Monday, August 15, 2011

[www.keralites.net] ഏഷ്യാനെറ്റ്‌ മഞ്ച് സ്റാര്‍ ജൂനിയര്‍ സീസണ്‍ 2 ഗ്രാന്‍ഡ്‌ ഫിനാലെ

 

ചാനലുകളിലെ വാര്‍ത്തകളും വാര്‍ത്താധിഷ്ടിത പരിപാടികളും, പിന്നെ ഇംഗ്ലീഷ് സിനിമകളും മാത്രമാണ് വല്ലപ്പോഴും കാണുന്നത്.

ഇന്നലെ ഞാന്‍ ഭാര്യ വീട്ടില്‍ ആയിരുന്നു. അവിടെ ചെന്നാല്‍, മര്യാദ രാമന്‍. അതുകൊണ്ട് ഫുള്‍ ടൈം വീട്ടില്‍ തന്നെ ബോര്‍ അടിച്ചിരുന്നു. വൈകുന്നേരം "അവതാര്‍" കണ്ടു തുടങ്ങിയപ്പോള്‍, ഭാര്യയുടെ അഭിലാഷം, ഉത്തരവായി പുറത്തു വന്നു. മഞ്ച് സ്റാര്‍ സിങ്ങര്‍ ജൂനിയര്‍ ഫൈനല്‍ ഇന്നാണ്. യദു എന്ന ഒരു കൊച്ചുണ്ട്. നല്ല കോച്ചാണ്. അതുകൊണ്ട് ആറര മണി മുതല്‍ ഏഷ്യാനെറ്റ്‌ കാണണം. സമ്മതിച്ചു, ഭയം കൊണ്ടൊന്നുമല്ല, മകളോട് മരുമകന് നല്ല സ്നേഹമാണെന്ന് അമ്മായിക്കും അമ്മാവനും തോന്നിക്കോട്ടേ എന്ന് കരുതി.

ആഗോള മലയാളികളുടെ ഇടയില്‍ വളരെ പോപ്പുലര്‍ ആയ പരിപാടി ആണെങ്കിലും, നമ്മള്‍ കൂപ മണ്ടൂകം ആയതുകൊണ്ട് ഒന്നാംതരം ബോര്‍ അടി സഹിച്ചു കണ്ടുകൊണ്ടിരുന്നു. "കൊണ്ട സ്ടണ്ട്" എന്ന് നസ്രിയ എന്നാ "ആങ്ങ്കര്‍" വിശേഷ്പ്പിച്ച, "കണ്ടസ്ടന്റ്റ്‌" എന്ന് മലയാല ബാഷയുടെ ഗ്ലോബല്‍ അംബാസിഡര്‍ പറഞ്ഞ മത്സരാര്‍ഥികളെ കണ്ടപ്പോള്‍, ആദ്യമേ ഞാന്‍ പറഞ്ഞു, ആ കൊച്ചു പയ്യന് കിട്ടാന്‍ പോകുന്നില്ല. യദു ആയിരുന്നു ആ കൊച്ചു പയ്യന്‍. കവടി നിരത്തി പറഞ്ഞതല്ല, വെറുതെ ഒരു തോന്നല്‍.

നാടകീയ അവതരണത്തിലൂടെ രണ്ടു റൌണ്ട് പൂര്‍ത്തിയായി.

ഡും ഡും ഡും. ഹൃദയമിടിപ്പാനു. എലിമിനേഷന്‍.

ഗോര്‍ജിയസ് ബ്യുട്ടിഫുള്‍ എല്ലാ റൌണ്ടിലും കണ്സിസ്ടന്റ് ആയിട്ടുള്ള പാര്‍വതി ഔട്ട്‌. കണ്ണുനീര്‍ തുള്ളികള്‍.

വീണ്ടും ഡും ഡും ഡും. എല്ലാവരുടെയും ഓമനയായ യദു ഔട്ട്‌. സദസ്യരുടെ ആത്മാര്‍ഥമായ കൂവല്‍.യടുവിനു കുലുക്കമില്ല. മനോഹരമായ നിറപുഞ്ചിരി (അഭിനയമല്ലാത്തത്) യദുവിനും (അഭിനയമായതു) രഞ്ജിനിക്കും മാത്രം. മറ്റുള്ളവര്‍ ഇതികര്ത്യവ്യതാ മൂഡ്‌ഔട്ടര്‍.

എനിക്കും അനല്പമായ ഒരു സന്തോഷം. എന്റെ പ്രവചനംഫലിച്ചല്ലോ.


വീണ്ടും നാടകീയമായ മൂന്നും രണ്ടും ഒന്നും സ്ഥാനക്കാരെ കണ്ടെത്തല്‍. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് കുടക്കമ്പി (കടപ്പാട്, ഇന്ദ്രന്‍സ്‌) ആദര്‍ശ്‌.

എനിക്ക് കേള്‍വി അല്പം കുറവാണ്. അതുകൊണ്ട് "നാദ ബ്രഹ്മത്തിന്‍" എന്ന കട്ടുകുരങ്ങിലെ ഗാനം രണ്ടാം റൌണ്ടില്‍ ആദര്‍ശ്‌ പാടിയപ്പോള്‍ ഞാന്‍ കേട്ടത് ഇങ്ങനെയാണ്:


"നാദ ബ്രഹ്മത്തിന്‍ സാഗരം നീന്തി വരും 'നാക' കന്യകമാരെ..."

നാക കന്യകയോ? തകരം കൊണ്ടുള്ള സുന്ദരി ആണോ, അതോ സ്വര്‍ഗ്ഗ കന്യകയോ? ആഹ് എന്ത് കുന്തവും ആയിക്കോട്ടെ, നമുക്കെന്താ?

ഇതിനിടയില്‍ എപ്പോഴോ "മമ്മൂട്ടി ദി ബെസ്റ്റ്‌ ആക്ടര്‍" എന്നാ റിയാലിറ്റിഷോയില്‍ ഒന്നാം സമ്മാനം നേടിയ കൊച്ചു മിടുക്കിയെ രഞ്ജിനി വീണ്ടും നാടകീയമായി അവതരിപ്പിക്കുന്നു.

ഇന്റ്രോ ... (ശബ്ദത്തില്‍ ശോകം) "വളരെ വേദനാ ജനകമായ ഒരു അവസ്ഥയില്‍ ആണ് ഈ കൊച്ചു മിടുക്കി.... ഫാദര്‍ ഇപ്പോള്‍ നല്ല സുഖമില്ലാത്ത ഒരു അവസ്ഥയിലാണ്... ചികിത്സിക്കാന്‍ ബുദ്ധിമുട്ടുണ്ട്... കിഡ്നി ക്കാന് പ്രോബ്ലം..." (മൈക്ക്‌ കുട്ടിക്ക് കൈമാറുന്നു)

നാട്യ തിലകം, ഒട്ടും നാട്യമില്ലാതെ പുഞ്ചിരിയോടെ "എന്റെ അച്ഛന് കുഴപ്പമൊന്നുമില്ല, സുഖയിരിക്കുന്നു. ഞാന്‍ മമ്മൂട്ടി അങ്കിളേ വിളിച്ചിരുന്നു. കാര്യങ്ങള്‍ ഒക്കെ തിരക്കി. ഇപ്പോള്‍ നല്ല കുട്ടിയായിരിക്കുന്നോ എന്ന് ചോദിച്ചു, ഞാന്‍ പറഞ്ഞു,ങ്ഹാ നല്ല കുട്ടിയയിരിക്കുന്നു. അങ്ങനെ ആണോ എന്ന് ചോദിച്ചാല്‍, എനിക്ക് അങ്ങനെ നല്ല കുട്ടിയായിരിക്കാനോന്നും പറ്റില്ല." (സദസ്സില്‍ നിന്നും കരഘോഷം). രഞ്ജിനിയുടെ ചമ്മിയ മുഖം കാണിച്ചുവോ എന്നറിയില്ല, ആ സമയം ഞാന്‍ സ്മോക്‌ ബ്രേക്ക്‌ എടുത്തിരുന്നു.

പരിപാടികള്‍ വീണ്ടും പുരോഗമിച്ചു. ഏതാണ്ട് പാതിരാത്രി ആയപ്പോള്‍,ഫലപ്രഖ്യാപനം. നാടകീയമായി. വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി, വേദിയിലേക്ക് ക്ഷണിച്ചു. രണ്ടാം സ്ഥാനക്കാരനെ പ്രഖ്യാപിച്ചു. മലയാളികളുടെ അഭിമാനവും, ഞങ്ങള്‍ തിരുവന്തോരത്ത് കാരുടെ സ്വന്തവുമായ ജഗതി ശ്രീകുമാര്‍ ആ കര്‍മ്മം നിര്‍വഹിച്ചു, പക്ഷേ രണ്ടു വാക്ക് സംസാരിക്കുവാന്‍ അദ്ധേഹത്തെ ക്ഷണിച്ചില്ല.

ഇനി പ്രഖ്യപിക്കേണ്ടത് ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവുമാണ്. പദ്മശ്രീ ജയറാമാണ് ആ കര്‍മ്മം നിര്‍വഹിക്കേണ്ടത്. രഞ്ജിനി സദസ്യരോട് ചോദിക്കുന്നു ആര്‍ക്കു ഒന്നാം സ്ഥാനം കൊടുക്കണം എന്ന്. സദസ്യര്‍ ഒന്നാംതരം കൂവലിലൂടെ മറുപടി നല്‍കുന്നു. വേദിയില്‍ ഉള്ളവരോടും രഞ്ജിനി ചോദിക്കുന്നു. ആരും മറുപടി പറയുന്നില്ല. ഒടുവില്‍ "അമ്പിളി" ചേട്ടനോട് മൈക്ക്‌ കൊടുത്തു രഞ്ജിനി.

ജഗതി: ഷോര്‍ട്ട് ഇന്റ്രോ... എനിക്ക് ഇത് നേരത്തെ പറയണം എന്നുണ്ടായിരുന്നു. സംസാരിക്കാന്‍ ആവശ്യപ്പെട്ടില്ല, അതുകൊണ്ട് സംസാരിച്ചില്ല.

ജഗതി: ജഡ്ജസ്, ഇവിടെഫലപ്രഖ്യാപനം നടത്തി കഴിഞ്ഞു. നല്ല ജഡ്ജസ് ആണ്.ഇവര്‍ ശരിക്കും ഗുരുനാഥന്മാര്‍ ആണ്. കുട്ടികളുടെ കുറവുകള്‍, സ്നേഹപൂര്‍വ്വം മനസ്സിലാക്കിച്ചു അവരെ നന്നാക്കുവാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്ന ഗുര്ക്കന്മാര്‍. അല്ലാതെ അവരുടെ കുറവുകളെ പരിഹസിക്കുക്ക ആയിരുന്നില്ല. പിന്നെ,ഈ നില്‍ക്കുന്ന രണ്ടുപേരില്‍ ആരാണ് ഒന്നാം സ്ഥാനത്തിന് അര്‍ഹത എന്ന് ചോദിച്ചാല്‍, ഈ കുട്ടി (വൈശാഖി യെ ചൂണ്ടിക്കാണിച്ചുകൊണ്ട്) എസ്.പി.ജി. പാടിയ ഒരു പാട്ട് പാടാനുള്ള ധൈര്യം കാണിച്ചു. പെന്കുട്ടിയായിട്ടും, ഒരു പുരുഷന്‍ പാടിയ പാട്ട് പാടാനുള്ള ധൈര്യം. ഇനി, എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകാരന്‍ ആരെന്നു ചോദിച്ചാല്‍, ഈ കൊച്ചു മിടുക്കന്‍ യദു. യടുവിന്റെ പാട്ടാണ് എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത്.

ജഗതി: പിന്നെ, ഈ പരിപാടിയിലെ അവതാരിക. ആ കുട്ടിയേയും എനിക്ക് ഇഷ്ടമാണ്. കാരണം, ആ കുട്ടി ഒരിക്കലും ജഡ്ജ്മെന്റ്റ്‌ നടത്തിയിട്ടില്ല. അവതരണം മാത്രേ നടത്തിയിട്ടുള്ളൂ. അല്ലാതെ, (ശരീരം ജഗതി ശൈലിയില്‍ തുള്ളിച്ചുകൊണ്ട്) "ഫാന്ടാസ്ടിക്, വണ്ടര്‍ഫുള്‍, ഇഫ്‌ ഐ വാസ്‌ എ ജഡ്ജ്, ഐ വില്‍ ഗിവ് യു ഫുള്‍ മാര്‍ക്സ്‌..." എന്നൊക്കെ ആ കൊച്ചു പറയില്ല. അവനവന്‍ അവനവന്റെ പണിയേ ചെയ്യാവൂ. അല്ലാതെ മറ്റുള്ളവരുടെ പണി ചെയ്യരുത്.

(വേദിയില്‍ നില്‍ക്കുന്നവര്‍ ഇതി കര്തവ്യത മൂഡ്‌ ഔട്ടര്‍. സദസ്സില്‍ കരഘോഷം. നാണം കെട്ടവന്റെ ... എന്ന മട്ടില്‍, രഞ്ജിനി. മറ്റു പലരുടെയും മുഖങ്ങള്‍ കടന്നല്‍ കുത്തിയപോലെ).

ജഗതി: ഈ കൊച്ചു കൂട്ടുകാരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ ഇതൊന്നും മൈന്‍ഡ്‌ ചെയ്യേണ്ട കാര്യമില്ല. ഞങ്ങളുടെ ചെരുപ്പ കാലത്ത്, റേഡിയോ ആയിരുന്നു വലിയ സംഭവം. അവിടെ പാടുവാണോ നാടകം അവതരിപ്പിക്കുവാണോ ഒക്കെ അവസരം കിട്ടുന്നത് വലിയ കാര്യമായിരുന്നു. ഒരു പരിപാടി അവതരിപ്പിച്ചാല്‍,പത്തു രൂപ കിട്ടും. ഇന്നത്തെ പത്തു രൂപ, പിച്ചക്കാരന് കൊടുക്കുന്നതാണ്. അന്ന് അത് വലുതായിരുന്നു. രണ്ടു അണക്ക് ദോശയും രസവടയും കിട്ടും. ഒരു രൂപയ്ക്കു ഊണ് കിട്ടും. ആ സമയത്ത് റേഡിയോയില്‍ പരിപാടി അവതരിപ്പിച്ചാല്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഒപ്പിട്ട പത്തു രൂപയുടെ ചെക്ക്‌ കിട്ടും.

റേഡിയോയില്‍ പരിപാടി അവതരിപ്പിക്കുവാന്‍ ഓഡിഷന്‍ ഉണ്ട്. സംഗീത പരിപാടി ആണെങ്കില്‍ സംഗീത വിദഗ്ധര്‍ക്ക് മുമ്പില്‍ പരിപാടി അവതരിപ്പിക്കണം. അവര്‍ അനുമതി നല്‍കിയാല്‍ പാടാം.

പണ്ട്, വഴുതക്കാടെ എം.ജി. രാധാകൃഷ്ണന്റെ വീട്ടിനു മുന്നിലെ പൈപ്പ് വെള്ളത്തില്‍ നിന്നും പച്ചവെള്ളം കുടിച്ചു വിശപ്പ്‌ മാറ്റി കൊണ്ട് - അക്കാലത്ത് വീടുകളില്‍ പൈപ്പ് വന്നിട്ടില്ല. റോഡില്‍ ഉണ്ടാകും, അവിടുന്നാണ് വെള്ളം എടുക്കുന്നത്, എന്റെ ഒക്കെ പ്രായത്തില്‍ ഉള്ളവര്‍ക്ക് അറിയാം - ഒരാള്‍ ആള്‍ ഇന്ത്യ റേഡിയോയില്‍ ഓഡിഷനു പോയി. ഒരു ജഡ്ജ് പറഞ്ഞു, ഇയാളുടെ ശബ്ദം റേഡിയോക്ക് പറ്റിയതല്ല. പില്‍ക്കാലത്ത്‌ ഗാന ഗന്ധര്‍വനായ ദാസേട്ടന്‍ ആയിരുന്നു അന്ന് പച്ചവെള്ളം കുടിച്ചു ഓഡിഷനു പോയത്. നമ്മള്‍ മനുഷ്യരല്ല, ഈശ്വരന്‍ ആണ് യദാര്‍ത്ഥ വിധി കര്‍ത്താവ്‌. കുഞ്ഞുങ്ങളെ, ഇത് കൊണ്ട് നിങ്ങള്‍ വിഷമിക്കേണ്ട കാര്യമില്ല. യദാര്‍ത്ഥ വിധി ജഗദീശ്വരന്‍ നിശ്ചയിക്കും. നിങ്ങളുടെ പ്രയത്നങ്ങള്‍ക്ക് പ്രതിഫലം കിട്ടും. നമ്മുക്ക് ഇനിയും ദാസേട്ടനും, സുശീലാമ്മയും ജനകിയമ്മയും, മുഹമ്മദ്‌ റാഫിയും, കിഷോറും, മുകേഷും ഒക്കെ വേണം. നിങ്ങള്‍ നിങ്ങളുടെ കഴിവ് തെളിയിക്കുമ്പോള്‍ ജനകോടികള്‍ നിങ്ങളോടൊപ്പം ഉണ്ടാകും അല്ലാതെ, ഈ 'കോടികള്‍' അല്ല നിങ്ങള്‍ ലക്‌ഷ്യം വയ്ക്കേണ്ടത്.

ഇതൊക്കെ ഞാന്‍ പറയും. ഇതുപോലെ പറയാന്‍ എനിക്ക് ഇതുപോലെയുള്ള വേദികളെ കിട്ടൂ. അപ്പോള്‍ ഞാന്‍ പറയും. ഞാനേ പറയൂ, ഈ നില്‍ക്കുന്ന ജയറാം പോലും പറയില്ല (ജയറാം, ചമ്മി അയ്യേ ഈ അമ്പിളി ചേട്ടന്‍ എന്ന് സ്വത സിദ്ധമായ ശൈലിയില്‍ ആംഗ്യം കാണിക്കുന്നു) ഇനിയുംഇതുപോലെയുള്ള പരിപാടികളില്‍ നിങ്ങള്‍ എന്നെ വിളിക്കണം. എന്നാലേ ചിലതൊക്കെ പറയാന്‍ പറ്റൂ. എന്നോട് നേരത്തെ ഈ പരിപാടിയുടെ സ്പെഷ്യല്‍ ജഡ്ജ് ആയി വിളിച്ചിരുന്നു. ഞാന്‍ അത് സ്നേഹ പൂര്‍വം നിരസിച്ചു. ഞാന്‍ ഒരു സംഗീത വിശാരദന്‍ ഒന്നുമല്ല. ശ്രുതി നന്നായില്ല, അത് നന്നായില്ല എന്നൊന്നും പറയാന്‍ എനിക്കറിയില്ല. ഞാന്‍ ഒരു ശ്രോതാവ് മാത്രമാണ്. അല്ലാതെ, വന്നിരുന്നു "വണ്ടര്‍ഫുള്‍, ഫാന്ടാസ്റിക്" എന്നൊക്കെ പറയാന്‍ എന്നെ കൊണ്ട് പറ്റില്ല. അതുകൊണ്ട് ക്ഷണം ഞാന്‍ നിരസിച്ചു. ഏഷ്യാനെറ്റ്‌ എന്റെ സുഹൃത്താണ്. അവര്‍ക്ക് ഇത് അറിയാവുന്നതാണ്.

എല്ലാവര്ക്കും ഓണാശംസകള്‍. ജഗതി നിറുത്തി.

വീണ്ടും ഫല പ്രഖ്യപനതിലേക്ക്. ജയറാം ആദര്‍ശിനെ ഒന്നാം സ്ഥാനക്കാരനായി പ്രഖ്യാപിച്ചു.

സദസ്സില്‍ കൂവല്‍. അതിനെക്കാളും വലിയ കൂവല്‍ മൈക്കിലൂടെ ആദര്‍ശിന്റെ വക. ആദര്‍ശിന്റെ അമ്മയുടെ "സന്തോഷ" കണ്ണുനീര്‍ ക്ലോസ് അപ്പില്‍. (ഫലപ്രഖ്യാപനത്തിനു തൊട്ടു മുമ്പുവരെ കേളന്‍ കുലുങ്ങിയാലും പാലം കുലുങ്ങില്ല എന്നാ രീതിയിലായിരുന്നു. കണ്ണീര്‍ ക്ലോസ് അപ്പ്‌ കണ്ടപ്പോള്‍, ഞാന്‍ കരുതി തോറ്റ മത്സരാര്‍ഥിയുടെ ആരെങ്കിലും ആയിരിക്കുമെന്ന്). അമ്പതു ലക്ഷത്തിന്റെ ഫ്ലാറ്റ്‌ ആദര്‍ശിന്. വേദിയില്‍ വെടിക്കെട്ട്‌, തോരണ മഴ.
നസ്രിയ ആദര്‍ശിന്റെ അമ്മയെ വേദിയിലേക്ക് ക്ഷണിക്കുന്നു.

രഞ്ജിനി: നിങ്ങള്‍ക്ക് അറിയാമോ, ഇതുവരെ സ്വന്തമായി ഒരു വീട് ആദര്ശിനും അമ്മയ്ക്കും ഇല്ലായിരുന്നു. ഇപ്പോള്‍ അമ്പതു ലക്ഷത്തിന്റെ ഫ്ലാറ്റ്‌ ആദര്ശിനും അമ്മയ്ക്കും. അതും വെറും പതിനാറാമത്തെ വയസ്സില്‍.

അപ്പോഴാണ്‌ ഈറിയാലിറ്റിഷോയില്‍ ഒന്നാം സമ്മാനം കിട്ടുവാനുള്ള ക്രയിടീറിയ എനിക്ക് മനസ്സിലായത്‌.

ആദര്‍ശിന്റെ നന്ദി പ്രകടനം. ആഹ്ലാദ പ്രക്ഷുബ്ദതയില്‍ വാക്കുകള്‍ കിട്ടാതെ ബുദ്ധിമുട്ടുന്ന ആദര്‍ശ്‌: ഇവിടം വരെ എത്തുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല. ഞാന്‍ ഇവിടം വരെ എത്തുവാന്‍ എന്റെ അമ്മ ഒരുപാട് 'സ്ട്രഗ്ല്‍' ചെയ്തിട്ടുണ്ട്..."

വീണ്ടും രഞ്ജിനിയുടെ വാഗ്ധോരണി. അതിനിടയില്‍ ആദര്‍ശിന് വീണ്ടും എന്തോ പറയാനുള്ള വീര്‍പ്പുമുട്ടല്‍ ... മൈക്ക്‌ വീണ്ടും ആദര്‍ശിന്റെ കയ്യില്‍.

പിന്നെ, മെലോഡ്രാമ: "എനിക്ക് പുതിയ ഫ്ലാറ്റില്‍ അമ്മയോടും അച്ഛനോടും ഒപ്പം കഴിയണം എന്നാണു ആഗ്രഹം. നിങ്ങള്‍ രണ്ടുപേരും ഒന്നിക്കണം. വീണ്ടും ഒരു നല്ല ജീവിതം തുടരണം. എനിക്കറിയാം അച്ഛന്‍ ഈ പരിപാടി ഇപ്പോള്‍ കാണുന്നുണ്ടാകും, അച്ഛാ..."

രഞ്ജിനി: ആദര്‍ശിന്റെ പുതിയ ഫ്ലാറ്റില്‍ ആദര്ശിനോടും അമ്മയോടുംഒപ്പം അച്ഛനും ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.

(ഞാന്‍ : നമുക്കും പ്രാര്‍ഥിക്കാം).

പിന്‍കുറിപ്പ്‌:

ഇത് ഒരു വിവരണം മാത്രമാണ്. ഉദ്ധരണികള്‍, ഓര്‍മ്മയില്‍ നിന്നുമാണ്. യഥാതഥമായ വിവരണം, പരിപാടിയുടെ പുന:പ്രക്ഷേപണം കണ്ടിട്ടോ അല്ലെങ്കില്‍ യൂട്യുബില്‍ വരുമ്പോഴോ നിങ്ങള്‍ക്ക് കാണാവുന്നതാണ്. പരമാവധി കൃത്യത പാലിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്.

--


ഗുരുദാസ്‌ സുധാകരന്‍ Gurudas Sudhakaran
Mob: +91-9447 55 40 55
തിരുവനന്തപുരം Thiruvananthapuram
കേരളം Keralam

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment