Thursday, August 4, 2011

[www.keralites.net] മൗഗ്ലി...മൗഗ്ലീ ...

 



മൗഗ്ലി...മൗഗ്ലീ ...

വിശ്വവിഖ്യാതമാണ് റഡ്‌യാര്‍ഡ് കിപ്ലിംഗിന്റെ ജംഗിള്‍ബുക്ക്. കാലങ്ങള്‍ എത്ര മറഞ്ഞാലും മൗഗ്ലി കാട്ടില്‍ നിന്ന് അകേലനും ഭേലുവിനും ബഘേരനുമൊപ്പം നമ്മെ തേടിയെത്തുമെന്ന് ഉറപ്പ്. ഭാഷയുടേയും ദൃശ്യങ്ങളുടേയും മാസ്മരികസ്​പര്‍ശമുള്ള ഈ നോവല്‍ കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവരെക്കൂടി കൂട്ടിക്കൊണ്ട് പോവുന്നു. ജംഗിള്‍ ബുക്കിന്റെ മലയാളപരീഭാഷയുടെ അവസാനഭാഗത്തില്‍ നിന്ന്.
രണ്ടു കൊല്ലം കഴിഞ്ഞു. മൗഗ്ലിക്കു ഏകദേശം പതിനേഴു വയസ്സു പ്രായമായി. കഠിനമായ ദേഹാധ്വാനംനിമിത്തം അവന് അല്പംകൂടെ പ്രായക്കൂടുതല്‍ തോന്നിച്ചു. പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയും കരുത്തും അവനുണ്ടായിരുന്നു. വളരെ ഉയരമുള്ള മരച്ചില്ലകളില്‍ കാലുകള്‍ കൊളുത്തി എത്രനേരം വേണമെങ്കിലും അവനു തൂങ്ങിനില്ക്കാന്‍ കഴിയുമായിരുന്നു. അതിവേഗത്തില്‍ പായുന്ന ഒരു മാനിനെ പിടിച്ചുനിര്‍ത്തുക അവനു വളരെ എളുപ്പമായിരുന്നു. കാട്ടിലുള്ള മൃഗങ്ങള്‍ക്ക് അവനെ വല്ലാത്ത പേടിയായിരുന്നു. പക്ഷേ, അവന്റെ കണ്ണുകളില്‍ എപ്പോഴും നിഴലിച്ചിരുന്നത് സൗമ്യതയായിരുന്നു. ദേഷ്യം വന്നാല്‍പ്പോലും അവന്റെ കണ്ണുകള്‍ ബഘേരന്റേതുപോലെ ചുകക്കുമായിരുന്നില്ല. അവനെ ഏറ്റവും അടുത്തറിയുന്ന ബഘേരനുപോലും അതെന്തുകൊണ്ടാണെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ബഘേരന്‍ അതിനെക്കുറിച്ചു മൗഗ്ലിയോടു ചോദിച്ചു: അവന്‍ ചിരിച്ചുകൊണ്ട് ഉത്തരം പറഞ്ഞു:
'എനിക്ക് ഇര നഷ്ടപ്പെട്ടാല്‍ ദേഷ്യം വരും. രണ്ടു ദിവസം ഒന്നും കഴിക്കാതിരുന്നാല്‍ എനിക്കു ദേഷ്യവും വിശപ്പും ഉണ്ടാകും. അപ്പോഴൊന്നും എന്റെ കണ്ണുകള്‍ സംസാരിക്കുന്നില്ലേ?'
'നിന്റെ വയറു കണ്ടാല്‍ വിശപ്പുണ്ടെന്നറിയാം. പക്ഷേ, കണ്ണുകളില്‍ മാറ്റമൊന്നുമില്ല. ഇര തേടുമ്പോഴും തിന്നുമ്പോഴും നീന്തുമ്പോഴുമെല്ലാം അവ ഒരുപോലെതന്നെ.'
ബഘേരനെ ഇമപൂട്ടാതെ മൗഗ്ലികുറേനേരം തുറിച്ചുനോക്കി. സാധാരണ പതിവുള്ളതുപോലെ ബഘേരന്‍ തല താഴ്ത്തി. അവന് മൗഗ്ലിയെ നല്ലവണ്ണം അറിയാമായിരുന്നു.

അവര്‍ ഉയരമുള്ള ഒരു കുന്നിന്മേല്‍ ഗംഗാനദിയിലേക്കു നോക്കിക്കൊണ്ടാണ് കിടന്നിരുന്നത്. പ്രഭാതത്തിന്റെ മഞ്ഞുതുള്ളികള്‍ വെള്ളയും ചാരവും നിറമുള്ള മേഘങ്ങളായി മാറുന്നുണ്ടായിരുന്നു. ഉദയസൂര്യന്റെ കിരണങ്ങളേറ്റ് അവ തങ്കവര്‍ണം പൂണ്ടു. തണുപ്പുകാലമായിരുന്നതുകൊണ്ട് മരങ്ങളുടെ ഇലകള്‍ കൊഴിഞ്ഞിരുന്നു. വരണ്ട കാറ്റ് അടിച്ചുകൊണ്ടേയിരുന്നു. ഒരു ഉണങ്ങിയ ഇല കാറ്റില്‍ മരത്തില്‍ തട്ടി ടപ്-ടപ് എന്ന് ഒച്ചയുണ്ടാക്കിക്കൊണ്ടിരുന്നു. ബഘേരന്‍ കോട്ടുവായിട്ട് കൈകാലുകള്‍ നീട്ടിക്കുടഞ്ഞ് എഴുന്നേറ്റു. മരത്തടിയിലടിച്ചുകൊണ്ടിരുന്ന ഇല അവന്‍ പിടിച്ചെടുത്തു.

'കാലം മാറുകയാണ്. വസന്തം വരുന്നു. വെറുതെയല്ല ഈ ഇല ഒച്ചയുണ്ടാക്കുന്നത്. നന്നായി.'
'പുല്ലുകള്‍ ഉണങ്ങിയിരിക്കുന്നു.' മൗഗ്ലി മറുപടി പറഞ്ഞു. 'മുക്കുറ്റിക്കുപോലും പൂക്കള്‍ വന്നിട്ടില്ല. ബഘേരാ, നീയെന്താണിങ്ങനെ ഒരു സാധുവായ മരംകേറിപ്പൂച്ചയെപ്പോലെ അനങ്ങാതിരിക്കുന്നത്?'
'ഔഹ്!' ബഘേരന്‍ വേറെയെന്തോ ചിന്തിക്കുകയായിരുന്നു അപ്പോള്‍.
'ഞാന്‍ പറയുന്നതു കേള്‍ക്കൂ. നിന്നെപ്പോലൊരു വന്‍പുലി ഇങ്ങനെ വായ പിളര്‍ന്ന് ഒച്ചയുണ്ടാക്കുകയും പുല്ലില്‍ കിടന്ന് ഉരുളുകയും ചെയ്താല്‍ മതിയോ? ഞാനും നീയുമൊക്കെ കാട്ടിലെ നായകന്മാരല്ലേ?'
'എന്റെ മനുഷ്യക്കുട്ടീ, നീ പറയുന്നതു ഞാന്‍ കേള്‍ക്കുന്നുണ്ട്.' ബഘേരന്‍ വീണ്ടുമൊരിക്കല്‍ പുല്ലില്‍ക്കിടന്നുരുണ്ടുകൊണ്ടു പറഞ്ഞു. 'നായകന്‍ തന്നെയാണ്. മൗഗ്ലിയുടെയത്ര കരുത്തും ബുദ്ധിയും ആര്‍ക്കാണുള്ളത്?'
കാട്ടിലെ ഭാഷയിലെ പല വാക്കുകള്‍ക്കും ധാരാളം അര്‍ഥങ്ങളുണ്ട്. 

അതുകൊണ്ട് ബഘേരന്‍ തന്നെ കളിയാക്കുകയാണോ എന്ന് മൗഗ്ലിക്കു സംശയമായി.
'നമ്മുടെ നേതൃത്വത്തെ ആരും ചോദ്യംചെയ്യുകപോലും ഇല്ലെന്നായിരുന്നു ഞാന്‍ പറഞ്ഞത്.' ബഘേരന്‍ തന്റെ നിലപാടു വ്യക്തമാക്കി. 'ഞാന്‍ വേണ്ടാത്ത എന്തെങ്കിലും പറഞ്ഞോ? ഓഹോ, നീ കിടക്കുകയല്ലേ? ഞാന്‍ ഇപ്പോഴാണ് നീ എഴുന്നേറ്റതു മനസ്സിലാക്കുന്നത്. നീയെന്താ പറക്കാന്‍ പോവുകയാണോ?'
മൗഗ്ലി കാല്‍മുട്ടുകളില്‍ തല ചേര്‍ത്ത് സൂര്യപ്രകാശമേറ്റു തിളങ്ങുന്ന താഴ്‌വരകള്‍ നോക്കിക്കൊണ്ടിരുന്നു. താഴത്തെവിടെയോ ഒരു പക്ഷി വസന്താരംഭം അറിയിക്കുന്ന ഗാനം മുഴക്കി. ബഘേരനും അതു കേട്ടു.
'ഞാന്‍ പറഞ്ഞില്ലേ, വസന്തം വരുന്നു. 'ബഘേരന്‍ തന്റെ വാലുകള്‍ ഇളക്കിക്കൊണ്ടു പറഞ്ഞു.
'ഞാന്‍ കേട്ടു. ബഘേരാ, വെയിലിനു ചൂടുണ്ടല്ലോ. എന്നിട്ടും നിന്റെ ശരീരമെന്താ വിറയ്ക്കുന്നത്?'
'അതു മരംകൊത്തിപ്പക്ഷിയാണ്. അവന്‍ അവന്റെ പാട്ടു മറന്നിട്ടില്ല. ഞാനും എന്റെ പാട്ടോര്‍ക്കാന്‍ ശ്രമിക്കട്ടെ.' അവന്‍ ഇടയ്ക്കിടെ തല 
കുടഞ്ഞു പല ഒച്ചകളും ഉണ്ടാക്കാന്‍ തുടങ്ങി.
'ഇവിടെ അടുത്തെങ്ങും ഒരിരയുമില്ല.' മൗഗ്ലി പറഞ്ഞു. 'വിഡ്ഢീ! നിന്റെ രണ്ടു ചെവികള്‍ക്കും ശ്രവണശക്തിയില്ലേ? ഇത് ഇര പിടിക്കാനുള്ള ഒച്ചയല്ല.'

'ഓ, ഞാന്‍ മറന്നുപോയി. വസന്തം എപ്പോഴാണു വരുന്നതെന്ന് എനിക്കറിയാം. കാരണം, അപ്പോള്‍ നിങ്ങളെല്ലാം എന്നെ തനിച്ചാക്കിയിട്ടു പോകും.'
'പക്ഷേ, ഞങ്ങള്‍ എല്ലായ്‌പ്പോഴും അങ്ങനെ ചെയ്യാറില്ലെന്നു നിനക്കറിഞ്ഞുകൂടേ?'
ദേഷ്യത്തോടെ വിരലുകള്‍ ഒടിച്ചുകൊണ്ട് മൗഗ്ലി പറഞ്ഞു: 'നിങ്ങള്‍ അങ്ങനെ ചെയ്യും. നിങ്ങള്‍ ഓടിപ്പോകും. കാട്ടിലെ നേതാവായ ഞാന്‍ അപ്പോള്‍ തനിച്ചു നടക്കണം. മനുഷ്യരുടെ കരിമ്പിന്‍തോട്ടത്തില്‍നിന്നു ഞാന്‍ കഴിഞ്ഞ കൊല്ലം എങ്ങനെയാണ് കരിമ്പിന്‍തണ്ടുകള്‍ എടുത്തത്? രാത്രി എനിക്കുവേണ്ടി കരിമ്പു പൊട്ടിച്ചെടുത്തുതരാന്‍ ഹാഥിയെ വിളിക്കാന്‍ നിന്നെയാണയച്ചത്.'
'ഹാഥി രണ്ടു രാത്രി കഴിഞ്ഞേ വന്നുള്ളൂവെന്ന് എനിക്കറിയാം. പക്ഷേ, അവന്‍ വന്നപ്പോള്‍ നിനക്കു രണ്ടു മാസത്തേക്കു തിന്നാന്‍ ആ നീളമുള്ള പുല്ലു കൊണ്ടുവന്നില്ലേ?'

'ഞാന്‍ വിളിച്ചന്നു രാത്രി അവന്‍ വന്നില്ല. മാത്രമല്ല, അവന്‍ നിലാവുള്ള രാത്രിയില്‍ ഒളിച്ചു വരുന്നതിനുപകരം ഓടിച്ചാടുകയും അലറുകയും ചെയ്തുകൊണ്ടാണു വന്നത്. മൂന്നാനകള്‍ വരുന്നുണ്ടെന്ന് എനിക്കു
പോലും തോന്നിപ്പോയി. മനുഷ്യരുടെ വീടുകള്‍ക്കു മുമ്പില്‍വെച്ച് അവന്‍ നൃത്തംചെയ്തു. എന്നെ കണ്ടിട്ടും എന്റെയടുത്തേക്കു വന്നില്ല. ഞാന്‍ കാട്ടിലെ നേതാവാണുപോലും!'

'അതു വസന്താരംഭമായിരുന്നു. ഒരുപക്ഷേ, നീ വിളിക്കേണ്ടതുപോലെ വിളിച്ചില്ലായിരിക്കും. മരംകൊത്തിപ്പക്ഷി പാടുന്നതു കേള്‍ക്കൂ.'
മൗഗ്ലിയുടെ ദേഷ്യം മാറി. അവന്‍ കൈകളില്‍ തലവെച്ചു കണ്ണടച്ചു കിടന്നു.
'എന്തോ, എനിക്കറിയില്ല. അറിയാനൊട്ടാഗ്രഹവുമില്ല. നമുക്ക് ഉറങ്ങാം. എന്റെ വയറ് നിറഞ്ഞിരിക്കുന്നു. ബഘേരാ, നമുക്കല്പം വിശ്രമിക്കണം.'
ബഘേരന്‍ വീണ്ടും കോട്ടുവായിട്ടു കിടന്നു. വസന്താരംഭം സൂചിപ്പിക്കാന്‍ മരംകൊത്തിപ്പക്ഷി ഇടയ്ക്കിടെ തന്റെ പാട്ട് ആവര്‍ത്തിക്കുന്നതവര്‍ കേട്ടു. ഇന്ത്യയിലെ കാടുകളില്‍ ഋതുക്കള്‍ മാറുന്നതു തിരിച്ചറിയാന്‍ വിഷമമാണ്. പൊതുവെ പറഞ്ഞാല്‍ പ്രധാനമായി രണ്ടു ഋതുക്കളേ ഉള്ളൂ-വര്‍ഷവും വേനലും. പക്ഷേ, വളരെ സൂക്ഷിച്ചാല്‍ നാലു ഋതുക്കള്‍ ഉള്ളതായി കാണാം. വസന്തകാലം അത്ഭുതാവഹമാണ്. മരങ്ങള്‍ നിറയെ ഹരിതാഭയുള്ള ഇലകളാലും വിവിധ വര്‍ണങ്ങളുള്ള പൂക്കളാലും അലംകൃതമാവുന്നു. മരംകോച്ചുന്ന തണുപ്പുള്ള ഹേമന്തത്തില്‍ കൊഴിഞ്ഞ ഇലകള്‍ വീണ്ടും തളിര്‍ക്കുന്നതു വസന്തത്തിലാണ്.

എല്ലാ മണങ്ങളും പതിവുള്ളവതന്നെയായാല്‍ ഒരാള്‍ക്കവയോടു മടുപ്പുതോന്നും. അതു വിവരിക്കാന്‍ കഴിയാത്ത ഒന്നാണ്. അതുപോലെ എല്ലാ മണങ്ങളും പുതുതും ആസ്വാദ്യകരവുമായി തോന്നുന്ന ഒരു ദിവസമുണ്ട്. തണുത്ത ഹേമന്തത്തില്‍ ഉറങ്ങുന്ന കാട് മഴത്തുള്ളികള്‍ വീഴുമ്പോള്‍ ഉണരും. ഒരൊറ്റ ദിവസംകൊണ്ട് അവ വളരും. ആ ശബ്ദം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കു കേള്‍ക്കാം. അതു വസന്തത്തിന്റെ ശബ്ദമാണ്. അതൊരു ജലധാരയുടേയോ, കാറ്റിലാടുന്ന മരച്ചില്ലകളുടേയോ മര്‍മരംമുഴക്കുന്ന തേനീച്ചകളുടേയോ ശബ്ദമല്ല. പുതിയ ഉണര്‍വിന്റെയും ആഹ്ലാദത്തിന്റെയും ശബ്ദമാണ്.

ഋതുക്കള്‍ മാറുന്നതു കാണാന്‍ മൗഗ്ലിക്ക് ഇഷ്ടമായിരുന്നു. സാധാരണ വസന്തത്തിന്റെ വരവ് ആദ്യം കണ്ടെത്തുന്നത് അവനായിരിക്കും. അപ്പോള്‍ തവളകളുടെ 'ക്രോം ക്രോം' ശബ്ദങ്ങള്‍ക്കും മൂങ്ങയുടെ അസന്തുഷ്ടിയുളവാക്കുന്ന ശബ്ദങ്ങള്‍ക്കും ഉപരിയായി അവന്റെ ശബ്ദം കേള്‍ക്കാന്‍ കാട്ടിലെ മൃഗങ്ങള്‍ക്കു കഴിഞ്ഞിരുന്നു. പുതിയ സ്ഥലങ്ങള്‍ കാണാന്‍ ആ കാലങ്ങളിലായിരുന്നു അവന്‍ സാധാരണ പോകാറു പതിവ്. സന്ധ്യയ്ക്കും പ്രഭാതത്തിനുമിടയില്‍ നാല്പതോ അമ്പതോ നാഴിക നടന്ന്, വിവിധവര്‍ണങ്ങളുള്ള പൂക്കള്‍ ശേഖരിച്ച് തിരിച്ചുവന്ന് ആഹ്ലാദത്തിമര്‍പ്പോടെ അവന്‍ കഴിഞ്ഞുകൂടിയിരുന്നു. അപ്പോഴെല്ലാം അവന്‍ ഒറ്റയ്ക്കായിരുന്നു പോയിരുന്നത്.

വസന്തം കാട്ടിലെ മൃഗങ്ങള്‍ക്കു വളരെ തിരക്കുള്ള കാലമാണ്. അവരവരുടെ ഭാഷയിലെ വിവിധ ശബ്ദങ്ങളിലൂടെ അവ സദാ സംസാരിക്കുന്നതു കേള്‍ക്കാന്‍ കഴിയും. മറ്റു കാലങ്ങളില്‍ കേള്‍ക്കാന്‍ കഴിയുന്ന ഒച്ചകളില്‍നിന്ന് അവ വിഭിന്നമാണ്. അതുകൊണ്ടാണു 'പുതിയ സ്വരങ്ങളുടെ കാലം' എന്നു വസന്തകാലത്തെ കാട്ടിലെ മൃഗങ്ങള്‍ വിളിക്കുന്നത്.

പക്ഷേ, ആ കൊല്ലത്തെ വസന്തം മൗഗ്ലിക്കു വ്യത്യസ്തമായിത്തോന്നി. മുളങ്കാടുകള്‍ തവിട്ടുനിറമാണ്ടപ്പോള്‍ മുതല്‍ മൗഗ്ലി കാടിന്റെ മണം മാറുന്നതും കാത്തിരിക്കുകയായിരുന്നു. നറുമണം വരികയും മോര്‍ എന്നു പേരുള്ള മയില്‍ സ്വര്‍ണനീലപ്പീലികള്‍ വിടര്‍ത്തി നൃത്തമാടുകയും ചെയ്തപ്പോള്‍ മൗഗ്ലി പാടാന്‍ നോക്കി. പക്ഷേ, ഒച്ച പുറത്തേക്കു വന്നില്ല. എന്തോ ഒന്നു തലയില്‍നിന്നു കാലിലേക്കിറങ്ങുന്നതായി അവനു തോന്നി. അതവനെ അസന്തുഷ്ടനാക്കി. പക്ഷികള്‍ കളകൂജനം മുഴക്കി. ബഘേരന്‍ പോലും കഴുകന്റെ കരച്ചിലിനും കുതിരയുടെ കരച്ചിലിനും ഇടയിലുള്ള തന്റെ പരുഷമായ ഒച്ചയുണ്ടാക്കി. മരഞ്ചാടികളായ കുരങ്ങന്മാര്‍ അവരുടെ വസന്തഗാനം ആലപിച്ചു.
മൗഗ്ലി ഒരു മരത്തിന്മേല്‍ കയറിയിരുന്നു. മയിലിന്റെ ഗീതത്തിന് മറുപടിയായി തന്റെ ഗാനം ആലപിക്കാന്‍ ഒരിക്കല്‍ക്കൂടി വൃഥാശ്രമം നടത്തി. കുരങ്ങന്മാര്‍ അവനെ പരിഹസിച്ചു.
പീലികള്‍ വിടര്‍ത്തി നൃത്തമാടുന്ന മയില്‍ ചോദിച്ചു: 'നിനക്കെന്തു പറ്റി?'
ചീല്‍ എന്ന പരുന്ത് തന്റെ ഇണയോടുകൂടി മരക്കൊമ്പില്‍ വന്നിരുന്നു മൗഗ്ലിയോടു ചോദിച്ചു: 'നീയെന്താ മിണ്ടാതിരിക്കുന്നത്?'
കാട്ടില്‍ ചെറുതായി ഒരു മഴപെയ്തു. ഇലകളില്‍നിന്നു വെള്ളം ഇറ്റുവീണു. ഒരിടിയും മിന്നലുമുണ്ടായി. ഒരു മഴവില്ല് വിടര്‍ന്നു. ആകാശം ശാന്തമായി. കാനനം അതോടെ നാനാശബ്ദങ്ങളാല്‍ മുഖരിതമായി.

തനിക്കെന്തുപറ്റിയെന്നു മൗഗ്ലിയും ആലോചിച്ചു. താന്‍ നല്ലപോലെ ഭക്ഷിച്ചിട്ടുണ്ട്. ധാരാളം വെള്ളം കുടിച്ചിട്ടുണ്ട്. തൊണ്ടയ്ക്കും യാതൊരു കേടുമില്ല. ബഘേരനോട് അകാരണമായി ദേഷ്യപ്പെട്ടു. ഒരുപക്ഷേ, അനങ്ങാതിരുന്നതുകൊണ്ടായിരിക്കണം അകാരണമായി ദേഷ്യം വരുന്നത്. രാത്രിയില്‍ കൂട്ടുകാരുമൊത്ത് വടക്കോട്ടുപോയി ഇര തേടണം. എന്നാല്‍ ശരിയാവും. കൂടെ വളര്‍ന്ന നാലു ചെന്നായ് സഹോദരന്മാരെയും വിളിക്കണം. അവന്‍ ചിന്തിച്ചുറച്ചു.

പക്ഷേ, അവന്‍ വിളിച്ചപ്പോള്‍ അവ വിളികേട്ടതുപോലുമില്ല. അവ വിളികേള്‍ക്കാന്‍ കഴിയാത്തത്ര അകലെ കാട്ടിലൊരിടത്ത് നിലാവെളിച്ചത്തില്‍ തുള്ളിച്ചാടുകയായിരുന്നു. അവന്‍ ഉച്ചത്തില്‍ വിളിച്ചുനോക്കി. ഒരു കാട്ടുപൂച്ച മാത്രം അവന്റെ വിളിക്ക് മറുപടിയായി മ്യാവൂന്നു ശബ്ദിച്ച് അവനെ പരിഹസിച്ചു.

മൗഗ്ലിക്ക് ദേഷ്യംവന്നു. അവന്‍ കത്തിയെടുത്ത് ആഞ്ഞുവീശി. 
പക്ഷേ, അവന്റെ ദേഷ്യം കാണാന്‍പോലും ആരും ഉണ്ടായിരുന്നില്ല. 
അവന്‍ മരത്തില്‍നിന്ന് താഴെയിറങ്ങി. കുറേ ദൂരം നടന്നു. പക്ഷേ, ആരും അവനോടൊരക്ഷരം മിണ്ടിയില്ല. അവരെല്ലാം വളരെ തിരക്കിലായിരുന്നു.

'ശരി,' അവന്‍ സ്വയം പറഞ്ഞു. 'ഡെക്കാനില്‍നിന്നു കാട്ടുനായ്ക്കള്‍ കൊല്ലാന്‍ വരട്ടെ. മുളങ്കാടുകളില്‍നിന്നു കാട്ടുതീ പടര്‍ന്നുപിടിക്കട്ടെ. അപ്പോള്‍ എല്ലാം വാലാട്ടി വലിയ പേരുകള്‍ വിളിച്ചുകൊണ്ട് മൗഗ്ലിയുടെ പിന്നാലെ വരും. പക്ഷേ, ഇപ്പോള്‍ വസന്തമായതുകൊണ്ട് ആര്‍ക്കും മൗഗ്ലിയെ വേണ്ട. ഇവയ്‌ക്കെല്ലാം ഭ്രാന്താണ്. ഞാന്‍ കാട്ടിലെ നേതാവാണോ അല്ലയോ എന്നെനിക്കറിയണം.'
രണ്ടു ചെറിയ ചെന്നായ്ക്കള്‍ ആ വഴിയിലൂടെ നടന്നുവരികയായി
രുന്നു. അവ ഗുസ്തിപിടിക്കാന്‍ പറ്റിയ മറവുള്ള ഒരു സ്ഥലം അന്വേഷിക്കുകയായിരുന്നു. തുറന്ന സ്ഥലത്തുവെച്ചു തമ്മില്‍ തല്ലരുതെന്നാണു കാട്ടിലെ നിയമം.
'നിങ്ങള്‍ എവിടെ പോകുന്നു?' മൗഗ്ലി അവയോടു തന്റെ ക്രുദ്ധത പ്രകടിപ്പിച്ചു. അവനെ കൂട്ടാക്കാതെ അവ മുന്‍പോട്ടു പോയി. മൗഗ്ലിക്ക് അതു സഹിച്ചില്ല. അവന്‍ അവയിലൊന്നിന്റെ കഴുത്തിനു പിടിച്ചു നിര്‍ത്താന്‍ നോക്കി. പക്ഷേ, അവ രണ്ടുംകൂടി അവനെ തള്ളിവീഴ്ത്തി.
മൗഗ്ലി തന്റെ കത്തി കൈയിലെടുത്തു. പക്ഷേ, അവയെ കൊല്ലുന്നതു തെറ്റാണെന്ന് അവനു തോന്നി.
'ഞാന്‍ വിഷം തിന്നിട്ടുണ്ട്. ഞാന്‍ ചുകന്ന പൂ (തീ) വാരിയെറിഞ്ഞു ചെന്നായ്ക്കളെ ഓടിച്ചതിനുശേഷം ഒരൊറ്റ ചെന്നായയും എന്നോടടുക്കാന്‍ ധൈര്യപ്പെട്ടിട്ടില്ല. പക്ഷേ, ഈ വാലുമുളയ്ക്കാത്ത ചെന്നായ്ക്കള്‍ എന്നെ അപമാനിച്ചിരിക്കുന്നു. എന്റെ ശക്തിയെല്ലാം എവിടെപ്പോയി? ഞാന്‍ ഇപ്പോള്‍ മരിക്കും.'
വളരെനേരം അവന്‍ കൈയിലുണ്ടായിരുന്ന കത്തിയും തന്റെ ശരീരവും നോക്കി ഇരുന്നു. ജീവിതത്തില്‍ ഒരിക്കലും അവന്‍ ഇത്ര അസന്തുഷ്ടി അനുഭവിച്ചിട്ടുണ്ടായിരുന്നില്ല.

അന്നു വൈകുന്നേരം അവന്‍ വളരെ നേരത്തെതന്നെ ഒരു ഇരയെ കൊന്നു; പക്ഷേ, അവനു വളരെ കുറച്ചേ തിന്നാന്‍ കഴിഞ്ഞുള്ളൂ. ആരും അവനു കൂട്ടിനുണ്ടായിരുന്നില്ല. എല്ലാവരും ആടിപ്പാടി നടക്കുകയായിരുന്നു. നല്ല നിലാവുള്ള രാത്രിയായിരുന്നു. ഒരൊറ്റ ദിവസംകൊണ്ടു മരങ്ങളില്‍ പച്ചിലകള്‍ ഒരു മാസത്തെ വളര്‍ച്ച വളര്‍ന്നു. തലേന്നുവരെ ഉണ്ടായിരുന്ന തവിട്ടുനിറമുള്ള ഇലകളില്‍ ഒന്നുപോലും കാണാനുണ്ടായിരുന്നില്ല.

തെളിഞ്ഞ ചന്ദ്രികയില്‍ കാനനം അതീവമോഹനമായി കാണപ്പെട്ടു.
തന്റെ പാരവശ്യം മറന്നു മൗഗ്ലി ഉച്ചത്തില്‍ പാടി. അവന്‍ വടക്കുള്ള കാട്ടിലേക്കു നടന്നു. അവന്‍ യഥാര്‍ഥത്തില്‍ ഓടുകയായിരുന്നു. വഴുവഴുപ്പുള്ള ചതുപ്പുനിലങ്ങളില്‍ക്കൂടി അവന്‍ അനായാസം നടന്നു. അവനെപ്പോലെ പരിചയവും കരുത്തുമുള്ള ഒരു മനുഷ്യനല്ലാതെ മറ്റാര്‍ക്കും ആ വഴിയില്‍ക്കൂടി അത്ര വേഗം നടക്കാന്‍ കഴിയുമായിരുന്നില്ല. മരത്തടികളോ കല്ലുകളോ അവനു മാര്‍ഗതടസ്സമായി അനുഭവപ്പെട്ടിരുന്നില്ല. വീഴുമെന്നു തോന്നിയാല്‍ അവന്‍ ഉടനെ അടുത്തുള്ള വള്ളികളില്‍പ്പിടിച്ച് ഓടും. ചിലപ്പോള്‍ അവന്‍ ഒരു മരത്തില്‍നിന്നു മറ്റൊരു മരത്തിലേക്കു ചാടും. ഒരിക്കല്‍ അവന്‍ ഒരു കരടിയുടെ മുമ്പില്‍ പെട്ടു. അതിനെന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനുമുമ്പുതന്നെ അവന്‍ ഓടി ദൂരെയെത്തി. ഉടനെ അവന്‍ ചെന്നുപെട്ടതു കുത്തിമറിയുന്ന രണ്ടു ശംഭൂരിമാനുകളുടെ മുമ്പിലായിരുന്നു. നിലാവെളിച്ചത്തില്‍ അവയുടെ നിറം കറുത്തതായി അവനു തോന്നി. 

കുറച്ചുകൂടി ദൂരം പോയപ്പോള്‍ അവന്‍ കരയില്‍ക്കിടന്നുരുളുന്ന ജക്കാലന്‍ എന്ന പേരുള്ള മുതലയെ കണ്ടു. അല്പം അകലെ ഇണചേരുന്ന രണ്ടു വിഷസര്‍പ്പങ്ങളെ കണ്ടു. അവയ്ക്കു ദേഷ്യംവന്നു. അവനെ കൊത്താനോങ്ങി. പക്ഷേ, അപ്പോഴേക്കും അവന്‍ വളരെ ദൂരെ എത്തിക്കഴിഞ്ഞിരുന്നു. പാടിയും ഒച്ചയെടുത്തും അവന്‍ ലക്ഷ്യസ്ഥാനമായ വടക്കുള്ള ചതുപ്പുപ്രദേശങ്ങളില്‍ എത്തി. വസന്തപ്പൊലിമ അവിടെയുള്ള ജന്തുക്കളെയും സസ്യങ്ങളെയും ബാധിച്ചിരുന്നു. തന്നെ ബാധിച്ചിരുന്ന അസ്‌ക്യത വിട്ടുമാറിയതായി മൗഗ്ലിക്കു തോന്നി. അവന്‍ തൊണ്ട തുറന്നു പാടാന്‍ തുടങ്ങി. പക്ഷേ, വീണ്ടും അവന്റെ ശബ്ദം പുറത്തുവന്നില്ല. ഇത്തവണ മുമ്പുണ്ടായിരുന്നതിനേക്കാള്‍ എത്രയോ ഇരട്ടിയായിരുന്നു അവന്റെ അസന്തുഷ്ടി. മാത്രമല്ല, അവനു പേടിയും തോന്നി. തന്നെ ആരെങ്കിലും പിന്തുടരുന്നുണ്ടോ എന്ന് അവന്‍ നോക്കി; ആരുമുണ്ടായിരുന്നില്ല.

'ഞാന്‍ അറിയാതെ വിഷം തിന്നിരിക്കണം. എനിക്കു പേടി വരുന്നു. ചെന്നായ്ക്കള്‍ പൊരുതുന്നതു കണ്ടപ്പോള്‍ ഞാന്‍ ഭയപ്പെട്ടു. അതുതന്നെ ഞാന്‍ വിഷം തിന്നു എന്നതിനു മതിയായ തെളിവാണ്. കാട്ടില്‍ അവരെല്ലാം ആടിപ്പാടിത്തകര്‍ക്കുകയാണ്. ഞാന്‍ ഇവിടെ ഈ ചതുപ്പുനിലങ്ങളില്‍ക്കിടന്നു മരിക്കുകയും! ഞാന്‍ തിരിച്ചുപോകുന്നു. ഒന്നുമില്ലെങ്കില്‍ എനിക്കെന്റെ സ്വന്തം കാട്ടില്‍ക്കിടന്നു മരിക്കാം. ഒരുപക്ഷേ, ബഘേരന്‍ എന്റെ ശരീരം കഴുകന്‍ കൊത്താതെ നോക്കുകയെങ്കിലും ചെയ്യും. അകേലന്റെ ശരീരംപോലെ പരുന്തു കൊത്തി ചീഞ്ഞളിയാന്‍ അവന്‍ അനുവദിക്കില്ല.'

അവന്റെ കണ്ണുകളില്‍നിന്നു കണ്ണീരൊഴുകാന്‍ തുടങ്ങി. അവനല്പം ആശ്വാസം തോന്നി.
'ഒരു രാത്രികൊണ്ടു ഞാന്‍ ചെന്നായ്ക്കളെ മുഴുവന്‍ കാടന്‍ നായ്ക്കളില്‍നിന്നു രക്ഷിച്ചു. അകേലന്‍ മരിക്കാന്‍ കിടക്കുമ്പോള്‍ എന്നോടു പലതും പറഞ്ഞു. ഓ, വേണ്ട. ഞാന്‍ കാട്ടില്‍ത്തന്നെ കഴിയും.'

വടക്കുള്ള ചതുപ്പുനിലങ്ങളിലിരുന്നു മൗഗ്ലി കുറേനേരം ചിന്തിച്ചു. വൈന്‍ ഗംഗാനദിയില്‍ കാട്ടുനായ്ക്കളുമായുള്ള യുദ്ധത്തെക്കുറിച്ചോര്‍ത്തപ്പോള്‍ അവന്‍ അറിയാതെ ഉച്ചത്തില്‍ എന്തോ പറഞ്ഞുപോയി. അവന്റെ ഒച്ച കേട്ടു പുല്‍പ്പടര്‍പ്പുകള്‍ക്കിടയില്‍നിന്നു കാട്ടുപോത്തു ഞെട്ടിയെഴുന്നേറ്റു. മൗഗ്ലിയെ കണ്ടപ്പോള്‍ അവനാശ്വാസമായി.

'ഓ, അതു സിയോണിക്കാട്ടിലെ ചെന്നായ്ക്കളുടെ കൂട്ടത്തിലുള്ള മൗഗ്ലിയാണ്. ഇത്തരം രാത്രികളില്‍ അവന്‍ അങ്ങുമിങ്ങും ഓടാറുണ്ട്.' കൂടെയുണ്ടായിരുന്ന തന്റെ എരുമയോട് പോത്ത് പറഞ്ഞു.
'ഓ, ഞാന്‍ വിചാരിച്ചു, ഏതോ മനുഷ്യന്‍ സൈ്വരം കെടുത്താന്‍ വന്നിരിക്കുകയാണെന്ന്.'
'അല്ല മൗഗ്ലീ, എന്തെങ്കിലും ആപത്തുണ്ടോ?'
'സ്ഥലകാലഭേദമില്ലാതെ നടക്കുന്ന എനിക്കെന്താപത്ത്?'
'ഓ, അവന്‍ എത്ര ഉച്ചത്തിലാണു സംസാരിക്കുന്നത്!' എരുമ പറഞ്ഞു.
'എല്ലാ മനുഷ്യരുടേയും സ്വഭാവമാണത്. പുല്ല് വൃത്തികേടാക്കി നശിപ്പിക്കാനല്ലാതെ തിന്നാനവര്‍ക്കറിയില്ലെന്നു നിനക്കറിഞ്ഞൂകൂടേ?' കാട്ടുപോത്ത് കൂട്ടുകാരിയെ ആശ്വസിപ്പിച്ചു.

മൗഗ്ലിക്ക് ആ പരിഹാസം അത്ര പിടിച്ചില്ല. 'കഴിഞ്ഞ കൊല്ലം എന്നെ പരിഹസിച്ചതിന് ഞാനവനെ ഓടിച്ചിരുന്നു. ഇത്തവണയും അവനെ വെറുതെ വിടുന്നതു ശരിയല്ല.' പുല്ലുകള്‍ക്കിടയിലൂടെ ഒച്ചയുണ്ടാക്കാതെ മഹിഷിയുടെ അടുത്തെത്തി, കത്തി ചൂണ്ടിക്കൊണ്ടവന്‍ പറഞ്ഞു: 
'സിയോണി കാട്ടിലെ ചെന്നായ്ക്കളുടെ കൂട്ടത്തില്‍ രോമമില്ലാത്ത ഒരുത്തന്‍ ഒരിക്കല്‍ നിങ്ങളെ നയിച്ചിരുന്നുവെന്നു പറയൂ.'
'നീയോ? നീ മെരുങ്ങിയ കന്നുകാലികളെ മേച്ചുനടന്നിരുന്നവനാ
ണെന്ന് ഞങ്ങള്‍ക്കെല്ലാമറിയാം. നീ കാട്ടിലെയാണുപോലും! എന്റെ എരുമയുടെ മുമ്പില്‍ വെച്ച് എന്നെ അപഹസിക്കാന്‍ നടക്കുന്നോ? ഈ ചതുപ്പുനിലങ്ങളില്‍നിന്നു പുറത്തു കടക്കൂ. നിന്നെ ഞാന്‍...' കാട്ടുപോത്തു ദേഷ്യംകൊണ്ടലറി.
മൗഗ്ലിക്കാകപ്പാടെ പരിഭ്രമമായി. 'ഈ കാട് എനിക്ക് നല്ല പരിചയമില്ല. നീ ഇങ്ങനെ ഇത്രയധികം ഒച്ചയെടുത്താല്‍ മനുഷ്യരാരെങ്കിലും കേള്‍ക്കില്ലേ?'
'ഇവിടെനിന്നു കുറച്ചുകൂടി വടക്കോട്ടു പോയാല്‍ മനുഷ്യരെ കാണും. അവരോട് ഒരു കാട്ടുപോത്തിന്റെ അലര്‍ച്ചയാണു കേട്ടതെന്നു പോയി 
പറയൂ.'
'മനുഷ്യര്‍ കാട്ടിലെ കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവരാണ്. ഇതിന് ഇത്രയധികം ഒച്ചയെടുക്കേണ്ടിയിരുന്നില്ല. ഏതായാലും ഞാന്‍ മനുഷ്യരുടെ ഗ്രാമം കണ്ടു വരാം.' മൗഗ്ലിഅവിടെനിന്നും പുറത്തുകടന്നു.

'എന്റെ ശക്തി മുഴുവന്‍ പോയിട്ടില്ല. ഒരുപക്ഷേ, വിഷം എന്റെ അസ്ഥികളില്‍ കേറീട്ടുണ്ടാവില്ല.' അവനോര്‍ത്തു.
ദൂരെ ഒരിടത്ത് ഒരു വിളക്കു കത്തുന്നുണ്ടായിരുന്നു. വളരെക്കാലമായി മനുഷ്യരെക്കുറിച്ചോ അവരുടെ ചെയ്തികളെക്കുറിച്ചോ അവന്‍ ചിന്തിച്ചിരുന്നില്ല. പക്ഷേ, ഒരബോധപ്രേരണയാലെന്നോണം തീ കത്തുന്നേടത്തേക്കവന്‍ നടന്നു.
മനുഷ്യര്‍ എത്രമാത്രം മാറിയിട്ടുണ്ടെന്നു നോക്കി വരാമെന്നു തോന്നി. തനിക്കു പരിചയമില്ലാത്ത സ്ഥലമാണെന്നവന്‍ മറന്നു. ഒരു കുടിലിനകത്ത് ഒരു വിളക്കു കത്തുന്നുണ്ടായിരുന്നു. അവനെ കണ്ടു രണ്ടുമൂന്നു നായ്ക്കള്‍ കുരച്ചു. പക്ഷേ, അവന്റെ ചെന്നായ്ക്കളുടെ കരച്ചില്‍ കേട്ടതോടെ അവ നിശ്ശബ്ദരായി.
ഒരു കുടിലിനടുത്ത് അവന്‍ എത്തി. അവന്‍ അവിടെ ഇരുന്നു.
'മനുഷ്യരുമായി നിനക്കെന്തു കാര്യം?' അവന്‍ സ്വയം ചോദിച്ചു. 'നിന്നെ ഒരിക്കല്‍ അവര്‍ കല്ലെറിഞ്ഞ് ഓടിച്ചതല്ലേ?'
കുടിലിന്റെ വാതില്‍ തുറന്ന് ഒരു സ്ത്രീ പുറത്തേക്കു നോക്കി. ഒരു ചെറിയ കുട്ടി കരയാന്‍ തുടങ്ങി. അതിനോടായിരിക്കണം, ആ സ്ത്രീ പറഞ്ഞു:
'ഉറങ്ങൂ, നേരം പുലരാറായി. ഏതോ കുറുക്കനെ കണ്ട് നായ്ക്കള്‍ ഒച്ചയുണ്ടാക്കിയതാണ്.'
മൗഗ്ലിയുടെ ശരീരം വിറയ്ക്കാന്‍ തുടങ്ങി. ആ ശബ്ദം അവന് സുപരിചിതമായിരുന്നു. അറിയാതെ അവന്‍ വിളിച്ചുപോയി. ഓ, മെസ്സുവാ!'
'ആരാണ് വിളിക്കുന്നത്?' ആ സ്ത്രീ പരിഭ്രമിച്ചു.
അവന്‍ അവരുടെ മുമ്പില്‍ വന്നുനിന്നു.
'മറന്നുപോയോ?' മനുഷ്യരുടെ ഭാഷ അവനറിയാതെതന്നെ പുറത്തുവന്നു.
'ഓ, അതു നീയാണെങ്കില്‍ ഞാന്‍ നിന്നെ വിളിക്കുന്ന പേരു പറയൂ.'
'നാഥൂ.'
'എന്റെ മോനേ, അകത്തു വരൂ.'
മൗഗ്ലി കുടിലിനകത്തു കയറി. മണ്ണെണ്ണവിളക്കിന്റെ പ്രകാശത്തില്‍ അവന്‍ മെസ്സുവയെ ആപാദചൂഡം നോക്കി. വാര്‍ധക്യം അവരുടെ ശരീരത്തേയും തലമുടിയേയും ബാധിച്ചിരുന്നു. പക്ഷേ, അവരുടെ കണ്ണുകളും മനസ്സും മാറിയിരുന്നില്ല. വാതില്പടിയില്‍ തലമുട്ടുന്ന മൗഗ്ലിയെ അവരും കണ്ണിമയ്ക്കാതെ നോക്കുകയായിരുന്നു.

'എന്റെ മോനേ!' അവര്‍ വിളിച്ചു. 'അല്ലെങ്കില്‍ നീയെന്റെ മോനല്ല. നീ ഒരു കാട്ടാളനെപ്പോലെയിരിക്കുന്നു.'
മുത്തശ്ശിക്കഥകളിലെ ഏതോ ഒരു കാട്ടുരൂപത്തെപ്പോലെയായിരുന്നു അവന്റെ രൂപം. നല്ല ഉയരവും തടിയുമുള്ള അവന്റെ ദേഹത്തില്‍ നീണ്ട കറുത്ത മുടിയും കഴുത്തില്‍ കെട്ടിത്തൂക്കിയ കത്തിയും ഉണ്ടായിരുന്നു. ഉറങ്ങിയിരുന്ന ചെറിയ കുട്ടി അവനെ കണ്ടു പേടിച്ചു നിലവിളിക്കാന്‍ തുടങ്ങി. മെസ്സുവ അതിനെ സമാധാനിപ്പിച്ചു. മൗഗ്ലി കുടിലിനകത്തുണ്ടായിരുന്ന പാത്രങ്ങളും മറ്റു സാധനങ്ങളും നോക്കി. അവയുടെയെല്ലാം പേര് അവന്റെ ഓര്‍മയിലെത്തി.

'ഈ കാണുന്നതെല്ലാം നിന്റേതാണ്. നിനക്കു വേണ്ടതെന്താണെന്നുവെച്ചാല്‍ തിന്നുകയോ കുടിക്കുകയോ ചെയ്‌തോളൂ. ഞങ്ങളുടെ ജീവന്‍തന്നെ നിനക്കു കടപ്പെട്ടിരിക്കുന്നു. നീ നാഥുതന്നെയോ അതോ കാട്ടിലെ വല്ല ദൈവമോ?'
'ഞാന്‍ നാഥുതന്നെ. ഞാന്‍ എന്റെ കാട്ടില്‍നിന്നും വളരെ അകലെയാണ്. ഇവിടെ വെളിച്ചം കണ്ടതുകൊണ്ടു വന്നു നോക്കിയതാണ്. നിങ്ങളായിരിക്കുമിവിടെയെന്നു ഞാനറിഞ്ഞിരുന്നില്ല.'
'ഞങ്ങള്‍ ഖാഞ്ഞിവാരയിലേക്കു പോയതു നിനക്കോര്‍മയില്ലേ? അവിടെ വെള്ളക്കാര്‍ ഞങ്ങളെ സഹായിച്ചു. പക്ഷേ, ഞങ്ങള്‍ തിരിച്ചുപോയപ്പോള്‍ ഗ്രാമത്തിന്റെ പൊടിപോലും കാണാനുണ്ടായിരുന്നില്ല.'
'ശരി, എന്നിട്ട്?'
'ഞങ്ങള്‍ ഇവിടെ വന്നു കാടുതെളിയിച്ചു. എന്റെ ഭര്‍ത്താവിന് നല്ല കരുത്തുണ്ടായിരുന്നു. ഞങ്ങള്‍ ഇവിടെ കൃഷി ചെയ്തു.'
'അയാളെവിടെ?'
'ഒരു കൊല്ലംമുമ്പ് മരിച്ചുപോയി.'
'ഇതാരാണ്?' കുട്ടിയെ ചൂണ്ടി അവന്‍ ചോദിച്ചു.
'ഇതു രണ്ടു വയസ്സുള്ള എന്റെ മകനാണ്. നീയൊരു കാട്ടുദൈവമാണെങ്കില്‍ നിന്റെ ആളുകള്‍ ഞങ്ങളെ രക്ഷിച്ചതുപോലെ അവനെയും രക്ഷിക്കണം.'

അവര്‍ കുട്ടിയെ എടുത്തു അവന്റെ കൈയില്‍ കൊടുത്തു. കുട്ടി കരഞ്ഞില്ല. അവന്‍ മൗഗ്ലിയുടെ കഴുത്തിലെ കത്തി പിടിച്ചുനോക്കി. മൗഗ്ലി തന്റെ വിരലുകള്‍കൊണ്ട് അവനെ താലോലിച്ചു.
'നീ നരിപിടിച്ചുകൊണ്ടുപോയ എന്റെ മകന്‍ നാഥുവാണെങ്കില്‍ ഇവന്‍ നിന്റെ അനിയനാണ്. അവനെ അനുഗ്രഹിക്കൂ.'
'അനുഗ്രഹിക്കേണ്ടതെങ്ങനെയാണെന്നെനിക്കറിഞ്ഞുകൂട. ഞാന്‍ ദൈവമല്ല. എന്റെ അമ്മേ, എന്റെ ദേഹം വിറയ്ക്കുന്നു.'
'ആ ചതുപ്പുനിലങ്ങളില്‍ രാത്രി ഓടിയതുകൊണ്ടാവാം. നിന്റെ ദേഹത്തു ചൂടുണ്ട്. ഞാന്‍ തീയുണ്ടാക്കാം. നിനക്കു നല്ല കാച്ചിയ പാലു തരാം. നിന്റെ ദേഹത്തു കെട്ടിയിരിക്കുന്ന ഈ പൂക്കളെല്ലാം അഴിച്ചു മാറ്റൂ. അവയ്ക്കു വല്ലാത്ത മണമുണ്ട്.'
മൗഗ്ലി കൈകളില്‍ തലയും താങ്ങിയിരുന്നു. മുമ്പെങ്ങും അനുഭവപ്പെട്ടിട്ടില്ലാത്ത ഒരുതരം വികാരവൈവശ്യം അവനനുഭവപ്പെട്ടു. കുറേശ്ശക്കുറേശ്ശയായി അവന്‍ പാലു കുടിച്ചു. മെസ്സുവ ഇടയ്ക്കിടെ അവന്റെ പുറത്തു തടവിക്കൊണ്ടിരുന്നു. അവന്‍ വര്‍ഷങ്ങള്‍ക്കുമുമ്പു നരി പിടിച്ചുകൊണ്ടുപോയ തന്റെ മകന്‍ നാഥുവോ അതോ വല്ല കാട്ടുദൈവമോ എന്ന് അവര്‍ക്കു നിശ്ചയമുണ്ടായിരുന്നില്ല.
'നീ വളരെ സുന്ദരനാണെന്നു നിന്നോടാരും ഇതുവരെ പറഞ്ഞിട്ടില്ലേ?'

'ഹാങ്!' മൗഗ്ലിക്കതൊന്നും നിശ്ചയമുണ്ടായിരുന്നില്ല. മെസ്സുവ ചിരിച്ചു. അവന്റെ കണ്ണുകളിലെ ഭാവം അവരെ സംതൃപ്തയാക്കി.
'ഒരമ്മ സാധാരണ പറയുന്നതാണിത്. പക്ഷേ, നിന്നെപ്പോലെ ഒരൊത്ത ആണിനെ ഞാനിതുവരെ കണ്ടിട്ടില്ല.'
മൗഗ്ലി തന്റെ ചുമലുകള്‍ കുലുക്കിനോക്കി. അവര്‍ രണ്ടുപേരും ചിരിച്ചു. അതു കണ്ടു ചെറിയ കുട്ടിയും ചിരിച്ചു.
'നീ നിന്റെ ഏട്ടനെ കളിയാക്കരുത്.' അവനെ എടുത്തു മുലയൂട്ടിക്കൊണ്ടു മെസ്സുവ പറഞ്ഞു. 'നീ അവന്റെ പകുതി സുന്ദരനായാല്‍ നിന്നെ ഒരു രാജാവിന്റെ മകള്‍ക്കു വിവാഹം കഴിച്ചുകൊടുക്കും. നിനക്കു വലിയ ആനകളുടെ പുറത്തു കയറി പോകാം.'
കുറച്ചു കഴിഞ്ഞപ്പോള്‍ മൗഗ്ലി അറിയാതെ അവിടെ കിടന്ന് ഉറങ്ങിപ്പോയി. അവിടെ താന്‍ സുരക്ഷിതനാണെന്ന് അവന്റെ അബോധമനസ്സിലെങ്കിലും തോന്നിയിരിക്കണം. കാട്ടിലെന്നപോലെ രാത്രിയും പകലും മുഴുവന്‍ അവന്‍ ഉറങ്ങി. മെസ്സുവ അവന്റെ കണ്ണുകളില്‍ വീണിരുന്ന തലമുടി എടുത്തുമാറ്റി. ഒരു തുണി കൊണ്ടുവന്ന് അവനെ പുതിപ്പിച്ചു.
ഉണര്‍ന്നപ്പോള്‍ മെസ്സുവ അവന് അത്താഴം വിളമ്പി. അവന്‍ രുചിയോടെ ആഹാരം കഴിച്ചു. കുറെ കഴിഞ്ഞു മഞ്ഞുവീഴാന്‍ തുടങ്ങിയപ്പോള്‍ കാട്ടിലേക്കു തിരികെപ്പോകണമെന്ന് അവനു തോന്നി. പക്ഷേ, ചെറിയ കുട്ടി അവന്റെ കൈകളില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. മൗഗ്ലിയുടെ കൈകളില്‍ ഇരുന്ന് അവന്‍ കളിച്ചു. മെസ്സുവ ആ സമയത്ത് മൗഗ്ലിയുടെ നീണ്ടു കറുത്ത മുടി ചീകിയൊതുക്കി. കുടിലിന്റെ വാതില്‍ അടച്ചിരുന്നു. പക്ഷേ, പുറത്ത് മൗഗ്ലി തനിക്കു സുപരിചിതമായ ശബ്ദം കേട്ടു. മൂത്ത ചെന്നായ് സഹോദരന്‍ അവനെ വിളിക്കുകയായിരുന്നു.

'പുറത്തു കാത്തുനില്‍ക്കൂ. ഞാന്‍ വിളിച്ചപ്പോള്‍ നീ വന്നില്ല.' മൗഗ്ലി ചെന്നായ്ക്കളുടെ ഭാഷയില്‍ പറഞ്ഞു.
'നിന്റെ കാട്ടിലെ മൃഗങ്ങളെയൊന്നും ഇവിടെ കൊണ്ടുവരരുത്. ഇവിടെ ഞങ്ങള്‍ സൈ്വരമായി കഴിയുകയാണ്.'
'സാരമില്ല. അവ നിങ്ങളെ ഉപദ്രവിക്കില്ല. നിങ്ങള്‍ ഖാഞ്ഞിവാരയിലേക്കു പോകുമ്പോള്‍ അവ നിങ്ങളുടെ മുമ്പിലും പുറകിലും ഉണ്ടായിരുന്നു. അമ്മേ, ഞാന്‍ പോകുന്നു.'
മെസ്സുവ വിനയപൂര്‍വം ഒഴിഞ്ഞുമാറി. അവന്‍ കാട്ടിലെ ഏതോ ഒരു ദൈവമാണെന്ന് അവര്‍ക്കു തോന്നിയിരുന്നു. പക്ഷേ, അവന്‍ പുറത്തേക്കു കടക്കുമ്പോള്‍ ആ സ്ത്രീയിലെ മാതൃത്വം ഉണര്‍ന്നു. അവര്‍ അവനെ പലതവണ കെട്ടിപ്പിടിച്ചു.
'തിരിച്ചു വരൂ. നീ എന്റെ മകനാണെങ്കിലും അല്ലെങ്കിലും നിന്നെ എനിക്കിഷ്ടമാണ്.'
ചെറിയ കുട്ടിപോലും അവന്‍ പോകാന്‍ തുടങ്ങുന്നതുകണ്ട് കരയുകയായിരുന്നു.
'തിരിച്ചു വരണം. ഈ വാതില്‍ എപ്പോഴും നിനക്കുവേണ്ടി തുറന്നിരിക്കും.'
തന്റെ തൊണ്ടയില്‍ എന്തോ കുടുങ്ങിയിരിക്കുന്നതായി മൗഗ്ലിക്കു തോന്നി. എങ്കിലും അവന്‍ പറഞ്ഞൊപ്പിച്ചു:
'ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും.'
പുറത്തു കടന്നപ്പോള്‍ അവന്‍ ചെന്നായയോട് പരാതിപ്പെട്ടു: 'ഞാന്‍ വളരെനേരം വിളിച്ചിട്ടും നിങ്ങള്‍ നാലുപേരും വന്നില്ല.'
'ഇതു വസന്തമാണെന്നു നിനക്കറിഞ്ഞുകൂടേ? ഞങ്ങള്‍ പുതിയ പാട്ടുകള്‍ പാടുകയായിരുന്നു. പാടിത്തീര്‍ന്ന ഉടനെ ഞാന്‍ നിന്നെത്തേടി വന്നു. പക്ഷേ, നീ എന്താണു ചെയ്തത്? മനുഷ്യരുടെ കൂടെ ഉണ്ണുകയും ഉറങ്ങുകയും'
'ഞാന്‍ വിളിച്ചപ്പോള്‍ നിങ്ങള്‍ വന്നിരുന്നെങ്കില്‍ ഇതൊരിക്കലും സംഭവിക്കുമായിരുന്നില്ല.'
'ഇനി എന്തുചെയ്യും?'
മൗഗ്ലി അതിനു മറുപടി പറയാന്‍ ഭാവിക്കുകയായിരുന്നു. അപ്പോഴേക്കും ഗ്രാമത്തിലെ ഏതോ ഒരു പെണ്‍കുട്ടി ആ വഴി നടന്നുവന്നു. 
ചെന്നായ ഉടനെ ഒളിച്ചു. ഒരു ഭൂതത്തെ കണ്ടാലെന്നവണ്ണം അവള്‍ മൗഗ്ലിയെ കണ്ടു ഞെട്ടി. അവന്‍ ഒഴിഞ്ഞുമാറി. അവള്‍ ഓടിപ്പോയി. ദൃഷ്ടിപഥത്തില്‍നിന്നു മറയുന്നതുവരെ അവന്‍ നോക്കിനിന്നു.

'ഞാന്‍ വിളിച്ചപ്പോള്‍ നിങ്ങള്‍ എന്താ വരാഞ്ഞത്?' അവന്‍ വീണ്ടും ചെന്നായയോടു ചോദിച്ചു.
'വസന്തം വരുന്ന സമയമൊഴിച്ചു മറ്റെല്ലായ്‌പോഴും ഞങ്ങള്‍ നിന്റെ
കൂടെയായിരിക്കുമെന്നു നിനക്കറിഞ്ഞുകൂടേ?'
'നീ എന്നെ മനുഷ്യരുടെയടുത്തേക്കു പിന്തുടരുമോ?'
'പണ്ടു നീ മനുഷ്യരുടെ ഗ്രാമത്തിലായിരുന്നപ്പോള്‍ ഞാന്‍ നിന്നെത്തേടി വന്നിരുന്നില്ലേ? ഇപ്പോഴും നിന്നെത്തേടി ഞാന്‍ വന്നില്ലേ?'
'പക്ഷേ, ഞാന്‍ ഇനി പോയാല്‍ നീ വീണ്ടും വീണ്ടും വരുമോ?'
ചെന്നായ ഉത്തരം പറഞ്ഞില്ല. കുറെ കഴിഞ്ഞപ്പോള്‍ അവന്‍ സ്വയം 
പറഞ്ഞു:
'മനുഷ്യന്‍ മനുഷ്യന്റെകൂടെ പോകും എന്നു പറഞ്ഞത് എത്ര ശരി
യാണ്!'
'അകേലന്‍ മരിക്കാന്‍ കിടക്കുമ്പോഴും അതുതന്നെയാണു പറഞ്ഞിരുന്നത്.' മൗഗ്ലി പ്രതിവചിച്ചു.
'നമ്മളെക്കാളെല്ലാം ബുദ്ധിയും പ്രായവുമുള്ള കാപോലും അതുതന്നെയാണു പറയുന്നത്.'
'നീയെന്തു പറയുന്നു?' മൗഗ്ലി ചോദിച്ചു.

'ഒരിക്കല്‍ നിന്നെ അവര്‍ കല്ലെറിഞ്ഞു പുറത്താക്കി. നിന്നെ കൊല്ലാന്‍ ബല്‍ദേവിനെ അയച്ചു. നിന്നെ കിട്ടിയിരുന്നെങ്കില്‍ അവര്‍ നിന്നെ തീയിലിടുമായിരുന്നു. നീതന്നെ മനുഷ്യര്‍ ദുഷ്ടരും ബോധമില്ലാത്തവരുമാണെന്ന് ഇടയ്ക്കിടെ പറയാറുണ്ട്. അവരുടെ ഗ്രാമം കാടായതും നീ പറഞ്ഞിട്ടാണ്. കാടന്‍ നായ്ക്കളെക്കാള്‍ അവരോടു നിനക്കു വെറുപ്പാണെന്നു നീ പാടാറുണ്ട്.'
'നീ എന്തൊക്കെയാണ് പറയുന്നത്?'

അവര്‍ ഒാടുകയായിരുന്നു. ചെന്നായ കുറെ കഴിഞ്ഞ് വീണ്ടും പറഞ്ഞു: 'കാട്ടിലെ നേതാവേ, നീയും ഞാനും രക്ഷ എന്നു പേരുള്ള ചെന്നായയുടെ മക്കളാണ്. നീ എന്റെ മൂത്ത സഹോദരനാണ്. വസന്തത്തില്‍ ഒരിക്കല്‍
മാത്രം നിന്റെ വഴി ഞങ്ങളുടേതാണെന്നും നിന്റെ ഇര ഞങ്ങളുടെയും ഇരയാണെന്നും നിന്റെ രക്ഷ ഞങ്ങളുടെയാണെന്നും ഞങ്ങള്‍ മറക്കുന്നു. എന്റെ ഇളയ മൂന്നുപേര്‍ക്കുകൂടി വേണ്ടിയാണ് ഞാന്‍ പറയുന്നത്. നീ കാട്ടിലുള്ളവരോടെന്തു സമാധാനം പറയും?'
'ഇരയെ കണ്ടാല്‍ കൊല്ലാതെ കാത്തുനില്ക്കുന്നതു ശരിയല്ല. നീ പോയി എല്ലാവരോടും സഭ കൂടാറുള്ള പാറമേല്‍ വരാന്‍ പറയൂ. ഞാന്‍ എനിക്കു പറയാനുള്ളത് അപ്പോള്‍ പറയാം. പക്ഷേ, അവര്‍ വരുമോ?'
'അപ്പോള്‍ നീ പോകാന്‍ തീരുമാനിച്ചു. അല്ലേ?'

മറ്റു വല്ല സമയത്തുമായിരുന്നുവെങ്കില്‍ വാര്‍ത്ത വളരെ എളുപ്പത്തില്‍ പ്രചരിക്കുമായിരുന്നു. പക്ഷേ, ഇപ്പോള്‍ അവര്‍ക്ക് ഒന്നിലും താല്‍പ്പര്യമുണ്ടായിരുന്നില്ല. ആടുക, പാടുക, ഇണചേരുക, തിന്നുക - ഇതുമാത്ര
മായിരുന്നു അവര്‍ ചെയ്തിരുന്നത്. ചെന്നായ ഓടിനടന്ന് ഓരോരുത്ത
രോടും പറഞ്ഞു:
'കാട്ടിലെ നേതാവ് മനുഷ്യരുടെയടുത്തേക്കു പോകുന്നു. സഭ കൂടുന്ന പാറയിലേക്കു വരൂ.'
മറ്റുള്ളവരുടെ മറുപടി ഇതായിരുന്നു: 'വേനലിലെ ചൂടില്‍ അവന്‍ മടങ്ങിവരും. വരൂ, ഞങ്ങളുടെകൂടെ പാടി രസിക്കൂ.'
മൗഗ്ലി സഭ കൂടാറുള്ള പാറയില്‍ വന്നപ്പോള്‍ അവിടെ അവന്റെ കൂടെ വളര്‍ന്ന നാലു ചെന്നായ്ക്കളും വയസ്സനായി കണ്ണുപോലും ശരിക്കു കാണാത്ത ഭാലുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

'നിന്റെ വഴി ഇവിടെ അവസാനിക്കുന്നു അല്ലേ?' കാ ചോദിച്ചു. 'സാരമില്ല. ഞാനും നീയും എല്ലാം ഒരുപോലെയാണെന്ന് നീ ഇടയ്ക്കിടെ പറയാറില്ലേ? അതൊന്നുകൂടി പറയൂ.'
'ഞാന്‍ എന്തുകൊണ്ട് കാട്ടുനായ്ക്കളുടെകൂടെ മരിച്ചില്ല? എന്റെ ശക്തി മുഴുവന്‍ പോയിരിക്കുന്നു. എന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് എനിക്ക് എപ്പോഴും തോന്നുന്നു. തിരിഞ്ഞുനോക്കിയാല്‍ ആരെയും കാണുന്നില്ല. മരങ്ങള്‍ക്കിടയില്‍ അവന്‍ ഒളിച്ചിരിക്കുകയാണെന്നു കരുതി ഞാന്‍ നോക്കുന്നു. പക്ഷേ, ആരും ഉണ്ടാവില്ല. കിടന്നാല്‍ എനിക്കു വിശ്രമിക്കാന്‍ കഴിയുന്നില്ല. കുളിച്ചാല്‍ തണുപ്പു തോന്നുന്നില്ല. എനിക്കെന്തുപറ്റിയെന്ന് മനസ്സിലാവുന്നില്ല. ഞാന്‍ എന്താണു പറയേണ്ടത്?'

ഭാലു സാവധാനത്തില്‍ മൗഗ്ലിയുടെനേരെ നോക്കി പറഞ്ഞു: 'അകേലന്‍ മരിക്കുമ്പോള്‍പ്പോലും പറഞ്ഞു. ഞാന്‍ നിന്നോട് സാധാരണ പറയാറുണ്ട്. ബഘേരനും അതറിയാം-പക്ഷേ, അവന്‍ ഈ രാത്രി എവിടെപ്പോയി? മനുഷ്യന്‍ മനുഷ്യന്റെയടുത്തേക്കു തിരിച്ചുപോകണം. അതാണു നിയമം.'

'കാട്ടില്‍നിന്നു പുറത്താക്കീട്ടില്ലെങ്കിലും മനുഷ്യന്‍ മനുഷ്യന്റെകൂടെ തിരിച്ചുപോകുമെന്നു ഞാന്‍ പറയാറുണ്ട്.' കാ പറഞ്ഞു.
ചെന്നായ്ക്കള്‍ നാലും ദൈന്യതയോടെ മൗഗ്ലിയുടെ നേരെ നോക്കി. അവ നിലവിളിക്കാന്‍ തുടങ്ങി. ഭാലു അവരെ തടഞ്ഞു.
'ഞാനാണു നിന്റെ ഗുരു. ഇപ്പോള്‍ എന്റെ മുമ്പിലുള്ള പാറ എനിക്കു ശരിക്കു കാണാന്‍ കഴിയുന്നില്ല. എങ്കിലും എനിക്കു വളരെദൂരം കാണാന്‍ കഴിയും. നീ നിന്റെ വഴികളിലൂടെ പോവുക. നിന്റെ ആളുകളുമായി നീങ്ങുക. പക്ഷേ, എന്നെങ്കിലും നിനക്ക് എന്തെങ്കിലുമൊരാവശ്യം നേരിട്ടാല്‍ കാടു നിന്റെ വിളികേള്‍ക്കാന്‍ തയ്യാറായി നില്ക്കും.
'കാട്ടിലെ എന്തും നിനക്കുള്ളതാണ്.' കാ പറഞ്ഞു.

'എന്റെ സഹോദരങ്ങളേ, ഇപ്പോഴും എനിക്കെന്താണെന്നറിയില്ല. 

എനിക്കു പോകണമെന്നില്ല. പക്ഷേ, എന്റെ കാലുകള്‍ എന്നെ വലിക്കുന്നു. ഞാന്‍ എങ്ങനെയാണിവിടം വിടുക?'
'ഇതില്‍ ലജ്ജിക്കാനൊന്നുമില്ല. തേന്‍ തിന്നുകഴിഞ്ഞാല്‍ നാം കൂടുവിടാറില്ലേ?' ഭാലു അവനെ സമാധാനിപ്പിച്ചു.
'ഒരിക്കല്‍ പൊഴിച്ചുകളഞ്ഞ തോലിനുള്ളിലേക്കു പാമ്പുകള്‍ പിന്നീടു കയറാറില്ല.' കായും തത്ത്വചിന്തകനായി.
'എനിക്ക് ഏറ്റവും പ്രിയമുള്ള മൗഗ്ലി, ശ്രദ്ധിക്കൂ. നിന്നെ തടഞ്ഞുനിര്‍ത്താന്‍ യാതൊന്നുമില്ല. നിന്നെ ചോദ്യംചെയ്യാന്‍ ഇവിടെയാരുമില്ല. 
നീയൊരു കൈക്കുഞ്ഞായിരുന്നപ്പോഴേ ഞാനും ബഘേരനും നിന്നെ അറിയും. നിന്നെ അന്നറിഞ്ഞവരില്‍ ചുരുക്കം പേരേ ഇന്നു ബാക്കിയുള്ളൂ. അകേലനും ആ തലമുറയിലെ സകല ചെന്നായ്ക്കളും മരിച്ചു. നിന്റെ ബുദ്ധിയും ശക്തിയും ഇല്ലായിരുന്നെങ്കില്‍ ഈ പുതിയ തലമുറയും നശിച്ചേനെ. നിനക്കു പോകാന്‍ ആരുടെ സമ്മതവും വേണ്ട. മനുഷ്യന്റെ വഴികള്‍ ആരാണു ചോദ്യംചെയ്യുക?'
'ബഘേരന്‍ എനിക്കുവേണ്ടി നല്കിയ കാളക്കൂറ്റന്‍-'

ഒരലര്‍ച്ചയുടെയും മരങ്ങള്‍ ഒടിയുന്നതിന്റെയും ശബ്ദം കേട്ടു. ബഘേരന്‍ അവരുടെ മുമ്പില്‍ വന്നുനിന്നു.
കൈപ്പത്തി നീട്ടിക്കൊണ്ട് അവന്‍ പറഞ്ഞു: 'അതൊരു നീണ്ട നായാട്ടായിരുന്നു. ഞാനവനെ കൊന്നു. രണ്ടു വയസ്സുള്ള ഒരു കാളക്കൂറ്റന്‍. അവന്‍ നിന്നെ സ്വതന്ത്രനാക്കിയിരിക്കുന്നു. എല്ലാ കടങ്ങളും വീട്ടിക്കഴിഞ്ഞു.' 

അവന്‍ മൗഗ്ലിയുടെ കാലുകള്‍ നക്കി. 'ഇനിയെല്ലാം ഭാലു പറഞ്ഞത് എന്റെയുംകൂടി വാക്കുകളാണ്. വല്ലപ്പോഴും ഓര്‍ക്കുക. ബഘേരനു നിന്നെ വളരെ സ്‌നേഹമായിരുന്നു.' ബഘേരന്‍ അവിടെ നിന്നില്ല. പോകുന്നപോക്കില്‍ അവന്‍ വീണ്ടും വിളിച്ചുപറഞ്ഞു: 'ബഘേരനു മൗഗ്ലിയെ ഏറ്റവും ഇഷ്ടമായിരുന്നു. മറക്കരുത്!'

'അവന്‍ പറഞ്ഞതു കേട്ടില്ലേ? ഇനി എനിക്കൊന്നും പറയാനില്ല. പോകൂ. പക്ഷേ, കാട്ടില്‍ വരുമ്പോള്‍ ആദ്യം എന്റെയടുത്തു വരണം. എനിക്കു നിന്നെക്കഴിച്ചേ മറ്റാരും ഉള്ളൂ.' ഭാലു തൊണ്ടയിടറിക്കൊണ്ടു പറഞ്ഞു. മൗഗ്ലി അവന്റെ കഴുത്തില്‍ കെട്ടിപ്പിടിച്ചു കരഞ്ഞു. ഭാലു അവശതയോടെ അവന്റെ കാലുകള്‍ നക്കി.
പ്രഭാതം പൊട്ടിവിടരുകയായിരുന്നു. ചെന്നായ പറഞ്ഞു: 'നക്ഷത്രങ്ങള്‍ അസ്തമിച്ചിരിക്കുന്നു. നമ്മള്‍ ഇന്നെവിടെ പോകും? ഇനി നമുക്കു പോകാനുള്ളതു പുതിയ വഴികളിലൂടെയാണ്.'

(കാട്ടിലെ കഥകളില്‍ നിന്ന്)





www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment