Thursday, January 12, 2012

[www.keralites.net] kochi metro

 

കൊച്ചി മെട്രോയും സാമ്പത്തിക ശാസ്ത്രവും




Fun & Info @ Keralites.netകൊച്ചി മെട്രോ നടപ്പാക്കാനുള്ള കമ്പനിയെ ആഗോള മത്സരത്തിലൂടെ കണ്ടെത്തണോ അതോ ഡല്‍ഹി മെട്രോ റെയില്‍ കമ്പനിയേയും ശ്രീധരനെയും നേരിട്ട് ഏല്പിക്കണോ എന്ന കാര്യത്തില്‍ തര്‍ക്കം ഏതാണ്ട് അവസാനിച്ചിരിക്കുകയാണല്ലോ? ഇക്കാര്യത്തെക്കുറിച്ചുള്ള സാമ്പത്തിക ശാസ്ത്രം അല്പം മനസ്സിലാക്കുന്നത് നന്നായിരിക്കും. 

ആഗോള മത്സരത്തിന്റെ ഗുണം 'കുറച്ചൊക്കെ' സാമ്പത്തിക ശാസ്ത്രം പഠിച്ചവര്‍ക്കറിയാം. വിവിധ കമ്പനികള്‍ കരാര്‍ കിട്ടാന്‍ മത്സരിക്കുമ്പോഴാണ് അവര്‍ തങ്ങള്‍ക്കു ഏറ്റവും ചെലവു കുറച്ചു (എന്നാല്‍ ഗുണം കുറയ്ക്കാതെ) എങ്ങനെ പണി നടത്താം എന്ന് ചിന്തിക്കുന്നതും അതിനു വേണ്ടി ശ്രമിക്കുന്നതും. മത്സരം ഇല്ലാതെ ഒരു കമ്പനിയെ ഏല്‍പ്പിച്ചാല്‍ അവര്‍ക്ക് ചെലവു കുറക്കാനുള്ള പ്രേരണ ഉണ്ടാവില്ല. ഇത്തരമൊരു പ്രവര്‍ത്തനത്തില്‍ വേണ്ടത്ര മത്സരം ഉണ്ടാകണമെങ്കില്‍ ആഗോള അടിസ്ഥാനത്തിലുള്ള മത്സരം വേണം. മറ്റു രാജ്യങ്ങളില്‍ മെട്രോ നിര്‍മിച്ചു പരിചയമുള്ള കമ്പനികള്‍ പങ്കെടുക്കണം. ഇത് ഇക്കാര്യത്തില്‍ ഏറ്റവും കാര്യക്ഷമായ സാങ്കേതിക വിദ്യ നമുക്ക് ലഭ്യമാകുന്നതിന് ഇടയാക്കും.

ഇതാണ് 'സിദ്ധാന്തം' എങ്കിലും മത്സരത്തിലൂടെ കമ്പനിയെ കണ്ടെത്തി കാര്യക്ഷമത കൈവരിക്കുന്നതിന് ഏറെ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ആഗോള ടെന്‍ഡര്‍ വിളിച്ചാലും വളരെ കുറച്ചു കമ്പനികള്‍ മാത്രമേ ചിലപ്പോള്‍ പങ്കെടുക്കാന്‍ തയ്യാറാകൂ. (മെട്രോക്ക് സ്ഥലമെടുപ്പും മറ്റു പ്രശ്‌നങ്ങളും ഉള്ളതുകൊണ്ടും അതിനു സര്‍ക്കാരിന്റെ സഹകരണം ആവശ്യമായതിനാലും നമ്മുടെ നാട്ടില്‍ പദ്ധതി എളുപ്പം നടത്താം എന്നുറപ്പില്ലാതെ പ്രമുഖ വിദേശ കമ്പനികള്‍ ചിലപ്പോള്‍ മെട്രോ ജോലി ഏറ്റെടുക്കാന്‍ തയാറാകില്ല.) കുറച്ചു കമ്പനികള്‍ മാത്രം മത്സരത്തില്‍ പങ്കെടുത്താല്‍ ഉദ്ദേശിച്ച കാര്യക്ഷമത കിട്ടണമെന്നില്ല. മാത്രമല്ല ഒരു കമ്പനി കരാര്‍ എടുത്താല്‍ ആ കമ്പനി കരാര്‍ ഒപ്പിട്ട ശേഷം വ്യവസ്ഥകളില്‍ മാറ്റം ആവശ്യപ്പെടാം. ഇത് കരാറുകളുമായി ബന്ധപ്പെട്ട ചില അടിസ്ഥാന പ്രശ്‌നങ്ങള്‍ കാരണമാണ്. 

കരാര്‍ ഏറ്റെടുക്കുന്ന കമ്പനി അതിന്റെ ഭാഗമായി ചില നിക്ഷേപങ്ങള്‍ നടത്തണം (ഈ പണിക്കായി കൂടുതല്‍ യന്ത്രങ്ങള്‍ വാങ്ങുക, ആളുകളെ ജോലിക്ക് എടുക്കുക തുടങ്ങിയവ). അത് ചെയ്തു കഴിഞ്ഞിട്ട് പണി ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ കമ്പനിക്കു നഷ്ടം ഉണ്ടാകും. അതുപോലെ കരാര്‍ കൊടുത്തിട്ട് ഏറ്റെടുത്ത കമ്പനി ഉദ്ദേശിച്ച ജോലി ചെയ്തില്ലെങ്കില്‍ കരാര്‍ കൊടുത്ത ആളിനും ചില നഷ്ടങ്ങള്‍ ഉണ്ടാകും. (ഉദ്ദേശിച്ച സമയത്ത് മെട്രോ നടപ്പായില്ലെങ്കില്‍ സര്‍ക്കാരിനു ഉണ്ടാകുന്ന നഷ്ടം ഇവിടെ ഒരു ഉദാഹരണമായി എടുക്കാം.) ചുരുക്കത്തില്‍ ഒരു കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ഒരാള്‍ മറ്റൊരാളിനെ ആശ്രയിക്കുകയാണ്. ഒരാള്‍ ഉദേശിച്ച രീതിയില്‍ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ രണ്ട് കൂട്ടര്‍ക്കും നഷ്ടമുണ്ടാകും. 

ഇങ്ങനെ കരാറിന്റെ ഭാഗമായുണ്ടാകുന്ന എല്ലാ വീഴ്ചകളും അതിനുള്ള പരിഹാര മാര്‍ഗങ്ങളും കരാറിന്റെ ഭാഗമായി എഴുതി ചേര്‍ത്താല്‍ പോരെ എന്ന് ചോദിക്കാം. എന്നാല്‍ ഒരു കരാറും പൂര്‍ണമായിരിക്കില്ല എന്ന സത്യം നാം മനസില്ലാക്കണം. ഒരു കരാറിന്റെ ഭാഗമായി ഭാവിയില്‍ ഉണ്ടാകാനിടയുള്ള എല്ലാ പ്രശ്‌നങ്ങളും അതിന്റെ ഭാഗമായി ഓരോ കക്ഷിക്കും ഉണ്ടാകാനിടയുള്ള വീഴ്ചകളും അതുമൂലം മറു കക്ഷിക്കുണ്ടാകാന്‍ ഇടയുള്ള നഷ്ടങ്ങളും അതിനൊക്കെയുള്ള പരിഹാരങ്ങളും ഒരു കരാറിന്റെ ഭാഗമായി ഉറപ്പിക്കാന്‍ കഴിയില്ല. ഒരു കരാറില്‍ ഏര്‍പ്പെട്ടാല്‍ അതിനുവേണ്ടി ഓരോ കക്ഷി ചെയ്യേണ്ട നിക്ഷേപം കാരണം കരാര്‍ നേരെ നടപ്പായില്ലെങ്കില്‍ വലിയ നഷ്ടം കൂടാതെ 'ഊരി പോകാമെങ്കില്‍' കക്ഷികള്‍ കരാറില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും. മറിച്ച്, കരാറില്‍ നിന്നും 'ഊരി പോന്നാല്‍' കടുത്ത നഷ്ടം സംഭവിക്കുമെങ്കില്‍ കക്ഷികള്‍ കരാറില്‍ ഉള്‍പ്പെടാന്‍ മടിക്കും. 

ഒരു മെട്രോ കമ്പനി നിര്‍മിച്ചു ഓടിക്കുക എന്നത് കുറെ വര്‍ഷങ്ങളും വമ്പന്‍ നിക്ഷേപവും ആവശ്യമുള്ള പ്രവര്‍ത്തനമാണ്. അതില്‍ നിന്ന് ഊരി പോകാന്‍ ഒരു കക്ഷി (സര്‍ക്കാരോ കമ്പനിയോ) ശ്രമിച്ചാല്‍ അത് ഇരുകൂട്ടര്‍ക്കും നഷ്ടമുണ്ടാകും. സര്‍ക്കാര്‍ കാര്യങ്ങള്‍ 'മുറ' പോലെ മാത്രം നടക്കുന്ന, കാര്യക്ഷമത വേണ്ടത്ര ഇല്ലാത്ത കേരളത്തില്‍, മെട്രോ പോലെ സമൂഹത്തിന്റെ ഒന്നാകെ സഹകരണം ആവശ്യമുള്ള (അല്ലെങ്കില്‍ അഞ്ചു ആളുകള്‍ വിചാരിച്ചാല്‍ പോലും പ്രതിബന്ധം ഉണ്ടാക്കാന്‍ കഴിയുന്ന) പദ്ധതികളില്‍ പ്രത്യേകിച്ചും. അതുകൊണ്ട് കരാര്‍ മാര്‍ഗം പോയാലും കാര്യങ്ങള്‍ കാര്യക്ഷമമായി നടക്കുമെന്ന് ഉറപ്പില്ല. 

അപ്പോള്‍ പിന്നെ എന്തുചെയ്യാം? ശ്രീധരനും ഡല്‍ഹി മെട്രോയും കുറെ കാര്യക്ഷമമായി കാര്യങ്ങള്‍ ചെയ്തു തെളിയിച്ചവരാണ്. കേരളത്തിലെ ജനങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കും ഇവരില്‍ വിശ്വാസമുണ്ട്. അതുകൊണ്ട് മെട്രോ കമ്പനി നിര്‍മിക്കാനുള്ള അല്ലെങ്കില്‍ അത് എങ്ങനെ ചെയ്യണമെന്ന് തീരുമാനിക്കാനുള്ള ചുമതല ഇവരെ ഏല്‍പ്പിക്കുക. അതായതു ഇപ്പോള്‍ കൊച്ചി മെട്രോ റെയില്‍ കമ്പനി ചെയ്യുന്ന കാര്യങ്ങളുടെ ചുമതല ശ്രീധരനെ ഏല്‍പ്പിക്കുക. അദ്ദേഹത്തിന് സഹായിയായി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വേണ്ടി വരും. സര്‍ക്കാരിനു വേണ്ടി റോഡു നിര്‍മിക്കുന്നത് പൊതുമരാമത്ത് വകുപ്പാണല്ലോ. (അവര്‍ നേരിട്ടോ കരാറുകാര്‍ മുഖേനയോ നിര്‍മിക്കും.) അതുപോലെ മെട്രോ കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ പ്രതിനിധിയായി ശ്രീധരനും ഡല്‍ഹി മെട്രോയും മാറുക എന്നതാണു ഒരു പോംവഴി. അപ്പോള്‍ ഫണ്ട് നല്‍കുന്ന ഏജന്‍സി ആഗോള ടെന്‍ഡര്‍ ആവശ്യമാണ് എന്ന് നിര്‍ബന്ധിച്ചാല്‍ ഇവര്‍ക്ക് മത്സരം നടത്തി സാധനങ്ങള്‍ നല്‍കുന്ന കമ്പനികളെയോ അല്ലെങ്കില്‍ മെട്രോ നിര്‍മാണത്തിന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള കമ്പനികളെയോ തിരഞ്ഞെടുക്കാം. മെട്രോ നിര്‍മിച്ചു നല്ല പരിചയമുള്ളതുകൊണ്ട് കരാറുകളില്‍ എവിടെ വീഴ്ച വരും എന്ന് മുന്‍കൂട്ടി അറിയാന്‍ അവര്‍ക്ക് കഴിയും. അതുവഴി അതിനുള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ അവര്‍ക്കാവും. ചില ജോലികള്‍ കരാര്‍ നല്‍കാതെ നേരിട്ട് ചെയ്യുന്നതാണ് നല്ലതെന്ന് അവര്‍ക്ക് തോന്നിയാല്‍ അങ്ങനെ ചെയ്യാനും അവര്‍ക്ക് കഴിയും. കേരള സര്‍ക്കാര്‍ ഇവരെ സ്വന്തം പ്രതിനിധികളായി തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ക്ക് സമൂഹത്തിനോട് കൂടുതല്‍ ഉത്തരവാദിത്വമുണ്ടാകും.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment