Tuesday, September 7, 2010

[www.keralites.net] മരുന്ന്: നമുക്കറിയാത്ത 20 കാര്യങ്ങള്‍!!!



മരുന്ന്: നമുക്കറിയാത്ത 20 കാര്യങ്ങള്‍!!!
മരുന്ന് വാങ്ങി കഴിക്കുമ്പോള്‍ നമ്മള്‍ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നുണ്ടോ? മരുന്നുമായി ബന്ധപ്പെട്ട് നമ്മള്‍ അറിയേണ്ടതെല്ലാം വിശദീകരിക്കുകയാണ് ഡോ.ബി.പത്മകുമാര്‍...

ചെറിയ തലവേദനയ്ക്കും പനിക്കുമൊക്കെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് ആസ്​പിരിനും പാരസിറ്റമോളുമൊക്കെ വാങ്ങിക്കഴിക്കാറുണ്ട്. ഇതില്‍ അപകടമുണ്ടോ?
ഏറ്റവും കൂടുതല്‍ ദുരുപയോഗംചെയ്യപ്പെടുന്ന മരുന്നുകളാണ് പാരസിറ്റമോളടക്കമുള്ള വേദനസംഹാരികള്‍. സ്വയംചികിത്സകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മരുന്നുകളും ഇവതന്നെ. പനിയും തലവേദനയും മറ്റും ഉള്ളപ്പോള്‍ മരുന്നുകടയില്‍പോയി സ്വയം ഇവ വാങ്ങിക്കഴിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം മരുന്നുകള്‍ സ്വയം ഉപയോഗിക്കുമ്പോള്‍ താത്കാലികമായി രോഗലക്ഷണങ്ങള്‍ കുറഞ്ഞെന്നുവരാം. എന്നാല്‍ തുടര്‍ന്ന് രോഗം പുരോഗമിക്കുകയും രോഗി ഗുരുതരാവസ്ഥയിലെത്തുകയും ചെയ്യാം. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവ ഒന്നോരണ്ടോ ദിവസംകൊണ്ടുതന്നെ മാരകമാകാമെന്ന് ഓര്‍ക്കുക. വൈദ്യസഹായം നേടാന്‍ താമസമുണ്ടാകുന്നത് രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കാം.

കൂടാതെ സ്വയംചികിത്സ ചെയ്യുമ്പോള്‍ മരുന്നിന്റെ പ്രവര്‍ത്തനംമൂലം രോഗലക്ഷണങ്ങളില്‍ പ്രകടമായ വ്യതിയാനങ്ങളുണ്ടാകാം. ഇത് ശരിയായ രോഗനിര്‍ണയത്തിന് തടസ്സമുണ്ടാക്കുന്നു. ചിലപ്പോള്‍ ഒരു ആസ്​പിരിന്‍ ഗുളിക കഴിക്കുന്നതുതന്നെ ഗുരുതരമായ ഉദര രക്തസ്രാവത്തിനിടയാക്കിയെന്നുവരാം. പ്രത്യേകിച്ചും പ്രായമേറിയവരിലും ആമാശയവ്രണങ്ങള്‍ ഉള്ളവരിലും ഗുളിക വെറുംവയറ്റില്‍ കഴിക്കുന്നതും പ്രശ്‌നങ്ങള്‍ക്കിടയാക്കും.

വേദനസംഹാരികളുടെ തുടര്‍ച്ചയായ ഉപയോഗം നിരവധി പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായേക്കാം. ആമാശയവ്രണങ്ങള്‍, ഉദരരക്തസ്രാവം, ഛര്‍ദി, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയ സാധാരണമായി കണ്ടുവരുന്ന ഉദരപ്രശ്‌നങ്ങളാണ്. മരുന്നിനോടുള്ള അലര്‍ജിയെത്തുടര്‍ന്ന് ദേഹത്ത് ചുമന്ന പാടുകളും ചൊറിച്ചിലും അനുഭവപ്പെട്ടേക്കാം. വേദനസംഹാരികളുടെ തുടര്‍ച്ചയായ ഉപയോഗത്തെ തുടര്‍ന്ന് ഗുരുതരമായ വൃക്കരോഗങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഇത് ഭാവിയില്‍ വൃക്കസ്തംഭനത്തിനുവരെ ഇടയാക്കാം. ഉയര്‍ന്ന അളവില്‍ (10 ഗ്രാമിലേറെ) പാരസിറ്റമോള്‍ കഴിക്കുന്നതിനെത്തുടര്‍ന്ന് കരളിന്റെ പ്രവര്‍ത്തനം തകരാറിലാകാം.

ഗര്‍ഭിണികള്‍ മറ്റ് അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോ?

ഗര്‍ഭകാലത്ത് ഒരു മരുന്നും പൂര്‍ണമായും സുരക്ഷിതമാണെന്നു പറയാന്‍ കഴിയില്ല. കാരണം പ്ലാസന്റയ്ക്ക്, ഗര്‍ഭിണി കഴിക്കുന്ന മരുന്നുകളെ, വളര്‍ച്ചവ്യാപിക്കുന്ന ശിശുവിലേക്ക് എത്താതെ പൂര്‍ണമായും പ്രതിരോധിക്കാന്‍ സാധിക്കുകയില്ല എന്നതുതന്നെ. ഗര്‍ഭിണി കഴിക്കുന്ന പല മരുന്നുകളും കുഞ്ഞിന്റെ വളര്‍ച്ചയെയും ബുദ്ധിവികാസത്തെയും പ്രതികൂലമായി ബാധിക്കാം. കുഞ്ഞിന്റെ അവയവങ്ങള്‍ രൂപപ്പെടുന്ന ഗര്‍ഭകാലത്തെ 18 മുതല്‍ 55 വരെ ദിവസങ്ങളാണ് ഏറ്റവും കൂടുതല്‍ സൂക്ഷിക്കേണ്ടത്.

ഗര്‍ഭകാലത്ത് പൂര്‍ണമായും ഒഴിവാക്കേണ്ടതാണ് അര്‍ബുദ ചികിത്സയ്ക്കുള്ള മരുന്നുകള്‍, ടെട്രാസൈക്ലിന്‍ ആന്റി ബയോട്ടിക്കുകള്‍ അപസ്മാര ചികിത്സയ്ക്കുപയോഗിക്കുന്ന ഫിനോബാര്‍ബിറ്റോണ്‍, ഫെനിറ്റോയിന്‍, തൈറോയിഡിന്റെ അമിതപ്രവര്‍ത്തനത്തെ തടയുന്ന മരുന്നുകള്‍, ലിത്തിയം, ആസ്​പിരിന്‍, ഇന്‍ഡോമെതാസിന്‍പോലെയുള്ള വേദനസംഹാരികള്‍ തുടങ്ങിയവ. എന്നാല്‍ ഗര്‍ഭിണിയുടെ സുരക്ഷയെ കരുതി പെനിസിലിന്‍പോലെയുള്ള ആന്റിബയോട്ടിക്കുകള്‍, പാരസിറ്റമോള്‍, തൈറോക്‌സിന്‍, സ്റ്റിറോയിഡുകള്‍ തുടങ്ങിയവ മിതമായി നല്‍കാറുണ്ട്. കൂടാതെ ഗര്‍ഭിണിയുടെയും ഗര്‍ഭസ്ഥശിശുവിന്റെയും പോഷകനില മെച്ചപ്പെടുത്താന്‍ അയേണ്‍, കാത്സ്യം തുടങ്ങിയവയും ഗര്‍ഭകാലത്ത് നല്‍കാറുണ്ട്.

ഭക്ഷണത്തിന് മുന്‍പ്, ശേഷം എന്നൊക്കെ മരുന്നുകള്‍ക്ക് പുറത്ത് എഴുതി കാണാറുണ്ട്. ഇതെന്തിനാണ്?

മരുന്നിന്റെ ദഹനാഗിരണം സുഗമമാക്കാന്‍ ഭക്ഷണവുമായി നിര്‍ദിഷ്ട ഇടവേളകള്‍ നിര്‍ദേശിക്കാറുണ്ട്. ഭക്ഷണത്തിനു ശേഷമോ ഭക്ഷണത്തോടൊപ്പമോ മരുന്ന് കഴിക്കുമ്പോള്‍ മരുന്ന് ഭക്ഷണവുമായി ലയിച്ചുചേരാനും ആഗിരണം തടസ്സപ്പെടാനുമിടയുണ്ട്. കൂടാതെ ഭക്ഷണത്തിലെ ചില ഘടകങ്ങളുമായി മരുന്നുകള്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന ചില സംയുക്തങ്ങള്‍ ആഗിരണംചെയ്യപ്പെടാതെ കിടന്നെന്നും വരാം. ഉദാഹരണത്തിന് പാലിലെ കാത്സ്യവുമായി ചേര്‍ന്ന് ടെട്രാസൈക്ലിന്‍ മരുന്നുകള്‍ ഉണ്ടാക്കുന്ന സംയുക്തങ്ങള്‍ ആഗിരണത്തെ തടയുന്നു. അതുകൊണ്ട് ഭക്ഷണത്തിനു മുമ്പ് കഴിക്കുമ്പോഴാണ് മരുന്നുകള്‍ നന്നായി ആഗിരണം ചെയ്യപ്പെടുന്നത്. എന്നാല്‍ ചില മരുന്നുകള്‍ ആമാശയത്തിലെ ശ്ലേഷ്മസ്തരത്തിന് കേടുവരുത്തിയേക്കാം. അതുകൊണ്ട് ഇവ ഭക്ഷണത്തിനുശേഷമേ കഴിക്കാവൂ. ഉദാഹരണം ആസ്​പിരന്‍, സ്റ്റിറോയ്ഡുകള്‍ തുടങ്ങിയവ.

മുലയൂട്ടുന്ന അമ്മമാര്‍ മരുന്ന് കഴിക്കുന്നതുകൊണ്ട് കുഞ്ഞിന് ദോഷമുണ്ടോ? ഇതുകൊണ്ട് അമ്മയ്ക്ക് മുലപ്പാല്‍ കുറയുമോ?

ഗര്‍ഭിണികളെപ്പോലെതന്നെ മുലയൂട്ടുന്ന അമ്മമാരും കഴിയുന്നതും എല്ലാ മരുന്നുകളും ഒഴിവാക്കണം. കാരണം അമ്മ കഴിക്കുന്ന മരുന്നുകള്‍ മുലപ്പാലിലൂടെ കുഞ്ഞിലെത്താനിടയുണ്ട്. അര്‍ബുദത്തിനുള്ള മരുന്നുകള്‍, മനോരോഗചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഔഷധങ്ങള്‍, സ്റ്റിറോയിഡുകള്‍, ആസ്​പിരിന്‍, ലിത്തിയം, ഫിനോബാര്‍ബിറ്റോണ്‍, ഫെനിറ്റോയിന്‍ തുടങ്ങിയ മരുന്നുകള്‍ പൂര്‍ണമായും ഒഴിവാക്കണ്ടവതന്നെ. കൂടാതെ ബ്രോമോക്രിപ്റ്റിന്‍, ലിവോ ഡോപ്പ തുടങ്ങിയ മരുന്നുകള്‍ മുലപ്പാലിന്റെ ഉത്പാദനത്തെ തടയാനിടയുണ്ട്. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും മരുന്നുകള്‍ കഴിക്കേണ്ടിവരുകയാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമേ ഇവ കഴിക്കാവൂ.

ഹോര്‍മോണ്‍ ഗുളികകള്‍ കഴിച്ച് ആര്‍ത്തവം നീട്ടിവെക്കാമെന്ന് കേട്ടു. ഇതുകൊണ്ട് തകരാറുണ്ടോ?

അത്യാവശ്യ ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ആര്‍ത്തവം മാറ്റി വെക്കാന്‍ ഗുളിക കഴിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഹോര്‍മോണ്‍ ഗുളികകള്‍ സ്ഥിരമായി കഴിക്കുന്നത് ആര്‍ത്തവത്തകരാറുകള്‍ ഉള്‍പ്പെടെ നിരവധി പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായേക്കാം. തലവേദന, കാലില്‍ നീര്, സ്തനങ്ങളില്‍ വേദന തുടങ്ങിയവയും ഉണ്ടാവാം. ഈസ്ട്രജന്‍ അടങ്ങിയ ഗുളികകള്‍ പിത്തസഞ്ചിയിലെ കല്ലിനും കാരണമാകാം.

മനോരോഗത്തിന് മരുന്ന് കഴിക്കുന്നവര്‍ക്ക് പിന്നീടത് നിര്‍ത്താനാവില്ലെന്ന് കേട്ടിട്ടുണ്ട്. ഇതിലെന്തെങ്കിലും യാഥാര്‍ഥ്യമുണ്ടോ?

മാനസികപ്രശ്‌നങ്ങള്‍ പലതും ദീര്‍ഘകാല രോഗമായതിനാല്‍ മരുന്നുകളും ദീര്‍ഘകാലം ഉപയോഗിക്കേണ്ടിവന്നേക്കും. ഉദാഹരണത്തിന് സ്‌കീസോഫ്രേനിയപോലുള്ള ഗുരുതരമായ മാനസികപ്രശ്‌നമുള്ളവര്‍ക്ക് തുടര്‍ച്ചയായ മരുന്നുപയോഗം വേണ്ടിവന്നേക്കാം. എന്നാല്‍ ലഘുമനോരോഗങ്ങളായ അമിത ഉത്കണ്ഠ, വിഷാദം, ടെന്‍ഷന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ചെറിയ കാലയളവിനുശേഷം, രോഗസ്ഥിതി മെച്ചപ്പെടുമ്പോള്‍ മരുന്ന് നിര്‍ത്താന്‍ കഴിഞ്ഞെന്നുവരാം. പലപ്പോഴും മരുന്നുപയോഗം സ്വയം നിര്‍ത്തുന്നതിനെത്തുടര്‍ന്ന് രോഗം കൂടുതല്‍ വഷളാകാനിടയുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരമേ മരുന്ന് നിര്‍ത്തുകയോ ഡോസ് കുറയ്ക്കുകയോ ചെയ്യാവൂ.

ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ?

ഗര്‍ഭനിരോധന ഗുളികളില്‍ പ്രധാനമായി അടങ്ങിയിരിക്കുന്നത് ഈസ്ട്രജന്‍, പ്രൊജസ്റ്റിന്‍ തുടങ്ങിയ ഹോര്‍മോണുകളാണ്. ഇവയുടെ തുടര്‍ച്ചയായ ഉപയോഗം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.

മരുന്നുകള്‍ ഉപയോഗിച്ചുതുടങ്ങുന്ന ഘട്ടത്തില്‍തന്നെ ഓക്കാനം, ഛര്‍ദി തുടങ്ങിയവ ഉണ്ടായെന്നുവരാം. തുടര്‍ന്ന് തുടര്‍ച്ചയായ തലവേദന, മൈഗ്രെയിന്‍, സ്തനങ്ങള്‍ക്ക് വേദന തുടങ്ങിയ പാര്‍ശ്വഫലങ്ങളും ഉണ്ടാകാറുണ്ട്. ആര്‍ത്തവത്തകരാറുകളും അപൂര്‍വമല്ല.

ശരീരഭാരം കൂടുക, അമിത രോമവളര്‍ച്ച, മുഖക്കുരു, മുഖത്തും കവിളിലും മൂക്കിലുമൊക്കെ കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുക, ഗുഹ്യഭാഗങ്ങളില്‍ ചൊറിച്ചില്‍, സ്വഭാവവ്യതിയാനം തുടങ്ങിയ പ്രശ്‌നങ്ങള്‍ പിന്നീട് പ്രത്യക്ഷപ്പെട്ടുവെന്നുവരാം. ഉയര്‍ന്ന ഡോസില്‍ മരുന്ന് ഉപയോഗിക്കുന്നവരില്‍ പ്രമേഹമുണ്ടാകാനുള്ള സാധ്യതയുമുണ്ട്.

രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിക്കുന്നതിനെത്തുടര്‍ന്ന് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യതയുണ്ട്. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന അഞ്ചുമുതല്‍ പത്തുവരെ ശതമാനം പേര്‍ക്ക് രക്താതിസമ്മര്‍ദമുണ്ടാവാം. സ്തനങ്ങള്‍, ഗര്‍ഭാശയങ്ങള്‍, യോനി തുടങ്ങിയ ശരീരഭാഗങ്ങളില്‍ അര്‍ബുദമുണ്ടാകാനുള്ള സാധ്യതയുണ്ട്. രക്തത്തിലെ കൊഴുപ്പിന്റെ ഘടകങ്ങളുടെ അളവ് ക്രമാതീതമായി വര്‍ധിക്കാനും സാധ്യതയുണ്ട്.

ചില ഗുളികകള്‍ കഴിച്ചിട്ട് വണ്ടി ഓടിക്കരുതെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?

പനി, കഫക്കെട്ട് തുടങ്ങിയവയ്ക്കു നല്‍കുന്ന ചില മരുന്നുകള്‍ മയക്കമുണ്ടാക്കുന്നവയാണ്. ആന്റിഹിസ്റ്റമിന്‍ അടങ്ങിയ മരുന്നുകളാണിവ. ഇവ കഴിച്ചിട്ട് ഡ്രൈവിങ് ഒഴിവാക്കുന്നതാണ് നല്ലത്. അതേപോലെ ഉറക്കഗുളികകള്‍, അപസ്മാരത്തിനുള്ള ഗുളികകള്‍ എന്നിവ കഴിച്ചിട്ടും വണ്ടി ഓടിക്കരുത്.

മരുന്ന് കഴിക്കുമ്പോള്‍ പാല്‍ കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നു. ഇതു ശരിയാണോ?

മരുന്ന് കഴിക്കുമ്പോള്‍ പാല്‍ കുടിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. എന്നാല്‍ ചില മരുന്നുകള്‍ പാലിനോടൊപ്പം കഴിക്കുമ്പോള്‍ മരുന്നിന്റെ സുഗമമായ ആഗിരണം തടസ്സപ്പെടാനിടയുണ്ട്. ഉദാഹരണത്തിന് ടെട്രാസൈക്ലിന്‍ ആന്റിബയോട്ടിക്കുകള്‍ക്കൊപ്പം പാല്‍ കുടിക്കുമ്പോള്‍, മരുന്ന് പാലിലെ ഘടകങ്ങളുമായി ചേര്‍ന്ന് ആഗിരണം ചെയ്യാത്ത സംയുക്തമായി മാറുന്നു. ഇത് മരുന്നിന്റെ ആഗിരണത്തെ പ്രതികൂലമായി ബാധിക്കുന്നു. അതുപോലെത്തന്നെ അയേണ്‍ ഗുളികകള്‍ക്കൊപ്പവും പാല്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. പാല്‍ കുടിക്കേണ്ടിവരുകയാണെങ്കില്‍ മരുന്നിനു മുന്‍പോ ശേഷമോ ഒരു മണിക്കൂറിന്റെ ഇടവേളയില്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

മദ്യപാനം നിര്‍ത്താനുള്ള മരുന്നുകളുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇതുപയോഗിക്കുന്നതുകൊണ്ട് ശരീരത്തിന് ദോഷമുണ്ടോ?

മദ്യപന്റെ പൂര്‍ണ സഹകരണമില്ലാതെ മദ്യപാനം നിര്‍ത്തുന്നതിനുള്ള മാജിക് മരുന്നുകളൊന്നുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ മദ്യപാനം നിര്‍ത്തുന്നതിനു സഹായിക്കുന്ന വൈദ്യശാസ്ത്ര ചികിത്സയുണ്ട്. മറ്റു ചികിത്സാരീതികളായ മനശ്ശാസ്ത്ര-സാമൂഹിക ചികിത്സയോടൊപ്പവും പുനരധിവാസ ചികിത്സയോടൊപ്പവും മരുന്നുകള്‍ കൂടി നല്‍കുന്നത് ഫലംചെയ്യാറുണ്ട്. മദ്യത്തോടുള്ള ആസക്തി കുറയ്ക്കാനായി ഡൈസള്‍ഫിറാം എന്ന മരുന്നാണ് സാധാരണമായി ഉപയോഗിക്കുന്നത്. ഇവ കഴിക്കുന്നവര്‍ മദ്യപിച്ചാല്‍ ശക്തമായ തലവേദന, നെഞ്ചുവേദന, തലകറക്കം, ഛര്‍ദി, കാഴ്ചയ്ക്കു മങ്ങല്‍, ബോധക്ഷയം തുടങ്ങി നിരവധി അസ്വസ്ഥതയുളവാക്കുന്ന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഈ അസ്വസ്ഥതകളെ ഭയന്ന്, മദ്യപാനി മദ്യം ഒഴിവാക്കാന്‍ നിര്‍ബന്ധിതനാകുന്നു.

ആന്റിബയോട്ടിക് മരുന്നുകള്‍ ഇത്ര കോഴ്‌സ് കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. ഇത് ഇടയ്ക്കുവെച്ച് നിര്‍ത്തിയാല്‍ പ്രശ്‌നമുണ്ടോ?

ആന്റിബയോട്ടിക്കുകള്‍ രോഗലക്ഷണങ്ങള്‍ മാറാനുള്ള മരുന്നുകളല്ല, മറിച്ച് രോഗാണുക്കളെ നശിപ്പിച്ച് രോഗം പൂര്‍ണമായും ഭേദമാക്കാനുള്ള ഔഷധങ്ങളാണ്. എന്നാല്‍ പലപ്പോഴും പനിക്കും തൊണ്ടവേദനയ്ക്കും ചുമയ്ക്കുമൊക്കെ ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ പലരും രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമായാലുടന്‍തന്നെ മരുന്ന് നിര്‍ത്തും. നിര്‍ദേശിച്ച കാലാവധി പൂര്‍ത്തിയാക്കാതെ മരുന്ന് നിര്‍ത്തുമ്പോള്‍ രോഗാണുക്കള്‍, മരുന്നിനെതിരെ പ്രതിരോധശക്തിയാര്‍ജിക്കാനുള്ള സാധ്യതയുണ്ട്. തുടര്‍ന്ന് മറ്റൊരവസരത്തില്‍ ഈ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അവ ഫലപ്രദമായെന്നുവരില്ല. പെനിസിലിന്‍ ഉള്‍പ്പെടെ സാധാരണ ഉപയോഗിക്കുന്ന പല ആന്റിബയോട്ടിക്കുകള്‍ക്കെതിരായും രോഗാണുക്കള്‍ പ്രതിരോധശേഷി ആര്‍ജിക്കാറുണ്ട്. ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാകണമെങ്കില്‍ പൂര്‍ണമായും കോഴ്‌സ് പൂര്‍ത്തിയാക്കിയിരിക്കണം, കൂടാതെ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം ഒഴിവാക്കുകയും വേണം.

ലൈംഗിക ഉത്തേജക മരുന്നുകള്‍ക്ക് ഫലസിദ്ധിയുണ്ടാവുമോ? അവ തുടര്‍ച്ചയായി ഉപയോഗിക്കുന്നതില്‍ ദോഷമുണ്ടോ?

ആധുനിക മനുഷ്യന്റെ സംഘര്‍ഷം നിറഞ്ഞ ജീവിതശൈലിയും പ്രമേഹം പോലുള്ള ആധുനിക രോഗങ്ങളുടെ വ്യാപനവും ലൈംഗികപ്രശ്‌നങ്ങള്‍ വ്യാപകമാകാനിടയാക്കിയിട്ടുണ്ട്. എന്നാല്‍ ഇവയ്ക്കു പരിഹാരമായി ഒരു മാജിക് മരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മറിച്ച് ഉത്തേജനക്കുറവോ മറ്റു ലൈംഗികപ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ കാരണമറിഞ്ഞ് ചികിത്സിക്കുകയാണ് വേണ്ടത്.

വിപണിയില്‍ ലഭ്യമായ മരുന്നുകളില്‍ പലതും ഫലം തരികയില്ലെന്നു മാത്രമല്ല, ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കിയെന്നുംവരാം. ഇവയില്‍ പലതിന്റെയും ചികിത്സാചെലവും വളരെ കൂടുതലാണ്. ലൈംഗിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉചിതമായ പരിശോധനകള്‍ നടത്തി, കാരണം കണ്ടുപിടിച്ച് ചികിത്സിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ സില്‍സെനാഫില്‍ (വയാഗ്ര) പുരുഷന്മാരിലെ ലൈംഗികോത്തേജനക്കുറവിനുള്ള ഫലപ്രദമായ പ്രതിവിധിയാണ്.

ബോഡിബില്‍ഡിങ് കേന്ദ്രങ്ങളില്‍ പരിശീലനത്തിനെത്തുന്നവര്‍ മസില്‍ വികസിപ്പിക്കാന്‍ സ്റ്റിറോയ്ഡ് കുത്തിവെക്കുന്നത് കണ്ടിട്ടുണ്ട്. ഇത് ശരീരത്തിന് ദോഷമുണ്ടാക്കുമോ?

സ്റ്റിറോയിഡുകള്‍ ജീവന്‍രക്ഷാ മരുന്നുകളാണ്. കടുത്ത ആസ്ത്മ ഉള്ളവര്‍ക്കും അപകടകരമായ രീതിയില്‍ മരുന്നിന്റെയും മറ്റും റിയാക്ഷന്‍ ഉണ്ടാകുമ്പോഴുമൊക്കെ സ്റ്റിറോയിഡുകള്‍ ഉടനടി ആശ്വാസംനല്‍കാറുണ്ട്. എന്നാല്‍ തടിവെക്കാനും പേശികളുടെ വലുപ്പം കൂട്ടാനും കായികക്ഷമത വര്‍ധിപ്പിക്കാനുമൊക്കെ സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നത് നന്നല്ല. തന്നെയുമല്ല പേശികളുടെ വലുപ്പവും ബലവുമൊക്കെ താത്കാലികമായി മാത്രമേ കൂടുകയുള്ളൂ. സ്റ്റിറോയിഡുകളുടെ തുടര്‍ച്ചയായ ഉപയോഗത്തെത്തുടര്‍ന്ന് പേശികള്‍ക്ക്, പ്രത്യേകിച്ചും കൈകാലുകളുടെ പേശികള്‍ക്ക് ബലക്ഷയം സംഭവിക്കുകയാണ് ചെയ്യുന്നത് (മയോപ്പതി) കൂടാതെ പ്രമേഹം, അസ്ഥിക്ഷയം, ആമാശയവ്രണങ്ങള്‍, തുടര്‍ച്ചയായ രോഗാണുബാധ, വളര്‍ച്ച മുരടിക്കല്‍, മുറിവുകള്‍ കരിയാന്‍ വൈകുക, തിമിരം, ഗ്ലോക്കോമ തുടങ്ങി നിരവധി പാര്‍ശ്വഫലങ്ങളും ഉണ്ടാകാം.

ഒരേ മരുന്നുകള്‍ പല കമ്പനികളും നിര്‍മിക്കുന്നത് വിപണിയിലുണ്ട്. പലതിനും വിലയില്‍ വന്‍ വ്യത്യാസവും കാണാറുണ്ട്. കമ്പനിയുടെ മരുന്ന് മാറ്റി വാങ്ങുന്നതില്‍ തെറ്റുണ്ടോ? വില കുറഞ്ഞ മരുന്നിന് ഗുണം കുറയുമോ?

ഒരേ മരുന്നുതന്നെ പല കമ്പനികളും ഉത്പാദിപ്പിക്കാറുണ്ട്. താരതമ്യേന നിലവാരമുള്ള കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകളും ഗുണ നിലവാരമുള്ളതാവാം. എന്നാല്‍ ഡോക്ടമാര്‍ കുറിച്ചുകൊടുക്കുന്ന മരുന്നുകള്‍, കടകളില്‍നിന്ന് കമ്പനി മാറി നല്‍കാറുണ്ട്. ഇവയില്‍ പലതിനും വില കുറവാണെന്നുവരാം. ലൈസന്‍സൊന്നുമില്ലാത്ത വ്യാജ മരുന്നു കമ്പനികള്‍വരെ ധാരാളമുണ്ട് നമ്മുടെ നാട്ടില്‍. വില കുറഞ്ഞ മരുന്നുകള്‍ക്കു പുറകേ പോകാതിരിക്കുന്നതാണ് നല്ലത്. കഴിയുന്നതും ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുതന്നെ കഴിക്കുക. കടകളില്‍ മരുന്ന് മാറിത്തരുന്ന പ്രവണതയെ നിരുത്സാഹപ്പെടുത്തുക.

അലോപ്പതി മരുന്നുകള്‍ക്കൊപ്പം മറ്റു മരുന്നുകള്‍ (ആയുര്‍വേദം, ഹോമിയോപ്പതി) കഴിക്കുന്നതുകൊണ്ട് ദോഷമുണ്ടോ?

ഒരു വൈദ്യശാസ്ത്രശാഖയിലെ മരുന്നുകള്‍ കഴിക്കുമ്പോള്‍ ഇതര ശാഖയിലെ മരുന്നുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം രണ്ടു മരുന്നുകളിലെയും ഘടകങ്ങള്‍ തമ്മിലുണ്ടാകാവുന്ന പ്രതിപ്രവര്‍ത്തനങ്ങള്‍ മരുന്നിന്റെ പ്രവര്‍ത്തനക്ഷമതയെ ബാധിച്ചുവെന്നുവാരം. കൂടാതെ മരുന്നുകളുടെ ഉപാപചയപ്രവര്‍ത്തനത്തിലും വിസര്‍ജന പ്രക്രിയയിലും മറ്റും ഉണ്ടാകാനിടയുള്ള മാറ്റങ്ങള്‍, ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്കും കാരണമായെന്നുവരാം. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ റിയാക്ഷന്‍ മൂലമുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ബുദ്ധിമുട്ടുണ്ടാകാനിടയുണ്ട്. എന്നാല്‍ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ പുറമെയുള്ള ലേപനങ്ങള്‍ പരിഗണിക്കാം.

ചില മരുന്നുകള്‍ കഴിക്കുന്നത് ഓര്‍മശക്തിയെ ബാധിക്കുമെന്ന് പറയുന്നത് ശരിയാണോ?

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്ന ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗത്തെത്തുടര്‍ന്ന് ഓര്‍മശക്തി കുറയാറുണ്ട്. പ്രധാനമായും ഉറക്കഗുളികകളും മനോരോഗചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുമാണ് ഓര്‍മശക്തിയെ ബാധിക്കുന്നത്. നേരത്തേതന്നെ ഓര്‍മക്കുറവിന്റെ പ്രശ്‌നങ്ങള്‍ ഉള്ളവരുടെ അവസ്ഥ കൂടുതല്‍ മോശമാകാനും ഈ മരുന്നുകള്‍ കാരണമായേക്കും. സാധാരണ പനിക്കും ജലദോഷത്തിനുമൊക്കെ ഉപയോഗിക്കുന്ന മരുന്നുകളിലെ ആന്റിഹിസ്റ്റമിന്‍ ഘടകവും താത്കാലികമായ മറവിക്കു കാരണമായേക്കാം.

മരുന്ന് മാറിക്കഴിച്ചുപോയാല്‍ അടിയന്തരമായി എന്താണ് ചെയ്യേണ്ടത്?

മരുന്ന് മാറിക്കഴിക്കുന്നത് അബദ്ധത്തില്‍ സംഭവിക്കാം. കൂടാതെ ആത്മഹത്യാപ്രവണതയുള്ളവര്‍ ആത്മഹത്യാശ്രമത്തിന്റെ ഭാഗമായും കൂടുതല്‍ അളവില്‍ മരുന്ന് കഴിച്ചെന്നും വരാം. ഏതായാലും ഉടന്‍തന്നെ വൈദ്യസഹായം തേടുകയാണ് ചെയ്യേണ്ടത്. എന്നാല്‍ വൈദ്യസഹായം ലഭ്യമാകുന്നതുവരെ ചെയ്യാന്‍കഴിയുന്ന ചില പ്രഥമശുശ്രൂഷകളുണ്ട്. ഉള്ളില്‍ ചെന്ന മരുന്ന് പുറത്തുകളയാനായി ഛര്‍ദിപ്പിക്കാവുന്നതാണ്. ഉപ്പ് കലക്കിയ വെള്ളം ധാരാളം കുടിക്കാന്‍ കൊടുത്താലും തൊണ്ടയുടെ മുകള്‍ഭാഗത്തായി ഒരു സ്​പൂണ്‍ കൊണ്ടോ വിരലുകൊണ്ടോ ഇക്കിളിപ്പെടുത്തിയാലും ഛര്‍ദിക്കാനിടയുണ്ട്. എന്നാല്‍ അബോധാവസ്ഥയിലുള്ള വ്യക്തിയെയും ആസിഡ്, മണ്ണെണ്ണ തുടങ്ങിയ വസ്തുക്കള്‍ കഴിച്ചുവെന്ന് സംശയമുള്ളപ്പോഴും ഛര്‍ദിപ്പിക്കാന്‍ ശ്രമിക്കരുത്. വസ്ത്രത്തിലും മറ്റും മരുന്നു പറ്റിയിട്ടുണ്ടെങ്കില്‍ വസ്ത്രം അഴിച്ചുമാറ്റി ദേഹം വൃത്തിയായി കഴുകണം. മൂക്കിലും വായിലുമൊക്കെ പറ്റിപ്പിടിച്ചിരിക്കുന്ന മരുന്നിന്റെ അവശിഷ്ടങ്ങളും തുപ്പലും പതയുമൊക്കെ തുടച്ചുമാറ്റണം. ധാരാളം ശുദ്ധവായു ശ്വസിക്കാനും അനുവദിക്കണം.

കൊളസ്‌ട്രോള്‍, പ്രമേഹം, ഹൃദയാരോഗ്യം എന്നിവയ്‌ക്കൊക്കെ പല മരുന്നുകളും ഇപ്പോള്‍ വിപണിയില്‍ കാണാറുണ്ട്. ഇവയൊക്കെ ഗുണമേന്മയുള്ളതാണോ? ഇതൊക്കെ സ്വയം വാങ്ങി കഴിക്കാമോ?

മരുന്നു മാത്രം കഴിച്ച് രക്തധമനികളിലെ ക്ലോട്ട് അലിയിക്കാമെന്നും ഒരു ഡോസ് മരുന്ന് മാത്രം ഉപയോഗിച്ച് പ്രമേഹത്തെ ഭേദമാക്കാമെന്നും മറ്റും വാഗ്ദാനംചെയ്യുന്ന മരുന്നുകള്‍ വ്യാപകമാണ്. എന്നാലിതിന് ശാസ്ത്രീയ അടിസ്ഥാനമൊന്നുമില്ല. പ്രമേഹം, ഹൃദ്രോഗം, അമിത കൊളസ്‌ട്രോള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ദീര്‍ഘകാല രോഗങ്ങളാണ്. ഒരു ഡോസ് മരുന്ന് വാങ്ങി കഴിച്ചതുകൊണ്ടു മാത്രം ഇവയെ നിയന്ത്രിക്കാന്‍ സാധിക്കാറില്ല. മറിച്ച് മരുന്നിനോടൊപ്പം ഭക്ഷണം ക്രമീകരണം, വ്യായാമം, ക്രമമായ പരിശോധനകള്‍ ഇവകൂടി നടത്തിയാലേ ഈ ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രണവിധേയമാവുകയുള്ളൂ. മറിച്ചുള്ള മരുന്നുകളെ ആശ്രയിക്കുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാകാനേ സഹായിക്കൂ.

ചിലപ്പോള്‍ മരുന്നുകള്‍ കഴിക്കുമ്പോള്‍ പഥ്യം പാലിക്കാന്‍ പറയാറുണ്ട്, പുകവലി പാടില്ല, മദ്യപാനം ഒഴിവാക്കണം എന്നൊക്കെ. ഇതെന്തുകൊണ്ടാണ്?

മദ്യവും പുകയിലയുമൊക്കെ മരുന്നുകളുടെ ആഗിരണത്തെയും പ്രവര്‍ത്തനക്ഷമതയെയും പ്രതികൂലമായി ബാധിക്കാനിടയുണ്ട്. അതുകൊണ്ടാണ് മരുന്നുപയോഗിക്കുമ്പോള്‍ ഇവ ഒഴിവാക്കണമെന്നു പറയുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്ന മരുന്നുകളായ ഉറക്കഗുളികകള്‍, ആന്റി ഹിസ്റ്റമിനുകള്‍ തുടങ്ങിയവ കഴിക്കുന്നവര്‍ മദ്യപിച്ചാല്‍ മയക്കവും ഓര്‍മക്കുറവും സ്വഭാവ വ്യതിയാനവും ഉണ്ടാകാം. പ്രമേഹത്തിനുള്ള മരുന്നുകളും ചില ആന്റിബയോട്ടിക്കുകളും കഴിക്കുന്നവര്‍ മദ്യപിച്ചാല്‍ അസ്വസ്ഥതയുണ്ടാക്കുന്ന നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം. ആസ്​പിരിന്‍പോലുള്ള വേദനസംഹാരികളോടൊപ്പം മദ്യപിച്ചാല്‍ ഗുരുതരമായ ഉദരരക്തസ്രാവമുണ്ടാകാനിടയുണ്ട്.

ഡോക്ടര്‍ നിര്‍ദേശിച്ചതിലും കൂടിയ അളവില്‍ ഡോസുള്ള മരുന്ന് കഴിച്ചുപോയാല്‍ എന്തു ചെയ്യും?

ഡോക്ടര്‍മാര്‍ മരുന്നുകള്‍ നിര്‍ദേശിക്കുന്നത് ഏറ്റവും സുരക്ഷിതമായ ഡോസിലായിരിക്കും. അബദ്ധത്തില്‍ ഒരു ഡോസ് കൂടുതല്‍ കഴിച്ചുപോയാല്‍ കാര്യമായ പ്രശ്‌നമൊന്നും ഉണ്ടാകാനിടയില്ല. കാരണം പല മരുന്നുകളുടെയും അനുവദനീയമായ ഡോസ്, ഡോക്ടര്‍ നിര്‍ദേശിച്ച ഡോസിലും കൂടുതലാവും. എന്നാലും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഡോക്ടറുടെ ശ്രദ്ധയില്‍പെടുത്താന്‍ സാധിച്ചാല്‍ നന്നാവും. കഴിയുന്നതും മരുന്നിന്റെ അടുത്ത ഡോസ് ഒഴിവാക്കുന്നതാണ് നല്ലത്. കൂടാതെ പ്രമേഹത്തിന്റെ ഗുളിക അമിത ഡോസില്‍ കഴിച്ചിട്ടുണ്ടെങ്കില്‍ അല്പം മധുരം കഴിക്കുന്നതും രക്താതിസമ്മര്‍ദത്തിന്റെ മരുന്നാണെങ്കില്‍ ഉപ്പിട്ട് വെള്ളം കുടിക്കുന്നതും അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സഹായിക്കും.


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment