ചലച്ചിത്ര പിന്നണി ഗായിക സ്വര്‍ണ്ണലത (37) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, ഉറുദു ഭാഷകളില്‍ ഒട്ടേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഭാരതിരാജയുടെ 'കറുത്തമ്മ' എന്ന ചിത്രത്തിലെ പോരാലെ പൊന്നുത്തായേ എന്ന ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പ്രശസ്ത ഹാര്‍മോണിസ്റ്റായ കെ.സി ചെറൂക്കുട്ടിയുടെ മകളാണ്. തമിഴില്‍ ഇളയരാജയുടെയും എ.ആര്‍ റഹ്മാന്റെയും ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചത് സ്വര്‍ണലതയായിരുന്നു. 1983 മുതല്‍ പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു.
ഏഴായിരത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഇന്‍ഡിപെന്‍ഡന്‍സ്, ലങ്ക, വര്‍ണ്ണപ്പകിട്ട്, രാവണപ്രഭു, ഡ്രീംസ്, പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, നിര്‍ണയം, വണ്‍മാന്‍ഷോ തുടങ്ങി പത്തോളം മലയാള സിനിമയിലും പാടിയിട്ടുണ്ട്. പാലക്കാട് സ്വദേശിനിയാണ്. മലയാളത്തില്‍ 'മോഹം' എന്ന ആല്‍ബത്തിലാണ് ഏറ്റവും ഒടുവില്‍ പാടിയത്.
എവനോ ഒരുവന്‍..(അലൈപായുതേ), കുച്ചി കുച്ചി രക്കുമാ..(ബോംബെ), ഉസിലംപട്ടി പെണ്‍കുട്ടി..(ജന്റില്‍മാന്‍), മായാ മച്ചിന്ദ്ര..., അക്കടാണു നാങ്ക..(ഇന്ത്യന്‍), കാതലേനും...(കാതലര്‍ദിനം), സിങ്കോരെ സിങ്കോരെ...(കന്നത്തില്‍ മുത്തമിട്ടാല്‍), ഹായ് റാമാ..(രംഗീല), രാക്കമ്മ കൈയെത്തട്ട്(ദളപതി), പോവോമ ഊര്‍ഗോളം...(ചിന്നത്തമ്പി), മുക്കാല മുക്കാബല...(കാതലന്‍), എന്നുള്ളെ എന്നുള്ളെ..(വാലി) തുടങ്ങിയവയാണ് സ്വര്‍ണ്ണലതയുടെ ഹിറ്റ് ഗാനങ്ങള്‍.
|
No comments:
Post a Comment