Monday, August 8, 2011

[www.keralites.net] കുലത്തൊഴില്‍ പഠിക്കാത്തതിന്റെ കുഴപ്പം

 


ഞാന്‍ ഗുരുദാസ്‌. പേര് കേട്ടാല്‍ തന്നെ ജാതി പറയേണ്ട കാര്യമില്ലല്ലോ.

പാരമ്പര്യ തൊഴില്‍ കള്ളു ചെത്താണ് ഈഴവരുടെത്. പണ്ട് നാരായണ ഗുരു കാരണം കള്ളു കുടി ഈഴവര്‍ പൂര്‍ണ്ണമായും നിര്തിയില്ലാ എങ്കിലും, കള്ളു ചെത്തിന്റെ മാന്യത അത്ര വലുതല്ല എന്ന് കണ്ടു ആ തൊഴില്‍ ഏതാണ്ട് ഉപേക്ഷിച്ചു. അതുകൊണ്ട്, കള്ളു ചെത്തിന്റെ ആദ്യപാദമായ തെങ്ങ് കയറ്റവും മിക്കവാറും ഈഴവര്‍ ഉപേക്ഷിച്ചു. അവരുടെ സന്തതി പരമ്പരകളെ പഠിപ്പിചിട്ടുമില്ല.

എനിക്കറിയാവുന്ന എന്റെ കുടുംബത്തിലെ മൂന്നു തലമുറയില്‍ ഉള്ളവരില്‍ ആര്‍ക്കും തന്നെ തെങ്ങുകയറ്റം വശമില്ല. കുട്ടിക്കാലത്ത് കയറാന്‍ തെങ്ങും വീട്ടുമുറ്റത്ത്‌ ഉണ്ടായിരുന്നില്ല.

ഇപ്പോള്‍ ഒരു ചെറിയ സ്ഥാപനം തുടങ്ങി. നഗരത്തിനുള്ളില്‍ തന്നെ. നാല് സെന്റു സ്ഥലത്ത് മൂന്നു തെങ്ങും ആറേഴു വാഴകളും മറ്റും ഈ കൊമ്പൌണ്ടിനുള്ളില്‍ ഉണ്ട്. മൂന്നില്‍ രണ്ടു തെങ്ങിനും കാ ഫലം ഒന്നും കാണാനില്ല. ലക്ഷണം കണ്ടിട്ട് ഓല ഇടാന്‍ പോലും അതില്‍ വര്‍ഷങ്ങളായി ആരെങ്കിലും കയരിയിട്ടുള്ളതായും തോന്നുന്നില്ല.

സ്ഥലം വെറുതെ പഴാക്കേണ്ടാ എന്ന് കരുതി ഒരു തെങ്ങിന്റെ ചുവട്ടില്‍ കുറച്ചു ചീര വിത്ത് വിതറി. (ഒരു നല്ല കൃഷി ഓഫീസര്‍, അഞ്ചു രൂപയ്ക്കു ചീര വിത്ത് വാങ്ങിയപ്പോള്‍, അഞ്ഞൂറ് രൂപയുടെ ഉപദേശം തന്നു. മണ്ണ് എങ്ങനെ ഒരുക്കണം, വിത്ത് എങ്ങനെ വിതക്കണം, തുടങ്ങി എല്ലാം). വിത്ത് മുളച്ചു, വെള്ളം മുടങ്ങാതെ നല്‍കി. (വളം, കൃഷി ഓഫീസര്‍, ചാരവും ചാണക പൊടിയുമാണ് പറഞ്ഞത്, തിരുവനന്തപുരം നഗരം മുഴുവന്‍ അരിച്ചു പറക്കിയിട്ടും ചാണക പൊടി കിട്ടിയില്ല, ചാരവും.) പക്ഷെ, ചുവന്ന കീരയുടെ മുളച്ചു വന്ന ചീരയുടെ ഇലകള്‍ക്ക് നല്ല പച്ച നിറം. ഭരണം കമ്മ്യൂണിസ്റ്റ്‌ കാരുടെ അല്ലാത്തത് കൊണ്ടാകുമോ എന്ന് സംശയിച്ചു. എന്നാലും സംശയം തീര്‍ക്കാന്‍ കൃഷി ഓഫീസില്‍ വീണ്ടും പോയി. ഇപ്പോള്‍ അവിടെ ഒരു മാന്യ വനിതയാണ് ഉണ്ടായിരുന്നത്. സര്‍ക്കാര്‍ ആപ്പീസറുടെ എല്ലാ ലക്ഷണവും ഒത്തിണങ്ങിയ മാന്യ വനിത. കാര്യം അവതരിപ്പിച്ചു. "ഓ, ചിലപ്പോള്‍ അങ്ങനെ ഒക്കെ വരും", പരിഹാരവും നിര്‍ദേശിച്ചു. വന്ന സ്ഥിതിക്ക് വീണ്ടും ഒരു പാക്കറ്റ് വിത്ത് കൂടി വാങ്ങി.

ഏതായാലും അല്പം പ്രായം ചെന്ന ഒരാള്‍ അവിടെ ഉണ്ടായിരുന്നു. അദ്ദേഹം, സഹതാപ പൂര്‍വം ഞങ്ങളോട് പറഞ്ഞു, ചീരക്ക് നല്ല വെയിലും, വെള്ളവും വേണം. കൂടുതല്‍ അടുപ്പിച്ചു നടരുത്. അദ്ധേഹത്തിനു പതിവ് മലയാളിയെ പോലെ, നന്ദി പറയാതെ ഞങ്ങള്‍ തിരികെ പോയി. ഞങ്ങളുടെ കൃഷിയിടം പരിശോദിച്ചു. ശരിയാണ്, ചീര തൈകള്‍ക്ക് മതിയായ വെളിച്ചം ലഭിക്കുന്നില്ല. സ്ഥല ദൌര്‍ലഭ്യം കാരണം തൈകള്‍ വളരെ അടുത്താണ് നില്‍ക്കുന്നത്. വെളിച്ചം കിട്ടാത്തതിന്റെ ഉത്തരവാദി തെങ്ങോലയാണ്. വളരെ മാസങ്ങളായി വൃത്തിയാക്കാത്ത തലയുമായി തടിയന്‍ തെങ്ങ് അങ്ങനെ നില്‍ക്കുകയാണ്. എന്തായാലും തുനിഞ്ഞിറങ്ങി, ഇനി പിന്നോട്ടില്ല എന്നു തന്നെ ഞങ്ങളും തീരുമാനിച്ചു.

ഒരാഴ്ച തെങ്ങില്‍ കയറാന്‍ ആളെ അന്വേഷിച്ചു നടന്നു. ഒരു രക്ഷയുമില്ല. തെങ്ങില്‍ കയറാന്‍ എന്നല്ല, ഡ്രൈവറെ, ടെക്നിഷ്യനെ, ടെലികാളരെ, ആരെയും ജോലിക്ക് കിട്ടാനില്ല. (എന്നിട്ടും ആരാണ് ഇവിടെ തൊഴില്‍ ഇല്ല ഇവിടെ തൊഴില്‍ ഇല്ലാ എന്നൊക്കെ പറയുന്നത്?). അങ്ങനെ ഇന്ന് രാവിലെ നോക്കിയപ്പോള്‍, തോട്ടയല്പക്കത്തു ഒരു തെങ്ങ് മുറിക്കുന്നു. അങ്ങോട്ട്‌ ചെന്ന്. മൂന്ന് ഉദ്യോഗസ്ഥര്‍ ഉണ്ട്. സാര്‍ എന്ന് വിളിച്ചാല്‍ ഇവര്‍ അതിനെ "stupid, idiot, rascal" എന്നതിന്റെ ചുരുക്ക പേരായി കരുതും എന്നറിയാവുന്നത് കൊണ്ട്, ചേട്ടാ എന്ന് ഭവ്യതയോടെ അഭിവാദ്യം ചെയ്തു.

ദേ, അപ്പുറത്ത് നില്‍ക്കുന്ന തെങ്ങില്‍ നിന്നും കുറച്ചു ഓല വെട്ടിക്കളഞ്ഞു ഒന്ന് വൃത്തിയാക്കി തരാമോ എന്ന് ഉണര്‍ത്തിച്ചു. ങ്ഹാ, കുറച്ചു കഴിഞ്ഞിട്ട് വന്നു നോക്കാം എന്ന് തലവന്‍ അറിയിച്ചു. ഞാന്‍ തിരികെ ഓഫീസില്‍ എത്തി മഹത്വ്യക്തികളുടെ വരവും കാത്തിരുന്നു. ഒരു ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തലവന്‍ രണ്ടു വലിയ വെട്ടുകത്തിയുമായി എത്തി. തെങ്ങ് പരിശോദിച്ചു. ഒരെണ്ണം അല്ല, മൂന്നും പരിശോദിച്ചു.

"മ്. കുറച്ചു പണിയുണ്ട്. എല്ലാം നന്നായി വൃത്തിയാക്കണം, എന്നാലേ കാ ഫലം ഉണ്ടാകൂ." പരിശോധനാ റിപ്പോര്‍ട്ട്‌ നല്‍കി.

"എന്നാല്‍ അങ്ങനെ ആയിക്കോട്ടേ," ഞാന്‍ ഉവാചാ.

"അങ്ങനെ പറഞ്ഞാല്‍ എങ്ങനെ?, മൂന്നെണ്ണം ഒന്ന് വൃത്തിയാക്കി എടുക്കാന്‍ എണ്ണൂറു രൂപയാകും."

പിണറായിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി എന്ന് ഇപ്പോള്‍ ആരെങ്കിലും പറഞ്ഞാല്‍ ഒരു സാമാന്യ പാര്‍ടി പ്രവര്‍ത്തകന്റെ അവസ്ഥ എന്തായിരിക്കും എന്നത് പോലെ ആയിരുന്നു ആ വാക്യം എന്റെ കര്‍ണ്ണപുടങ്ങളിലൂടെ കയറി മസ്തിഷ്കത്തില്‍ പ്രക്ഷാളനം ചെയ്തപ്പോള്‍.

"എന്തെരു പറയാണ്? ചെയ്യണോ, വേണ്ടേ?"

കേട്ടത് ശരിയാണോ എന്നറിയാന്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ നോക്കി. അദ്ദേഹം അപ്രത്യക്ഷന്‍.

"ചേട്ടാ, ഞങ്ങള്‍ ഇവിടെ വാടകക്കാരാണ്. ഇത്രയും പണം ഞങ്ങള്‍ക്ക് മുതലാകില്ല. തല്‍ക്കാലം ഈ തെങ്ങുകള്‍ അങ്ങനെ തന്നെ നില്‍ക്കട്ടെ."

"സാറേ" (ആ സാറ്, ഞാന്‍ നേരത്തെ പറഞ്ഞ അതെ അര്‍ത്ഥത്തില്‍ തന്നെ അവര്‍ ഉപയോഗിച്ചതാണ്, ഉറപ്പു), "തെങ്ങിന്റെ മുകളില്‍ വലിഞ്ഞു കയറി ഇതൊക്കെ വൃത്തിയാക്കുന്നത് ഭയങ്കര റിസ്ക്‌ ഉള്ള പണിയാണ്. ഇത്രയും ഉണ്ടെങ്കില്‍ പറ, ഞാന്‍ വൃത്തിയാക്കി തരാം."

എന്തെങ്കിലും ഒന്ന് മിണ്ടാനുള്ള ശേഷി എനിക്ക് നഷ്ടപ്പെട്ടിരുന്നു. ഞാന്‍ നിഷേധ ഭാവത്തില്‍ തലയാട്ടി.സ്വയം അറിയാതെ സംഭവിച്ച, ഒരു സ്വാഭാവിക പ്രതികരണം.

"ഹും. ബാര്‍ബര്‍ ഷാപ്പില്‍ ചെന്ന് അവന്മാരുടെ മുമ്പില്‍ തലയും കുനിച്ചു വായും പൊതി, ഉള്ള രോമവും (അതിന്റെ തമിഴ് പദം ആണ് ഉപയോഗിച്ചത്) വെടിപ്പാക്കി മുന്നൂറ്റന്പതും നാന്നൂരും ഒക്കെ കൊടുക്കാം, ഇവിടെ ഞങ്ങള്‍ വന്നു മുപ്പതും നാപ്പതും അറുപതും അടി ഉയരമുള്ള തെങ്ങിന്റെ മുകളില്‍ വലിഞ്ഞു കയറി അത് വൃത്തിയാക്കാന്‍ പണം ചോദിച്ചാല്‍ അത് കൂടുതല്‍. ഇറങ്ങിക്കോളും രാവിലെ മനുഷ്യനെ മെനക്കെടുത്താന്‍." തലൈവര്‍ വിടെയ്‌ ശോല്ലിനാര്‍.

പേശു മാത്രമല്ല കേള്‍വിയും നേരത്തെ പോയതിനാല്‍ തലൈവരുടെ കൊഞ്ചല്‍ നേരിട്ട് കേള്‍ക്കാനുള്ള ഭാഗ്യം എനിക്കില്ലാതെ പോയി. നേരത്തെ അപ്രത്യക്ഷനായ സുഹൃത്ത് സംഭവം റിപ്ലെ ചെയ്തപ്പോഴാണ് കാര്യം പിടികിട്ടിയത്.

അടുത്ത വീട്ടുകാര്‍ എന്തിനു തെങ്ങ് നമ്മുടെ സംസ്ഥാന വൃക്ഷം, കല്പ വൃക്ഷം നിഷ്കരുണം നിര്‍മാര്‍ജനം ചെയ്തു എന്നതിന് ആ നിമിഷം എനിക്ക് ഉത്തരം കിട്ടി.

മൂന്നു തെങ്ങിന് എണ്ണൂറു രൂപാ ആണ് നിരക്ക് എങ്കില്‍, ഇപ്പോഴത്തെ കമ്പോള നിലവാരം വച്ച് ഒരു ദിവസം ശരാശരി പത്തു തെങ്ങ് കയറാന്‍ പറ്റും. മാസത്തില്‍ ഇരുന്നൂറ്റി അമ്പതു. അരുപതാരായിരത്തി അഞ്ഞൂറ് രൂപ. വര്‍ഷത്തില്‍ ഏതാണ്ട് എട്ടു ലക്ഷം രൂപ. അസംഘടിത മേഖല ആയത് കൊണ്ട് വരുമാന നികുതി പോലും നല്‍കേണ്ട. ഇത്രയും ആലോചിച്ചപ്പോള്‍ തന്നെ ഒരു മൂന്നു പെഗ് അടിച്ചത് പോലെ ആയി. മൂന്നു പെഗ്, എന്റെ മാക്സിമം ലിമിറ്റ് ആണ്.

ഇപ്പോള്‍, ആ കെട്ടു വിട്ടു. വെറുതെ പണ്ട് പഠിക്കാനും ജോലിക്കും ഒക്കെ പോയത് വലിയ അബദ്ധമായി. വല്ല തെങ്ങ് കയറ്റവും പഠിച്ചാല്‍ മതിയായിരുന്നു. അപ്പോഴാണ്‌, എന്റെ കുലത്തൊഴില്‍ ഇതായിരുന്നല്ലോ എന്നാ ബോധം ഉണ്ടായത്.

കഷ്ടമായിപ്പോയി. നാരായണ ഗുരു പണ്ട് ചെയ്തത് വലിയ ചതി ആയിപ്പോയി. കള്ളു കുടിക്കരുതെന്നു മാത്രം പറഞ്ഞാല്‍ പോരായിരുന്നോ ഗുരുവിനു? എന്തിനു അത് ചെത്തരുത് എന്ന് കൂടി പറഞ്ഞു? കള്ളു കുടിച്ചാല്‍ അല്ലെ പ്രശ്നമുള്ളൂ, അത് കാച്ചി കരുപ്പട്ടി ആക്കാംആയിരുന്നില്ലേ? വളരെ വലിയ ചതി ആയിപ്പോയി.

ഇനിയിപ്പോള്‍ മുള്ളിനെ മുള്ള് കൊണ്ട് തന്നെ എടുക്കാം. ഭ്രാന്തനായ രാക്ഷസനെ പോലെയുള്ള, തെങ്ങ് ചതിക്കില്ല എന്നതിന് അപമാനമായി ഞങ്ങളുടെ ഓഫീസിനു മുന്നില്‍ നില്‍ക്കുന്ന, ഈ മാരണത്തെ എങ്ങനെ എങ്കിലും കരിച്ചു കളയാന്‍ പറ്റുന്ന എന്തെങ്കിലും മാര്‍ഗം, നിങ്ങളില്‍ ആര്‍ക്കെങ്കിലും അറിയാമെന്കില്‍, ഒന്ന് പറഞ്ഞു തരണേ, എങ്കില്‍, എങ്കില്‍ മാത്രം, നിങ്ങള്ക്ക് പുണ്യം കിട്ടും.


--

ഗുരുദാസ്‌ സുധാകരന്‍ Gurudas Sudhakaran
Mob: +91-9447 55 40 55
തിരുവനന്തപുരം Thiruvananthapuram
കേരളം Keralam



www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment