Monday, August 8, 2011

[www.keralites.net] ഐസ്‌ക്രീം കേസ് അട്ടിമറിച്ചത് പിണറായി- ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

 

പാണക്കാട്ട് പോയത് മൂന്നു സെക്രട്ടേറിയറ്റ് അംഗങ്ങള്‍

കണ്ണൂര്‍: മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിയായ വിവാദ ഐസ്‌ക്രീം പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഇപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തായ പി.ശശിയുമാണെന്ന് മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.

മുസ്‌ലിം ലീഗിനെ ഇടതുപാളയത്തിലേക്ക് കൊണ്ടുവരാനും ഇടതുഭരണം നിലനിര്‍ത്താനും വേണ്ടിയാണ് ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കാന്‍ ശ്രമിച്ചത്. ഈ ദൗത്യത്തിനായി മൂന്നു പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗങ്ങളെ പാണക്കാട്ടേക്ക് അയക്കുകയായിരുന്നു. വി.എസ് ഇതിനെ ശക്തിയായി എതിര്‍ത്തിരുന്നു- ബര്‍ലിന്‍ പറഞ്ഞു. ചടയനും വി.എസ്സും പിണറായിയും ഉള്‍പ്പെട്ട അവൈലബിള്‍ കമ്മിറ്റിയില്‍ കുഞ്ഞാലിക്കുട്ടിയെ കേസില്‍നിന്ന് ഒഴിവാക്കരുതെന്ന തീരുമാനമായിരുന്നു എടുത്തിരുന്നത്. അതേസമയം പിന്നീട് പിണറായി അടവുനയത്തിന്റെ ഭാഗമായി തീരുമാനം അട്ടിമറിക്കുകയായിരുന്നു. ലീഗിനെ ഇടത്തോട്ടു കൊണ്ടുവരാനുള്ള ശ്രമവും വി.എസ്. ഉള്‍പ്പെട്ട കമ്മിറ്റിയുടെ തീരുമാനമായിരുന്നുവെന്ന് പിണറായിയുടെ പിന്നീടുള്ള തെറ്റായ പരാമര്‍ശത്തെ തുറന്നുകാണിക്കാന്‍ വി.എസ്. അന്നത്തെ യോഗത്തിന്റെ മിനുട്‌സ് ആവശ്യപ്പെട്ടിരുന്നു. മിനുട്‌സിലെ കാര്യം പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി സുര്‍ജിത്തിന് വിവര്‍ത്തനം ചെയ്തയച്ചത് താനായിരുന്നുവെന്നും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.

കാലോചിതമായി പുതുക്കിയ പാര്‍ട്ടിപരിപാടിയുടെ അഞ്ചാം ഖണ്ഡികയില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയോടുള്ള പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ രണ്ട് പാര്‍ട്ടിയോടും ഒരുവിധ സഖ്യവും പാടില്ലെന്ന് ശക്തമായി പറഞ്ഞിരുന്നു. അതേസമയം പിണറായിയുടെ അടവുനയമാണ് മുസ്‌ലിം വര്‍ഗീയതയെ അടുപ്പിക്കാന്‍ ശ്രമിച്ചതും അതിനുകഴിയാതെ വന്നപ്പോള്‍ പിന്നീട് കടുത്ത തീവ്രവാദിയായ മഅദനിയെ കൂട്ടുപടിച്ചതും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഇത് കടുത്ത തിരിച്ചടിയുണ്ടാക്കി -അദ്ദേഹം പറഞ്ഞു.

വരാന്‍ പോകുന്ന പാര്‍ട്ടിസമ്മേളനങ്ങളില്‍ നേരത്തേ പാര്‍ട്ടിയില്‍ നിലനിന്നിരുന്ന കീഴ്‌വഴക്കം പാലിച്ചാല്‍, പാര്‍ട്ടിയില്‍ ഇന്നു നിലനില്‍ക്കുന്ന ചില നേതാക്കളുടെ അമിതാധികാരക്കുത്തക ഇല്ലാതാകും- ബര്‍ലിന്‍ പറഞ്ഞു. രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ ആറാം പാര്‍ട്ടി കോണ്‍ഗ്രസ് വരെയുള്ള കാലഘട്ടത്തില്‍ പാര്‍ട്ടി മെംബര്‍മാര്‍ക്കും മറ്റും പാര്‍ട്ടി ഫോറം അച്ചടിച്ചു നല്‍കിയിരുന്നു. ഇതില്‍ പാര്‍ട്ടിയിലെ സ്വയം വിമര്‍ശനം എഴുതാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. അതേസമയം 1962ല്‍ അജയഘോഷ് മരിച്ച ശേഷം ഡാങ്കേയുടെ കാലം മുതല്‍ ഈ രീതി ഉപേക്ഷിക്കപ്പെട്ടു. കേരളത്തില്‍ വീണ്ടും പാര്‍ട്ടി ഫോറം പുനഃസ്ഥാപിക്കേണ്ട കാലം അതിക്രമിച്ചതായി ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു. പാര്‍ട്ടിയില്‍നിന്ന് പുറത്തായ വ്യക്തിയാണെങ്കിലും പാര്‍ട്ടിയിലെ പുതിയ തലമുറയുടെ അറിവിലേക്കായാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഫോറം ഉണ്ടായിരുന്നെങ്കില്‍ നിലവില്‍ പാര്‍ട്ടിയെ പിടികൂടിയ ദുഷ്പ്രവണതകള്‍ മുളയിലേ ചോദ്യം ചെയ്യപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയുടെ ആഴംകൊണ്ടു മാത്രമാണ് തന്നെപ്പോലുള്ള പുറത്താക്കപ്പെട്ടവരുടെ വാക്കുകള്‍ക്ക് ജനം ചെവികൊടുക്കുന്നതെന്നും അതിന് തനിക്കെതിരെ വാളോങ്ങിയിട്ടു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൃഷ്ണപിള്ളദിനത്തില്‍ തനിക്കെതിരെ നാട്ടില്‍ പ്രതിഷേധയോഗവും പ്രകടനവും നടത്താന്‍ ശ്രമിച്ചതുകൊണ്ട് സത്യം സത്യമല്ലാതാവുന്നില്ലെന്നും ബര്‍ലിന്‍ പറഞ്ഞു.


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment