Sunday, October 17, 2010

[www.keralites.net] ഈ കളി നമുക്കു പറ്റിയതല്ല



ഈ കളി നമുക്കു പറ്റിയതല്ല

ടി.വി.ആര്‍. ഷേണായ്‌

Fun & Info @ Keralites.netപ്രൗഢഗംഭീരമായ ബൃഹദേശ്വര ക്ഷേത്രനിര്‍മാണത്തിന് രാജരാജ ചോളന്‍ തുടക്കംകുറിച്ചതിന്റെ സഹസ്രാബ്ദിയാണ് 2003-ല്‍ ആഘോഷിച്ചത്. ആ പടുകൂറ്റന്‍ ശില്പസമുച്ചയം പണിതീര്‍ക്കാന്‍ ചോളശില്പികള്‍ക്കും കല്പണിക്കാര്‍ക്കും വെറും ഏഴ് വര്‍ഷമേ വേണ്ടിവന്നുള്ളൂ.കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നടത്തിപ്പ് സ്വന്തമാക്കാനുള്ള മത്സരത്തില്‍ ന്യൂഡല്‍ഹി ജയിച്ചതും 2003-ല്‍ തന്നെ. നാഴികക്കല്ലാകാന്‍പോകുന്ന മറ്റൊന്നിന് വേദിയൊരുക്കാന്‍ ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ഭരണകൂടത്തിന് ഏഴുവര്‍ഷത്തെ സാവകാശം കിട്ടി.

എന്നിട്ട് എന്താണ് നമുക്ക് ലഭിച്ചത്? തകരുന്ന പാലങ്ങളോ? മേല്‍ക്കൂരയില്‍നിന്ന് ടൈല്‍ അടര്‍ന്നുവീഴുന്ന സ്റ്റേഡിയങ്ങളോ? മാസങ്ങളോളം കുത്തിക്കുഴിച്ചിട്ട റോഡ് ഒടുവില്‍ തിരക്കിട്ട് ടാര്‍ ചെയ്തു. പക്ഷേ, ഒട്ടും നിലവാരമില്ലാത്ത ആ പ്രവൃത്തിയുടെ ഫലം ഒരു വര്‍ഷമെങ്കിലും അനുഭവിക്കാനാവുമോ? പാതയോരത്ത് തണല്‍വിരിച്ച വൃക്ഷങ്ങളുടെ കടയ്ക്കല്‍ കോടാലി വീണു, നടപ്പാതകള്‍ ഇരുട്ടിവെളുക്കും മുമ്പേ അപ്രത്യക്ഷമായി.

നിര്‍മാണസ്ഥലങ്ങളിലെ വെള്ളക്കെട്ടുകള്‍ കൊതുകുകളുടെ പ്രജനന കേന്ദ്രമായെന്നും ഡെങ്കിപ്പനി പടരാന്‍ അത് കാരണമാകുന്നുവെന്നും ഒരു കേന്ദ്രമന്ത്രിതന്നെയാണ് കഴിഞ്ഞ സപ്തംബറില്‍ മുന്നറിയിപ്പു നല്കിയത്. അത് ഡല്‍ഹിയെ കടുത്ത ഭീതിയിലാഴ്ത്തി. ഒടുവിലിതാ കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങി. 1857-ലെ നാദിര്‍ഷായുടെയും ബ്രിട്ടീഷ് ആക്രമണത്തിന്റെയും തിരിച്ചടിക്കുശേഷം ഡല്‍ഹി നേരിടുന്ന ഏറ്റവും കടുത്ത കൈയേറ്റമെന്നേ അതിനെ വിശേഷിപ്പിക്കാനാവൂ. കാര്യശേഷിയില്ലാത്തവരും ധൂര്‍ത്തരുമായ സംഘാടകര്‍ ആദ്യാവസാനം പണം പാഴാക്കിക്കൊണ്ട് നടത്തിയ വമ്പന്‍ സര്‍ക്കസായിരുന്നു അത്.

അഴിമതി ആരോപണങ്ങള്‍ മാറ്റിവെക്കാം. കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥ്യമരുളാന്‍ ഇന്ത്യ മത്സരത്തിനിറങ്ങിയതാണ് യഥാര്‍ഥ പാപം.ഒരു കള്ളത്തില്‍നിന്നാണ് അതു തുടങ്ങിയത്. സുരേഷ് കല്‍മാഡിയുടെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പറഞ്ഞത് പൊതുഖജനാവില്‍നിന്ന് 150 കോടി രൂപ വായ്പ കിട്ടിയാല്‍ ഗെയിംസ് ഭംഗിയായി നടത്താമെന്നാണ്. ബാക്കി പത്രങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളയാളാണ് വിപ്രോയുടെ മേധാവി അസിം പ്രേംജി. ഗെയിംസിനായി കേന്ദ്രസര്‍ക്കാര്‍ ഇതിനകം 11,000 കോടി രൂപയിലേറെ വകയിരുത്തിക്കഴിഞ്ഞെന്ന് അദ്ദേഹം പറയുന്നു.

പശ്ചാത്തല സൗകര്യമൊരുക്കാനുള്ള ചെലവ് പ്രേംജി പറഞ്ഞ കണക്കിലുള്‍പ്പെടുന്നില്ല. ബാധ്യത ഇന്ത്യയിലെ നികുതിദായകര്‍ക്കുതന്നെ. അത് 20,000 കോടി രൂപ മുതല്‍ 60,000 കോടി രൂപവരെയാകാം.അതിനിടെ കരസേനയുടെ സേവനങ്ങള്‍ക്ക് നല്കാന്‍ പണമില്ലെന്നായി സംഘാടകസമിതി. നാണക്കേടിനുമേല്‍ നാണക്കേട്. യാത്രച്ചെലവ് പട്ടാളക്കാര്‍തന്നെ സഹിക്കണം. തകര്‍ന്ന പാലം പുനര്‍നിര്‍മിച്ചതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കുള്ള ചെലവ് പ്രതിരോധ ബജറ്റില്‍നിന്ന് കണ്ടെത്തണം.

ദൂരക്കാഴ്ചയില്ലാത്തവരുടെ കണ്ണുകളില്‍ അതൊന്നും തെളിയുന്നില്ല. ഉദ്ഘാടനച്ചടങ്ങ് വര്‍ണശബളമായി നടന്നതോടെ 'ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നു' എന്ന് പ്രഖ്യാപിക്കാനാണ് എല്ലാവരും തിടുക്കംകൂട്ടിയത്. ഉദ്ഘാടന രാത്രിയിലെ കലാവിരുന്നിന് മാത്രം പൊടിച്ചത് 400 കോടി രൂപയെന്ന് പറഞ്ഞാല്‍ ആര്‍ക്കെങ്കിലും ഖണ്ഡിക്കാനാവുമോ? കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മുഴുവന്‍ നടത്തിപ്പിന് വേണ്ടിവരുമെന്ന് കല്‍മാഡി ആദ്യം പറഞ്ഞ തുകയുടെ രണ്ടിരട്ടിയിലേറെയാണതെന്ന് ഓര്‍ക്കുക.

സുരേഷ് കല്‍മാഡിക്കിപ്പോള്‍ അധികം സുഹൃത്തുക്കളില്ല. എങ്കിലും കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അനുഭാവികളായി കുറേ പേരുണ്ട്. ഗെയിംസ് നടത്തിപ്പ് നല്ല ആശയമാണെന്ന് സ്ഥാപിക്കാന്‍ അവരുടെ കൈയില്‍ അനേകം വിശദീകരണങ്ങളുമുണ്ട്.അവര്‍ പറയുന്നു: ഡല്‍ഹിക്കിപ്പോള്‍ ലോകോത്തര സൗകര്യങ്ങള്‍ സ്വന്തമായിക്കഴിഞ്ഞു. ഡല്‍ഹി മെട്രോയും പുതിയ വിമാനത്താവളവും ഒരുദാഹരണം. പുതിയതും നവീകരിച്ചതുമായ സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍ ഇന്ത്യയിലെ കായികതാരങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. ഇന്ത്യക്കാര്‍ക്ക് ലോകത്തെ പ്രതിഭാധനരായ കായികതാരങ്ങളെ നേരില്‍ കാണാനുള്ള ഭാഗ്യവും കിട്ടി. ലോകോത്തര അത്‌ലറ്റുകളുമായി മാറ്റുരയ്ക്കാന്‍ ഇന്ത്യയിലെ കായികതാരങ്ങള്‍ക്ക് അവസരവും ലഭിച്ചു.

പച്ചക്കള്ളങ്ങളുടെയും അര്‍ധസത്യങ്ങളുടെയും കൂമ്പാരമെന്നേ ഈ അവകാശവാദങ്ങളെ വിശേഷിപ്പിക്കാനാവൂ.മേല്‍പ്പറഞ്ഞ അടിസ്ഥാന സൗകര്യങ്ങളെന്തെങ്കിലും ഡല്‍ഹിക്ക് ലഭിച്ചിട്ടുണ്ടോ? കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയ്ക്ക് അനുവദിച്ചതിന് അഞ്ചു വര്‍ഷം മുമ്പ് ഡല്‍ഹി മെട്രോയുടെ നിര്‍മാണ പ്രവൃത്തി തുടങ്ങിയതാണ്. കൃത്യമായി പറഞ്ഞാല്‍ 1998 ഒക്ടോബറില്‍. ഇനി വിമാനത്താവളത്തിന്റെ കാര്യം. സ്വകാര്യ പങ്കാളിത്തത്തോടെ വിമാനത്താവളങ്ങളുടെ ശേഷി ഉയര്‍ത്തുക എന്ന ലക്ഷ്യവുമായുള്ള വിശാല ഇന്ത്യന്‍ പദ്ധതിയുടെ ഭാഗമായാണ് പുതിയ ടെര്‍മിനല്‍ നിര്‍മിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ബാധ്യത ഇല്ലാതെ തന്നെ മുംബൈ, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളില്‍ ഈ പദ്ധതി നടപ്പാക്കുന്നുണ്ട്.

പുതിയ ഏതെങ്കിലും സ്റ്റേഡിയം നമ്മുടെ കായികതാരങ്ങള്‍ക്ക് ഉപകാരപ്രദമാകുമോ? 1982-ലെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസിനു മുമ്പും നമ്മളത് കേട്ടതാണ്. എന്നാല്‍, 1984, 88, 92 വര്‍ഷങ്ങളില്‍ നടന്ന ഒളിമ്പിക്‌സുകളില്‍ ഒരു വെങ്കല മെഡല്‍ പോലും നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ലെന്നത് കായികചരിത്രം. ഈ വരള്‍ച്ചയ്ക്ക് വിരാമമിട്ടത് 1996-ല്‍ ലിയാന്‍ഡര്‍ പേസാണ്. അദ്ദേഹമാകട്ടെ ചെന്നൈയിലെ ബ്രിട്ടാനിയ-അമൃത്‌രാജ് ടെന്നീസ് അക്കാദമിയില്‍നിന്നാണ് കളിയടവുകള്‍ പഠിച്ചത്. ഡല്‍ഹിയില്‍ പരിശീലനം കിട്ടിയ എത്ര ഇന്ത്യക്കാര്‍ക്ക് ഒളിമ്പിക് മെഡല്‍ ലഭിച്ചുവെന്ന് പരിശോധിക്കുക. (ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഏക വ്യക്തിഗത സ്വര്‍ണ ജേതാവായ അഭിനവ് ബിന്ദ്രയ്ക്ക് അദ്ദേഹത്തിന്റെ സമ്പന്ന കുടുംബത്തിന്റെ പിന്തുണയാണ് സഹായകമായത്. ശീതീകരിച്ച സ്വന്തം ഷൂട്ടിങ് റേഞ്ചുതന്നെ അവര്‍ ബിന്ദ്രയ്ക്ക് ഒരുക്കിക്കൊടുത്തു.)

ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളുടെ കാര്യത്തില്‍ ഡല്‍ഹി ഭീകരസ്ഥലമാണ്. ചെറിയൊരു വസന്തകാലവും പിന്നെ വര്‍ഷകാലത്തിനും ശൈത്യത്തിനുമിടയിലെ ഹ്രസ്വകാലവും ഒഴിച്ചാല്‍ ഡല്‍ഹിയിലെ കാലാവസ്ഥ അതികഠിനം.1982-ലേ ഇത് തിരിച്ചറിഞ്ഞതാണ്. ഏഷ്യാഡ് നടന്നത് നവംബര്‍ 19 മുതല്‍ ഡിസംബര്‍ നാലുവരെയുള്ള നാളുകളില്‍. ചൂടും അന്തരീക്ഷ ഈര്‍പ്പവും കൂടിയ ഒക്ടോബറില്‍ത്തന്നെ മേള നടത്താന്‍ കോമണ്‍വെല്‍ത്ത് സംഘാടകരെ പ്രേരിപ്പിച്ചതെന്താകാം? ഇക്കുറി ചില ദീര്‍ഘദൂര ഇനങ്ങള്‍ നടന്നത് രാത്രി ഒമ്പതിനുശേഷമായിരുന്നു. കൊടുംചൂടില്‍ അത്‌ലറ്റുകള്‍ കുഴഞ്ഞുവീഴാനിടയുണ്ടെന്ന ആശങ്കയെത്തുടര്‍ന്നായിരുന്നു ഇത്.

ഇനി വിദേശ അത്‌ലറ്റുകളുടെ കാര്യം. ഇന്ത്യക്കാര്‍ക്ക് ലോകോത്തര പ്രതിഭകളെ കാണാന്‍ അവസരം ലഭിച്ചോ? കഴിഞ്ഞ ഒളിമ്പിക്‌സില്‍ സ്വര്‍ണം വാരിയവര്‍ ആരൊക്കെയായിരുന്നു? ചൈന, അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ജര്‍മനി, ഓസ്‌ട്രേലിയ, ദക്ഷിണകൊറിയ, ജപ്പാന്‍, ഇറ്റലി, ഫ്രാന്‍സ് അങ്ങനെ പോകുന്നു രാജ്യങ്ങളുടെ നിര. ആദ്യ പത്തംഗ സംഘത്തില്‍ എട്ടു രാജ്യങ്ങള്‍ കോമണ്‍വെല്‍ത്തില്‍ അംഗങ്ങളല്ല. ഫുട്‌ബോള്‍ ശക്തികളായ സ്‌പെയിന്‍, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ വേറെ.

ജമൈക്ക കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തി. എന്നാല്‍ അവരുടെ ഒളിമ്പിക് റെക്കോഡ് ജേതാവ് ഉസൈന്‍ബോള്‍ട്ട് സംഘത്തിലുണ്ടായിരുന്നില്ല. അതിന്റെ പേരില്‍ ബോള്‍ട്ടിനെ മനുഷ്യപ്പറ്റില്ലാത്തയാളെന്നും ദേശവിരുദ്ധനെന്നും ആരെങ്കിലും ആക്ഷേപിച്ചതായി അറിവില്ല.ഇതൊക്കെ വെച്ചുനോക്കുമ്പോള്‍ മെഡല്‍പ്പട്ടികയില്‍ അല്പം മുന്നിലെത്തിയെന്നതിന് അത്ഭുതം കൂറേണ്ട കാര്യമില്ല. ഒളിമ്പിക്‌സ് വരുമ്പോള്‍ വടക്കന്‍ അയര്‍ലന്‍ഡും സ്‌കോട്ട്‌ലന്‍ഡും വെയില്‍സും ബ്രിട്ടീഷ്പതാകയ്ക്ക് കീഴില്‍ കൈകോര്‍ക്കുമെന്നും ഓര്‍ക്കുക.

'ഹെറിറ്റേജ് കാര്‍ട്ട്മാന്റെ' സപ്തംബര്‍ ലക്കത്തില്‍ മണിശങ്കര്‍ അയ്യര്‍ രോഷത്തോടെ എഴുതി: ''പാവങ്ങള്‍ക്ക് നീതി ലഭ്യമാക്കാനുള്ള ഗ്രാമന്യായാലയങ്ങള്‍ക്ക് 600 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ നമ്മുടേത് ദരിദ്രരാജ്യമാണെന്നാണ് ധനമന്ത്രാലയവും ആസൂത്രണകമ്മീഷനും ആണയിട്ടത്. എന്നാല്‍ കോമണ്‍വെല്‍ത്ത് സംഘാടക സമിതിയുടെ ഓരോ ആവശ്യവും അവര്‍ ചോദ്യങ്ങളൊന്നുമില്ലാതെ അംഗീകരിക്കുന്നു. അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഏജന്‍സികളുടെ എസ്റ്റിമേറ്റുകള്‍ മറുവാക്കില്ലാതെ പാസാക്കുന്നു.''

പാവങ്ങളെ സ്വപ്നങ്ങളില്‍ പോലും ഉള്‍പ്പെടുത്താതെ 'വ്യാജമൂല്യങ്ങള്‍' മുറുകെപ്പിടിക്കുന്ന ഇടത്തരക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമെതിരെ അയ്യര്‍ ആഞ്ഞടിക്കുന്നുണ്ട്. അതല്പം കഠിനമായിരിക്കാം, പക്ഷേ, അസത്യമല്ല. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ യഥാര്‍ഥ ഫലം എന്താണ്? അഭയാര്‍ഥികളായ ആയിരക്കണക്കിന് പാവങ്ങളെ ഡല്‍ഹിയില്‍ നിന്ന് ആട്ടിയോടിച്ചു; വിദേശമാധ്യമങ്ങളുടെ കണ്ണില്‍ അവര്‍ പെടാന്‍ പാടില്ല. കുട്ടികള്‍ ഓടിക്കളിച്ചിരുന്ന ഡല്‍ഹിയിലെ ഹരിതാഭമേഖലകള്‍ പ്രത്യേകിച്ച് ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന് ചുറ്റും കോണ്‍ക്രീറ്റ് വിഴുങ്ങി. ഡെങ്കിപ്പനി ഇരകളുടെ എണ്ണം മൂന്നു മടങ്ങോളം വര്‍ധിച്ചു. ഉദ്ഘാടന, സമാപനദിനങ്ങളിലുള്‍പ്പെടെ ഡല്‍ഹി നിശ്ചലമായപ്പോള്‍ നഷ്ടമായത് കോടികള്‍. വരും ദശാബ്ദങ്ങളില്‍ നികുതിദായകര്‍ അടച്ചുതീര്‍ക്കേണ്ട സഹസ്രകോടികളുടെ ബാധ്യത വേറെ.

എന്നാല്‍ ഉദ്ഘാടന-സമാപന മാമാങ്കങ്ങള്‍ക്ക് പിന്നിലെ ഫേസ്ബുക്കും ട്വിറ്ററും ഓര്‍ക്കൂട്ടും ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് സൗഹൃദകൂട്ടായ്മകള്‍ അഭിമാനസന്ദേശങ്ങള്‍ കൊണ്ടു നിറഞ്ഞു. 'ഞാനൊരു ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നു.' വൃത്തിയെക്കുറിച്ചുള്ള ലളിത് ഭാനോട്ടിന്റെ അനശ്വരമായ ആ പ്രസ്താവന ഓര്‍മ വരുന്നു. 'വിജയം', 'ഉത്തരവാദിത്വം' എന്നിവ വിലയിരുത്തുമ്പോള്‍ ഇന്ത്യക്കാര്‍ വ്യത്യസ്ത അളവുകോലുകളാണ് പ്രയോഗിക്കുന്നത്. ഒളിമ്പിക്‌സിന്

ആതിഥ്യമരുളുന്നതില്‍ നിന്നും ഡല്‍ഹിയെ ദൈവം രക്ഷിക്കട്ടെ

courtesy to Mathrubhumi


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment