Thursday, October 21, 2010

[www.keralites.net] ജയന്‍ ലവ് യു ഓള്‍



അനൂപ് മോഹന്‍

ഓര്‍മകളുടെ ടൈറ്റിലില്‍ മുപ്പതു വര്‍ഷം എന്നു തെളിയുന്നു.

വീട്ടില്‍ ആളുകള്‍ കൂടുന്നതു കണ്ടു പകച്ചു നില്‍ക്കുകയായിരുന്നു അഞ്ചു വയസുകാരന്‍ കണ്ണന്‍. അമ്മ വിങ്ങിപ്പൊട്ടുന്നു. എന്താ കാര്യമെന്നു ചോദിച്ച അമ്മൂമ്മയോട് അമ്മ പറഞ്ഞു, അടുത്തുള്ള കോട്ടണ്‍ മില്‍ കത്തിപ്പോയതു കൊണ്ടാണെന്ന്. ആരോ വീടിനു മുന്നില്‍ രണ്ടു ക്യാമറകള്‍ ഫിക്സ് ചെയ്തു. ദൂരെ ഒരു ലോങ് ഷോട്ടില്‍ കണ്ണന്‍ വ്യക്തമായി കണ്ടു, വീടിന്‍റെ പടി കടന്ന് അച്ഛനും കുറച്ചുപേരും ചേര്‍ന്ന് ഒരു ശവപ്പെട്ടി ചുമന്നു കൊണ്ടു വരുന്നു. അപ്പോള്‍ മുതല്‍ കൊല്ലം ശ്രീകൃഷ്ണവിലാസം വീട്ടിലേക്കു ജനസമുദ്രം ഒഴുകിയെത്തിക്കൊണ്ടേയിരുന്നു. പിന്നെ പതുക്കെ പതുക്കെ കണ്ണനു മനസിലായി തന്‍റെ വല്ല്യച്ഛന്‍ മരിച്ചു. അഭ്രപാളിയില്‍ അഭിനയത്തിന്‍റെ ആവേശക്കാലം ഒരുക്കിയ വല്യച്ഛന്‍. അവിവാഹിതനായ വല്ല്യച്ഛന്‍റെ ചിതയ്ക്കു തീ കൊളുത്തിയതും കണ്ണന്‍ തന്നെ. അന്നു കേരളം കരയുകയായിരുന്നു. മലയാളി ഒരിക്കലും മറവിയിലേക്കു മറയ്ക്കാത്ത നടന്‍, മൂന്നക്ഷരപ്പേരിന്‍റെ പ്രതിധ്വനിയില്‍ മനസില്‍ ആവേശത്തിന്‍റെ തിരകള്‍. വാട്ട് ഡിഡ് യു സേ... ബെഗേഴ്സ്...എന്ന ഡയലോഗിനൊടുവില്‍ കൈയടിക്കാന്‍ ഇന്നും കാത്തുനില്‍ക്കുന്ന ആരാധകര്‍...അഭ്രപാളിയിലെ പൗരുഷത്തിന്‍റെ അനിഷേധ്യമായ അവസാനവാക്ക്. ജയന്‍.

മുപ്പതു വര്‍ഷത്തിനിപ്പുറം, ഫെയ്സ്ബുക്കിന്‍റെ പേജുകളില്‍ എവിടെയോ, ജയന്‍ ലവ് യു ഓള്‍ എന്ന പേജ് കണ്ടപ്പോള്‍, ആദ്യകൗതുകം ആരാധകന്‍റെ അന്വേഷണത്തിനു വഴിമരുന്നിട്ടു. ആ പേജിന്‍റെ സ്രഷ്ടാവ് കണ്ണന്‍നായര്‍, ജയന്‍റെ അനിയന്‍ സോമന്‍ നായരുടെ മകനാണെന്ന അറിവിലേക്ക്. അദ്ദേഹം ജയന്‍റെ ഓര്‍മകള്‍ രേഖപ്പെടുത്തുന്ന ശ്രമങ്ങളിലാണെന്നുമറിഞ്ഞു. വെറുതെ കലണ്ടര്‍ നോക്കുമ്പോള്‍ വിയോഗത്തിന്‍റെ ഓര്‍മ. വീണ്ടുമൊരു നവംബര്‍ പതിനാറിനോട് അടുക്കുന്നുവെന്ന തിരിച്ചറിവ്. ജയന്‍ മരിച്ചിട്ടു മുപ്പതു വര്‍ഷമാകുന്നു. ആ ഓര്‍മകള്‍ എന്നും നിലനിര്‍ത്താന്‍, വല്ല്യച്ഛന്‍റെ ജീവിതത്തിനൊപ്പം ഉണ്ടായിരുന്നവരുടെ സ്മരണകള്‍ ഒപ്പിയെടുക്കാന്‍ കണ്ണന്‍ ഒരു ഡോക്യുമെന്‍ററി തയാറാക്കുന്നു...ദ് മാന്‍ ബിഹൈന്‍ഡ് ദ് ലെജന്‍ഡ്. ഇതിഹാസത്തിനു പിന്നിലെ മനുഷ്യന്‍. വല്യച്ഛനെത്തേടിയുള്ള യാത്രയുടെ അനുഭവങ്ങള്‍ ഓര്‍മകള്‍ പങ്കുവയ്ക്കുമ്പോള്‍, കണ്ണനും ഒരു ആരാധകന്‍റെ അടങ്ങാത്ത ആവേശത്തിലായിരുന്നു.

മങ്ങിയ ഓര്‍മകളുടെ ബാല്യം. കൃത്യമായി എഡിറ്റു ചെയ്യാനാവാത്ത കിറെ സീനുകള്‍. മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കണ്ണനെ ഒറ്റക്കൈയില്‍ തൂക്കിയെടുത്തു കൊണ്ട് അകത്തേക്കു പോയ വല്ല്യച്ഛന്‍. പിന്നെയെപ്പോഴോ അച്ഛനും അമ്മയ്ക്കുമൊപ്പം വല്ല്യച്ഛനെ കാണാന്‍ ഏതോ ഹോട്ടലിലെത്തുമ്പോള്‍, മധുരമുള്ള എന്തോ കഴിക്കാന്‍ തരുന്നു. പിന്നെ ജയന്‍റെ മരണത്തിന്‍റെ ഓര്‍മ. എന്നാല്‍ വളര്‍ച്ചയുടെ ഓരോ പടവിലും വല്ല്യച്ഛന്‍റെ അദൃശ്യമായ സാന്നിധ്യം എപ്പോഴും കണ്ണന് ഒപ്പമുണ്ടായിരുന്നു. ഒരു തലമുറ ആരാധിക്കുമ്പോഴും, പുതിയ തലമുറ ആരാധിക്കാന്‍ അറിയാതെ പ്രേരിപ്പിക്കപ്പെടുമ്പോഴും...കണ്ണന്‍ വല്ല്യച്ഛനെ ഓര്‍ത്തു. ഒരിക്കലും വിസ്മൃതിയിലേക്കു മറയാത്ത സാന്നിധ്യമായി വല്ല്യച്ഛന്‍ എന്നും ഒപ്പമുണ്ടാകണം എന്നാഗ്രഹിച്ചു. ഒരിക്കല്‍ വിവരസാങ്കേതികവിദ്യയുടെ ചിത്രസങ്കേതങ്ങളില്‍ ജയന്‍റെ ഒരു നല്ല ഫോട്ടൊ തിരയുമ്പോള്‍, ഫലം നിരാശ. ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രം. കൈയിലുള്ള ചുരുക്കം ചില ചിത്രങ്ങളുമായി ഓര്‍ക്കുട്ടില്‍ ഒരു അക്കൗണ്ട് സ്റ്റാര്‍ട്ട് ചെയ്തു. അദ്ദേഹത്തിനു വേണ്ടി സംസാരിക്കാന്‍ ഒരു നാവ് ജന്മമെടുക്കുകയായിരുന്നു. ഇന്നും തിരക്കേറിയ ജീവിതത്തിനിടയില്‍ ജയനെക്കുറിച്ചൊരു സംശയം ആരെങ്കിലും വിളിച്ചു ചോദിച്ചാല്‍, ഫെയ്സ്ബുക്കിലോ, ഓര്‍ക്കുട്ടിലോ ഒരു സന്ദേശം വന്നാല്‍ മറുപടി പറയാന്‍ മറക്കാറില്ല, കണ്ണന്‍.

ജയന്‍ ലവ് യു ഓള്‍

മുപ്പതു കൊല്ലം മുന്‍പു വിടപറഞ്ഞ മനുഷ്യന്‍. സിനിമയിലാണെങ്കില്‍ വളരെ കുറച്ചു കാലം മാത്രം. പക്ഷേ, ജയന്‍ മലയാളിക്കൊരു വികാരമായിരുന്നല്ലോ.... ഓര്‍ക്കുട്ടിലെ പ്രതികരണം ചിന്തിച്ചതിലും അപ്പുറമായിരുന്നു. പലരും ചിത്രങ്ങള്‍ മെയ്ല്‍ ചെയ്തു. കേരളത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നു നിരവധി ആല്‍ബങ്ങള്‍ തപാലില്‍ വന്നു. പത്രക്കട്ടിങ്ങുകളും, ചിത്രങ്ങളും, ശേഖരിച്ചുവച്ച ജയന്‍റെ ചിത്രങ്ങളും...ആരാധനയുടെ കൊടുമുടിയില്‍ നിന്നവര്‍ വെട്ടിയുണ്ടാക്കിയവയായിരുന്നു അതെല്ലാം. നിരവധി ആരാധകരെ പരിചയപ്പെട്ടു. ഓര്‍ക്കുട്ട് വഴിയും നേരിട്ടും നിരവധി പേരുമായി ബന്ധപ്പെട്ടു. അതിലൊരാളായിരുന്നു കൊല്ലം സ്വദേശി ജോര്‍ജ് സാമുവല്‍. പിന്നീട് ജയന്‍റെ ഓര്‍മകള്‍ രേഖപ്പെടുത്തുന്ന ഡോക്യുമെന്‍ററി, ദ് മാന്‍ ബിഹൈന്‍ഡ് ദ് ലെജന്‍ഡിന്‍റെ നിര്‍മാതാവായി, ജോര്‍ജ്.

ദ് മാന്‍ ബിഹൈന്‍ഡ് ദ് ലെജന്‍ഡ്..... അതൊരു അന്വേഷണമായിരുന്നു. അറിയപ്പെടാത്ത രഹസ്യങ്ങള്‍, കണ്ണീരു പൊടിഞ്ഞ ഓര്‍മകള്‍, സൗഹൃദങ്ങള്‍. ഒരിക്കലും അവസാനിക്കാത്ത ബന്ധങ്ങളുടെ ഇഴയടുപ്പങ്ങള്‍. ഓര്‍മകള്‍ക്കിടയില്‍ തൊണ്ടയിടറി പാതിമുറിഞ്ഞ വാക്കുകള്‍... ഇതിഹാസത്തിനു പിന്നിലെ ആ മനുഷ്യനെ തിരിച്ചറിയുകയായിരുന്നു കണ്ണന്‍. കണ്ണന്‍റെ അന്വേഷണത്തില്‍, ജയന്‍റെ ജീവചരിത്രത്തിലേക്കു പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍, കണ്ടെത്തലുകള്‍....

ആദ്യ ഷോട്ട്..

ഓര്‍മകള്‍ ഒപ്പിയ ക്യാമറയുടെ കണ്ണുകളില്‍ ആദ്യം പതിഞ്ഞതു കൊച്ചിന്‍ ടൂറിസ്റ്റ് ഹോം. 1972 മുതല്‍ ജയന്‍റെ താവളം. സ്ഥിരം മുറിയുമുണ്ടായിരുന്നു. അന്നത്തെ റൂം നമ്പര്‍ 33. ഇന്നത്തെ റൂം നമ്പര്‍ 307. ആ മുറിയിലായിരുന്നു ജയന്‍ താമസിച്ചിരുന്നത്. സിനിമയിലെത്തുന്നതിനു മൂന്നു വര്‍ഷം മുമ്പേ അദ്ദേഹത്തിന്‍റെ സങ്കേതമായിരുന്നു ആ മുറി. ചെന്നൈയിലെത്തുമ്പോള്‍ താവളം ഹോട്ടല്‍ പാംഗ്രോവ്. ഡീലക്സ് റൂം നമ്പര്‍ 505. മരിക്കുന്നതിനു നാളുകള്‍ക്കു മുമ്പേ രണ്ടു ഹോട്ടലിലെയും വാടക പൂര്‍ണമായും കൊടുത്തു തീര്‍ത്തിരുന്നു ജയനെന്നു കണ്ണന്‍ അന്വേഷണത്തില്‍ അറിഞ്ഞു. കൊച്ചിയിലെ ഒരു ഹോട്ടലിനു കൂടി ജയന്‍റെ സിനിമാ ജീവിതത്തില്‍ സ്ഥാനമുണ്ട്. എംജി റോഡിലെ ഹോട്ടല്‍ ദ്വാരക. ആദ്യ സിനിമ, ജേസി സംവിധാനം ചെയ്ത ശാപമോക്ഷത്തില്‍ ജയന്‍റെ ആദ്യ ഷോട്ട് അവിടെയായിരുന്നു. ആദ്യത്തെ രാത്രിയെ വരവേല്‍ക്കാന്‍ കാര്‍ത്തിക വിളക്ക് ഒരുങ്ങി... ജയന്‍ പാടി അഭിനയിക്കുന്നു. അഭ്രപാളിയില്‍ വേദിയിലിരിക്കുന്ന കെ.പി ഉമ്മറിനും ഷീലയ്ക്കും അരികില്‍, സുമുഖനായ ജയന്‍. പിന്നീടങ്ങോട്ടു വസന്തം വിരിയിച്ച സിനിമാജീവിതത്തിന്‍റെ തുടക്കം.

സിനിമയിലെത്തും മുമ്പേ കൊച്ചിയില്‍ ജയനുണ്ടായിരുന്നു. അന്ന് അഭ്രപാളിയിലെ ജയനായിട്ടില്ല. നേവിയിലെ ഉദ്യോഗസ്ഥന്‍ കൃഷ്ണന്‍ നായര്‍. കൊച്ചിയില്‍ അദ്ദേഹത്തിനു മറ്റൊരു പേരു കൂടിയുണ്ടായിരുന്നു, ജാവ നായര്‍. കൊച്ചിയുടെ തെരുവുകളിലൂടെ ജാവ ബൈക്കില്‍ ചീറിപ്പായുന്ന കൃഷ്ണന്‍ നായര്‍ക്ക് ആരോ നല്‍കിയ പേര്, ജാവ നായര്‍. അക്കാലത്തു ജാവ സ്വന്തമായുണ്ടായിരുന്ന ചുരുക്കം ചിലരില്‍ ഒരാള്‍. പിന്നീടു സിനിമയിലെത്തിയപ്പോള്‍ ഒരു കാര്‍ സ്വന്തമാക്കി. ഫിയറ്റ് പത്മിനി കെആര്‍ഇ 134. കേരളത്തില്‍ നിന്നു ചെന്നൈയിലേക്കു ജയന്‍ ഫിയറ്റ് പത്മിനി ഓടിച്ചു പോയിരുന്നു. താരമായിരുന്ന കാലത്തും തിരക്കേറിയ തെരുവിലൂടെ ബുള്ളറ്റ് ഓടിക്കുമായിരുന്നു. സൈക്കിള്‍ റിക്ഷ ഓടിക്കുന്നയാളെ പുറകിലിരുത്തി റിക്ഷ ചവിട്ടുന്നതിന്‍റെ സുഖം ആസ്വദിച്ചിരുന്നു.. വല്ല്യച്ഛന്‍റെ പറഞ്ഞുകേട്ട വാഹനകഥകളിലേക്ക് കണ്ണന്‍ സ്റ്റിയറിങ് തിരിക്കുന്നു.

മറഞ്ഞിരുന്നാലും...

ഓര്‍മകള്‍ക്കു മുന്നില്‍ ക്യാമറയുടെ മിഴി തുറക്കുമ്പോള്‍, ഓരോന്നും പുതിയ അറിവുകള്‍. ജയനെക്കുറിച്ചുള്ള രസകരമായ കഥകള്‍. ആദ്യസിനിമ ശാപമോക്ഷത്തിനു മുമ്പേ ജയന്‍ അഭിനയിച്ചിരുന്നു, അത്ഭുതപ്പെടുത്തിയ അറിവു പകര്‍ന്നതു നടി വിധുബാല. നടന്‍ രവികുമാറിന്‍റെ അച്ഛന്‍ നിര്‍മിച്ച്, രവികുമാറും വിധുബാലയും നായികാനായകന്മാരായ ചിത്രം. അതില്‍ ജയന്‍റെ വേഷം ഡ്രാക്കുളയുടേതായിരുന്നു. ചിത്രീകരണം പാതിവഴിക്കു മുടങ്ങി. പുറത്തിറങ്ങിയിരുന്നെങ്കില്‍ ജയന്‍റെ ആദ്യ ചിത്രം അതാകുമായിരുന്നു. ജോസ്പ്രകാശ്, മധു, പറവൂര്‍ ഭരതന്‍, കനകദുര്‍ഗ്ഗ, ആലപ്പി അഷ്റഫ്, ക്യാപ്റ്റന്‍ രാജു, കുഞ്ചന്‍, മാള അരവിന്ദന്‍, ജനാര്‍ദ്ദനന്‍......വാക്കുകള്‍ ഇടറിയും പാതിമുറിഞ്ഞും ഓര്‍മയുടെ അന്തപ്പുരങ്ങള്‍ തുറന്ന സഹപ്രവര്‍ത്തകര്‍ ഇനിയുമേറെ.

വല്ല്യച്ഛന്‍റെ സഹപ്രവര്‍ത്തകരില്‍ കണ്ണനു മറക്കാനാകാത്ത ഒരാളുണ്ട് , കമല്‍ ഹാസന്‍. തിരക്കുകള്‍ക്കിടയില്‍ കമല്‍ അനുവദിച്ചതു പത്തു മിനിറ്റ്. അദ്ദേഹത്തിന്‍റെ ഓഫിസില്‍ കാത്തിരിക്കാന്‍ പറഞ്ഞു. കമല്‍ എത്തി. എല്ലാം റെഡി. പക്ഷെ ലൈറ്റ് വര്‍ക്ക് ചെയ്യുന്നില്ല. ഒടുവില്‍ കമല്‍ ഹാസന്‍റെ സ്റ്റുഡിയോയിലെ ലൈറ്റ് എടുക്കാന്‍ അനുവാദം.. കമല്‍ ജയനെക്കുറിച്ചോര്‍ത്തു. മനസ്, കാലങ്ങള്‍ക്കു പിന്നിലേക്ക്. എറണാകുളം ബിടിഎച്ചില്‍വച്ച്, ഫിറ്റ്നെസ് ടിപ്പുകള്‍ പറഞ്ഞുതന്ന ജയന്‍, ബിടിഎച്ചിനു മുന്നിലെ ഗ്രൗണ്ടില്‍ രാവിലെ ഓടുന്ന ജയന്‍....അങ്ങനെ ഒത്തൊരുമിക്കലിന്‍റെ ആദ്യപാഠങ്ങള്‍ അനവധി. പത്തു മിനിറ്റിന്‍റെ സമയപരിധിയും കടന്നു കമലിന്‍റെ വാക്കുകള്‍ പാഞ്ഞു.

പലര്‍ക്കും ജയന്‍ ഒരുപാടു സഹായങ്ങള്‍ ചെയ്തിരുന്നു. പരിചയപ്പെട്ടവര്‍ക്കു ഒരിക്കലും മറക്കാനാകാത്ത എന്തെങ്കിലും അവശേഷിപ്പിക്കുന്ന സവിശേഷസ്വഭാവമായിരുന്നു ജയന്‍റേത്. ജയന്‍ എന്ന ഒരൊറ്റപ്പേരിന്‍റെ തണലില്‍, ഒരു ക്യാമറയുമേന്തി ഇറങ്ങുമ്പോള്‍ എല്ലാവരുടെയും പ്രതികരണം ജയന്‍ എന്തായിരുന്നുവെന്നു തെളിയിക്കുകയായിരുന്നു. പ്രശസ്തിയുടെ കൊടുമിടിയില്‍ നില്‍ക്കുന്ന സഹപ്രവര്‍ത്തകരോടും സാധാരണക്കാരോടും ജയന്‍ ഒരു പോലെ പെരുമാറി. സിനിമയിലേക്കു കുതിരകളെ സപ്ലൈ ചെയ്യുന്ന കുതിര ഗോവിന്ദരാജിന്‍റെ സങ്കേതത്തില്‍ എത്തുമ്പോള്‍, കണ്ണന്‍ വല്ല്യച്ഛന്‍റെ ഒരു ചിത്രം കണ്ടു. നെപ്പോളിയന്‍ എന്ന കുതിരയെ അപ്പ് ചെയ്തു പിടിച്ചിരിക്കുന്നു, ജയന്‍. തടവറ എന്ന സിനിമയുടെ ലൊക്കേഷനില്‍ എടുത്തത്. ആ ഫോട്ടൊയ്ക്ക് മുന്നില്‍ വിളക്കു കത്തിച്ചുവച്ചിരിക്കുന്നു. ആരാധനയുടേയും സൗഹൃദത്തിന്‍റെയും തീനാളങ്ങള്‍.

കേരളം ആരാധിക്കുന്ന സിനിമാനടന്‍. യുവതലമുറയുടെ അടങ്ങാത്ത ആവേശം...ഇങ്ങനെ വിശേഷണങ്ങള്‍ ഒരുപാടുണ്ടായിരുന്ന കാലത്തും, തിരികെ കൊല്ലത്തെ വീട്ടിലെത്തുമ്പോള്‍, ജയന്‍ ബേബിയാകും. വീട്ടില്‍ എല്ലാവരും വിളിക്കുന്നത് അങ്ങനെയാണ്. ഷൂട്ടിങ് ഇടവേളയില്‍ വീട്ടിലെത്തി, തിണ്ണയില്‍ ഷീറ്റ് വിരിച്ച്, ചെറിയ കാറ്റിന്‍റെ തണുപ്പില്‍ കിടന്നുറങ്ങും. രാവിലെ എഴുന്നേറ്റ് സ്വന്തം കാര്‍ കഴുകി വൃത്തിയാക്കും. തീര്‍ന്നില്ല, അന്നു വീട്ടില്‍ ഭക്ഷണം പാകം ചെയ്യാനുള്ള വിറകും കൂടി കീറിക്കൊടുത്തിട്ടേ ജയന്‍ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കു മടങ്ങാറുള്ളൂ..

ഷോളവാരത്തെ മണ്ണ്

1980 നവംബര്‍ 16.

ഉച്ചയ്ക്ക് 12.30

മലയാള സിനിമയിലെ ഏറ്റവും വലിയ ദുരന്തം സംഭവിച്ച സമയം. രണ്ടാം ലോകമഹായുദ്ധകാലത്തു വാര്‍ഗ്രൗണ്ടായി ഉപയോഗിച്ചിരുന്ന ഷോളാവാരത്തെ എയര്‍ഗ്രൗണ്ടിലായിരുന്നു ജയന്‍റെ അന്ത്യം. നടന്‍ സുകുമാരന്‍റെ ബൈക്കിനു പിന്നില്‍ നിന്ന്, ഹെലികോപ്റ്ററില്‍ എത്തിപ്പിടിക്കുന്ന രംഗം വീണ്ടും സ്ക്രീനില്‍ തെളിയുമ്പോള്‍ നെഞ്ചിടിപ്പോടെയല്ലാതെ ആര്‍ക്കും അതു കാണാനാകില്ല. കോളിളക്കത്തിലെ ക്ലൈമാക്സില്‍ ആ കുടുംബം ഒരുമിക്കുമ്പോള്‍, ഒരു മകന്‍ അവര്‍ക്കൊപ്പമില്ലായിരുന്നു. ജയന്‍, തിരക്കഥയുടെ ക്ലൈമാക്സില്‍ ദൈവത്തിന്‍റെ തിരുത്ത് അംഗീകരിച്ചു മടങ്ങിപ്പോയി ജയന്‍. പിന്നീടങ്ങോട്ട് മലയാളിക്ക് ഒരിക്കലും അംഗീകരിക്കാനാകാത്ത നടുക്കത്തിന്‍റെ മണിക്കൂറുകളായിരുന്നു...

ഡോക്യുമെന്‍ററിക്കായി കണ്ണന്‍ ഷോളവാരത്തേക്കു പോകുന്നുവെന്നറിഞ്ഞപ്പോള്‍ ആരാധകരില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നു, അവിടുത്തെ മണ്ണ് കൊണ്ടു വരണമെന്ന്. കോളിളക്കത്തിന്‍റെ പ്രൊഡക്ഷനില്‍ ഉണ്ടായിരുന്നയാള്‍ വഴികാട്ടിയായി. ഷോളവാരത്തിന്‍റെ വിജനമായ ഭയപ്പെടുത്തുന്ന നിശബ്ദതയിലേക്കു കണ്ണനെത്തി. ഭയപ്പെടുത്തുന്ന ശൂന്യത. സിനിമയിലെ അതേ കാറ്റും..കാലത്തിനിപ്പുറം കാതോര്‍ത്തു. റണ്‍വേയിലൂടെ ഒരു ബൈക്ക് പായുന്നുണ്ട്. കണ്ണന്‍ ക്യാമറ കൈയില്‍ വിറയ്ക്കാതെ പിടിച്ചു. ജയന്‍ ബൈക്കിനു പുറകില്‍ നിന്ന് അവസാനമായി സഞ്ചരിച്ച വഴികളിലൂടെ. ഒടുവില്‍ ഹെലികോപ്റ്റര്‍ ക്രാഷ് ചെയ്ത സ്ഥലത്തിന്‍റെ മരണം മണക്കുന്ന മണ്ണിലേക്ക്, രക്തമിറ്റിയ പ്രതലത്തിലേക്കു ക്യാമറയിലൂടെ നിറകണ്ണുകളോടെയുള്ള സൂമിങ്. പിന്നെ അവിടെ നിന്ന് ഒരു പിടി മണ്ണു വാരിയെടുത്തു...

ഇന്നു ജീവിച്ചിരുന്നെങ്കില്‍, ജയന് എഴുപത്തൊന്നു വയസാകുമായിരുന്നു. പക്ഷെ മലയാളിക്കൊരിക്കലും ജയനെ വൃദ്ധനായി കാണാന്‍ കഴിയില്ല. എന്നും യൗവനത്തില്‍ ജീവിക്കുന്ന നടന്‍. തലമുറകള്‍ എത്ര മാറിയാലും കാലത്തെ ജയിച്ചു നില്‍ക്കും ജയന്‍, ആവേശത്തിന്‍റെ അസ്തമിക്കാത്ത ആള്‍രൂപം. അതുകൊണ്ടു തന്നെയാണു മുപ്പതു വര്‍ഷം പിന്നിടുന്ന ഓര്‍മകള്‍ക്കും നിറയൗവനത്തിന്‍റെ ഊഷ്മളതയുള്ളത്.

എല്ലാം പറഞ്ഞ് അവസാനിപ്പിക്കുമ്പോഴും കണ്ണന്‍റെ മനസിന്‍റെ റണ്‍വേയിലൂടെ ഒരു ബൈക്ക് പായുന്നുണ്ട്. അതിനു പിന്നില്‍...ദൂരെ ഒരു ഹെലികോപ്റ്ററിന്‍റെ ഇരമ്പം കേള്‍ക്കുന്നുണ്ടോ...

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment