Tuesday, August 2, 2011

[www.keralites.net] മുള്ളുവന്ന്‌ ഇലയില്‍ വീണാല്‍ കേട്‌ 'മുള്ളിന്‌'!

 

മുള്ളുവന്ന്‌ ഇലയില്‍ വീണാല്‍ കേട്‌ 'മുള്ളിന്‌'!

Fun & Info @ Keralites.net
പഴഞ്ചൊല്ലില്‍ പതിരില്ലെന്നാണ്‌ പറയാറുള്ളത്‌. അത്തരത്തിലുള്ള പഴഞ്ചൊല്ലുകളിലൊന്നാണ്‌ 'മുള്ള്‌ വന്ന്‌ ഇലയില്‍ വീണാലും ഇല വന്ന്‌ മുള്ളില്‍ വീണാലും കേട്‌ ഇലയ്‌ക്കാ'ണെന്നത്‌. പീഡനങ്ങളുടെ സ്വന്തം നാടായി മാറിയ കേരളത്തിലെ 'സ്‌ത്രീ പീഡന'ങ്ങളുടെ യഥാര്‍ഥ കഥകളാണ്‌ ഇപ്പോള്‍ ഈ ചൊല്ലിന്‌ പതിരായിരിക്കുന്നത്‌. കാലം മാറുന്നതിനനുസരിച്ച്‌ കോലം മാറുന്ന ആധുനിക സമൂഹം ഈ പഴഞ്ചൊല്ലിന്‌ പുതിയ മാനം നല്‍കിയിരിക്കുന്നു. സമീപകാല പീഡന -പീഡനശ്രമ കഥകളിലെ പെണ്‍കുട്ടികളുടെ 'റോളാ'ണ്‌ ഇതിന്‌ ആധാരം. യുവാക്കള്‍ക്കൊപ്പം കറങ്ങി നടക്കാന്‍ തുനിഞ്ഞിറങ്ങുന്ന പെണ്‍കുട്ടികള്‍ പിടിയിലാകുമ്പോള്‍ ഇവരെ തള്ളിപ്പറഞ്ഞ്‌ തലയൂരുന്ന കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നവയില്‍ ഭൂരിഭാഗവും. ഇതിന്‌ അപവാദമായുള്ളത്‌ ഒറ്റപ്പെട്ട കേസുകള്‍ മാത്രം. ഇവയാകട്ടെ ഒതുക്കി തീര്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌. പീഡനശ്രമ കേസുകളുടെ കഥയും മറിച്ചല്ല. 

ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം അടിമാലിയില്‍ അരങ്ങേറിയ 'നാടക'ത്തിലും പെണ്‍കുട്ടികള്‍ തങ്ങളുടെ റോള്‍ ഭംഗിയായി അഭിനയിച്ചു. എന്നാല്‍ സംശയാലുക്കാളായ പോലീസുകാര്‍ കൈയോടെ പൊക്കിയത്‌ പൊല്ലാപ്പായിരിക്കുകയാണ്‌. സഹോദരിമാരായ പെണ്‍കുട്ടികളുമായി കറങ്ങാനിറങ്ങിയ 'സഹോദരന്‍'മാരാണ്‌ പോലീസ്‌ പിടിയിലായത്‌. 

എങ്കിലും കേസ്‌ റജിസ്‌റ്റര്‍ ചെയ്‌തപ്പോള്‍ കുറ്റക്കാര്‍ പൂര്‍ണമായും യുവാക്കളായി മാറി. മൂന്നാര്‍ കാണിക്കാമെന്ന്‌ പ്രലോഭിപ്പിച്ച്‌ വിദ്യാര്‍ഥിനികളായ സഹോദരിമാരെ കൂട്ടിയെത്തിയതിന്‌ 366 (എ) വകുപ്പ്‌ പ്രകാരമാണ്‌ കേസ്‌ എടുത്തിരിക്കുന്നത്‌. മലപ്പുറം പേരയന്നൂര്‍ കല്ലുമുറിക്കല്‍ വീട്ടില്‍ മുഹമ്മദ്‌ ഷെഫീഖ്‌ (22) മലപ്പുറം പേരയന്നൂര്‍ കോടലോടിപ്പറമ്പില്‍ സുഹൈര്‍ (21) എന്നിവരെയാണ്‌ ഞായറാഴ്‌ച അടിമാലി ഹൈവേ പോലീസ്‌ പിടികൂടിയത്‌. തൃശൂര്‍ ചാഴൂര്‍ സ്വദേശിനികളായ സഹോദരിമാരുമായെത്തിയ യുവാക്കളാണ്‌ കുടുങ്ങിയത്‌. ഇവര്‍ സഞ്ചരിച്ച കെ.എല്‍. 52എ 2355 നമ്പരിലുള്ള ആള്‍ട്ടോ കാറും കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. 

ഗള്‍ഫില്‍ സ്വകാര്യ സ്‌ഥാപനത്തില്‍ സെയില്‍സ്‌മാനായ മുഹമ്മദ്‌ രണ്ടുമാസം മുമ്പ്‌ 'മിസ്‌ഡ്കോള്‍' വഴിയാണ്‌ പ്ലസ്‌ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്‌. ഒരേ മതസ്‌തരായ ഇവര്‍ പിന്നീട്‌ ഫോണ്‍വിളി തുടര്‍ന്നു. ഇത്‌ വളര്‍ന്നു. ഒടുവില്‍ ഒരുമാസം മുമ്പ്‌ നാട്ടിലെത്തിയ ഇയാള്‍ തൃശൂരില്‍ പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂള്‍ പരിസരത്തെത്തി പലതവണ കാണുകയും ബന്ധം ദൃഡമാക്കുകയും ചെയ്‌തു. ഇതിനുശേഷമാണ്‌ പെണ്‍കുട്ടിയെയും കൂട്ടി മൂന്നാറിന്‌ ഉല്ലാസയാത്ര നടത്താന്‍ തീരുമാനിച്ചത്‌. ഇതിനായി പെണ്‍കുട്ടിയുടെ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിനിയായ സഹോദരിയോടൊപ്പം ശനിയാഴ്‌ച മൂന്നാറിന്‌ പുറപ്പെട്ടു. സുഹൃത്തും പെയിന്റിംഗ്‌ തൊഴിലാളിയും കാര്‍ ഡ്രൈവറുമായ സുഹൈറിനെയും കൂട്ടിയായിരുന്നു മുഹമ്മദ്‌ മൂന്നാറിന്‌ യാത്രതിരിച്ചത്‌. സുഹൈറിന്റെ കാറിലായിരുന്നു യാത്ര.

ശനിയാഴ്‌ച വൈകിട്ട്‌ പുറപ്പെട്ട സംഘം മൂന്നാറിലെത്തിയശേഷം ഞായറാഴ്‌ച രാവിലെ പത്തരയോടെ തിരികെ വാളറയ്‌ക്കു സമീപമെത്തി. ഇവിടെ വാഹനം നിര്‍ത്തി വിശ്രമിക്കുന്നതിനിടെയാണ്‌ 'സദാചാര പോലീസു'കാരായ ചില നാട്ടുകാരുടെ കണ്ണില്‍പ്പെടുന്നത്‌. സംശയാസ്‌പദമായി കണ്ട ഇവരെ നാട്ടുകാര്‍ ചോദ്യം ചെയ്‌തു. കൂടുതല്‍ വിവരം ലഭിക്കാതെ വന്നതോടെ ഹൈവേ പോലീസില്‍ അറിയിച്ചു. താന്‍ പെണ്‍കുട്ടികളുടെ മാതാവിന്റെ സഹോദരനാണെന്നാണ്‌ മുഹമ്മദ്‌ നാട്ടുകാരോട്‌ പറഞ്ഞത്‌. ഇന്നലെ ദുബായ്‌ക്ക് മടങ്ങേണ്ടതിനാലാണ്‌ പെണ്‍കുട്ടികളെയും കൂട്ടി മൂന്നാറിന്‌ പുറപ്പെട്ടതെന്നും അറിയിച്ചു. ഇതിനിടെ ഹൈവേ പോലീസെത്തി. സത്യാവസ്‌ഥ തെളിയിക്കാന്‍ ഒരുഫോണ്‍ നമ്പരില്‍ വിളിച്ച്‌ പെണ്‍കുട്ടിയുടെ പിതാവാണെന്ന്‌ ധരിപ്പിച്ച്‌ എസ്‌.ഐയ്‌ക്കു ഫോണ്‍ കൈമാറി. ഇത്‌ പിതാവാണെന്ന്‌ പതിനാറുകാരിയും ഉറപ്പിച്ചു പറഞ്ഞു. സഹോദരീ സഹോദരന്‍മാര്‍ക്ക്‌ ഒരുമിച്ച്‌ വഴിയില്‍ ഇറങ്ങാന്‍ കഴിയാത്ത അവസ്‌ഥയില്‍ പെണ്‍കുട്ടിയും യുവാക്കളും 'ഖേദിച്ചു'. ഇതൊക്കെയായിട്ടും പോലീസുകാരുടെ സംശയം മാറിയില്ല. ഒടുവില്‍ എസ്‌.ഐ., സുഹൈറിന്റെ മൊബൈലില്‍ 'മൈ ഹോം' എന്ന്‌ സേവ്‌ ചെയ്‌തിരുന്ന നമ്പരില്‍ വിളിച്ചു കാര്യം തിരക്കി. 

എന്നാല്‍ ഫോണെടുത്തവര്‍ ഭാര്യയെന്നും മാതാവെന്നും പരിചയപ്പെടുത്തിയാണ്‌ സംസാരിച്ചത്‌. ഇയാള്‍ വീട്ടിലെത്താറില്ലെന്നും പെണ്‍കുട്ടികളുമായി കറങ്ങി നടക്കുകയാണ്‌ പതിവെന്നും പറഞ്ഞതോടെ സംശയം ബലപ്പെട്ടു. പക്ഷേ താന്‍ വിവാഹം ചെയ്‌തിട്ടില്ലെന്നായിരുന്നു സുഹൈറിന്റെ മറുപടി. ഇതോടെ നാലുപേരെയും പോലീസ്‌ കസ്‌റ്റഡിയിലെടുത്ത്‌ സ്‌റ്റേഷനില്‍ എത്തിച്ചു. ഇതിനിടെ ബന്ധുക്കളായ തങ്ങളെ പിടികൂടിയത്‌ പ്ലസ്‌ടുക്കാരി ശക്‌തമായി ചോദ്യം ചെയ്‌തെന്നാണ്‌ അറിയുന്നത്‌. ഇതുകാര്യമാക്കാതെ പെണ്‍കുട്ടികളെ പോലീസ്‌ വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കി. ഇന്നലെ ഇതിന്റെ 'റിസള്‍ട്ട്‌' വന്നപ്പോള്‍ പോലീസ്‌ ഞെട്ടി. പ്ലസ്‌ടുക്കാരിയായ പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടിരിക്കുന്നു. അപ്പോഴാണത്രേ ഞായറാഴ്‌ച പെണ്‍കുട്ടി കാട്ടിയ 'തന്റേട'ത്തിന്റെ കാരണം പോലീസുകാര്‍ക്ക്‌ വ്യക്‌തമായത്‌. എന്നാല്‍ ഒപ്പമുണ്ടായിരുന്ന യുവാക്കളാണോ പീഡിപ്പിച്ചതെന്ന്‌ വ്യക്‌തമായിട്ടില്ല. ഇക്കാര്യം പോലീസ്‌ അന്വേഷിച്ചു വരുകയാണ്‌. ഇതിനിടെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയ യുവാക്കളെ റിമാന്‍ഡു ചെയ്‌തു. സംഭവമറിഞ്ഞ്‌ തൃശൂരില്‍ നിന്ന്‌ പെണ്‍കുട്ടികളുടെ വീട്ടുകാര്‍ ഇന്നലെ അടിമാലിയില്‍ എത്തിയിരുന്നു. തുടര്‍ന്ന്‌ പെണ്‍കുട്ടികളെയും കൂട്ടി നാട്ടിലേക്ക്‌ മടങ്ങുകയും ചെയ്‌തു. എസ്‌.ഐ: സി.ആര്‍. പ്രമോദിന്റെ നേതൃത്വത്തില്‍ കേസ്‌ അന്വേഷണം പുരോഗമിക്കുകയാണ്‌.

ഇതിനു സമാനമായ സംഭവമാണ്‌ കഴിഞ്ഞ ദിവസം കരിങ്കുന്നത്ത്‌ അരങ്ങേറിയത്‌. പ്ലസ്‌ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ ലോറി ഡ്രൈവറായ യുവാവ്‌ ശനിയാഴ്‌ചയാണ്‌ പിടിയിലായത്‌. ചാറ്റുപാറയില്‍ വാടകയ്‌ക്ക് താമസിക്കുന്ന തോപ്രാംകുടി സ്വദേശിയായ ദീപു(24)വിനെയാണ്‌ കരിങ്കുന്നം പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌. 

കോതമംഗലത്ത്‌ ഹോസ്‌റ്റലില്‍ നിന്ന്‌ പഠനം നടത്തുന്ന കരിങ്കുന്നം സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഇയാള്‍ക്ക്‌ നേരത്തെ പരിചയമുണ്ടായിരുന്നത്രേ. വെള്ളിയാഴ്‌ച വൈകിട്ട്‌ ആറരയോടെയാണ്‌ വീട്ടിലേക്കെന്നു പറഞ്ഞ്‌ പെണ്‍കുട്ടി ഹോസ്‌റ്റലില്‍ നിന്നു പുറപ്പെട്ടത്‌. വൈകിട്ട്‌ ഒന്‍പതരയോടെ നാട്ടിലെത്തിയ പെണ്‍കുട്ടിയെ ദീപു തട്ടിക്കൊണ്ടു പോകുകയായിരുന്നത്രേ. ഇരുവരും എത്തിയതാകട്ടെ പെണ്‍കുട്ടിയുടെ വല്യച്ചന്‍ റബര്‍ വെട്ടുന്ന പുറപ്പുഴ കുമ്മാച്ചിയിലുള്ള പുരയിടത്തിലുള്ള ചെറിയ വീട്ടില്‍. ഒരു രാത്രി ഇവിടെ കഴിച്ചുകൂട്ടിയ ഇവരെ ശനിയാഴ്‌ച രാവിലെ വല്യച്ചനാണ്‌ കണ്ടത്‌. ഒടുവില്‍ നാട്ടുകാര്‍ ഇടപെടുകയും പിന്നീട്‌ പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. ഇതിനുശേഷമാണ്‌ കഥമാറിയത്‌. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന്‌ പിതാവ്‌ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്‌ഥാനത്തില്‍ ദീപുവിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ പിന്നീട്‌ പിതാവിനൊപ്പം വിട്ടയയ്‌ക്കുകയും ചെയ്‌തു.

മധ്യകേരളത്തില്‍ അരങ്ങേറിയ വിവാദമായൊരു പീഡനശ്രമക്കേസിലും പെണ്‍കുട്ടിയുടെ 'റോള്‍' ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഓട്ടോറിക്ഷയില്‍ പുറപ്പെട്ട യുവതിയെ ഡ്രൈവര്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ ചാടി ഗുരുതരമായി പരുക്കേറ്റതാണ്‌ സംഭവം. മാധ്യമങ്ങള്‍ ആഘോഷമാക്കിയ ഈ കേസിലെ പിന്നീടുള്ള കഥകള്‍ പ്രാദേശികമായി ഒതുങ്ങി. ഓട്ടം വിളിച്ച യുവതി വാഹനത്തില്‍ കയറിയതു മുതല്‍ മൊബൈല്‍ ഫോണില്‍ സംസാരം ആരംഭിച്ചു. ചൂണ്ടിക്കാട്ടിയ സ്‌ഥലത്തേക്ക്‌ വാഹനമോടിച്ച ഡ്രൈവര്‍ക്ക്‌ യുവതിക്ക്‌ ഇറങ്ങേണ്ട സ്‌ഥലമേതെന്ന്‌ നിശ്‌ചയമില്ലായിരുന്നു. സ്‌ഥലകാല ബോധമില്ലാതെ ഫോണില്‍ സംസാരിച്ചിരുന്ന യുവതി ഇറങ്ങേണ്ട സ്‌ഥലം കഴിഞ്ഞാണ്‌ ഇക്കാര്യം ശ്രദ്ധിച്ചത്‌. എന്തുചെയ്യണമെന്നറിയാതെ വെപ്രാളം പൂണ്ട ഇവര്‍ ഓട്ടോറിക്ഷയില്‍ നിന്നു ചാടുകയായിരുന്നത്രേ. പിന്നീട്‌ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക്‌ ലഭിച്ച 'വി.ഐ.പി.' പരിഗണന കേരളത്തിലെ ഒരുഡസനോളം വരുന്ന ടെലിവിഷന്‍ വാര്‍ത്താ ചാനലുകളിലൂടെ കൊച്ചുകുട്ടികള്‍വരെ നേരിട്ടു കണ്ടതാണ്‌.

ഇത്തരത്തില്‍ അടുത്തിടെ അരങ്ങേറിയ മറ്റ്‌ നിരവധി കേസുകളിലും പെണ്‍കുട്ടികളുടെ നടപടിക്കെതിരെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. എന്നാല്‍ സ്‌ത്രീകള്‍ക്കു ലഭിക്കുന്ന അമിത പരിഗണനയില്‍ ഇത്‌ മുങ്ങിപ്പോകുകയാണ്‌ ഉണ്ടായിട്ടുള്ളത്‌. ഒരേകുറ്റം ചെയ്യുന്നവര്‍ക്ക്‌ രണ്ടുതരം പരിഗണന ലഭിക്കുമ്പോള്‍ ഉയരുന്നത്‌ ഒരുസംശയം മാത്രം. പഴഞ്ചൊല്ലുകള്‍ പുതുക്കാന്‍ സമയമായില്ലെ?

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment