Tuesday, August 16, 2011

[www.keralites.net] മനുഷ്യമൃഗം

 

 

ബാബുരാജ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നീ ഭാരിച്ച ചുമതലകള്‍ ഒറ്റയ്ക്കു നിര്‍വ്വഹിച്ച് സ്വയം നായകവേഷമണിഞ്ഞ്, ഭാര്യ വാണി വിശ്വനാഥിനെക്കൊണ്ട് നിര്‍മ്മിപ്പിച്ച ചിത്രമാണ് മനുഷ്യമൃഗം. (സമ്പൂര്‍ണ 'കുടുംബ'ചിത്രം എന്നു ചുരുക്കം) ഇത്തരമൊരു ചിത്രം ഇന്നത്തെക്കാലത്ത് പൂര്‍ത്തിയാക്കാന്‍ പോലും ബുദ്ധിമുട്ടായതുകൊണ്ട് ചിത്രത്തിന്റെ സാറ്റലൈറ്റ്, വിതരണ അവകാശങ്ങള്‍ വില്‍ക്കാനായി ബാബുരാജ് ആദ്യം കലാഭവന്‍ മണിയെ അതിഥിതാരമാക്കി. മണിപ്പടങ്ങള്‍ തുടരെത്തുടരെ ബോക്‌സ് ഓഫീസില്‍ മൂക്കും കുത്തി വീഴുന്ന കാലമായതു കൊണ്ട് മണി രണ്ടു ദിവസം അഭിനയിച്ചു പോയെങ്കിലും സാറ്റലൈറ്റ് കച്ചവടക്കാരാരും ചിത്രത്തെ തിരിഞ്ഞു നോക്കിയില്ല. സംഭവം പെട്ടിയിലായി. സിനിമ വെളിച്ചം കാണിക്കാന്‍ ഇനിയെന്തുവഴി എന്ന് ഭാര്യയും ഭര്‍ത്താവും തലപുകഞ്ഞാലോചിച്ചു. പൃഥ്വിരാജിനെക്കൊണ്ട് മണിയുടെ വേഷം ചെയ്യിച്ചാലോ എന്ന ബുദ്ധി ആരുടെ തലയിലാണു വിരിഞ്ഞതെന്നറിയില്ലെങ്കിലും മണിയുടെ ചിത്രീകരിച്ച ഭാഗങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ മറ്റൊരു കഥാപാത്രത്തെ ബാബുരാജ് സൃഷ്ടിച്ചു. സിനിമാരംഗത്തെ ബന്ധങ്ങള്‍ ഉപയോഗിച്ച് പൃഥ്വിയുടെ നാലഞ്ചു ദിവസത്തെ ഡേറ്റ് പലപ്പോഴായി ഒപ്പിച്ചു ഷൂട്ട് ചെയ്തു കയറ്റി. ഉയര്‍ന്ന വിലയ്ക്ക് സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റ് ചിത്രം തിയേറ്ററില്‍ എത്തിച്ചു. പൃഥ്വിരാജിന്റെ പോസ്റ്റര്‍ കണ്ട് കണ്ട് സിനിമയ്ക്കു കയറിയ പ്രേക്ഷകര്‍ ഇളിഭ്യരായി. അബദ്ധത്തില്‍ തിയേറ്ററില്‍ പെട്ടുപോയ ചില കുടുംബങ്ങള്‍ വെള്ളിത്തിരയില്‍ തെളിഞ്ഞ ഷക്കീലാടൈപ്പ് രംഗങ്ങള്‍ കണ്ട് കണ്ണും മുഖവും പൊത്തി തിയേറ്ററിലെ അവസാന പ്രേക്ഷകനും പോകുന്നതു വരെ ഒളിച്ചെന്ന മട്ടില്‍ ഇരുന്നു.

മനുഷ്യമൃഗം എന്ന ചിത്രത്തിന്റെ നിരൂപണം വേണമെങ്കില്‍ ഇവിടെ നിര്‍ത്താം. കാരണം സിനിമാക്കഥയേക്കാള്‍ സംഭവബഹുലം ക്യാമറക്കു പിന്നിലെ ദൃശ്യങ്ങളാവാനേ തരമുള്ളൂ. അടുത്ത കാലത്തിറങ്ങിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയിലെ മിന്നുന്ന പ്രകടനം കൊണ്ട് പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച ബാബുരാജ് തനിക്കു കിട്ടിയ ജനപ്രീതി കളഞ്ഞുകുളിക്കുന്ന കാഴ്ചയാണ് ഈ ചിത്രത്തിലൂടെ കാണാന്‍ കഴിയുന്നത്.
ഒളിഞ്ഞുനോട്ടത്തില്‍ എം.ഡി.യും പി.എച്ച്.ഡി.യും നേടിയ ടിപ്പര്‍ ജോണി എന്ന കഥാനായകന്‍ തന്റെ പത്തുവയസ്സുകാരി മകളേയുംപതിനേഴുകാരിയായ ബന്ധു പെണ്‍കുട്ടിയെയും ബലാത്സംഗം ചെയ്തു കൊന്നും ഭാര്യയെ ബലാത്സംഗം ചെയ്യാതെ കൊന്നും പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുന്നതോടെയാണ് ചിത്രം തുടങ്ങുന്നത്. ജോണി കുറ്റം സമ്മതിച്ചിട്ടും പോലീസിനു തൃപ്തിയാകുന്നില്ല. പിന്നങ്ങോട്ട് അന്വേഷണമാണ്. കലാഭവന്‍ മണിയും പൃഥ്വിരാജും സ്ഫടികം ജോര്‍ജ്ജുമെല്ലാം വിവിധ വശങ്ങളിലൂടെ അന്വേഷിക്കുന്നു. മറുവശത്ത് ജയിലില്‍ ജോണി ക്രൂരമായ പീഢനങ്ങള്‍ക്ക് വിധേയനാകുന്നു. ഫ്‌ളാഷ് ബാക്കുകളില്‍ തെളിയുന്ന ഒളിഞ്ഞു നോട്ടം, അവിഹിതബന്ധങ്ങള്‍, കുളിസീനുകള്‍, ബലാത്സംഗങ്ങള്‍ എന്നിവ കഴിയുമ്പോള്‍ പൃഥ്വിരാജിനു സത്യങ്ങളെല്ലാം മനസ്സിലാകുന്നു. കൊന്നത് ജോണിയല്ല, കമാല്‍ പാഷയാണ്.(ഈ കമാല്‍ പാഷ എന്ന കഥാപാത്രത്തെക്കുറിച്ച് അതിനു മുമ്പ് കഥാകൃത്ത് കൂടിയായ സംവിധായകന്‍ പോലും ചിന്തിച്ചിരുന്നോ എന്നു സംശയം.) കമാല്‍ പാഷയെ മാത്രമാണു ജോണി കൊന്നത്. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ജോണി പൃഥ്വിയുടെ കാലു പിടിച്ചു കരയുന്നു. ഇതൊന്നും പുറംലോകം അറിയരുത്. താന്‍ തന്നെ ചെയ്തു എന്നു കരുതിക്കോട്ടെ എല്ലാവരും.(സ്വന്തം മകളെ ബലാത്സംഗം ചെയ്തു കൊന്നവന്‍ എന്ന പേരു കേള്‍ക്കാന്‍ ജോണിക്ക് അത്രയ്ക്കിഷ്ടമാണത്രേ). ഇതെല്ലാം തല കുലുക്കി സമ്മതിക്കുന്ന പൃഥ്വിരാജ് പത്രമാധ്യമങ്ങള്‍ക്കു നല്‍കാനായി പുതിയൊരു വാര്‍ത്തയുണ്ടാക്കുന്നു. ബന്ധുവായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാനെത്തുന്ന കമാല്‍ പാഷയേയും ചേര്‍ത്ത് നാലു പേരെ ജോണി തീര്‍ത്തു!!!
ഈ സാധനം തിരക്കഥയാക്കി സംവിധാനിച്ച അഡ്വക്കറ്റ് ബാബുരാജ് ഒരു മണ്ടനാണെന്നു വിഗതന്‍ കരുതുന്നില്ല. ബലാത്സംഗം നടന്ന പെണ്‍കുട്ടികളുടെ ആന്തരാവയവ പരിശോധനയില്‍ തന്നെ ജോണിയല്ല പ്രതി എന്നു പോലീസിനു മനസ്സിലാകുന്ന വിധം ശാസ്ത്രം വികസിച്ചിട്ടു വര്‍ഷങ്ങളായി എന്നത് ഒരഡ്വക്കറ്റിന് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. അപ്പോള്‍ പിന്നെ പ്രേക്ഷകന്‍ ഇതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങിക്കോളുമെന്ന് ബാബുവിനു തോന്നിയിരിക്കണം. 
രണ്ടേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കലാഭാസം ആരംഭിക്കുന്നത് 32 വര്‍ഷങ്ങള്‍ക്കു മുമ്പ് മനുഷ്യമൃഗമായി വേഷമിട്ട ജയന്റെ ചിത്രം കാട്ടി അദ്ദേഹത്തെ സ്മരിച്ചുകൊണ്ടാണ്. ഈ ചിത്രത്തിലെ ഒരേയൊരു നല്ല ഭാഗം ഇതു മാത്രമാണെന്നാണു വിഗതന്റെ അഭിപ്രായം. തുടര്‍ന്നങ്ങോട്ടു വാലും തലയുമില്ലാതെ കാണിച്ചുകൂട്ടുന്നതിനൊക്കെ സിനിമ എന്നു പേരിട്ടു വിളിക്കാമെങ്കില്‍ മാത്രമേ ഈ ചിത്രം ഒരു മഹാമോശം സിനിമ എന്നു പറയാന്‍ കഴിയൂ. കുറെ കുളിയും ചെറ്റപൊക്കലുകളുമൊക്കെയുള്ള ഒരു യു ട്യൂബ് വീഡിയോയുടെ നിലവാരത്തില്‍ മാത്രമേ ഇതിനെ കാണാന്‍ സാധിക്കൂ എന്നതുകൊണ്ട് വിഗതന്‍ ഇതിനെ മോശം സിനിമ എന്നു വിശേഷിപ്പിക്കുന്നില്ല.
ജഗതി, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, കലാശാല ബാബു, കിരണ്‍, കുളപ്പുള്ളി ലീല, ഐശ്വര്യ, സീമ തുടങ്ങി ഈ ചിത്രത്തില്‍ വേഷമിട്ട മുതിര്‍ന്ന താരങ്ങള്‍ മുതല്‍ പുതുമുഖങ്ങള്‍ വരെ എല്ലാവരും തങ്ങള്‍ അഭിനയിക്കുന്നത് ഒരു സെക്‌സ് ചിത്രത്തിലാണെന്ന ബോധം ഉള്‍ക്കൊണ്ട് അഭിനയ മികവും, ചിലരൊക്കെ ശരീര മികവും പ്രകടിപ്പിക്കുന്നതില്‍ അങ്ങേയറ്റം വിജയിച്ചു. ഇത് ഇത്തരമൊരു സിനിമയാണെന്ന് മനസ്സിലാക്കാതിരുന്ന ഒരേയൊരാള്‍ പൃഥ്വിരാജാണ്. കിംഗ് എന്ന സിനിമയിലെ ഡയലോഗ് പോലെ യുവതാരങ്ങളില്‍ ഏറ്റവും സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയുമുള്ള പൃഥ്വി എങ്ങനെ ഈ വലയില്‍ പെട്ടു എന്നത് വിഗതനെ അതിശയിപ്പിക്കുന്നു. വ്യക്തതയില്ലാത്ത ഒരു ചെറു ഡയലോഗു പോലും പറയാന്‍ മടിക്കുന്ന ആളായ പൃഥ്വി എങ്ങനെ ക്ലൈമാക്‌സ് വിവരക്കേടു മുഴുവന്‍ പറഞ്ഞൊപ്പിച്ചു എന്നതാണ് അതിശയം. അതുപോലെ കഥാപാത്രങ്ങളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുവായ അദ്ദേഹം ഈ ചിത്രത്തില്‍ ചുണ്ടിനു മേലെയും കീഴെയും മീശവെച്ചുള്ള ഗെറ്റപ്പിലാണു കൂടുതല്‍ രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും ഇടയ്ക്ക് ഓഫീസില്‍ നിന്നിറങ്ങി അന്വേഷണ സ്ഥലത്തെത്തുമ്പോഴേക്കും കുറ്റിത്താടിമീശക്കാരനായും വീണ്ടും ഓഫീസില്‍ തിരിച്ചെത്തുമ്പോള്‍ പഴയപടിയും മാറുന്ന അത്ഭുതക്കാഴ്ചയും നമുക്കിതില്‍ കാണാം. 
പൃഥ്വിക്കെന്താ പറ്റിയത്? 
ദീപസ്തംഭം മഹാശ്ചര്യം.... അല്ലേ?

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment