Monday, August 8, 2011

[www.keralites.net] ആശയക്കുഴപ്പം

 

ഇന്ദ്രന്‍

നേതാവ് നടത്തിയ പ്രസ്താവന അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയാല്‍ ആരാണ് ആ കുഴപ്പം തീര്‍ക്കേണ്ടത് ? നേതാവ് തന്നെ, മറ്റാര്? അങ്ങനെ തീരാന്‍ പാടില്ല. ഓരോ ആശയക്കുഴപ്പവും ഓരോ ആശയസമരമാണ്. അതങ്ങനെ എളുപ്പം തീരേണ്ട സംഗതിയല്ല. Fun & Info @ Keralites.netആശയക്കുഴപ്പത്തില്‍ നിന്ന് എന്തെല്ലാം പുത്തന്‍ ആശയങ്ങള്‍ കിട്ടുമെന്നറിയാമോ. അതുകൊണ്ടാണ് ആശയക്കുഴപ്പം തീര്‍ക്കാന്‍ പാര്‍ട്ടി വി.എസ്സിനോട് ആവശ്യപ്പെടാതിരുന്നത്. പാര്‍ട്ടി തന്നെ പ്രസ്താവനയിറക്കി. അതോടെ ആശയക്കുഴപ്പത്തിന്റെ ഊക്കുകൂടി. പനി തുള്ളപ്പനിയായി. അത് മൂര്‍ച്ഛിച്ച് സഖാക്കള്‍ അണിയണിയായി ബോധംകെട്ട് വീഴണം. ബോധം തെളിയുമ്പോള്‍ ആശയം വ്യക്തമാകും. ഇത്തരം അരഡസന്‍ ആശയക്കുഴപ്പങ്ങളെ അതിജീവിക്കാനായാല്‍ പിന്നെ ജീവിത കാലത്ത് ഒരാശയക്കുഴപ്പവും ഉണ്ടാകില്ല. ഇത് പകലാണ് എന്ന് സെക്രട്ടേറിയറ്റോ സെക്രട്ടറിയോ ഏത് പാതിരായ്ക്ക് പറഞ്ഞാലും സഖാക്കള്‍ അത് വിശ്വസിച്ച് ടോര്‍ച്ചെടുക്കാതെ പുറത്തിറങ്ങി കിണറ്റില്‍വീണുകൊള്ളും.

വി.എസ്സിന്റെ കാഞ്ഞങ്ങാട് പ്രസ്താവനയാണ് വിഭാഗീയതയുടെ പുതിയ ബാധയ്ക്ക് തുടക്കമിട്ടത്. പണ്ടേ ഉള്ളതാണ്, ഇടയ്ക്ക് കൂടിയും കുറഞ്ഞുമിരിക്കും. ചില അസുഖങ്ങള്‍ വാവുകാലത്ത് മൂര്‍ച്ഛിക്കുമെന്ന് പറയുന്നതുപോലെ, ചില സീസണില്‍ ശല്യം കൂടും. ഇക്കാര്യത്തില്‍ ബൂര്‍ഷ്വാ കോണ്‍ഗ്രസ്സിന്റെ സ്വഭാവമല്ല വിപ്ലവപാര്‍ട്ടിയുടേത്. കോണ്‍ഗ്രസ്സിന് പ്രത്യേക സീസണൊന്നുമില്ല. രാവും പകലും മഴയിലും മഞ്ഞിലും ഊണിലും ഉറക്കിലും അവര്‍ ഗ്രൂപ്പുകളി വിടില്ല. അത്രത്തോളം ആയിട്ടില്ല സി.പി.എം. അവസ്ഥ. ഇപ്പോള്‍ ഭരണമില്ലാത്തതുകൊണ്ട് കാര്യമായ പണിയൊന്നുമില്ല. വെള്ളപ്പൊക്കമോ ഭൂമി കുലുക്കമോ മറ്റോ കാരണം പ.ബംഗാള്‍ പാര്‍ട്ടി അത്യാസന്ന നിലയിലായതുകൊണ്ട് അവിടേക്ക് പണം പിരിച്ചുകൊടുക്കുക എന്ന പണിയേ ചെയ്യാനുള്ളൂ. മുപ്പതുകൊല്ലം ഭരിച്ചപ്പോള്‍ പിരിച്ചുണ്ടാക്കിയത് പുറത്തെടുത്തിട്ടുപോരെ കേരളത്തിലുള്ളവരുടെ പോക്കറ്റില്‍ കൈയിടുന്നത് എന്ന് ചോദിക്കുന്നുണ്ട് ചിലര്‍. ഇപ്പോള്‍ എടുക്കാന്‍ നിവൃത്തിയില്ല. ദീര്‍ഘകാല നിക്ഷേപമാണ്. മെച്വര്‍ ആയിട്ടില്ല.

സമ്മേളനകാലമായതോടെ മാധ്യമങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന് പാര്‍ട്ടിപത്രത്തിലെ ലേഖനത്തില്‍ പിണറായി സഖാവ് കുറ്റപ്പെടുത്തുന്നുണ്ട്. വി.എസ്. ഉണ്ടാക്കുന്ന ആശയക്കുഴപ്പത്തിന് പുറമെയാണ് ഇത്. വി. എസ്സിനെതിരെ സംസ്ഥാനക്കമ്മിറ്റി കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി എന്നതാണ് മാധ്യമങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ച ഒരു ആശയക്കുഴപ്പം. സംസ്ഥാനക്കമ്മിറ്റി ഒരു പരാതിയും നല്‍കിയിട്ടില്ല. പരാതി പത്തെണ്ണം നല്‍കാന്‍ മാത്രമുള്ള അപരാധങ്ങള്‍ വി.എസ്. ചെയ്തിട്ടുണ്ട് എന്നത് വേറെ കാര്യം. അതെന്തെല്ലാം എന്ന് ബൂര്‍ഷ്വാപത്രം വായിക്കാത്ത അച്ചടക്കമുള്ള സഖാക്കള്‍ അറിയാതെ പോകരുതല്ലോ. അതുകൊണ്ട് പത്രറിപ്പോര്‍ട്ടുകള്‍ പിണറായി തന്റെ ലേഖനത്തില്‍ വിസ്തരിച്ച് ഉദ്ധരിച്ചിട്ടുണ്ട്. വി.എസ്സിന്റെ കലാപനീക്കങ്ങള്‍ കടുത്ത അച്ചടക്കലംഘനം, പാര്‍ട്ടി അന്ത്യശാസനങ്ങള്‍ ലംഘിച്ചുള്ളതാണ് വി.എസ്സിന്റെ നീക്കങ്ങള്‍ തുടങ്ങിയ കുറ്റപ്പെടുത്തലുകള്‍ ഇതില്‍പ്പെടും. വി.എസ്സിനെതിരെ പരാതികളൊന്നുമുണ്ടായിരുന്നില്ല എന്നല്ല, കേന്ദ്രകമ്മിറ്റിക്ക് പരാതി നല്‍കിയില്ല എന്നേ പിണറായി പറയുന്നുള്ളൂ. ''എന്തേ പരാതി നല്‍കിയില്ല'' എന്ന് ലേഖനം വായിക്കുന്ന അണികള്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ ചോദിക്കണം.

പാര്‍ട്ടിവിരുദ്ധ പ്രകടനങ്ങള്‍ കേന്ദ്രനേതൃത്വം അംഗീകരിച്ചിട്ടില്ലെന്നും പ്രകടനങ്ങള്‍ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനക്കമ്മിറ്റിയുടെ അംഗീകാരമുണ്ടെന്നുമാണ് പിണറായി ലേഖനത്തില്‍ വാദിക്കുന്നത്. വി.എസ്സിനും അഭിപ്രായ വ്യത്യാസമുണ്ടാകാന്‍ സാധ്യതയില്ല. സാധ്യതയുള്ളത് ഏത് പ്രകടനം പാര്‍ട്ടി വിരുദ്ധം എന്ന് നിശ്ചയിക്കുന്നതിലാവും. വി.എസ്സിന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെതിരെ നടന്ന പ്രകടനം പാര്‍ട്ടി വിരുദ്ധമാണെന്നാരുപറഞ്ഞു? അങ്ങനെ കുറെക്കൂട്ടര്‍ പ്രകടനവും മറ്റും നടത്തിയതുകൊണ്ടല്ലേ വി.എസ്സിന് സ്ഥാനാര്‍ഥിത്വം ലഭിച്ചത്? അതുകൊണ്ടല്ലേ പാര്‍ട്ടിക്ക് 'വിജയത്തോടടുത്ത പരാജയം' നേടിയെടുക്കാന്‍ കഴിഞ്ഞത്? പാര്‍ട്ടിയെ രക്ഷിച്ചവര്‍ പാര്‍ട്ടിവിരുദ്ധരോ?

ഈ ആശയക്കുഴപ്പം തീര്‍ത്തിട്ടുവേണം മറ്റ് ആശയക്കുഴപ്പങ്ങളിലേക്ക് കടക്കാന്‍. ചര്‍ച്ച ചെയ്യേണ്ട അടിയന്തര ആശയക്കുഴപ്പങ്ങളെക്കുറിച്ച് സംസ്ഥാന കമ്മിറ്റി സര്‍ക്കുലര്‍ ഇറക്കുന്നതായിരിക്കും. ജില്ലാ സെക്രട്ടറി ചില്ലറ അനാശാസ്യം നടത്തുന്നതാണോ പാര്‍ട്ടിവിരുദ്ധം അതല്ല സെക്രട്ടറിയെ കുടുക്കാന്‍ പാര്‍ട്ടി ഓഫീസില്‍ രഹസ്യക്യാമറ വെക്കുന്നതോ. പാര്‍ട്ടിക്കാരെ കശാപ്പുചെയ്യാന്‍ മടിക്കാത്ത കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ ഇറങ്ങിയ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ച്ചെന്ന് ഉച്ചയൂണ് കഴിക്കുന്നതിലും കുറഞ്ഞ പാര്‍ട്ടിവിരുദ്ധമാണോ കരിക്കിന്‍വെള്ളം കുടിക്കുന്നത്, പാര്‍ട്ടി ഊരുവിലക്ക് പ്രഖ്യാപിച്ച എം.വി. രാഘവനെ പാര്‍ട്ടി സെക്രട്ടറി കല്യാണത്തിന് ക്ഷണിക്കുന്നത് പാര്‍ട്ടി വിരുദ്ധമോ... ഇവ ആശയക്കുഴപ്പത്തിന്റെ ചില സാമ്പിളുകള്‍ മാത്രം. എല്ലാം ഒന്നിച്ച് ചര്‍ച്ചയ്‌ക്കെടുത്താല്‍ ആശയക്കുഴപ്പം തീരുകയുമില്ല, ആമാശയക്കുഴപ്പം, ദഹനക്കേട് തുടങ്ങിയവയുണ്ടാവുകയും ചെയ്യും. മറ്റുള്ളവ പിന്നെ പുറത്തെടുക്കാം.

Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment