Friday, September 3, 2010

[www.keralites.net] ഉപഭോക്താവിന് എന്തു ചെയ്യുവാന്‍ കഴിയും



Fun & Info @ Keralites.net

ഐ.ടി. രംഗത്ത് ബ്രാന്‍ഡുകള്‍ക്ക് പ്രചാരം കൂടിവരുന്ന ഒരു കാലമാണല്ലോ ഇത്. സര്‍ക്കാര്‍/പ്രൈവറ്റ് സ്ഥാപനങ്ങളിലും, ഓഫീസുകളിലും മറ്റും പണ്ടുമുതലേ ബ്രാന്‍ഡഡ് പി.സി.കളാണ് സാധാരണയായി വാങ്ങാറുള്ളത്. ഇപ്പോള്‍ വീടുകളിലും അസംബിള്‍ ചെയ്ത പി.സി.കളേക്കാള്‍ പ്രചാരം ബ്രാന്‍ഡുകള്‍ നേടിത്തുടങ്ങിയിട്ടുണ്ട്. ലാപ്‌ടോപ്പ് വിപണിയാണ് ബ്രാന്‍ഡുകള്‍ വിറ്റഴിയുന്ന മറ്റൊരു പ്രമുഖ വിപണി. അസംബിള്‍ഡ് പി.സി.കളാണെങ്കില്‍ തന്നെ, അവയിലെ ഭാഗങ്ങള്‍ ഓരോ ബ്രാന്‍ഡുകളുടെ തന്നെയാണ്. ഉദാ: സാംസങ്ങ്, എല്‍.ജി., വ്യൂസോണിക്ക് എന്നീ ബ്രാന്‍ഡുകളാണ് മോണിട്ടര്‍ രംഗത്ത് സജീവമായുള്ളവ. എന്നാല്‍ വിപണിയില്‍ ശക്തരായ ബ്രാന്‍ഡുകള്‍ ഉപഭോക്താക്കളെ വഞ്ചിക്കുകയാണെങ്കിലോ? അതായത്; ഗുണനിലവാരം കുറഞ്ഞ ഉല്പന്നങ്ങള്‍ ബ്രാന്‍ഡ് നെയിമിന്റെ ബലത്തില്‍ വില്‍ക്കുക, അര്‍ഹമായ വില്പനാനന്തര സേവനം നല്‍കാതിരിക്കുക, വാറണ്ടി കാലാവധിയില്‍ വരുന്ന പ്രശ്നങ്ങള്‍ ഉചിതമായ രീതിയില്‍ പരിഹരിക്കാതിരിക്കുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് ഉപഭോക്താക്കളെ വഞ്ചിക്കുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇങ്ങിനെയുള്ള അവസരങ്ങളില്‍ ഉപഭോക്താവിന് എന്തു ചെയ്യുവാന്‍ കഴിയും എന്നതിനെക്കുറിച്ചാണ് ഈ ലേഖനം.

Fun & Info @ Keralites.net ഇന്ത്യന്‍ ലാപ്പ്‌ടോപ്പ് വിപണിയില്‍ മുന്‍‌പന്തിയില്‍ നില്‍ക്കുന്ന എച്ച്.പി.യില്‍ നിന്നും ഈ ലേഖകനുണ്ടായ ദുരനുഭവമാണ് ഈ കുറിപ്പെഴുതുവാനുള്ള പ്രേരണ. വാറണ്ടി കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പു തന്നെ ലാപ്‌ടോപ്പിന്റെ ഡിസ്‌പ്ലേയില്‍ നെടുകെയായി ധാരാളം വരകള്‍ പ്രത്യക്ഷമായി. തുടര്‍ന്ന് എച്ച്.പിയുടെ സര്‍വ്വീസ് സെന്ററുമായി ബന്ധപ്പെടുകയും, അത് ഒരു ഹാര്‍‌ഡ് വെയര്‍ തകരാറാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ലാപ്പ്‌ടോപ്പിന്റെ ഡിസ്‌പ്ലേ മാറ്റി നല്‍കുവാനായി രണ്ടുമാസത്തിനു ശേഷവും എച്ച്.പി.യ്ക്കു കഴിഞ്ഞില്ല. തുടര്‍ന്ന് ഡിസ്‌പ്ലേ മാറ്റി നല്‍കുവാന്‍ സാധ്യമല്ലെങ്കില്‍, സിസ്റ്റം മുഴുവനായി മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടത് എച്ച്.പി. അംഗീകരിച്ചു. എന്നാലതിനു ശേഷവും ഒരു മാസം കഴിഞ്ഞാണ് പുതിയ ലാപ്‌ടോപ്പ് ലഭ്യമാക്കിയത്. പുതിയ ലാപ്‌ടോപ്പ്, സ്വാഭാവികമായും ഒരു വര്‍ഷം മുന്‍പ് ഞാന്‍ വാങ്ങിയതിലും മികച്ചതാണ് എങ്കില്‍ പോലും മൂന്നുമാസത്തെ കാലതാമസം അംഗീകരിക്കാവുന്നതല്ല. അതുകൊണ്ട് എനിക്കുണ്ടായ നഷ്ടങ്ങള്‍ പുതിയ ലാപ്‌ടോപ്പ് നല്‍കുന്നതിലൂടെ നികത്താവുന്നതുമല്ല. എച്ച്.പി. സേവനം സ്വീകരിക്കുന്ന മറ്റൊരു കമ്പനിയില്‍ നിന്നും അവര്‍ക്കായിരുന്നു ഇങ്ങിനെയൊരു അനുഭവമെങ്കില്‍, എങ്ങിനെയാവും എച്ച്.പി. പ്രതികരിച്ചിരിക്കുക എന്നത് ഊഹിക്കാവുന്നതേയുള്ളൂ. (എനിക്കുണ്ടായ ദുരനുഭവം ഇവിടെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.)

ഇന്ത്യ പോലെയൊരു രാജ്യമായതുകൊണ്ടല്ലേ എച്ച്.പി.യിലെ ഉദ്യോഗസ്ഥര്‍ ഈ രീതിയില്‍ ഒരു ഉപഭോക്താവിനോട് പെരുമാറുവാന്‍ തയ്യാറാവുന്നത്? എച്ച്.പി. വിപണനം നടത്തുന്ന മറ്റേതെങ്കിലുമൊരു വികസിത രാജ്യത്തില്‍ ഈ രീ‍തിയിലൊരു പ്രയാസം ഉപഭോക്താവിന് അനുഭവിക്കേണ്ടി വരുമോ? എണ്‍പതിനായിരത്തിനു മുകളില്‍ പണം മുടക്കിയ ഒരു ഉത്പന്നമായിട്ടുകൂടി പതിനഞ്ച് മാസം കഴിഞ്ഞപ്പോള്‍ ഉപയോഗിക്കുവാന്‍ സാധിക്കാത്ത നിലയിലായത്, ഉല്പന്നത്തിന്റെ ഗുണനിലവാരമില്ലായ്മയെ സൂചിപ്പിക്കുന്നു. അതിനു ശേഷം ഉത്പന്നത്തിന്റെ പ്രശ്നം പരിഹരിക്കുവാന്‍ ഇത്രയും സമയമെടുത്തത്, ഉപഭോക്താക്കളോടുള്ള അവരുടെ വിപരീത മനോഭാവത്തിന്റെ പ്രതിഫലനമാണ്. അവരുടെ നിരുത്തരവാദിത്തപരമായ സമീപനം കൊണ്ട്, ഉപഭോക്താവിനുണ്ടായേക്കാവുന്ന നഷ്ടങ്ങള്‍ മനസിലാക്കുവാന്‍ മനസുകാണിച്ചില്ല എന്നത് വളരെ ഗൌരവത്തോടെ കാണേണ്ട ഒരു സംഗതിയാണ്.

കോള പ്രശ്നത്തില്‍ ഉയര്‍ന്നു വന്ന ഒരു ആരോപണം; മള്‍ട്ടി നാഷണല്‍ കമ്പിനികള്‍ ഇന്ത്യയില്‍ വിപണനം ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും, പുറം രാജ്യങ്ങളില്‍ അവര്‍ വിപണനം ചെയ്യുന്നവയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഗുണനിലവാരം കുറവാണ് എന്നത്; കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ രംഗത്തും ബാധകമാണെന്നു വേണം ഇതില്‍ നിന്നും മനസിലാക്കുവാന്‍. ഇന്ത്യയിലെ പരിതസ്ഥിതികള്‍ ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് കുടപിടിക്കുന്നതുമാണ്. ഉപഭോക്താവ് രാജാവാണെന്നാണ് പറച്ചിലെങ്കിലും, അത് ഉപഭോക്താക്കളെ വിഡ്ഢികളാക്കുവാന്‍ എം.എന്‍.സി.കള്‍ ഉപയോഗിക്കുന്ന ആലങ്കാരിക പ്രയോഗം മാ‍ത്രമാണിന്ന്. അതിനാല്‍ ഉപഭോക്താക്കളായ നമ്മളോരോരുത്തരും, ഉപഭോക്താവിന്റെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും; കമ്പനികളില്‍ നിന്നുമുണ്ടാവുന്ന ഇത്തരം പ്രശ്നങ്ങളില്‍ ഏതു രീതിയിലാണ് ഇടപെടേണ്ടതെന്ന് അറിഞ്ഞിരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

ഉപഭോക്താവിന് എന്തു ചെയ്യുവാന്‍ സാധിക്കും?
ഇത്തരമൊരു പ്രശ്നമുണ്ടായാല്‍ ഉപഭോക്താവിന് എന്തു ചെയ്യുവാന്‍ സാധിക്കും? നിയമസഹായം തേടുക എന്നതാണ് ഏക വഴി. അതിനുമുന്‍പായി പ്രശ്നം കോടതിക്കു പുറത്തുതന്നെ രമ്യമായി പരിഹരിക്കപ്പെടുവാന്‍ ഒരവസാന ശ്രമം കൂടി നടത്തിനോക്കുക. ഇങ്ങിനെയൊരു പ്രശ്നം ഉണ്ടാവുമ്പോള്‍ ആദ്യം ചെയ്യേണ്ടത്, കമ്പനിയുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഒരു നോട്ടീസ് അയയ്ക്കുക എന്നതാണ്. താഴെപ്പറയുന്ന വിവരങ്ങള്‍ ആ നോട്ടീസില്‍ ഉള്‍ക്കൊള്ളിച്ചിരിക്കണം.

• വാങ്ങിയ ഉത്പന്നത്തിന്റെ/സേവനത്തിന്റെ പൂര്‍ണ്ണമായ വിവരങ്ങള്‍; വാങ്ങിയ സ്ഥലം, ബില്‍ ഡേറ്റ്, ബില്‍ നമ്പര്‍ എന്നിവ സഹിതം.
• വാറണ്ടി/ഗ്യാരണ്ടി എന്നിവ ബാധകമാണെങ്കില്‍, അവയെക്കുറിച്ചുള്ള പൂര്‍ണ്ണവിവരങ്ങള്‍.
• നിങ്ങള്‍ക്ക് ലഭിച്ച ഉത്പന്നത്തെ/സേവനത്തെക്കുറിച്ച് നിങ്ങള്‍ക്കുള്ള പരാതി.
• ലഭിച്ച ഉത്പന്നത്തിന്റെ/സേവനത്തിന്റെ അപര്യാപ്തത കൊണ്ട് നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍.
• നിങ്ങള്‍ക്കു ലഭിച്ച ഉത്പന്നത്തിന്റെ/സേവനത്തിന്റെ പ്രശ്നപരിഹാരത്തിനായി കമ്പനിയുമായി ഇതുവരെ നടത്തിയ ആശയവിനിമയങ്ങള്‍, കമ്പനിയുടെ ഭാഗത്തുനിന്നുമുണ്ടായ നടപടികള്‍, അവയില്‍ എന്തുകൊണ്ട് നിങ്ങള്‍ തൃപ്തനല്ല എന്നതിന്റെ പൂര്‍ണ്ണവിവരങ്ങള്‍. കമ്പനി ഈ പ്രശ്നത്തിന് എന്തെങ്കിലും കേസ് നമ്പര്‍ നല്‍കിയിട്ടുണ്ടെങ്കില്‍, ആ നമ്പര്‍ കൂടി കാണിക്കുക.

ഇത്രയും വിവരങ്ങള്‍ നല്‍കിയ ശേഷം, നിങ്ങളുടെ പ്രശ്നത്തിന് മതിയായ പരിഹാരം കാണുവാന്‍ കമ്പനി തയ്യാറാവുന്നില്ലെങ്കില്‍, 1986-ലെ ഉപഭോക്തൃസംരക്ഷണ നിയമപ്രകാരം ഉപഭോക്തൃകോടതിയെ സമീപിക്കുന്നതാണ് എന്ന് അറിയിക്കുക. പരിഹാരമായി, വാങ്ങിയ ഉത്പന്നത്തിന്റെ/സേവനത്തിന്റെ മുഴുവന്‍ തുകയും (ന്യായമായ പലിശ സഹിതം) അല്ലെങ്കില്‍ അര്‍ഹമായ നഷ്ടപരിഹാരത്തോടൊപ്പം ഉത്പന്നം/സേവനം പൂര്‍ണ്ണമായി മാറ്റി നല്‍കല്‍ എന്നിവ ആവശ്യപ്പെടാവുന്നതാണ്. ഉപഭോക്തൃകോടതിയില്‍ കേസ് നടത്തുക കമ്പനിയുടെ ചിലവിലായിരിക്കുമെന്നും, മാനസികമായി നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്കും കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും ഓര്‍മ്മപ്പെടുത്തുക. പ്രശ്നപരിഹാരത്തിനായി പതിനഞ്ചുമുതല്‍ ഇരുപത്തിയഞ്ചു ദിവസം വരെ സമയവും നല്‍കേണ്ടതുണ്ട്. നോട്ടീസില്‍ നിങ്ങളുടെ പൂര്‍ണ്ണമായ പേരും, വിലാസവും, ഫോണില്‍ ബന്ധപ്പെടുവാനുള്ള നമ്പരുകളും, ഇ-മെയില്‍ വിലാസവും നല്‍കിയിരിക്കണം. ഇത്രയും നന്നായി തയ്യാറാക്കിയതിനു ശേഷം അക്നോളജ്മെന്റ് സഹിതമുള്ള രെജിസ്റ്റേഡ് പോസ്റ്റാ‍യി കമ്പനിയുടെ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയയ്ക്കുക. ഫാക്സായി അയയ്ക്കുകയുമാവാം. നോട്ടീസ് അയച്ചു എന്നതിന് നിങ്ങളുടെ കൈയില്‍ തെളിവുണ്ടായിരിക്കണം, അതിനാല്‍ രജിസ്റ്റേഡ്/ഫാക്സ് അയച്ചതിന്റെ രേഖകള്‍ നഷ്ടപ്പെട്ടു പോവാതിരിക്കുവാന്‍ ശ്രദ്ധിക്കുക.

മുകളില്‍ പ്രതിപാദിച്ച പ്രകാരം ഒരു നോട്ടീസ് അയച്ചശേഷവും, കമ്പനിയുടെ ഭാഗത്തു നിന്നും അനുകൂലമായ ഒരു നടപടിയുണ്ടാവുന്നില്ലെങ്കില്‍, ഉപഭോക്താവിന് ഉപഭോക്തൃകോടതിയെ സമീപിക്കാവുന്നതാ‍ണ്. നിങ്ങളുടെ പരാതി District Consumer Disputes Redressal Forum (DCDRF), State Consumer Disputes Redressal Commission (SCDRC), National Conumer Disputes Redressal Commission (NCDRC) എന്നിവിടങ്ങളില്‍ നല്‍കാവുന്നതാണ്. എവിടെയാണ് പരാതി നല്‍കേണ്ടത് എന്നുള്ളത്, വാങ്ങിയ ഉത്പന്നത്തിന്റെ/സേവനത്തിന്റെ വിലയിലും; നിങ്ങള്‍ നഷ്ടപരിഹാരമായി ഉദ്ദേശിക്കുന്ന തുകയിലും അധിഷ്ഠിതമായാണ് തീരുമാനിക്കേണ്ടത്. ഇരുപതുലക്ഷമോ അതില്‍ താഴെയോ ഉള്ള പരാതികള്‍ക്ക് DCDRF-ലാണ് ബന്ധപ്പെടേണ്ടത്. ഇരുപതുലക്ഷത്തിനു മുകളില്‍ ഒരു കോടി രൂപവരെയുള്ള പരാതികള്‍ SCDRC-കളില്‍ നല്‍കാവുന്നതാണ്. അതിനു മുകളിലേക്കുള്ള പരാതികള്‍ NCDRC-യില്‍ നല്‍കാവുന്നതാണ്. നിങ്ങള്‍ക്ക് ഒരു കമ്പനിയുടെ ഉത്പന്നത്തെ/സേവനത്തെക്കുറിച്ച് പരാതിയുണ്ടായി, കമ്പനിയില്‍ നിന്നും പ്രതികൂലമായ നടപടി നേരിട്ട ശേഷം രണ്ടുവര്‍ഷത്തിനുള്ളില്‍ നല്‍കപ്പെടുന്ന പരാതികള്‍ മാത്രമേ കോടതിയില്‍ പരിഗണിക്കപ്പെടുകയുള്ളൂ എന്നതും പ്രത്യേകമോര്‍ക്കുക. നിങ്ങളുടെ കേസ് വാദിക്കുവാന്‍ ഉപഭോക്തൃകോടതികളില്‍ ഒരു വക്കീലിന്റെ ആവശ്യമില്ല. നിങ്ങളുടെ പ്രശ്നങ്ങള്‍ നിങ്ങള്‍ക്കാവുമല്ലോ നന്നായി അവതരിപ്പിക്കുവാന്‍ കഴിയുക. എന്നിരുന്നാലും, കൂടുതല്‍ നന്നായി കേസ് അവതരിപ്പിക്കുവാനും, നിയമപരമായി കൂടുതല്‍ കൃത്യതയോടു കൂടി പ്രശ്നത്തെ പഠിച്ച് അവതരിപ്പിക്കുവാനും ഒരു വക്കീലിന്റെ സേവനം തേടുന്നതില്‍ തെറ്റുമില്ല.

കേരളത്തിലെ State Consumer Disputes Redressal Commission-ന്റെ വിലാസം:
Consumer Disputes Redressal Commission.
TC-14/407, Extra Police Road Palayam, Museum, PO Thiruvananthapuram-695033.
Phone: 0471-2721069


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment