ശാരിയെ സംഘംചേര്‍ന്ന് പീഡിപ്പിച്ചു: ഓമനക്കുട്ടി
തിരുവനന്തപുരം: കിളിരൂര്‍ പെണ്‍കുട്ടി ശാരിയെ നാലുസ്‌ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പ്രധാന സാക്ഷി തിരുവനന്തപുരം സി.ബി.ഐ. കോടതിയില്‍ മൊഴി നല്‍കി. കേസിലെ ഒന്നാം പ്രതിയും പിന്നീട് മാപ്പുസാക്ഷിയുമായ കിളിരൂര്‍ സ്വദേശി ഓമനക്കുട്ടിയാണ് ശാരിയുടെ കൂട്ട പീഡനത്തിന് താന്‍ സാക്ഷിയായിരുന്നുവെന്ന് സി.ബി.ഐ. പ്രത്യേക ജഡ്‌ജി ടി.എസ്.പി. മൂസതിന് മൊഴി നല്‍കിയത്. കുമളി ഫോറസ്‌റ്റ് ഗസ്‌റ്റ് ഹൗസ്, ഇടപ്പളളിയിലെ വീട്, പഴനി, ഗുരുവായൂര്‍ എന്നിവിടങ്ങളിലെ ലോഡ്‌ജുകള്‍ എന്നിവിടിങ്ങളില്‍വച്ചും ശാരി പീഡിപ്പിക്കപ്പെട്ടിരുന്നു. ഈ സ്‌ഥലങ്ങളിലെല്ലാം താനും കേസിലെ നാലാം പ്രതി ലതാനായര്‍, മൂന്നാം പ്രതി മനോജ് എന്നിവരും ശാരിക്കൊപ്പമുണ്ടായിരുന്നു.
ശാരിയുടെ അമ്മയുടെ സഹോദരിയാണ് ഓമനക്കുട്ടി. ഇവര്‍ കോടതിയില്‍ നല്‍കിയ മൊഴി ഇപ്രകാരമാണ്: 2003 ലാണ് പീഡനം തുടങ്ങിയത്. മൂന്നു വിവാഹം കഴിഞ്ഞെങ്കിലും ഭര്‍ത്താവില്ലാതെ കഴിഞ്ഞിരുന്ന ഓമനക്കുട്ടിയുടെ പരിചയക്കാരനായിരുന്നു നാട്ടകം സ്വദേശിയും അഞ്ചാം പ്രതിയുമായ കൊച്ചുമോന്‍ എന്ന ബിനു. ഓമനക്കുട്ടിയുടെ പരിചയത്തിലൂടെ ശാരിയുടെ വീട്ടിലെത്തിയ ബിനു ടി. വി. സീരിയല്‍, ആല്‍ബം എന്നിവയില്‍ അഭിനയിക്കാന്‍വിട്ടാല്‍ ധാരാളം പണം ഉണ്ടാക്കാമെന്ന് പറഞ്ഞ് ശാരിയുടെ മാതാപിതാക്കളെ പ്രലോഭിപ്പിക്കുകയായിരുന്നു. പഠനത്തില്‍ പിന്നാക്കമായിരുന്ന ശാരിയെ മാതാപിതാക്കളുടെ അനുവാദത്തോടെ ഓമനക്കുട്ടിയും ബിനുവും ചേര്‍ന്ന് ചങ്ങനാശേരിയിലെത്തിച്ചു. അവിടെ ഒരു ഐസ്‌ക്രീം പാര്‍ലറില്‍വച്ച് ലതാനായര്‍ സീരിയല്‍ നിര്‍മിക്കാന്‍ പണം മുടക്കുന്ന ആളാണെന്നും മൂന്നാം പ്രതിയായ മനോജ് പ്രൊഡ്യൂസറാണെന്നും ആറാം പ്രതി പ്രശാന്ത് കാമറാമാനാണെന്നും ബിനു പരിചയപ്പെടുത്തി. തുടര്‍ന്ന് എല്ലാവരുംകൂടി കാറില്‍ കുമിളിയില്‍ ലൊക്കേഷന്‍ കാണാനായി പോയി. സന്ധ്യയോടെ ഫോറസ്‌റ്റ് ഗസ്‌റ്റ് ഹൗസില്‍ മുറിയെടുത്തു. കേസിലെ ഏഴാം പ്രതി കുമളിയില്‍ ഹോട്ടല്‍ നടത്തുന്ന സോമനാണ് മുറി തരപ്പെടുത്തികൊടുത്തത്.
ഗസ്‌റ്റ് ഹൗസില്‍വച്ച് ലതാനായരും ബിനുവുംകൂടി ശാരിക്കും ഇളയമ്മയ്‌ക്കും ജ്യൂസ് കുടിക്കാനായി കൊടുത്തു. ഓമനക്കുട്ടി ഉറക്കത്തിലേക്കു വീണു. രാത്രിയില്‍ ബിനുവും പ്രശാന്തും മനോജും കൂടി പീഡിപ്പിച്ചതായി ശാരി പിറ്റേന്നു രാവിലെ അറിയിച്ചു. ലതാനായരെ ചോദ്യം ചെയ്‌ത ഓമനക്കുട്ടിയോട് വലിയ സ്‌റ്റാറാകണമെങ്കില്‍ ഇങ്ങനെയൊക്കെ സഹിച്ചേ മതിയാകൂവെന്ന് പറഞ്ഞു. ഷൂട്ടിംഗ് എപ്പോഴാണെന്ന് അന്വേഷിച്ചപ്പോള്‍ പിന്നൊരിക്കലാകാം എന്നറിയിച്ചു. അന്നു വൈകിട്ട് ശാരിയെ ഇവര്‍ വീട്ടിലെത്തിച്ചു. കുറച്ചുദിവസംകഴിഞ്ഞ് ലതാനായര്‍ ശാരിയുടെ വീട്ടിലെത്തി ശാരിക്ക് ഒരു മൊബൈല്‍ ഫോണ്‍ നല്‍കുകയും മാതാപിതാക്കള്‍ക്ക് കുറച്ചു രൂപ നല്‍കുകയും ചെയ്‌തു.
ഫോണ്‍ ബില്‍ എത്രയായാലും അടച്ചുകൊളളാമെന്നു പറഞ്ഞു. സെപ്‌റ്റംബര്‍ 19 ന് ബിനുവും ലതാനായരും ശാരിയുടെ വീട്ടിലെത്തി ഷൂട്ടിംഗിനാണ് എന്നു പറഞ്ഞ് ഇടപ്പളളിയിലുളള ഇരുനില വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി. ഓമനക്കുട്ടിയും കൂടെ പോയിരുന്നു. എറണാകുളം ബസ് സ്‌റ്റാന്‍ഡില്‍വച്ച് മനോജും രണ്ടാം പ്രതി പ്രവീണും ഇവരോടൊപ്പംകൂടി. ഇടപ്പളളിയില്‍ വച്ചും ശാരിക്കും ഓമനക്കുട്ടിക്കും ജ്യൂസ് നല്‍കി. ജ്യൂസ് കുടിച്ച ഓമനക്കുട്ടി അല്‍പസമയം കഴിഞ്ഞ് ഉറങ്ങി പോയതായും അന്നേ ദിവസം രാത്രി ബിനുവും പ്രവീണും മനോജും കൂടി ശാരിയെ വീണ്ടും പീഡിപ്പിച്ചതായി പറഞ്ഞു. തിരികെ ശാരിയെ വീട്ടിലെത്തിച്ചശേഷം മാതാപിതാക്കള്‍ക്കു കുറച്ചു രൂപ കൊടുക്കുകയും ഇടപ്പളളിയിലുളള വീട് ലതാനായരുടേതാണെന്നും അത് ശാരിക്ക് നല്‍കാമെന്നും മാതാപിതാക്കളെ അറിയിച്ചു. ലതാനായരും ബിനുവും ഇടക്കിടെ ഫോണില്‍ വിളിച്ച് ശാരിയെയും ഓമനക്കുട്ടിയെയും ഭീഷണിപ്പെടുത്തിയിരുന്നതായും സംഭവം പുറത്തുപറയരുതെന്ന് പറഞ്ഞിരുന്നതായും ഓമനക്കുട്ടി കോടതിക്ക് മൊഴി നല്‍കി.
നവംബര്‍ 18ന് വീണ്ടും ലതാനായര്‍ ശാരിയുടെ വീട്ടിലെത്തി പഴനിയില്‍വച്ച് ഷൂട്ടിംഗ് ഉണ്ടെന്നും ലതാനായരുടെ സഹോദരന്‍ ശ്രീകുമാര്‍ പഴനിയില്‍ എത്തുമെന്നും അറിയിച്ചു. പ്രലോഭനത്തില്‍ വീണുപോയ ശാരിയുടെ മാതാപിതാക്കള്‍ ഓമനക്കുട്ടിയോടൊപ്പം ശാരിയെ കൂട്ടി അയച്ചു. ട്രെയിനില്‍ എറണാകുളത്തെത്തിപ്പോള്‍ അവിടെവച്ച് മനോജും പ്രവീണും ഒപ്പംകൂടി. തുടര്‍ന്ന് തൃശൂരില്‍ ബസ് സ്‌റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ആറാം പ്രതി പ്രശാന്തും ഇവര്‍ക്കൊപ്പം ബസില്‍ കയറി. രാത്രി പഴനിയിലെത്തിയ ഇവര്‍ ഒരു ലോഡ്‌ജില്‍ തങ്ങി. അവിടെവച്ച് മനോജും ലതാനായരും പ്രവീണും പ്രശാന്തും ചേര്‍ന്ന് മദ്യപിച്ചു. ശാരിക്ക് ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി. ഓമനക്കുട്ടി ഒഴികെ എല്ലാവരും ക്ഷേത്രദര്‍ശനത്തിനു പോയി. പിറ്റേന്ന് രാവിലെ ഓമനക്കുട്ടിയോട് പ്രശാന്തും പ്രവീണും മനോജുംകൂടി പീഡിപ്പിച്ചതായി ശാരി അറിയിച്ചു.
അന്ന് എല്ലാവരുംകൂടി ശാരിയെ വീട്ടില്‍ കൊണ്ടാക്കി. സംഭവം പുറത്തുപറയരുതെന്ന് ശാരിയെയും തന്നെയും ഭീഷണിപ്പെടുത്തിയതായി ഓമനക്കുട്ടി പറഞ്ഞു. തുടര്‍ന്ന് 2004 മാര്‍ച്ചില്‍ ഗുരുവായൂര്‍ ദര്‍ശനത്തിനു പോകണമെന്ന് പറഞ്ഞ് ലതാനായര്‍ ശാരിയെയും ഓമനക്കുട്ടിയെയും കൂട്ടി ഗുരുവായൂരിലെത്തി. മനോജും പ്രവീണും നേരത്തെതന്നെ മുരളീ ലോഡ്‌ജില്‍ മുറിയെടുത്തിരുന്നു. അവിടെവച്ച് ശാരിയെ മനോജും പ്രവീണും മറ്റൊരു റൂമില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഗുരുവായൂരില്‍വച്ചാണ് മനോജും പ്രവീണും ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ കണ്ടക്‌ടറാണെന്ന് ശാരിയും ഓമനക്കുട്ടിയും അറിയുന്നത്. ഇവരെ പിന്നീട് സര്‍വീസില്‍നിന്നു നീക്കം ചെയ്‌തിരുന്നു.
കുറച്ചുനാള്‍ കഴിഞ്ഞ് ശാരിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ അഡ്‌മിറ്റ് ചെയ്യുകയും 2004 ഓഗസ്‌റ്റ് 15 ന് ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്‌തു. തുടര്‍ന്ന നവംബര്‍ 13 ന് മെഡിക്കല്‍ കേളജില്‍വച്ച് ശാരി മരിച്ചു. കേസുമായി ബന്ധപ്പെട്ട് മുവാറ്റുപുഴ മജിസ്‌ട്രേറ്റ് മുമ്പാകെ ഓമനക്കുട്ടി മൊഴി നല്‍കിയിരുന്നു. രാവിലെ പതിനൊന്നു മണിക്ക് തുടങ്ങിയ ചീഫ് വിസ്‌താരം ഉച്ചയ്‌ക്ക് രണ്ടുമണിവരെ തുടര്‍ന്നു. മറ്റ് പ്രതികളെയെല്ലാം ഓമനക്കുട്ടി കോടതിയില്‍ തിരിച്ചറിഞ്ഞു. ചീഫ് വിസ്‌താരം 56 പേജുണ്ടായിരുന്നു. മൂന്നുമണിക്ക് ആരംഭിച്ച ക്രോസുവിസ്‌താരം മുഴുവിപ്പിക്കാനായില്ല. ഇന്നും തുടരും.
No comments:
Post a Comment