ആദര്‍ശത്തിന്റെ നാലു പതിറ്റാണ്ട് 1970, കെ.പി.സി.സി. അധ്യക്ഷന്‍ കെ.കെ.വിശ്വനാഥന്റെ പ്രതാപ കാലം. ഉമ്മന്‍ചാണ്ടി എം.എല്‍.എയായി ഒരാഴ്‌ച തികയുന്നു. എം.എല്‍.എ. ഹോസ്‌റ്റലിലെ ഏറ്റവും താഴത്തെ നിലയിലുളള മൂന്നാംനമ്പര്‍ മുറിയായിരുന്നു അദ്‌ദേഹത്തിന്റേത്. (ഇപ്പോഴത്തെ പഴയ എം.എല്‍.എ ക്വാര്‍ട്ടേഴ്‌സില്‍ ടെലിഫോണ്‍ എക്‌സ്ചേഞ്ച് പ്രവര്‍ത്തിക്കുന്ന മുറി.) മുറിയിലെപ്പോഴും ഉത്സവപറമ്പിലെ ആള്‍ക്കൂട്ടമാണ്. ഒരു രാത്രി കെ.പി.സി.സി. പ്രസിഡന്റിന് ആ മുറിയില്‍ തങ്ങേണ്ടി വന്നു. മുറിയിലെ ഏക കട്ടില്‍ പ്രസിഡന്റിന് നല്‍കി ഉമ്മന്‍ ചാണ്ടി തറയില്‍ കിടന്നു. വെളുപ്പിനെ അഞ്ചുമണിക്ക് പുതുപ്പളളിയില്‍ നിന്നുളള ഒരു സംഘം കാറിലെത്തി. എന്നാല്‍ ക്വാര്‍ട്ടേഴ്‌സിലെ വാച്ചര്‍ അവരെ കടത്തിവിട്ടില്ല. പല അടവും നോക്കിയിട്ടു ഫലിച്ചില്ല അപ്പോള്‍ അവരില്‍ ഒരാളുടെ ബുദ്ധി ഉണര്‍ന്നു. ഒരു കാര്യം ചെയ്യാം ജനലിലൂടെ നമുക്ക് ഉമ്മന്‍ചാണ്ടിയെ വിളിക്കാം. അവര്‍ ജനലിന്റെ അരികിലെത്തി കുഞ്ഞൂഞ്ഞെ, കുഞ്ഞൂഞ്ഞെ എന്നു നീട്ടി വിളിച്ചു. അനക്കമില്ല വീണ്ടും വിളിച്ചും രക്ഷയില്ല. 'ഓഹോ സുഖമായി ഉറങ്ങുകയാണല്ലേ ഇപ്പോള്‍ ശരിയാക്കി തരാം'. ഒരാള്‍ ഒരു ചെറിയകല്ലെടുത്ത് ജനലിലൂടെ ഒറ്റയേറ്. കല്ലു കൊണ്ട കെ.പി.സി.സി. അധ്യക്ഷന്‍ ചാടിയെഴുന്നേറ്റ് പെട്ടിയുമെടുത്ത് ഒറ്റ ഓട്ടം. അന്നു രാവിലെ എട്ടുമണിയായപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ കൈയില്‍ കെ.പി.സി.സി.അദ്ധ്യക്ഷന്റെ കത്തു കിട്ടി. എം.എല്‍.എയ്‌ക്കു നല്‍കിയ മുറി എം.എല്‍.എ ഉപയോഗിക്കണം അതല്ലാതെ നാട്ടുകാര്‍ക്കു കയറി മറിയാനുളളതല്ല. ഇതായിരുന്നു കത്തിന്റെ ഉള്ളടക്കം. എം.എല്‍.എ. ആയി നാല്‍പ്പത് വര്‍ഷം തികഞ്ഞിട്ടും എം.എല്‍.എ. മുറിയില്‍ ഉമ്മന്‍ചാണ്ടിക്ക് നേരാവണ്ണം അന്തിയുറങ്ങാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പുതുപ്പളളി കരോട്ട് വളളക്കാലില്‍ കെ.ഒ.ചാണ്ടിയുടെ രണ്ടാമത്തെ മകന്റെ ജാതകത്തില്‍ ഇങ്ങനെ എഴുതിയിരുന്നു. ശുദ്ധഗതിക്കാരനായ ഇവന്‍ ആവേശം തുളുമ്പുന്നവനായിരിക്കും എന്ത് കാര്യവും നയപരമായി ചെയ്‌തു തീര്‍ക്കും. ഏറ്റെടുക്കുന്ന കാര്യത്തില്‍ നിന്നു പിന്തിരിയില്ല . ഉമ്മന്‍ചാണ്ടിയെന്നു പേര് വിളിച്ച ഈ അനിഴം നക്ഷത്രക്കാരന്‍ നിയമനിര്‍മ്മാണ സഭയിലെത്തിയിട്ട് സെപ്‌റ്റംബര്‍ 17ന് നാലു പതിറ്റാണ്ടു തികയുന്നു. കീറിയ ഷര്‍ട്ടും ചീകിയൊതുക്കാത്ത തലമുടിയുമായി നിയമസഭയില്‍ എത്തിയ ഉമ്മന്‍ചാണ്ടി മറ്റു സാമാജികര്‍ക്കു കൗതകമായിരുന്നു. കീറിയ ഷര്‍ട്ടുമായി നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായെത്തിയ എം.എല്‍.എ. എന്ന പേര് അദ്‌ദേഹത്തിനു മാത്രമുള്ളതാണ്. പുത്തന്‍ ഖദര്‍ ഷര്‍ട്ടാണെങ്കിലും അതു ബ്ലേഡുകൊണ്ടു വരഞ്ഞശേഷം മാത്രമേ ഉമ്മന്‍ചാണ്ടി ധരിക്കാറുള്ളൂ എന്നാണ് ശത്രുക്കള്‍ പറഞ്ഞു പരത്തുന്നത്. കൂടുതല്‍ ജനകീയനാകുന്നതിനാണു ഈ പ്രയോഗമെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ എം.എല്‍.എ. ആയി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ആകെ ഉണ്ടായിരുന്നത് രണ്ടു ജോടി ഡ്രസാണ്.അതു കൊണ്ടായിരുന്നു യാത്രയും കിടപ്പും കുളിയും യാത്ര ചെയ്യുന്ന മുണ്ടു കൊണ്ട് പുതച്ചുകിടക്കുകയും അതുപയോഗിച്ചു കുളിക്കുകയും ചെയ്യുന്ന ത്രീ ഇന്‍ വണ്‍ പരിപാടി. കെ.എസ്.യു. പ്രവര്‍ത്തകനായി പൊതുപ്രവര്‍ത്തനരംഗത്തേക്കു കടന്നുവന്ന ഉമ്മന്‍ചാണ്ടി 1970ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ആദ്യമായി പുതുപ്പള്ളിയില്‍നിന്ന് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെടുന്നത്. അന്ന് 27 വയസായിരുന്നു. അന്നു തുടങ്ങിയതാണ് പുതുപ്പള്ളിയുമായുള്ള ആത്മബന്ധം. 1970 ഒക്‌ടോബര്‍ 28നാണ് നിയമസഭയിലെ കന്നിപ്രസംഗം. 'തൊഴിലില്ലായ്‌മ കഴിഞ്ഞ കാലങ്ങളിലെ ഏറ്റവും വലിയ ശാപമാണ്. അതിനാല്‍ ഭാവി തലമുറയെപ്പറ്റി ചിന്തിക്കാന്‍ തയാറാകണം. ഞാന്‍ പറഞ്ഞു വരുന്നത് മുന്‍ ഭരണാധികാരികള്‍ രാഷ്‌ട്രീയ നേട്ടം കണ്ടാണ് പ്രവര്‍ത്തിച്ചത്. ഇതിനു മാറ്റം വരണം. യുവതലമുറയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തൊഴില്‍ ഉറപ്പുവരുത്തുന്നതിനും കക്ഷിരാഷ്‌ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിക്കണം.' ഇതായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആദ്യ നിയമസഭാ പ്രസംഗം. 1977 ല്‍ ഉമ്മന്‍ചാണ്ടി തൊഴില്‍-ഹൗസിംഗ് വകുപ്പുകളുടെ മന്ത്രിയായി. തൊഴില്‍രഹിതര്‍ക്ക് തൊഴിലില്ലായ്‌മ വേതനം നടപ്പാക്കിയത് അന്നാണ്. തന്റെ കന്നി നിയമസഭാ പ്രസംഗമാണ് ഈ തീരുമാനത്തിലൂടെ നടപ്പിലാക്കിയത്. മന്ത്രിയായിരിക്കെ 1977 മേയ് 30നായിരുന്നു വിവാഹം. കാനറാ ബാങ്ക് ഉദ്യോഗസ്‌ഥയായ ആലപ്പുഴക്കാരി മറിയാമ്മയാണ് ഉമ്മന്‍ചാണ്ടിയുടെ ജീവിതസഖിയായത്. പാമ്പാടി പൊത്തന്‍പുറം പള്ളിയിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് വധുവും വരനും പള്ളിയില്‍നിന്നു പുറത്തിറങ്ങിയപ്പോള്‍ അകമ്പടിയായി മുദ്രാവാക്യം മുഴക്കി ചുറ്റും ഖാദര്‍ധാരികള്‍. വിവാഹം കഴിച്ചശേഷവും ഉമ്മന്‍ചാണ്ടിയെ ഒറ്റയ്‌ക്കുവിടില്ലെന്ന വാശിയിലായിരുന്നു നാട്ടുകാര്‍. ഇതിനുശേഷമാണ് കോട്ടയം ഡി.സി.സിയില്‍നിന്നും വീട്ടിലേക്ക് അദ്ദേഹം താമസം മാറ്റിയത്. പിന്നീട് 1980, 82, 87, 91, 96, 2001, 2006 വര്‍ഷങ്ങളില്‍ നിയമസഭയില്‍ എത്തിയ അദ്ദേഹം തുടര്‍ച്ചയായി 40 വര്‍ഷം എം.എല്‍.എ. പദവി വഹിക്കുന്ന ആദ്യ കോണ്‍ഗ്രസ് നേതാവ് എന്ന പേരിനും അര്‍ഹനായിക്കഴിഞ്ഞു. രണ്ടാംവട്ടം ഉമ്മന്‍ചാണ്ടി മന്ത്രിയായത് 81-82 കാലയളവിലാണ്. അന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയായിരുന്നു. അക്കാലത്താണ് നിക്കറു പോലീസ് എന്ന് അറിയപ്പെട്ടിരുന്ന കേരളാ പോലീസിന്റെ ഔദ്യോഗിക വേഷം പാന്റാക്കി മാറ്റിയത്. അതുവരെ പോലീസുകാര്‍ പാന്റിനു പകരം നിക്കറാണു ധരിച്ചിരുന്നത്. ഇതിനുള്ള നന്ദിപ്രകടനമായി ആ സമയത്ത് പ്രത്യക്ഷപ്പെട്ട പോസ്‌റ്ററുകളിലെ വാചകങ്ങള്‍ ഇങ്ങനെയായിരുന്നു. 'പോലീസുകാരുടെ നാണംമറച്ച ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യങ്ങള്‍.' പിന്നീട് 91 ജൂലൈയില്‍ അധികാരമേറ്റ യു.ഡി.എഫ്. മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കണുണാകരനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് 94 ജൂണ്‍ 15ന് രാജിവച്ചു. മന്ത്രിപദത്തില്‍ താനാണ് കേരളത്തിലെ മാതൃകയെന്ന് ഉമ്മന്‍ചാണ്ടി കാട്ടിക്കൊടുക്കുകയാണ് ചെയ്‌തത്. പാര്‍ട്ടിയിലോ ഭരണത്തിലോ പ്രത്യേക പദവികള്‍ ഇല്ലാതിരുന്നിട്ടും ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസുകാര്‍ക്ക് പ്രിയങ്കരനാണ്. സഹപ്രവര്‍ത്തകരുമായുള്ള അടുപ്പം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത് വീട്ടുകാരെയാണ്. ഭാര്യ മറിയാമ്മ രണ്ടാമത്തെ മകള്‍ അച്ചുവിനെ പ്രസവിച്ച സമയത്ത് ഉമ്മന്‍ചാണ്ടി കെ.പി.സി.സി. മീറ്റിംഗിലായിരുന്നു. യോഗം കഴിഞ്ഞ് ഒരുപറ്റം അനുയായികളുമായാണ് അദ്ദേഹം മറിയാമ്മ കിടന്ന മുറിയിലെത്തിയത്. വീട്ടിലേക്കു കയറുന്നതുപോലെ അനുയായികളും ആശുപത്രി മുറിയിലേക്കു കയറി. പിന്നീട് മറിയാമ്മ കിടന്ന കട്ടിലിലിരുന്നായിരുന്നു പരാതികേള്‍ക്കല്‍. അവസാനം മറിയാമ്മതന്നെ ഉമ്മന്‍ചാണ്ടിയേയും അനുയായികളേയും മുറിയില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. ബാത്ത്‌റൂമില്‍ കയറിയാല്‍പോലും ഒപ്പം അനുയായികളോ ശിപാര്‍ശക്കാരോ ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ തിരക്കിനെപ്പറ്റി പലരും തമാശയായി പറയുന്നത്. ഒരു ബന്ദുദിവസമാണ് ഭാര്യ മറിയാമ്മ അദ്ദേഹത്തെ പകല്‍ മുഴുവനും കാണുന്നത്. അന്നാണ് മകന്‍ ചാണ്ടി ഉമ്മനുമായി ഉമ്മന്‍ചാണ്ടി പരിചയപ്പെടുന്നതുതന്നെ. നേരത്തെ പിതാവിനെ കണ്ടാല്‍ പരിചയമില്ലാത്തതിനാല്‍ കരഞ്ഞുകൊണ്ട് ഓടുമായിരുന്നു. കോണ്‍ഗ്രസില്‍ എന്നും കരുണാകരന്റെ എതിര്‍ഗ്രൂപ്പായിരുന്നു ഉമ്മന്‍ചാണ്ടി. പക്ഷേ, കരുണാകരനുമായുള്ള ആത്മബന്ധം സുദൃഢമാണ്. കോണ്‍ഗ്രസില്‍ തന്നെ കരുണാകരന് ഏറ്റവും വത്സല്യമുള്ള നേതാവും ഉമ്മന്‍ചാണ്ടിയാണെന്നതു രഹസ്യമല്ല. പലപ്പോഴും പദവികളും സ്‌ഥാനമാനങ്ങളുമൊക്കെ വീതംവയ്‌ക്കുമ്പോള്‍ തനിക്കര്‍ഹതപ്പെട്ടതുപോലും മറ്റുള്ളവര്‍ക്ക് വീതിച്ചു നല്‍കിയാണ് ഉമ്മന്‍ചാണ്ടിയുടെ രാഷ്‌ട്രീയ ജീവിതം. 2001ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മന്ത്രിസ്‌ഥാനം ത്യജിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ 50-ാം വാര്‍ഷികത്തില്‍ 50 പൈസയുമായി യാത്ര ചെയ്‌ത ഏക ഇന്ത്യക്കാരന്‍ ഉമ്മന്‍ചാണ്ടിയായിരിക്കും. സാധാരണ യാത്ര ചെയ്യുമ്പോള്‍ പോക്കറ്റില്‍ പണം സൂക്ഷിക്കാത്തതാണ് ഉമ്മന്‍ചാണ്ടിക്ക് വിനയായത്. യാത്ര തിരിക്കുമ്പോള്‍ പ്രവര്‍ത്തകരോ സഹായികളോ ആരെങ്കിലും കൂടെക്കാണും. എന്നാല്‍ അന്ന് ആരും ഒപ്പമുണ്ടായിരുന്നില്ല. കണ്ണൂരില്‍നിന്നു തിരുവനന്തപുരത്തേക്കു വരുന്നതിനാണ് ട്രെയില്‍ കയറിയത്. യാത്രാമധ്യേ ചായകുടിക്കാനായി പോക്കറ്റില്‍ തപ്പിയപ്പോഴാണ് 50 പൈസ മാത്രമേ കൈവശമുള്ളൂവെന്ന് ബോധ്യപ്പെട്ടത്. പിന്നീട് ചായപോലും കുടിക്കാതെയായിരുന്നു യാത്ര. കോട്ടയത്തെത്തിയപ്പോഴാണ് ഒരു പരിചയക്കാരനെ വിളിച്ച് ചായകുടിച്ചത്. ഒരിക്കല്‍ കെ.എസ്.യു. സംസ്‌ഥാന പ്രസിഡന്റ് ജയ്‌സണ്‍ ജോസഫിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ഉമ്മന്‍ചാണ്ടി തിരികെ മടങ്ങുന്നതിനു കാറില്‍ കയറാനെത്തിയപ്പോള്‍ കാറില്‍ പ്രവേശിക്കാന്‍ ഇടമില്ലാത്തവിധം കെ.എസ്.യുക്കാര്‍ നിറഞ്ഞിരിക്കുകയാണ്. ആരോടും ഇറങ്ങിപ്പോകാനും പറയാന്‍വയ്യ. പിന്നീട് കെ.എസ്.യു. ജില്ലാ ഭാരവാഹിയുടെ മടിയില്‍ കയറിയിരുന്നാണ് അദ്ദേഹം കോട്ടയത്തെത്തിയത്. ഉമ്മന്‍ചാണ്ടിയുടെ തലമുടിയാണ് വീട്ടുകാര്‍ക്ക് പലപ്പോഴും തലവേദനയുണ്ടാക്കിയിട്ടുള്ളത്. തിരക്കുകാരണം അദ്ദേഹം പലപ്പോഴും തലമുടി വെട്ടാറില്ല. ബാര്‍ബര്‍ഷോപ്പില്‍ ചെല്ലുമ്പോഴും ശിപാര്‍ശയാണ്. തിരക്കു കൂടിയതോടെ ബാര്‍ബര്‍ഷോപ്പിലും പോകാതായി. അങ്ങനെ ഒരു ദിവസം ഭാര്യ മറിയാമ്മ, രണ്ടും കല്‍പിച്ച് മുടി വെട്ടി. ഇതിനുശേഷം കഴിഞ്ഞ 26 വര്‍ഷമായി ഉമ്മന്‍ചാണ്ടിയുടെ മുടി വെട്ടുന്നത് ഭാര്യയാണ്. ജീവിതത്തില്‍ നല്ല കുറേ മൂല്യങ്ങള്‍ കൈമുതലായി സൂക്ഷിക്കുകയും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന അപൂര്‍വ വ്യക്‌തികളില്‍ ഒരാളാണ് ഉമ്മന്‍ചാണ്ടി. സാധാരണ ഉമ്മന്‍ചാണ്ടി എന്നു പറയുമ്പോള്‍ പലരുടേയും മനസില്‍ തെളിയുന്നതു ഒരാള്‍ക്കൂട്ടമാണ്. വിവിധതരം ആവശ്യങ്ങളുമായി കൂട്ടംകുടി നില്‍ക്കുന്നവര്‍. അതിനു നടുവില്‍ ഉമ്മന്‍ചാണ്ടി ഉണ്ടാവും. വലിയ കൃതാവ്, ചീകിയൊതുക്കാത്ത മുടി, കൈയില്‍ ഒരു ബോള്‍പെന്‍, ചെറിയ ഡയറി ഇതാണ് മുഖമുദ്ര. എന്ത് പരാതിയുമായി വന്നാലും ആരേയും നിരാശരാക്കാറില്ല. കാര്യം നടന്നാലും ഇല്ലെങ്കിലും ഉമ്മന്‍ചാണ്ടി ശുപാര്‍ശ നല്‍കിയിരിക്കുമത്രേ. അമേരിക്കന്‍ പ്രസിഡന്റിനുപോലും ഉമ്മന്‍ചാണ്ടി കത്തു നല്‍കിയിട്ടുണ്ടെന്നാണു കഥ. ഒരിക്കല്‍ പുതുപ്പള്ളിക്കാരന്‍ യുവാവ് ഉമ്മന്‍ചാണ്ടിയെ വന്നു കണ്ടു. നാളെ അമേരിക്കയ്‌ക്കു പോകുകയാണെന്നറിയിച്ചു. അതു കേട്ടപാടെ ഉമ്മന്‍ചാണ്ടി അമേരിക്കന്‍ പ്രസിഡന്റ് ബുഷിനു ശിപാര്‍ശക്കത്തെഴുതിയത്രേ... പ്രിയ ബുഷ് ഈ കത്തുമായി വരുന്ന പ്രിയപ്പെട്ട..... മണ്ഡലം ഒരു കുടുംബംപോലെയാക്കിയ ജനനേതാക്കള്‍ ചുരുക്കമാണ്. വീടും മണ്ഡലവും തമ്മിലും വീട്ടുകാരും നാട്ടുകാരും തമ്മിലും പുതുപ്പള്ളിയില്‍ അന്തരമില്ല. അതുകൊണ്ടുതന്നെയാണ് തിരുവനന്തപുരത്ത് ജഗതിയിലുള്ള വീടിനു പുതുപ്പള്ളി ഹൗസ് എന്ന് ഉമ്മന്‍ചാണ്ടി പേരിട്ടത്. (ഷാലു മാത്യു) Mangalam Daily |
www.keralites.net |
__._,_.___
No comments:
Post a Comment