Sunday, December 4, 2011

[www.keralites.net] വെള്ളരിപ്രാവുകളെ കല്ലെറിയരുതേ....

 

മുല്ലപ്പെരിയാര്‍ പ്രശ്നം പോലെ തന്നെ ആശങ്കയുണര്‍ത്തുന്ന,അതുപോലെ തന്നെ അടിയന്തരശ്രദ്ധ അര്ഹിക്കുന്ന ഒരു ഗുരുതര പ്രശ്നം മുല്ലപ്പെരിയാറിന്റെ കുത്തൊഴുക്കിനിടയില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്.അത് നമ്മുടെ നാട്ടിലെ നഴ്‍സുമാരുടെ പ്രശ്നമാണ്.നഴ്‍സുമാരോട് സമൂഹം കാണിക്കുന്ന അവഗണനയും ആശുപത്രികള്‍ നടത്തുന്ന ക്രൂരപീഡനങ്ങളും ചൂഷണങ്ങളും പരിഹരിക്കാന്‍ രാഷ്ട്രീയക്കാരോ മാധ്യമങ്ങളോ ഇടപെടുന്നില്ല എന്നതും വിചിത്രമായിരിക്കുന്നു.എല്ലാ ജോലിയും മഹത്തരമാണെങ്കില്‍ അവയെക്കാളെല്ലാം അല്‍പം കൂടി മഹത്തരമാണ് നഴ്‍സിങ്.ലോകമെങ്ങും നഴ്‍സിങ്ങില്‍ മലയാളി പെണ്‍കുട്ടികള്‍ സ്വീകരിക്കപ്പെടുന്നത് തൊഴിലിനോട് അവര്‍ പുലര്‍ത്തുന്ന പ്രതിബദ്ധത കൊണ്ടും തൊഴില്‍ എന്നതിലപ്പുറത്തേക്ക് അവര്‍ അതില്‍ സ്വയം അര്‍പ്പിക്കുന്നതുകൊണ്ടുമാണ്. എന്നാല്‍, സ്വന്തം നാട്ടില്‍ ആ സമൂഹം വേട്ടയാടപ്പെടുമ്പോള്‍ കയ്യുംകെട്ടി നോക്കി നില്‍ക്കേണ്ടി വരുന്നത് സമൂഹത്തിന്റെ പരാജയമാണ്.
മുംബൈയിലും ദില്ലിയിലും മലയാളി നഴ്‍സുമാരുടെ ദുരവസ്ഥയും ക്രൂരപീഡനങ്ങള്‍ക്കെതിരേ അവര്‍ നടത്തിയ പീഡനങ്ങളും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയും മലയാളി വികാരം ആളിക്കത്തിക്കുകയും ചെയ്തിരുന്നു.എന്നാല്‍,സ്വന്തം നാട്ടില്‍,ഈ തൊഴില്‍മേഖലയില്‍ നടക്കുന്ന അതിക്രമങ്ങളും ചൂഷണങ്ങളും ബോധപൂര്‍വം കണ്ടില്ലെന്നു നടിക്കുകയും ചെയ്യുകയാണ് എല്ലാവരും.3000 രൂപ ശമ്പളത്തില്‍ ഒറ്റ ലീവ് പോലുമില്ലാതെ ദിവസം 18 മണിക്കൂര്‍ ജോലി ചെയ്യുന്ന വേറൊരു തൊഴില്‍സമൂഹവും ലോകത്തുണ്ടാവില്ല.നിസ്സാരപ്രശ്നങ്ങള്‍ക്കു വരെ പണിമുടക്കുകയും ശക്തിപ്രടനം നടത്തുകയും ചെയ്യുന്ന ഡോക്ടര്‍മാര്‍ പോലും വൈദ്യശാസ്ത്രത്തിന്റെ രക്തപ്രവാഹമായ നഴ്‍സിങ്ങിനു വേണ്ടി നിലപാടെടുക്കുന്നില്ല.
സമര്‍ദ്ദതന്ത്രങ്ങളോ അക്രമസമരങ്ങളോ രാഷ്ട്രീയപിന്തുണയോ ഇല്ലാത്ത നഴ്‍സുമാരുടെ സമരത്തെ അടിച്ചമര്‍ത്താന്‍ ആശുപത്രി മാനേജ്‍മെന്റുകള്‍ ഉയര്‍ത്തുന്ന ഒരു ന്യായമുണ്ട്- രോഗികളോടുള്ള ഉത്തരവാദിത്വം. ജനങ്ങളെക്കൊണ്ട് നഴ്‍സുമാരെ അടിപ്പിക്കാനുള്ള തന്ത്രം വിജയിച്ചില്ലെങ്കില്‍ ഗുണ്ടകളെ വിട്ടു തല്ലും എന്നത് കൊല്ലത്ത് ശങ്കേഴ്സ്‍ ആശുപത്രിയിലെ സമരത്തിനിടയില്‍ കണ്ടു.അടിമകളോടെന്ന പോലെയാണ് കേരളത്തിലെ മിക്കവാറും ആശുപത്രി മാനേജ്‍മെന്റുകളും നഴ്‍സുമാരോട് പെരുമാറുന്നത്.അക്കാര്യത്തില്‍ വെള്ളാപ്പള്ളിയുടെ ആശുപത്രിയെന്നോ കന്യാ‍സ്ത്രീകളുടെ ആശുപത്രിയെന്നോ വ്യത്യാസമില്ല.അവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തേണ്ടതും വാദിക്കേണ്ടതും അവരുടെ ശുശ്രൂഷകളേറ്റുവാങ്ങിയിട്ടുള്ള നമ്മളാണ്.ഡോക്ടര്‍മാരുടെ ജാഡകളെയും ശാസനകളെയും ചെറുചിരിയോടെ പഞ്ഞികൊണ്ട് ഒപ്പിയെടുത്ത് സ്നേഹവും പരിചരണവും നല്‍കി ഒപ്പം നില്‍ക്കുന്ന നഴ്‍സുമാരുടെ സേവനം വിലമതിക്കാനാവാത്തതാണ്.വിലയ്‍ക്കെടുത്ത ഗുണ്ടകള്‍ അവര്‍ക്കു നേരേ കയ്യോങ്ങുമ്പോള്‍ ആ കൈ തടുക്കാന്‍ ഒരായിരം കൈകളുയരുന്നില്ലെങ്കില്‍ ഓരോ ദുരന്തത്തിനു ശേഷവും നമ്മളൊരുക്കുന്ന കണ്ണീരുകളും ഉയര്‍ത്തുന്ന വിലാപങ്ങളും അപഹാസ്യമാണ്.
യുഎസിലും യുകെയിലും അയര്‍ലന്‍ഡിലും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന നഴ്‍സുമാരില്‍ നിന്നു വ്യത്യസ്തരാണ് കേരളത്തില്‍ ജോലി ചെയ്യുന്നവര്‍. ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അനുശാസിക്കുന്നത് അഞ്ച് രോഗികള്‍ക്ക് ഒരു നഴ്സ് എന്നാണെങ്കില്‍ കേരളത്തിലെ അവസ്ഥ 60 രോഗികള്‍ക്ക് ഒരു നഴ്സ് എന്ന നിലയിലാണ്. രോഗികള്‍ക്ക് പരിചരണം ലഭിക്കണമെങ്കില്‍ ദിവസം 15 മണിക്കൂര്‍ എങ്കിലും നഴ്സുമാര്‍ ജോലി ചെയ്യേണ്ടി വരുന്നുണ്ട്. ഇതുമൂലം അടിയന്തര ആവശ്യങ്ങളില്‍പോലും അവധി അനുവദിക്കാത്ത സ്ഥിതിയാണ്.അടിയന്തരസാഹചര്യത്തില്‍ അവധിയെടുത്താല്‍ പിരിച്ചുവിടും. 3000 മാത്രം പ്രതിമാസവേതനം ലഭിക്കുന്ന നഴ്സുമാരുണ്ട്. വായ്പയെടുത്തുപഠിച്ച ഇവര്‍ക്ക് തിരിച്ചടവിനാവുന്നില്ല. പലരും ജപ്തി ഭീഷണിയിലാണ്. ബോണ്ട് സംവിധാനം മാറ്റിയതോടെ ലക്ഷങ്ങളുടെ ചെക്ക് ലീഫാണ് ജോലിക്ക് കയറുമ്പോള്‍ ഒപ്പിട്ടുവാങ്ങുന്നത്.നഴ്‍സിങ് പോലെയൊരു തൊഴില്‍മേഖല കേരളത്തില്‍ ഇത്തരത്തില്‍ ഞെരുക്കപ്പെടുന്നതിനെതിരേ മുഖ്യമന്ത്രിയോ മനുഷ്യാവകാശ കമ്മിഷനോ കോടതി നേരിട്ടു തന്നെയോ ഇടപെടേണ്ട ഒരു സാഹചര്യമാണിപ്പോഴുള്ളത്.
മാനേജ്‍മെന്റുകളുടെ ചൂഷണത്തിനെതിരായുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി പുതുതായി രൂപീകരിച്ച യുണൈറ്റഡ് നഴ്‍സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ സംസ്ഥാനത്തെ നഴ്‌സുമാര്‍ കരിദിനം ആചരിക്കുകയാണ്. ജനുവരി അഞ്ചിന് ആശുപത്രികളിലെ അവശ്യവിഭാഗത്തെ ഒഴിവാക്കി സൂചനാപണിമുടക്ക് നടത്തും. ഫെബ്രുവരി അഞ്ചിന് സെക്രട്ടേറിയറ്റ് മാര്‍ച്ചും, എന്നിട്ടും പരിഹാരമാവാത്ത പക്ഷം അനിശ്ചിതകാല പണിമുടക്കും ആരംഭിക്കുമെന്നും സംഘടനാനേതാക്കള്‍ പറയുന്നു.ബുദ്ധിജീവി-സ്ത്രീപക്ഷ-മനുഷ്യാവകാശ തട്ടിപ്പുകാര്‍ക്ക് വിളവെടുപ്പിനുള്ള വക ഇല്ലാത്തതിനാല്‍ നഴ്‍സുമാരുടെ പ്രശ്നത്തില്‍ അവരിടപെടുമെന്ന് പ്രതീക്ഷ വേണ്ട.ആശുപത്രി മാനേജ്‍മെന്റുകളെ പിണക്കി രാഷ്ട്രീയസംഘടനകളും നഴ്‍സുമാര്‍ക്കു വേണ്ടി ഒരു നിലപാടെടുക്കാനിടയില്ല.എല്ലാ സമരങ്ങളെയും ന്യായീകരിക്കാന്‍ കഴിയുന്ന നമുക്ക് ഈ സമരത്തിന് പിന്തുണ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അര്‍ഥശൂന്യമായിരിക്കും നമ്മുടെ സാമൂഹിബോധം.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment