Wednesday, September 15, 2010

[www.keralites.net] "നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി"



കര്‍ക്കടകമാസത്തിലെ ഗൂഢാലോചന
അബ്ദുള്ളക്കുട്ടി
...Join Keralites, Have fun & be Informed.2001-ലെ ഒരു കര്‍ക്കടകമാസത്തിലാണ് സഖാവ് പിണറായി എന്നെ വീട്ടിലേക്കു വിളിപ്പിക്കുന്നത്. പാര്‍ട്ടി ആപ്പീസില്‍നിന്നുള്ള സന്ദേശമാണ്. 'അബ്ദുള്ളക്കുട്ടിയോട് എത്രയും വേഗം വീട്ടില്‍ വന്ന് എന്നെ കാണാന്‍ പറയണം.'
സെക്രട്ടറി രാഘവേട്ടനോടൊപ്പം പിണറായിയെ കാണാന്‍ വീട്ടിലേക്കു പോയി. അദ്ദേഹം ദേഹമാസകലം എണ്ണ പുരട്ടിയുള്ള പതിവ് ഉഴിച്ചിലിലായിരുന്നു. 'നിന്നെയൊന്ന് പ്രത്യേകം കാണേണ്ടതുണ്ടെന്നു' പറഞ്ഞ് രാഘവേട്ടനെ പുറത്തിരുത്തി എന്നെയും കൂട്ടി മുറിയില്‍ക്കയറി 
വാതിലടച്ചു. നിനക്കെതിരെ ചില പരാതികളുണ്ടല്ലോ എന്നു പറഞ്ഞാണ് പിണറായി സംസാരിച്ചുതുടങ്ങിയത്. നേതാക്കള്‍ക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നതാണ് പ്രധാന ആരോപണം. 'ഏരിയാ കമ്മറ്റിയില്‍ അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന ആളാണ് ഞാന്‍. എന്നാല്‍, നേതാക്കള്‍ക്കെതിരെ കുറ്റമൊന്നും പറഞ്ഞിട്ടില്ല. ഒരു നേതാവിനെതിരെ പറഞ്ഞിട്ടുണ്ട്. അത് സഖാവ് വി.എസ്സിനെതിരെയാണ്. പാലക്കാട് സമ്മേളനത്തിനുശേഷം വെട്ടിനിരത്തലുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കകത്തുണ്ടായ പ്രശ്‌നങ്ങളില്‍ എസ്.എഫ്.ഐയിലെ പി. രാജീവ് പലരെയും ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതിനെതിരെ ഞാന്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.'
'ഓ അങ്ങനെയാേണാ? എന്നാല്‍ പൊയ്‌ക്കോളൂ...' മറ്റൊന്നും അദ്ദേഹം പറഞ്ഞില്ല. അദ്ദേഹത്തിന് എന്തൊക്കെയോ മനോവിഷമം ഉള്ളതുപോലെയാണ് തോന്നിയത്. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സഖാവ് ഇ.പി. ജയരാജന്‍ എന്നെ വിളിപ്പിച്ചു. എനിക്കെതിരെ ഗുരുതരമായ ചില പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് അദ്ദേഹവും പറഞ്ഞു. ആരോപണങ്ങള്‍ ഇതൊക്കെയാണ്:

ഒന്ന്: അബ്ദുള്ളക്കുട്ടി പാര്‍ട്ടിയോട് ആലോചിക്കാതെ വടകരയില്‍ വന്‍കിട ബിസിനസ് തുടങ്ങി.
രണ്ട്: എസ്.എഫ്.ഐയില്‍ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്നു.
മൂന്ന്: ചില നേതാക്കള്‍ക്കെതിരെ വ്യാപകമായ അപവാദപ്രചാരണങ്ങള്‍ നടത്തുന്നു.

വേറെയും നിരവധി ആരോപണങ്ങളുണ്ട്. ഏരിയാസമ്മേളനം കഴിഞ്ഞ് രണ്ടാഴ്ച ആയിട്ടേയുള്ളൂ. ഒരാഴ്ച കഴിഞ്ഞാല്‍ ജില്ലാസമ്മേളനമാണ്. കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് എനിക്കു കൃത്യമായി അറിയാമായിരുന്നു. പാര്‍ട്ടിക്കകത്ത് വിമര്‍ശനമുന്നയിക്കുന്ന ഒരാളെ ഇല്ലാതാക്കാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇതും. കഴിഞ്ഞ ഏരിയാസമ്മേളനത്തില്‍ പ്രശാന്ത് എന്ന എസ്.എഫ്.ഐക്കാരന്‍ എനിക്കെതിരെ വ്യക്തിപരമായി ചില കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു: അബ്ദുള്ളക്കുട്ടി എം.പിയായ ഉടനെ ഇ.എം.എസ്. കോളനിയില്‍ ബംഗ്ലാവ് പണിയുന്നു. വിലകൂടിയ കുപ്പായം ധരിക്കുന്നു. കാറു വാങ്ങുന്നു. എം.പി. എന്ന നിലയില്‍ വലിയ സമ്പാദ്യങ്ങളുണ്ടാക്കുന്നുവെന്നൊക്കെയാണ് ആരോപണങ്ങളുടെ ചുരുക്കം. മൂന്നുനാലു പതിറ്റാണ്ടോളം ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ചുമടെടുത്ത ഭാര്യാപിതാവിന്റെ ആകെക്കൂടിയുള്ള സമ്പാദ്യമാണ് ആ വീട്. അദ്ദേഹത്തിന്റെ ഭാര്യക്കും ഗള്‍ഫില്‍ ജോലിയുണ്ടായിരുന്നു. അതെല്ലാം സ്വരുക്കൂട്ടിയാണ് 
ഇ.എം.എസ്. കോളനിയില്‍ 5.5 സെന്റ് സ്ഥലവും അതിലൊരു വീടും പണികഴിപ്പിച്ചത്. ഒരധ്വാനവുമില്ലാതെ പലരുമിവിടെ ഇതിനേക്കാള്‍ വലിയ വീടുണ്ടാക്കിയിട്ടുണ്ട്. പിണറായിയുടെ വീടിനു നേരേപോലും ആരോപണങ്ങളുണ്ടായിട്ടില്ലേ? അത്യാവശ്യം തരക്കേടില്ലാത്ത മുണ്ടും ഷര്‍ട്ടുമൊക്കെയാണ് ധരിക്കാറുള്ളത്. ഒരംബാസിഡര്‍ കാറെങ്കിലും ഇല്ലാതെ പാര്‍ലമെന്റംഗമായ ഒരാള്‍ക്ക് എങ്ങനെയാണ് മണ്ഡലത്തില്‍ യാത്ര ചെയ്യാന്‍ കഴിയുക? ടാക്‌സി വിളിച്ചു പോകുന്നതിന്റെ പകുതി കാശുപോലും ഇതിനു വേണ്ടിവരില്ല. ബാങ്ക് വായ്പയെടുത്താണ് കാറു വാങ്ങിയത്. ഇതെല്ലാം അത്രയ്ക്ക് ഗുരുതരമായ തെറ്റുകളാണെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല.

...Join Keralites, Have fun & be Informed.എല്ലാംകൂടി ചേര്‍ത്തു വായിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. വരുന്ന ജില്ലാ കമ്മറ്റിയിലേക്ക് ഞാന്‍ തിരഞ്ഞെടുക്കപ്പെടുന്നതു തടയാനാണോ നിങ്ങള്‍ ഇതൊക്കെ ചെയ്യുന്നതെന്ന് സഖാവ് ജയരാജനോട് തുറന്ന് ചോദിച്ചു. എന്നെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ മയ്യില്‍ ഏരിയാ കമ്മറ്റിയിലേക്കു വരാം. അവിടെയാണ് ആദ്യം ചര്‍ച്ച ചെയ്യേണ്ടത്, അതാണ് പാര്‍ട്ടിയുടെ ശരിയായ കീഴ്‌വഴക്കമെന്നും ഞാന്‍ പറഞ്ഞു.

'നീയെന്താടാ ധിക്കാരം പറയുന്നോ?' എന്നു ചോദിച്ചുകൊണ്ട് അദ്ദേഹം എനിക്കു നേരേ തട്ടിക്കയറി; ഞാനും വിട്ടില്ല.
'പാര്‍ട്ടിയിലെ സഖാക്കളെ അങ്ങനെതന്നെ വിളിക്കണം. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ശഹാദത്ത് കലിമ ചൊല്ലാന്‍ പറഞ്ഞ ഖത്തീബിനോട് പോയി പണിനോക്കാന്‍ പറഞ്ഞിട്ടാണ് ഞാനീ പണിക്കിറങ്ങിയത്. എടാ പോടാന്നൊക്കെ വിളിച്ചാല്‍ ഞാനും വിടില്ല.'
സത്യത്തില്‍ നേതാക്കള്‍ക്കെതിരെ ഞാന്‍ ഉന്നയിച്ചതായി പറയുന്ന ആരോപണങ്ങള്‍ അക്കാലത്ത് പല ഭാഗത്തുനിന്നും ഉയര്‍ന്നുകേട്ടതാണ്. പാര്‍ട്ടിയിലെ ചില നേതാക്കളുടെ അവിഹിതബന്ധങ്ങളും അരാജകത്വവുമൊക്കെയായിരുന്നു ഇതില്‍ പ്രധാനം. പാര്‍ട്ടിക്കകത്തുനിന്നുതന്നെ ഈ വിവരങ്ങള്‍ എന്റെ ചെവിയിലുമെത്തിയിരുന്നു. ആരോപണങ്ങള്‍ പ്രചരിപ്പിച്ചതിനു പിന്നില്‍ ഞാനാണെന്നു തെളിയിക്കാന്‍ ഒരു തെളിവുപോലും അവരുടെ പക്കലില്ലായിരുന്നെങ്കിലും ഈ കാരണം പറഞ്ഞ് പാര്‍ട്ടിയില്‍നിന്നു പുറത്തുചാടിക്കാന്‍ ഗൂഢാലോചനകള്‍ നടന്നു. അതിന്റെ ഭാഗമായാണ് ഏരിയാ സമ്മേളനത്തില്‍ പ്രശാന്തിനെക്കൊണ്ട് എനിക്കെതിരെ സംസാരിപ്പിച്ചത്. പിന്നീട് പ്രശാന്ത് കാണാന്‍ വന്നപ്പോള്‍ കാര്യങ്ങളെല്ലാം അവന്‍ തുറന്നുപറഞ്ഞു. ചില നേതാക്കള്‍ നിര്‍ബന്ധിച്ചു പറയിച്ചതാണെന്നും വേണമെങ്കില്‍ പത്രസമ്മേളനം വിളിച്ച് ഇക്കാര്യം തുറന്നുപറയാമെന്നും അവന്‍ മനോവിഷമത്തോടെ ഏറ്റുപറഞ്ഞു.

ഏതായാലും ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ വിശദീകരണ നോട്ടീസ് ലഭിച്ചു. ജില്ലാസെക്രട്ടറിയോട് അപമര്യാദയായി പെരുമാറി, പാര്‍ട്ടിയോട് ചോദിക്കാതെ ബിസിനസ് തുടങ്ങി എന്നൊക്കെത്തന്നെയാണ് ആരോപണങ്ങള്‍. തിരുവനന്തപുരത്തേക്കു പോകാനായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലിരിക്കുമ്പോഴാണ് നോട്ടീസ് കൈയില്‍ കിട്ടുന്നത്. അവിടെയിരുന്നുതന്നെ ഞാന്‍ മറുപടിയെഴുതി സെക്രട്ടറിയുടെ കൈയില്‍ പാര്‍ട്ടി ആപ്പീസിലേക്ക് കൊടുത്തയച്ചു-'ജില്ലാ സെക്രട്ടറിയോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു. മറ്റുള്ള ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്. പാര്‍ട്ടിയുടെ ഏതു കമ്മറ്റിക്കും അന്വേഷിച്ച് നിജസ്ഥിതി കണ്ടെത്താവുന്നതാണ്.'

എന്നാല്‍, തൊട്ടടുത്തയാഴ്ചതന്നെ അബ്ദുള്ളക്കുട്ടിക്കെതിരെ നടപടിയെടുത്തുകൊണ്ട് പാര്‍ട്ടിയുടെ എല്ലാ ബ്രാഞ്ചുകളിലേക്കും സര്‍ക്കുലര്‍ അയച്ചു. എനിക്കെതിരെ നേരത്തേ പറഞ്ഞ ആരോപണങ്ങളെല്ലാം അക്കമിട്ടു നിരത്തിയശേഷം വിശദീകരണം ചോദിച്ച ജില്ലാ സെക്രട്ടറിയോട് തട്ടിക്കയറിയെന്നും സര്‍ക്കുലറില്‍ എഴുതിയിട്ടുണ്ട്. ഏരിയാ കമ്മറ്റിയില്‍നിന്നും ലോക്കല്‍ കമ്മറ്റിയിലേക്ക് തരംതാഴ്ത്തിക്കൊണ്ടുള്ളതാണ് നടപടി. മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍വേണ്ടി മാത്രം ആരോപണമുന്നയിച്ച ജില്ലാസെക്രട്ടറിയെത്തന്നെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഏരിയാ കമ്മറ്റിയിലേക്കയച്ച് ചടങ്ങ് തീര്‍ത്തു. ഈ യോഗത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗവും എന്റെ രാഷ്ട്രീയഗുരുവുമായ കാണികൃഷ്ണനെന്ന സഖാവ് പറഞ്ഞത്, ഈ ആരോപണങ്ങളത്രയും ശരിയാണെങ്കില്‍പ്പോലും ഇത്ര ധൃതിപിടിച്ച് നടപടിയെടുക്കുന്നത് ശരിയല്ല എന്നാണ്.

...Join Keralites, Have fun & be Informed.സി.പി.എമ്മിന്റെ നീതിന്യായക്കോടതി മറ്റു കോടതികളെപ്പോലെയല്ല തീരുമാനമെടുക്കുന്നത്. ഒരു സഖാവ് മറ്റൊരു സഖാവിനെ അടിച്ചാല്‍ ഇന്ത്യന്‍ പീനല്‍ കോഡനുസരിച്ചല്ല ശിക്ഷിക്കേണ്ടത്. അയാള്‍ നിരുപാധികം അടി കൊണ്ട ആളോട് മാപ്പുപറഞ്ഞ് യോജിപ്പിലായാല്‍ പ്രശ്‌നം അതോടെ തീരും. അങ്ങനെയാണെങ്കില്‍ അബ്ദുള്ളക്കുട്ടി രേഖാമൂലം ജില്ലാസെക്രട്ടറിയോട് മാപ്പു പറഞ്ഞ സ്ഥിതിക്ക് ആ പ്രശ്‌നവും അവിടെ തീരേണ്ടതാണ്. മറ്റ് ആരോപണങ്ങളുടെ കാര്യമാണെങ്കില്‍ അബ്ദുള്ളക്കുട്ടിയെ നന്നായി അറിയാവുന്ന നാട്ടുകാരെന്ന നിലയ്ക്ക് വിശദമായി അന്വേഷിച്ച് ആരോപണത്തിന്റെ നിജസ്ഥിതി കണ്ടെത്താവുന്നതാണ്. വിശദമായ ചര്‍ച്ചയ്ക്കുപോലും സമയമനുവദിക്കാതെ നടപടിയെടുത്ത പാര്‍ട്ടിയുടെ നിലപാട് ശരിയല്ലെന്ന് കാണികൃഷ്ണന്‍ ശക്തമായി വാദിച്ചു. സാധാരണയായി കാണിയുടെ ഈ അഭിപ്രായത്തിനുശേഷം മറ്റുള്ളവരുടെ വിശദീകരണംകൂടി കേട്ടതിനു ശേഷമാണ് ജില്ലാ സെക്രട്ടറി അഭിപ്രായം പറയേണ്ടത്. 'കാണി വലിയ ആളാവാന്‍ നോക്കണ്ട. അധികം പറഞ്ഞാല്‍ നിങ്ങളും ഈ പാര്‍ട്ടിയില്‍ ഉണ്ടാവില്ല.' ജയരാജന്‍ സഖാവ് ചാടിയെണീറ്റ് അലറി!
പിന്നീട് ഏരിയാ കമ്മറ്റി അംഗങ്ങളെ ചര്‍ച്ചയ്ക്കു വിളിച്ച് ജില്ലാ കമ്മറ്റിയുടെ തീരുമാനം എല്ലാവരെക്കൊണ്ടും അംഗീകരിപ്പിക്കുകയാണു ചെയ്തത്. മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചതുപോലെ മൂന്നുനാലു മിനുട്ടുകള്‍കൊണ്ട് ചര്‍ച്ചകളെല്ലാം അവസാനിപ്പിച്ചു. പ്രശാന്തിനെക്കൊണ്ട് ആരൊക്കെയോ ചേര്‍ന്ന് പറയിപ്പിച്ചതാണെന്നൊക്കെ പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല. കരഞ്ഞുകൊണ്ടാണ് ഞാനവിടെനിന്നും ഇറങ്ങിപ്പോയത്. അതിനുശേഷം ഏരിയാകമ്മറ്റിയിലെ അംഗങ്ങളെ വിളിപ്പിച്ച് ജയരാജന്‍ എനിക്കെതിരെ വൃത്തികെട്ട ആരോപണങ്ങള്‍ പ്രചരിപ്പിച്ചു. അബ്ദുള്ളക്കുട്ടി വളപട്ടണത്തെ അബുവെന്ന സഖാവിന് കുറച്ച് ലക്ഷങ്ങള്‍ പലിശയ്ക്ക് കൊടുത്തുവെന്നും പലിശ കൊടുത്ത് മുടിഞ്ഞ സഖാവിന് തുടര്‍ന്നും പലിശ കൊടുക്കാന്‍ കഴിയാതെവന്നപ്പോള്‍ മോശമായി പെരുമാറിയെന്നുമൊക്കെയാണ് പ്രചരിപ്പിച്ചത്. ഇതിന്റെ നിജസ്ഥിതി അറിയണമെങ്കില്‍ ഇപ്പറഞ്ഞ അബുവും ഞാനുമിപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ട്. പിന്നീടൊരിക്കല്‍ കുറച്ചു തുകയുമായി അബു വാപ്പയെ കാണാന്‍ വന്നിട്ടുണ്ട്. എന്നോട് മാപ്പാക്കണം, ചിലരൊക്കെ നിര്‍ബന്ധിച്ചതുകൊണ്ടാണ് ഞാനന്ന് പരാതി എഴുതിക്കൊടുത്തതെന്ന് അബു എന്നോടു തുറന്നു സമ്മതിച്ചു.

...Join Keralites, Have fun & be Informed.
യഥാര്‍ഥത്തില്‍ സമ്മേളനകാലയളവില്‍ എനിക്കെതിരെ കൈക്കൊണ്ട നടപടികള്‍ പാര്‍ട്ടിവിരുദ്ധമാണെന്നു കാണിച്ച് കേന്ദ്രകമ്മറ്റിക്ക് ഒരു കത്തെഴുതിയിരുന്നെങ്കില്‍ നടപടി റദ്ദു ചെയ്യിക്കാമായിരുന്നു. പകരം, നേതൃത്വത്തോട് ഏറ്റുമുട്ടാന്‍ നില്ക്കാതെ മയ്യില്‍ ഏരിയാ കമ്മറ്റിയിലെ കസേരയില്‍നിന്നും നാറാത്തെ എന്റെ പഴയ ലോക്കല്‍ കമ്മറ്റിയിലെ ബെഞ്ചില്‍ അനുസരണയോടെ ചെന്നിരിക്കുകയാണ് ഞാന്‍ ചെയ്തത്. അച്ചടക്കത്തോടെ മൂന്നു കൊല്ലം അവിടെ പ്രവര്‍ത്തിക്കുകയും ചെയ്തു. പിന്നീടു നടന്ന ഇരിട്ടി സമ്മേളനത്തില്‍ സഖാവ് ഉസ്മാനെ നേരിട്ട് ജില്ലാ കമ്മറ്റിയിലേക്കെടുത്തു. ഒന്നരക്കൊല്ലം പൂര്‍ത്തിയാവുന്നതിനു മുന്‍പുതന്നെ പുറത്തുപറയാന്‍ കൊള്ളാത്ത ഒരു സംഭവത്തിന്റെ പേരില്‍ സഖാവ് ഉസ്മാനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു.
ചെന്‍യുന്‍ തന്റെ കേഡര്‍നയം എന്ന പുസ്തകത്തില്‍ ഒരു സഖാവിന് പാര്‍ട്ടിയില്‍ സ്ഥാനക്കയറ്റം നല്കുമ്പോള്‍ അയാളുടെ ഭൂതവും വര്‍ത്തമാനവും മാത്രമല്ല, ഭാവിയുംകൂടി സൂക്ഷ്മമായി വിലയിരുത്തണമെന്ന് എഴുതിയിട്ടുണ്ട്. 'ന്യൂനപക്ഷപരിരക്ഷ എന്നെന്നും നമ്മുടെ ആകാംക്ഷയെന്ന്' ആവര്‍ത്തിച്ചുപറയാറുള്ള പാര്‍ട്ടി എനിക്കെതിരെ നടപടിയെടുക്കുമ്പോള്‍ അതുവരെ തുടര്‍ന്നുവന്ന കീഴ്‌വഴക്കങ്ങള്‍പോലും പാലിച്ചില്ല. എന്നെ ഇല്ലാതാക്കാനുള്ള ഇ.പി. ജയരാജന്റെ പദ്ധതി പൂവണിയുകയായിരുന്നു.

'അബ്ദുള്ളക്കുട്ടീ, ജില്ലാ കമ്മറ്റിയിലേക്ക് ആരെങ്കിലുമൊക്കെ നിന്റെ പേര് നിര്‍ദേശിക്കും. നീ ചാടിക്കയറി മത്സരിക്കാനൊന്നും നില്ക്കരുതെന്ന് സഖാവ് കോടിയേരി പറഞ്ഞേല്പിച്ചിട്ടുണ്ട്...' കണ്ണൂര്‍ സാധു കല്യാണ്‍ മണ്ഡപത്തില്‍ നടന്ന ജില്ലാ കമ്മറ്റി തിരഞ്ഞെടുപ്പിനിടെ ഉച്ചഭക്ഷണത്തിനു പിരിഞ്ഞപ്പോള്‍ സഖാവ് സി.കെ.പി. പത്മനാഭന്‍ എന്റെയടുത്തുവന്ന് പറഞ്ഞു. ഇപ്പോള്‍ സി.കെ.പി. തളിപ്പറമ്പ് എം.എല്‍.എയാണ്. ഞാന്‍ ജില്ലാ കമ്മറ്റിയില്‍ വരുന്നത് തടയാനുള്ള ആസൂത്രിതമായ കളിയാണ് അതെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ സമ്മതിച്ചു. പറഞ്ഞതുപോലെത്തന്നെ ഇപ്പോഴത്തെ ഏരിയാ കമ്മറ്റി സെക്രട്ടറി കെ. ചന്ദ്രന്‍ എന്റെ പേര് നിര്‍ദേശിച്ചു. ടി.ഒ. നാരായണന്‍ അതിനെ പിന്താങ്ങി. സഖാവ് വടപതി വാസുവാണ് പ്രൊസീഡിയത്തില്‍. അദ്ദേഹം പറഞ്ഞു:
'എ.പി. അബ്ദുള്ളക്കുട്ടിയുടെ പേരാണ് ഇവിടെ നിര്‍ദേശിക്കപ്പെട്ടത്. തെരഞ്ഞെടുപ്പിനു മുമ്പുള്ള ആദ്യ നടപടിക്രമം എന്ന നിലയില്‍ പേരു നിര്‍ദേശിക്കപ്പെട്ട ആളുടെ സമ്മതം വാങ്ങണം. മത്സരിക്കാന്‍ തയ്യാറാണോ എന്ന് അബ്ദുള്ളക്കുട്ടി പറയണം.'
അല്പമൊന്ന് ആലോചിച്ചതിനുശേഷം എഴുന്നേറ്റുനിന്ന് സഖാക്കള്‍ക്ക് എന്നോടുള്ള ഈ താത്പര്യം നന്ദിപൂര്‍വം സ്മരിച്ചുകൊണ്ട് തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്ക്കുന്നതായി അറിയിച്ചു. സി.കെ.പിയുള്‍പ്പെടെ പലര്‍ക്കും ആശ്വാസമായി. ഇതിനുശേഷമാണ് ഏരിയാ കമ്മറ്റിയില്‍നിന്നും തരംതാഴ്ത്തിക്കൊണ്ടുള്ള നടപടിയും മറ്റുസംഭവങ്ങളുമൊക്കെ ഉണ്ടാവുന്നത്. പിന്നീട് തലശ്ശേരി സമ്മേളനത്തിനു മുന്നോടിയായി ഏരിയാ കമ്മറ്റിയിലേക്ക് തിരിച്ചെടുക്കുകയുണ്ടായി. സഖാവ് ഉസ്മാനെ ജില്ലാ കമ്മറ്റിയിലേക്കെടുത്തതും ഏറെക്കഴിയാതെ പുറത്താക്കിയതുമെല്ലാം ഇക്കാലയളവിലാണ്. ഏരിയാ കമ്മറ്റിയില്‍ തിരിച്ചുവന്നെങ്കിലും എനിക്കെതിരെയുള്ള നീക്കങ്ങള്‍ പാര്‍ട്ടിയില്‍ ശക്തമായിരുന്നു.

തലശ്ശേരി സമ്മേളനമാണ് ഇതിനും വേദിയായത്. കരു മാറ്റിയെങ്കിലും നീക്കങ്ങളെല്ലാം പഴയതുതന്നെ. സഖാവ് കോടിയേരി എന്റെയടുത്തുവന്ന് പറഞ്ഞു:
'അബ്ദുള്ളക്കുട്ടീ, ജില്ലാ കമ്മറ്റിയിലേക്ക് ഒറ്റ ഒഴിവേയുള്ളൂ. അത് രാഗേഷിന് കൊടുക്കാനാണ് പാര്‍ട്ടി ഐകകണ്‌ഠേന തീരുമാനിച്ചത്. നിന്നെ പരിഗണിക്കാത്തതില്‍ വിഷമം തോന്നരുത്. ആരെങ്കിലും നിന്റെ പേര് പറഞ്ഞാല്‍ മത്സരിച്ചേക്കരുത്..'
ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് സി.കെ.പി. പറഞ്ഞതുതന്നെ. പക്ഷേ, ഇത്തവണ ഞാന്‍ അനുസരിക്കാന്‍ തയ്യാറായില്ല.
ഭരണഘടനയനുസരിച്ച് എനിക്കും മത്സരിക്കാന്‍ അവകാശമുണ്ട്. പാടില്ലെന്നു പറയാന്‍ നിങ്ങള്‍ക്കെന്താണ് അവകാശമെന്ന് ഞാന്‍ കോടിയേരിയോട് ചോദിച്ചു. അതവര്‍ക്ക് പ്രശ്‌നമായിരുന്നില്ല. ആരെങ്കിലും എന്റെ പേരു നിര്‍ദേശിച്ചാല്‍ തോല്പിക്കാനാവശ്യമായ നടപടികള്‍ അവര്‍ കാലേക്കൂട്ടി തയ്യാറാക്കിയിട്ടുണ്ട്. സഖാവ് കോടിയേരിതന്നെ ഇതെന്നോട് പറയുകയും ചെയ്തു. ഇങ്ങനെ അവഗണിക്കാന്‍ മാത്രം ഞാനെന്തു തെറ്റാണ് ചെയ്തതെന്ന ചോദ്യത്തിന് അദ്ദേഹത്തിന് മറുപടി ഉണ്ടായിരുന്നില്ല. സത്യത്തില്‍ ആ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെങ്കില്‍ ജയിക്കുമായിരുന്നുവെന്ന ഉറച്ചവിശ്വാസം എനിക്കുണ്ടായിരുന്നു. പക്ഷേ, ആരെക്കൊണ്ടെങ്കിലും പേര് നിര്‍ദേശിപ്പിക്കാനൊന്നും ഞാന്‍ തയ്യാറായില്ല. ആരെങ്കിലും സ്വമേധയാ പറഞ്ഞാല്‍മാത്രം മത്സരിക്കാനുറച്ചു.
ആരും എന്റെ പേരു നിര്‍ദേശിച്ചില്ല. പതിവുപോലെ കെ.കെ. രാഗേഷിന്റെ പേരു മാത്രം നിര്‍ദേശിച്ച് പാസാക്കി. പാര്‍ട്ടിയുടെ അനുസരണയുള്ള പ്രവര്‍ത്തകരിലൊരാളായി പിന്നെയും മൂന്നു കൊല്ലം ഏരിയാ കമ്മറ്റിയില്‍ സജീവമായി പ്രവര്‍ത്തിച്ചു. പിന്നീടു നടന്ന തിരഞ്ഞെടുപ്പില്‍ എന്നേക്കാള്‍ ജൂനിയറായ ടി.വി. രാജേഷിനെ ജില്ലാ കമ്മറ്റിയിലെടുത്തു. ഇതോടെ എനിക്കു ശരിക്കും വിഷമമായി. വളരെ ക്രൂരമായ അവഗണനയും ഒഴിവാക്കലുമാണ് എനിക്കെതിരെ നടക്കുന്നതെന്ന് സംശയങ്ങള്‍ക്കിടയില്ലാത്തവിധം എനിക്കു ബോധ്യപ്പെട്ടു തുടങ്ങി.

നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി

...Join Keralites, Have fun & be Informed.
ഒരു രാത്രി കറുത്ത് പുലര്‍ന്നപ്പോള്‍ പ്രസ്ഥാനം മാറുകയും ആശയങ്ങളെയും ആദര്‍ശങ്ങളെയും പണയംവെക്കുകയും ചെയ്ത രാഷ്ട്രീയക്കാരനല്ല ഞാന്‍. ഓര്‍മവെച്ചനാള്‍ മുതല്‍ ഉടലും ഉയിരും നല്കിയ പാര്‍ട്ടിയില്‍ നിരന്തരം കണ്ട യുക്തിഭംഗങ്ങളും സ്വവാദനിര്‍ബന്ധങ്ങളും ഹിമാലയന്‍ വിഡ്ഢിത്തങ്ങളും വൈരുധ്യങ്ങളും വൈചിത്ര്യങ്ങളും കൈയറപ്പില്ലാത്ത ക്രൂരതകളുമൊക്കെയാണ് എന്നെ ഞാന്‍ പോലുമറിയാതെ മറ്റൊരു കൂടാരത്തിലേക്ക് തള്ളിക്കയറ്റിയത്. അടച്ചിട്ട മുറിയില്‍ ചൂടും പുകയും നിറഞ്ഞ് കണ്ണു കലങ്ങി, ശരീരം വേവുമ്പോള്‍ വാതില്‍ തകര്‍ത്ത് പുറത്തേക്കോടുന്നവനെപ്പോലെയായിരുന്നുഞാന്‍.

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വന്ന കാലം. രാവിലെ, നാട്ടിലെ രവിയേട്ടന്റെ തുന്നല്‍പ്പീടികയില്‍ച്ചെന്നിരിക്കും. നേരം വെളുക്കുമ്പോള്‍ത്തന്നെ രാഷ്ട്രീയചര്‍ച്ച തുടങ്ങിയിരിക്കും. ആരോ ഒരാള്‍ പറഞ്ഞു:
'പോളിസ്റ്റര്‍ മുണ്ടാണല്ലോ ഇപ്പോ നമ്മുടെ സഖാക്കന്മാര്‍ ഉടുക്കുന്നത്?'
സംഗതി ശരിയാണ്. ഉടുമുണ്ടും പ്രത്യയശാസ്ത്രപരമായ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. പാവപ്പെട്ടവന്റെ പാര്‍ട്ടി പണക്കാരനുപയോഗിക്കുന്ന പളപള, തിളങ്ങുന്ന മുണ്ടില്‍പ്പൊതിഞ്ഞു നടക്കുന്നതില്‍ യുക്തിഭംഗമുണ്ട്. ബ്രാഞ്ച് സെക്രട്ടറി കെ.വി. മേമി ആ കൂട്ടത്തിലുണ്ടായിരുന്നു. അദ്ദേഹമാണ് മറുപടി പറയേണ്ടത്. സഖാവിന്റെ സംശയം വളരെ വ്യക്തവും സത്യവുമായതുകൊണ്ട് ഒരു കുമ്പസാരമാണ് ഞാന്‍ പ്രതീക്ഷിച്ചത്. അതുതന്നെയാണ് വേണ്ടതും. എന്നാല്‍ ഒരു കവിള്‍ കട്ടന്‍
ചായ കുടിച്ച്, മേമിസഖാവ് പറഞ്ഞതിങ്ങനെയാണ്:
'സഖാക്കളേ, പോളിസ്റ്റര്‍ മുണ്ടിന് ഗുണങ്ങള്‍ നാലാണ്. ഒന്ന്, കുറേക്കാലം ഈട്‌നില്ക്കും. രണ്ട്, അലക്കിയാല്‍ വേഗം വൃത്തിയാകും. മൂന്ന്, ഇസ്തിരിയിടാതെ ഉടുക്കാം. നാല്, അലക്കാന്‍ ഒരു കഷണം സോപ്പ് മതി.
മേമി സഖാവിന്റെ വിശദീകരണം കേട്ട് മറ്റുള്ളവരെല്ലാം തൃപ്തരായി. ഞാന്‍ മാത്രം മിഴിച്ചിരുന്നു. ഇന്നും ആ മറുപടി അതിവിചിത്രമായിട്ടാണു തോന്നുന്നത്.

...Join Keralites, Have fun & be Informed.വികസനപരമായ എല്ലാ നല്ല കാര്യങ്ങള്‍ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടി എതിരുനില്ക്കുന്നതും അദ്ഭുതത്തോടെയാണ് കണ്ടുനിന്നത്. നെല്ലുകൊയ്ത്ത്-നെല്ലുകുത്ത് യ്്ന്ത്രങ്ങള്‍, ട്രാക്ടര്‍, കംപ്യൂട്ടര്‍ എന്നിവയ്‌ക്കെല്ലാം സഖാക്കള്‍ എതിരുനിന്നു. ഉള്ളില്‍ സന്ദേഹം വെച്ചുകൊണ്ടുതന്നെ ഞാനും എന്തൊക്കെയോ പ്രസംഗിച്ചിട്ടുണ്ട്. പ്രസംഗിക്കുമ്പോഴെല്ലാം മനസ്സില്‍ ഞങ്ങളുടെ നാട്ടുകാരനായ എന്‍. രാമന്‍നായരുടെ വാക്കുകള്‍ ഒരു ചിരിയോടെ ഉദിച്ചുയരും.
'നെല്ലുകുത്ത് യന്ത്രം നമ്മക്ക് ഉപേക്ഷിക്കാം. നെല്ല് സഖാക്കന്‍മാരുടെ വീട്ടില് കൊണ്ടുക്കൊടുക്കാം. ഓറത് തൊലി പൊളിച്ച് അരിയാക്കിത്തരട്ടെ.'
അത് കേട്ടിട്ടും ഞാന്‍ ചിരിക്കാറില്ലായിരുന്നു. കാരണം, സഖാവായാല്‍ ചിരിക്കരുത്. ചിരി വിപ്ലവത്തിനെതിരാണ്, ദോഷവുമാണ്.
ഒരിക്കല്‍ പഴയ സഖാവ് എം.വി.ആര്‍ കണ്ടപ്പോള്‍ ചോദിച്ചു: 'ഓ... നീ ഇപ്പോള്‍ വികസനത്തിന്റെ ആളാണല്ലടോ. മുന്‍പ് പരിയാരത്ത് സ്വാശ്രയ മെഡിക്കല്‍ കോളേജ് തുടങ്ങിയപ്പോള്‍ നീയല്ലടോ എസ്.
എഫ്.ഐ പിള്ളേരേം കൊണ്ടുവന്ന് പരിപാടി കലക്കിയത്.' ആ ചോദ്യത്തിനു മുന്‍പില്‍ തലകുനിച്ചു നില്ക്കുകയായിരുന്നു ഞാന്‍. 
ഇങ്ങനെ എത്രയെത്ര പാപങ്ങള്‍ ഈ നാടിനോട് ചെയ്തിട്ടുണ്ട്. ഒരുപക്ഷേ, കേരളത്തെ പൂനയേക്കാള്‍ വലിയ ഒരു ഇന്റര്‍നാഷണല്‍ ഹബ്ബ് ആവുമായിരുന്നു. 1985-ല്‍ കെ. കരുണാകരന്‍ കൊണ്ടുവന്ന വിദ്യാഭ്യാസനയം ഇംപ്ലിമെന്റ് ചെയ്തിരുന്നുവെങ്കില്‍. സ്വകാര്യപങ്കാളിത്തത്തോടുകൂടി വിദ്യാഭ്യാസരംഗത്ത് വന്‍ കുതിപ്പുണ്ടാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്കമാലി ലിറ്റില്‍ഫ്ലവര്‍ ആശുപത്രിയില്‍ ഒഫ്താല്‍മോളജി പി.ജി. കോഴ്‌സ്, 15 പോളിടെക്‌നിക്കുകള്‍ സ്വകാര്യമേഖലയില്‍... അന്നത്തെ എസ്.എഫ്.ഐ.ക്കാര്‍ 60 ദിവസം വിദ്യാഭ്യാസമേഖല മുഴുവന്‍ സ്തംഭിപ്പിച്ചുകൊണ്ടാണ് ആ നയം അട്ടിമറിച്ചത്. മത്തായി ചാക്കോ മുതല്‍ ഈ അബ്ദുള്ളക്കുട്ടിവരെ ചെയ്തുകൂട്ടിയ പാപങ്ങള്‍ എന്ത് പ്രായശ്ചിത്തം ചെയ്താലാണ് തീരുക എന്നെനിക്കറിഞ്ഞുകൂട.
കണ്ണൂരില്‍ പാര്‍ട്ടി കൊലപാതകപരമ്പര തുടങ്ങിയപ്പോള്‍ നടുങ്ങിക്കൊണ്ടാണ് ഒരോ ദിവസവും ഞാനുണര്‍ന്നത്. ഒരു സജീവ പാര്‍ട്ടി 
പ്രവര്‍ത്തകനെന്ന നിലയില്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത തരത്തിലുള്ള ലജ്ജയും കുറ്റബോധവും വേട്ടയാടിക്കൊണ്ടിരുന്നു. കൊലനിലങ്ങളിലൂടെ ചോരക്കൊതിയോടെ അലറിനടക്കുന്ന പാര്‍ട്ടിയെ ഞാന്‍ ഉള്ളാലെ വെറുത്തു. പക്ഷേ, പുറത്തുപറയാന്‍ ധൈര്യമില്ലായിരുന്നു. ഞാനന്ന് യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി മാത്രമായിരുന്നു. വേണമെങ്കില്‍ എന്നെയും അവര്‍ കൊല്ലും.
ആ കാലത്ത് ഒരു ദിവസം കോഴിക്കോട്ടെത്തിയപ്പോള്‍, സഖാവ് എം. ദാസേട്ടന്‍ എന്നെ വിളിപ്പിച്ചു. അദ്ദേഹത്തിന് അന്ന് എസ്.എഫ്.ഐയുടെ ചാര്‍ജാണ്. ആരോടും അധികമങ്ങനെ ഇണങ്ങുന്ന പ്രകൃതമായിരുന്നില്ല ദാസേട്ടന്റേത്. പക്ഷേ, എന്നോടെന്തോ പ്രത്യേക വാത്സല്യമായിരുന്നു. എന്നെയും കൂട്ടി അദ്ദേഹം മാവൂര്‍റോഡിലെ സാഗര്‍ ഹോട്ടലിലേക്കു പോയി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ ദാസേട്ടന്‍ 
പറഞ്ഞു:
'അബ്ദുള്ളക്കുട്ടീ, നിന്റെ കണ്ണൂരിലെ കമ്യൂണിസ്റ്റുകാര്‍ മൃഗങ്ങളാണ്...'
ദാസേട്ടന്‍ അതു പറഞ്ഞുകേട്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി. കൊലനിലങ്ങളിലൂടെ അലറിപ്പായുന്ന പാര്‍ട്ടിയുടെ അക്രമരാഷ്ട്രീയം അദ്ദേഹത്തെ അത്രയ്ക്ക് വേദനിപ്പിച്ചിരുന്നു, മനസ്സ് മടുപ്പിച്ചിരുന്നു. മനസ്സിനിണങ്ങിയ ഒരാളെന്ന് തോന്നിയതുകൊണ്ടായിരിക്കാം എന്നോടതു പറഞ്ഞത്. മനസ്സിലുള്ള അതേ വേദനയും വികാരവും അദ്ദേഹം പങ്കുെവച്ചതു കേട്ടപ്പോള്‍ കണ്ണ് നനഞ്ഞു, ആ മനുഷ്യനോടുള്ള സ്‌നേഹവും ആദരവും കൂടി.
'നിങ്ങക്ക് ഇത് സംസ്ഥാന കമ്മിറ്റിയില്‍ പറഞ്ഞൂടെ ദാസേട്ടാ?' ഞാന്‍ ചോദിച്ചു.
'നമ്മള് അതിനെതിരെ പറഞ്ഞാല്‍ നിന്റെ ധീരന്മാരായ നേതാക്കള്‍ നമ്മുടെ ജീവിതംകൊണ്ട് പന്ത് കളിക്കില്ലേ?'
പാതി അമര്‍ഷവും പാതി പരിഹാസവും കലര്‍ന്ന വാക്കുകളില്‍ അദ്ദേഹം മറുപടി പറഞ്ഞു.
കൂടുതല്‍ കൂടുതല്‍ കുരുതികള്‍ കാണാന്‍ കെല്പില്ലാത്തതുകൊണ്ടാകണം ദാസേട്ടന്‍ ഈ ഭൂമിയില്‍നിന്നും നേരത്തേ പോയി. എന്നിട്ടും കണ്ണൂരിലെ പാര്‍ട്ടിമൃഗങ്ങള്‍ ചോര മണത്തുനടക്കുന്നു.
ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന കാലം. ഞാന്‍ സ്ഥാനാര്‍ഥിയാണ്. വളപട്ടണം ഡിവിഷനില്‍ വോട്ടു ചോദിക്കുകയാണ്. കൂടെ ഒരുപാട് സഖാക്കളുമുണ്ട്. പോയിപ്പോയി മില്‍റോഡിലെ ഒരു വീട്ടിലേക്കു കയറി. വീടിന്റെ ഗെയ്റ്റ് കടന്ന് മുറ്റത്തെത്തിയപ്പോഴേക്കും എന്റെയൊപ്പമുണ്ടായിരുന്ന സഖാക്കളെല്ലാം വലിഞ്ഞിരുന്നു. മുറ്റത്ത് തനിച്ചായി. സഖാക്കളുടെ പെട്ടെന്നുള്ള ഈ പിന്മാറ്റം എന്നെ പേടിപ്പിച്ചു. എന്തു ചെയ്യണമെന്നറിയാതെ നില്ക്കുമ്പോള്‍ വാതില്‍ തുറന്ന് കുലീനയായ ഒരു മുസ്‌ലിംസ്ത്രീ വന്നു. അവരുടെ കണ്ണുകളില്‍ നിറയെ കാലങ്ങളായുള്ള കരച്ചില്‍ ഉറഞ്ഞുകിടന്നിരുന്നു. ഞാന്‍ ഇടയ്ക്കിടെ പിറകിലേക്ക് തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു.

...Join Keralites, Have fun & be Informed.'നിങ്ങള്‍ എന്താ പിറകിലേക്ക് തിരിഞ്ഞുനോക്കുന്നത്.' അവര്‍ നിര്‍വികാരയായി ചോദിച്ചു.
'കൂടെയുള്ളവരെ കാണുന്നില്ല.' ഞാന്‍ വിക്കിവിക്കിപ്പറഞ്ഞു.
'അവരാരും ഇവിടെ വരില്ല. എത്രയോ കാലമായി വന്നിട്ട്. അതിനുശേഷം വന്നിട്ടേയില്ല. മോന് വോട്ടല്ലേ വേണ്ടൂ. ഞാന്‍ ചെയ്‌തോളാം.' വാക്കുകളില്‍ നേരിയ വിതുമ്പലുകള്‍ കലര്‍ത്തി ആ സ്ത്രീ പറഞ്ഞു. പിന്നീട് അകത്തുകയറി വാതിലടച്ചു.
എനിക്കൊന്നും മനസ്സിലായില്ല. കിതച്ചുകൊണ്ട് ഗേറ്റിന് പുറത്തുവന്നു. സഖാക്കളെല്ലാം ദൂരെ മാറി കന്മതിലില്‍ നിരന്നിരിക്കുന്നുണ്ടായിരുന്നു. നടന്നതെല്ലാം അവരോട് പറഞ്ഞു. ആരാണ് ആ സ്ത്രീ എന്നും എന്താണ് അവര്‍ പറഞ്ഞതിലെ പൊരുള്‍ എന്നും ചോദിച്ചു. ലോക്കല്‍ സെക്രട്ടറി എല്‍.വി. മുഹമ്മദാണ് മറുപടി പറഞ്ഞത്.
'പ്രസിദ്ധമായ ചാവശ്ശേരി ബസ് തീവെപ്പ് കേസില്‍ വെന്തുമരിച്ച നാലുപേരില്‍ ഒരാള്‍ ഇവരുടെ ഭര്‍ത്താവാണ്. ആ സംഭവത്തിനുശേഷം ഞാളാരും അങ്ങോട്ടു പോകാറില്ല. ഓരെ മുന്നില് നില്ക്കാന്‍ പറ്റൂല.'
എനിക്കെന്നോടുതന്നെ വെറുപ്പു തോന്നി. ലജ്ജ തോന്നി, ഒന്ന് കരയാന്‍ തോന്നി. വര്‍ഷങ്ങളായി തുടരുന്ന ആ സ്ത്രീയുടെ കരച്ചിലിന്റെ കടല്‍ എെന്ന വന്ന് വിഴുങ്ങുന്നതുപോലെ തോന്നി. ഞാന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയോടുള്ള വെറുപ്പ് എന്നില്‍ തിളച്ചുമറിഞ്ഞു.
ലോകത്ത് കോളേജുകളുടെ ചരിത്രത്തില്‍ ഞായറാഴ്ച കോളേജ് തുടങ്ങിയത് പരിയാരം മെഡിക്കല്‍ കോളേജായിരിക്കും. എസ്.എഫ്.ഐ. സമരത്തെ പേടിച്ച എം.വി. രാഘവനുവേണ്ടിയായിരുന്നു അത്. അന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. ഞാന്‍ എസ്.എഫ്.ഐ. സെക്രട്ടറിയും. കോടിയേരി എന്നെ വിളിച്ചു 
പറഞ്ഞു:
'അബ്ദുള്ളക്കുട്ടീ, പരിപാടി കലക്കണം.'
ഞായറാഴ്ചയാണ്. ഹോസ്റ്റലില്‍ താമസിക്കുന്നവരേ ഉണ്ടാവൂ. 
എന്നിട്ടും എങ്ങനെയൊക്കെയോ പ്രവര്‍ത്തകരെ സംഘടിപ്പിച്ചു. പോലീസ് ഞങ്ങളെ പൊതിരെ തല്ലി. പിന്നീട്, അഞ്ചു പേര്‍ മരിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞു. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നു. പിണറായി മന്ത്രിയായി. എന്തിനുവേണ്ടിയാണോ ഞാനടക്കമുള്ള സഖാക്കള്‍ തല്ലുകൊണ്ടത്, അഞ്ചുപേര്‍ മരിച്ചുവീണത് അതെല്ലാം മറന്ന് മുക്കിന് മുക്കിന് സ്വാശ്രയ കോളേജുകള്‍ വരുന്ന കാഴ്ചയാണു കണ്ടത്. അപ്പോഴും എന്റെ മുതുകിലെ വേദനയും മനസ്സിലെ മുറിവും മാറിയിരുന്നില്ല. 
വൈരുധ്യങ്ങള്‍ അതിന്റെ പരകോടിയില്‍ അനുഭവിച്ചപ്പോള്‍ ഒന്നിന്റേയും പൊരുളറിയാതെ പകച്ചുനില്ക്കുകയായിരുന്നു. ആത്മവഞ്ചകനാവുന്നതില്‍ എനിക്ക് അങ്ങേയറ്റം മടുത്തുതുടങ്ങി. ശുദ്ധവായുവിനുവേണ്ടി ശ്വാസകോശങ്ങള്‍ ദാഹിച്ചു.
പ്രത്യയശാസ്ത്രവും പ്രസംഗവും പ്രവൃത്തിയും തമ്മിലുള്ള വിടവുകളിലൂടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് പുറത്തേക്കു കടന്നത്. പാര്‍ട്ടി ചെയ്ത കൊലപാതകങ്ങള്‍ക്ക് എല്ലാ പാര്‍ട്ടിപ്രവര്‍ത്തകരും 
ആത്മീയമായി പങ്കുകാരാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആര്‍ക്കും ആ മഹാപാപത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല.
ഇനി, എനിക്കതു വയ്യ. മടുത്തു. സഖാക്കളേ, നിങ്ങളാണ് എന്നെ കോണ്‍ഗ്രസ്സുകാരനാക്കിയത്. നിങ്ങള്‍ മാത്രം.

(അബ്ദുള്ളക്കുട്ടിയുടെ നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി എന്ന പുസ്തകത്തില്‍ 


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment