Tuesday, January 10, 2012

[www.keralites.net] അങ്കമാലി നഴ്സസ് സമരം: മാധ്യമങ്ങള്‍ മൂടിവെക്കുന്ന സത്യങ്ങള്‍

 

അങ്കമാലി നഴ്സസ് സമരം: മാധ്യമങ്ങള്‍ മൂടിവെക്കുന്ന സത്യങ്ങള്‍


കഴിഞ്ഞ തവണ കാണുമ്പോള്‍, നഴ്സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ ദേഹമാസകലം മുറിവുകളായിരുന്നു. അമൃത ആശുപത്രിയില്‍വെച്ചുണ്ടായ ക്രൂരമായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സഹപ്രവര്‍ത്തകന്റെ ശസ്ത്രക്രിയാ ആശ്യത്തിനായി തൃശൂരിലെ ആശുപത്രിയില്‍ എത്തിയതായിരുന്നു ജാസ്മിന്‍ ഷാ അന്ന്. സുഹൃത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞ ഉടന്‍, സമരം തുടരുന്ന അമൃതയിലെ സഹജീവികള്‍ക്കടുത്തേക്ക് ബാന്റേജുകളോടെ കുതിക്കുന്നതിനിടെയാണ് അന്ന് ജാസ്മിനുമായി സംസാരിച്ചത്. 
ഇപ്പോള്‍ കാണുമ്പോള്‍ ആ മുറിവുകള്‍ ഉണങ്ങിയിട്ടുണ്ട്. എന്നാല്‍, കാര്യങ്ങള്‍ അതേ പടിയാണ്.  അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ നഴ്സുമാരുടെ സമരം ഒമ്പതാം ദിവസത്തിലേക്ക് കടക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളെല്ലാം മൌനവ്രതം തുടരുന്നു. കേരളത്തിന്റെ എല്ലാ ഭാഗത്തുമുള്ള നഴ്സുമാര്‍ സമരത്തലേക്ക് ഒഴുകുന്നു. രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകര്‍ പിന്തുണയുമായി രംഗത്തു വരുന്നു. അമൃത സമരകാലത്ത് ഹിന്ദു വിരുദ്ധരെന്നാണ് വിളിക്കപ്പെട്ടിരുന്നതെങ്കില്‍ ഇത്തവണ ക്രിസ്ത്യന്‍ വിരുദ്ധരെന്നാണ് 'ഓമനപ്പേര്'. മതത്തെയും മാധ്യമങ്ങളെയും ഉപയോഗിച്ച് സമരം പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതിനിടെ, അങ്കമാലിയിലെ സമരത്തെക്കുറിച്ച എല്ലാ വിവരങ്ങളും ജാസ്മിന്‍ഷാ 'നാലാമിടത്തോട് വിശദമാക്കുന്നു:
അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ എപ്പോഴാണ് സമരം തുടങ്ങിയത്?
കഴിഞ്ഞ മാസം 22ന് മാനേജ്മെന്റിന് ഡിമാന്റ് നോട്ടീസ് നല്‍കി. സംഘടനാ സ്വാതന്ത്യ്രം അനുവദിക്കുക, മിനിമം കൂലി, ഡ്യൂട്ടി സമയം എട്ടു മണിക്കൂര്‍ ആക്കുക, പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ അനുവദിക്കുക, സബ്കോണ്‍ട്രാക്റ്റ് സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി പത്തുമുതല്‍ സമരം ചെയ്യുമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.
സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ 16 അംഗങ്ങളാണ് അച്ചനെ കണ്ട് വിവരങ്ങളറിയിക്കാന്‍ പോയത്.  എല്ലാവരും ഇവിടെ നില്‍ക്കേണ്ട. നാലഞ്ചു പേര്‍ മാത്രം അച്ചനെ കാണാന്‍ നിന്നാല്‍ മതിയെന്ന് പറഞ്ഞ്  അധികൃതര്‍ പ്രവര്‍ത്തകരെ ഒഴിപ്പിച്ചു. എന്നാല്‍, ശേഷിച്ചവരുമായി ചര്‍ച്ചക്ക് അധികൃതര്‍ തയ്യാറായില്ല. പകരം അവരെ പുറത്താക്കാന്‍ ഉടന്‍ നോട്ടീസ് ഇറക്കുയായിരുന്നു മാനേജ്മെന്റ്.  ട്രെയിനിങ് കാലാവധി കഴിഞ്ഞു എന്ന് പറഞ്ഞാണ് രണ്ട് ആണ്‍കുട്ടികള്‍ക്കും രണ്ട് പെണ്‍കുട്ടികള്‍ക്കും പുറത്താക്കാന്‍ നോട്ടീസ് നല്‍കിയത്. അവരിലൊരാളുടെ കല്യാണം കഴിഞ്ഞ ദിവസം നടന്നു. ഭാര്യയുമായ ി അവന്‍ നേരെ സമരപ്പന്തലിലേക്കാണ് വന്നത്.
ജനുവരി ഒന്നുമുതല്‍ പുറത്താക്കല്‍ നടപടി പ്രാബല്യത്തില്‍ വരുന്ന വിധത്തിലാണ് 28ന് മാനേജ്മെന്റ് നോട്ടീസ് നല്‍കിയത്. ഇവരെ തിരിച്ചെടുത്തില്ലെങ്കില്‍ രണ്ടാം തീയതി മുതല്‍ പ്രക്ഷോഭം തുടങ്ങുമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ യൂനിറ്റ് കമ്മിറ്റി വ്യക്തമാക്കി. എന്നാല്‍, പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാന്‍ പറ്റില്ലെന്ന് ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി. തുടര്‍ന്ന് രണ്ടാം തീയതി സമരമാരംഭിച്ചു. ആശുപത്രിയിലെ മുഴുവന്‍ നഴ്സിങ് ജീവനക്കാരും സമരത്തിലുണ്ട്.
ലിറ്റില്‍ ഫ്ലവറിലെ പ്രശ്നങ്ങള്‍ എന്തൊക്കെയായിരുന്നു?
മറ്റ് വന്‍കിട ആശുപത്രികളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ തന്നെ. ശമ്പളമായി ചില്ലിക്കാശ്, സര്‍ടിഫിക്കറ്റുകള്‍ പിടിച്ചു വെക്കല്‍, ജോലി മതിയാക്കണമെങ്കില്‍ അരലക്ഷം രൂപ വരെ ബോണ്ട് തുക ,  10^12 മണിക്കൂര്‍ ഡ്യൂട്ടി, അടിസ്ഥാന ആവശ്യങ്ങള്‍ നല്‍കാതിരിക്കുക, അങ്ങനെ പലതും.
ട്രെയിനി ആയാണ് ഇവിടെ നഴ്സുമാരെ ജോലിക്കെടുക്കുന്നത്. രണ്ട് വര്‍ഷമാണ് ട്രെയിനിങ് കാലയളവ് എന്നൊക്കെ പറയുമെങ്കിലും 14 വര്‍ഷം വരെ ട്രെയിനിയായി തുച്ഛ ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ ഇവിടെയുണ്ട്. 2500 മുതല്‍ അയ്യായിരം വരെയാണ് ഇവര്‍ക്ക് കിട്ടുന്ന ശമ്പളം. ആശുപത്രി നേരിട്ടല്ല ഇടനിലക്കാരെ വെച്ചാണ് നഴ്സുമാരെ നിയമിക്കുന്നത്.  സബ്കോണ്‍ട്രാക്റ്റര്‍മാര്‍ വഴി.
മാനേജ്മെന്റ് ഇപ്പോള്‍ പറയുന്നത് 15,000 രൂപ നഴ്സുമാര്‍ക്ക് നല്‍കുന്നുണ്ട് എന്നാണ്. എന്നാല്‍ 2500^5000 മാത്രമാണ് നഴ്സുമാര്‍ക്ക് കിട്ടുന്നത്. മാനേജ്മെന്റ് പറയുന്നത് ശരിയെങ്കില്‍ ബാക്കി തുക ഈ സബ് കോണ്‍ട്രാക്റ്റര്‍മാര്‍ തട്ടിയെടുക്കുന്നതാവാം. അങ്ങിനെയങ്കില്‍ ഇത് പഴയ കങ്കാണി വ്യവസ്ഥയേക്കാള്‍ ക്രൂരമാണ്. ഇതിന്റെ ഉത്തരവാദിത്തം മാനേജ്മെന്റിന് മാത്രമാണ്.
ഇത്തരം ആശുപത്രികളില്‍ എല്ലാം സഹിച്ച് പണിയെടുക്കുന്നത് എക്സ്പീരിയന്‍സ് സര്‍ടിഫിക്കറ്റിന് വേണ്ടിയുമാണ്. എന്നാല്‍,ആശുപത്രിയുടെ പേരിലല്ല  ഇവിടെനിന്ന്  സര്‍ടിഫിക്കറ്റ് നല്‍കുന്നത്. സബ്കോണ്‍ട്രാക്റ്റര്‍മാരുടെ പേരിലാണ്. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ അടക്കമുള്ള ആശുപത്രികളില്‍ ജോലി ചെയ്തിട്ടുണ്ട് എന്ന് ഒഴുക്കന്‍ മട്ടില്‍ പറയുന്ന സര്‍ടിഫിക്കറ്റുകള്‍. ഇത് എന്തൊരു ക്രൂരതയാണ്.
സമരം തുടങ്ങിയപ്പോള്‍ മുതല്‍ മാനേജ്മെന്റ് പുതിയ പരിപാടികളാണ് ആലോചിക്കുന്നത്.  മുഴുവന്‍ നഴ്സുമാര്‍ക്കും യോഗ്യത പരീക്ഷ വെക്കണമത്രെ.  പരീക്ഷ ജയിക്കുന്നവരെ മാത്രമേ സ്ഥിരപ്പെടുത്തൂ എന്നും അവര്‍ പറയുന്നു. അംഗീകൃത യോഗ്യതകളുള്ള പത്തും പതിനാലും വര്‍ഷം വരെ എക്സ്പീരിയന്‍സുള്ളവര്‍ക്കാണ് ഇവര്‍ ഇപ്പോള്‍ പരീക്ഷ വെക്കുന്നത്. എന്താണ് ഇതിനര്‍ഥം? ഇത്ര കാലവും ആശുപത്രി നടത്തിയത് യോഗ്യതയില്ലാത്തവരെ ഉപയോഗിച്ചാണ് എന്നോ. അതോ, കൂലി ചോദിക്കുമ്പോള്‍ മാത്രം യോഗ്യതയെക്കുറിച്ച് ബോധോദയം വരുന്നുവെന്നോ. ഇതൊക്കെ വെറും തട്ടിപ്പു ന്യായങ്ങളാണ്. അവര്‍ക്ക് പറ്റുന്നവരെ മാത്രം എടുത്ത് മറ്റുള്ളവരെ പുറത്താക്കാനുള്ള ചൊട്ടുവിദ്യ. നമ്മുടെ നാട്ടിലെ കണ്ണില്‍ ചോരയില്ലാത്ത മുതലാളിമാര്‍ പോലും ചെയ്യാത്ത കാര്യമല്ലേ ഇത് .
സമരത്തെ മാനേജ്മെന്റ് എങ്ങനെയാണ് സമീപിച്ചത്?
ചര്‍ച്ച അടക്കമുള്ള മുഴുവന്‍ പരിഹാര സാധ്യതകള്‍ക്കും നേരെ കണ്ണടക്കുകയായിരുന്നു മാനേജ്മെന്റ്. മാനേജ്മെന്റിന്റെ നിലപാട് എന്തെന്ന് മനസ്സിലാക്കണമെങ്കില്‍ ആദ്യദിവസങ്ങളില്‍ നടന്ന സംഭവങ്ങളെ കുറിച്ച് അന്വേഷിച്ചാല്‍ മതി.
എന്തൊക്കെ സംഭവങ്ങള്‍?
Fun & Info @ Keralites.netആശുപത്രി അഡ്മിനിസ്ട്രേറ്ററുടെ വകയായിരുന്നു ആദ്യ പ്രകടനം. സമരം ചെയ്യുന്ന കുട്ടികളുടെ നേര്‍ക്ക് അയാള്‍ കത്തിയുമായി ചാടി വീണു. അയാളുടെ കത്തി വീശലില്‍ സമരക്കാരുടെ കൈയിലുണ്ടായിരുന്ന രണ്ടുമൂന്ന് ഫ്ലക്സ് ബോര്‍ഡുകള്‍ കീറിമുറിഞ്ഞു. ഇതു കണ്ട് നാട്ടുകാര്‍ ഓടിയെത്തി. തലുകൊള്ളുമെന്നായപ്പോള്‍ അയാള്‍ ഓടി അകത്തു കയറി.
അകത്തു കയറിയ അഡ്മിനിസ്ട്രേറ്റര്‍ ഉടന്‍ ചെയ്തത് പൊലീസിനെ ഉപയോഗിച്ച് നഴ്സുമാരെ ആശുപത്രിക്ക് പുറത്താക്കുകയായിരുന്നു. പൊലീസ് വന്ന് ബലംപ്രയോഗിച്ച് നഴ്സുമാരെ ആശുപത്രിക്കു പുറത്തെ റോഡിലേക്ക് മാറ്റി.  ഈ സമയത്താണ് സംസ്ഥാന നേതാക്കള്‍ അവിടെയത്തിയത്.  357 പേര്‍ റോഡിലിറങ്ങി നിന്നാല്‍ ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെടും. ആശുപത്രിക്ക് അകത്തേക്ക് പോവുക മാത്രമാണ് പരിഹാരം. അവിടെ കൂടിയിരിക്കുന്ന ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍  പിന്തുണയുമായി വന്നു. നാട്ടുകാരുടെ പിന്തുണയോടെ ഞങ്ങള്‍ ആശുപത്രിക്ക് അകത്തു കയറാന്‍ ശ്രമിച്ചു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. എന്നാല്‍, ഞങ്ങള്‍ അകത്തു കയറി കുത്തിയിരിപ്പ് സമരമാരംഭിച്ചു. ആ സമരം തുടരുകയാണ്. ഒമ്പതാം ദിവസത്തിലേക്കാണ് സമരം തുടരുന്നത്.
സമരം തുടങ്ങിയതോടെ ആശുപത്രി പ്രവര്‍ത്തനം മുടങ്ങിയോ?
ഇല്ല. അത്യാഹിത വാര്‍ഡുകളിലടക്കം രോഗികള്‍ക്ക് നിഷേധിക്കപ്പെടരുത് എന്ന ഉദ്ദേശ്യത്തോടെ ഞങ്ങള്‍ കുറച്ച്ു നഴ്സുമാരെ നിയോഗിച്ചിരുന്നു. എന്നാല്‍, ആശുപത്രി പ്രവര്‍ത്തിക്കാന്‍ ഇതു മതിയാവില്ലല്ലോ. അതിനാല്‍, അവര്‍ നഴ്സിങ് വിദ്യാര്‍ഥികളെ ഡ്യൂട്ടിക്കിട്ടു. പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍ ശസ്ത്രക്രിയ അടക്കം ഡ്യൂട്ടി എടുക്കേണ്ട അവസ്ഥ. രോഗികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഗുരുതര പ്രശ്നമാണിത്. അതിനാല്‍, വിദ്യാര്‍ഥികള്‍ വന്ന് ഞങ്ങളോട് പരാതി പറഞ്ഞു. കുട്ടികളോട് സംസാരിക്കാന്‍ ഞങ്ങളുടെ എട്ട് പ്രതിനിധികള്‍ പോയി. എന്നാല്‍, അവര്‍ക്കെതിരെ കള്ളക്കേസ് നല്‍കുകയായിരുന്നു ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍.
എന്തായിരുന്നു കേസ്?
കാഷ്വാലിറ്റി വിഭാഗം അടിച്ചു തകര്‍ത്തെന്ന കേസ്. ഹോസ്പിറ്റലിലെല്ലാം ക്യാമറ വെച്ചിട്ടുണ്ട്. അതിലൊന്നും എന്തെങ്കിലും തകര്‍ക്കുന്ന ദൃശ്യങ്ങളില്ല. മാത്രമല്ല, കാഷ്വാലിറ്റിയില്‍ ഒരു സാധനവും തകര്‍ന്നതും കാണാനാവില്ല. ദീപിക പത്രത്തില്‍ നഴ്സുമാര്‍ ആശുപത്രി ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തെന്ന് വാര്‍ത്ത വന്നു.
ഇതല്ലാതെ വേറെ കള്ളക്കേസുകളുണ്ടായോ?
സമരത്തിന്റെ നാലാം ദിവസം ഒരു സംഭവുമുണ്ടായി.  വനിതാ ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ ഡ്രസ് മാറാന്‍ പോയി. മുറിക്കകത്ത് ചെന്ന് ഡ്രസ് മാറുമ്പോള്‍ പെട്ടെന്ന് ക്യാമറയുടെ ഫ്ലാഷ് കണ്ടു. മുറിക്കുള്ളില്‍ ക്യാമറയുമായി ഒരാളെ കണ്ടപ്പോള്‍ അവര്‍ കരഞ്ഞു നിലവിളിച്ചു. ഞങ്ങളുടെ പ്രവര്‍ത്തകര്‍ ഓടിച്ചെന്നപ്പോള്‍ ഇയാളെ കണ്ടു. ഉടന്‍ ഇയാളെ പൊലീസിന് കൈമാറി.
എന്നാല്‍, പെട്ടെന്ന് തന്നെ മാനേജ്മെന്റ് രംഗത്തുവന്നു. ഹോസ്റ്റലുകളില്‍നിന്ന് ഒഴിയണമെന്ന് പറഞ്ഞ് മാനേജ്മെന്റ് സ്ഥാപിച്ച നോട്ടീസുകളുടെ ചിത്രമെടുക്കാന്‍ മാനേജ്മെന്റ് തന്നെ നിയോഗിച്ച ഫോട്ടോഗ്രാഫറെ സമരക്കാര്‍ കൈകാര്യം ചെയ്തെന്ന് ആരോപിച്ച്  എട്ട് സമര നേതാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.  ഹോസ്റ്റല്‍ മുറിക്കുള്ളില്‍ കടന്ന് നഗ്ന ചിത്രമെടുക്കാന്‍ ശ്രമിച്ചു  എന്ന് പെണ്‍കുട്ടികളും പരാതി നല്‍കി.
സമരത്തിനിടയിലും രോഗികള്‍ ബുദ്ധിമുട്ടാതിരിക്കാന്‍ അത്യാഹിത വിഭാഗത്തില്‍ ജോലിക്കു ചെന്ന പെണ്‍കുട്ടികളെ അടുത്ത ദിവസം ഹോസ്റ്റലില്‍ പൂട്ടിയിട്ട സംഭവവുമുണ്ടായി. കന്യാസ്ത്രീകളായിരുന്നു പൂട്ടിയിട്ടത്. അവര്‍ അസഭ്യം പറയുകയും ചെയ്തു. വിവരം അറിയിച്ചതിനനുസരിച്ച് എത്തിയ പൊലീസാണ് ഇവരെ മോചിപ്പിച്ച്  സമരപ്പന്തലില്‍ എത്തിച്ചത്. കന്യാസ്ത്രീകള്‍ക്കെതിരെ  കുട്ടികള്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഞങ്ങളുടെ പരാതികളില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല.  അങ്കമാലി പൊലീസ് സ്റ്റേഷനില്‍ ഈവര്‍ഷം രജിസ്റ്റര്‍ ചെയ്ത ആദ്യ കേസ് തന്നെ ഞങ്ങളുടേതായിരുന്നു. എന്നാല്‍, ഒരു നടപടിയും ഉണ്ടായില്ല. മാധ്യമങ്ങളാവട്ടെ എന്നാല്‍, ഇതൊന്നും അറിഞ്ഞെന്ന് നടിച്ചിട്ടില്ല.
ഇതിനിടയില്‍ എസ്മ പ്രയോഗിക്കാനും ശ്രമമുണ്ടായില്ലേ?
അതെ. എസ്മ പ്രകാരം സമരക്കാര്‍ക്കെതിരെ നടപടി വേണമെന്ന് പറഞ്ഞ് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, ഈ ആവശ്യം കോടതി തള്ളി. സമരക്കാരുടെ ആവശ്യം ന്യായമാണ്. ആദ്യം അത് പരിഹരിക്കണം. അതു കഴിഞ്ഞ് ആലോചിക്കാം എസ്മ എന്നായിരുന്നു കോടതി നിലപാട്.
ഹോസ്റ്റലുകളില്‍നിന്ന് കുട്ടികളെ പുറത്താക്കിയോ?
ഇല്ല. ഹോസ്റ്റലില്‍നിന്ന് പുറത്താക്കാനുള്ളനോട്ടീസ് ഒട്ടിച്ചിട്ടുണ്ട്. എന്നാല്‍, ജനകീയ രോഷം ഭയന്ന് അവര്‍  ശക്തമായി ശ്രമിച്ചിട്ടില്ല.  അതിനുള്ള പല ശ്രമങ്ങള്‍ നടക്കുന്നുണ്ട് എങ്കിലും. ഹോസ്റ്റലിലേക്കുള്ള വെള്ളം അഞ്ചാം ദിവസം അധികൃതര്‍ കട്ട് ചെയ്തു. ഉടനടി മഹിളാ സംഘടനകള്‍ ഇടപെട്ടു. ശ്രീമതി ടീച്ചര്‍, ശോഭാ സുരേന്ദ്ര, ലതിക സുഭാഷ് എന്നിവരൊക്കെ ഇടപെട്ടു. മുഖ്യമന്ത്രി ഇടപെട്ടാണ് ജലവിതരണം  പുനസ്ഥാപിച്ചത്.
ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളാന്നും നടന്നില്ലേ?
മൂന്ന് തവണ ചര്‍ച്ചകള്‍ നടന്നു. ആദ്യ തവണ മാനേജ്മെന്റ് ചര്‍ച്ചക്കു വന്നു.  രണ്ടാമത്തെ തവണ ബഹിഷ്കരിച്ചു. കഴിഞ്ഞ ദിവസവും അവര്‍ ചര്‍ച്ചയില്‍നിന്ന് പിന്‍മാറി. പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാന്‍ അവര്‍ തയ്യാറല്ല. സഭയുടെ ശക്തി ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താനാണ് അവരുടെ ശ്രമം. എന്നാല്‍, ഇതേ സഭകളിലുള്ള ആയിരക്കണക്കിന് കുട്ടികള്‍ ഉള്‍പ്പെട്ടതാണ് കേരളത്തിലെ നഴ്സിങ. സമൂഹം. അവരുടെ മാതാപിതാക്കളും ബന്ധുക്കളും സഭയിലെ സാധാരണ പ്രവര്‍ത്തകരുമെല്ലാം ഞങ്ങളുടെ കൂടെയാണ്. ന്യായത്തിന്റെ ഭാഗത്താണ്. എന്നാല്‍, മത വികാരം ഇളക്കിവിട്ട് ഞങ്ങളെ ഉപദ്രവിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. നഴ്സുമാരെ ചൂഷണം ചെയ്യുന്നതില്‍ മതമൊന്നും അവര്‍ക്ക് പ്രശ്നമല്ല. ന്യായമായ അവകാശം ചോദിക്കുമ്പോള്‍ മാത്രമാണ്, ഏറ്റവും മോശം മുതലാളിമാരെപ്പോലെ പെരുമാറുന്നത് ചോദ്യം ചെയ്യുമ്പോഴാണ് ഇവര്‍ക്ക് ഈ വികാരങ്ങള്‍ ഉണരുന്നത്.
കഴിഞ്ഞ ദിവസം പള്ളികളില്‍ സമരത്തിനെതിരെ ഇടയലേഖനം വായിച്ചിരുന്നു. എന്നാല്‍, സാധാരണ വിശ്വാസികളില്‍ പലരും ഇതില്‍ അസംതൃപ്തി കാണിച്ചു എന്നാണ് അറിയുന്നത്.
നാളെ കാത്തേലിക്ക യൂത്ത് മൂവ്മെന്റ്  ഞങ്ങള്‍ക്കെതിരെ റാലി പ്രഖ്യാപിച്ചിട്ടുണ്ട്. ഞങ്ങള്‍ സഭയെയും സഭാ സ്ഥാപനങ്ങളെയും നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാണ് അവരുടെ ആക്ഷേപം.
അമൃതാ ആശുപത്രിയില്‍ സമരം ചെയ്യുമ്പോള്‍ ഹിന്ദു വിരുദ്ധര്‍ എന്നായിരുന്നു നിങ്ങള്‍ക്കെതിരെയുള്ള ആക്ഷേപം. ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ വെറുതെ വിട്ട് ഹിന്ദു സ്ഥാപനങ്ങള്‍ പൂട്ടിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലടക്കം ചിലര്‍ ഉയര്‍ത്തിയ ആരോപണം. ഇപ്പോള്‍ നിങ്ങള്‍ ക്രിസ്ത്യന്‍ വിരുദ്ധര്‍ ആണെന്നു പറയുന്നു. സഭയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നു പറയുന്നു
ഓരോരുത്തരും അവരവരുടെ താല്‍പ്പര്യത്തിനനുസരിച്ച് ഓരോ ലേബലൊട്ടിക്കും. ഹിന്ദു വിരുദ്ധര്‍, ക്രിസ്ത്യന്‍ വിരുദ്ധര്‍ എന്നൊക്കെ. നക്സലൈറ്റുകളാണ് എന്നൊക്കെ പറഞ്ഞ് ഇപ്പോള്‍ ചില പോസ്റ്ററുകള്‍ ഇറങ്ങുന്നുണ്ട്.  പക്ഷേ, അതു കൊണ്ടൊന്നും ഞങ്ങളെ പിന്തിരിപ്പിക്കാന്‍ കഴിയില്ല. ഞങ്ങളുടെ സമരം മതങ്ങള്‍ക്കോ സഭകള്‍ക്കോ  പ്രത്യേക സംഘടനകള്‍ക്കോ ഒന്നും എതിരല്ല. മതങ്ങളും വിശ്വാസങ്ങളും പറയുന്ന എല്ലാ നന്‍മകളും കാറ്റില്‍ പറത്തി ഞങ്ങളെ അടിമകളെ പോലെ കൈകാര്യം ചെയ്യുന്ന മുതലാളിമാര്‍ക്കെതിരെയാണ്. ഞങ്ങളുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി മാത്രമാണ്. അത്ര ഭീകരമാണ് അവസ്ഥകള്‍ എന്നതിനാല്‍ മാത്രമാണ് ഇത്രയും നഴ്സുമാര്‍ ഒറ്റക്കെട്ടയി ഈ സമരത്തിന് പിന്നില്‍ അണിനിരക്കുന്നത്. നാട്ടുകാര്‍ക്കും സാധാരണ മനുഷ്യര്‍ക്കുമൊക്കെ ഇതറിയാം. അതു കൊണ്ടാണ് അവര്‍ ഞങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത്.
ചില മാധ്യമങ്ങള്‍ക്ക് പലരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടാവും. അവരതു ചെയ്ത് ഞങ്ങളെ അവഗണിച്ചാലും സത്യത്തെ മൂടി വെക്കാന്‍ അധികകാലം ഇവര്‍ക്കൊന്നും കഴിയില്ല. അമൃത ആശുപത്രി വിഷയം കൈകാര്യം ചെയ്തതിനേക്കാള്‍ മോശമായാണ് പത്രങ്ങള്‍ ഈ സമരത്തെ കാണുന്നത്. ഒരു വാര്‍ത്തയും നല്‍കാന്‍ അവര്‍ തയ്യാറല്ല. എന്നാല്‍, മാനേജ്മെന്റിന്റെ വേര്‍ഷനും അവര്‍ നല്‍കുന്ന കള്ളക്കേസുകളുടെ കാര്യവും കൊട്ടിഘോഷിക്കാന്‍ പത്രങ്ങള്‍ക്ക് ഭയങ്കരമായ ആത്മാര്‍ഥതയുണ്ട്. ഇന്ത്യാവിഷന്‍ പോലുള്ള ചില ചാനലുകള്‍ മാത്രമാണ് സമരം നന്നായി കൈകാര്യം ചെയ്യുന്നത്. മറ്റുള്ളവര്‍ മൌനം പാലിക്കുകയാണ്.
കേരളത്തിലെ മറ്റു ആശുപത്രികളിലെ സമരത്തേക്കാള്‍ കൂടുതല്‍ നാള്‍ നീണ്ടു നിന്നല്ലോ ഇത്. ഇനിയെന്താണ് പരിപാടികള്‍?
മറ്റു ആശുപത്രികളില്‍ അവസാന നിമിഷം മാനേജ്മെന്റ് ചര്‍ച്ചക്ക് തയ്യാറായിരുന്നു. എന്നാല്‍, ഇവര്‍ ഞങ്ങളെ  പാഠം പഠിപ്പിക്കാനാണ് തീരുമാനിച്ചത്. അതിനാലാണ് ചര്‍ച്ചകളില്‍ പങ്കെടുക്കാത്തത്. കടും പിടിത്തം തുടരുന്നത്. മതത്തിന്റെ പേരിലുള്ള സ്വാധീനവും രാഷ്ട്രീയ മാധ്യമ തലങ്ങളിലുള്ള പിടിപാടും ഉപയോഗിച്ച്  സമരത്തെ പരാജയപ്പെടുത്തുക മാത്രമാണ്  ലക്ഷ്യം. അറുപതുകളിലും മറ്റും ഫാക്റ്ററി സമരങ്ങളെ നേരിടാന്‍ മുതലാളിമാര്‍ എടുത്ത അതേ തന്ത്രം. കൂടുതല്‍ ദിവസം തൊഴിലാളികളെ പട്ടിണിക്കിട്ട് സമരം പൊളിക്കാനുള്ള പണി. സമരം നീട്ടിക്കൊണ്ടുപോവാനുള്ള തന്ത്രം. പ്രകോപനപരമാവാതിരിക്കാനുള്ള തന്ത്രം. എന്നാല്‍, അറുപതുകളല്ല ഇത്. മാധ്യമങ്ങളുടെ നാവ് കെട്ടിവെച്ചാലും ഇന്റര്‍നെറ്റ് അടക്കം, സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ അടക്കമുള്ള മാധ്യമങ്ങളിലൂടെ സത്യം പുറത്തുവരുന്ന കാലമാണ്. ജനങ്ങള്‍ സത്യം തിരിച്ചറിയും. എന്തു വില കാടുത്തും ആവശ്യങ്ങള്‍ നേടിയെടുക്കേണ്ടത്ര ഗത്യന്തര അവസ്ഥയിലാണ് ഞങ്ങള്‍. അതിനാല്‍, ഇത്തരം തന്ത്രങ്ങളൊന്നും വിലപ്പോവില്ല. തോല്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ല. കാരണം ഇത് ഞങ്ങളുടെ ജീവിതമാണ്. നിലനില്‍പ്പാണ്.
സമരം കൂടുതല്‍ ജനകീയമാവാന്‍ പോവുകയാണ്. ഇനി മുതല്‍ മറ്റ് സംഘടനകളുടെ കൂടി പിന്തുണയോടെയായിരിക്കും സമരം. കേരളത്തിലെ എല്ലാ ഭാഗത്തുനിന്നുമുള്ള നഴ്സുമാര്‍ പങ്കെടുക്കുന്ന വലിയ പ്രക്ഷോഭമായി മാറുകയാണ് ഇത്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പിന്തുണ ഞങ്ങള്‍ക്കുണ്ട്.  കോടതി ഞങ്ങളുടെ ആവശ്യം മനസ്സലാക്കുന്നുണ്ട്. സാധാരണ മനുഷ്യര്‍ ഞങ്ങള്‍ക്കൊപ്പമാണ്. അതിനാല്‍, അന്തിമ വിജയം ഇവരുടെ ധാര്‍ഷ്ഠ്യത്തിനാവില്ല.
സഭയുടെ കീഴിലുള്ള മറ്റ് ചില ആശുപത്രികളില്‍ ഇതായിരുന്നില്ലല്ലോ അവസ്ഥ. പിന്നെന്തു കൊണ്ടാണ് ഇവിടെ മാത്രം ഇങ്ങനെ?
അമല, ജൂബിലി മാനേജ്മെന്റുകള്‍ പെട്ടെന്ന് തന്നെ ഞങ്ങളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. അമലയില്‍ രണ്ട് തവണ ചര്‍ച്ച നടന്നു. ജൂബിലിയില്‍ ഒരു തവണയും. ഞങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ മാന്യമായി അംഗീകരിക്കുയായിരുന്നു അവര്‍. ഇവിടെ മാനേജ്മെന്റിന്റെ മുകള്‍ത്തട്ടിലെ ആളുകള്‍ തെറ്റിദ്ധിരിക്കപ്പെട്ടതായാണ് മനസ്സിലാവുന്നത്. മിഡില്‍ മാനേജ്മന്റ് അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. സമരം വിജയിച്ചാല്‍, താന്‍ രാജിവെക്കുമെന്ന് ഡയരക്ടര്‍ അടക്കം ഭീഷണി മുഴക്കിയതായാണ് അറിയുന്നത്.
കേരളത്തിലെ ആശുപത്രികളിലെല്ലാം നഴ്സുമാര്‍ സമരക്കൊടിയുമായി രംഗത്തുണ്ടല്ലോ. യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ രൂപവകല്‍കരിച്ചശേഷം എത്ര ആശുപത്രികളിലാണ് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടത്? 
26 ആശുപത്രികളില്‍ പ്രശ്നങ്ങള്‍ക്ക് തീര്‍പ്പുണ്ടയി. ചിലയിടങ്ങളില്‍ സമരം നടന്നു. മറ്റിടങ്ങളില്‍ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു. എല്ലാ ആശുപത്രികളിലും അടിമകളെ പോലെയാണ് നഴ്സുമാരുടെ ജീവിതം. അത് നിലനില്‍ക്കുന്നിടേത്താളം സമരങ്ങള്‍ അനിവാര്യമായി വരും.
ഇനി എവിടെയൊക്കെയാണ് സമരങ്ങള്‍ നടക്കാനിരിക്കുന്നത്്?
എറണാകുളം വെല്‍കെയര്‍, കോഴിക്കോട് പി.വി.എസ് എന്നിവിടങ്ങളിലൊക്കെ നോട്ടീസ് നല്‍കി കഴിഞ്ഞു. മറ്റ് പല ആശുപത്രികളിലും സമരത്തിനൊരുങ്ങുകയാണ് നഴ്സുമാര്‍.
സമരം നടക്കാതിരിക്കാനും ഞങ്ങളുടെ സംഘടനയെ നശിപ്പിക്കാനും ശ്രമങ്ങള്‍ വ്യാപകമാണ്. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നഴ്സിങ് ജീവനക്കാരെ മുഴുവന്‍ പൂട്ടിയിട്ട് ഞങ്ങളുടെ സംഘടനയില്‍ ചേരില്ലെന്ന് എഴുതി വാങ്ങി. സംഘടന വരാതിരിക്കാന്‍ പല ആശുപത്രികളും ശ്രമം നടത്തുന്നു. എന്നാല്‍, ക്രൂരമായ ചൂഷണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതു കൊണ്ടൊന്നും ഈ മുന്നേറ്റത്തെ തടുക്കാനാവില്ല.
ഈ നിലപാട് തുടരുന്നിടത്തോളം സംഘടനക്കെതിരെ മാനേജ്മെന്റുകള്‍ നീക്കം നടത്തുമെന്നത് സ്വാഭാവികമാണ്. നിങ്ങള്‍ക്ക് ഭീഷണിയുണ്ടോ?
അമൃത ആശുപത്രിയില്‍വെച്ച് ഞങ്ങളെ വധിക്കാന്‍ ശ്രമം നടന്നത് 'നാലാമിടം' തന്നെ റിപ്പോര്‍ട്ട് ചെയ്തതാണല്ലോ. ഞങ്ങളുടെ കരുത്തനായ മുന്‍നിരപ്രവര്‍ത്തകന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ് സുദീപിനെതിരെ പല വട്ടം വധഭീഷണിയുണ്ടായി. സംസ്ഥാന സമിതി അംഗമായ കോഴിക്കോട്ടെ നിജിലിനും വധ ഭീഷണിയുണ്ടായി. മറ്റ് നേതാക്കള്‍ക്കെതിരെയും ഭീഷണികളുണ്ട്.
പ്രലോഭനങ്ങളോ. അതുമുണ്ടാവുമല്ലോ?
അതാണ് ആദ്യം വരിക. പിന്നെയാണ് ഭീഷണി. 50 ലക്ഷം മുതല്‍ മൂന്നര കോടി വരെ ഓഫറുകള്‍ വന്നിരുന്നു. നേരിട്ടല്ല. ഞങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെന്ന് അവര്‍ കരുതുന്ന ആളുകള്‍ വഴി. എന്നാല്‍, സംസാരിച്ചു തുടങ്ങുമ്പോള്‍ തന്നെ അവര്‍ക്ക് മനസ്സിലാവും, ഇക്കാലമത്രയും അവര്‍ കണ്ടുപോരുന്ന സംഘടനയെപ്പോലല്ല ഞങ്ങളുടേതെന്ന്. ഞാനടക്കം ഞങ്ങളെല്ലാം ജോലി ചെയ്യുന്നവരാണ്. വേതനമടക്കമുള്ള ആവശ്യങ്ങളാണ് ഞങ്ങളുടേത്. നിലനില്‍പ്പിനു വേണ്ടിയാണ് ഞങ്ങളുടെ പോരാട്ടം. ഒരാള്‍ക്കും സ്വാധീനിക്കാനാവാത്ത വിധം ശക്തവും തീവ്രവുമാണ് ഞങ്ങളുടെ സംഘടന സംവിധാനം.
ഇതു രണ്ടും നടക്കാത്തപ്പോള്‍ പിന്നെ അപവാദ പ്രചാരണങ്ങള്‍ നടക്കുമല്ലോ?
അതു നടക്കുന്നുണ്ട്. സംഘടനയെ പൊളിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഞങ്ങള്‍ പക്ഷേ, എല്ലാ അര്‍ഥത്തിലുമുള്ള ജാഗ്രത പാലിക്കുന്നുണ്ട്. ഇവരുടെ ഒരു ശ്രമവും ഞങ്ങളെ ബാധിക്കില്ല. കേരളത്തിലെ നഴ്സുമാരുടെ അടിമ വ്യവസ്ഥ അവസാനിക്കപ്പെടാതെ ഞങ്ങള്‍ അടങ്ങുമെന്ന് ഇവരാരും കരുതേണ്ടതില്ല

With Regards

Abi
Fun & Info @ Keralites.net
 

"At his best, man is the noblest of all animals; separated from law and justice he is the worst"

- Aristotle


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment