Tuesday, December 13, 2011

[www.keralites.net] യു.ഡി.എഫില്‍ ചേരിതിരിവു ശക്‌തം :പുതിയ അണക്കെട്ടിനായി രണ്ടും കല്‍പിച്ച്‌ കക്ഷികള്‍

 

യു.ഡി.എഫില്‍ ചേരിതിരിവു ശക്‌തം :പുതിയ അണക്കെട്ടിനായി രണ്ടും കല്‍പിച്ച്‌ കക്ഷികള്‍

 

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യു.ഡി.എഫിലെ ഘടകകക്ഷികള്‍ ചേരിതിരിയുന്നു. ഇടത്തോട്ടു ചാഞ്ഞാലും വേണ്ടില്ല മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടും താഴ്‌ന്ന ജലനിരപ്പും വേണമെന്ന വാശിയിലാണ്‌ കേരള കോണ്‍ഗ്രസ്‌(എം). ഇതിനെ പ്രത്യക്ഷത്തില്‍ പിന്തുണയ്‌ക്കുന്നില്ലെങ്കിലും വേണ്ടി വന്നാല്‍ കേരള കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കണമെന്നാണ്‌ മുന്നണിയിലെ മറ്റു പ്രാദേശിക കക്ഷികളുടെ നിലപാട്‌.

ശക്‌തമായി സമ്മര്‍ദ്ദം ചെലുത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ സംസ്‌ഥാനത്തിന്‌ അനുകൂലമായ നടപടി സ്വീകരിക്കാന്‍ തയാറാകാത്തതാണ്‌ കേരള കോണ്‍ഗ്രസി(എം)നെ ചൊടിപ്പിച്ചിരിക്കുന്നത്‌. ഇതു മാത്രമല്ല തമിഴ്‌നാട്ടില്‍ മലയാളികള്‍ക്കു നേരേ ആക്രമണം ഉണ്ടായിട്ടും കേന്ദ്രം കണ്ണടയ്‌ക്കുന്നുവെന്നും മാണി വിഭാഗം ആരോപിക്കുന്നു. കോണ്‍ഗ്രസിനെക്കാള്‍ കുറേക്കൂടി കേരളത്തിന്‌ അനുകൂല നിലപാടാണ്‌ സി.പി.എമ്മിനും ബി.ജെ.പിക്കുമെന്ന്‌ അവര്‍ക്ക്‌ അഭിപ്രായമുണ്ട്‌. കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കാത്തതാണ്‌ കേന്ദ്രത്തിന്റെ നയമെങ്കില്‍ അത്തരമൊരു സര്‍ക്കാരിലെ പ്രധാനകക്ഷിയെ പിന്തുണച്ചുകൊണ്ട്‌ ഇവിടെ ഭരണം തുടരേണ്ട കാര്യമില്ലെന്ന്‌ മാണി ഗ്രൂപ്പിലെ ഒരു വിഭാഗം നിലപാടു സ്വീകരിച്ചിട്ടുണ്ട്‌. മന്ത്രി പി.ജെ. ജോസഫ്‌ ഇടതുമുന്നണി സംഘടിപ്പിച്ച മുല്ലപ്പെരിയാര്‍ മനുഷ്യമതിലിന്‌ അഭിവാദ്യമര്‍പ്പിച്ചതും വി.എസ്‌. അച്യുതാനന്ദന്‍ ഉപവാസമനുഷ്‌ഠിച്ച സമരപന്തല്‍ സന്ദര്‍ശിച്ചതും ഈ നിലപാടിന്റെ തെളിവാണെന്നു പറയുന്നു. ചേരിതിരിവ്‌ രൂക്ഷമായാല്‍ കേരള കോണ്‍ഗ്രസ്‌(ജേക്കബ്‌), ജെ.എസ്‌.എസ്‌. കക്ഷികള്‍ക്കും പ്രാദേശിക പാര്‍ട്ടികളെന്ന നിലയില്‍ മാണിക്കൊപ്പം നിന്നേ തീരു. ഇത്‌ യു.ഡി.എഫ്‌-എല്‍.ഡി.എഫ്‌ സമവാക്യങ്ങളില്‍ കാര്യമായ മാറ്റം വരുത്തിയേക്കും.

കേരളത്തില്‍ യു.ഡി.എഫിന്‌ അധികാരം പോയാലും വേണ്ടില്ല കേന്ദ്രത്തില്‍ പിടിച്ചുനിന്നാല്‍ മതിയെന്ന കോണ്‍ഗ്രസ്‌ നിലപാടിനെതിരെ സംസ്‌ഥാനത്ത്‌ എതിര്‍പ്പ്‌ ശക്‌തമായിട്ടുണ്ട്‌. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഇടതുമുന്നണിയില്‍ നിന്ന്‌ ഏതെങ്കിലും കക്ഷിയെ ഇപ്പുറത്തു കൊണ്ടുവരുന്നതിന്റെ സാദ്ധ്യത യു.ഡി.എഫ്‌ ആരാഞ്ഞിട്ടുപോലുമില്ല. കേന്ദ്രം വേണോ കേരളം വേണോയെന്ന കേരള കോണ്‍ഗ്രസിന്റെ ചോദ്യത്തിനു മുന്നില്‍ ഉത്തരം മുട്ടി നില്‍ക്കുകയാണു കോണ്‍ഗ്രസ്‌. ഈ അവസരം രാഷ്‌ട്രീയ പകപോക്കലിന്‌ കേരള കോണ്‍ഗ്രസ്‌(ബി) നേതാവ്‌ ആര്‍. ബാലകൃഷ്‌ണപിള്ള ഉപയോഗിക്കുകയാണെന്ന പരാതിയും യു.ഡി.എഫില്‍ ഉയര്‍ന്നിട്ടുണ്ട്‌. മുല്ലപ്പെരിയാര്‍ സമരത്തിനെതിരേ കഴിഞ്ഞദിവസം അദ്ദേഹം നടത്തിയ പ്രസ്‌താവനകളാണ്‌ വിവാദമായിട്ടുള്ളത്‌. നാടിന്റെ പൊതു പ്രശ്‌നത്തെ രാഷ്‌ട്രീയവല്‍ക്കരിച്ച്‌ എതിരാളികളെ പ്രതിക്കൂട്ടിലാക്കാന്‍ പിള്ള നടത്തുന്ന നീക്കങ്ങളില്‍ കേരള കോണ്‍ഗ്രസ്‌(എം) ഉള്‍പ്പെടെയുള്ള കക്ഷികള്‍ അതൃപ്‌തരാണ്‌. ഇക്കാര്യം അവര്‍ യു.ഡി.എഫ്‌ നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്‌.

കേരള കോണ്‍ഗ്രസി(എം)ന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ കെ.എം. മാണിയും പി.ജെ. ജോസഫും ഉപവാസം നടത്തിയപ്പോള്‍ മുതല്‍ ഇതിനെതിരെ പരസ്യനിലപാടുമായി പിള്ള രംഗത്തെത്തിയതാണ്‌. മാണി വിഭാഗം നടത്തിയ സമരത്തിനോട്‌ യു.ഡി.എഫിന്‌ പൊതുവേ യോജിപ്പില്ലായിരുന്നെങ്കിലും ആരും പരസ്യമായി ഇതിനെതിരെ രംഗത്തു വന്നിരുന്നില്ല. പിള്ളയുടെ നിലപാട്‌ യു.ഡി.എഫിന്‌ തന്നെ ദോഷമായിട്ടുണ്ടെന്നാണ്‌ ഘടകകക്ഷികളുടെ നിലപാട്‌്.പ്രതിപക്ഷനേതാവിനെതിരെ പരാമര്‍ശങ്ങള്‍ നടത്തി അദ്ദേഹത്തെ പ്രകോപിപ്പിക്കാനുള്ള നീക്കവും ഇതിനുപിന്നിലുള്ളതായും പരാതിയുണ്ട്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment