Thursday, September 16, 2010

[www.keralites.net] What is IQ?

ഐ.ക്യു എന്ത്‌? എങ്ങനെ കണ്ടെത്താം

Fun & Info @ Keralites.net കുട്ടികള്‍ പഠനത്തില്‍ പിന്നിലാണോ എന്നും ബുദ്ധിപരമായ കുഴപ്പങ്ങളുണ്ടോ എന്നുമറിയാന്‍ മാതാപിതാക്കള്‍െ അവരുടെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധവച്ചാല്‍ മതി. പകുതിയിലധികം പ്രശ്‌നങ്ങളും രക്ഷിതാക്കള്‍ക്ക്‌ തന്നെ പരിഹരിക്കാവുന്നതാണ്‌. ബുദ്ധിശക്‌തിയുടെ ഏറ്റക്കുറച്ചിലുകള്‍ പഠനത്തെ ഒരു പരിധിവരെ ബാധിക്കാറുണ്ട്‌. കുട്ടികളുടെ പഠനത്തിലുണ്ടാകുന്ന പിന്നോക്കാവസ്‌ഥയാണ്‌ മാതാപിതാക്കളെ അലട്ടുന്ന പ്രധാനപ്രശ്‌നം. കുട്ടികളുടെ പഠനരീതിയും പ്രവര്‍ത്തനങ്ങളും വിലയിരുത്തി, അവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ്‌ പരിഹരിച്ച്‌ അവരെ മിടുക്കന്‍മാരാക്കാം.

ഐ.ക്യു എന്ത്‌? എങ്ങനെ കണ്ടെത്താം

ഐ.ക്യു (ഇന്റലിജന്‍സ്‌ കോഷ്യന്റ്‌ എന്നാല്‍ ഒരാളുടെ പൊതുവായ ബുദ്ധിശക്‌തിയാണ്‌. മനുഷ്യന്റെ ബുദ്ധിശക്‌തി വാമൊഴിയും പ്രവര്‍ത്തിപരമായിട്ടുള്ളതുമായ കഴിവുകളെ ആശ്രയിച്ചിരിക്കുന്നു. ബുദ്ധിയുടെ അളവ്‌ കണ്ടെത്തുന്നതിന്‌ മൂന്നുവയസുള്ള കുട്ടികള്‍ മുതല്‍ ഓരോ പ്രായക്കാരിലും നടത്തുന്ന പരിശോധനകള്‍ വ്യത്യസ്‌തമാണ്‌. കുട്ടികളിലാണ്‌ ഇത്തരം പരിശോധനാരീതികള്‍ പൊതുവേ ഉപയോഗിക്കുന്നത്‌. മുതിര്‍ന്ന ഒരാളെ സംബന്ധിച്ച്‌ അയാളുടെ ബുദ്ധിപരമായ കഴിവുകളില്‍ സംശയം ജനിക്കുകയാണെങ്കില്‍ പരിശോധനയ്‌ക്ക് വിധേയമാക്കാം.

ബുദ്ധിശക്‌തി കണ്ടെത്താനുള്ള വിവിധ പരിശോധനകള്‍

ബി.കെ.ടി (ബിനീത്‌ കാമത്ത്‌) ടെസ്‌റ്റ്

മൂന്ന്‌ വയസിനും പതിനേഴ്‌ വയസിനുമിടയില്‍ പ്രായമുള്ളവരില്‍ നടത്തുന്ന പരിശോധനാരീതിയാണിത്‌. വാമൊഴിയായ കഴിവുകള്‍, പ്രവര്‍ത്തിപരമായവ, സാമൂഹിക ഇടപെടല്‍ തുടങ്ങി കുട്ടികളിലെ വ്യത്യസ്‌തമായ പല കഴിവുകളും കണ്ടെത്താന്‍ ഇതിലൂടെ കഴിയുന്നു. പല പ്രായക്കാരിലും പരിശോധനകള്‍ നടത്താന്‍ എടുക്കുന്ന സമയവും പലതായിരിക്കും.

ഭാട്ടിയ പെര്‍ഫോമന്‍സ്‌ ടെസ്‌റ്റ്

ഒരാളുടെ വാചികമായ കഴിവിനേക്കാള്‍ പ്രവര്‍ത്തനപരമായ കഴിവുകള്‍ കണ്ടെത്തുന്നതിനാണ്‌ ഇവിടെ മുന്‍തൂക്കം നല്‍കുന്നത്‌. അതുകൊണ്ടുതന്നെ ഇതിനെ പെര്‍ഫോമന്‍സ്‌ കോഷ്യന്റ്‌ അഥവാ (പി.ക്യു) എന്ന്‌ വിളിക്കുന്നു.

വെഷ്‌ലേഴ്‌സ് ഇന്റലിജന്‍സ്‌ സ്‌കെയില്‍ ഇന്‍ ചില്‍ഡ്രന്‍ (വൈസ്‌)

രാജ്യാന്തരമായി അംഗീകരിക്കപ്പെട്ടിട്ടുള്ള പരിശോധനാ രീതിയാണിത്‌. കുട്ടികളിലാണ്‌ ഈ പരിശോധനാരീതി ഉപയോഗിക്കുന്നത്‌.

വെഷ്‌ലേഴ്‌സ് അഡല്‍റ്റ്‌ ഇന്റലിജന്‍സ്‌ സ്‌കെയില്‍

പേര്‌ സൂചിപ്പിക്കുന്നതുപോലെതന്നെ മുതിര്‍ന്നവരില്‍ ഉപയോഗിക്കുന്നതാണിത്‌. പല പ്രൊഫഷണല്‍ മേഖലകളിലും ജോലിക്കുവേണ്ടി കേരളത്തിന്‌ വെളിയില്‍ പോകേണ്ടിവരുമ്പോള്‍ ഉദ്യോഗാര്‍ത്ഥികളുടെ ബുദ്ധിശക്‌തി അളക്കുവാന്‍ ഇതുപോലെയുള്ള മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്‌.

പ്രോഗസീവ്‌ മാട്രിസിസ്‌

ഇതിനെ കളേഡ്‌ പ്രോഗസീവ്‌ മാട്രിസിസ്‌, സ്‌റ്റാന്റേര്‍ഡ്‌ പ്രോഗസീവ്‌ മാട്രിസിസ്‌ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. പത്തുവയസില്‍ താഴെയുള്ളവരിലാണ്‌ കളേഡ്‌ പ്രോഗസീവ്‌ മാട്രിസിസ്‌ നടത്തുന്നത്‌. നിറമുള്ള ചില രൂപങ്ങള്‍ അടങ്ങിയ വസ്‌തുക്കള്‍ ഉപയോഗിച്ചുകൊണ്ടാണ്‌ ടെസ്‌റ്റുകള്‍ നടത്തുന്നത്‌. പത്തുവയസിന്‌ മുകളില്‍ പ്രായമുള്ളവരില്‍ ഉപയോഗിക്കുന്ന പരിശോധനയാണ്‌ സ്‌റ്റാന്‍ഡേര്‍ഡ്‌ പ്രോഗസീവ്‌ മാട്രിസിസ്‌

മുകളില്‍ പറഞ്ഞിരിക്കുന്ന പരിശോധനകള്‍ക്കെല്ലാം തന്നെ ഓരോ സ്‌കോറുകളുണ്ട്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ ബുദ്ധിയുടെ നിലവാരം അളക്കാം. എല്ലാ പരിശോധനകളുടെയും സ്‌കോറുകള്‍ അല്‌പസ്വല്‌പം വ്യത്യസ്‌തമായിരിക്കും.

ഇപ്പോള്‍ നിലവിലുള്ള സ്‌കോറുകള്‍

120 -130വരെ - ബുദ്ധിശക്‌തി ഏറ്റവും കൂടുതലുള്ളവര്‍

90 ന്‌ മുകളില്‍ - സാധാരണനിലയിലുള്ള ബുദ്ധിശക്‌തി

80-90 - ഡള്‍ നോര്‍മല്‍ ഐ.ക്യു

70- 80 വരെ - ബോര്‍ഡര്‍ ലൈന്‍ ഐക്യു

70ല്‍ താഴെ - ബുദ്ധിമാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍

കുട്ടികളിലെ ബുദ്ധിപരമായ ഏറ്റക്കുറച്ചിലിന്‌ ചില കാരണങ്ങള്‍

മോട്ടോര്‍ മൈല്‍ഡ്‌ സ്‌റ്റോണ്‍: കമഴ്‌ന്നുവീഴുക, ഇരിക്കുക, നടക്കുക, സംസാരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രായത്തിന്‌ അനുശ്രുതമായ സമയങ്ങളില്‍ തന്നെയാണോ സംഭവിക്കുന്നത്‌ എന്ന്‌ പരിശോധിക്കുക. ഇതില്‍ ഏറ്റക്കുറച്ചില്‍ കാണുകയാണെങ്കില്‍ ബുദ്ധിപരമായ വികാസത്തില്‍ പോരായ്‌മകളുണ്ടോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. 'സെറിബ്രല്‍ പ്ലാസി' പോലുള്ള ശാരീരിക വൈകല്യങ്ങള്‍ ഉള്ളവരിലും ഇത്തരം താമസങ്ങള്‍ കണ്ടേക്കാം. സാമാന്യബുദ്ധിശക്‌തിയുള്ള കുട്ടികളിലും ചിലപ്പോള്‍ സംസാരശേഷിയുടെ വികാസത്തിന്‌ താമസം വന്നേക്കാം.

1. ഡള്‍ നോര്‍മല്‍ ഐ.ക്യു

സാധാരണ ബുദ്ധിശക്‌തിയില്‍നിന്ന്‌ അല്‍പ്പം താഴെയുള്ളവരായിരിക്കും ഇവര്‍. ഐ.ക്യു ലവല്‍ 80 മുതല്‍ 90 വരെയുള്ള കുട്ടികളാണ്‌ ഈ വിഭാഗത്തില്‍പ്പെടുന്നത്‌. ഇവരെ 'ഡള്‍നോര്‍മല്‍' ആയിട്ടാണ്‌ കണക്കാക്കുന്നത്‌. ഇത്തരക്കാര്‍ക്ക്‌ വളരെ സാവധനത്തിലെ പഠിച്ചെടുക്കുവാന്‍ സാധിക്കൂ. വായിച്ച്‌ ഗ്രഹിക്കുവാനുള്ള താമസം, ഒരു കാര്യം മനസിലാക്കാന്‍ ആവര്‍ത്തിച്ച്‌ വായിക്കേണ്ടിവരിക, പഠിച്ചത്‌ ഓര്‍മ്മയില്‍ നിലനിര്‍ത്താന്‍ കഴിയാതെ വരിക, എഴുതി ഫലിപ്പിക്കാനോ പറഞ്ഞു ഫലിപ്പിക്കാനോ ഉള്ള കഴിവ്‌ കുറവ്‌, ചില ആശയങ്ങളും മറ്റും മനസിലാക്കാന്‍ സാധിക്കാതെ വരിക എന്നിവ ഇവരുടെ പ്രശ്‌നങ്ങളാണ്‌.

2. ബോര്‍ഡര്‍ ലൈന്‍ ഐക്യു

ഒരു കുട്ടിയുടെ ബുദ്ധിശക്‌തി 70-80 വരെയുള്ള സ്‌കോറില്‍ ആണെങ്കില്‍ അതിനെ ബോര്‍ഡര്‍ ലൈന്‍ ഐക്യു എന്ന്‌ പറയാം. ഇങ്ങനെയുള്ളവര്‍ പഠനത്തില്‍ ധാരാളം പരിമിതികള്‍ കാണിക്കുന്നു. സാധാരണ ബുദ്ധിശക്‌തിയുടെയും ബുദ്ധിമാന്ദ്യത്തിന്റെയും ഇടയിലുള്ള സ്‌ഥിതിയാണിത്‌. അതുകൊണ്ടാണ്‌ ബോര്‍ഡര്‍ ലൈന്‍ ഐ.ക്യു. എന്ന്‌ പേര്‌ വരാന്‍ കാരണം. ഇവര്‍ക്ക്‌ പഠനം ഒരു തീവ്രയത്നം തന്നെ ആയിരിക്കും .

3. ബുദ്ധിമാന്ദ്യം

ഐ.ക്യു ലവല്‍ 70 തിന്‌ താഴെയാണെങ്കില്‍ അവരെ ബുദ്ധിമാന്ദ്യമുള്ളവരായി കണക്കാക്കാം. ഇത്തരക്കാര്‍ക്ക്‌ മറ്റ്‌ കുട്ടികളുടെയൊപ്പം പഠിക്കാനോ ഗ്രഹിക്കാനോ സാധിക്കാത്തതിനാല്‍ ഇവരെ പ്രത്യേകം സ്‌കൂളുകളില്‍ അയച്ച്‌ പഠിപ്പിക്കേണ്ടതാണ്‌.

പരിഹാരമാര്‍ഗ്ഗങ്ങള്‍

1. ഡള്‍ നോര്‍മല്‍ ഐ.ക്യു

ഡോക്‌ടറുടെ സേവനത്തോടൊപ്പം, മാതാപിതാക്കളുടെ ശ്രദ്ധയും ഇങ്ങനെയുള്ള കുട്ടികള്‍ക്ക്‌ ധാരാളം പ്രയോജനം ചെയ്യും. പ്രത്യേകം ക്ലാസുകള്‍ കൊടുക്കുകയും, മാതാപിതാക്കള്‍ കൂടെയിരുന്ന്‌ പഠിപ്പിക്കുകയും ചെയ്‌താല്‍ മറ്റ്‌ കുട്ടികളെപ്പോലെതന്നെ ഇവരെയും മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാന്‍ സാധിച്ചേക്കും. ഇവരെ ഒറ്റയ്‌ക്ക് ഒറ്റയ്‌ക്കിരുത്തി പഠിപ്പിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം.

2. ബോര്‍ഡര്‍ ലൈന്‍ ഐക്യു

സാധാരണ സ്‌കൂളുകളില്‍ അയച്ച്‌ പഠിപ്പിക്കുന്നതിനോടൊപ്പം പ്രത്യേക പരിശീലനം നല്‍കുന്നതും നന്നായിരിക്കും. ഈ വിഭാഗക്കാര്‍ക്ക്‌ ലളിതമായ സിലിബസില്‍ പോകുന്നതായിരിക്കും ഉത്തമം. സ്‌കൂളിലെ പഠനത്തോടൊപ്പം പ്രത്യേക പഠനക്ലാസുകള്‍ നല്‍കുന്നതും നന്നായിരിക്കും.

3. ബുദ്ധിമാന്ദ്യം

തലച്ചോറിനും, ശരീരത്തിനും ഉദ്ദീപനം കൊടുക്കാനും വളര്‍ച്ചയെ ത്വരിതപ്പെടുത്തുവാനും കഴിയുന്ന ചില വ്യായാമക്രമങ്ങള്‍കൊണ്ട്‌ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. വ്യായാമമുറകള്‍ ഡോക്‌ടര്‍മാര്‍ മാതാപിതാക്കള്‍ക്ക്‌ ഉപദേശിച്ചു നല്‍കുന്നവയാണ്‌. ഇവര്‍ക്ക്‌ ഒരു മനുഷ്യന്‌ ജീവിക്കാന്‍ ആവശ്യമായ അടിസ്‌ഥാനകാര്യങ്ങള്‍ പഠിപ്പിച്ച്‌ കൊടുക്കുന്നതിന്‌ പ്രത്യേകം സ്‌കൂളുകളും നമ്മുടെ നാട്ടിലുണ്ട്‌.

ബുദ്ധിപരമായ കാരണങ്ങള്‍ കൂടാതെ പഠനം പുറകോട്ട്‌ പോകുന്നത്‌ മറ്റു ചില കാരണങ്ങള്‍കൊണ്ടും സംഭവിക്കാം.

എ.ഡി.എച്ച്‌.ഡി (അറ്റന്‍ഷന്‍ ഡെഫിഷന്‍സ്‌ ഹൈപ്പര്‍ ആക്‌ടിവിറ്റി ഡിസോര്‍ഡര്‍)

ശ്രദ്ധക്കുറവ്‌ മൂലമുണ്ടാകുന്ന കുഴപ്പമാണിത്‌. ക്ലാസില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്തെങ്കിലും ശബ്‌ദം കേട്ടാല്‍ ശ്രദ്ധ വഴുതിമാറിപ്പോകുക, ഏകാഗ്രതയോടെ ഇരിക്കുന്നതിന്‌ പകരം ബാഹ്യമായ ചലനങ്ങളിലേക്കോ വസ്‌തുക്കളിലേക്കോ ശ്രദ്ധതിരിയുക. ക്ലാസിലെ നോട്ടുകള്‍ കൃത്യമായി എഴുതാതിരിക്കുക, ഇതോടൊപ്പംതന്നെ ക്ഷമയില്ലായ്‌മ, ആഗ്രഹിക്കുന്നതെല്ലാം പെട്ടെന്ന്‌ സാധിച്ചുകിട്ടണമെന്ന വാശി, വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തികള്‍, അപായങ്ങളെ ശരിയായി നിര്‍ണയിക്കാനുള്ള കഴിവുകുറവ്‌, അമിതമായ ദേഷ്യം ഇതെല്ലാം ഇത്തരക്കാരുടെ പ്രധാന പ്രശ്‌നങ്ങളാണ്‌. ഇതിനെല്ലാം ഉപരി അടങ്ങിയിരിക്കാതെ പിരിപിരിപ്പന്‍ സ്വഭാവക്കാരുമാണ്‌ ഇവര്‍. ഇങ്ങനെയൊക്കെയാണെങ്കിലും ഇവര്‍ക്ക്‌ കമ്പ്യൂട്ടറിന്റെയോ ടിവിയുടെയോ മുന്നില്‍ എത്ര സമയം വേണമെങ്കിലും ചെലവഴിക്കുന്നതില്‍ ശ്രദ്ധക്കുറവും മടിയും കാണിക്കാറില്ല. ''ഓന്നോര്‍ക്കുക ഇവര്‍ക്ക്‌ ബൗദ്ധികമായി യാതൊരുവിധ തകരാറുകളും ഉണ്ടായിരിക്കുകയില്ല. ശ്രദ്ധക്കുറവ്‌ മാത്രമായിരിക്കും ഏക കാരണം.''

പരിഹാരമാര്‍ഗ്ഗങ്ങള്‍

ഇവയ്‌ക്ക് കൃത്യമായ ഔഷധപ്രയോഗങ്ങള്‍ നിലവിലുണ്ട്‌. കുട്ടികളുടെ, ഏകാഗ്രത വര്‍ധിപ്പിക്കാന്‍ ചില പരിശീലനമാര്‍ഗ്ഗങ്ങളുണ്ട്‌. ഇങ്ങനെയുള്ള കുട്ടികള്‍ക്ക്‌ സ്‌കൂളുകളിലും ട്യൂഷന്‍ ക്ലാസുകളിലും വേണ്ടവിധത്തിലുള്ള ശ്രദ്ധ കിട്ടാറില്ല. സ്‌കൂള്‍ വിട്ടുവന്നാല്‍ മാതാപിതാക്കള്‍ കുട്ടികളെ ഇരുത്തി പഠിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കണം. അധ്യാപകരോടും ഇവരെ പ്രത്യേകം ശ്രദ്ധിക്കാന്‍ പറയുന്നതിന്‌ നന്നായിരിക്കും. ക്ലാസില്‍ അധ്യാപകന്റെ നേരിട്ടുള്ള നിരീക്ഷണം കിട്ടുന്ന രീതിയില്‍ ഇരുത്തുന്നതും കുട്ടിയുടെ നോട്ട്‌് ബുക്ക്‌ ഇടയ്‌ക്ക് പരിശോധിക്കുന്നതും നന്നായിരിക്കും.

2. പഠനവൈകല്യം

പഠനവൈകല്യമുള്ളവരുടെ ബുദ്ധിശക്‌തി സാധാരണനിലയിലായിരിക്കും. ഇവര്‍ക്ക്‌ ബുദ്ധിപരമായ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരിക്കുകയില്ല. ഇത്തരക്കാരുടെ പഠനത്തില്‍ മാത്രമേ പിന്നോക്കാവസ്‌ഥ ഉണ്ടാവുകയുള്ളൂ. വായിച്ച്‌ ഗ്രഹിക്കാന്‍ വേഗതക്കുറവ്‌, എഴുതിവരുമ്പോള്‍ ശരിയായപദങ്ങള്‍ കിട്ടാതെവരിക, അക്ഷരത്തെറ്റ്‌, വ്യാകരണത്തിലെ തെറ്റുകള്‍ എന്നിവയെല്ലാം ഇത്തരക്കാരുടെ പ്രധാന കുഴപ്പങ്ങളാണ്‌. ഈ അവസ്‌ത ഡിസ്ലക്‌സിയ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ആല്‍ബര്‍ട്ട്‌ ഐന്‍സ്‌റ്റിനെപ്പോലെയുള്ള പല മഹാന്‍മാരിലും പഠനവൈകല്യം കണ്ടെത്തിയിട്ടുണ്ട്‌. ഇത്തരം കുട്ടികളെ അവരവര്‍ക്ക്‌ തിളങ്ങാന്‍ കഴിയുന്ന മേഖലകളിലേക്ക്‌ തിരിച്ചുവിടുന്നതായിരിക്കും ഉത്തമം.

പരിഹാരമാര്‍ഗ്ഗങ്ങള്‍

സാധാരണ സ്‌കൂളുകളില്‍ അയച്ച്‌ പഠിപ്പിക്കുന്നതിനേക്കാള്‍ പ്രത്യേക പരിശീലനം നല്‍കുന്നതും നല്ലത്‌. ഏറ്റവും അനുയോജ്യമായ വിദ്യാഭ്യാസരീതി കുട്ടികളെ ഒറ്റയ്‌ക്കിരുത്തി പഠിപ്പിക്കുന്നത്‌ തന്നെയാണ്‌. മാതാപിതാക്കള്‍ ഇത്തരം കുട്ടികളുടെ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവയ്‌ക്കേണ്ടതാണ്‌.

ബുദ്ധിശക്‌തി കൂടിയ കുട്ടികള്‍

ഐ.ക്യു ലവല്‍ 120-130 ആണെങ്കില്‍ സാധാരണക്കാരെ അപേക്ഷിച്ച്‌ ബുദ്ധിശക്‌തി കൂടിയവരാണ്‌. ഇവര്‍ അത്യധികം പ്രതിഭാശാലികളും സമൃദ്ധന്മാരുമായിരിക്കും. ഇങ്ങനെയുള്ളവര്‍ക്ക്‌ താല്‍പ്പര്യമുള്ള മേഖലകളാണ്‌ തൊഴില്‍പരമായി ലഭിക്കുന്നതെങ്കില്‍ ധാരാളം ശോഭിക്കാന്‍ സാധിക്കും. മറിച്ച്‌ താല്‍പ്പര്യമില്ലാത്ത മേഖലകളാണ്‌ ലഭിക്കുന്നതെങ്കില്‍ ചിലര്‍ക്ക്‌ കടുത്ത നിരാശയുണ്ടാകാനും സാധ്യതയുണ്ട്‌. ഈ അതൃപ്‌തി മാനസികപ്രശ്‌നങ്ങളിലേക്കും, സ്വഭാവദൂഷ്യങ്ങളിലേക്കും വഴിതെളിച്ചേക്കാം. കുട്ടികളെ എപ്പോഴും അവര്‍ക്ക്‌ താല്‍പ്പര്യമുള്ള പഠനരീതികളും ജോലിയും തെരഞ്ഞെടുക്കാന്‍ അനുവദിക്കണം.

കടപ്പാട്‌: ഡോ. സി.പി. സോമനാഥ്‌, മന:ശാസ്‌ത്രവിഭാഗം,

Fun & Info @ Keralites.net

Fun & Info @ Keralites.net


www.keralites.net   

No comments:

Post a Comment