ജിന്‍മുതല്‍ ഇന്നത്തെ ഡീസല്‍ എന്‍ജിന്‍വരെ ഇവരുടെ ജീവിതത്തിന് താളവും ചൈതന്യവും നല്‍കിയിട്ടുണ്ട്. കേരളത്തിലെ ഗോള്‍ഡന്‍ റോക്കെന്നോ പെരമ്പൂരെന്നോ ഈ നാടുകളെ വിശേഷിപ്പിക്കാം. തമിഴ്‌നാട്ടിലെ ഈ രണ്ടു പ്രദേശങ്ങളാണ് ഇന്ത്യന്‍ റെയില്‍വേയ്‌ക്ക് മനുഷ്യാധ്വാനം സംഭാവനചെയ്യുന്നതില്‍ പ്രധാനം.

16 ലക്ഷം സ്ഥിരം തൊഴിലാളികളും നാലുലക്ഷം കരാര്‍തൊഴിലാളികളും ഉണ്ടായിരുന്ന റെയില്‍വേയില്‍ ഇന്ന് 12 ലക്ഷമായി കുറഞ്ഞു. ഈ തൊഴില്‍മേഖല വംശനാശത്തിന്റെ വക്കിലാണ്. അത് നേരിട്ടനുഭവിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ചെറുവത്തൂര്‍. പലരും വിരമിച്ചു. മറ്റുള്ളവര്‍ പ്രായത്തോടടുക്കുന്നു. കേരളത്തില്‍ ഏകദേശം പതിനേഴായിരത്തിനടുത്ത് തൊഴിലാളികളുണ്ടെന്നാണ് കണക്ക്. തിരുവനന്തപുരത്താണ് കൂടുതല്‍. വടകര, എടക്കാട് എന്നിങ്ങനെ ഉത്തരഭാഗത്തും ധാരാളംപേര്‍. വെങ്ങാട്ട്, മയിച്ച, മുണ്ടക്കണ്ടം ഭാഗങ്ങളിലെപ്പോലെ റെയില്‍വേ തൊഴിലാളികള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന സ്ഥലം കുറവാണെന്നു പറയാം. 82 വയസ്സുള്ള മുണ്ടക്കണ്ടത്തെ പി പി ദാമോദരന്‍ മുതല്‍ ഇരുപത്തെട്ടുകാരന്‍ വിജേഷ് വരെ പട്ടിക നീളുന്നു.

Fun & Info @ Keralites.netറെയില്‍വേയുടെ വാട്ടറിങ് സ്റ്റേഷനായി ചെറുവത്തൂര്‍ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് തൊഴിലാളികള്‍ കൂടുതലായത്. കൂട്ടത്തില്‍ സ്‌ത്രീകളുമുണ്ടായി. താല്‍ക്കാലികമായാണ് നിയമനം. പിന്നെ 120 ദിവസം പൂര്‍ത്തിയാക്കി പലരും സ്ഥിരമായി. ഗ്യാങ്മാന്‍, മേസ്‌ത്രി, കീമേന്‍, ഗേറ്റ് കീപ്പര്‍, സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങി എന്‍ജിനിയറിങ് ജീവനക്കാരും ലോക്കോ പൈലറ്റുമാരും കൂട്ടത്തിലുണ്ട്. പായ്‌ക്കിങ് മെഷീന്റെ വരവോടെ എണ്ണത്തില്‍ കുറവുവന്നു; ജോലിഭാരവും.

മെക്കാനിക്കല്‍ എന്‍ജിനിയര്‍ എം ബാലകൃഷ്‌ണന്‍, ജൂനിയര്‍ എന്‍ജിനിയര്‍മാരായ അപ്പു, രഞ്ജിത്ത്, ലോക്കോ പൈലറ്റ് കെ വി ബാലകൃഷ്‌ണന്‍, സൂപ്പര്‍വൈസര്‍മാരായ എന്‍ വി രാമകൃഷ്‌ണന്‍, കെ രാമകൃഷ്‌ണന്‍, റിട്ട. ലോക്കോ പൈലറ്റ് ജനാര്‍ദനന്‍ തുടങ്ങിയ ഉന്നതോദ്യോഗസ്ഥരും ചെറുവത്തൂരിന്റെ റെയില്‍വേ ജീവിതത്തിന്റെ ഭാഗമാണ്. പായ്‌ക്കിങ്, പട്രോള്‍ഡ്യൂട്ടി തുടങ്ങിയ വിഷമകരമായ ജോലികളില്‍ ഏര്‍പ്പെട്ടവരാണ് കൂടുതല്‍. ബീറ്റ് ഡ്യൂട്ടിയുടെ നടുക്കുന്ന നിരവധി ഓര്‍മകള്‍ പങ്കുവയ്‌ക്കാനുണ്ട് പലര്‍ക്കും. മുന്‍കാലത്ത് ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്തുകൂടിയാണ് പാളങ്ങള്‍. പഴയങ്ങാടി, ചെമ്പല്ലിക്കുണ്ട് ഭാഗങ്ങളില്‍ ഇന്നും സ്ഥിതി വ്യത്യസ്‌തമല്ല. നേരമില്ലാനേരത്തുള്ള കാവല്‍ജോലിക്കിടെ അപകടങ്ങളും നിരവധി. പഴയങ്ങാടിക്കടുത്ത് പട്രോള്‍ ഡ്യൂട്ടിക്കാരനെ നീര്‍നായ കടിച്ചുകൊന്നത് ഇന്നും നടുക്കുന്ന ഓര്‍മയാണ്. ഇതോടെയാണ് രാത്രി 12നു ശേഷമുള്ള ഡ്യൂട്ടിക്ക് രണ്ടു പേരെ നിയമിച്ചുതുടങ്ങിയത്.

Fun & Info @ Keralites.netകാസര്‍കോട് ജില്ലയിലെ ചരിത്രപ്രസിദ്ധമായ കാര്യങ്കോട് പുഴയുടെ കൈവഴികളിലൊന്നാണ് മയിച്ച പുഴ. സാമ്രാജ്യത്വ-ജന്മി വിരുദ്ധ പോരാട്ടത്തിലൂടെ ചരിത്രത്തിന്റെ ഭിത്തിയില്‍ തിളങ്ങിയ കയ്യൂര്‍, കാര്യങ്കോട് പുഴയുടെ തീരത്താണ്. മയിച്ച പുഴയുടെ സമീപത്താണ് വെങ്ങാട്ട്, മയിച്ച, മുണ്ടക്കണ്ടം പ്രദേശങ്ങള്‍. ചെറുവത്തൂരിന്റെ കുതിപ്പില്‍ കിതപ്പിലും റെയില്‍വേ തൊഴിലാളികളുടെ നിശ്വാസവായു അലിഞ്ഞുചേര്‍ന്നിട്ടുണ്ട്.

സമയനിഷ്‌ഠ, കാര്യക്ഷമത ഇതാണ് റെയില്‍വേയുടെ മാനിഫെസ്റ്റോ. ഡബിള്‍ലൈന്‍ വന്നതോടെ പാളങ്ങളെ എ, ബി എന്നിങ്ങനെ തരംതിരിച്ചു. അഞ്ചുമുതല്‍ 12 വരെ എ പാര്‍ട്ടിലൂടെയും 12 മുതല്‍ എട്ടുവരെ ബി പാര്‍ട്ടിലൂടെയുമാണ് ബീറ്റ്. രണ്ടു റാന്തല്‍, അപകടസൂചന നല്‍കാന്‍ റാന്തല്‍ തൂക്കിയിടാനുള്ള വടി, വെടി സിഗ്‌നല്‍, മത്താപ്പ് സിഗ്‌നല്‍ (ചുവപ്പ്, പച്ച), ടോര്‍ച്ച്, വിസില്‍, ബാഗ് എന്നീ സാധനങ്ങള്‍ അരമണിക്കൂര്‍ മുമ്പ് കൈപ്പറ്റിവേണം ബീറ്റ് തുടങ്ങാന്‍. സുരക്ഷാ ചുമതലയില്‍ പ്രധാനമാണ് കീമാന്‍ ഡ്യൂട്ടി. റെയില്‍ ഉറപ്പിക്കാനുള്ള ആയുധങ്ങളും ചുമന്നാണ് യാത്ര. അപകടസാധ്യത കൂടുതലാണ് ഈ മേഖലയിലെന്ന് സി കൃഷ്‌ണന്‍നായരുടെ മരണം സാക്ഷിയാക്കി ചെറുവത്തൂരുകാര്‍ പറയും. അച്‌ഛന്റെ ആശ്രിതനിയമനം നേടി മകന്‍ വിജേഷ് പള്ളിക്കര ഗേറ്റില്‍ കാവല്‍ക്കാരനാണ്.

വിഐപികള്‍ക്കുവേണ്ടി നിതാന്തജാഗ്രത പുലര്‍ത്തുകയും പട്രോള്‍ഡ്യൂട്ടിക്കിടെ പാമ്പുകടിയേറ്റ തൊഴിലാളിക്ക് ആംബുലന്‍സ് പോലും ലഭ്യമാക്കാതെ അവഗണിക്കുകയും ചെയ്യുന്ന റെയില്‍വേയുടെ ക്രൂരത വൈശാഖന്‍ 'ജാഗ്രത നിതാന്ത ജാഗ്രത' എന്ന കഥയില്‍ വിവരിച്ചിട്ടുണ്ട്.

ഉന്നതസ്ഥാനീയരുടെ ആജ്ഞകള്‍ അനുസരിക്കുക എന്നതാണ് റെയില്‍വേയിലെ നിയമം. ബ്രിട്ടീഷുകാര്‍ അവശേഷിപ്പിച്ച പലതും അതേപടി തുടരുകയാണ്. കാലത്തിന്റെ ചുവരെഴുത്തുകള്‍ പലതും കാണാക്കാഴ്‌ചകള്‍. കുടയും ചൂടി ട്രോളിയില്‍ ഗമയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥപ്രമുഖനെ തള്ളി പാളത്തിലൂടെ ഓടുകയാണ് ഇന്നും റെയില്‍വേ തൊഴിലാളി. ഈ അപരിഷ്‌കൃത സമ്പ്രദായം യജമാന-ഭൃത്യ സങ്കല്‍പ്പത്തിന്റെ കൊളോണിയല്‍ രൂപമാണ്. അസ്ഥിഖണ്ഡങ്ങള്‍ ചിതറിത്തെറിപ്പിച്ചും ശിരസ്സുകള്‍ വേര്‍പെടുത്തിയും കരിങ്കല്‍ക്കൂനകളില്‍ ചോരക്കറ വീഴ്ത്തിയും പിടഞ്ഞുവീഴുന്ന മനുഷ്യനെ കാണാന്‍ കണ്ണില്ലാത്ത കുരുടനാണ് ഇന്നും തീവണ്ടി. സര്‍ക്കാരിന്റെ പൂര്‍ണ സമ്മതത്തോടെ മാലിന്യം വിസര്‍ജിക്കുന്ന കുറ്റവാളിയാണ് റെയില്‍വേ. അനേകര്‍ക്ക് തൊഴിലും ജീവിതവും നല്‍കുന്ന ഈ ലോഹരൂപം അതിലേറെ പേരുടെ നാടും നാട്ടുവഴിയും മലിനപ്പെടുത്തുന്നുണ്ട്. പ്ളാസ്റ്റിക് കൂടുകളും കുപ്പികളും വിസര്‍ജ്യവും വലിച്ചെറിയാന്‍ യാത്രികരെ പ്രലോഭിപ്പിക്കുകയാണിത്.

കുറഞ്ഞ ചെലവില്‍ യാത്രചെയ്യാം, ഒരുപാടു പേരുടെ ജീവിതവുമാണിത്. ഈ ശകടത്തിന്റെ വരവുനിലച്ചാല്‍ കപ്പലണ്ടിക്കച്ചവടക്കാര്‍ മുതല്‍ സ്വകാര്യ കാറ്ററിങ് മുതലാളിമാര്‍വരെ പെരുവഴിയിലാകും. അതിനുമപ്പുറം നേരിട്ട് ഉപജീവനമാര്‍ഗം തേടുന്ന തൊഴിലാളികളും. ഇതിന്റെയൊക്കെ ഭാഗമായി ചെറുവത്തൂരെന്ന ഉള്‍നാടന്‍ഗ്രാമം.


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment