Wednesday, December 28, 2011

[www.keralites.net] ഈസ്‌റ്റേണ്‍ മുളകുപൊടിയില്‍ മാരകവിഷം......

 

ഈസ്‌റ്റേണ്‍ മുളകുപൊടിയില്‍ മാരകവിഷം, വാര്‍ത്തയും മുളകുപൊടിയും കുഴിച്ചുമൂടി

ഹരീഷ് വാസുദേവന്‍
കൊച്ചി: പ്രശസ്ത കറിപ്പൊടി കമ്പനിയായ ഈസ്‌റ്റേണിന്റെ മുളകുപൊടിയില്‍ മാരകവിഷം കണ്ടെത്തി. 'സുഡാന്‍ 4′ എന്ന മാരക രാസപദാര്‍ഥമാണ് കണ്ടെത്തിയത്. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ വെച്ചിരുന്ന മുളക്‌പൊടി പാക്കറ്റുകള്‍ നിയമപ്രകാരം പരിശോധന നടത്തിയപ്പോള്‍ കൊച്ചിയിലെ സ്‌പൈസസ് ബോര്‍ഡ് ഉദ്യോഗസ്ഥരാണ് വിഷം കണ്ടെത്തിയത്. നവംബര്‍ 9 നു ഈസ്‌റ്റേണ്‍ ഫാക്ടറിയില്‍ നിന്നും റെയ്ഡില്‍ ശേഖരിച്ച മുളകുപൊടി പരിശോധനയ്ക്കായി അയച്ചപ്പോള്‍ ഓരോ നൂറു ഗ്രാം ഈസ്‌റ്റേണ്‍ മുളകുപൊടിയിലും 14 മില്ലീഗ്രാം സുഡാന്‍ നാല് കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് 1200 കിലോ മുളകുപൊടി കോതമംഗലത്തെ ഈസ്‌റ്റേണ്‍ ഫാക്ടറിയില്‍ വെച്ചു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കുഴിച്ചുമൂടി.
സ്‌പൈസസ് ബോര്‍ഡ് കൊച്ചി യൂണിറ്റിലെ ഫുഡ് സേഫ്റ്റി ഡിസൈനേറ്റര്‍ ആയ കെ. അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുള്‍ ജലീല്‍, ബൈജു പി.ജോണ്‍ എന്നിവരാണ് വിഷലിപ്തമായ മുളകുപൊടി പിടിച്ചെടുത്തത്. സാമ്പിളുകളില്‍ നിന്നു മാത്രം 1200 കിലോയില്‍ സുഡാന്‍ ഡൈ കലര്‍ന്നതായി കണ്ടെത്തിയിരുന്നു. ഇതാണ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുള്ളത്. ക്യാന്‍സര്‍ അടക്കമുള്ള മാരക അസുഖങ്ങള്‍ ഉണ്ടാക്കുന്ന രാസവിഷമാണ് സുഡാന്‍ 4. ഭക്ഷ്യ വസ്തുക്കളില്‍ സുഡാന്‍ 4 ഉപയോഗിക്കുന്നത് പല രാജ്യങ്ങളിലും മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണ്. പെട്രോളിയം എണ്ണകളിലും മറ്റും ചുവപ്പ് നിറം ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് സുഡാന്‍.
കേരളത്തില്‍ നിന്നും അന്താരാഷ്ട്ര തലത്തില്‍ ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കറിപ്പോടിയാണ് ഈസ്‌റ്റേണ്‍. 400 കോടിയുടെ ആസ്തിയുള്ള കമ്പനിയാണിത്. അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ഗള്‍ഫ് തുടങ്ങിയവിടങ്ങളിലേക്കാണ് പ്രധാനമായി കയറ്റുമതി ചെയ്യപ്പെടുന്നത്. ഗുണമേന്മയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ഇവര്‍ക്ക് വലിയ ലബോറട്ടറി സംവ്ധാനങ്ങളും ഉണ്ടെന്നാണ് അവകാശവാദം. കയറ്റി അയക്കുന്ന മുളകുപൊടിക്ക് മാത്രമേ സ്‌പൈസസ് ബോര്‍ഡിന്റെ പരിശോധന കര്‍ശനമായിട്ടുള്ളൂ. അതിനാല്‍ത്തന്നെ കേരളത്തില്‍ വിറ്റഴിക്കപ്പെടുന്ന മുളകുപൊടിയില്‍ വിഷം കലര്‍ന്നിട്ടുണ്ടോ എന്ന് സംസ്ഥാന സര്‍ക്കാരിനും ഉറപ്പില്ല.
മായം കലര്‍ന്നതിനാല്‍ ഗള്‍ഫ് നാടുകളിലേക്ക് കയറ്റി അയക്കുന്നവ ചിലപ്പോള്‍ തിരിച്ചെത്താറുണ്ട്. ഇത് പിന്നീട് ചൂടാക്കിയും മറ്റും ഇന്‍ഡ്യന്‍ വിപണിയില്‍ വിറ്റഴിക്കുകയാണ് പതിവെന്ന് ഈ മേഖലയിലെ ഒരു ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.  കഴിഞ്ഞ തവണ ഈസ്‌റ്റേണ്‍ കയറ്റുമതി ചെയ്ത മുളകുപൊടിയില്‍ മായം കണ്ടെത്തിയതായി അന്താഷ്ട്ര പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നും രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത് എന്നാണ് സൂചന. എന്നാല്‍ സംഭവം പുറത്തായതോടെ ഇത്തരമൊരു പരിശോധന നടന്നിട്ടില്ലെന്നും ഈസ്‌റ്റേണ്‍ ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരമുള്ളവയാണെന്നും കാണിച്ചു കമ്പനി തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ അറിയിപ്പ് നല്‍കി. ഇംഗ്ലീഷിലും മലയാളത്തിലും ന്യായീകരണങ്ങള്‍ നിരത്തിയെങ്കിലും മുളകുപൊടിയില്‍ മാരകവിഷം കണ്ടെത്തിയിട്ടില്ല എന്നോ സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നശിപ്പിച്ചിട്ടില്ല എന്നോ കമ്പനി വാദിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
ഈസ്‌റ്റേണ്‍ പിടിച്ചെടുത്ത മുളകുപൊടി ലാബില്‍ അയച്ചു ലഭിച്ച പരിശോധനാ ഫലം ലഭിച്ചയുടനെ നവംബര്‍ 17 നു MKT/QR/07 [13] 2011-12  നമ്പര്‍ അടിയന്തിര കത്തിലൂടെ ആ വിവരം സ്‌പൈസസ് ബോര്‍ഡ് ഈസ്‌റ്റേണ്‍ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. കമ്പനിയില്‍ പരിശോധന നടത്തി പിടിച്ചെടുത്ത ഉല്‍പ്പന്നത്തിലാണ് വിഷം കണ്ടെത്തിയത് എന്ന് ആ കത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഈ കത്ത് കമ്പനിയുടെ വാദങ്ങള്‍ പച്ചക്കള്ളം ആണെന്ന് തെളിയിക്കുന്നു.
വാര്‍ത്തയും കുഴിച്ചു മൂടി
മുളകുപൊടിയോടൊപ്പം ഈ വാര്‍ത്തയും കുഴിച്ചു മൂടുന്നതില്‍ ഈസ്‌റ്റേണ്‍ കമ്പനി വിജയിച്ചു. സംഭവം നടന്നു ആഴ്ചകള്‍ കഴിഞ്ഞിട്ടും കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമവും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല. ഭൂരിപക്ഷം മലയാളിയും വീടുകളില്‍ ഉപയോഗിക്കുന്ന ബ്രാന്‍ഡ് ആയ മുളകുപൊടിയില്‍ ക്യാന്‍സറിനു കാരണമാകുന്ന മാരകവിഷം കണ്ടെത്തിയിട്ട് 'മെട്രോ വാര്‍ത്ത'യും 'തേജസ്' ദിനപ്പത്രവും ആണ് ഒറ്റക്കോളം വാര്‍ത്തയെങ്കിലും നല്‍കിയത്. മറ്റു പലരും ഈ വാര്‍ത്ത വെച്ചു വിലപേശി ലക്ഷങ്ങളുടെ പരസ്യം നേടി. ആരോഗ്യമാസികകള്‍ ഇറക്കുകയും 'വനിതാ' പ്രസിധീകരണങ്ങളിലൂടെ ഈസ്‌റ്റേണ്‍ 'പൊടി'കള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പത്രമുത്തശ്ശിമാര്‍ ഈ വാര്‍ത്ത മുക്കി വായനക്കാരെ വഞ്ചിച്ചു.
സ്വന്തം പാര്‍ട്ടിക്കാരുടെ ആരോഗ്യത്തെക്കാള്‍ വലുതാണ് പരസ്യമെന്നു പാര്‍ട്ടി പത്രങ്ങളും പാര്‍ട്ടി ചാനലുകളും തെളിയിച്ചു. കൊച്ചിയില്‍ നിന്നും പുറത്തിറങ്ങുന്ന 'നഗരം' എന്ന പത്രം മാത്രമാണ് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഈ വാര്‍ത്ത നല്‍കിയത്.  രാഷ്ട്രീയക്കാര്‍ മൂത്രമൊഴിച്ചാല്‍ (ഒഴിചില്ലെങ്കിലും) ബ്രേക്കിംഗ് ന്യൂസ് കൊടുക്കുന്ന വാര്‍ത്താചാനലുകളില്‍ ഒരൊറ്റ വരി ഇതെപ്പറ്റി വന്നിട്ടില്ല. ഈസ്‌റ്റേണ്‍ മുതലാളിയുടെ പരസ്യക്കാശിനു വേണ്ടി മലയാളിയുടെ ആരോഗ്യം ഇവരെല്ലാം ഒറ്റിക്കൊടുത്തു. 'എന്റെ സ്വന്തം ചാനല്‍ വരുന്നതോടെ ഒരു വാര്‍ത്തയും ആര്‍ക്കും തമസ്‌കരിക്കാന്‍ കഴിയില്ല' എന്ന് വീമ്പു പറഞ്ഞാണ് നികേഷ് കുമാര്‍ ഈയിടെ റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങിയത്. റിപ്പോര്‍ട്ടറോ നികേഷ് കുമാറോ ഈ നിമിഷം വരെ ഈ വാര്‍ത്ത നല്‍കാത്തത് എന്തുകൊണ്ടാകും? എത്ര രൂപയ്ക്കാണ് ഞങ്ങളുടെ ആരോഗ്യം നിങ്ങള്‍ വിറ്റു തിന്നതെന്ന് അറിയാനെങ്കിലും മലയാളിക്ക് അവകാശമുണ്ട്. പത്രാധിപന്മാര്‍ മറുപടി പറയണം.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment