Saturday, October 29, 2011

[www.keralites.net] തീയറ്റര്‍ ഇളക്കി മറിക്കുന്ന പുത്തന്‍ ട്രെന്‍ഡുകള്‍‍

 

 

 

തീയറ്റര്‍ ഇളക്കി മറിക്കുന്ന പുത്തന്‍ ട്രെന്‍ഡുകള്‍‍

 

ശ്രീപാര്‍വ്വതി

മലയാള സിനിമ ഇപ്പോള്‍ കടന്നു പോകുന്ന വഴികളെ പറ്റി ഒരു പാരഗ്രാഫ്‌ എഴുതാന്‍ പറഞ്ഞാല്‍, കൊച്ചു കുട്ടികള്‍ക്കുവരെ പറയാന്‍ ഉണ്ടാവും മറ്റൊന്നിനെ കുറിച്ചുമല്ല, കൃഷ്‌ണനും രാധയേയും പറ്റി... ഓര്‍ത്തു വിഷമിക്കേണ്ടി വരില്ലെന്നറിയാം. മലയാള സിനിമയിലെ പുത്തന്‍ ഇതിഹാസം സന്തോഷ്‌ പണ്ഡിറ്റിനെ പറ്റി തന്നെ. മലയാളി സിനിമക്കൊട്ടകകളില്‍ പോയി സിനിമകള്‍ ആഘോഷിക്കുന്ന കാലം എവിടെ വച്ച്‌ അസ്‌തമിച്ചതാണ്‌, പക്ഷേ സന്തോഷ്‌ പണ്ഡിറ്റ്‌ തീയറ്ററുകളില്‍ ഉണ്ടാക്കിയ വിപ്ലവത്തിലൂടെ തിയറ്ററുകള്‍ നിറഞ്ഞു കവിയുന്നു എന്ന വാര്‍ത്തയാണ്‌, കേള്‍ക്കുന്നത്‌. സിനിമാലോകംതന്നെ തരിച്ചു നില്‍ക്കുന്ന കാഴ്‌ച്ച. യുറ്റ്യൂബിലും മറ്റും ലക്ഷവും കവിഞ്ഞ്‌ കോടിയുമായി ഹിറ്റ്‌ ഒഴുകുമ്പോള്‍ ആരാണ്‌, ഈ വിപ്ലവം യഥാര്‍ത്ഥത്തില്‍ സൃഷ്‌ടിച്ചത്‌?

ഒന്നോര്‍ത്താല്‍ സില്‍സിലയേയും കൃഷ്‌ണനും രാധയേയും പോലുള്ള വര്‍ക്കുകള്‍ കേരളത്തില്‍ ഹിറ്റാവുന്നുണ്ടെങ്കില്‍ അതിന്റെ കാരണം മലയാളിയുടെ 'ശവത്തില്‍ തോണ്ടി രസിക്കാനുള്ള' കഴിവല്ലാതെ മറ്റെന്താണ്‌?

തീര്‍ച്ചയായിട്ടും ഇപ്പോള്‍ കടന്നുവന്ന ഈ പുതിയ മാറ്റത്തെ പലരും അംഗീകരിച്ച മട്ടാണ്‌, അതിനു കാരണമുണ്ട്‌, മലയാളത്തില്‍ ഇപ്പോള്‍ ഇറങ്ങുന്ന സൂപ്പര്‍ സ്‌റ്റാര്‍ ചിത്രങ്ങളുടെ തികഞ്ഞ പരാജയം. നടന്‍മാര്‍ക്ക്‌ കഴിവില്ലാത്തതുകൊണ്ടല്ല, മറിച്ച്‌ സംവിധായകരുടെ കഴിവില്ലായ്‌മയോ, തിരക്കഥയുടെ കെട്ടുറപ്പില്ലായ്‌മയോ ഒക്കെ ആവാം ഈ തകര്‍ച്ചയ്‌ക്കു കാരണം. ഈ ഇടയിലേയ്‌ക്കാണ്‌, ഇതുപോലെയുള്ള വ്യത്യസ്‌തയുമായി പണ്ഡിറ്റുമാര്‍ കടന്നു വരുന്നത്‌.

യുറ്റ്യൂബ്‌ വീഡിയോയില്‍ പൈസ ലഭിയ്‌ക്കുന്നതിനു ഒരുപാട്‌ കോപ്രായങ്ങള്‍ കാണിച്ച്‌ ഇടുന്നവരുണ്ട്‌, പക്ഷേ യൂട്യൂബുമായി കോണ്‍ട്രാക്‌റ്റ് ഉള്ള ചില ലിമിറ്റഡ്‌ കമ്പനികളില്‍ രജിസ്‌റ്റര്‍ ചെയ്‌തു മാത്രമേ ഇത്തരത്തില്‍ വരുമാനം ലഭിയ്‌ക്കുകയുള്ളൂ. കമ്മീഷനും കഴിഞ്ഞ്‌ ഹിറ്റ്‌ അനുസരിച്ച്‌ ഉള്ള തുക യഥാര്‍ത്ഥ അവകാശിയ്‌ക്കു ലഭിയ്‌ക്കും. ഈ യൂട്യൂബിലൂടെ മാത്രം കൃഷ്‌ണനും രാധയും ഉണ്ടാക്കിയ രൂപയുടെ വില കേട്ടാല്‍ ആരും ഞെട്ടും. ഒരു ക്ലിക്കിന്‌, നാലു രൂപ(കടപ്പാട്‌:സന്തൊഷ്‌ പണ്ഡിറ്റ്‌), അപ്പോള്‍ ലക്ഷങ്ങള്‍ ഹിറ്റുള്ള ഒരു വീഡിയോയുടെ വില ഊഹിച്ചാല്‍ മനസ്സിലാക്കാവുന്നതല്ലേയുള്ളൂ. സൂപ്പര്‍ സ്‌റ്റാര്‍ പടങ്ങളുടെ മാര്‍ക്കറ്റ്‌ വാല്യൂ പോലും ഇടിഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണെന്നോര്‍ക്കണം, ഇതുപോലെയുള്ള സിനിമകള്‍ക്കും ആല്‍ബങ്ങള്‍ക്കും ഇത്തരത്തിലുള്ള സാമ്പത്തിക കെട്ടുറപ്പ്‌ ലഭിയ്‌ക്കുന്നത്‌!

ഈയടുത്ത്‌ പാട്ടുകാരിയായ ഒരു സുഹൃത്ത്‌ പറഞ്ഞത്‌, കഴിവുള്ള എത്രയോ പ്രതിഭകള്‍ ഒരവസരത്തിനായി നില്‍ക്കുന്നു, പാട്ടു പാടിയിട്ട്‌ പത്തു പൈസ കിട്ടാതെ പോകുന്ന എത്ര ആര്‍ട്ടിസ്‌റ്റുകള്‍, പക്ഷേ സില്‍സില പോലെയുള്ള അല്ലെങ്കില്‍ 'ഓ പ്രിയേ' പോലെയുള്ള പാട്ടുകള്‍ക്ക്‌ എത്രയാണ്‌, കേള്‍വിക്കാര്‍, കഴിവല്ല മലയാളിയുടെ കേള്‍വിക്കാധാരം, അവനെ ശ്രദ്ധിക്കപ്പെടുത്താനാകണം. വളരെ ബുദ്ധിപൂര്‍വ്വം സന്തോഷ്‌ പണ്ഡിറ്റുമാര്‍ കളിക്കുന്ന കളിയില്‍ വിഡ്‌ഢികളായ മലയാളികള്‍ മൂക്കും കുത്തി വീഴും.വളരെ വേദനയോടെയാണ്‌, അവര്‍ ഇത്‌ പറഞ്ഞത്‌..

വളരെ മനോഹരമായി ചെയ്‌ത പാട്ടുകള്‍ മലയാളികള്‍ ശ്രദ്ധിക്കാതെ പോകുമ്പോഴാണ്‌, ഇത്തരം പാട്ടുകള്‍ ഹിറ്റാകുന്നത്‌. പണ്ട്‌ ലജ്‌ജാവതി ഇറങ്ങിയപ്പോള്‍ ജാസി ഗിഫ്‌റ്റിന്റെ ശബ്‌ദം പിടിയ്‌ക്കാത്ത പലരും അദ്ദേഹത്തിനെതിരേ ആക്ഷേപം ഉന്നയിച്ചവരാണ്‌, പക്ഷേ ഒരു വ്യത്യസ്‌തതയുമായി കടന്നു വന്നതു കൊണ്ടാവണം പ്രത്യേകതകള്‍ ആഗ്രഹിക്കുന്ന മലയാളി അതിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചത്‌. ഇവിടേയും സംഭവിച്ചത്‌ അതുതന്നെ. ഒരു പക്ഷേ പലരും ബുദ്ധിയില്ലാത്തവനെന്ന്‌ വിളിച്ച്‌ ആക്ഷേപിച്ച ഈ പുതിയ താരങ്ങളുടെ ബുദ്ധി മറ്റുള്ളവന്റെ കുറ്റം പറയാന്‍ ഒരുപാട്‌ മിനക്കെടുന്ന പൊതുസമൂഹത്തിന്‌, മനസ്സിലായില്ല, അതോ മനസ്സിലായിട്ടും അവര്‍ അത്‌ കണ്ടില്ലെന്ന്‌ നടിയ്‌ക്കുന്നതോ..

കൃഷ്‌ണനും രാധയും കണ്ടിറങ്ങിയ ഒരു സുഹൃത്ത്‌ വിളിച്ചു പറഞ്ഞത്‌, യൂട്യൂബിലൊക്കെ പടം വന്നേക്കാം, പക്ഷേ കാണുന്നുണ്ടെങ്കില്‍ തീയറ്ററില്‍ തന്നെ പോയി കാണണം. ചിരിച്ചു ചിരിച്ചു വയറില്‍ നീരുവരെ വന്നു. മരണസീന്‍ കാണിക്കുമ്പോള്‍ പോലും തീയറ്ററില്‍ അലറിച്ചിരികളാണ്‌, ഉയരുന്നത്‌. സ്‌ക്രീനിലേയ്‌ക്ക് പലരും ചെരുപ്പും മറ്റും എടുത്തെറിയുന്നുണ്ട്‌' കൂടെ സുഹൃത്ത്‌ ഇതുകൂടി പറഞ്ഞു, ഞാന്‍ ഈ സിനിമ കണ്ടെന്ന്‌ ആരോടും പറയല്ലേ... 'മാനം പോകും....'.

തലയില്‍ തോര്‍ത്തുമിട്ട്‌ പണ്ട്‌ മലയാളി സിനിമ കാണാന്‍ പോയിരുന്നത്‌ സാധാരണ അഡല്‍ട്ട്‌സ് ഒണ്‍ലി ചിത്രങ്ങള്‍ക്ക്‌, ഇപ്പോള്‍ തലയില്‍ മുണ്ടുമിട്ട്‌ പോകുന്നവനെ കണ്ടാല്‍ തെറ്റിദ്ധരിക്കണ്ട അത്‌ സംഭവം വേറെയാണ്‌.

അതേ സുഹൃത്തിനോട്‌ സിനിമയെ പറ്റി അഭിപ്രായം ചോദിച്ചപ്പോള്‍ കേട്ടത്‌, രണ്ടു ദിവസം കഴിഞ്ഞ്‌ ആ തീയറ്റര്‍ അതേപടി അവിടെ ഉണ്ടെങ്കില്‍ അഭിപ്രായം പറയാം എന്ന്‌. മലയാളിയുടെ ഒരു സ്വയം പരിഹാസ്യത അല്ലേ ഇവിടെ വെളിവാകുന്നത്‌? കാശു മുടക്കി തീയറ്ററില്‍ കടന്ന്‌ നല്ലൊരു സിനിമ കാണാന്‍ മിനക്കെടാത്തവരാണ്‌, എല്ലാവരും , പക്ഷേ കുറ്റം പറയുന്ന ശീലം ഒഴിവാക്കാന്‍ പറ്റുമോ, അതുതന്നെ തീരെ കലാമൂല്യം കുറഞ്ഞ ഇത്തരം സിനിമആല്‍ബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും. പക്ഷേ ഒരാശ്വാസം ഉണ്ട്‌, ഈ ട്രെന്‍ഡ്‌ മലയാളികള്‍ അധിക കാലം വച്ചു പൊറുപ്പിക്കില്ല, അതും നമ്മുടെ ഒരു സ്വഭാവ സവിശേഷത തന്നെ. അങ്ങനെ ആശ്വസിക്കാം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment