Wednesday, August 17, 2011

[www.keralites.net] അത്തരം വേഷം അഭിനയിക്കുന്നത്‌ കാണാന്‍ എനിക്ക്‌ വയ്യെന്നു അമ്മ

 

രതിനിര്‍വേദം ഫെയിം ശ്രീജിത്ത്‌

Fun & Info @ Keralites.net Fun & Info @ Keralites.net

മലയാളസിനിമയില്‍ അടുത്തെങ്ങും ഒരു പുതുമുഖതാരത്തിന്‌ ശ്രീജിത്ത്‌ വിജയിന്റെ യത്ര വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ടാകുമോയെന്നു സംശയം. റിലീസ്‌ ചെയ്‌ത 150 തീയേറ്ററുകളിലും ഹൗസ്‌ഫുള്‍ അല്ലാതെ ''രതിനിര്‍വേദം'' ഓടിയിട്ടില്ല. എറണാകുളത്തെ തീയേറ്ററില്‍ ആദ്യഷോ കാണ്ടിറങ്ങിയ ശ്രീജിത്തിന ്‌ തിരിച്ചു തീയേറ്ററില്‍ നിന്നു നടന്നിറങ്ങേണ്ടി വന്നില്ല.അപ്പോഴേക്കും പ്രേക്ഷകര്‍ ഒന്നടങ്കം ശ്രീജിത്തിനെ തോളിലെടുത്തു ആഘോഷം തുടങ്ങിക്കഴിഞ്ഞു. ആ സിനിമയുടെ കാഴ്‌ച്ചയുശട സമയം കൊണ്ട്‌ അവരുടെ പ്രതിനിധിയായിക്കഴിഞ്ഞിരുന്നു ശ്രീജിത്ത്‌.അവരുടെ താരവും.

''
പലരും നീ ഞങ്ങളുടെ പപ്പുവല്ലേയെന്നു പറഞ്ഞു അടുത്തെത്തി.ചിലര്‍ക്ക്‌ എനിക്കൊപ്പം ഫോട്ടോയെടുക്കണം .ചിലര്‍ മൊബൈലില്‍ എന്റെ ഫോട്ടോയെടുക്കുന്നു.എല്ലാവരും കാണിക്കുന്ന സ്‌നേഹം കണ്ടു എന്റെ കണ്ണ്‌ നിറഞ്ഞുപോയി.''പ്രശസ്‌തിയും വിജയവും നല്‍കുന്ന സന്തോഷം ഒരിക്കല്‍ക്കൂടി വന്നു നിറയുന്നു ആ കണ്ണുകളില്‍.

ശ്രീജിത്തിന്‌ അടുത്തറിയുമ്പോള്‍ ശ്രീജിത്ത്‌ ഒരു സംഭവമാണന്ന്‌ സമ്മതിച്ചുകൊടുക്കേണ്ടിവരും. അത്രയ്‌ക്കുണ്ട്‌ സിനിമയില്‍ എത്താന്‍ ശ്രീജിത്ത്‌ കാട്ടിയ ധൈര്യവും അനുഭവവും. പ്ലസ്‌ടു കഴിഞ്ഞ്‌ എന്‍ജിനീയറിംഗിന്‌ പഠിക്കുന്ന കാലത്താണ്‌ ശ്രീജിത്തിന്റെ മനസില്‍ സിനിമ വന്നു കുടിയേറുന്നത്‌. പക്ഷേ അപ്പോഴും സിനിമയില്‍ എങ്ങനെ എത്തും എന്നറിയില്ല. പഠിക്കാന്‍ നല്ല മാര്‍ക്കുള്ളതിനാല്‍ എന്‍ജിനീയറിംഗ്‌ കഴിയാതെ വീട്ടില്‍ നിന്നനങ്ങാന്‍ പറ്റില്ലെന്ന്‌ ഉറപ്പ്‌. എങ്കിലും ജോലി കിട്ടിക്കഴിഞ്ഞപ്പോള്‍ സിനിമയ്‌ക്ക് പിന്നാലെ ഒരു പ്രയാണം തന്നെ നടത്തി. മലയാളസിനിമയിലെ പഴയ ചില നായകന്മാരെ പോലെ ചൈന്നെ നഗരത്തില്‍ പോലും അവസരം തേടിയൊരു കഥ പറയാനുണ്ട്‌ ശ്രീജിത്ത്‌ വിജയിന്‌.മൂന്നു വര്‍ഷം മുമ്പ്‌ എന്‍ജിനീയറിംഗിന്‌ ശേഷം ബാംഗ്ലൂരില്‍ വന്‍ ശമ്പളത്തോടെയുള്ള ജോലിയില്‍ നിന്ന്‌ ഒരാഴ്‌ച്ച ലീവെടുത്ത്‌ ചെന്നൈയില്‍ .

''
പഠിക്കുമ്പോള്‍ തന്നെ പല വന്‍കിട കമ്പനികള്‍ക്ക്‌ വേണ്ടി മോഡലായി.ഭീമ, മാരുതി, റിലയന്‍സ്‌ അടക്കം പല കമ്പനികള്‍ക്ക്‌ വേണ്ടി.എന്നാലും സ്വപ്‌നം സിനിമ തന്നെയായിരുന്നു. അങ്ങനെ ലീവെടുത്ത്‌ ചെന്നൈയില്‍ പോയി. അവിടു ത്തെ ചില മോഡല്‍ കോഓര്‍ഡിനേറ്റേഴ്‌സിന്‌ ഞാനെന്റെ ഫോട്ടോ അയച്ചു കൊടുത്തിരുന്നു. ചില സംവിധായകര്‍ക്ക്‌ നേരില്‍ കാണണമെന്ന്‌ പറഞ്ഞാണ്‌ അവിടെ പോയത്‌.എ.വി.എം സ്‌റ്റുഡിയോയുടെ പിന്നിലുള്ള മസഫി ഹോട്ടലിലാണ്‌ താമസിച്ചത്‌്. സിനിമയില്‍ അവസരം തേടിയെത്തുന്ന പലരും അവിടെയാണ്‌ താമസിക്കുന്നതെന്ന്‌ തോന്നുന്നു.അവിടെ താമസിച്ച്‌ പല സംവിധായകരേയും നേരില്‍ കണ്ടു. പലരും അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞു.താമസിയാതെ വിളിക്കാം എന്നു പറഞ്ഞു.

മലയാളസിനിമയില്‍ നടത്തിയ ശ്രമം?

എന്റെ സുഹൃത്തിനെയാണ്‌ മലര്‍വാടി സിനിമയുടെ ഓഡീഷനിലേയ്‌ക്ക് തെരഞ്ഞെടുത്തിരുന്നത്‌.അവനൊപ്പം ഞാനും പോയി. ഞങ്ങള്‍ ചില ഹോസ്‌റ്റല്‍ സീനിനൊക്കെ അഭിനയിച്ചു.എന്നെ സെലക്‌ട് ചെയ്‌തു.ഫ്രണ്ടിനെ സെലക്‌ട് ചെയ്‌തില്ല.അപ്പോള്‍ ഞാന്‍ കരുതിയത്‌ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെന്നാണ്‌.പിന്നീട്‌ ഓഡീഷനും ആക്‌ടിംഗ്‌ വര്‍ക്ക്‌ ഷോപ്പിലുമൊക്കെ പങ്കെടുത്തപ്പോഴും അഭിനയിപ്പിക്കുമെന്ന്‌ തന്നെയാണ്‌ വിചാരിച്ചത്‌.ഞാനടക്കം മുപ്പതോളം പേരുണ്ടായിരുന്നു.അവസാന നിമിഷം ഞാനല്‌പം മോഡേണ്‍ ലുക്കുള്ളആളായതിനാല്‍ വേണമെങ്കില്‍ സ്‌പൈഡര്‍മാന്‍ ചെയ്യാന്‍ പോലും പറ്റും എന്നാലും നാടന്‍ വേഷങ്ങള്‍ ചേരില്ലെന്ന അഭിപ്രായത്തില്‍ അവസാന നിമിഷം തഴയപ്പെട്ടു.

സങ്കടം തോന്നിയില്ലേ?

ഞാനടക്കം അവസരം കിട്ടാതെ പോയ എല്ലാവര്‍ക്കുമുണ്ടായ സങ്കടം എനിക്കും തോന്നി.അപ്പോഴും ഒരു പ്രതീക്ഷ തന്നിരുന്നു.ഞങ്ങളില്‍ എല്ലാവര്‍ക്കും എന്തെങ്കിലും വേഷം ഉണ്ടാകുമെന്ന്‌.എങ്കിലും അധികം കഴിയും മുന്‍പേ ചിത്രത്തില്‍ ഉണ്ടാകില്ലെന്നു മനസിലായിരുന്നു.

ജോലി വിട്ടുള്ള ഉഴപ്പ്‌ വീട്ടില്‍ സമ്മതിച്ചോ?

വിഷമിച്ചപ്പോള്‍ അമ്മയ്‌ക്കും സങ്കടമായി. എന്നാലും ജോലി വിട്ടുള്ള ഉഴപ്പ്‌ വേണ്ടെന്നു പറയുമായിരുന്നു. ജോലി ചെയ്‌ത് ജീവിക്കാന്‍ പറയുമായിരുന്നു. സിനിമ നമുക്ക്‌ പറ്റില്ലെന്നും അതിനൊക്കെ സിനിമയില്‍ ബന്ധങ്ങള്‍ വേണമെന്നുമായിരുന്നു വീട്ടിലെ ധാരണ. പക്ഷേ സിനിമ കൈവിടാന്‍ എനിക്ക്‌ മനസില്ലായിരുന്നു.

എന്നിട്ടും ഫാസിലിന്റെ സിനിമ ''ലിവിംഗ്‌ ടുഗതറ''ിലെ നായകനായി?

അദ്‌ദേഹത്തെ കാണാന്‍ പോകുമ്പോഴും ഫ്രണ്ട്‌സ് പറയുമായിരുന്നു ഇത്‌ കിട്ടാന്‍ പോകുന്നില്ലെന്ന്‌. എന്നാലും പിന്മാറാന്‍ ഞാനൊരുക്കമായിരുന്നില്ല.അദ്‌ദേഹത്തിന്റെ മാനേജറെ ഒരു 15 തവണയെങ്കിലും വിളിച്ചു ബുദ്ധിമുട്ടിച്ചിട്ടുണ്ടാവും. അവസാനം ഗത്യന്തരമില്ലാതെ ''എന്നാല്‍ വാ'' എന്നു പറയുകയായിരുന്നു അദ്‌ദേഹം. അതിലേക്ക്‌ സെലക്‌ട് ചെയ്‌ത ദിവസത്തെ സന്തോഷം പറഞ്ഞു അറിയിക്കാന്‍ പറ്റില്ല. അദ്‌ദേഹത്തിന്റെ സ്‌കൂളില്‍ അവസരം കിട്ടിയാലുണ്ടാകുന്ന ക്രെഡിറ്റ്‌ അത്രയാണെന്ന്‌ എനിക്കറിയാമായിരുന്നു.

ആദ്യാനുഭവത്തിന്റെ അനുഭവം?

നേരത്തേ തന്നെ മോഡലിംഗ്‌ ചെയ്‌തിട്ടുള്ളതിനാല്‍ ഈസിയാണെന്നാണ്‌ വിചാരിച്ചത്‌. പക്ഷേ ക്യാമറയുടെ മുന്നില്‍ നിന്നപ്പോഴല്ലേ അതിന്റെ പ്രയാസം മനസിലാക്കിയത്‌.ആക്‌ടിംഗും മോഡലിംഗും രണ്ടും രണ്ടാണ്‌. അക്കാര്യത്തില്‍ സാര്‍ ഞങ്ങള്‍ നാലുപേരേയും ഏറെ സഹായിച്ചു.

രതിനിര്‍വേദത്തിലേയ്‌ക്ക് ലഭിച്ച അവസരം?

''
ലിവിംഗ്‌ ടുഗതറി''ന്റെ ഷൂട്ടിംഗിനിടയില്‍ ഒരു ദിവസം ടികെ രാജീവ്‌കുമാര്‍ സാര്‍ എന്നെ വിളിച്ചു. ഞാന്‍ ഷോക്ക്‌ഡായി. എന്റെ പേഴ്‌സണല്‍ നമ്പറിലേയ്‌ക്കാണ്‌ കോള്‍ വന്നത്‌.എന്റെ പ്രൊഫൈലൊക്കെ വെച്ച്‌ മിക്ക സംവിധായകര്‍ക്കും ഞാനെന്റെ നമ്പരടക്കം ഇ-മെയില്‍ ചെയ്യുമായിരുന്നു. അങ്ങനെയാണ്‌ അദ്‌ദേഹത്തിന്‌ എന്റെ നമ്പര്‍ കിട്ടിയിരിക്കുക. അക്കാര്യം ഞാന്‍ ഫാസില്‍ സാറിനോട്‌ പറഞ്ഞു. എത്രയും പെട്ടെന്ന്‌ രാജീവ്‌ സാറിനെ തിരികെ വിളിക്കാന്‍ പറഞ്ഞു ഫാസില്‍ സാര്‍.രതിനിര്‍വേദമെന്ന ചിത്രം ചെയ്യുന്നു.ചിത്രത്തിലെ പപ്പുവെന്ന വേഷം എന്നെക്കൊണ്ട്‌ ചെയ്യിക്കാനാണെന്നു പറഞ്ഞു. അപ്പോള്‍ ആ സിനിമയെക്കുറിച്ച്‌ കൂടുതല്‍ അറിയില്ലായിരുന്നു. ടി.കെ രാജീവ്‌കുമാര്‍ സാറിന്റെ സിനിമയില്‍ ഒരു പ്രധാനവേഷം കിട്ടിയെന്നു പറഞ്ഞു. കാര്യം പറഞ്ഞപ്പോള്‍ അമ്മ ആകെ സ്‌റ്റണ്ടായി. രതിനിര്‍വേദത്തെക്കുറിച്ച്‌ നിനക്കൊന്നും അറിയില്ലെന്നായി അച്‌ഛനും അമ്മയും. ഭരതന്‍ സാറിന്റെ ക്ലാസിക്ക്‌ സിനിമയാണെന്ന്‌ ഞാന്‍ പറഞ്ഞു.കൗമാരക്കാരന്‌ ഒരു സ്‌ത്രീയോട്‌ തോന്നുന്ന പ്രണയമാണ്‌ കഥയെന്ന്‌ അച്‌ഛന്‍ പറഞ്ഞുതന്നു. അമ്മ കട്ടായം ''പറഞ്ഞു ഈ വേഷം ചെയ്യുന്ന കാര്യം എന്നോട്‌ പറയുകയേ വേണ്ടെന്ന്‌.''ഞാനാകെ കണ്‍ഫ്യൂഷനിലായി. അവസാനം പഴയ ''രതിനിര്‍വേദത്തി''ന്റെ സി.ഡി തപ്പിയെടുത്ത്‌ കണ്ടു. സിനിമ എനിക്ക്‌ നന്നായി ഇഷ്‌ടപ്പെട്ടു. പല സിനിമകളും കണ്ടിട്ടും ഈ ക്ലാസിക്ക്‌ സിനിമ ഇതുവരെ കാണാന്‍ കഴിഞ്ഞില്ലല്ലോയെന്ന സങ്കടമായി. അത്ര ടച്ചിംഗ്‌.

പക്ഷേ അമ്മ സമ്മതിക്കില്ല?

അമ്മ ഒരു തരത്തിലും സമ്മതിക്കില്ല. ഇതു നിനക്ക്‌ പറ്റില്ല. അതുമല്ല നായികയായി വരുക സീനിയറായ ഒരു നടിയായിരിക്കും.അത്തരം വേഷം നീ അഭിനയിക്കുന്നത്‌ കാണാന്‍ എനിക്ക്‌ വയ്യെന്നു പറഞ്ഞു കരച്ചിലിന്റെ വക്കിലെത്തി അമ്മ.

അമ്മയെ സമ്മതിപ്പിച്ചെടുക്കുന്നത്‌ എങ്ങനെയെന്നതായിരുന്നു പ്രശ്‌നം. ഞാന്‍ പറഞ്ഞു നോക്കി പലവട്ടം. ഒരു വശത്ത്‌ രാജീവ്‌ സാറിനെപ്പോലൊരു സംവിധായകന്റെ ഒപ്പം അഭിനയിക്കാനുള്ള അവസരം. അതൊക്കെ ഞാന്‍ അമ്മയോട്‌ പറഞ്ഞുനോക്കി. ഞാനിക്കാര്യം രാജീവ്‌ സാറിനോട്‌ പറഞ്ഞു. അവസാനം രാജീവ്‌ സാറും നിര്‍മ്മാതാവ്‌ സുരേഷ്‌സാറും അമ്മയേയും അച്‌ഛനേയും കണ്ടു സംസാരിച്ചു.അച്‌ഛന്‍ സമ്മതിച്ചു. പക്ഷേ അപ്പോഴും അമ്മ സമ്മതിക്കുന്നില്ല.അമ്മയുടെ സമ്മതമില്ലാതെ എനിക്ക്‌ പറ്റില്ല. അവസാനം എന്റെ ആഗ്രഹം അറിഞ്ഞു സമ്മതിച്ചതാകണം. പിന്നീട്‌ ലൊക്കേഷനില്‍ വരെ വന്നു അമ്മ.

ചിത്രം കണ്ടിട്ട്‌ എന്ത്‌ പറഞ്ഞു അമ്മ?

ടി.വിയില്‍ പാട്ടുകള്‍ വന്നപ്പോള്‍ ഞങ്ങള്‍ ഒന്നിച്ചിരുന്നാണ്‌ കണ്ടത്‌. ഞാന്‍ നോക്കുമ്പോള്‍ അമ്മ ഏങ്ങിക്കരയുന്നു. ''നിന്നെ ഞാന്‍ വിട്ടില്ലായിരുന്നെങ്കിലോ'' എന്നു ചോദിച്ചാണ്‌ അമ്മ കരയുന്നത്‌.. ഞാനും കരഞ്ഞു പോയി.ആ നിമിഷമാണ്‌ എന്റെ ഏറ്റവും വലിയ സന്തോഷമുള്ള മറ്റൊരു നിമിഷം. ഇപ്പോള്‍ എന്നേക്കാള്‍ കൂടുതല്‍ അഭിനന്ദനം കിട്ടുന്നത്‌ അമ്മയ്‌ക്കാണെന്നു തോന്നുന്നു. വര്‍ഷങ്ങളായി കുവൈറ്റില്‍ ജോലിയായിരുന്ന അച്‌ഛന്‍ കെ.എസ്‌ വിജയ്‌ ഇപ്പോള്‍ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. എറണാകുളത്ത്‌ തിരുവാങ്കുളത്താണ്‌ വീട്‌. അമ്മ രമ,സഹോദരന്‍ സൗരവ്‌ എറണാകുളം ടോക്ക്‌ .എച്ച്‌ സ്‌കൂള്‍ ,ഏഴാം ക്ലാസ്‌ വിദ്യാര്‍ത്ഥി

ഷൂട്ടിംഗ്‌ അനുഭവം?

മാവേലിക്കരയിലും തിരുവനന്തപുരത്തുമായിരുന്നു ഷൂട്ടിംഗ്‌. ആദ്യമായി ശ്വേതയെക്കണ്ടപ്പോള്‍ ഞാന്‍ കരുതി ''അയ്യോ എനിക്ക്‌ ഇത്‌ ചെയ്യാന്‍ പറ്റില്ല.''പക്ഷേ പരിചയപ്പെട്ടപ്പോള്‍ മനസിലായി വളരെ നല്ലയാള്‍. ഞാന്‍ ''ശ്വേത മാഡം ''എന്നാണ്‌ വിളിച്ചത്‌.എന്നോട്‌ പറഞ്ഞു'' ബഹുമാനം ഒന്നും കളയണ്ട. എന്നാലും മാഡം എന്നുവേണ്ട ശ്വേത എന്നു വിളിച്ചോളാന്‍. ''ഇത്രയും സീനിയറായ നടിയുടെ ഒരു ഗമയും ഇല്ലാതെ സപ്പോര്‍ട്ട്‌ ചെയതു.

അഭിനയിക്കുമ്പോള്‍ നാണം തോന്നിയോ...ചമ്മല്‍...?

എല്ലാവരും എന്നോട്‌ ചോദിച്ച കാര്യമാണിത്‌. സിനിമ കണ്ട്‌ പലരും എന്നോടിത്‌ ചോദിച്ചപ്പോള്‍ എനിക്ക്‌ അത്ഭുതം തോന്നി.

പുതിയ ചിത്രങ്ങള്‍?

ഇപ്പോള്‍ ഒരു ചിത്രത്തില്‍ അഭിനയിക്കുന്നു.കുറേ നല്ല സിനിമകള്‍ വന്നുട്ടുണ്ട്‌.അതൊക്കെ ചെയ്‌ത് നല്ല നടനെന്ന പേര്‌ വാങ്ങണം.

സിനിമ തന്ന വലിയ സന്തോഷം ?

റിലീസിംഗ്‌ ദിവസം തന്നെ. സിനിമ കാണുന്നതിനിടയില്‍ എന്നെ ശ്വേത വിളിച്ചു.ഞാന്‍ പറഞ്ഞു തീയേറ്ററിലാണെന്ന്‌. ഓ എന്നാല്‍ ഞാന്‍ പിന്നെ വിളിക്കാമെന്നു പറഞ്ഞു വച്ചു. സിനിമ കഴിഞ്ഞിട്ട്‌ എനിക്കുണ്ടായ അനുഭവമൊക്കെ ഞാന്‍ വിളിച്ചു പറഞ്ഞു.


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A better credit score can save you thousands. See yours at freecreditscore.com.
.

__,_._,___

No comments:

Post a Comment