Tuesday, October 5, 2010

[www.keralites.net] നാടിനും കുടുംബത്തിനും ശ്രീ



നാടിനും കുടുംബത്തിനും ശ്രീ

ഉണ്ണിയപ്പവും ഉപ്പേരിയും അച്ചാറുമുണ്ടാക്കി ഇവര്‍ എന്ത് വിപ്ളവം വരുത്താനെന്ന് കളിയാക്കിയവരുണ്ടായിരുന്നു. എന്തെല്ലാം കണ്ടും കേട്ടുമാണ് ഈ സഹോദരിമാര്‍ പിടിച്ചുനിന്നത്. ആഴ്ചയിലെ ഒത്തുചേരലും ലഘുസമ്പാദ്യസംരംഭമെന്ന ചെറുപദവിയുമെല്ലാം തുടക്കംമാത്രമായിരുന്നു. 37 ലക്ഷം വനിതകള്‍ അംഗങ്ങളായ മഹാപ്രസ്ഥാനമായി കുടുംബശ്രീ ഉയരങ്ങള്‍ താണ്ടിയത് സമൂഹത്തിനാകെ പുതിയ പാഠം പകര്‍ന്നുകൊണ്ടാണ്. ആഴ്ചയില്‍ പത്ത് രൂപമുതല്‍ സ്വരുക്കൂട്ടി ഇവര്‍ കണ്ടെത്തിയത് 1790 കോടി രൂപ. ഇത് പ്രയോജനപ്പെടുത്തി നല്‍കിയ വായ്പ 3913.68 കോടിയും. സ്ത്രീശാക്തീകരണത്തിലൂടെ കേവല ദാരിദ്ര്യനിര്‍മാര്‍ജനം എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനുള്ള കുടുംബശ്രീപ്രവര്‍ത്തനങ്ങളെ ഇന്ന് ലോകം ഉറ്റുനോക്കുന്നു.

...Join Keralites, Have fun & be Informed.

പൊതുഭരണമികവിനുള്ള പ്രധാനമന്ത്രിയുടെ അവാര്‍ഡ് 2008ല്‍ കുടുംബശ്രീ ഏറ്റുവാങ്ങിയപ്പോള്‍ ഈ വിശ്വമാതൃകയെ തകര്‍ക്കാന്‍ 'പോഷകസംഘടന' ഉണ്ടാക്കിയവര്‍ ലജ്ജിക്കേണ്ടതായിരുന്നു. ഇതേവര്‍ഷമാണ് ഇഎംപിഐ- ഇന്ത്യന്‍ എക്സ്പ്രസ് ഇനോവേഷന്‍ അവാര്‍ഡും കുടുംബശ്രീക്ക് ലഭിച്ചത്. മുന്‍രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍കലാമിന്റെ മുന്‍കൈയില്‍ രൂപംകൊണ്ട മിഷന്‍ ഇനോവേറ്റീവ് ഇന്ത്യ എന്ന വിശാലപ്രസ്ഥാനത്തിന്റെ ഭാഗമാണിത്.

...Join Keralites, Have fun & be Informed.ജനകീയാസൂത്രണത്തിന്റെ ഭാഗമായി 1998ല്‍ രൂപംകൊണ്ട കുടുംബശ്രീ ലഘുസമ്പാദ്യസംരംഭം എന്ന നിലയില്‍നിന്ന് ഉല്‍പ്പാദന-സാമൂഹ്യ-സേവന മേഖലകളില്‍ ഗണ്യമായ പങ്കുവഹിക്കുന്ന മഹാപ്രസ്ഥാനമായി മാറി. മാലിന്യസംസ്കരണംമുതല്‍ വിവരസാങ്കേതികവിദ്യവരെ ഇന്ന് കുടുംബശ്രീയുടെ പ്രവര്‍ത്തനമേഖലയാണ്. വര്‍ഷം 50,000 ഏക്കറിലധികം ഭൂമിയില്‍ നെല്ലും മരച്ചീനിയും പച്ചക്കറിയും വിളയുമ്പോള്‍ കുടുംബശ്രീയുടെ വിജയഗാഥയാണ് വിളംബരം ചെയ്യപ്പെടുന്നത്. സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളിലൂടെ ആയിരങ്ങള്‍ തൊഴിലും വരുമാനവും നേടുമ്പോള്‍ വികസനരംഗത്ത് പുതിയ പാതകള്‍ തെളിയുകയാണ്.

കൃഷി, വ്യവസായം, ആരോഗ്യം, സാമൂഹ്യക്ഷേമം, ഭവനം, ടൂറിസം, വാണിജ്യം, ക്ഷീരവികസനം, തൊഴില്‍, സഹകരണം, ഗതാഗതം, ഐടി എന്നുവേണ്ട, ഒരു മന്ത്രിസഭയിലെ വകുപ്പുപോലെ കുടുംബശ്രീയുടെ പ്രവര്‍ത്തനമേഖലയെ വിപുലീകരിക്കാം. ദേശീയ തൊഴിലുറപ്പുപദ്ധതി കേരളത്തില്‍ ഏറ്റവും മികവോടെ നടപ്പാക്കിയതില്‍ പഞ്ചായത്തുകളും കുടുംബശ്രീയും വഹിച്ച പങ്ക് ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ പഠനം എടുത്തുപറയുന്നുണ്ട്. ദാരിദ്ര്യനിര്‍മാര്‍ജനവും സ്ത്രീശാക്തീകരണവും സംബന്ധിച്ച അന്താരാഷ്ട്ര പഠനങ്ങളിലും ചര്‍ച്ചാവേദികളിലും കുടുംബശ്രീ മാതൃകയായി സ്ഥാനം പിടിച്ചുകഴിഞ്ഞു.

...Join Keralites, Have fun & be Informed.ആയിരക്കണക്കിന് സ്ത്രീകളെ നേതൃത്വത്തിലേക്കുയര്‍ത്തിയ, കുടുംബത്തിലും സമൂഹത്തിലും മാന്യത നേടിക്കൊടുത്ത, കുടുംബാന്തരീക്ഷത്തില്‍ 'ശ്രീ'യെ കുടിയിരുത്തിയ, ബ്ളേഡുപലിശക്കാരുടെ ഹുങ്കിന് മൂക്കുകയറിട്ട ഈ മുന്നേറ്റം അത്ര സുഗമമായിരുന്നില്ല. ജനകീയാസൂത്രണത്തില്‍ സ്ത്രീവികസനത്തിന് ഊന്നല്‍ നല്‍കിയതും വനിതാഘടകപദ്ധതി കൊണ്ടുവന്നതും കുടുംബശ്രീപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജമായിരുന്നു. തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനവും ദാരിദ്ര്യനിര്‍മാര്‍ജനം ദൌത്യമാക്കിയതും കുടുംബശ്രീയുടെ പ്രവര്‍ത്തനത്തെ നിസ്തുലമാക്കി. സംസ്ഥാനത്തെ എല്ലാ വാര്‍ഡിലും കോളനിയിലും ഊരിലുമെല്ലാം ഈ പ്രസ്ഥാനം സജീവസാന്നിധ്യമായി.

കുടുംബശ്രീയുടെ മുന്നേറ്റത്തില്‍ കരിനിഴല്‍ വീഴ്ത്തിയത് 2001ല്‍ അധികാരമേറ്റ യുഡിഎഫ് ഭരണമായിരുന്നു. 'അടുക്കളക്കാരിയുടെ ശാക്തീകരണം അടുക്കളത്തോട്ടംവരെ' മാത്രം കാണുന്നവര്‍ക്ക് ഇത്തരം മുന്നേറ്റങ്ങളൊന്നും പഥ്യമാകില്ല. അഞ്ചു ബജറ്റിലായി യുഡിഎഫ് കുടുംബശ്രീക്ക് വകയിരുത്തിയത് 130.40 കോടി രൂപ, ചെലവഴിച്ചത് 69.33 കോടിയും, അതായത് 46 ശതമാനം. 2005-06ല്‍ 60 കോടി വകയിരുത്തിയതില്‍ 30.77 കോടിയും ചെലവഴിച്ചില്ല. 19.79 കോടി ആശ്രയയ്ക്കുമാത്രമായി നീക്കിവച്ചെന്ന് അവകാശപ്പെടുമ്പോഴും അതില്‍ 14.63 കോടിയുടെ പദ്ധതിയും രൂപപ്പെടുത്തിയത് 2006-07നുശേഷമാണ്. അതേസമയം, 2010-11ല്‍ കുടുംബശ്രീക്ക് തനതായി അനുവദിച്ച 50 കോടിയും വിവിധ പരിപാടിയിലായി അനുവദിച്ച 174 കോടിയും ഉള്‍പ്പെടെ 224 കോടി രൂപയാണ് ചെലവിടുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചു ബജറ്റിലായി വകയിരുത്തിയത് 191.61 കോടി രൂപ. ഇതുവരെ ചെലവഴിച്ചത് 255.58 കോടിയും. അതായത് 132.13 ശതമാനം.
-എം എന്‍ ഉണ്ണികൃഷ്ണന്‍-

കാര്യക്ഷമം, വിശ്വസ്തം

...Join Keralites, Have fun & be Informed.ലഘുസമ്പാദ്യ പദ്ധതിയിലെ ഗുണഭോക്താക്കളെന്ന നിലയില്‍നിന്ന് കുടുംബശ്രീ പ്രവര്‍ത്തകരെ സംരംഭകരെന്ന നിലയിലേക്ക് ഉയര്‍ത്തിയത് എല്‍ഡിഎഫ് സര്‍ക്കാര്‍. ഭാവനാപൂര്‍വമായ ഇടപെടലും പിന്തുണയുമാണ് കുടുംബശ്രീയെ മികവിന്റെ കൊടുമുടിയിലേറ്റിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഓരോ ബജറ്റിലും കുടുംബശ്രീയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പണം വകയിരുത്തുകയും എല്ലാ അര്‍ഥത്തിലും അതിനെ ശാസ്ത്രീയമായി പരിഷ്കരിക്കുകയും ചെയ്തു.

ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ സംസ്ഥാനത്തെ നടത്തിപ്പ് ഉള്‍പ്പടെ നിരവധി പദ്ധതികള്‍ കുടുംബശ്രീയെയാണ് ഏല്‍പ്പിച്ചത്. കേരളത്തിലെ തൊഴിലുറപ്പു പദ്ധതിയുടെ സംഘാടനത്തെ ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധേയമാക്കിയത് രണ്ടു ഘടകമാണ്-പൂര്‍ണമായും പഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള നടത്തിപ്പും കുടുംബശ്രീ പ്രവര്‍ത്തകരുടെ സംഘാടനമികവും. കേരളത്തിലെ പദ്ധതി നടത്തിപ്പ് മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരണീയമാണെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ഡോ. സി പി ജോഷിക്കു വരെ സമ്മതിക്കേണ്ടിവന്നു.

...Join Keralites, Have fun & be Informed.ഭക്ഷ്യസുരക്ഷ അപകടകരമായ സാഹചര്യത്തില്‍ 72,915 ഏക്കറില്‍ കുടുംബശ്രീ നടത്തിയ സംഘകൃഷി കേരളത്തിനു നല്‍കിയ ആശ്വാസം ചെറുതല്ല. രണ്ടര ലക്ഷത്തോളം സ്ത്രീകള്‍ ഇതിന്റെ ഗുണഭോക്താക്കളാണ്. കുറഞ്ഞ പലിശയ്ക്ക് വായ്പയുള്‍പ്പെടെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളാണ് ഇത്തരം മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജമായത്. ഏഴു ശതമാനം പലിശയ്ക്കുള്ള കാര്‍ഷികവായ്പയില്‍ അഞ്ചു ശതമാനം സര്‍ക്കാര്‍ സബ്സിഡി നല്‍കി. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് ബാങ്കിന്റെ ഒരു ശതമാനം ഇളവുകൂടി കിട്ടും. ഫലത്തില്‍ പലിശ ഒരു ശതമാനംമാത്രം. സംസ്ഥാന
സര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും ശക്തമായ പിന്തുണ ലഭിച്ചതോടെ വിപണനരംഗത്തും കുടുംബശ്രീ പുതിയ അധ്യായം രചിച്ചു. ദേശീയതലത്തില്‍ പോലും കുടുംബശ്രീയുടെ സജീവസാന്നിധ്യമില്ലാത്ത മേളകള്‍ ഇന്നു വിരളമാണ്. മാസച്ചന്തകള്‍ ചിലയിടങ്ങളിലെങ്കിലും ആഴ്ചച്ചന്തകളും ദിവസച്ചന്തകളുമായി മാറുകയാണ്. ചിലയിടത്ത് 50 വീടിന് ഒരു കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിതരണക്കാരി എന്ന നിലയില്‍ കമ്യൂണിറ്റി മാര്‍ക്കറ്റിങ് വരെ ആരംഭിച്ചുകഴിഞ്ഞു.

ഐടിസി @ കുടുംബശ്രീ

കുടുംബശ്രീയുടെ ഐടിസിയോ... അച്ചാറിടുകയും പശുവിനെ വളര്‍ത്തുകയും ചെയ്യുന്നവരല്ലേ കുടുംബശ്രീക്കാരെന്നാണ് പലരും ചോദിക്കുന്നത്. ഇത്തരം മുന്‍ധാരണ ഇനി വേണ്ടെന്നാണ് വാത്തിക്കുടിയിലെ വനിതകള്‍ പറയുന്നത്. കേരളത്തിന്റെ ജനപക്ഷ വികസനവീഥികളിലേക്ക് ഇടുക്കിയിലെ കുടുംബശ്രീ നല്‍കിയ നൂതന സംരംഭമാണിത്. അതും ഏറെ തൊഴില്‍സാധ്യതയുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സില്‍.

...Join Keralites, Have fun & be Informed.വാത്തിക്കുടി പഞ്ചായത്തിലെ രാജമുടിയിലാണ് മൂന്നു വര്‍ഷമായി എന്‍സിവിടി അംഗീകാരത്തോടെ ഐടിസി പ്രവര്‍ത്തിക്കുന്നത്. രണ്ടു ബാച്ച് പുറത്തിറങ്ങി. മൂന്നാം ബാച്ചിന് ക്ളാസ് ആരംഭിച്ചു. 'സ്വാശ്രയ വ്യാപാരി-വ്യവസായി'കളുടെ കുത്തകയായിരുന്ന ആരോഗ്യ വിദ്യാഭ്യാസ മേഖലയിലാണ് ഈ കുടുംബശ്രീ കൂട്ടായ്മ ചുവടുറപ്പിക്കുന്നത്. ലാഭേച്ഛയില്ലാതെ, പിന്നോക്കക്കാര്‍ക്ക് ഫീസിളവോടെയാണ് കോഴ്സ് നടത്തുന്നത്.

കട്ടപ്പന ഗവ. ഐടിഐയിലാണ് ഇവിടത്തെ വിദ്യാര്‍ഥികള്‍ക്ക് തിയറി ക്ളാസുകള്‍. പരീക്ഷയും ഇവിടെത്തന്നെ. ജില്ലാ ആശുപത്രി, അങ്കണവാടികള്‍, ആലുവയിലെ വാട്ടര്‍ അതോറിറ്റി ജലശുദ്ധീകരണ കേന്ദ്രം, മുട്ടം റബര്‍ ഫാക്ടറി എന്നിവിടങ്ങളിലാണ് പ്രാക്ടിക്കല്‍. ഇതിനൊപ്പം ഗൃഹസന്ദര്‍ശനവുമുണ്ട്. എന്‍സിവിടി സിലബസ് അനുസരിച്ച് ഹെല്‍ത്ത് ആന്‍ഡ് സാനിറ്റേഷന്‍, ജല ശുദ്ധീകരണം, മലിനജല സംസ്കരണം, പരിസര ശുചിത്വം, ആരോഗ്യ പരിപാലനം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരാണ് ക്ളാസ് നയിക്കുന്നത്.

ജില്ലാ പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയ കെട്ടിടത്തിലാണ് ക്ളാസ്. ആദ്യബാച്ചില്‍ 16ഉം രണ്ടാം ബാച്ചില്‍ ഒന്‍പതുപേരും ഇവിടെ പഠിച്ചു. ഇത്തവണ എട്ടുപേരാണ് ഇതുവരെ ചേര്‍ന്നത്. അടുത്ത അധ്യയനവര്‍ഷം മുതല്‍ സിവില്‍ എന്‍ജിനിയറിങ്ങിനും ക്ളാസ് ആരംഭിക്കാന്‍ പദ്ധതിയുള്ളതായി വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോണി കെ തോമസ് പറഞ്ഞു. മിനി സാബു, ബിന്ദു രാധാകൃഷ്ണന്‍, സുലേഖ ഇബ്രാഹിം, ബിന്ദു സ്കറിയ എന്നിവരടങ്ങുന്ന കുടുംബശ്രീ സമിതിയാണ് ഐടിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
-പി എസ് തോമസ്-

ഇനി നാപ്കിന്‍ നിര്‍മാണവും

അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ട് സാനിട്ടറി നാപ്കിന്‍ നിര്‍മാണരംഗത്ത് ചുവടുറപ്പിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍. ഏറ്റുമാനൂര്‍ പഞ്ചായത്ത് കുടുംബശ്രീയിലെ മൂന്ന് സ്ത്രീകളുടെ നേതൃത്വത്തില്‍ 'കംഫര്‍ട്ട്' എന്ന പേരിലാണ് നാപ്കിന്‍ വിപണിയില്‍ എത്തിക്കുന്നത്. സാമൂഹ്യക്ഷേമവകുപ്പ് സൌജന്യമായി വിട്ടുകൊടുത്ത സ്ഥലത്താണ് നാപ്കിന്‍ യൂണിറ്റ്.

...Join Keralites, Have fun & be Informed.കുടുംബശ്രീ ജില്ലാ മിഷന്റെ പരിശീലനക്ളാസില്‍ നിന്നാണ് നാപ്കിന്‍ നിര്‍മാണത്തെക്കുറിച്ച് ഇവര്‍ മനസ്സിലാക്കുന്നത്. 2004 ല്‍ 10 പേരടങ്ങുന്ന സംഘം രൂപീകരിച്ച് യൂണിറ്റ് തുടങ്ങാന്‍ തീരുമാനിച്ചു. സംഘാംഗങ്ങളുടെ വിഹിതമായി 15,000 രൂപ സമാഹരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ ഫണ്ടും ബാങ്ക് വായ്പയും ഉപയോഗിച്ച് ആറര ലക്ഷം രൂപ വിലയുളള പഞ്ഞിനേര്‍പ്പിക്കാനുളള സാധാരണ മെഷീന്‍ വാങ്ങി. പ്രതിസന്ധി ഘട്ടത്തില്‍ ഏഴുപേര്‍ പിരിഞ്ഞുപോയെങ്കിലും മിനി, മിശ്രകുമാരി, ലിസി എന്നിവര്‍ യൂണിറ്റ് മുന്നോട്ടുകൊണ്ടുപോയി. നാപ്കിന്‍ നിര്‍മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ കേരളത്തിന് വെളിയില്‍നിന്നാണ് വാങ്ങുന്നത്. സാധാരണ വീട്ടമ്മമാരായിരുന്ന മൂവര്‍ സംഘം ഡല്‍ഹിയില്‍ ചെന്നാണ് അസംസ്കൃത വസ്തുക്കള്‍ ബുക്ക് ചെയ്തത്. സാധനങ്ങള്‍ ഇവിടെ എത്തിയപ്പോള്‍ പകുതിയിലധികം ഉപയോഗശൂന്യമായ സാധനങ്ങളായിരുന്നു. കനത്ത നഷ്ടം ഉണ്ടാക്കിയെങ്കിലും പിന്മാറാന്‍ ഇവര്‍ തയ്യാറായില്ല.

വിപണിയില്‍ ലഭിക്കുന്ന സാധാരണ നാപ്കിനുകളുടെ നിലവാരം ഉണ്ടെങ്കിലും വേണ്ടത്ര മാര്‍ക്കറ്റ് ചെയ്യാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. യൂണിറ്റില്‍ ഏഴു സ്ത്രീകള്‍ക്ക് നേരിട്ട് ജോലി നല്‍കാനുമായി. 10 പീസ് അടങ്ങുന്ന ഒരു പായ്ക്കറ്റിന് 24 രൂപയാണ് വില. ഇതില്‍നിന്നുള്ള വരുമാനം ബാങ്ക് വായ്പ അടയ്ക്കാനും യൂണിറ്റിന്റെ നടത്തിപ്പിനും ചെലവിടുന്നു. വേണ്ടത്ര പരസ്യം നല്‍കാന്‍ കഴിയാത്തതു മൂലം വന്‍ കമ്പനികളുമായി മത്സരിച്ച് വിപണി കൈയടക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. 10 മുതല്‍ 19 വയസ്സുവരെയുളള പെകുട്ടികള്‍ക്ക് കുറഞ്ഞ നിരക്കില്‍ സ്കൂളുകളിലും ആശ പ്രവര്‍ത്തകര്‍ വഴിയും നാപ്കിനുകള്‍ വിതരണം ചെയ്യുന്ന 'നാഷണല്‍ പ്രോജക്ട് ഫോര്‍ മെന്‍സ്ട്രല്‍ ഹൈജീന്‍' എന്ന പദ്ധതി നടപ്പാക്കുന്നതോടെ കംഫര്‍ട്ട് നാപ്കിന് കൂടുതല്‍ വിപണി ലഭിക്കുമെന്നാണ് പ്രതീക്ഷ.
-അനിത പ്രഭാകരന്‍-

ശുചിത്വത്തിന്റെ 'പെണ്‍പട്ടണം'

ആറുവര്‍ഷം മുമ്പ്.. കോഴിക്കോടിന്റെ പുലരികള്‍ക്ക് അതൊരു പുതുമയായിരുന്നു. നേരംപുലരുംമുമ്പേ നഗരത്തിലൂടെ ഓട്ടോയുമെടുത്ത് കുറച്ച് പെണ്ണുങ്ങള്‍ തലങ്ങും വിലങ്ങും പായുന്നത് കണ്ട നാട്ടുകാര്‍ക്ക് ആദ്യം അമ്പരപ്പ്. വളയം തിരിച്ച് കോഴിക്കോടിന്റെ സുപ്രഭാതങ്ങളിലേക്ക് അവരിറങ്ങിയത് സ്വന്തം അകത്തളംമാത്രം വൃത്തിയാക്കിയാല്‍ പോരെന്ന വാശിയുമായാണ്. 450 പെണ്ണുങ്ങള്‍ ഒരേ നിറമുള്ള കോട്ടും ഒരേ മനസ്സുമായി പുലരുമ്പോള്‍ ഓരോ വീട്ടുപടിക്കലുമെത്തും. ഭക്ഷ്യ-ഖരാവശിഷ്ടങ്ങളും ബക്കറ്റില്‍ നിറച്ച് മടങ്ങും. കോര്‍പറേഷന്റെ മാലിന്യവണ്ടിയെത്തിയാല്‍ അവയെല്ലാം അതിലേക്ക്... സംശയത്തോടെ നെറ്റിചുളിക്കേണ്ട. ഇവര്‍ കോഴിക്കോട്ടുകാരുടെ 'ശ്രീ'യാണ്. കുടുംബശ്രീ ഖരമാലിന്യ നിര്‍മാര്‍ജനത്തൊഴിലാളികളാണ് ഈ നിശബ്ദ വിപ്ളവത്തിന്റെ അവകാശികള്‍.

...Join Keralites, Have fun & be Informed.തുടക്കത്തിലെ ബുദ്ധിമുട്ടുകളെല്ലാം ഇപ്പോള്‍ പഴങ്കഥയായെന്ന് തൊഴിലാളികളും പറയുന്നു. "ആവേശത്തോടെ ഇറങ്ങിയെങ്കിലും ആദ്യദിവസങ്ങളില്‍ ദുര്‍ഗന്ധം സഹിക്കാനായില്ല. മടങ്ങിപ്പോകാന്‍വരെ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, അമ്മ ധൈര്യംതന്നു. എന്റെ അമ്മ തുടക്കംമുതല്‍ ഇതിലുണ്ട്''-തൊഴിലാളിയായ കാഞ്ചന പറയുന്നു.

നഗരത്തിന്റെ ഖരമാലിന്യനിര്‍മാര്‍ജന വിജയഗാഥ തുടങ്ങുന്നത് 2004ലാണ്. ഏഴോളം വാര്‍ഡില്‍ പരീക്ഷണാടിസ്ഥാനത്തിലായിരുന്നു തുടക്കം. കോര്‍പറേഷനിലെ 55 വാര്‍ഡിലും ഇപ്പോള്‍ കുടുംബശ്രീ ഖരമാലിന്യത്തൊഴിലാളികള്‍ എത്തുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായി കുടുംബശ്രീ പ്രവര്‍ത്തകരെ ഖരമാലിന്യനിര്‍മാര്‍ജന രംഗത്തേക്ക് ഇറക്കിയെന്ന പ്രത്യേകതയും കോഴിക്കോടിനുതന്നെ. അടുത്തിറങ്ങിയ 'പെൺപട്ടണം' എന്ന സിനിമയില്‍ ഈ സ്ത്രീ കൂട്ടായ്മയെ കാണാം.

"ഖരമാലിന്യം, ഭക്ഷ്യഅവശിഷ്ടങ്ങള്‍ എന്നിവയ്ക്ക് വെവ്വേറെയാണ് ബക്കറ്റ് വയ്ക്കുന്നത്. എങ്കിലും ചില വീടുകളില്‍ രണ്ടുംകൂടി ഒരുമിച്ച് നിറയും. ഇത് ഞങ്ങള്‍ക്ക് ഇരട്ടി പണിയാകാറുണ്ട്''-ഉഷ പറയുന്നു.

...Join Keralites, Have fun & be Informed."ഭര്‍ത്താവ് മരിച്ചപ്പോള്‍ മറ്റ് നിവൃത്തിയില്ലാതായി. മക്കളെ പഠിപ്പിക്കണം. സ്വയംതൊഴിലുകളൊന്നും അറിയില്ലായിരുന്നു. ജോലിയെക്കുറിച്ച് കേട്ടപ്പോള്‍ ആദ്യമൊന്ന് മടിച്ചു. പക്ഷേ, ഇതിന്റെ മഹത്വം ഇന്നെനിക്കറിയാം''-മുതലക്കുളം സ്വദേശിനിയായ മറ്റൊരാള്‍.

കോര്‍പറേഷന്റെയും ഒപ്പം സര്‍ക്കാരിന്റെയും സഹായം ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങായുണ്ട്. ഹെല്‍ത്ത്കാര്‍ഡ്, യൂണിഫോം, ഗ്ളൌസ് എന്നിവയെല്ലാം കോര്‍പറേഷന്‍ സൌജന്യമായി നല്‍കുന്നു. വാഹനങ്ങളുടെ റിപ്പയറിങ്, ഇന്ധനച്ചെലവ് എന്നിവ കുറേപ്പേരെ ഇതില്‍നിന്ന് പിന്നോട്ടുവലിച്ചു. വര്‍ക്ക്ഷോപ്പില്‍ ചെലവാകുന്ന തുക കൂടുതലായാല്‍ വണ്ടിയുടെ ലോൺ അടവ് തെറ്റും. കൌൺസിലര്‍മാര്‍ മുന്‍കൈയെടുത്ത് ഇവരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. റിപ്പോര്‍ട്ട് അംഗീകരിച്ച സര്‍ക്കാര്‍ സുസ്ഥിരനഗര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാഹനം സൌജന്യമായി നല്‍കാന്‍ ഉത്തരവിറക്കി. കൂടാതെ 1000 രൂപ ഇന്ധനച്ചെലവും.
-വി എസ് സൌമ്യ-

പിള്ളേരുകളിയല്ലിത്; നാടറിയേണ്ട കൃഷിപാഠം

തില്ലങ്കേരിയിലെ കുട്ടികള്‍ക്ക് കൃഷിപാഠം കേവലം പാഠപുസ്തകത്തിലെ അധ്യായമല്ല; പരീക്ഷയ്ക്കുള്ള ചോദ്യവും ഉത്തരവുമല്ല, അനുഭവപാഠമാണ്. കൈമോശം വന്ന കാര്‍ഷികസംസ്കൃതി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കണ്ണൂര്‍ തില്ലങ്കേരി പഞ്ചായത്തിലെ ആയിരത്തഞ്ഞൂറോളം വിദ്യാര്‍ഥികള്‍. പുത്തരിയുണ്ടും പായസം വച്ചും നാട് കുട്ടികളുടെ കൊയ്ത്തുത്സവം ആഘോഷിക്കുകയാണ്. ഇവരെ നെല്‍ക്കൃഷിയില്‍ ഉന്നതവിജയത്തിലേക്ക് നയിച്ചതാകട്ടെ കുടുംബശ്രീ കുട്ടിവയല്‍പദ്ധതിയും. 37 ഏക്കര്‍ സ്ഥലത്ത് 35,000 കിലോ നെല്ലുല്‍പ്പാദിപ്പിച്ച സംരംഭം ഭക്ഷ്യസുരക്ഷയ്ക്ക് വഴിതേടുന്ന കേരളത്തിന് മാതൃകയാണ്.

...Join Keralites, Have fun & be Informed.ഒരു സെന്റ് ഭൂമിയില്‍ ഒരു കുട്ടിവയല്‍ എന്നതായിരുന്നു പദ്ധതി. തില്ലങ്കേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കരഭൂമിയാണ് ഉപയോഗിച്ചത്. ഭക്ഷ്യക്ഷാമമുള്ള കാലത്ത് പുനംകൃഷി ചെയ്ത തരിശുഭൂമിയില്‍ വിദ്യാര്‍ഥികള്‍ വിത്തും കൈക്കോട്ടുമായി ഇറങ്ങി. ഇവിടെ പത്തിനും പതിനഞ്ചിനുമിടയിലുള്ള കുട്ടിക്കര്‍ഷകര്‍ കൊയ്തത് നൂറുമേനി. വര്‍ഷങ്ങളായി തരിശിട്ട ഭൂമി കുട്ടികളുടെ പരിലാളനയില്‍ കതിരണിഞ്ഞു.

കുട്ടിവയലില്‍ കൃഷിയിറക്കുന്നതിനുമുന്നോടിയായി വിത്ത് ശേഖരിക്കുന്നതിനും മറ്റും ബാലസഭയുടെ നേതൃത്വത്തില്‍ കുട്ടികളുടെ സ്പെഷ്യല്‍ ഗ്രാമസഭ ചേര്‍ന്നു. തുടര്‍ന്ന് കര്‍ഷകരുടെ വീടുകളില്‍നിന്ന് ഒരുപിടി വിത്ത് ശേഖരിച്ചു. നവര, ജ്യോതി, ജയ എന്നീ വിത്തിനങ്ങളാണ് കൃഷിചെയ്തത്. ഒരുസെന്റ് സ്ഥലത്ത് ഒരുപിടി വിത്താണ് വിതച്ചത്. മലയോരപ്രദേശമായതിനാല്‍ തരിശുനിലത്തിനുപുറമെ റബറിനും മറ്റു കൃഷികള്‍ക്കുമിടയില്‍ ഇടവിളയായും കുട്ടിവയല്‍പദ്ധതി പരീക്ഷിച്ചു. പുതുമഴയ്ക്കാണ് വിത്തിട്ടത്. മൂന്നുമാസംകൊണ്ട് വിളവെടുക്കാനായി.

...Join Keralites, Have fun & be Informed.വാര്‍ഡുകളില്‍ കുടുംബശ്രീ എഡിഎസും പഞ്ചായത്തുതലത്തില്‍ സിഡിഎസും പഞ്ചായത്ത് ഭരണസമിതിയുമാണ് കുട്ടിവയല്‍പദ്ധതിക്ക് സഹായം നല്‍കിയത്. നിലമൊരുക്കുന്നതിന് തൊഴിലുറപ്പുപദ്ധതി പ്രയോജനപ്പെടുത്തി. മണ്ണിര കമ്പോസ്റും ചാണകവും ഉള്‍പ്പെടെയുള്ള ജൈവവളം ഉപയോഗിച്ചാണ് കൃഷി. ജൈവവളം കൃഷിവകുപ്പും പഞ്ചായത്തും സൌജന്യമായി നല്‍കി. കളപറിക്കലും വളമിടലും കൊയ്ത്തുമെല്ലാം നടത്തിയത് വിദ്യാര്‍ഥികള്‍. ക്ളാസ് ആരംഭിക്കുന്നതിനുമുമ്പും സ്കൂള്‍സമയത്തിനുശേഷവുമായിരുന്നു കൃഷി. വിത്തിടലിനും കൊയ്ത്തിനുമപ്പുറം കാര്‍ഷികമേഖലയെക്കുറിച്ച് അവബോധം പകരുന്ന ഒട്ടേറെ കാര്യം കുട്ടികള്‍ പഠിച്ചു. മുളപൊട്ടുന്നതുമുതല്‍ കൊയ്യുന്നതുവരെയുള്ള കാര്യങ്ങള്‍ കുറിച്ചിട്ട കാര്‍ഷിക ഡയറി വലിയൊരു കൃഷിപാഠമാണ്. കര്‍ഷകകൂട്ടായ്മയും പഴയ കര്‍ഷകരുമായുള്ള അഭിമുഖവും കാര്‍ഷിക പ്രക്ഷോഭങ്ങള്‍ നടന്ന സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനവും കുട്ടികള്‍ക്ക് പുതിയ അറിവ് പകര്‍ന്നു. ഇതുമായി ബന്ധപ്പെട്ട കുട്ടികളുടെ കാര്‍ഷിക കൈയെഴുത്തുമാസിക അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

തുടക്കത്തില്‍ 'പിള്ളേരുകളി'യായി കണ്ട പലര്‍ക്കും പദ്ധതിയെക്കുറിച്ച് മതിപ്പുണ്ടായിരുന്നില്ല. എന്നാല്‍, നെല്ല് മുളച്ചപ്പോള്‍ കുട്ടികള്‍ക്കുണ്ടായ ആഹ്ളാദവും കൌതുകവുമാണ് രക്ഷിതാക്കളെയും പദ്ധതിയിലേക്ക് ആകര്‍ഷിച്ചതെന്ന് കുട്ടിവയലിന് നേതൃത്വം നല്‍കിയ പഞ്ചായത്ത് പ്രസിഡന്റ് കെ എ ഷാജിയും സിഡിഎസ് ചെയര്‍പേഴ്സണ്‍ എം കെ സുബൈറയും പറഞ്ഞു.

With Regards
Salim kalladi


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment