Tuesday, October 26, 2010

[www.keralites.net] പുഴ കടന്ന് പൂക്കളുടെ താഴ്‌വരയിലേക്ക്‌



പുഴ കടന്ന് പൂക്കളുടെ താഴ്‌വരയിലേക്ക്‌


കാടുകള്‍ താണ്ടി മലകള്‍ താണ്ടി മോഹന്‍ലാലിന്റെ സഞ്ചാരം; മറയൂരിലൂടെയും മൂന്നാറിലൂടെയും 'യാത്ര'യ്ക്ക് വേണ്ടി 

Fun & Info @ Keralites.netപര്‍വ്വതങ്ങളിലേക്കും പ്രകൃതിയിലേക്കുമുള്ള യാത്രകള്‍ എനിക്ക് ഏറെ ഇഷ്ടമാണ്. സമതല ലോകത്തിന്റെ സംഘര്‍ഷങ്ങളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും മുക്തമായി വശ്യമായ വഴികളിലൂടെയും ഒററയടിപ്പാതകളിലൂടെയും മഴയും മഞ്ഞും നനഞ്ഞ താഴ്‌വാരങ്ങളിലൂടെയും പ്രത്യേകിച്ച് ലക്ഷ്യങ്ങളോ ആലോചനളോ ഇല്ലാതെ ഒരു അലഞ്ഞുനടക്കല്‍. പക്ഷേ എന്റെ തൊഴില്‍ ജീവിതം എന്നെ അതിനനുവദിക്കാറില്ല. ഒരുനിമിഷം പോലും ഒഴിവില്ലാത്ത ദിവസങ്ങള്‍, എവിടെ പോയാലും തിരിച്ചറിയപ്പെടും എന്ന 'അപകടാ'വസ്ഥ. (ഒരു സ്ഥലത്തേക്കും 'കൂടെക്കൊണ്ടുപോവാന്‍ പററാത്ത'വനാണ് ഞാന്‍ എന്ന് എന്റെ സുഹൃത്തുക്കള്‍ പറയാറുണ്ട്. ഒരു കട്ടന്‍ചായ കുടിക്കാന്‍ പോലും കാറില്‍ നിന്നിറങ്ങാന്‍ സാധിക്കാത്തവന്‍,എല്ലാററിനും പരസഹായം വേണ്ടവന്‍.) എങ്കിലും വല്ലപ്പോഴും ചില അവസരങ്ങള്‍ വീണുകിട്ടാറുണ്ട്. ചിത്രീകരണത്തിരക്കിനിടയിലെ ചില ഇടവേളകള്‍ ഔദാര്യപൂര്‍വ്വം കനിഞ്ഞുനല്‍കുന്ന അനുഗ്രഹങ്ങള്‍. അതു ഞാന്‍ ആവേശത്തോടെയും ഇത്തിരി ആര്‍ത്തിയോടെയും ഉപയോഗിക്കുന്നു. കാട്ടരുവികള്‍ മുറിച്ചുകടന്ന്്, കൊച്ചു കുന്നുകള്‍ കിതച്ചുകയറി, പുല്‍ത്തകിടികളില്‍ കാറേറററും കിനാവുകണ്ടും മണ്‍വരമ്പുകള്‍ പകുത്ത കൃഷിയിടങ്ങളിലൂടെ എന്റെ സ്വപ്നങ്ങളിലേക്ക് ഞാന്‍ യാത്രപോകും. അപ്പോള്‍ മനസ്് ഒരു നാടോടിയുടെ നിഷ്‌ക്കളങ്കതയേയും ബാഷോവിനെപോലുള്ള ഒരു ഹൈക്കുകവിയുടെ നിസ്സംഗമായ സര്‍ഗ്ഗാത്മകതയേയും സ്​പര്‍ശിക്കുന്നു. സത്യന്‍ അന്തിക്കാടിന്റെ സിനിമയായ 'ഇന്നത്തെ ചിന്താവിഷയ'ത്തിന്റെ ഗാനങ്ങള്‍ ചിത്രീകരിക്കാന്‍ മൂന്നാറില്‍ എത്തിയപ്പോള്‍ വളരെ വര്‍ഷങ്ങള്‍ക്കുശേഷം എനിക്ക് ഒരു യാത്രികനാകാന്‍ സാധിച്ചു. എന്നെ ഏററവും നന്നായി അറിയുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് സത്യേട്ടന്‍. പാട്ടിന്റെ പട്ടുനൂല്‍ക്കെട്ടില്‍ നിന്നുമഴിച്ച് അദ്ദേഹം എന്നെ ഇടയ്ക്കിടെ സ്വതന്ത്രനാക്കി... അപ്പോഴെല്ലാം ഒരു കുടയും തോള്‍ബാഗും ക്യാമറയുമായി ഞാന്‍ നടന്നു... എന്റെ സ്വപ്നങ്ങള്‍ വിരിയുന്ന താഴ്‌വരയിലേക്ക്... പ്രണയപൂര്‍വം...മൂന്നാറില്‍ മുമ്പ് പല തവണ വന്നിട്ടുണ്ട്്. 
Fun & Info @ Keralites.netഏററവും ആദ്യം വന്ന ദിവസങ്ങളാണ് ഇപ്പോഴും ഓര്‍മയില്‍ തെളിഞ്ഞുനില്‍ക്കുന്നത്; എല്ലാ ആദ്യാനുഭങ്ങളെയും പോലെതന്നെ. 'ഉയരങ്ങളില്‍' എന്ന സിനിമയില്‍ അഭിനയിക്കാനായിരുന്നു ഞാന്‍ എത്തിയത്്. ഒടുങ്ങാത്ത പകയും പെണ്‍ദാഹവുമുള്ള ഒരു കഥാപാത്രമായിരുന്നു ആ സിനിമയിലേത്. എം.ടിയുടെ രചന. ആ കഥാപാത്രത്തിന്റെ തീവ്രത മുഴുവന്‍ നെഞ്ചില്‍പേറി അന്ന് ഞാന്‍ ഈ മലമടക്കുകളില്‍ ഒരുമാസത്തിലധികം സഞ്ചരിച്ചു. മേഘക്കൂട്ടങ്ങള്‍ മുട്ടിയുരുമ്മി ശൃംഗരിക്കുന്ന കൊടുമുടികളും മഞ്ഞുപുക തിരശ്ശീല പിടിക്കുമ്പോള്‍ മറയുകയും മാറുമ്പോള്‍ തെളിയുകയും ചെയ്യുന്ന വനങ്ങളുമുള്ള ഈ നാടുമായി അന്നുമുതലേ ഞാന്‍ അനുരാഗിയായി. വീണ്ടും വീണ്ടും ഞാനീ വഴികളിലേക്കു കയറിവന്നു. 
Fun & Info @ Keralites.netപൂഞ്ഞാര്‍രാജവംശത്തിന്റെ കൈവശഭൂമിയായിരുന്നു ഈ മൂന്നാര്‍ പ്രദേശങ്ങള്‍. മൂന്നാറിനു വടക്കുള്ള മറവൂര്‍, കാന്തല്ലൂര്‍, കീഴാന്തല്ലൂര്‍, വട്ടവട, മറയൂര്‍ എന്നീ അഞ്ചുനാടുകള്‍ മൂന്നാര്‍ രാജാവിന്റെ സാമന്തനായ കണ്ണന്‍ തേവന്‍ മന്നാടി എന്ന ഗിരിവര്‍ഗ്ഗാധിപന്റെ കീഴിലായിരുന്നു. പില്‍ക്കാലത്ത് ഈ പ്രദേശങ്ങള്‍ തിരുവിതാംകൂറിന് അധീനമായി. 1887ല്‍ ജെ.ഡി.മറോ എന്ന വെള്ളക്കാരന്‍ കണ്ണന്‍ദേവന്‍ മലകളിലെ കുറെ ഭൂമി വാങ്ങി ചായ നട്ടു. അന്നുമുതല്‍ മൂന്നാറിന്റെ കാററില്‍ സമൃദ്ധമായ ചന്ദനഗന്ധത്തിനൊപ്പം ചായയുടെ കടുംമണവും കലര്‍ന്നു. മൂന്നാറില്‍ നിന്നു മറയൂരിലേക്കു പോകുന്ന വഴിയില്‍ അടിമുടി നീലപ്പൂവുകള്‍ അണിഞ്ഞുനില്‍ക്കുന്ന മരക്കൂട്ടങ്ങള്‍ കണ്ടു ഞാന്‍ വിസ്മയിച്ചുനിന്നുപോയി. പച്ചപ്പ് മാത്രം പടര്‍ന്ന പശ്ചാത്തലത്തില്‍ നീലിമയുടെ നൃത്തം. വ്യാഴവട്ടത്തിലൊരിക്കല്‍ മാത്രം വന്നുമറയുന്ന നീലക്കുറിഞ്ഞിയടക്കം എന്തെന്തു പുഷ്പങ്ങളാണ് ഈ താഴ്‌വരയില്‍ വിരിയുന്നത്! ഈ പൂക്കള്‍ക്കിടയിലൂടെ പറന്ന് എന്റെ മനസ് ഒരുനിമിഷം ഹിമാലയത്തിലെ പൂക്കളുടെ താഴ്‌വരയിലേക്കുപോയി. കാഴ്ചയാല്‍ മോഹിപ്പിക്കുകയും ഗന്ധത്താല്‍ മയക്കുകയും ചെയ്യുന്ന പൂങ്കാവനം. കഴിഞ്ഞതവണ ഞാന്‍ അവിടേക്ക് പോകാന്‍ ഒരുങ്ങിയതാണ്. വഴിയടയുകയും പ്രകൃതി കോപിക്കുകയും ചെയ്തതിനാല്‍ മുടങ്ങി. പേരറിയാത്ത നീലപ്പൂക്കള്‍ വീണ മൂന്നാറിലെ ഒററയടിപ്പാതകളില്‍ കണ്‍നിറഞ്ഞ് നിന്നപ്പോള്‍ പൂക്കളുടെ താഴ്‌വര പതിഞ്ഞസ്വരത്തില്‍ എന്നെ വിളിച്ചുകൊണ്ടേയിരിക്കുന്നതുപോലെ. പോയ യാത്രകളേക്കാളുണ്ട് പോവാന്‍; കണ്ട കാഴ്ചകളേക്കാളുണ്ട് കാണാന്‍. കവിതയില്‍ പറഞ്ഞതുപോലെ: Miles to go before I sleep.... 
Fun & Info @ Keralites.netകൃഷി എനിക്കിഷ്ടമാണ്. ഉര്‍വരമായ കൃഷിഭൂമി കാണുന്നതു തന്നെ മനസിനെ ഉന്മേഷഭരിതമാക്കുന്നു. എല്ലാവിധ ആഡംബരങ്ങളും ആധുനിക ഉപകരണങ്ങളും ആര്‍ട്ട്ഗാലറിയും നിറഞ്ഞ വീടുേപാലെ എററവും ലളിതമായ കൃഷിയിടവും അതിലൊരു കൊച്ചുവീടും ഞാന്‍ സ്വപ്നം കാണുന്നുണ്ട്. തെങ്ങും വാഴയും ചേമ്പും ചേനയും എല്ലാം നിറഞ്ഞ തോട്ടത്തിനു നടുവില്‍ പുഴയ്ക്കഭിമുഖമായി മൂന്നോ നാലോ മുറികളുളള ഒരു വീട്. കൃഷിയുടെ ഗന്ധമുള്ള അവിടത്തെ പകലുകളും സായാഹ്നങ്ങളും. മൂന്നാറില്‍ നിന്ന് മറയൂരിലെ വയലുകളിലെത്തിയപ്പോള്‍ എന്നിലെ കാര്‍ഷിക പ്രണയം കൂടുതല്‍ തളിര്‍ത്തു. നെല്ലും കരിമ്പും കാരററും വിളയുന്ന മറയൂരിലെ വയലുകളില്‍ ജീവിതം ഇപ്പോഴും വിയര്‍പ്പണിഞ്ഞും ആദ്ധ്വാനപൂര്‍ണമായും ചലിക്കുന്നു. വാര്‍ദ്ധക്യത്തിന്റെ പാരമ്യത്തിലും ഒരു കുടുക്കയില്‍ പഴഞ്ചോറുമായി പാടത്ത് പണിക്കുവരുന്ന സ്ത്രീകള്‍. വെയിലില്‍ വെന്ത്‌വെന്ത് കറുത്ത് ചുക്കിച്ചുളിഞ്ഞ ശരീരവും വെററിലക്കറ നിറഞ്ഞ് അവിടവിടെ അടര്‍ന്നുപോയ പല്ലുകളുമായി പാടവരമ്പിലെ ഓലക്കുടിലില്‍ വിശ്രമിക്കുന്ന ആ സ്ത്രീകളെ നോക്കിയിരിക്കുമ്പോള്‍ ജീവിതത്തിന്റെ സംതൃപ്തിയെക്കുറിച്ചുള്ള പുരാതനമായ സന്ദേഹങ്ങള്‍ എന്നില്‍ നിറഞ്ഞു. Fun & Info @ Keralites.netഈ ജീവിതത്തില്‍ ഇവര്‍ സംതൃപ്തരാണോ? അല്ലെങ്കില്‍, ഇവരെ ധനികരാക്കിയാല്‍ എല്ലാ അസംതൃപ്തികളും തീരുമോ? കരിമ്പിന്‍തോട്ടത്തിലൂടെ കടന്നുപോകുമ്പോള്‍, രണ്ട് ആദിവാസിക്കുഞ്ഞുങ്ങള്‍ എന്റെ മുന്നില്‍പ്പെട്ടു. മുഷിഞ്ഞുകീറിയ വസ്ത്രങ്ങളും മധുരമുള്ള പേരുമുള്ളവര്‍: മഞ്ജുവും അഞ്ജനയും. അവര്‍ക്ക് എന്നെ അറിയില്ല. അവരോടു ഞാന്‍ ചോദിച്ചു: 'എന്റെ കൂടെപ്പോരുന്നോ?' ഒരുനിമിഷം സംശയിച്ചുനിന്നതിനുശേഷം അതിലൊരു കുട്ടി മറേറ കുട്ടിയോടു പറയുകയാണ്: 'നമുക്ക് പോവാം, നിറയെ തീനി കിടയ്ക്കും'. വിശപ്പിലുരുകി വന്ന ആ വാക്കുകള്‍ എന്റെ ചെവിയില്‍ തീത്തൈലം പോലെയാണ് വന്നുവീണത്്. നഗരസമ്പന്നത അമിതഭക്ഷണത്താല്‍ മഹാരോഗങ്ങളിലേക്ക് പായുമ്പോള്‍ വിദൂരഗ്രാമങ്ങള്‍ ഒരു കുഞ്ഞുവയറുപോലും നിറയ്ക്കാനാകാതെ ഗതികെടുന്നു. കുറച്ചുനേരം ആലോചിച്ചശേഷം അഞ്ജന പറഞ്ഞു: 'നീ പൊയ്‌ക്കോ,ഞാനില്ല'. പിറേറന്ന്, ഷൂട്ടിംഗിനിടെ ഉച്ചഭക്ഷണസമയത്ത് ചോറ് ബാക്കിവച്ച് കളഞ്ഞ സുഹൃത്തിനോട് ഞാന്‍ ഈ അനുഭവം പറഞ്ഞു. അയാള്‍ നടുങ്ങിക്കൊണ്ടും നനഞ്ഞ മിഴികളോടെയുമാണ് അത് കേട്ടുതീര്‍ത്തത്. ഇനിയൊരിക്കലും എന്റെ ആ സുഹൃത്ത് ഭക്ഷണം കളയില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. 
ആ വഴിയില്‍ വച്ചുതന്നെയാണ് മറെറാരു കൊച്ചുപെണ്‍കുട്ടി എന്റെയരികില്‍ വന്നത്. പൂക്കള്‍ തുന്നിയ വൃത്തിയുള്ള വസ്ത്രം ധരിച്ച്, എണ്ണ മിനുങ്ങുന്ന മുടി ഇരുവശത്തേക്കും പിന്നിയിട്ട സുന്ദരി. അവള്‍ എന്റെ ഷര്‍ട്ടില്‍ പിടിച്ചുകൊണ്ട് ചോദിച്ചു: 'എന്നെ ഓര്‍മ്മയുണ്ടോ?' എനിക്കോര്‍മയുണ്ടായിരുന്നില്ല, എത്രയോ മുഖങ്ങള്‍ കാണുന്നു. 'എന്റെ പേര് ഓര്‍മയുണ്ടോ?' അവള്‍ വീണ്ടും ചോദിച്ചു അത് തീരെ അറിയില്ലായിരുന്നു. തിരിച്ചറിയപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുക എന്നതാണ് മനുഷ്യന്റെ വലിയ സംതൃപ്തികളിലൊന്ന് എന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ. അവളുടെ കുഞ്ഞിക്കണ്ണുകളിലേക്ക് നോക്കി നിസ്സഹായനായി ഞാന്‍ നിന്നു. അപ്പോള്‍ അവള്‍ പറഞ്ഞു. 'എന്റെ പേര് കീര്‍ത്തന. രസതന്ത്രത്തിന്റെ ഷൂട്ടിംഗിനു വന്നപ്പോള്‍ മാമനെ കണ്ടിട്ടുണ്ട്.' അപ്പോള്‍ എനിക്ക് നേരിയ ഓര്‍മ വന്നു. ആ വയലില്‍ വച്ചാണ് രസതന്ത്രത്തിലെ ഒരു പാട്ട് സത്യേട്ടന്‍ ചിത്രീകരിച്ചത്. ഞാന്‍ ആ മോളുടെ കവിളില്‍ ഒരുമ്മ കൊടുത്തു. ഹിമാലയത്തില്‍ വച്ച് എസ്.കെ. പൊറെറക്കാടിനുണ്ടായ ഒരു അനുഭവം അദ്ദേഹം സഞ്ചാരസാഹിത്യത്തില്‍ എഴുതിയത് ഓര്‍മ വന്നു. ഗൗരീകുണ്ഡിനടുത്തെ ഒരു കൃഷിയിടത്തില്‍ ഒരു കൂട്ടം കുഞ്ഞുങ്ങളുടെ നടുവില്‍ നില്‍ക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം ആ കുട്ടികളുടെ പേര് ചോദിച്ചു. ശാന്താദേവി, കമലാദേവി, ദര്‍ശിനീദേവി, മഹാദേവറാട്ടി..... ഓരോ കുട്ടിയും പേരു പറഞ്ഞു. അപ്പോള്‍ എസ്.കെ. ചോദിച്ചു: 'മുഖാരി എവിടെ?' അല്‍പം അകന്നു നിന്ന പെണ്‍കുട്ടികളുടെ ഇടയില്‍ നിന്ന് ഒരു കൊച്ചുപെണ്‍കുട്ടി വിളിച്ചുപറഞ്ഞു: 'മുഖാരി ഞാനാണ്'. മുഖാരി എന്നത് ഗര്‍വ്വാള്‍ മേഖലയിലെ പെണ്‍കുട്ടികളുടെയിടയില്‍ സാധാരണമായ ഒരു പേരാണ് എന്നറിഞ്ഞുകൊണ്ട് എസ്.കെ. പ്രയോഗിച്ച ഒരു സൂത്രമായിരുന്നു അത്. തന്നെ ഒരാള്‍ തിരിച്ചറിഞ്ഞതില്‍ സന്തോഷിച്ച് ആ കുട്ടി തുള്ളിച്ചാടി. സൂക്ഷ്മനിരീക്ഷണമുള്ള ഒരു സഞ്ചാരിക്കേ ഇങ്ങനെ ചെയ്യുക സാധ്യമാകൂ. അവര്‍ക്ക് ഒരിക്കല്‍ കണ്ട ആളെപ്പോലും തിരിച്ചറിയുവാന്‍ സാധിക്കും. കഥാപാത്രങ്ങളില്‍ നിന്ന് കഥാപാത്രങ്ങളിലേക്ക് പറക്കുന്ന ഒരു നടന്‍ മാത്രമായതുകൊണ്ടാകണം എന്റെ ഓര്‍മ്മകള്‍ ഏറെ ദുര്‍ബലമാണ്. യാത്ര എന്റെ മുഖ്യമായ ഇഷ്ടങ്ങളിലൊന്നാണ്, എന്നാല്‍ അഭിനയം എന്റെ അഭിനിവേശമാണ്, എല്ലാമെല്ലാമാണ്. നടനില്‍ മറഞ്ഞു കിടക്കുന്ന സഞ്ചാരിയെ ജ്വലിപ്പിച്ചെടുക്കാന്‍ ഞാന്‍ യാത്ര തുടരുകയാണ്... ദൂരങ്ങള്‍ എന്നെ വിളിക്കുന്നു...

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment