Sunday, October 17, 2010

[www.keralites.net] : അംബാനിയുടെ തട്ടുകട റെഡി



അംബാനിയുടെ തട്ടുകട റെഡി


മുകേഷ്‌ അംബാനിയുടെ തട്ടുകട അന്റിലിയയുടെ ഉദ്ഘാടനം ഈ മാസം ഇരുപത്തെട്ടിനു നടക്കും. ആകെ മൊത്തം ഇന്ത്യക്കാരുടെയും പേര് അംബാനിയണ്ണന്‍ കളഞ്ഞു കുളിച്ചിരിക്കുകയാണ് എന്നാണ്‌ എനിക്ക് പറയാനുള്ളത്. തെക്കന്‍ മുംബൈയില്‍ നാലു ലക്ഷം ചതുരശ്ര അടിയില്‍ വെറും ഇരുപത്തേഴ് നിലകളിലായി അംബാനി തട്ടിക്കൂട്ടിയിട്ടുള്ളത് വെറും ഒരു തട്ടുകടയാണ്. ദൂരെ നിന്ന് നോക്കുമ്പോള്‍ നാലുമുറിക്കടകള്‍ ഒന്നിന് മുകളില്‍ ഒന്നായി വെച്ചത് പോലെ. ലോകത്തെ പണക്കാരുടെ പട്ടികയില്‍ നാലാമനായ മുകേഷേട്ടന്‍ ഇത്രയും വിനയാന്വിതനാവാന്‍ പാടില്ലായിരുന്നു.

അഞ്ചു പേര്‍ക്ക് താമസിക്കാനുള്ള ഈ വീടിന് വെറും എണ്ണായിരം കോടി രൂപ മാത്രമാണ് മുകേഷേട്ടന്‍ ഇറക്കിയിരിക്കുന്നത്. പിശുക്കുന്നതിനും ഒരു കണക്കില്ലേ. ആളൊന്നിന് രണ്ടായിരം കോടി പോലുമായില്ല. ആവശ്യത്തിന് കാശിറക്കാതെ ലോകത്തിലെ നാലാമത്തെ പണക്കാരന്‍ എന്ന് പറഞ്ഞിട്ടെന്താ കാര്യം. രണ്ടായിരത്തി പതിനാലില്‍ ഒന്നാമത്തെ പണക്കാരനായി മാറുമത്രേ!. അറ്റ്ലീസ്റ്റ് ഒരാള്‍ക്ക്‌ അയ്യായിരം കോടി നിരക്കില്‍ അഞ്ചു പേര്‍ക്ക് ഇരുപത്തയ്യായിരം കോടി ചിലവാക്കിയിരുന്നെങ്കില്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് അല്പമെങ്കിലും പറഞ്ഞു നില്‍ക്കാമായിരുന്നു. ഇതിപ്പോള്‍ രണ്ട് ബില്യന്‍ ഡോളര്‍ എന്നൊക്കെ പറയുമ്പോള്‍ മുകേഷേട്ടനെ സംബന്ധിച്ചിടത്തോളം ഖാജാ ബീഡി വലിച്ചത് പോലെയേ ഉള്ളൂ.

അന്‍പത്തിമൂന്ന് വയസ്സുള്ള മുകേഷേട്ടന്‍, ഭാര്യ നീത (പെണ്ണായതു കൊണ്ടാണ് വയസ്സ് പറയാത്തത്. ജനിച്ചത് തൊള്ളായിരത്തി അറുപത്തി മൂന്നിലാണ്) മക്കളായ ആകാശ്‌, അനന്ത്, ഇഷ എന്നിവര്‍ ഏറ്റവും മുകളിലത്തെ നിലയിലാണ് അന്തിയുറങ്ങുക എന്ന് പറഞ്ഞു കേട്ടു. ഇവര്‍ അഞ്ചു പേരുടെ ശുശ്രൂഷക്ക് വെറും അറന്നൂറ് ജോലിക്കാരെ മാത്രമാണ് വെച്ചിട്ടുള്ളത്. അറുപിശുക്കന്‍ എന്നല്ലാതെ മുകേഷേട്ടനെ നമ്മള്‍ എന്താണ് വിളിക്കുക. അത് പോട്ടേന്ന് വെക്കാം. ഉള്ള പണിക്കാരെ വെച്ചു അവര്‍ എങ്ങനേലും അഡ്ജസ്റ്റ്‌ ചെയ്തോളും. അതുപോലെയല്ലല്ലോ വിരുന്നു വരുന്നവരുടെ കാര്യം. ആദ്യമെത്തുന്ന നൂറ്റി അറുപതു പേര്‍ക്ക് മാത്രമേ വീട്ടിനുള്ളില്‍ കാറ് പാര്‍ക്ക്‌ ചെയ്യാന്‍ പറ്റൂവത്രേ. കേട്ടിട്ട് എന്റെ തൊലിയുരിഞ്ഞു പോയി. ബാക്കിയുള്ളവരൊക്കെ കാറ് മുറ്റത്തെ പോര്‍ച്ചിലിടണം. ഇതിലധികം ഒരു നാണക്കേട് വേറെയുണ്ടോ? ലോകത്തെ ഏറ്റവും പണം ചിലവഴിച്ച വീടാണ്, ഇരുപത്തേഴ് നിലയുണ്ട് എന്നൊക്കെയാണ് പുറത്തെ സംസാരം. ബട്ട്‌ യു നോ, ടെറസിനു മുകളില്‍ മൂന്നേ മൂന്ന് ഹെലിക്കോപ്റ്ററേ വെക്കാന്‍ പറ്റൂ.. അഞ്ചു പേരുള്ള വീട്ടിന് മൂന്ന് ഹെലിക്കോപ്റ്റര്‍. അവിടെയും രണ്ടെണ്ണം പിശുക്കി. ഒരു ടോട്ടല്‍ നാറ്റക്കേസ് തന്നെ.

ലോകത്തെ ഒന്നാം നമ്പര്‍ പണക്കാരനായ ബില്‍ ഗേറ്റ്സ്‌ മൂന്ന് മുറി വീട്ടിലാണ് കഴിയുന്നത് എന്ന് ചിലര്‍ പറഞ്ഞു നടക്കുന്നുണ്ട്. പുള്ളി സ്വന്തമായി അലക്കുന്നു, ഇസ്തിരിയിടുന്നു, ചായ ഉണ്ടാക്കുന്നു, സെക്കന്‍ഡ്‌ ക്ലാസ്സില്‍ യാത്ര ചെയ്യുന്നു... അങ്ങനെ പലതും. ഇതൊന്നും കേട്ട് നമ്മള്‍ കുലുങ്ങരുത് മുകേഷേട്ടാ... അയാള്‍ക്ക്‌ മുടിഞ്ഞ വട്ടാണ്. പോയി പണി നോക്കാന്‍ പറ..മുകേഷേട്ടനോട് എനിക്കൊന്നേ പറയാനുള്ളൂ. സായിപ്പ് പലതും പറയും. പലതും എഴുതും. അതൊന്നും നമ്മള്‍ കാര്യമാക്കരുത്. മുംബൈയില്‍ അറുപതു ലക്ഷം പേര്‍ ഒറ്റമുറി വീട്ടിലാണ് കഴിയുന്നത്, പത്ത്‌ ലക്ഷം പേര്‍ ചേരിയിലാണ്, അവിടെ കക്കൂസില്ല, കുളിമുറിയില്ല തുടങ്ങി നമ്മള്‍ ഇന്ത്യക്കാരെ മുഴുവന്‍ നാറ്റിക്കാന്‍ അവര്‍ ഇങ്ങനെ പലതും പറയുന്നുണ്ട്. ഇതൊക്കെ കേട്ട് മനം മടുത്തിട്ടാണ് ഏട്ടന്‍ വീട് പണിയുടെ ചെലവ് ചുരുക്കിയത് എന്നറിയാം. കഴിയുമെങ്കില്‍ പത്തോ അഞ്ഞൂറോ ഏക്കര്‍ സ്ഥലം കൂടി വാങ്ങിച്ചു മുറ്റത്ത് തന്നെ ഒരു ബോയിംഗ് ട്രിപ്പിള്‍ സെവന്‍ ഇറങ്ങാന്‍ പറ്റിയ എയര്‍പോര്‍ട്ട് പണിയണം. എപ്പോഴാണ് ഒരത്യാവശ്യം വരുക എന്ന് പറയാന്‍ പറ്റില്ല. നല്ല വായു ഗുളിക കിട്ടണമെങ്കില്‍ പോലും അമേരിക്കയില്‍ പോകേണ്ടി വരുന്ന കാലമാണ്. വീട് വെക്കാന്‍ വഖഫ്‌ ബോര്‍ഡുകാര്‍ സ്ഥലം തന്നത് പോലെ നല്ല കാശിറക്കിയാല്‍ നാട്ടുകാര്‍ ഇനിയും സ്ഥലം തരും. പണം കിട്ടിയാല്‍ എന്തും വിക്കുന്ന പരിഷകളാണ് ഇവിടെയൊക്കെയുള്ളത്. ഒരു ലാസ്റ്റ്‌ റിക്ക്വസ്റ്റ്‌ കൂടിയുണ്ട്. കഴിയുമെങ്കില്‍ ഒരു ഇരുപത്തിയേഴ് നില കൂടി ഇതിനു മുകളില്‍ പണിയണം. മുകളിലെ നിലയില്‍ മലര്‍ന്ന് കിടന്നാല്‍ ഹിമാലയം കാണണം. നമുക്ക് ഇന്ത്യയുടെ അഭിമാനമാണ് വലുത്.

മ്യാവൂ: പടിഞ്ഞാറന്‍ കാറ്റിന് ധാരാവിയിലെ ചേരിയില്‍ നിന്നുള്ള ബാഡ്‌ സ്മെല്ല് കേറി വരാതിരിക്കാന്‍ ജനവാതില്‍ തുറന്നിടരുത് എന്ന് പിള്ളാരോട് മറക്കാതെ പറയണം. പനിയും ജലദോഷവും വന്നാല്‍ പോകാന്‍ പാടാണ് മുകേഷേട്ടാ....

--
shamsym@gmail.com



www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment