Thursday, January 12, 2012

[www.keralites.net] നഴ്‌സുമാരുടെ സംഘടന പൊളിക്കാന്‍ ഓഫര്‍ മൂന്നരക്കോടി വരെ; എറണാകുളം വെല്‍കെയറിലും കോഴിക്കോട് ബേബി മെമ്മോറിയലിലും സമരത്തിന് നോട്ടീസ്

 


അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റലിലെ പത്ത് ദിവസം നീണ്ടു നിന്ന ത്യാഗോജ്ജ്വലമായ പോരാട്ടത്തിനൊടുവില്‍ വിജയയം നേടിയ നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) പൊളിക്കാനായി വന്‍കിട മാനേജ്‌മെന്റുകള്‍ രംഗത്ത്. ഇതിനായി വന്‍കിട ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ എറണാകുളത്ത് രഹസ്യ യോഗം ചേര്‍ന്നതായും സ്ഥിതീകരിക്കാത്ത വാര്‍ത്തകളുണ്ട്.

നഴ്‌സുമാര്‍ക്കിത് ചരിത്ര വിജയം; അങ്കമാലിയില്‍ മാനേജ്‌മെന്റ് മുട്ടുമടക്കി, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും, മിനിമം വേജസ് നടപ്പിലാക്കും
ഇടപ്പള്ളി അമൃത ഹോസ്പിറ്റലില്‍, സമരക്കാരുടെ ആവശ്യത്തിന് മാനേജ്‌മെന്റ്‌ വഴങ്ങേണ്ടി വന്നത് യു.എന്‍.എ നേതാവിനെ ഗുണ്ടകളെ ഉപയോഗിച്ച് മര്‍ദ്ദിച്ചത് വാര്‍ത്തയായി മാറിയതിനാലാണെന്ന് ആയിരുന്നു മാനേജ്‌മെന്റുകളുടെ ധാരണ. എന്നാല്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവറില്‍ കത്തോലിക്കാ മാനേജ്‌മെന്റ് സമരക്കാരുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ വഴങ്ങുമെന്ന യാതൊരു വിശ്വാസവും വന്‍കിടക്കാര്‍ക്ക് ഇല്ലായിരുന്നു താനും. പക്ഷേ പത്ത് ദിവസം നീണ്ടു നിന്ന സമരത്തിനൊടുവില്‍ കത്തോലിക്കാ മാനേജ്‌മെന്റ്, സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് മുട്ടുമടക്കിയത് വന്‍കിട സ്വകാര്യ ആശുപത്രി മുതലാളിമാരെ ഞെട്ടിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് നേതാക്കന്മാരെ സ്വാധീനിച്ച് സംഘടനയെ തകര്‍ക്കാനുള്ള ശ്രമങ്ങളുമായി വന്‍കിട മാനേജ്‌മെന്റുകള്‍ സംഘം ചേര്‍ന്നിരിക്കുന്നതെന്ന് കരുതപ്പെടുന്നു.

യു.എന്‍.എ തകര്‍ക്കാനായി സംസ്ഥാന തല നേതാക്കന്മാരായിട്ടുള്ളവര്‍ക്കും സമരപരിപാടികളില്‍ സജീവമായി നേതൃത്വം നല്‍കുന്നവര്‍ക്കും വന്‍തുക ഓഫര്‍ നല്‍കുന്നതിനായിട്ടുള്ള ശ്രമങ്ങള്‍ നടന്നു വരുന്നതായും അറിയുന്നു. 50 ലക്ഷം മുതല്‍ മൂന്നര കോടി രൂപ വരെയുള്ള ഓഫറുകള്‍ വിവിധ നേതാക്കന്മാര്‍ക്ക് ഇതിനോടകം ലഭിച്ചുകഴിഞ്ഞു എന്നാണ് അറിയുന്നത്. ഓരോരുത്തരേയും വ്യക്തിപരമായി സ്വാധീനിക്കാന്‍ കഴിയുന്ന ആളുകള്‍ വഴിയാണ് ഓഫറുകളുമായി മാനേജ്‌മെന്റ് ഏജന്റുമാര്‍ കറങ്ങുന്നത്. എന്നാല്‍ ഈ സമരം തങ്ങളുടെ നിലനില്പിന് വേണ്ടിയുള്ള പോരാട്ടമാണെന്ന ബോധ്യം നേതാക്കന്മാര്‍ക്ക് ഉള്‍പ്പെടെ സമരരംഗത്ത് സജീവമായ എല്ലാ നഴ്‌സുമാര്‍ക്കും ഉള്ളതുകൊണ്ട് ഇതുവരെയും സ്വാധീനിക്കാനുള്ള ഏജന്റുമാരുടെ ശ്രമങ്ങള്‍ക്ക് ഫലമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

ഈ രംഗത്ത് ക്രൂരമായ ചൂഷണമാണ് നടക്കുന്നതെന്നും ഇതുവരെയും തങ്ങളെ സഹായിക്കാന്‍ മറ്റാരും തയ്യാറായിരുന്നില്ലെന്നും നഴ്‌സുമാര്‍ക്കിടയില്‍ പൊതുവേ അഭിപ്രായമുണ്ട്. അതുകൊണ്ട് തന്നെ പുറത്ത് നിന്നുള്ള ശക്തികള്‍ക്ക് സ്വാധീനിക്കാന്‍ കഴിയാത്ത വിധത്തില്‍, തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കി കിട്ടുന്നതിന് വേണ്ടി അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് യു.എന്‍.എ യുടെ ഒരു സംസ്ഥാനതല നേതാവ് 'ഡെയ്‌ലി മലയാളം' പ്രതിനിധിയോട് വെളിപ്പെടുത്തി. .

സമരം നടക്കാതിരിക്കാനും യു.എന്‍.എ തകര്‍ക്കാനുമുള്ള ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നുവെന്ന ആരോപണം സജീവമാണ്. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നഴ്സിങ് ജീവനക്കാരെ മുഴുവന്‍ പൂട്ടിയിട്ട് സംഘടനയില്‍ ചേരില്ലെന്ന് എഴുതി വാങ്ങി. അടിമകളെപ്പോലെ നഴ്‌സുമാരെ പണിയെടുപ്പിക്കുന്ന പല സ്ഥലങ്ങളിലും സംഘടന വരാതിരിക്കുന്നതിന് മാനേജ്‌മെന്റുകള്‍ എല്ലാ വിധത്തിലുള്ള അടവുകളും പയറ്റുന്നുണ്ട്.

അങ്കമാലിയിലെ സമരത്തിന്റെ വിജയത്തോട് കൂടി സംസ്ഥാനത്തെ ഒട്ടുമിക്ക ആശുപത്രികളിലുമുള്ള നഴ്‌സുമാര്‍ തങ്ങളുടെ മിനിമം വേജസും മറ്റ് സര്‍ക്കാര്‍ അംഗീകൃത ആനുകൂല്യങ്ങളും ലഭിക്കുന്നതിന് വേണ്ടി സമരത്തിന് ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിലെ വന്‍കിട ഹോസ്പിറ്റലുകളായ എറണാകുളം ലേക്ക്‌ഷോര്‍, തിരുവനന്തപുരം കിംസ്, കോഴിക്കോട് ബേബി മെമ്മോറിയല്‍, പെരിന്തല്‍മണ്ണ അല്‍ ഷിഫാ, കോഴിക്കോട് പി.വി.എസ്, എറണാകുളം വെല്‍കെയര്‍, പെരിന്തല്‍മണ്ണ മൗലാന എന്നിവിടങ്ങളില്‍ ഇതിനോടകം സമരത്തിന് നോട്ടീസ് നല്‍കിക്കഴിഞ്ഞു. വന്‍കിടക്കാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ നാനൂറില്പരം സ്വകാര്യ ആശുപത്രികളിലാണ് മിനിമം വേജസ് ആവശ്യപ്പെട്ട് ഇതിനോടകം നഴ്‌സുമാര്‍ സമരത്തിന് നോട്ടീസ് നല്‍കിക്കഴിഞ്ഞത്.

അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ കീഴടങ്ങിയതോടെ സംസ്ഥാനത്തെ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ പിടിവാശി ഉപേക്ഷിച്ചുവെന്നാണ് അറിയുന്നത്. സമരത്തിന് നോട്ടീസ് നല്‍കിയ ഉടന്‍ തന്നെ പ്രശസ്തമായ കൊല്ലം കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റലില്‍ നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കാന്‍ ധാരണയായി. തൃശൂര്‍ അമല, ജൂബിലി എന്നീ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ അങ്കമാലിയ്ക്ക് മുന്‍പ് തന്നെ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞിരുന്നു. ലിറ്റില്‍ ഫ്ലവറിലും മാനേജ്‌മെന്റിന് കാര്യമായ പിടിവാശി ഉണ്ടായിരുന്നില്ലത്രെ. എന്നാല്‍ മിഡില്‍ മാനേജ്‌മെന്റിലെ ചിലരുടെ ഈഗോയും മറ്റുമാണ് കാര്യങ്ങള്‍ ഇത്രയും വഷളാക്കുകയും നീണ്ടുപോവുകയും ചെയ്യുന്നതിന് കാരണമായതെന്നും പറയപ്പെടുന്നു. ടോപ് മാനേജ്‌മെന്റിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള നടപടികളാണ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ആരോപണമുണ്ട്.

രാഷ്ട്രീയ കക്ഷികളൊന്നും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സമരം നടക്കുന്ന സ്ഥലങ്ങളിലെ പ്രാദേശിക യുവജന സംഘടനകളുടേയും നാട്ടുകാരുടേയും പിന്തുണ സമരക്കാര്‍ക്ക് ലഭിക്കുന്നതാണ് സമരത്തെ കൂടുതല്‍ സജീവമാക്കുന്നത്. അങ്കമാലിയില്‍ യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്. ഐ എന്നിവയെ കൂടാതെ ടൗണിലെ ഓട്ടോ റിക്ഷാ തൊഴിലാളികളുടേയും വ്യാപാരികളുടേയും കര്‍ഷക സംഘടനകളുടേയും പിന്തുണ ലഭിച്ചതും നഴ്‌സുമാരുടെ സമരത്തെ ആളിക്കത്തിച്ചു. പ്രലോഭനങ്ങളേയും ഭീഷണികളേയും അതിജീവിച്ച് കൂടുതല്‍ കരുത്തോടെ സമര രംഗത്ത് സജീവമാകാന്‍ യു.എന്‍. എ തീരുമാനിച്ചിരിക്കുകയാണ്. വരുന്ന തിങ്കളാഴ്‌ച്ച തൃശൂരില്‍ നടക്കുന്ന സംസ്ഥാന കമ്മറ്റി യോഗത്തില്‍ നടന്നു വരുന്ന സമരങ്ങള്‍ സംബന്ധിച്ച വിലയിരുത്തലുകളും ഭാവി പദ്ധതികളും ആസൂത്രണം ചെയ്യുമെന്നും യു.എന്‍.എ യുടെ സംസ്ഥാന നേതാക്കള്‍ അറിയിച്ചു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment