എന്റെ മറുപടി ഇതായിരുന്നു. മതം ഇന്ന് ഒരു വലിയ വില്‍പനചരക്കായിമാറിക്കഴിഞ്ഞു. മതസ്ഥാപകര്‍ ഉദ്ദേശിച്ച സാമൂഹിക ആദ്ധ്യാത്മിക ലക്ഷ്യങ്ങള്‍ ഇന്ന് മത വ്യവസ്ഥയില്‍നിന്നും അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു. ഖുറാന്‍ ആരംഭിക്കുന്നത് ഇങ്ങനെയാണ്. ``കരുണാനിധിയും പരമകാരുണികനുമായ അല്ലാഹുവിന്റെ നാമത്തില്‍ (ആരംഭിക്കുന്നു)''. യേശു പറഞ്ഞു: ``നിങ്ങള്‍ പരസ്‌പരം സ്‌നേഹിക്കുക.
സ്വന്തം സ്‌നേഹിതനുവേണ്ടി ജീവന്‍ ബലികൊടുക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ല''. ഭാരത ആചാര്യന്മാര്‍ ``പരമാത്മാവിന്റെ ഒരു കണമാണ് മനുഷ്യാത്മാവ്'' എന്നു പറഞ്ഞു. തന്മൂലം പരമാത്മാവില്‍ വിളങ്ങി നില്‍ക്കുന്ന ഗുണങ്ങള്‍ തങ്ങളുടെ കര്‍മ്മങ്ങളിലൂടെ ആവിഷ്‌കരിക്കലാണ് കടമയെന്നും പറഞ്ഞു. പക്ഷേ ഇന്ന് മതം മറ്റെന്തൊക്കെയോ ആയിതീര്‍ന്നിരിക്കുന്നു.
മനുഷ്യനിലെ സ്വാര്‍ത്ഥതയെ രാകിമുറിച്ചുകളയുന്നതിനാണ് എല്ലാ മതാചാര്യന്മാരും പരിശ്രമിച്ചത്. അങ്ങനെ മനുഷ്യര്‍ തമ്മില്‍ സ്വാര്‍ത്ഥതയില്ലാതെ പരസ്‌പരം ബന്ധപ്പെടാനും സമൂഹ ജീവിതത്തെ കൂടുതല്‍ ധന്യമാക്കാനുമാണ് മതങ്ങള്‍ ലക്ഷ്യമിടേണ്ടത്. എന്നാല്‍ ഇന്നു മതങ്ങള്‍ ഈ ലക്ഷ്യത്തില്‍നിന്നും ദൂരെദൂരെ അകന്നുപോയി. വന്‍പിച്ച പള്ളികള്‍ നാം പണിയുന്നു. അമ്പലങ്ങളും ഗോപുരങ്ങളും സൃഷ്‌ടിക്കുന്നു. മോസ്‌കുകള്‍ പണുതുയര്‍ത്തുന്നു. എന്തിനാണിത്? തങ്ങളുടെ സമുദായമാണ്, അല്ലെങ്കില്‍ തങ്ങളുടെ മതമാണ് മറ്റു മതങ്ങളേക്കാള്‍ വലിയത് എന്നു കാണിക്കുന്നതിനുള്ള ശക്തി പ്രകടനമാണിത്! കേവല സമുദായ സ്വാര്‍ത്ഥചിന്ത മാത്രമാണ് ഇതിന്റെ പിന്നില്‍. മാത്രമല്ല, ഇന്നു വര്‍ദ്ധിച്ചുവരുന്ന തീര്‍ത്ഥാടനം എന്തിലേക്കാണ് കൈചൂണ്ടുന്നത്? തീര്‍ത്ഥാടകര്‍ എന്തിനാണ് തീര്‍ത്ഥാടക സ്ഥലത്തേക്കു പോകുന്നത്? ദൈവത്തില്‍നിന്നും എന്തെങ്കിലും നേടാന്‍; തങ്ങുടെ സ്വാര്‍ത്ഥ താല്‌പര്യങ്ങളുടെ സംരക്ഷകനായി ദേവന്മാരെയും പുണ്യവാളന്മാരെയും ജനങ്ങള്‍ കാണാന്‍ ആരംഭിച്ചിരിക്കുന്നു. ഈ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ നേടുന്നതിനുവേണ്ട നേര്‍ച്ച കാഴ്‌ചകള്‍ സമര്‍പ്പിക്കുന്നു; പണം കൊടുത്ത് ദൈവത്തെ പ്രീണിപ്പിക്കാമെന്ന തെറ്റായ ധാരണ ഇന്ന് മത വിശ്വാസികളില്‍ പ്രതിഷ്‌ഠിക്കപ്പെട്ടു കഴിഞ്ഞു.
``രണ്ടു തുട്ടേകിയാല്‍ ചുണ്ടില്‍ ചിരി വരും തെണ്ടിയാണോ മതം തീര്‍ത്ത ദൈവം.
പാല്‍ പായസം നല്‍കില്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള പാസ്‌പോര്‍ട്ടു നല്‌കുവോനെന്തു ദൈവം''. എന്നു ചോദിച്ച ചങ്ങമ്പുഴ കൃഷ്‌ണപിള്ള ദൈവത്തെ അപമാനിക്കുകയല്ല മറിച്ച് യഥാര്‍ത്ഥ ദൈവത്തെ കാണാന്‍ മനുഷ്യനെ പ്രേരിപ്പിക്കുകയാണ് ചെയ്‌തത്. ഇന്ന് പള്ളികളുടെയും അമ്പലങ്ങളുടെയും മോസ്‌കുകളുടെയും വരുമാനങ്ങള്‍ കോടിയിലേറെയാണ്. ഇതെല്ലാം ദൈവത്തിനുകൊടുക്കുന്ന കൈക്കൂലിയല്ലേ? ഇവിടെ യഥാര്‍ത്ഥ ദൈവത്തെ മനുഷ്യനില്‍നിന്നും മറച്ചുവച്ച് മനുഷ്യന്റെ സ്വാര്‍ത്ഥ വിചാരത്തെ പ്രകോപിപ്പിച്ചല്ലേ ഈ പണം വാങ്ങുന്നത്.
മനുഷ്യനില്‍ സ്വാര്‍ത്ഥത വളര്‍ന്നാല്‍ അത് ഏത് അതിര്‍ത്തിയില്‍ നിര്‍ത്തണം എന്ന് ആര്‍ക്കും പറയാനാകില്ല. വ്യക്തി സ്വാര്‍ത്ഥത ആണ് പലപ്പോഴും മതങ്ങള്‍ക്ക് പണം കൊടുക്കാന്‍ നമ്മേ പ്രേരിപ്പിക്കുന്നത്. ഈ വ്യക്തി സ്വാര്‍ത്ഥത വളര്‍ന്ന് അത് സമൂഹ സ്വാര്‍ത്ഥതയായി തീരുന്നു. എന്റെ മതം, എന്റെ പള്ളി, എന്റെ, മോസ്‌ക്, എന്റെ അമ്പലം! ഈ ``എന്റെ''യുടെ പിന്നിലും എന്റെ സമൂഹമാണുള്ളത്. എന്റെ സമൂഹം മറ്റു മത സമൂഹങ്ങളുമായി മല്‍സരിച്ച് വിജയിച്ചെങ്കില്‍ മാത്രമേ എന്റെ മതത്തിന് നിലനില്‍പ്പുള്ളു, എന്റെ മത്തിന്റെ മഹത്വം പ്രകാശിതമാകൂ എന്ന് പലരും വിശ്വസിക്കുന്നു. അങ്ങനെ വ്യക്തി സ്വാര്‍ത്ഥത സമൂഹ സ്വാര്‍ത്ഥതയായി തീരുന്നു. സ്വാര്‍ത്ഥതയ്‌ക്ക് അതിര്‍ത്തിയില്ല. സ്വാര്‍ത്ഥത കൂടുതല്‍ രൂക്ഷമാകുമ്പോള്‍ അത് ആക്രമണകാരിയായി തീരും. മറ്റുള്ളവരുടെമേല്‍ ആധിപത്യം പുലര്‍ത്തുക തങ്ങളുടെ ലക്ഷ്യമാണെന്ന് അവര്‍ കരുതുന്നു. തങ്ങളുടെ മതത്തെ സംരക്ഷിക്കുന്നതിന് ഏതതിര്‍ത്തിവരെ പോകാനും ഈ സമൂഹ സ്വാര്‍ത്ഥത അവരെ പ്രേരിപ്പിക്കുന്നു. ഇന്ന് മതം ഇന്ത്യയില്‍ ഇത്തരം ഒരു അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
ദൈവത്തിന്റെ സംരക്ഷകരായി മതം മാറുന്നു. അങ്ങനെ ദൈവ സംരക്ഷകരായിതീരുന്ന മതങ്ങള്‍ ആക്രമണകാരികളായിതീരുന്നു.
ഞാന്‍ മതഗ്രന്ഥങ്ങള്‍ അന്വേഷണബുദ്ധിയോടെ വായിക്കാറുണ്ട്. ഒരു മതാചാര്യനും ദൈവത്തെ സംരക്ഷിക്കാന്‍ മനുഷ്യന് കടമയുണ്ടെന്നു പറഞ്ഞിട്ടില്ല. ദൈവം സ്വയം രക്ഷകനാണ്. മറ്റുള്ളവരെ രക്ഷിക്കുന്നവനുമാണ്. ദൈവത്തിന് രക്ഷാകവചം ആവശ്യമില്ല. പക്ഷേ നാം പലപ്പോഴും ദൈവത്തിന്റെ രക്ഷകരായി മാറുന്നു.
ഇത് മതത്തിനുള്ളില്‍ സംഭവിക്കുന്ന ജീര്‍ണ്ണതയില്‍നിന്നും ഉണ്ടാകുന്നതാണ്. ഈ ജീര്‍ണ്ണതയെ അകറ്റാതെ ആചാര്യപ്രമാണമനുസരിച്ച് മതത്തെ മനുഷ്യനന്മയ്‌ക്കായി ഉപയോഗിക്കാന്‍ സാധ്യമല്ല. ഒരുകാലത്ത് മൃഗങ്ങളെ ബലികഴിച്ച് ദൈവത്തെ പ്രീണിപ്പിച്ചു; മനുഷ്യനെ ബലികഴിച്ചും ദൈവത്തെ പ്രീണിപ്പിക്കാമെന്ന് കരുതിയ അജ്ഞതയുടെ കാലമുണ്ടായിരുന്നു. ഈ അജ്ഞതയുടെ കാലഘട്ടത്തില്‍നിന്നും യഥാര്‍ത്ഥ ഈശ്വര ജ്ഞാനത്തിലേക്കാണ് ക്രിസ്‌തുവും മുഹമ്മദും ഭാരതീയ ആചാര്യന്മാരും മനുഷ്യസമൂഹത്തെ നയിച്ചത്. പക്ഷേ ഈശ്വരനെ തങ്ങളുടെ കസ്റ്റഡിയിലെടുത്ത് തങ്ങളുടെ കച്ചവടച്ചരക്കാക്കി മതങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്നു. ഈ ദുരവസ്ഥയില്‍ യഥാര്‍ത്ഥ ഈശ്വരവിശ്വാസി അവര്‍ ഹിന്ദുക്കളാകട്ടെ മുസ്ലീമുകളാകട്ടെ ക്രിസ്‌ത്യാനികളാകട്ടെ തങ്ങളുടെ ആചാര്യന്മാര്‍ എന്താണ് പഠിപ്പിച്ചതെന്ന് കൂടുതല്‍ ആഴത്തില്‍ പഠിക്കേണ്ടിയിരിക്കുന്നു. ഇന്നു കാണുന്ന മതവൈകൃതങ്ങളുടെ കാരണം ദൈവമല്ല. ദൈവത്തെ മറയാക്കി മനുഷ്യസ്വാര്‍ത്ഥത സൃഷ്‌ടിക്കുന്ന കലാപങ്ങളിലേക്ക് നമ്മുടെ മനസ്സു വഴുതിപോകാതിരിക്കാന്‍ മതാചാര്യന്മാരെ കൂടുതല്‍ മനസ്സിലാക്കണം.
By: ജോസഫ് പുലിക്കുന്നേല്‍
------------------------------------------------------------------------------------------------------------------------------
As received by E-mail
Nandakumar
------------------------------------------------------------------------------------------------------------------------------
As received by E-mail
Nandakumar
www.keralites.net |
__._,_.___
No comments:
Post a Comment