ഭര്‍ത്താവ് മരിച്ചെന്ന് ഞാന്‍ പറഞ്ഞിട്ടില്ല
സംഗീതത്തിന്റെ ശ്രുതി മീട്ടുന്ന പുലരികളും, വീണാനാദം അലതല്ലുന്ന അന്തരീക്ഷവും, മുല്ലയും പിച്ചിയും കണികണ്ടുണരുന്ന ദിനങ്ങളുമായിരുന്നു കല്‍പ്പനയുടെ ജീവിതം. സംഗീതത്തിന്റെ ഊഷ്‌മളതയ്‌ക്കൊപ്പം, വിഷാദത്തിന്റെ ചൂടും അവളുടെ ജീവിതത്തിലുണ്ടായിരുന്നു. വ്യക്‌തിജീവിതത്തിലെ നിനച്ചിരിക്കാത്ത ചില തകിടം മറിച്ചിലുകള്‍ തളര്‍ത്തിയത് അവളുടെ മനസിനെയായിരുന്നു, ആ മനസിലെ സംഗീതത്തെയായിരുന്നു.
ചെന്നൈയിലെ മണ്ണില്‍ നിന്നു തളര്‍ന്ന മനസുമായെത്തിയ കല്‍പ്പനയെ ഇവിടെ എതിരേറ്റത്, എല്ലാ വേദനകളും ഒഴുക്കി കളയുന്ന ശുദ്ധസംഗീതത്തിന്റെ ഈണവും താളവുമായിരുന്നു. ആ വഴികളിലൂടെ അവള്‍ നടന്നുകയറി. തന്റെ എല്ലാമായ മകളാണ് ഇന്ന് കല്‍പ്പനയുടെ പ്രതീക്ഷയും, ഊര്‍ജവും. മരണത്തിന്റെ വക്കില്‍ നിന്ന് ജീവിതത്തിന്റെ ഉയര്‍ച്ചയിലേക്ക് നടന്നുകയറിയ കല്‍പ്പന കുറഞ്ഞ കാലംകൊണ്ടു തന്നെ മലയാളികളുടെ മനസില്‍ ഇടം നേടി. ടിവിപ്രേക്ഷകവൃന്ദം മുഴുവന്‍ ഉറ്റുനോക്കിയ ഒരു സായംസന്ധ്യയില്‍ മലയാളികള്‍ ഒന്നടങ്കം പ്രാര്‍ഥിച്ചു ...ഈ വിജയം കല്‍പ്പനക്ക് അവകാശപ്പെട്ടതാണ്. അത് അവള്‍ക്കുതന്നെ കിട്ടണം. ആ പ്രാര്‍ഥന വെറുതെയായില്ല, കേരളത്തിലെ ഏറ്റവും മികച്ച ഗായകരില്‍ ഒരാളായി കല്‍പ്പനയും!
പുതിയ ജീവിതം ഇവിടെനിന്ന്
ഒരു വെളുപ്പിനായിരുന്നു കേരളത്തിലേക്ക് തീവണ്ടി കയറുന്നത്. കേരളത്തിലേക്കുള്ള ആദ്യ യാത്ര. മെല്ലെ ചലിച്ചുതുടങ്ങിയ തീവണ്ടിയുടെ ജനലഴികളിലൂടെ തണുത്ത കാറ്റ് അകത്തേക്ക് പതുക്കെ പതുക്കെ കടന്നുവന്നു. കഴിഞ്ഞുപോയ നഷ്‌ടങ്ങളും, അതിനെ തരണം ചെയ്യാനുള്ള തീരുമാനങ്ങളും ഞാന്‍ തിരഞ്ഞുകൊണ്ടേയിരുന്നു. നിരാശയും, വിഷാദവും തളംകെട്ടിനിന്ന കണ്ണുകൊണ്ട് എല്ലാം നിരാശയോടെയേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. പക്ഷേ ജീവിക്കണമെന്ന അതിയായ ആഗ്രഹം എന്നെ മോഹിപ്പിച്ചുകൊണ്ടിരുന്നു. എന്റെ മകള്‍ക്ക് വേണ്ടി ...അവളുടെ ഭാവിക്ക് വേണ്ടി... ദു:ഖങ്ങളെല്ലാം മാറ്റിവച്ച് മുന്നേറണം . തിരുവനന്തപുരത്ത് വണ്ടിയിറങ്ങി ഐഡിയാസ്‌റ്റാര്‍ സിങ്ങറിന്റെ വേദിയിലെത്തിയതില്‍ പിന്നെ ഇതുവരെ ഒരു തപസായിരുന്നു. പ്രാര്‍ഥനപോലെ ഓരോ ദിവസവും. കല്‍പ്പന എന്ന വ്യക്‌തിയുടെ ജീവിതം മാറ്റിമറിച്ച യാത്ര. കാലിടറിയ നടവഴിയില്‍ പകച്ചുനിന്നുപോകാതെ ചിറകുകള്‍വച്ച് പറന്നുയര്‍ന്ന ഒരൂ വേഴാമ്പലിനെപോലെ കല്‍പ്പന വിജയങ്ങള്‍ ഏറ്റുവാങ്ങി. എന്റെ മകളെ കണ്‍മുന്നില്‍ നിര്‍ത്തി എനിക്ക് ദൈവം തന്ന വിജയങ്ങളെല്ലാം ഞാന്‍ ഏറ്റുവാങ്ങുകയാണ്.
കുട്ടിക്കാലം
കുട്ടിക്കാലം നൃത്തവും സംഗീതവും നിറഞ്ഞതായിരുന്നു. കുടുംബത്തിലെ ഒരുപാടുപേര്‍ കലാരംഗത്തുണ്ട്. അന്ന് ന്യത്തവും സംഗീതവുമെല്ലാം പഠിപ്പിക്കാന്‍ മുന്‍കൈ എടുത്തത് എന്റെ അമ്മൂമ്മ ലക്ഷ്‌മിയമ്മയായിരുന്നു. പഠനത്തില്‍ ശരാശരി വിദ്യാര്‍ഥിനിയായിരുന്നെങ്കിലും മറ്റെല്ലാ കാര്യങ്ങളിലും അതിനേക്കാളേറെ മുന്നില്‍ നിന്നിരുന്നു. സ്‌കൂള്‍ പഠനകാലത്ത് നാടകം, പ്രസംഗം, സ്‌പോര്‍ട്‌സ് ..അങ്ങനെ പങ്കെടുക്കാത്തതായി ഒന്നുമില്ല. മലയാളിയായ ശ്യാമള ബാലന്‍, ശ്രീല മാസ്‌റ്റര്‍ ഇവരൊക്കെയായിരുന്നു ഗുരുക്കന്‍മാര്‍. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ഈനാട്, തമിഴില്‍ കുറേ പടങ്ങള്‍.... കമല്‍ഹാസന്‍ സാറിന്റെയൊപ്പം പുന്നകൈ മന്നന്‍, അടുത്ത വീട് അങ്ങനെ അഞ്ചാറ് ചിത്രങ്ങളില്‍ ബാലതാരമായി.
അതിനുശേഷം പഠിപ്പില്‍ ശ്രദ്ധിച്ചു പിന്നീട് ചിത്രങ്ങളൊന്നും ചെയ്‌തില്ല. ചെറുപ്പത്തിലെ ഒരു കലാകാരിയായി വളര്‍ത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചത് പിന്നീടും എനിക്ക് ഗുണമായിട്ടുണ്ട്.
വിധി തട്ടിയെടുത്ത ജീവിതം
അഞ്ചു വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടി, യൗവ്വന കാലത്ത് ആര്‍ക്കും തോന്നാവുന്നതുപോലെ അവളും ഒരാളെ പ്രണയിച്ചു. തീവ്ര പ്രണയത്തിനൊടുവില്‍ അവര്‍ വിവാഹത്തിലൂടെ ഒന്നായി. പെട്ടെന്നൊരുനാള്‍ ജീവിതം ഓളത്തിലും തിരയിലുംപെട്ട് ആടിയുലഞ്ഞപ്പോള്‍ രണ്ട് മാസം പ്രായമുള്ള മകള്‍ മാത്രമായി കൂട്ട്.
ഇഷ്‌ടപ്പെട്ടയാളുടെ കൂടെ ജീവിതകാലം മുഴുവന്‍ കഴിയാനാഗ്രഹിച്ച്, വര്‍ഷങ്ങള്‍ക്കകം അനാഥത്വത്തിലേക്കെടുത്തെറിയപ്പെട്ടതോടെ, ജീവിതത്തെ കുറിച്ചുള്ള ചിന്ത എല്ലാം അവസാനിപ്പിച്ച് ഈ ലോകത്തോടുതന്നെ വിടപറയാന്‍ എന്നെ പ്രേരിപ്പിച്ചു. ഏതാനും തുള്ളി വിഷത്തിന്റെ സഹായത്തില്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നു. ചെന്നൈയിലെ ഒരു ശ്‌മശാനക്കല്ലറയുടെ സമീപം, ഗര്‍ഭിണിയായിരിക്കെത്തന്നെ വിഷം കഴിച്ച് പോയിരുന്നു. പക്ഷേ വിധി എനിക്കായി കരുതിവച്ചത് മറ്റൊന്നായിരുന്നു. മരണം മാറിപ്പോയ ജീവിതം പിന്നീട് നിര്‍ജീവമായി, വിഷാദത്തെ കൂട്ടുപിടിച്ച് ശൂന്യമായ മനസുമായി ജീവിച്ചു. കണ്‍മുന്നില്‍ വളര്‍ന്നവന്ന മകളെക്കുറിച്ചുള്ള ചിന്തകള്‍ ജീവിക്കാനുള്ള പ്രേരണയായി. പിന്നീട് ആ മകള്‍ക്കുവേണ്ടിയുള്ള ജീവിത യാത്രക്കിടയില്‍ കല്ലും മുള്ളുമെല്ലാം ചവിട്ടി നടന്നു.
തിരികെ കിട്ടിയ ജീവിതം
പക്വതയില്ലാത്ത തീരുമാനങ്ങള്‍ എടുത്തിട്ടുള്ളയാളാണ് ഞാന്‍. ഒരു ആത്മഹത്യ ശ്രമം പോലും. ആ തീരുമാനമൊക്കെ തെറ്റാണ് . പക്ഷേ ഞാനന്ന് അങ്ങനെ ചെയ്‌തുപോയി. പക്ഷേ ദൈവാനുഗ്രഹം കൊണ്ട് അതിനെയെല്ലാം മറികടക്കാന്‍ സാധിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം മുന്‍പുണ്ടായിരുന്ന കല്‍പ്പനയേയല്ല ഞാനിന്ന്. നമ്മളേക്കാള്‍ വിഷമങ്ങളുള്ള എത്രയോ ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. അതുവച്ച് നോക്കുമ്പോള്‍ എന്റെ വിഷമങ്ങള്‍ എത്ര നിസാരമാണെന്ന് തോന്നി.
വിവാഹം തകര്‍ന്ന സമയത്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച എന്നെ ധൈര്യം തന്ന് തിരികെ കൊണ്ടുവന്നത് സുഹൃത്തുക്കളും ചുറ്റുപാടുമുള്ളവരുമായിരുന്നു. മോളെ കുറിച്ച് അവര്‍ എന്നെ ഓര്‍മിപ്പിച്ചു. അവളെ വളര്‍ത്തേണ്ടതും പഠിപ്പിക്കേണ്ടതുമെല്ലാം ഞാനല്ലേ? പിടിച്ചു കയറാനും, തിരിച്ചുവരാനും എനിക്ക് ഇങ്ങനെയൊരു അവസരമെങ്കിലും കിട്ടിയല്ലോ? വിഷാദമെല്ലാം മാറ്റിവച്ച് എന്നെ പുതിയ ഒരാളാക്കാന്‍ ദൈവമായി തന്ന അവസരമായാണ് ഞാന്‍ ഇതിനെ കണ്ടത്.
ചില ആളുകള്‍ ചോദിച്ചു:"പിന്നണി ഗായികയായ നീ എന്തിനാണ് റിയാലിറ്റിഷോയില്‍ പങ്കെടുക്കാന്‍ പോകുന്നതെന്ന്?" പക്ഷേ സംഗീത റിയാലിറ്റീഷോ അങ്ങനെ ചിരിച്ചുതള്ളാനാവുന്ന ഒന്നല്ല. ജീവിതത്തിലെ പല തീരുമാനങ്ങള്‍ എടുക്കാന്‍ എനിക്ക് കഴിഞ്ഞത് ഇവിടെനിന്നാണ്. ദൈവം നമുക്ക് തരുന്ന അവസരങ്ങള്‍ കാണാതെ പോകരുത്.
തെറ്റിദ്ധാരണകളുടെ മധ്യേ
ഒട്ടേറെ പ്രചാരണങ്ങളുണ്ട് എന്നെപ്പറ്റി. അതിലൊന്ന് എന്റെ ഭര്‍ത്താവിനെപ്പറ്റിയാണ്. ഷൂട്ടില്‍ ഞാന്‍ നുണ പറഞ്ഞിട്ടില്ല. ഞാന്‍ അവിടെ പറഞ്ഞത് വേറെ സംഭവമാണ്. ചാനലില്‍ കാണിച്ച സെമിത്തേരി... ശരിക്കും പറഞ്ഞാല്‍ അവിടെയാണ് ഞാന്‍ ആത്മത്യ ചെയ്യാന്‍ ശ്രമിച്ചത്. എഡിറ്റ് ചെയ്‌ത എപ്പിസോഡ്‌് കണ്ടപ്പോള്‍ ചിലര്‍ തെറ്റായിട്ട് ധരിച്ചു. ഞാന്‍ അതേക്കുറിച്ച് പ്രൊഡ്യൂസറിനോട് ചോദിച്ചു. സെമിത്തേരി കാണിച്ചതുകൊണ്ട് എന്റെ ഭര്‍ത്താവ് മരിച്ചുപോയെന്നാണ് ആളുകള്‍ ധരിച്ചത്. കുറേ ഞങ്ങള്‍ ഷൂട്ട് ചെയ്‌തു അതില്‍ വെട്ടിക്കളയേണ്ട കുറേ സിറ്റുവേഷന്‍ വന്നു. അങ്ങനെ എഡിറ്റിങില്‍ പ്രോബ്ലം വന്ന ശേഷം പബ്ലിക്ക് വിചാരിച്ചത് ഹസ്‌ബന്‍ഡ് ഇല്ല എന്ന്. കുറച്ചുപേര് മരിച്ചുപോയെന്ന് വിചാരിച്ചു.
അതു ചാനലിന്റെ തെറ്റ് മാത്രമല്ല. സമൂഹത്തിന്റെ തെറ്റുകൂടിയാണ്. അവരുടെ തെറ്റിദ്ധാരണയാണ്. അയാള്‍ മരിച്ചെന്ന് ചിലര്‍ തെറ്റിദ്ധരിച്ചതാണ്. എന്നോട് പേഴ്‌സണല്‍ പ്രശ്‌നങ്ങള്‍ ചോദിക്കുന്ന ഓരോരുത്തരോടും അതിന്റെ സത്യാവസ്‌ഥ പറയാന്‍ എനിക്കാവില്ല.
ഭര്‍ത്താവു മരിച്ചെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഷൂട്ട് ചെയ്‌തവര്‍ക്ക് സത്യമറിയാം. ചാനല്‍ നുണ പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞ സത്യങ്ങള്‍ അവര്‍ ഷൂട്ട് ചെയ്‌തു അത്രമാത്രം.
പുള്ളി എന്നെ വിട്ട് വേറൊരു വിവാഹം കഴിച്ചിട്ടുണ്ട്. എന്നെ വിവാഹം കഴിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് മറ്റൊരു വിവാഹം കഴിച്ചത്. എനിക്കത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കി കാരണം ധാരാളം ആളുകള്‍ വിചാരിച്ചു അയാള്‍ മരിച്ചെന്ന്. ചാനലിന്റെ ആളുകള്‍ അതേക്കുറിച്ച് സംസാരിക്കേണ്ട എന്ന് എന്നോട് പറഞ്ഞു.
ഞാനും അതിനെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഞാന്‍ ഇവിടെ വന്നത് എന്റെ വ്യക്‌തിപരമായ പ്രശ്‌നങ്ങള്‍ ഹൈലൈറ്റ് ചെയ്യാനല്ല. പാട്ടില്‍ ശ്രദ്ധിക്കാനും, എന്റെ പ്രൊഫഷനില്‍ ശ്രദ്ധിക്കാനും എന്റെ മകളെ നോക്കാനും വേണ്ടിയാണ്. എനിക്കിപ്പോള്‍ സമൂഹത്തിന്റെ മുന്നില്‍ പോകാന്‍ കഴിയുന്നില്ല കാരണം. കാരണം ജനങ്ങള്‍ എന്നോട് വളരെ വ്യത്തികെട്ട ചോദ്യങ്ങള്‍ ചോദിക്കുന്നു.
ഒരു ദിവസം തിരുവനന്തപുരത്ത് രാമചന്ദ്ര ടെക്‌റ്റെല്‍സില്‍ തുണി വാങ്ങാന്‍ പോയപ്പോള്‍ എല്ലാവരും എന്നെ കണ്ടതും ചോദിക്കുന്നത് എന്റെ പേഴ്‌സണല്‍ കാര്യങ്ങളാണ്. അതുകൊണ്ട് എനിക്ക് വളരെ വിഷമമാണ്. എല്ലാവര്‍ക്കും അവരവരുടേതായ പ്രശ്‌നങ്ങള്‍ ഉണ്ട്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മലയാളികള്‍ എന്നെ ധാരാളം സഹായിച്ചു. എന്റെ കഴിവുകൊണ്ട് മാത്രമല്ല ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും ആളുകളുടെ സപ്പോര്‍ട്ടുകൊണ്ടുമാണ് ഞാന്‍ വിജയിച്ചത്.
പാട്ടിന്റെ വഴിയെ
20 വര്‍ഷത്തില്‍ കൂടുതലായി പാടുന്നു. എന്റെ ജീവനും ആത്മാവുമാണ് സംഗീതം. രണ്ടുമൂന്ന് തമിഴ് സിനിമയില്‍ പാടിയിട്ടുമുണ്ട്. പ്രിയമാന തോഴി, ആറു, മൈന ഇതിലൊക്കെ ഞാന്‍ പാടിയ പാട്ടുകളുണ്ട്. തമിഴും, ഇംഗ്ലീഷുമൊക്കെ നിറയെ കേട്ടിട്ടുണ്ട്. പക്ഷേ മലയാളം പാട്ട് പാടുന്നതും, ധാരാളം കേള്‍ക്കുന്നതും കേരളത്തില്‍ വന്നശേഷമാണ്.
ആദ്യമായിട്ടാണ് പാട്ട് കാണാതെ പഠിച്ച് പാടുന്നത് അതും മലയാളം പോലെ എനിക്ക് അറിയാത്ത ഭാഷ. അതൊക്കെ ഒരു അത്ഭുതമായി തോന്നി. സ്‌റ്റാര്‍ സിങ്ങറിലെ യോഗ ഗുരു രൂപേഷ് സാര്‍ മനസിന് ധൈര്യം ധെര്യം തരുന്ന ഒരുപാട് കാര്യങ്ങള്‍ പറയുമായിരുന്നു. പാട്ട് ഓര്‍ത്തിരിക്കാന്‍ മാര്‍ഗം പറഞ്ഞുതന്നതും അദ്ദേഹമാണ്. രാത്രീ മുഴുവന്‍ പാട്ട് കുറഞ്ഞ ശബ്‌ദത്തിലിട്ട് കേട്ടാല്‍ അത് സബ്‌കോണ്‍ഷ്യസ് മൈന്‍ഡിലേക്ക് ഇറങ്ങിചെല്ലുമെന്ന് അദ്ദേഹമാണ് പറഞ്ഞുതന്നത്. ഈ സംഗീത യാത്രയില്‍ എന്നെ സഹായിച്ച ഒരുപാടുപേരുണ്ട് . അവരാണ് ചിത്രചേച്ചി, ശരത് സാര്‍, എം.ജി. ശ്രീകുമാര്‍ സാര്‍, ഉണ്ണിക്യഷ്‌ണന്‍ സാര്‍, ഉണ്ണിമേനോന്‍ അങ്ങനെ ഒരുപാടൊരുപാട് പേര്‍.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment