Monday, August 22, 2011

[www.keralites.net] ശ്രീപദ്മനാഭസ്വാമി ക്ഷേത്രം - വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന അവാസ്തവമാണെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍

 



തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെയും രാജകുടുംബത്തെയും ബന്ധപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന അവാസ്തവമാണെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.കെ.ഹരികുമാര്‍ അറിയിച്ചു.

വിവിധ വകുപ്പുകളിലെ വകുപ്പുതലവന്‍മാരുടെ നേതൃത്വത്തില്‍ 210-ഓളം ജീവനക്കാര്‍ ജോലിചെയ്യുന്ന മഹാക്ഷേത്രമാണിത്. ദിവസേന രാവിലെ 7.30 ന് ഉത്രാടം തിരുനാള്‍ മഹാരാജാവ് ക്ഷേത്രദര്‍ശനത്തിനായി എത്തും. 7.50 ന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരികെ പോകും. ക്ഷേത്രത്തിലെ പായസം ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ നിവേദ്യത്തിനായി അകത്തെടുക്കുന്നത് 8.15 നാണ്. നിവേദ്യം കഴിഞ്ഞ് 8.30 ന് മുന്‍പായി പുറത്ത് എടുക്കും. അതിനുശേഷം മാത്രമേ ഇത് വിതരണം ചെയ്യുകയുള്ളൂ. 

ക്ഷേത്രത്തിലെ സ്വര്‍ണവും വിലപിടിപ്പുള്ള വസ്തുക്കളും ആര്‍ക്കും അനായാസം കൈകാര്യം ചെയ്യാവുന്ന രീതിയില്‍ അല്ല സൂക്ഷിച്ചിട്ടുള്ളത്. നിലവിലുള്ള ചട്ടങ്ങള്‍ അനുസരിച്ച് എട്ടോ പത്തോ ജീവനക്കാരുടെ അറിവുകൂടാതെ ആര്‍ക്കും ഒരു സാധനവും പുറത്ത് കൊണ്ടുപോകാന്‍ കഴിയുകയില്ല. ക്ഷേത്രത്തിലെ 55-ഓളം വരുന്ന സെക്യൂരിറ്റി ഗാര്‍ഡുകളിലെ ഭൂരിപക്ഷം പേരും പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിയില്‍പ്പെട്ട യൂണിയനില്‍ അംഗങ്ങളാണ്. അഞ്ചു യൂണിയനുകള്‍ ക്ഷേത്രത്തിലുണ്ട്. അവര്‍ ആരും ഇത്തരമൊരു ആക്ഷേപം ഇതുവരെ ഉന്നയിച്ചിട്ടില്ല-അദ്ദേഹം ചൂണ്ടിക്കാട്ടി.

ദര്‍ശനത്തിനെത്തുന്ന മഹാരാജാവ് ഒരിക്കലും ദിവസേന പായസം കൂടെ കൊണ്ടുപോകുന്നില്ല. സ്വന്തമായി വഴിപാട് നടത്തുന്ന ദിവസങ്ങളില്‍ രാവിലെ 9 മണി കഴിഞ്ഞ് വഴിപാട് പ്രസാദം എത്തിച്ചുകൊടുക്കാറുണ്ട്. രാജകുടുംബത്തിലെ എല്ലാ അംഗങ്ങളും സ്വന്തം ചെലവിലാണ് വഴിപാട് നടത്തുന്നത്. വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് മുതല്‍പിടിയും (ട്രഷറര്‍), സ്വര്‍ണം സൂക്ഷിപ്പുകാരനും അതുപോലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരും ഉണ്ട്. പതിറ്റാണ്ടുകളായുള്ള വരവുചെലവ് കണക്കുകളുടെ കൃത്യമായ രേഖകള്‍ എഴുതി സൂക്ഷിച്ചുവരുന്നുമുണ്ട്. 

31-ഓളം ശാന്തിക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു. തങ്ങളെ ആരെങ്കിലും ശാരീരികമായി ആക്രമിച്ചെന്നോ കൊട്ടാരത്തിലേക്ക് സാധനങ്ങള്‍ കടത്തിയിട്ടുണ്ടെന്നോ അവര്‍ ആരും പറഞ്ഞിട്ടില്ല. എന്നാല്‍, ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ക്ഷേത്രവസ്തുക്കള്‍ക്ക് നഷ്ടം വരുത്തുകയും റിക്കാര്‍ഡുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്ത രണ്ടോ മൂന്നോ ജീവനക്കാരുടെ പേരില്‍ നിയമാനുസൃത നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. എല്ലാ തൊഴില്‍ നിയമങ്ങളും പാലിച്ചശേഷം അവരെ സര്‍വീസില്‍ നിന്നും നീക്കംചെയ്തിട്ടുമുണ്ട്. ഇവര്‍ നല്‍കിയ തെറ്റായ വിവരങ്ങള്‍ ആണോ ഇത്തരം ഒരു പ്രസ്താവനയ്ക്ക് പ്രതിപക്ഷ നേതാവിനെ പ്രേരിപ്പിച്ചതെന്ന് അറിയില്ലെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment