വെങ്ങോലയില്‍ ജനിച്ചുവളര്‍ന്ന ഒരാളുടെ പദാവലിയില്‍ 'നൂലുകെട്ട്' എന്ന വാക്ക് ഉണ്ടായിരിക്കുകയില്ല. കഴിഞ്ഞ മാസം 'നൂലുകെട്ടിനിടയ്ക്ക് തലയില്‍ തേങ്ങ വീണ് കുഞ്ഞ് മരിച്ചു' എന്ന വാര്‍ത്ത വായിക്കുന്നതുവരെ ഈ വാക്ക് എനിക്ക് പരിചയമുണ്ടായിരുന്നില്ല. ആ വാക്കിനെക്കുറിച്ചും വാര്‍ത്തയെക്കുറിച്ചുമുള്ള ജിജ്ഞാസ കാരണം വാര്‍ത്ത മുഴുവന്‍ ഞാന്‍ വായിച്ചു..
അപ്പോള്‍ കുന്നിന്‍ ചെരിവുകളുടെ കാര്യമോ? എവിടെയെങ്കിലും നാം നിത്യേന അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കില്‍ അത് കുന്നിന്‍ ചെരിവുകളിലാണ്. നിര്‍മാണമേഖലയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് കേരളത്തിലൊട്ടാകെ വ്യാപകമായി കുന്നിന്‍ചെരിവുകള്‍ ഇടിച്ചുനിരത്തുന്നു. നൂറുകണക്കിന് പ്രദേശങ്ങളില്‍ നിന്ന് മണ്ണ് കുഴിച്ചെടുത്ത് ആയിരക്കണക്കിന് ട്രക്കുകളിലായി സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നത് എന്റെ ദേശമായ കുന്നത്തുനാട് താലൂക്കിലെ സ്ഥിരം കാഴ്ചയാണ്. വെങ്ങോലയ്ക്ക് ഒരിക്കലും വികസന പദ്ധതികള്‍ ലഭിക്കാറില്ലെങ്കിലും കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളവും വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലും പോലുള്ള വന്‍ പദ്ധതികള്‍ വെങ്ങോലയുടെ മണ്ണിലാണ് നടക്കുന്നതെന്ന് എന്റെ സഹോദരന്‍ തമാശയായി പറയാറുണ്ട്. ഈ തരത്തില്‍ മണ്ണെടുപ്പ് തുടരുകയാണെങ്കില്‍ അധികം വൈകാതെ കേരളം കുന്നില്ലാത്ത നാടായി മാറും.
മുപ്പത് വര്‍ഷം മുമ്പ് മരിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ ഇന്ന് ഇടിമിന്നലില്‍ മരിക്കുന്നുണ്ടോ? പത്രങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ നിന്ന് എനിക്ക് മനസ്സിലാവുന്നത് ഇതാണ് അവസ്ഥ എന്നാണ്. ഇത് ശരിയാണോ എന്ന് വ്യക്തമല്ല. ഇത് ഒട്ടും അത്ഭുതമുളവാക്കുന്നില്ല. 2009ല്‍ ഞാന്‍ പ്രകൃതി മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ശ്രീലങ്കയില്‍ നടന്ന ഒരു സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു. ഇടിമിന്നല്‍ മൂലം മരിക്കുന്നവരുടെ എണ്ണം ശ്രീലങ്കയില്‍ താരതമ്യേന കൂടുതലാണ്. അതുകൊണ്ട് തന്നെ ദേശീയപ്രാധാന്യമുള്ള ഒരു വിഷയമായാണ് ഇത് കൈകാര്യം ചെയ്തിരുന്നത്. ഇടിമിന്നലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വിദഗ്ധനായ ഒരു ശ്രീലങ്കക്കാരന്‍ ഞങ്ങളോട് പറഞ്ഞത് ഇടിമിന്നല്‍ മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ്. ഇതിന് നിരവധി കാരണങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ജനസംഖ്യയിലുണ്ടായ വര്‍ദ്ധനവ് മൂലം സാധാരണ കാരണങ്ങള്‍ കൊണ്ട് മരിക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. രണ്ടാമതായി, ഇടിമിന്നലിനെ നിങ്ങളുടെ വീട്ടിലേയ്‌ക്കെത്തിക്കുന്ന ടെലിഫോണ്‍ കേബിളുകള്‍, വൈദ്യുതി കേബിളുകള്‍, ടെലിവിഷന്‍ കേബിളുകള്‍ തുടങ്ങിയവയാണ്. മൂന്നാമതായി, മുപ്പത് വര്‍ഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ഇരുമ്പ് ഉപകരണങ്ങള്‍ നിങ്ങളുടെ വീട്ടിലുണ്ട് എന്നതാണ്. കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന കമ്പികള്‍ മുതല്‍ ഇരുമ്പ് കട്ടില്‍ വരെ ഇതിലുള്‍പ്പെടും. അലുമിനിയം കൊണ്ട് മേല്‍ക്കൂര നിര്‍മിക്കുന്ന ശീലം വര്‍ദ്ധിക്കുന്നതും അപകടം വര്‍ദ്ധിക്കാനിടയായിട്ടുണ്ടെന്ന് ശ്രീലങ്കന്‍ വിദഗ്ധന്‍ പറഞ്ഞു.
ശ്രീലങ്ക എന്ന വാക്കിന് പകരം കേരളം എന്നാക്കിയാല്‍ ബാക്കിയെല്ലാം കൃത്യമാണ്. ഇപ്പോള്‍ ഒട്ടുമിക്ക വീടുകളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ്. വീടിന്റെ മുകള്‍ ഭാഗം അലുമിനിയം കൊണ്ട് നിര്‍മിക്കുന്നത് വര്‍ദ്ധിക്കുന്നതായും കാണാം. എല്ലാ വീട്ടിലും വൈദ്യുതിയുണ്ട്. മിക്കയിടങ്ങളിലും ടെലിഫോണും ഇതിന്റെ കേബിളുകളുമുണ്ട്. അപകടങ്ങള്‍ നാനാവിധത്തിലാണ് വര്‍ദ്ധിച്ചിരിക്കുന്നത്. എന്നിട്ടും ഇടിമിന്നലിനെക്കുറിച്ചും അതിന്റെ അപകടങ്ങള്‍ തടയാനുള്ള വഴികളെക്കുറിച്ചും നമ്മുക്കുള്ള ധാരണകള്‍ പരിമിതമാണ്.
യഥാര്‍ത്ഥത്തില്‍ ഇടിമിന്നലില്‍ നിന്ന് രക്ഷ നേടുന്നതിനുള്ള നല്ല ഉപദേശമൊന്നും എന്റെ പക്കലില്ല. എല്ലാ വൈദ്യുത ഉപകരണങ്ങളും പ്ലഗില്‍ നിന്ന് ഊരിയിടുകയും ടെലിഫോണ്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്യുക എന്നീ പ്രാഥമിക നടപടികള്‍ നല്ലൊരു ഉപദേശമാണ്. തുറസ്സായ സ്ഥലത്ത് ഇറങ്ങിനില്‍ക്കാതിരിക്കുകയും വൈദ്യുതിവാഹകരില്‍ നിന്ന് പരമാവധി അകലം പാലിക്കുകയും ചെയ്യുക. വീട്ടിലെ വയറിങ്ങ് ശരിയായ രീതിയില്‍ എര്‍ത്ത് ചെയ്തിരിക്കണം. മിന്നല്‍ രക്ഷാചാലകം സാങ്കേതികമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും കേരളത്തില്‍ ഇപ്പോള്‍ വീടുകള്‍ക്കായി മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയെപ്പറ്റി എനിക്ക് ശരിക്കറിയില്ല. കേരളത്തില്‍ നിയമം വഴി സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഞാന്‍ എഴുതുന്ന പരമ്പരയിലെ അവസാനത്തെ ലേഖനത്തില്‍ ഇക്കാര്യം ഞാന്‍ വ്യക്തമാക്കാം.
ഇനി മിക്കപ്പോഴും നമ്മളെ പരിക്കേല്‍പ്പിക്കുകയും ചിലപ്പോഴൊക്കെ നമ്മെ കൊല്ലുകയും ചെയ്യുന്ന, വീട്ടില്‍ നാം സ്വയം സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് പറയാം. വീട്ടില്‍ സൃഷ്ടിക്കപ്പെടുന്ന മാരകമായ അഞ്ച് അപകടസാധ്യതകളാണുള്ളത്. ഉയരത്തില്‍ നിന്ന് വീഴല്‍, വൈദ്യുതി, രാസപദാര്‍ത്ഥങ്ങള്‍, തീ, സ്‌ഫോടകവസ്തുക്കള്‍ എന്നിവയാണ് ഈ അപകടസാധ്യതകള്‍. അവ ഓരോന്നായി ഞാന്‍ വിശദീകരിക്കാം.
എന്റെ ബന്ധുവിന്റെ അമ്മ മരിച്ചത് ഉച്ചയൂണിന് കറി വയ്ക്കാനായി കറിവേപ്പില ശേഖരിക്കുമ്പോഴാണ്. വീടിന്റെ മേല്‍ക്കൂരയില്‍ കയറിനിന്നാണ് ഇല പറിച്ചിരുന്നത്. മഴ പെയ്തതുകൊണ്ട് വഴുക്കുണ്ടായിരുന്നു. ജനാലയുടെ ഷെയ്ഡില്‍ തലയിടിച്ചാണ് വീണത്. മേല്‍ക്കൂരയിലുള്ള വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയ സ്ത്രീ അതിനുശേഷം വാട്ടര്‍ പൈപ്പില്‍ പിടിച്ച് താഴെക്കിറങ്ങുമ്പോള്‍ പൈപ്പ് പൊട്ടി താഴെ വീണ് മരിച്ചതായൊരു വാര്‍ത്ത അടുത്ത കാലത്ത് വായിച്ചിരുന്നു.
ഇത്തരം അപകടങ്ങള്‍ എങ്ങിനെ തടയാം? വീടുകളില്‍ ഇത് രണ്ട് തരത്തില്‍ തടയാം. ഒന്ന്, ഉയരത്തിലേയ്ക്ക് കയറുന്നത് ഒഴിവാക്കുക. അതായത് പകരം സംവിധാനങ്ങള്‍ ഉപയോഗിക്കുക(ഉദാഹരണത്തിന് മാങ്ങ പറിക്കാന്‍ മാവില്‍ കയറുന്നതിന് പകരം തോട്ടി ഉപയോഗിക്കുക). രണ്ടാമതായി സുരക്ഷിതമായ ഒരു കോണി( സ്റ്റെപ് ലാഡര്‍) ഉപയോഗിക്കുക. എന്റെ അഭിപ്രായത്തില്‍ കേരളത്തിലെ ഓരോ വീട്ടിലും ഇത്തരം ഓരോ കോണി ഉണ്ടാകണം. പഴയകാലത്ത് വീട്ടില്‍ ഉയരത്തിലുള്ള എന്തെങ്കിലും സാധനമെടുക്കുക കസേരയിലോ മേശയിലോ കയറിനിന്നാണ്. നമ്മുടെ ശീലങ്ങളില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ലെങ്കിലും മേശയുടെയും കസേരയുടെയും നിര്‍മിതിയില്‍ മാറ്റം വന്നിട്ടുണ്ടെന്ന കാര്യം പലരും തിരിച്ചറിയുന്നില്ല. മുപ്പത് വര്‍ഷം മുമ്പ് മേശയും കസേരയുമെല്ലാം നിര്‍മിച്ചിരുന്നത് ഉറപ്പുള്ള മരങ്ങള്‍ കൊണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ പല ഫര്‍ണീച്ചറുകളും നിര്‍മിക്കുന്നത് പ്ലൈവുഡ് കൊണ്ടും മറ്റുമാണ്. ഇവ ഭാരം താങ്ങാന്‍ കഴിയാത്തവയാണ്. പഴയ ശീലം വെച്ച് നമ്മള്‍ ഇവയുടെ മുകളില്‍ കയറുകയും അതിന്റെ കാലുകള്‍ ഒടിഞ്ഞ് നാം താഴെ വീഴുകയും ചെയ്യും. ചെറിയ ഉയരങ്ങളില്‍ കയറാന്‍ പടിയുള്ള ഏണികളാണ് നല്ലത്. എന്നാല്‍ കൂടുതല്‍ ഉയരങ്ങളില്‍ കയറുമ്പോള്‍ രണ്ട് പേര്‍ ആവശ്യമാണ്. ഒരാള്‍ കോണിയില്‍ കയറുകയും മറ്റേയാള്‍ താഴെനിന്ന് കോണി വീഴാതെ, ശരിയായി പിടിച്ചുനില്‍ക്കുകയും വേണം. ചെറുപ്പത്തില്‍ ഞാന്‍ മുപ്പത് അടിയോളം ഉയരമുള്ള ആഞ്ഞിലി മരത്തില്‍ കയറുകയും ഒന്നിന്റെയും സഹായമില്ലാതെ അടുത്തുള്ള മറ്റൊരു മരത്തിലേയ്ക്ക് ചാടുകയും ചെയ്തിരുന്നു. നാല്പത് വര്‍ഷത്തിനിപ്പുറം ആ ഓര്‍മകള്‍ പോലും എന്നെ പേടിപ്പെടുത്തുന്നു!
നിരവധിയാളുകള്‍ക്ക് വീട്ടില്‍ വെച്ച് വൈദ്യുതാഘാതമേല്‍ക്കാറുണ്ട്. ചിലര്‍ക്ക് വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലിയിലേര്‍പ്പെടുമ്പോഴും മറ്റ് ചിലര്‍ക്ക് വൈദ്യുതി ഉപയോഗിച്ച് പ്രവത്തിപ്പിക്കുന്ന ഉപകരണങ്ങളില്‍ നിന്നുമാണ് വൈദ്യുതാഘാതമേല്‍ക്കാറുള്ളത്. കൗതുകം മൂലം വൈദ്യുതി പ്ലഗുകളില്‍ വിരലിടുമ്പോള്‍ കുട്ടികള്‍ക്കും വൈദ്യുതാഘാതമേല്‍ക്കാറുണ്ട്. ഇത് തടയാന്‍ മൂന്ന് വ്യത്യസ്ത സമീപനങ്ങളാണ് സ്വീകരിക്കേണ്ടത്. കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ഞാന്‍ അവസാനം എഴുതാം. വീട്ടില്‍ വല്ല ഉപകരണങ്ങളും ഉറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ വൈദ്യുതാഘാതമേറ്റ് മരിക്കുന്നവരെക്കുറിച്ച് ആദ്യം പറയാം.
വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യം വരുമ്പോള്‍ 'ഞാന്‍ തന്നെ ചെയ്യാം' എന്ന രീതി ഒഴിവാക്കണമെന്നാണ് വീട്ടിലെ ഇലക്ട്രീഷ്യന്‍മാരോട് എനിക്ക പറയാനുള്ളത്. വൈദ്യുതി അദൃശ്യമായ ഒരു അപകടമാണ്. ഇതിനെ പരമാവധി ഒഴിവാക്കുകയാണ് നല്ലത്. സാധ്യമാകുമ്പോഴെല്ലാം വൈദ്യുതിയുമായി ബന്ധപ്പെട്ട ഏത് ജോലിയും ചെയ്യാന്‍ പ്രൊഫഷണല്‍ ഇലക്ട്രീഷ്യന്‍മാരെ സമീപിക്കുകയാണ് വേണ്ടത്. ചിലപ്പോള്‍ വീട്ടില്‍ പെട്ടെന്ന് വല്ലതും ഉറപ്പിക്കാനുണ്ടെങ്കില്‍(ഉദാ: രാത്രിനേരങ്ങളില്‍) ഒരിക്കലും ഇലക്ട്രീഷ്യന്‍മാരുടെ അപകടകരമായ രീതികള്‍ പിന്തുടരാന്‍ ശ്രമിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. നമ്മുടെ പല ഇലക്ട്രീഷ്യന്‍മാര്‍ ചിലപ്പോഴൊക്കെ മണ്ടത്തരങ്ങളാണ് ചെയ്യുക. വൈദ്യുതിയുമായി ബന്ധപ്പെട്ട പണി ചെയ്യുമ്പോള്‍ ആ പ്രദേശം ഉള്‍ക്കൊള്ളുന്ന ഫീസ് ഊരിവയ്ക്കുകയോ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുകയോ വേണം. വൈദ്യുതിയുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങള്‍ ചെയ്യുമ്പോഴും നല്ല ഷൂ, നല്ല ടെസ്റ്റര്‍, ഇന്‍സുലേഷനുള്ള പ്ലേയര്‍ എന്നീ മൂന്ന് കാര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. വൈദ്യുതി വരുന്നുണ്ടോ എന്നറിയാന്‍ ഒരിക്കലും കൈ ഉപയോഗിക്കാതിരിക്കുക. അതുപോലെത്തന്നെ വയറുകളിലുള്ള ഇന്‍സുലേഷന്‍ വായ കൊണ്ട് നീക്കം ചെയ്യാതിരിക്കുക.
വീട്ടില്‍ വൈദ്യുതി കേബിളുകള്‍ സ്ഥിരമായോ താല്കാലികമായോ നിലത്തിലൂടെ വലിക്കരുത്. താല്കാലികമായി ഒരു കേബിള്‍ നിലത്തിലൂടെ വലിക്കുകയാണെങ്കില്‍ ഇന്‍സുലേഷന്‍ ടേപ്പ് വെച്ച് അതൊട്ടിക്കണം. ആരും അതിന് മുകളിലൂടെ ചവിട്ടി അപകടമുണ്ടാകരുത്.
തീപ്പിടുത്തത്തില്‍ ഓരോ വര്‍ഷവും കേരളത്തില്‍ നിരവധി വീടുകള്‍ നഷ്ടപ്പെടാറുണ്ടെങ്കിലും അതുമൂലം മരിക്കുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്. ഇതിന് കാരണം കേരളത്തിലെ ചില സാമൂഹിക യാഥാര്‍ത്ഥ്യങ്ങളാണ്. ഒന്നാമത്, നമ്മള്‍ വളരെ അടുത്തടുത്താണ് ജീവി ക്കുന്നത്. അതുകൊണ്ട് തീപ്പിടുത്തമുണ്ടായാല്‍ ഉടന്‍ തന്നെ ആളുകള്‍ക്ക് അത് കണ്ടുപിടിക്കാന്‍ കഴിയും. രണ്ടാമതായി, അവരില്‍ മിക്കയാളുകളും ഞാന്‍ എഴുതുന്നതൊന്നും വായിക്കാത്തതുകൊണ്ട്(നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ അവരുടെ ജീവന്‍ അപകടത്തില്‍പ്പെടുത്തരുതെന്ന എന്റെ ഉപദേശം) അവര്‍ നിങ്ങളെ സഹായിക്കാനെത്തുന്നു. മൂന്നാമതായി, മിക്ക തീപ്പിടുത്തവും വെള്ളം ഉപയോഗിച്ച് കെടുത്താവുന്നതാണ്. നമ്മുടെ അടുത്തുതന്നെ വെള്ളം ലഭിക്കുകയും ചെയ്യും. എന്നാല്‍ ഇക്കാര്യത്തില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും വളരെ ഉയരമുള്ള കെട്ടിടങ്ങളില്‍ ആളുകള്‍ ജീവിക്കുന്നതിനാല്‍. അയല്‍ക്കാര്‍ ഉണ്ടായിരിക്കില്ലെന്ന് മാത്രമല്ല, അവര്‍ക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയുകയുമില്ല. അഥവാ കഴിയുമെങ്കില്‍ അവര്‍ തയ്യാറായെന്ന് വരികയുമില്ല. ഉയര്‍ന്ന കെട്ടിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഔദ്യോഗികസംവിധാനങ്ങളൊന്നും ഇതുവരെ സജ്ജമായിട്ടുമില്ല.(കഴിഞ്ഞ ദീപാവലിയ്ക്ക് ഉയര്‍ന്ന ഒരു കെട്ടിടത്തിലുണ്ടായ തീ അണയ്ക്കാനായെത്തിയ ഫയര്‍മാന്‍മാര്‍ ലിഫ്റ്റില്‍ കുടുങ്ങി മരിക്കുകയുണ്ടായി). ഈ വര്‍ഷം ബംഗഌരിലും കല്‍ക്കട്ടയിലും ഉയര്‍ന്ന കെട്ടിടങ്ങളില്‍ അഗ്നിബാധ ഉണ്ടായി അനവധി പേര്‍ മരിച്ചു കേരളത്തില്‍ ഇതെന്നുവേണമെങ്കിലും സംഭവിക്കാം. അതുകൊണ്ട് കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങളില്‍ താമസിക്കുന്തോറും തീപ്പിടുത്തം മൂലമുണ്ടാകുന്ന പ്രത്യാഘാതം ഗുരുതരമാകും.
വീട്ടില്‍ തീപ്പിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട്, സ്റ്റൗവുകള്‍(ഗ്യാസ്, മണ്ണെണ്ണ, വിറക് ഇവ ഏതും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നവ), പടക്കങ്ങള്‍, മെഴുകുതിരി എന്നിവയില്‍ നിന്നാണ് മിക്കവാറും ഉണ്ടാവുക. തീപ്പിടുത്ത രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ക്ലാസുകളില്‍ നിന്ന് ഞങ്ങള്‍ പഠിച്ചിരിക്കുന്നത് തീപ്പൊരി, ഓക്‌സിജന്‍, ഇന്ധനം എന്നീ മൂന്ന് ഘടകങ്ങളില്‍ നിന്നാണ് തീ ഉണ്ടാകുന്നതെന്നാണ്. നമ്മുടെയെല്ലാ വീടുകളില്‍ ഓക്‌സിജനുണ്ട്. വീട്ടിലുള്ള മിക്കവാറും എല്ലാം തന്നെ ഇന്ധനങ്ങളാണ്(കിടക്ക, കര്‍ട്ടനുകള്‍, ഫര്‍ണീച്ചറുകള്‍). അതുകൊണ്ട് തീപ്പൊരിയായിരിക്കണം നിയന്ത്രിക്കേണ്ടത്. എപ്പോള്‍ വേണമെങ്കിലും തീ പടരാം എന്ന സാധ്യത മുന്നില്‍ കണ്ട് പൂര്‍ണമായും മുന്‍കരുതലോടെ മാത്രമെ ഒരാള്‍ തീയുമായി ഇടപെടാവൂ.
നിങ്ങളുടെ എല്ലാ ശ്രമങ്ങള്‍ക്കുശേഷവും തീപ്പിടുത്തമുണ്ടാവുകയാണെങ്കില്‍ അത് പടരുമോ എന്നത്, അതിനെതിരെ നിങ്ങളുടെ പ്രാഥമിക നീക്കമെന്താണോ എന്നതിനെ ആശ്രയിച്ചിരിക്കും. തീപ്പിടുത്ത രക്ഷാപ്രവര്‍ത്തനം(എശൃല ളശഴവശേിഴ) നാഗ്പൂരില്‍ നാല് വര്‍ഷത്തെ കോഴ്‌സ് ആണ്. അതുകൊണ്ട് എന്റെ ഏത് ചെറിയ ഉപദേശവും ലാഘവത്തോടെയുള്ളതും വിദഗ്ധര്‍ വെല്ലുവിളിക്കാന്‍ ഇടയാക്കുന്നതുമായിരിക്കും. അതുകൊണ്ട് ഒരിക്കലും പശ്ചാത്തപിക്കേണ്ടിവരാത്ത മൂന്ന് ചെറിയ കുറുക്കുവിദ്യകള്‍ പറഞ്ഞ് തരാം. പാസ്‌പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റ്, പണം, പ്രാധാന്യമുള്ള ഫോട്ടോകള്‍ എന്നിവയൊക്കെയുണ്ടെങ്കിലും മറ്റ് ഏതൊരു അടിയന്തിരഘട്ടത്തിലുമെന്നതുപോലെ നിങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതിനായിരിക്കണം മുന്‍ഗണന. രണ്ടാമതായി, നിങ്ങളുടെ വീടിന് തീപ്പിടുത്ത ഇന്‍ഷൂറന്‍സ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക. മൂന്നാമതായി, നിങ്ങളുടെ വീടിന് ഒരു ഫയര്‍ ബ്ലാങ്കറ്റ് വാങ്ങുക. ഇത് കേരളത്തില്‍ ലഭ്യമാണോ എന്നെനിക്കറിയില്ല. ജനീവയില്‍ ഇതിന്റെ വില 300 രൂപയാണ്. ഒരിക്കലും തീപ്പിടിക്കാത്ത തരം ബ്ലാങ്കറ്റ് ആണിത്. ഇത് രണ്ട് കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം. എവിടെയെങ്കിലും തീപ്പിടിച്ചെന്ന് കണ്ടാല്‍ ഉടന്‍ തന്നെ അത് ഫയര്‍ ബ്ലാങ്കറ്റ് കൊണ്ട് പൊതിയുക. ഇതുവഴി തീ പടരുന്നത് തടയാന്‍ സാധിക്കും. ഒരാളുടെ വസ്ത്രങ്ങളിലാണ് തീപ്പിടിക്കുന്നതെങ്കില്‍ അയാളെ ഈ ഫയര്‍ ബ്ലാങ്കറ്റ് കൊണ്ട് ചുറ്റാനും അതുവഴി തീ പടരുന്നത് തടയുകയും അയാളെ പരിക്കുകളില്‍ നിന്ന് രക്ഷിക്കുകയും ചെയ്യാം.
ആവശ്യത്തിലധികം ഉപയോഗിച്ചാല്‍ നമ്മുക്ക് പരിക്കേല്‍ക്കാനോ ഒരുപക്ഷേ മരിക്കാനോ വരെ കാരണമാകുന്ന രാസപദാര്‍ത്ഥങ്ങള്‍ വീട്ടില്‍ ഉപയോഗിക്കാറുണ്ട്. മരുന്നുകള്‍, പെയിന്റുകള്‍, ടര്‍പ്പെന്റയിനുകള്‍, കീടനാശിനികള്‍, സോപ്പുകള്‍, കക്കൂസ് വൃത്തിയാക്കുന്ന ദ്രാവകങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. നല്ല ശ്രദ്ധയോടെ മാത്രമെ ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാവൂ. കുട്ടികള്‍ക്ക് ഇതൊരിക്കലും കിട്ടാനിട വരരുത്. എന്നാല്‍ കുട്ടികള്‍ മാത്രമല്ല ഇതിന്റെ അപകടങ്ങളില്‍പ്പെടുക. ഒരിക്കല്‍ ഞാന്‍ ഫ്രിഡ്ജിന് മുകളില്‍ വെച്ചിരുന്ന വെള്ളക്കുപ്പിയിലുണ്ടായിരുന്ന വിനാഗിരി കുടിച്ചു. സുരക്ഷാ വിദ്യകള്‍ ലളിതമാണ്. എന്തെല്ലാം രാസപദാര്‍ത്ഥങ്ങളാണ്(മരുന്നുകള്‍, കീടനാശിനികള്‍, സൗന്ദര്യലേപന വസ്തുക്കള്‍, വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ദ്രാവകങ്ങള്‍, സോപ്പ് തുടങ്ങിയവ) വീട്ടിലുള്ളതെന്ന് മനസ്സിലാക്കുക. ഈ രാസവസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ള കുപ്പികളുടെ മേലുള്ള ലേബലുകള്‍ പോയിട്ടുണ്ടെങ്കില്‍ പുതുയത് ഒട്ടിക്കുക. കുട്ടികള്‍ക്ക് കിട്ടാവുന്നിടത്ത് വയ്ക്കാതിരിക്കുക. ഒപ്പം വേറെന്തെങ്കിലുമാണെന്ന് തെറ്റിദ്ധരിക്കാനിടയുള്ള സ്ഥലത്തും വയ്ക്കാതിരിക്കുക(വിനാഗിരി ഇതിനൊരുദാഹരണമാണ്). അഥവാ രാസപദാര്‍ത്ഥങ്ങള്‍ ഉള്ളില്‍ പോയെങ്കില്‍ കൈക്കൊള്ളേണ്ട പ്രാഥമിക ശുശ്രൂഷയെക്കുറിച്ച് ഞാന്‍ വിശദീകരിക്കുന്നില്ല. മറ്റൊരിക്കല്‍ അതിനെക്കുറിച്ച് ഞാന്‍ എഴുതാം.
മുംബൈയില്‍ ജോലി ചെയ്യുമ്പോള്‍ ഗോര്‍ഗാവിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡെവലപ്പ്‌മെന്റ് റിസര്‍ച്ച് എന്ന സ്ഥാപനത്തിന്റെ മുകളില്‍ നിന്ന് ദീപാവലി ആഘോഷങ്ങള്‍ കാണുന്നത് മനോഹരമായ അനുഭവമായിരുന്നു. സൂര്യന്‍ അസ്തമിക്കുന്നതോടെ ചെറുതും വലുതുമായ പടക്കങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റും പൊട്ടിത്തുടങ്ങുന്നു. ആ ദിവസം മേല്‍ക്കൂരയിലിരുന്നാണ് ഞങ്ങള്‍ അത്താഴം കഴിച്ചിരുന്നത്. എന്നാല്‍ അടുത്ത ദിവസം മിക്കവാറും ഒരാളുടെയെങ്കിലും മരണവാര്‍ത്ത കേള്‍ക്കും. ഗുരുതരമായ പൊള്ളലേറ്റവര്‍, കാഴ്ച നഷ്ടപ്പെട്ടവര്‍, നിരവധി തീപ്പിടുത്തങ്ങള്‍ എന്നിവയും കേള്‍ക്കാം. വിഷുവിന് നമ്മുടെ നാട്ടില്‍ പൊതുവെ മരണങ്ങളുണ്ടാവാറില്ലെങ്കിലും പടക്കം പൊട്ടിക്കുമ്പോള്‍ പരിക്കുകളുണ്ടാകാറുണ്ട്. പടക്കങ്ങള്‍ നിര്‍മിക്കുമ്പോഴും വിതരണം ചെയ്യുമ്പോഴും നിരവധി അപകടങ്ങളുണ്ടാകാറുണ്ട്. എത്ര കുറഞ്ഞ സുരക്ഷാസംവിധാനമാണ് ഈ പടക്കങ്ങളുണ്ടാക്കുന്നിടത്തുള്ളതെന്ന് കണ്ടാല്‍, വിദഗ്ധരല്ലാത്തവര്‍ വെടിമരുന്ന കൈകാര്യം ചെയ്യുന്നത് പൂര്‍ണായും നിരോധിക്കണമെന്നാണ് എന്നിലുള്ള സുരക്ഷാ വിദഗ്ധന് തോന്നാറുള്ളത്. എന്നാല്‍ അത് ബാല്യത്തിലെ സന്തോഷം വലിയ തോതില്‍ ഇല്ലാതാക്കുമെന്ന് എനിക്കറിയാം. അതുകൊണ്ട് ഒരുപക്ഷേ എന്റെ ഉപദേശം കുട്ടികള്‍ പടക്കം പൊട്ടിക്കുമ്പോള്‍ മാതാപിതാക്കളുടെ കൃത്യമായ ശ്രദ്ധയുണ്ടാകണമെന്നാണ്.
വീട് കുട്ടികള്‍ക്ക് സുരക്ഷിതമാക്കുക എന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത് ഞാന്‍ ഈ ലേഖനം അവസാനിപ്പിക്കാം. വിവിധ അപകടസാധ്യതകളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തതിനാല്‍ കുട്ടികള്‍ എപ്പോഴും അപകടമേഖലയിലാണ്. ചെറിയ അപകടസാധ്യതകള്‍ പോലും അവരെ സംബന്ധിച്ചിടത്തോളം ഗുരുതരമാകും. പാശ്ചാത്യരാജ്യങ്ങളില്‍ ജനിക്കാനിരിക്കുന്ന കുട്ടികളെ പ്രതീക്ഷിക്കുന്ന മാതാപിതാക്കള്‍ വരുന്ന കുട്ടികള്‍ക്കായി വീട് സുരക്ഷിതമാക്കാന്‍ ആവശ്യം പോലെ സമയം ചിലവാക്കാറുണ്ട്. അതായത് ഇലക്ട്രിക്കല്‍ സോക്കറ്റുകള്‍ കുട്ടികള്‍ക്കെത്താത്ത വിധം ഉയരത്തില്‍ സ്ഥാപിക്കുകയോ അതല്ലെങ്കില്‍ പ്രത്യേക സുരക്ഷാ പ്ലഗുകള്‍ ഘടിപ്പിക്കുകയോ ചെയ്യും. വീട്ടിലെ രാസപദാര്‍ത്ഥങ്ങളൊന്നും കുട്ടികള്‍ക്ക് കിട്ടാത്ത വിധം സൂക്ഷിക്കും. നിലത്തിഴഞ്ഞുകിടക്കുന്ന ഇലക്ട്രിക്ക് വയറുകളെല്ലാം എടുത്തുമാറ്റും. കുട്ടികളെടുക്കാനും വായിലിടാനും(ചില പ്രത്യേക പ്രായത്തില്‍ എന്ത് കിട്ടിയാലും കുട്ടികള്‍ അത് വായിലിടും) സാധ്യതയുള്ള എല്ലാ ചെറിയ സാധനങ്ങളും അവര്‍ക്ക് കിട്ടാത്തിടത്ത് സൂക്ഷിക്കും. പല ഭാഗങ്ങളാക്കി അടര്‍ത്തിയെടുക്കാന്‍ കഴിയുന്ന കളിക്കോപ്പുകളൊന്നും വാങ്ങില്ല. കളിപ്പാട്ടങ്ങളിലെ പെയിന്റുകള്‍ കുട്ടികള്‍ക്ക് അപകടമുണ്ടാക്കാത്തതാവണമെന്ന് നിഷ്‌കര്‍ഷിക്കും.
KERALITES - A moderated eGroup exclusively for Keralites... To subscribe send a mail to Keralites-subscribe@yahoogroups.com. Send your posts to Keralites@yahoogroups.com. Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
No comments:
Post a Comment