അലര്‍ജി:
അലര്‍ജി പ്രധാനമായും ബാധിക്കുന്നത് ശരീരത്തിലെ മൂന്ന് അവയവങ്ങളെയാണ്. ത്വക്ക്, മൂക്ക്, ശ്വാസകോശം എന്നിവയെ. മൂക്കിനെ ബാധിക്കുന്ന അലര്‍ജിയെയാണ് അലര്‍ജിക് റൈനൈറ്റിസ് എന്നു പറയുന്നത്. ജനസംഖ്യയിലെ 10 മുതല്‍ 15 ശതമാനത്തോളം ആള്‍ക്കാര്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്.
ശരീരത്തിനുള്ളില്‍ കടക്കുന്ന വിവിധ പ്രോട്ടീനുകളോട് ശരീരം അമിതമായി പ്രതികരിക്കുന്നതിനെയാണ് അലര്‍ജി എന്നു പറയുന്നത്. വീട്ടിനുള്ളില്‍ കാണപ്പെടുന്ന പൊടിയാണ് മിക്കവരിലും അലര്‍ജിക് റൈനൈറ്റിസുണ്ടാക്കുന്നത്. കൂടാതെ പുക, പൂമ്പൊടികള്‍, പാറ്റ, ഈച്ച, കൊതുക് മുതലായ പ്രാണികള്‍, നനവുള്ള ഭിത്തിയിലും മറ്റും വളരുന്ന പൂപ്പല്‍ അഥവാ ഫംഗസ്സുകള്‍ തുടങ്ങിയവയാണ് മറ്റു പ്രധാന അലര്‍ജനുകള്‍. ശരീത്തിലുത്പാദിപ്പിക്കപ്പെടുന്ന ഐ.ജി.ഇ. എന്ന ആന്റിബോഡി, രക്തത്തിലെ ശ്വേതരക്താണുക്കളായ ഇയോ സിനോഫില്‍, ഹിസ്റ്റാമിന്‍, ലൂകോട്രിന്‍ എന്ന രാസവസ്തുക്കള്‍ എന്നിങ്ങനെ പലതും ഈ അലര്‍ജിക് പ്രവര്‍ത്തനത്തില്‍ പങ്കുകൊള്ളുന്നു.
രോഗലക്ഷണങ്ങള്‍ :
നിസ്സാരമെന്നു തോന്നാമെങ്കിലും അലോസരപ്പെടുത്തുന്ന രോഗലക്ഷണങ്ങളാണിവ. ചിലര്‍ക്ക് ഗന്ധം/വാസന അറിയാനുള്ള കഴിവു കുറയുകയും തന്മൂലം രുചിയില്ലായ്മ അനുഭവപ്പെടുകയും ചെയ്യാറുണ്ട്. പലപ്പോഴും ഇതോടൊപ്പം കണ്ണിനു തുടര്‍ച്ചയായ ചൊറിച്ചിലും തടിപ്പും അനുഭവപ്പെടുകയും കണ്ണില്‍നിന്നു വെള്ളം വരുന്നതുമായ ലക്ഷണങ്ങളോടു കൂടിയ അലര്‍ജിക് കണ്‍ജങ്റ്റിവൈറ്റിസും (Allergic Conjunctivitis) കാണപ്പെടുന്നു.
മൂക്കും ചെവിയും തമ്മില്‍ ബന്ധിപ്പിക്കുന്ന യൂസ്റ്റേഷ്യന്‍ നാളിക്ക് വീക്കമുണ്ടാവുമ്പോള്‍ കാലക്രമത്തില്‍ ചെവിക്ക് തകരാറും ഉണ്ടാവാനിടയുണ്ട്. അതുപോലെ തന്നെ മൂക്കിനു മുകളിലും വശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന സൈനസുകള്‍ എന്ന വായുനിറഞ്ഞ അറകളുണ്ട്. അവയെയും മൂക്കിനെയും ബന്ധിപ്പിക്കുന്ന നാളികള്‍ അടഞ്ഞ് ആ അറകളില്‍ പഴുപ്പ് നിറഞ്ഞുണ്ടാവുന്ന സൈനസൈറ്റിസ്(Sinusitis) എന്ന രോഗവും ഇതുമൂലമുണ്ടാവാം.
തലവേദനയും മൂക്കില്‍നിന്നു ദുഷിച്ച കഫം വരുന്നതുമാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. രോഗം നിയന്ത്രിച്ചില്ലെങ്കില്‍ മൂക്കിനുള്ളില്‍ മാംസവളര്‍ച്ചപോലെ കാണപ്പെടുന്ന നേസല്‍ പോളിപ് (Nasal Polyp) ഉണ്ടാവുന്നു. മിക്കവാറും എല്ലാവരുടെയും മൂക്കിന്റെ പാലം ഇടത്തോട്ടോ വലത്തോട്ടോ അല്പം വളഞ്ഞാണിരിക്കുന്നത്. അലര്‍ജിക് റൈനൈറ്റിസുള്ള ചിലരെങ്കിലും രോഗലക്ഷണങ്ങള്‍ എല്ലാം ഇതുകൊണ്ടാണെന്നു തെറ്റിദ്ധരിച്ച് വളവു നിവര്‍ത്താനുള്ള ശസ്ത്രക്രിയ ചെയ്തു നിരാശരാകാറുണ്ട്. അലര്‍ജിമൂലമുള്ള അസുഖത്തിന് ഈ ശസ്ത്രക്രിയ കൊണ്ട് യാതൊരു കുറവും ഉണ്ടാവില്ല.
ദീര്‍ഘകാലം നീണ്ടുനില്ക്കുന്ന അലര്‍ജിക് റൈനൈറ്റിസ് കാലക്രമേണ ആസ്ത്മയായി മാറാന്‍ സാധ്യത കൂടുതലാണ്. ഈ രോഗമുള്ള 40 ശതമാനത്തോളം പേര്‍ക്കാര്‍ക്ക് അഞ്ചു മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ ആസ്ത്മ പിടിപെടുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ചികിത്സയുടെ ഘട്ടങ്ങള്‍:-
ഈ രോഗത്തിന്റെ ചികിത്സയ്ക്ക് മൂന്നു ഘട്ടങ്ങളുണ്ട്:
1. അലര്‍ജനുകളെ അകറ്റി നിര്‍ത്തുക.
അലര്‍ജനുകളെ അകറ്റി നിര്‍ത്തുക (non-pharmacological management): ഇതുകൊണ്ട് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാമെന്നു മാത്രമല്ല, ഭാവിയില്‍ ആസ്ത്മ വരുന്നത് ഒരു പരിധിവരെ തടയുകയുമാവാം.
*കഴിവതും പൊടിനിറഞ്ഞ അന്തരീക്ഷത്തില്‍നിന്ന് ഒഴിഞ്ഞുനില്ക്കുക. താമസസ്ഥലം, പ്രത്യേകിച്ചും കിടപ്പുമുറി പൊടിവിമുക്തമാക്കി സൂക്ഷിക്കുക.
*പാചകത്തിനു കഴിവതും ഗ്യാസ് സ്റ്റൗ ഉപയോഗിക്കുക.
*സ്വയം പുകവലിക്കരുതെന്നു മാത്രമല്ല, വീട്ടിനുള്ളില്‍ ആരും പുകവലിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.
*ചന്ദനത്തിരി, കൊതുകുതിരി, സുഗന്ധദ്രവ്യങ്ങള്‍, പൗഡര്‍, കൊതുകുനിവാരണത്തിനുപയോഗിക്കുന്ന രാസവസ്തുക്കള്‍ (Mosquito repellants), റൂം ഫ്രഷ്‌നറുകള്‍ മുതലായവയുടെ ഉപയോഗം കുറയ്ക്കുക.
* കഴിവതും മൃഗങ്ങളെയും പക്ഷികളെയും വീട്ടിനുള്ളില്‍ വളര്‍ത്താതിരിക്കുക.
* വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിച്ചാല്‍ ഒരു പരിധിവരെ പാറ്റയുടെയും മറ്റു ക്ഷുദ്രജീവികളുടെയും ശല്യം ഒഴിവാക്കാം.
2. മരുന്നുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സ.
അലര്‍ജിക് റൈനൈറ്റിസ് മൂക്കിനെ മാത്രം ബാധിക്കുന്ന അസുഖമായതിനാല്‍ മൂക്കിലടിക്കുന്ന സ്‌പ്രേയാണ് ഏറ്റവും ഉത്തമം. ആസ്ത്മ ചികിത്സയിലുപയോഗിക്കുന്ന ഇന്‍ഹേലറുകളെപ്പോലെ നേസല്‍ സ്‌പ്രേയും ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ചികിത്സാരീതിയാണ്. വാസ്തവത്തില്‍ അവ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പോലും സുരക്ഷിതമാണ്.
ദീര്‍ഘകാലം മരുന്നുകള്‍ കഴിക്കുന്നതു കൊണ്ടുള്ള കുഴപ്പങ്ങള്‍ ഒഴിവാക്കാം എന്നതാണ് ഈ രീതിയുടെ മെച്ചം. സ്‌പ്രേകള്‍ എത്രനാള്‍ ഉപയോഗിച്ചാലും കാര്യമായ പാര്‍ശ്വഫലങ്ങളൊന്നും തന്നെയില്ല. ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇടയ്ക്കിടെ കൃത്യമായി ഡോസ് വ്യതിയാനങ്ങള്‍ നടത്തണമെന്നുമാത്രം. രോഗം കഠിനമാവുന്ന ഘട്ടങ്ങളില്‍ സ്റ്റീറോയ്ഡുകളും വേണ്ടിവരാം.
3. അലര്‍ജി ടെസ്റ്റിങ്ങും ഇമ്മ്യൂണോ തെറാപ്പിയും.
അലര്‍ജി ടെസ്റ്റിങ്ങും ഇമ്മ്യൂണോ തെറാപ്പിയും: അലര്‍ജനുകളില്‍ ഏതിനോടൊക്കെയാണ് ഒരു വ്യക്തിക്ക് അലര്‍ജി എന്നു കണ്ടുപിടിക്കാന്‍ നടത്തുന്ന പരിശോധനയാണ് അലര്‍ജി ടെസ്റ്റിങ്. അലര്‍ജി ടെസ്റ്റിങ്ങിലൂടെ രോഗത്തിനു കാരണമെന്ന് കണ്ടെത്തിയ അലര്‍ജനുകള്‍ക്കെതിരെയുള്ള ശരീരത്തിന്റെ അമിതപ്രതികരണം ഇല്ലാതാക്കുന്ന ചികിത്സാരീതിയാണ് ഇമ്മ്യൂണോ തെറാപ്പി. അതിനായി മേല്പറഞ്ഞ അലര്‍ജനുകള്‍ വളരെ ചെറിയ അളവില്‍ നിശ്ചിത ഇടവേളയില്‍ ശരീരത്തില്‍ കുത്തിവെക്കുന്നു. അലര്‍ജനുകളുമായുള്ള തുടരെത്തുടരെയുള്ള സമ്പര്‍ക്കംമൂലം ഒടുവില്‍ ശരീരം മേല്പറഞ്ഞ അലര്‍ജനുകളോട് പ്രതികരിക്കാതാവുന്നു.
സബ്‌ലിംഗ്വല്‍ ഇമ്മ്യൂണോ തൊറാപ്പി എന്ന നൂതന ചികിത്സാരീതിയില്‍ കുത്തിവെക്കുന്നതിനു പകരം മരുന്ന് നാവിനടിയില്‍വെച്ച് അലിയിക്കുകയാണ് ചെയ്യുന്നത്. അതുമൂലമുള്ള ഗുണങ്ങള്‍ പലതാണ്. വേദനയില്ല. കുത്തിവെപ്പിനായി മറ്റെങ്ങും പോകേണ്ട കാര്യമില്ല. കുത്തിവെപ്പിനുണ്ടാവുന്നതുപോലെ റിയാക്ഷനുമുണ്ടാവില്ല. ഈ ചികിത്സ മുമ്പേതന്നെ, വിദേശങ്ങളില്‍ നിലവിലുണ്ടായിരുന്നെങ്കിലും ഇന്ത്യയില്‍ ഇതു ലഭ്യമായിത്തുടങ്ങിയത് അടുത്തകാലത്താണ്. ഇമ്മ്യൂണോ തെറാപ്പി കൊണ്ട് അലര്‍ജിക് റൈനൈറ്റിസ്, കാലക്രമേണ ആസ്ത്മയായി മാറുന്നത് ഫലപ്രദമായി തടയാന്‍ കഴിയും.
ഡോ. വേണുഗോപാല്‍ പി
അലര്‍ജി സ്‌പെഷലിസ്റ്റ് ,
ശ്വാസകോശ രോഗവിഭാഗം മേധാവി,
ആലപ്പുഴ മെഡിക്കല്‍ കോളേജ്.






║█║▌│█│█║▌█║▌██║▌│█│║▌║││█║
║█║▌│█│█║▌█║▌██║▌│█│║▌║││█║
Cσρу RιgнT © ®
Al-Khobar, Saudi.
www.keralites.net |
__._,_.___
No comments:
Post a Comment