Wednesday, August 17, 2011

[www.keralites.net] ഗുണ്ടുകാട് മാഹാത്മ്യം

 

ഗുണ്ടുകാട് മാഹാത്മ്യം

ഒരുപാട് നാളായി വിചാരിക്കുന്നു എന്റെ സ്വദേശത്തെ കുറിച്ച് ഒന്ന് ബ്ലോഗണം എന്ന്.

അങ്ങനെ വിചാരിച്ചിട്ട് സ്വതസിദ്ധമായ മടി കാരണം നീണ്ടു പോയി. പുതു വര്‍ഷ പുലരിയില്‍ പത്ര-പാരായണ-ചായ കുടി നടത്തുമ്പോള്‍ ഇതാ കാണുന്നു ഒരു വാര്‍ത്ത.


ഒരു നീണ്ട ഇടവേളയ്ക്കു ശേഷം, എന്റെ സ്വദേശനാമം പത്രത്താളുകളില്‍ . ഇനിയും ബ്ലോഗനത് വച്ച് താമസിപ്പിക്കാന്‍ പാടില്ല.

മേല്പടി ഗുണ്ടുകാട് എന്ന സ്ഥലത്താണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും, ഇപ്പോള്‍ ജീവിച്ചിരിക്കുന്നതും. ഔദ്യോഗിക രേഖകളില്‍ (പോലിസിന്റെ അല്ല), ഈ സ്ഥലപ്പേര് കാണില്ല. അവിടങ്ങളില്‍ ഇത് ബാര്‍ട്ടന്‍ ഹില്‍ എന്ന പേരില്‍ ആണ് അറിയപ്പെടുന്നത്.

ലക്ഷ കോടി പ്രഭുവായ അനന്തപദ്മനാഭന്‍ കിടന്നരുളുന്ന വഞ്ചിയൂര്‍ വില്ലേജില്‍ ആണ് മേല്പടി സ്ഥലം. തിരുവനന്തപുരം നഗരത്തിന്റെ ഏതാണ്ട് മധ്യ ഭാഗം. പുതിയ നിയമസഭാ മന്ദിരത്തിന്റെ ഏതാണ്ട് അഞ്ഞൂറ് മീറ്റര്‍ പുറകു ഭാഗത്ത്‌. കേരള യൂനിവേര്‍സിറ്റി, സാമാജികരുടെ ആവാസ കേന്ദ്രം, സെക്രെറെരിയറ്റ്‌, കമ്മ്യുണിസ്റ്റ്‌ ആസ്ഥാനം, അവരുടെ ചാനല്‍ ആസ്ഥാനം, മസ്കറ്റ്‌ ഹോട്ടല്‍, പി.എം.ജി. ഓഫീസ്, ജനറല്‍ ആശുപത്രി, കണ്ണാശുപത്രി, മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിങ്ങനെ വിവിധങ്ങളായ പ്രധാനപ്പെട്ട സ്ഥാപങ്ങള്‍ ഒക്കെ ഞങ്ങളുടെ ഒരു വിളിപ്പാടകലെയാണ്. എല്ലാം മിനുടുകള്‍ക്കുള്ളില്‍ നടന്നെതാവുന്ന സ്ഥലങ്ങള്‍.ഔദ്യോഗിക നാമത്തിലെ കുന്നു വെറുതെ ഉള്ളതല്ല. സ്ഥലം അല്പം ഉയര്‍ന്നതാണ്. ദക്ഷിണ കേരളത്തിലെ ഉയര്‍ന്ന കൊടുമുടിയായ അഗസ്ത്യമല മുതല്‍ അറബി കടലും അതിലൂടെ പോകുന്ന കപ്പല്‍ പോലും നഗ്ന നേത്രങ്ങള്‍ കൊണ്ട് ഈ കുന്നില്‍ നിന്നും കാണാവുന്നതാണ്. സര്‍ക്കാര്‍ വക രണ്ടു പ്രൊഫഷണല്‍ കോളേജുകളും (നിസ്സാരങ്ങള്‍ അല്ല ഈ കോളേജുകള്‍) ഒരു ഇന്സ്ടിട്യുട്ടിന്റെ ഹോസ്റെലും വളരെ കാലമായിട്ടുണ്ട്. ക്നാനായ സഭയുടെ ഒരു പള്ളിയും കുറച്ചു മാറി അവരുടെ കോണ്‍വെന്റും ഉണ്ട്. ക്ലൗഡ്‌ നയന്‍ എന്നാ ഒന്‍പതു നില പാര്‍പ്പിട സമുച്ചയം അടുത്ത കാലത്തായി പൊന്തി വന്നു. മറ്റൊരു പാര്‍പ്പിട സമുച്ചയം ഉയര്‍ന്നു വരുന്നു. പേര് ഇതുവരെ അവര്‍ പുറത്തു വിട്ടിട്ടില്ല. നാല് വശത്തും ഏതാണ്ട്‌ വൃത്താകൃതിയില്‍ റോഡു ഉള്ള ഈ കുന്നില്‍ അഞ്ഞൂറിലധികം വീടുകള്‍ ഉണ്ടാകും. ഇതൊക്കെ ഇപ്പോഴത്തെ അവസ്ഥ.

ഇനി കുറച്ചു പുരാണം.

ഈ പുരാണം, മറ്റു ബഹു ഭൂരിപക്ഷം പുരാണങ്ങളെ പോലെ വാ മൊഴിയായി പകര്‍ന്നു വന്നതാണ്.

പണ്ട് പണ്ട് രാജ ഭരണകാലത്ത് സമയ മാപിനികള്‍ എന്ന് പറയുന്ന ഘടികാരങ്ങള്‍ അധികം ഉണ്ടായിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപങ്ങള്‍ ഉണ്ടായിരുന്നു താനും. വള്ളം ഉണ്ടായിരുന്നെങ്കിലും വണ്ടിയും അതുള്ളവരും വളരെ അപൂര്‍വം.ഉള്ളത് കാളവണ്ടിയും കുതിരവണ്ടിയും. ജനാധിപത്യം അല്ലാത്തതുകൊണ്ട് നിയമവാഴ്ച (അതെന്തായാലും) ഉണ്ടായിരുന്നു. ആളുകള്‍ കൃത്യ സമയത്ത് ജോലിക്ക് ഹാജാരാകും. എന്നിരുന്നാലും, ഒരു സമയ നിഷ്ഠ ഉണ്ടാകണം എന്ന് കരുതി, രാവിലെ ആപ്പീസില്‍ (ഹജൂര്‍ കച്ചേരി) ജോലിക്ക് ഹാജരാകുവാനും, തിരികെ പോകുവാനുമുള്ള അറിയിപ്പായി ദിവസവും രണ്ടു നേരം കതിന പൊട്ടിക്കുമായിരുന്നു. പരമാവധി സ്ഥലത്ത് ഈ കതിന പൊട്ടിക്കുന്ന ശബ്ദം കേള്‍ക്കുവാനായി നഗര മധ്യത്തിലെ ഉയര്‍ന്ന കാട്ടു പ്രദേശം കണ്ടെത്തി. ഈ കതിന, ഇപ്പോള്‍ ചില അമ്പലങ്ങളില്‍ കാണുന്ന തരാം ചെറുതായിരുന്നില്ല. ഒരു കൊച്ചു പീരങ്കി തന്നെ ആയിരുന്നു. അതുകൊണ്ട് കതിന പൊട്ടിക്കുന്നത് കാലക്രമത്തില്‍ ഗുണ്ട് പൊട്ടിക്കുന്നത് എന്ന് പറഞ്ഞു വന്നു. ഗുണ്ട് പൊട്ടിക്കുന്ന കാട് എന്ന അര്‍ത്ഥത്തില്‍ ഈ സ്ഥലം ഗുണ്ട്കാട് എന്നും അറിയപ്പെട്ടു.

പിന്നീട് ഘടികാരം അത്ര അപൂര്‍വ വസ്തു അല്ലാതായി. കോട്ടയ്ക്കകത്ത് "മേത്തന്‍" മണിയും, ഹജൂര്‍ കച്ചേരി, മഹാരാജാസ്‌ കോളേജ്‌ തുടങ്ങിയ ഇടങ്ങളില്‍ വലിയ ഘടികാരങ്ങള്‍ നിലവില്‍ വന്നു.എപ്പോഴോ ഗുണ്ട് പൊട്ടിക്കുന്ന പരിപാടി മുടങ്ങി.

ഇപ്പോഴത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ്‌ ഇന്‍ ഗവണ്മെന്റ് എന്ന സ്ഥാപനത്തിന്റെ ഹോസ്റെലും ബാങ്കിംഗ് ഓംബുഡ്സ്മാന്റെ ഓഫീസും നിലനില്‍ക്കുന്ന സ്ഥലത്ത് ഒരു മാളിക ഉണ്ടായിരുന്നു. ബംഗ്ലാവ് എന്നും പറയാം. ടി ബംഗ്ലാവില്‍ പണ്ടൊരു സായിപ്പ് താമസിച്ചിരുന്നു. സായിപ്പ് തിരുവനന്തപുരതുകാരെ വെള്ളം കുടിപ്പിക്കാന്‍ വന്ന എഞ്ചിനീയര്‍ സായിപ്പായിരുന്നു. ഞാന്‍ വളരെ സീരിയസ് ആയിട്ട് പറഞ്ഞതാണ് - വെള്ളം കുടിപ്പിക്കാന്‍ തന്നെ വന്നതാണ്. ടിയാന്‍ ആണ് അരുവിക്കര എന്നാ സ്ഥലത്ത് ഒരു അണകെട്ടി വെള്ളം ശേഖരിച്ചു തിരുവനന്തപുരത്തകാര്‍ക്ക്‌ എത്തിക്കാന്‍ കൂട്ട് നിന്ന എന്‍ജിനീയര്‍ ബാര്‍ട്ടന്‍ സായിപ്പ്‌. ആ സായിപ്പ് കാരണം ഇപ്പോഴും തിരുവനന്തപുരത്തുകാര്‍ വെള്ളം കുടിക്കുന്നു. അദേഹത്തിന്റെ ബഹുമാനാര്‍ത്ഥം ഗുണ്ടുകാട് ബാര്‍ട്ടന്‍ ഹില്‍ എന്ന് അറിയപ്പെട്ടു തുടങ്ങി. എങ്കിലും പഴമക്കാര്‍ക്ക് അത് ഗുണ്ടുകാട് തന്നെയായിരുന്നു.

പിന്നീട് ഇപ്പോഴത്തെ ലാ കോളേജ് (ഞങ്ങളുടെ കുട്ടിക്കാലത്ത് അതിനെ ഞങ്ങള്‍ വിളിച്ചിരുന്നത്‌ ലൌ കോളേജ് എന്നായിരുന്നു) നില്‍ക്കുന്ന സ്ഥലത്ത് മറ്റൊരു വിപ്ലവകരമായ സ്ഥാപനം വന്നും. പേവിഷതിനുള്ള വാക്സിന്‍ നിര്‍മ്മിക്കുന്ന സ്ഥലം. ആടുകളില്‍ പേവിഷം കുത്തി വച്ച്, പിന്നീട് അവയുടെ തലച്ചോറില്‍ നിന്നും വാക്സിന്‍ വേര്‍തിരിച്ചു എടുക്കും എന്നാണു എന്റെ അപ്പൂപ്പന്‍ പറഞ്ഞു എനിക്ക് അറിയാവുന്നത്. ചില ആടുകള്‍ക്ക് പേ പിടിക്കും, പട്ടിയെ പോലെ മോങ്ങും എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് സത്യമോ കള്ളമോ? അതെന്തായാലും, കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ ലോ കോളേജ് ഹോസ്റ്റലില്‍ ചില രാത്രി ആ ആടുകളുടെ ആത്മാക്കള്‍ മോങ്ങുന്നത് ഞാന്‍ നേരിട്ട് കേട്ടിട്ടുണ്ട്.

ഈ ലോ കോളേജില്‍ ധാരാളം പ്രസിദ്ധര്‍ പഠിച്ചിട്ടുണ്ട്. ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ഉള്‍പ്പെടെ.

പിന്നീട് ഉണ്ടായ വലിയ സംഭവം, മഹാറാണി സേതു പാര്‍വതി ഭായി ഇവിടെ പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി ഒരു ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ സ്ഥാപിച്ചതാണ്. നിര്‍ഭാഗ്യ വശാല്‍, പ്രശസ്തരായ ആരും തന്നെ ഈ സ്കൂളില്‍ പഠിച്ചിരുന്നതായി ഇതുവരെ രേഖപെടുത്തി കണ്ടിട്ടില്ല.

ഈ സ്കൂള്‍ ഇപ്പോള്‍ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് ആണ്. ഇവിടെ പഠിച്ചവര്‍ ഇനിയെ പ്രസിദ്ധര്‍ ആകൂ, എന്നാല്‍, ശ്രീ. എ.കെ. ആന്റണിയുടെ മകന്‍ ഇവിടെ വിദ്യാര്‍ഥി ആയിരുന്നു.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുകയും തിരുവിതാംകൂര്‍ ഇന്ത്യയുടെ ഭാഗമായി തീരുകയും ചെയ്ത നിമിഷം മുതല്‍, ഗുണ്ടുകാട് ജനങ്ങള്‍ കയ്യേറുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. പ്രബലരായവര്‍ക്ക് ആറും ഏഴും സെന്റു സ്ഥലവും, അല്ലാത്തവര്‍ക്ക് തല ചായ്ക്കാന്‍ ഇടവും. തല ചായ്ക്കാന്‍ മാത്രം ഇടം കിട്ടിയവരുടെ ഭാഗം കോളനി എന്ന് അറിയപ്പെട്ടു.

ജനപ്പെരുപ്പം കൂടിയപ്പോള്‍, ചില്ലറ മോഷണം, കള്ളവാറ്റ്, അടിപിടി എന്നിത്യാദി കലാപരിപാടികള്‍ ഗുണ്ടുകാടില്‍ പതിവാകുകയും ടി കലാപരിപാടികള്‍ എന്റെ കൌമാര പ്രായം കഴിയും വരെയും തുടരുകയും ചെയ്തിരുന്നു. അങ്ങനെ, പണ്ട് ഗുണ്ട് പൊട്ടിച്ചിരുന്ന ഗുണ്ട് കാട് പിന്നീട് ഗുണ്ടകള്‍ വിളയാടുന്ന ഗുണ്ടുകാടായി മാറി.

സിങ്ക് ചന്ദ്രന്‍, തമ്പി, സതി, പൊട്ടന്‍ തുളസി, പൊട്ടന്‍ ആല്‍ബി, അരപ്പാംപെട്ടി തുളസി, രമേശന്‍, കാക്ക അജി, etc. ആയിരുന്നു പണ്ടത്തെ ചില പ്രധാന കള്ളന്മാരും ചട്ടമ്പികളും (ഇതിലും അധികം ഉണ്ടായിരുന്നു എങ്കിലും പലരെയും ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ല).

കള്ളന്മാരുടെ പ്രധാന തൊഴിലും വിനോദോപാധിയും മോഷണമായിരുന്നു. കിണ്ടി, മൊന്ത, ചരുവം, മര ഉരുപ്പടികള്‍, മണ്‍വെട്ടി, പിച്ചാത്തി, വെട്ടുകത്തി, തുടങ്ങിയ സാധന സാമഗ്രികള്‍ ആയിരുന്നു പ്രധാനപ്പെട്ട മോഷണ വസ്തുക്കള്‍. അപൂര്‍വം ചിലപ്പോള്‍, അതും എന്തെങ്കിലും ആഘോഷം പ്രമാണിച്ചു വല്ല കോഴിയോ ആടോ ഒക്കെ വേട്ടയാടും. ഇതൊക്കെ വീടിന്റെ പുറത്തു അന്ന് സാധാരണ കാണുന്ന വസ്തുവകകള്‍ ആണെന്ന് നാം പ്രത്യേകം ഓര്‍മ്മിക്കണം.

ചട്ടമ്പികളുടെ തൊഴില്‍ പലവകയായിരുന്നു. കൂലിപ്പണി, ചാരായം വാറ്റ്, തെങ്ങ് കയറ്റം, മരം വെട്ടു, വീട് പണി തുടങ്ങിയവ തൊഴിലായിരുന്നു. പകലിലെ കഠിനാധ്വാനം ഇരവുകളില്‍ മദ്യത്തില്‍ ഒഴുക്കി. എന്റെ അറിവില്‍, ചട്ടമ്പിതരം തുടങ്ങുന്നത് പൊതു ടാപ്പുകളുടെ, പൊതു കക്കൂസുകളുടെ പരിസരത്ത് നിന്നാണ്. കഴിഞ്ഞ ദിവസം ജഗതി ശ്രീകുമാര്‍ പറഞ്ഞത് പോലെ, അന്നത്തെ ആകെയുള്ള വിനോദോപാധി കെട്ടിയ പെണ്ണും പൊട്ടിയ റേഡിയോയും ആയിരുന്നു. പൊട്ടിയ റേഡിയോ എന്ന് പറയുന്നത് അക്കാലത്തെ റേഡിയോ ഡും ഡും കീ കീ പേ പേ എന്നീ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നത് കൊണ്ടായിരുന്നു. വൈകുന്നേരം നാല് മണിക്ക് പഴയ മേയര്‍ ജോണ്‍ ബാലന്റെ പേരിലുള്ള പാര്‍ക്കില്‍ റേഡിയോ വയ്ക്കും. റേഡിയോലെ പരിപാടികള്‍ കേട്ടുകൊണ്ടാണ് നാട്ടുകാര്‍ കുളിക്കുവാനും മറ്റും മുന്‍പറഞ്ഞ പൊതു ടാപ്പിന്റെ പരിസരത്ത് എത്തുന്നത്‌. വലുതും ചെറുതും കുട്ടിയും വട്ടിയും ഒക്കെ ആയിട്ട് വരും. ആണുങ്ങള്‍ പണി കഴിഞ്ഞു സ്വല്പം സേവിച്ചിട്ടുണ്ടാകും. പെണ്ണുങ്ങള്‍ അടുക്കള വിശേഷങ്ങളും അരമന രഹസ്യങ്ങളും പറഞ്ഞുകൊണ്ട് തുണിയലക്കലില്‍ കാര്യങ്ങള്‍ തുടങ്ങും. കുട്ടികള്‍ കുറച്ചു മാറി അവരുടെതായ ലോകത്തില്‍. തുണിയലക്കല്‍ കഴിഞ്ഞു കുളിയും കഴിഞ്ഞു പുറപ്പെടാന്‍ നേരത്താകും ഏതെന്കിലും ഒരു കുട്ടി ഒന്ന് വീഴുകയോ അല്ലെങ്കില്‍ മറ്റൊരു കൊച്ചിന്റെ തോളത്ത് അടിക്കുകയോ ചെയ്യുന്നത്.

അടിയുടെ തുടക്കം അവിടുന്നാണ്. കൊച്ചുങ്ങള്‍ തമ്മിലുള്ള പിണക്കം, അമ്മമാര്‍ ഏറ്റെടുക്കും. പിന്നെ ഓരോരുത്തരുടെയും നാല് തലമുറ മുമ്പിലുള്ളവരുടെ ചരിത്രം പോലും എതിരാളി വിളിച്ചു വിളംബരം ചെയ്യും. ശബ്ദ കോലാഹലം ഒരു പേമാരി പോലെ ഉണ്ടാകും. അപ്പോഴേക്കും കേട്ടിയോന്മാര്‍ ഓടിയെത്തും. ആദ്യം പറഞ്ഞു വിലക്കാന്‍ നോക്കും. എതിരാളി കേട്ടിയോന്റെ നേരെ തിരിയും. പിന്നെ കേട്ടിയോന്മാര്‍ തമ്മിലാകും വാക്ക്‌ പോര്. അത് ഒന്ന് മൂക്കുമ്പോള്‍, വേലിപത്തല്‍ പറിച്ചെടുക്കും. ഭാര്യമാരും കുട്ടികളും അപ്പോള്‍ ഇടപെടും. പിന്നെ രണ്ടു ആണുങ്ങളെയും പിടിച്ചു മാറ്റാനുള്ള ശ്രമമാണ്. ആ ശ്രമത്തിനിടെ അവര്‍ക്കും കിട്ടും രണ്ടു വീക്ക്. ഭാര്യമാരും കുട്ടികളും അവരെ ഒരുവിധം പിടിച്ചു മാറ്റി അവരവരുടെ വീടുകളില്‍ പോകും.

പ്രശ്നം അവിടെ തീര്‍ന്നു എന്ന് കരുതരുത്. വീട്ടിലേക്കു പോകുന്ന വഴിക്ക് വഴക്കിന്റെ ക്ഷീണം തീര്‍ക്കാന്‍ വീണ്ടും ചാരായം. വീട്ടില്‍ എത്തുമ്പോഴേക്കു അന്നത്തെ ശമ്പളം സ്വാഹ. അത്താഴത്തിനു വകയില്ല. പിന്നെ ഭാര്യയും ഭര്‍ത്താവും തമ്മിലാകും അടി. വീട്ടിനു പുറത്തു ഭാര്യക്കും അകത്തു ഭര്‍ത്താവിനും തല്ലു. സഹികെടുന്ന ഭര്‍ത്താവ് മറ്റവന്‍ ആണ് ഇതിനെല്ലാം കാരണം എന്നുപറഞ്ഞു വെട്ടുകത്തി എടുത്തുകൊണ്ട് പുറത്തേക്കു ഓടും. ഇതെല്ലം രണ്ടു വീട്ടിലും ഒരേ സമയത്ത് സംഭവിക്കും എന്നതാണ് വാസ്തവം. നാലാള് കാണുന്ന സ്ഥലത്ത് രണ്ടുപേരും എത്തിയാല്‍ പിന്നെ ദിക്ക് ബലിയും നിലത്തില്‍ പോരുമാണ്.ആരെങ്കിലും ശ്രദ്ധിക്കാന്‍ ഉണ്ടെങ്കില്‍, വീര്യം കൂടും. ഇല്ലെങ്കില്‍, കുറെ നേരം തെറി വിളിച്ചിട്ട് രണ്ടുപേരും കടം പറഞ്ഞു ചാരായം കുടിക്കാന്‍ രണ്ടു വഴിയിലൂടെ വീണ്ടും പോകും.

അടുത്ത ദിവസം രാവിലെ കാണുന്നത്, കുട്ടികള്‍ കളിച്ചു ചിരിച്ചു സ്കൂളില്‍ പോകുന്നതും, അടിപിടി കൂടിയ ചട്ടമ്പിമാര്‍ മച്ചാനും മച്ചാനുമായി പണിക്ക് പോകുന്നതുമാണ്. ആരോടെങ്കിലും മെക്കിട്ടു കേറണം എന്ന് ഇവര്‍ക്ക് എല്ലാ ദിവസവും നിര്‍ബന്ധമാണ്. തിരുവനന്തപുരത്ത് ടെലിവിഷന്‍ പ്രചാരത്തില്‍ വരുന്നത് വരെ ഇതായിരുന്നു അവസ്ഥ. ഇടയ്ക്കു ചില ചട്ടമ്പികള്‍ ചില കൊലപാതക കേസിലോ അല്ലെങ്കില്‍ അടിപിടി കേസിലോ ഒക്കെ ജയില്‍ ആയിട്ടുണ്ട്‌.പിന്നെ, മറ്റു പണികള്‍ ഒന്നുമില്ലെന്കില്‍ വല്ലപ്പോഴും ഒരു കൂലിത്തല്ല്. അത്ര തന്നെ.

സിങ്ക് ചന്ദ്രന്‍ ഒരുപാട് നാള്‍ അസുഖം പിടിച്ചു കിടന്നു. കിട്ടുവില്‍ ചേര്‍ന്ന അദ്ദേഹം അന്തരിച്ചു. അരപ്പാംപെട്ടി തുളസി ഒരു സുപ്രഭാതത്തില്‍ ചോര ചര്ധിച്ചു മരിച്ചു. കാക്ക അജി, ജീവപര്യന്തം ജയില്‍ വാസം അനുഭവിച്ചു സ്വതന്ത്രന്‍ ആയതിനു ശേഷം ആത്മഹത്യ ചെയ്തു. കൂട്ട് പ്രതി മുണ്ടന്‍ മോഹനന്‍ ഗള്‍ഫില്‍ കുടിയേറി. മറ്റൊരു കൂട്ട് പ്രതി വെള്ളി തുളസിയും മരിച്ചു. പൊട്ടന്‍ തുളസി ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. കള്ളന്‍ രമേശന്‍, ആറോ ഏഴോ കല്യാണം കഴിച്ചു (അതിന്റെ കഥകള്‍ പിന്നീട് പറയാം). ഇപ്പോള്‍ എവിടെ എന്നറിയില്ല. തമ്പി കുറെ നാള്‍ സൌദിയില്‍ ആയിരുന്നു. ഇപ്പോള്‍ ഭാര്യയും മക്കളും തിരിഞ്ഞു നോക്കില്ല. സഹോദരങ്ങളും ഉപേക്ഷിച്ചു.

രണ്ടാം തലമുറയില്‍ പെട്ടവര്‍ പെട്ടെന്ന് മുളച്ചു പെട്ടന്നു പട്ടുപോയ തകരകള്‍ ആയിരുന്നു. പോലീസിന്റെയും, നാട്ടുകാരുടെയും ഒക്കെ കൈതരിപ്പ് തീര്‍ക്കുവാന്‍ വന്നവര്‍. ഇവരൊക്കെ കല്യാണം കഴിഞ്ഞു (ഒട്ടു മുക്കാല്‍ പേരുടെയും കല്യാണം ഒളിച്ചോട്ടം ആയിരുന്നു. ആണ് പീഡനം ഇല്ല, ഒളിച്ചോടും.) ഒരു വിധം നേരെയായി. ചട്ടമ്പിതരം മാറ്റാന്‍ പൂര്‍ണ്ണമായും പറ്റാത്ത ഇക്കൂട്ടര്‍ ഇപ്പോള്‍ ആട്ടോ ഡ്രൈവര്‍മാര്‍ ആണ് (രണ്ടും തമ്മില്‍ വലിയ വ്യത്യാസം ഒന്നുമില്ലെന്ന് തിരുവനന്തപുരത്തുകാര്‍ക്ക് അറിയാം). കല്യാണം കഴിഞ്ഞപ്പോള്‍ ഇക്കൂട്ടര്‍ക്ക് മനസ്സിലായി ആളുകളെ കിടുകിടെ വിറപ്പിച്ചു നടക്കുന്ന തങ്ങള്‍ സത്യത്തില്‍ തങ്ങളുടെ ഭാര്യമാരെ അപേക്ഷിച്ചു അത്ര വല്യ ഭീകരര്‍ അല്ലെന്നു. എല്ലാവരും ഇപ്പോള്‍ ബി.പി. (ഭാര്യയെ പേടി) ക്ക് അടിമകള്‍ ആണ്.

ഇതിനിടയില്‍ കള്ളന്മാരുടെയും പോലീസുകാരുടെയും ഒരു കുടുംബവും ഉണ്ടായിരുന്നു. മൂത്ത ജേഷ്ഠന്‍, ഇളയ അളിയന്‍, രണ്ടുപേരും പോലീസ്‌. ഇടക്കുള്ള മൂന്നു സഹോദരന്മാരില്‍ രണ്ടുപേര്‍ അരക്കള്ളന്മാരും ഒരാള്‍ മുഴുക്കള്ളനും. രമേശന്‍ മുഴുക്കള്ളനു കഞ്ഞിവച്ചവനും. (അവരെ കുറിച്ചും പിന്നീട് എപ്പോഴെന്കിലും എഴുതാം).


മൂന്നാം തലമുറയില്‍ പെട്ടവര്‍ തനി പ്രൊഫഷണല്‍ ആണ്. അവരെ കുറിച്ചും പിന്നീട് എഴുതാം. ഗുണ്ടുകാടിനു ആ (കു)പ്രസിദ്ധി ലഭിച്ചത് ഒന്നാം തലമുറയില്‍ പെട്ടവരില്‍ നിന്നായിരുന്നു.

ഇപ്പോള്‍ പോലും, രാത്രി എട്ടു മണി കഴിഞ്ഞാല്‍, ഞങ്ങളുടെ സ്വദേശത്തേക്ക് ഓട്ടോറിക്ഷകള്‍ അപൂര്‍വമായി മാത്രേ വരൂ. സ്കൂള്‍ കാലഘട്ടം കഴിഞ്ഞപ്പോള്‍ എന്റെ സ്വദേശത്ത് ഞാന്‍ നക്തഞ്ചരന്‍ ആയി. പകല്‍ വെട്ടത്തില്‍ അപൂര്‍വമായി മാത്രം നാട്ടുകാര്‍ എന്നെ കാണും. പകല്‍ വീട്ടിലുള്ള ദിവസം വീട് വിട്ടു പുറത്തു ഇറങ്ങില്ല. അല്ലാത്തപ്പോള്‍, രാവിലെ ജോലിക്ക് പോയാല്‍ പിന്നെ രാത്രിയെ തിരികെ വരൂ. പഴയ സുഹൃത്തുക്കളില്‍ പലരും അവിടം വിട്ടു പോയി.

അതുമാത്രമല്ല, ആരെങ്കിലും പരിചയപ്പെടുമ്പോള്‍ മിക്കപ്പോഴും സ്വന്തം സ്ഥലം പറയാറില്ല. കുന്നുകുഴി, പി.എം.ജി., പാളയം എന്നൊക്കെ പറഞ്ഞു ഒഴിയും. എന്നാല്‍ ചില അവസരങ്ങളില്‍ സ്വന്തം സ്ഥലനാമം പറയേണ്ടിയും വരും.

അങ്ങനെ ഒരു സംഭവം വിവരിക്കാം. ദുബായില്‍ ജോലി ചെയ്യുന്ന സമയം. ഞാന്‍ ജോലി ചെയ്യുന്ന അതെ കെട്ടിടത്തില്‍ ഒരു കേരള ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങുന്നു. ഉദ്ഘാടന ദിവസം ഞാനും പോയി. അല്പം താടിയുള്ള ഒരാള്‍ ടൊയോട പ്രാഡോ കാറില്‍ വന്നിറങ്ങി. പത്തു വിരലില്‍ എട്ടിലും മോതിരം. എന്റെ എതിര്‍ വശത്ത് വന്നിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ വളരെ ഭവ്യതയോടെ നില്‍ക്കുന്നു. എതിര്‍ വശത്ത് ഇരുന്ന ആള്‍ സ്വയം പരിചയപ്പെടുത്തു. പേര് പറഞ്ഞു. എന്റെ ആണ് ഹോട്ടല്‍ എന്നും പറഞ്ഞു.

എന്നോടും കാര്യങ്ങള്‍ തിരക്കി.

അയാള്‍: എവിടെ പണി?

ഞാന്‍: ഷേര്‍ പഞ്ചാബ്‌

അയാള്‍: നാട്ടില്‍?

ഞാന്‍: തിരുവനന്തപുരം

അയാള്‍: തിരുവനന്തപുരത്ത് എവിടെ?

ഞാന്‍: സിറ്റിയില്‍ തന്നെ. പാളയം.

അയാള്‍: മ്. ഞാനും തിരുവനന്തപുരത്ത് തന്നെ. (കയ്യിലെ ബ്രെസേലെറ്റ്‌ തിരിക്കുന്നു). വെട്ടുകാട് എന്ന് കേട്ടിട്ടുണ്ടോ? ഞാന്‍ അവിടെ ഉള്ളതാണ്.

എനിക്ക് പെട്ടെന്ന് രോഷം വന്നു. വെട്ടുകാട്‌, പില്‍ക്കാലത്ത്‌ ചില ലഹളകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും "വെട്ടുന്നവരുടെ" കാടോന്നുമല്ല. ഒരു പള്ളിയുണ്ട്. വളരെ പ്രസിദ്ധമാണ്. നാനാ ജാതി മതസ്തരും അവിടെ പോകാറുണ്ട്. എന്നാലും ഗുണ്ടുകാടിന്റെ അത്ര ഒന്നും വരില്ല.

ഞാന്‍: (ചിരിച്ചുകൊണ്ട്) ആണോ? നന്നായി. ഞാനും ഒരു കട്ടില്‍ നിന്നാണ്. ഗുണ്ടുകാട് എന്ന് പറയും. കേട്ടിട്ടുണ്ടോ?

അയാള്‍: (അല്പം മയപ്പെട്ടുകൊണ്ട്). അവിടെ?

ഞാന്‍: അവിടെ തന്നെ.

അയാള്‍: അല്ല ചേട്ടാ, ഈ വെട്ടുകാട്‌ എന്ന് പറഞ്ഞാല്‍ എന്റെ വൈഫിന്റെ വീടാണ്. എന്റെ വീട് പാലക്കാട്‌ ആണ്. ഞാന്‍ അങ്ങോട്ടോന്നും പോകാറില്ല.

ഞാന്‍: ശരി. എന്നാല്‍ അങ്ങനെ ആയിക്കോട്ടെ.

അതിനു ശേഷം, അദ്ദേഹം എന്റെ മുമ്പില്‍ വന്നു പെട്ടിട്ടില്ല.

ഇങ്ങനെ ഒക്കെ ആണെങ്കിലും, ഈയിടെ എനിക്ക് ഒരു അനുഭവം ഉണ്ടായി.

നേരത്തെ സൂചിപ്പിച്ചല്ലോ, ഞാന്‍ നാട്ടില്‍ നക്തഞ്ചരന്‍ ആണെന്ന്. അങ്ങനെ ഒരു ദിവസം രാത്രിയില്‍ വീടിനു മുന്നില്‍ ഞാനും ഒരു സുഹൃത്തും സംസാരിച്ചു നില്‍ക്കുന്നു. രാത്രി ഒരു പതിനൊന്നു മണിയായി കാണും. ഒരു ബൈക്കില്‍, മൂന്നുപേര്‍ ഞങ്ങളെ കടന്നു പോയി. അല്പം മുന്നില്‍ പോയിട്ട് ബൈക്ക് നിറുത്തി. ഏറ്റവും പുറകില്‍ ഇരുന്ന ഒരു കറുത്ത സത്വം ഞങ്ങളുടെ അടുത്തേക്ക് വന്നു. ഒരു പതിനെട്ടു ഇരുപതു വയസ്സുണ്ടാകും.

സത്വം: എന്താ?

ഞാന്‍: എന്താ?

സത്വം: ഞാന്‍ ഇവിടെ ഉള്ളതാണ്. നിങ്ങള്‍ എന്താ ഇവിടെ?

ഞാന്‍: ഇവിടെ എന്ന് പറഞ്ഞാല്‍?

സത്വം: പാര്‍ക്കിന്റെ അടുത്ത്.

ഞാന്‍: പാര്‍ക്കിന്റെ അടുത്ത്?

സത്വം: ഞാന്‍ ...... ന്റെ ആളാണ്‌?

ഞാന്‍: ഞാന്‍ ആരെന്നു അറിയാമോ?

സത്വം: അതാണ്‌ ഞാന്‍ ചോദിക്കുന്നത്?

ഞാന്‍: (എന്റെ വീട് ചൂണ്ടി കാണിച്ചു കൊണ്ട്) - അത് എന്റെ വീടാണ്.

സത്വം: അയ്യോ, ഗുരു അണ്ണന്‍ ആണോ? അണ്ണാ എനിക്ക് ആളിനെ അറിയില്ലായിരുന്നു.

ഞാന്‍: നിന്റെ വീടെവിടെ?

സത്വം: അതൊക്കെ വിട് അണ്ണ, എന്റെ ചെട്ടനോക്കെ അണ്ണന്റെ കൂടെ പഠിച്ചതാ.

ഞാന്‍: എന്റെ കൂടെ പഠിച്ചതോ? എന്താ നിന്റെ ചേട്ടന്റെ പേര്?

സത്വം: അതൊക്കെ പോട്ട് അണ്ണ. അറിയാതെ പറ്റിയതാ, ഒന്നും തോന്നരുത് കേട്ടോ.

ഞാന്‍: ശരി. അങ്ങനെ ആയിക്കോട്ടെ.

സത്വം: അണ്ണാ, ഇത് ആരോടും പറയേണ്ട കേട്ടോ.

ഞാന്‍: ഓക്കേ.

എനിക്ക് അവനെയും അവനു എന്നെയും അറിയില്ല എങ്കിലും എന്റെ വീട്ടുകാര്‍ക്ക് അവനെ അറിയാം. അടുത്ത ദിവസം സത്വം വീടിനു മുന്നിലൂടെ നടന്നു പോകുന്നു.

എന്റെ അമ്മ: മോനെ, ഡേയ്, കിരണേ...
(എന്തോ കാര്യം തിരക്കാന്‍ വിളിച്ചതാണ്)

കിരണ്‍: അയ്യോ, അമ്മച്ചീ, ഇന്നലെ ആളറിയാതെ പറ്റിയതാണ്. അണ്ണനെ ഞാന്‍ കണ്ടിട്ടില്ല അതുകൊണ്ട് അങ്ങനെ പറ്റിയതാണ്.

അമ്മ: എന്ത് പറ്റീ? ആരെ അറിയില്ല?

കിരണ്‍: അല്ല അമ്മച്ചീ, ഇന്നലെ ഇവിടത്തെ അണ്ണനെ ഞാന്‍ ഒന്ന് വിരട്ടാന്‍ നോക്കീ. ആളറിയാതെ പറ്റിയതാണ്.

സത്വം പെട്ടെന്ന് അപ്രത്യക്ഷനായി.

അന്ന് വൈകുന്നേരം എനിക്കായിരുന്നു വിന. തലേ ദിവസത്തെ സംഭവം അമ്മയെ നേരത്തെ അറിയിച്ചില്ല എന്നത് കൊണ്ട്. എനിക്ക് ഇത്രയും പ്രായം ആയിട്ടും, രണ്ടു കുട്ടികളുടെ പിതാവായിട്ടും അമ്മക്ക് ഇപ്പോഴും ഞാന്‍ കൊച്ചു കുട്ടി തന്നെ.

ഗുണ്ടുകാട് മാഹാത്മ്യം പ്രഥമ ഖണ്ഡം ഇതം സമാപ്തം.

--

ഗുരുദാസ്‌ സുധാകരന്‍ Gurudas Sudhakaran
Mob: +91-9447 55 40 55
തിരുവനന്തപുരം Thiruvananthapuram
കേരളം Keralam

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment