ബെര്ളിത്തരങ്ങള്
Author: Berly Thomas | ബെര്ളി തോമസ്
| ടിന്റുമോന് ഡോട് കോം എന്ന വെബ്സൈറ്റ് തയ്യാറാക്കി എസ്എംഎസിലൂടെ അലഞ്ഞുനടന്നിരുന്ന ടിന്റുമോന് ഒരഡ്രസുണ്ടാക്കി കൊടുത്ത കാസര്കോട് പയ്യന്സ് രൂപ ചിഹ്നത്തെ ഫോണ്ട് ആക്കി മാറ്റി രാജ്യത്തിന്റെ മുഴുവന്‍ കയ്യടി നേടുകയാണ്. കാസര്കോട് സ്വദേശികളായ ഉണ്ണി കോറോത്ത്, അബ്ദുല്‍ സലാം, അബ്ദുല്ല ഹിഷാം, എ. വിശ്വജിത്ത്, ജി.എസ് അരവിന്ദ് എന്നിവര്‍ ചേര്‍ന്ന് രൂപം നല്കിയ മംഗലാപുരത്തെ ഫൊറേഡിയന്‍ ടെക്നോളജീസ് വികസിപ്പിച്ചെടുത്ത റുപീ ഫോണ്ട് ആണ് പുതിയ വിസ്മയം. ഫൊറേഡിയന്‍ കമ്പനി പയ്യന്സ് ! മറ്റാര്‍ക്കും സാധിക്കാത്ത എന്തോ ചെയ്തു എന്നതിലല്ല, രൂപയ്ക്കു രൂപം ലഭിച്ചു 24 മണിക്കൂറിനുള്ളില്‍ ആ രൂപം ഏതൊരു കംപ്യൂട്ടറിലും ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കത്തക്ക വിധം ഫോണ്ട് തയ്യാറാക്കാന്‍ സാധിച്ചു എന്നതിലാണ് ഈ കൂട്ടായ്മയുടെ വിജയം. രൂപയ്ക്കു രൂപം നല്‍കിയ മുംബൈ ഐഐടി ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ സെന്ററിലെ ഡി. ഉദയകുമാര്‍ അടക്കം ഈ ഫോണ്ട് ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഉദയകുമാര്‍ തയാറാക്കിയ രൂപത്തിന്റെ വെക്ടര്‍ ഇമേജ് തയാറാക്കിയശേഷം ഫോണ്ടാക്കി മാറ്റുകയായിരുന്നത്രേ. അതുകൊണ്ടു തന്നെ എത്ര വലുപ്പം വര്ധിപ്പിച്ചാലും കുറച്ചാലും ലഭിക്കുന്ന ദൃശ്യത്തിന്റെ ഗുണമേന്മയില് കുറവുണ്ടാകില്ലെന്നും ഏറ്റവും ലളിതമായി ഉപയോഗിക്കാമെന്നും ഇവര്‍ പറയുന്നു. റുപീ എന്നു പേരു നല്കിയിരിക്കുന്ന ഫോണ്ട് ഫൊറാഡിയന്റെ ബ്ളോഗില്‍ നിന്നു സൌജന്യമായി ഡൌണ്ലോഡ് ചെയ്യാം. ഡൌണ്ലോഡ് ചെയ്യുന്ന ഫോണ്ട് C > Windows > Fonts എന്ന ഫോള്‍ഡറില്‍ സേവ് ചെയ്ത ശേഷം ടൈപ്പ് ചെയ്യുകയേ വേണ്ടൂ. റുപീ ഫോണ്ട് സെലക്ട് ചെയ്തതിനു ശേഷം കീബോര്ഡിലെ ടില്‍ഡ കീ അല്ലെങ്കില്‍ ഗ്രേവ് ആക്സന്റ് കീ (എസ്കേപ് കീയുടെ താഴെ ടാബ് കീയുടെ മുകളില്‍) അമര്‍ത്തിയാല്‍ രൂപയുടെ ചിഹ്നം തെളിയും. രൂപയുടെ ചിഹ്നവും തുക ടൈപ്പ് ചെയ്യുന്നതിനുള്ള അക്കങ്ങളും ചിഹ്നങ്ങളും മാത്രമേ ഫോണ്ടിന്റെ ആദ്യവേര്ഷനില് ലഭ്യമായിരുന്നു എങ്കില്‍ റുപീ 2.0 എന്ന പുതിയ വേര്‍ഷനില്‍ അക്ഷരങ്ങള്‍ക്ക് മറ്റ് ഫോണ്ടുകളെ ആശ്രയിക്കേണ്ടതില്ല.ഇതിന്റെ യൂണികോഡ് വേര്‍ഷന്‍ കൂടി ആരെങ്കിലും വികസിപ്പിച്ചെടുക്കാതെ വെബില്‍ ഉപയോഗം വഴിമുട്ടിനില്ക്കും. അല്ലെങ്കിലും വെബ് ഇന്ത്യന്സിനു റുപിയേക്കാള് ഡോളറിനോടാണ് താല്പര്യമെന്നു പറയുന്നു. രൂപയ്ക്കു ചിഹ്നമായപ്പോള്‍ ഏറ്റവുമധികം ആളുകള്‍ സംശയം ചോദിച്ചത് ഇനി എങ്ങനെ ഇത് ടൈപ്പ് ചെയ്യുമെന്നാണ്. ഭാവിയില്‍ കംപ്യൂട്ടര്‍ കീബോര്‍ഡില്‍ രൂപയുടെ ചിഹ്നവും വരാതിരിക്കില്ല എന്ന പ്രതീക്ഷകളില്‍ നമ്മളാശ്വസിച്ചു. രൂപയുടെ ചിഹ്നത്തിന്റെ അവസാന റൗണ്ടിലെ അഞ്ചു ചിഹ്നങ്ങളിലൊന്ന് തയ്യാറാക്കിയത് ഒരു കണ്ണൂര്കാരനായിരുന്നെങ്കില് ഫോണ്ട് തയ്യാറാക്കി ഇന്ത്യക്കു നല്കിയിരിക്കുന്നത് കാസര്കോഡ്കാരാണ്. ഇവര്‍ അഞ്ചുപേരും ചേര്ന്നു ഒന്നരക്കൊല്ലം മുന്പ് ആരംഭിച്ചതാണ് മംഗലാപുരത്തും കാസര്കോട് വിദ്യാനഗറിലും ഓഫിസുകളുമുള്ള ഫോറാഡിയന്‍ ടെക്നോളജീസ്.വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ഉയര്ന്ന തസ്തികകളിലെ ജോലി രാജിവച്ചശേഷമാണു ഇവര്‍ കമ്പനിക്കു രൂപം നല്കിയത്. |
No comments:
Post a Comment