പൊതുമുതല്‍ നശീകരണം: നഷ്‌ടം നികത്തിയാല്‍ മാത്രം ജാമ്യമെന്ന് ഹൈക്കോടതി
കൊച്ചി: ആവേശം മൂത്തു സര്‍ക്കാര്‍ വാഹനങ്ങള്‍ക്കു കല്ലെറിയുകയും തീയിടുകയും ഓഫീസുകള്‍ തകര്‍ക്കുകയും ചെയ്യുന്ന സമരക്കാര്‍ ജാഗ്രത. എറിയാനോങ്ങും മുമ്പ് കീശയില്‍ എന്തുണ്ടെന്നു ചിന്തിക്കാന്‍ സമയമായി!
പൊതുമുതല്‍ നശീകരണക്കേസിലെ പ്രതികള്‍ക്കു ജാമ്യം അനുവദിക്കണമെങ്കില്‍ നഷ്‌ടംവരുത്തിയ തുക കെട്ടിവയ്‌ക്കണമെന്നു ഹൈക്കോടതി. പ്രതിഷേധസമരങ്ങളുടെയും മറ്റും ഭാഗമായി പൊതുമുതല്‍ നശീകരണം വ്യാപകമാവുന്ന സാഹചര്യത്തിലാണിതെന്നു ജസ്‌റ്റിസ് കെ.ടി. ശങ്കരന്‍ വ്യക്‌തമാക്കി. ഇതുസംബന്ധിച്ച് ഒക്‌ടോബര്‍ 10-നു പുറപ്പെടുവിച്ച മുന്‍ ഉത്തരവു പുനഃപരിശോധന അര്‍ഹിക്കുന്നില്ലെന്നു കോടതി വ്യക്‌തമാക്കി. ഇത്തരം കേസുകളില്‍ ജാമ്യം അനുവദിക്കുമ്പോള്‍, നഷ്‌ടംവരുത്തിയ തുകയോ അതില്‍ കൂടുതലോ പ്രതികള്‍ കോടതിയില്‍ കെട്ടിവയ്‌ക്കണം. അല്ലാതെ സര്‍ക്കാരിനുണ്ടായ നഷ്‌ടം നികത്താനാകില്ലെന്നു കോടതി പറഞ്ഞു.
പൊതുമുതല്‍ നശീകരണം കോടതികള്‍ക്കു കണ്ണടച്ചു നോക്കിനില്‍ക്കാനാവില്ല. കേസില്‍ വെറുതേവിടുകയോ കുറ്റക്കാരല്ലെന്നു കണ്ടെത്തുകയോ ചെയ്‌താല്‍ ജാമ്യവേളയില്‍ കെട്ടിവച്ച തുക തിരികെ ലഭിക്കാന്‍ പ്രതികള്‍ക്ക് അവകാശമുണ്ട്. കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ കെട്ടിവച്ച തുക പിഴയായി വസൂലാക്കാമെന്നു കോടതി പറഞ്ഞു. പൊതുമുതല്‍ നശീകരണം തടയാന്‍ കര്‍ശനനടപടി വേണമെന്നും നഷ്‌ടം ഈടാക്കാന്‍ കോടതി നിര്‍ദേശിച്ച ഉപാധി സുപ്രീംകോടതി വിധികള്‍ക്ക് അനുസൃതമാണെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ സ്‌റ്റേറ്റ് പ്രോസിക്യൂട്ടര്‍ ടി. അസഫ് അലി ബോധിപ്പിച്ചു.
ഈ വ്യവസ്‌ഥ പോലീസ് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും നിരപരാധികളെയാണ് ഇത്തരം കേസുകളില്‍ പലപ്പോഴും കുടുക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. വിചാരണ പൂര്‍ത്തിയാക്കി പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാലേ നഷ്‌ടം ഈടാക്കാവൂ എന്നും എതിര്‍വാദമുണ്ടായി. ഇത്തരം കേസുകളില്‍ കടുത്ത ജാമ്യവ്യവസ്‌ഥ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ പൊതുമുതല്‍ നശീകരണം തടയല്‍ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍തന്നെ അട്ടിമറിക്കപ്പെടുമെന്നു കോടതി പറഞ്ഞു. കോഴിക്കോട് ജില്ലയിലെ കക്കോടിയില്‍ ഡി.വൈ.എഫ്.ഐ. പ്രതിഷേധത്തിനിടെ പോലീസ് ജീപ്പ് ആക്രമിക്കപ്പെട്ടതിനേത്തുടര്‍ന്നു ചേവായൂര്‍ പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ ഏഴു പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചാണു കോടതി ഉത്തരവ്. സംഭവത്തില്‍ 18,200 രൂപയുടെ നഷ്‌ടമുണ്ടായെന്നു സര്‍ക്കാര്‍ ബോധിപ്പിച്ച സാഹചര്യത്തില്‍ ജാമ്യത്തിനായി പ്രതികള്‍ 25,000 രൂപ കെട്ടിവയ്‌ക്കണമെന്നു കോടതി നിര്‍ദേശിച്ചു
No comments:
Post a Comment