Sunday, August 14, 2011

[www.keralites.net] ബഹുരാഷ്ട്ര കമ്പനികള്‍ പിടിമുറുക്കി; മരുന്നുകളുടെ വില കുതിക്കുന്നു

 

തിരുവനന്തപുരം: കുഞ്ഞുങ്ങള്‍ക്കുള്ള പ്രതിരോധ വാക്‌സിനുകള്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ മരുന്നുകളുടെ വില കുതിച്ചുയരുന്നു. കേരളത്തില്‍, ചില ജീവന്‍ രക്ഷാമരുന്നുകളുടെ വില അഞ്ചും ആറും ഇരട്ടി വര്‍ധിച്ചതായാണ് കണക്ക്. രാജ്യത്തെ ഔഷധ നിര്‍മാണ കമ്പനികള്‍ പൂര്‍ണമായും വിദേശകുത്തകകളുടെ നിയന്ത്രണത്തിലായതോടെയാണ് വിലനിര്‍ണയ കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അപ്പാടെ ലംഘിക്കപ്പെടുന്നത്.
കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന ഇന്‍ജക്ഷന്‍ മരുന്നായ റെട്ടൂക്‌സിന്‍ മാബ് 30,000 ആയിരുന്നത് 70,000 ആയി വര്‍ധിച്ചു. ഒരു രോഗിക്ക് ഈ കുത്തിവെപ്പ് ആറെണ്ണമെങ്കിലും എടുക്കണം. സര്‍ജറി കഴിഞ്ഞ രോഗികള്‍ക്ക് നല്‍കുന്ന അമീക്കാസിന്‍ 36 രൂപയായിരുന്നത് 72 വരെയായി വര്‍ധിച്ചു. മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി നല്‍കിവന്നിരുന്ന ടെറ്റനസിനുള്ള വാക്‌സിന് 1250 രൂപയാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ നാല് മാസം മുമ്പുവരെ  വില 400ല്‍ താഴെ മാത്രമായിരുന്നു പുറത്ത് മെഡിക്കല്‍ ഷോപ്പുകളിലെ വില. കൂടാതെ ഹൃദ്‌രോഗികള്‍ക്കും വൃക്ക സംബന്ധമായ രോഗികള്‍ക്കും നല്‍കിവരുന്ന മരുന്നുകളുടെ വിലയിലും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
മരുന്ന് കമ്പനികള്‍ക്ക് മേല്‍ വിലനിയന്ത്രണത്തിന് കേന്ദ്ര മാര്‍ഗരേഖ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഒരു കമ്പനിയും അത് പാലിക്കാറില്ല. മരുന്നിന്റെ വില നിശ്ചയിക്കുന്ന കാര്യങ്ങള്‍ സര്‍ക്കാറിനെ ബോധ്യപ്പെടുത്താന്‍ വ്യവസ്ഥയുണ്ടെങ്കിലും അതും കൃത്യമായി നടക്കാറില്ല. അപ്രകാരം, മാനദണ്ഡങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്കെതിരെ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസ് കണ്‍ട്രോള്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ പിഴ ഈടാക്കുന്ന നടപടിയുണ്ടെങ്കിലും അതും ഗൗരവമായി കാണാറില്ല. വിലനിശ്ചയിക്കുന്നതില്‍ ക്രമക്കേട് കാട്ടിയ കമ്പനികള്‍ക്കെതിരെ കഴിഞ്ഞ 10 വര്‍ഷത്തിനകം 20,000 കോടി രൂപയാണ് പിഴ ചുമത്തിയിട്ടുള്ളത്. പക്ഷേ, കമ്പനികള്‍ പിഴഅടച്ചത് 2000 കോടിയില്‍ താഴെ മാത്രം. സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി, മരുന്നുകളുടെ വില നിശ്ചയിക്കുന്ന കാര്യത്തില്‍ ബഹുരാഷ്ട്ര മരുന്നുകമ്പനികള്‍ സ്വന്തം നിലപാടുകളുമായി മുന്നോട്ട് പോവുകയാണ്.
2001ലെ സര്‍ക്കാര്‍ നയപ്രഖ്യാപനമായ ഫാര്‍മസ്യൂട്ടിക്കല്‍ പോളിസിയും 2005ലെ ഇന്ത്യന്‍ പേറ്റന്റ് നിയമവും വന്നതോടെയാണ് രാജ്യത്തെ ഔഷധമേഖല പൂര്‍ണമായും വിദേശ കമ്പനികളുടെ നിയന്ത്രണത്തിലായത്. അതിന്റെ ചുവടുപറ്റി പ്രമുഖ ഇന്ത്യന്‍ കമ്പനികളെ വിദേശകുത്തകകള്‍ വാങ്ങുകയും മരുന്നുകളുടെ വിലകള്‍ അനിയന്ത്രിതമായി വര്‍ധിപ്പിക്കുകയുമായിരുന്നു. ജീവന്‍രക്ഷാമരുന്നുകളുടെ സമ്പൂര്‍ണ നിയന്ത്രണം കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ബഹുരാഷ്ട്ര കമ്പനികളുടെ കൈകളിലാണ്. പൊതുമേഖലയില്‍ വളരെ ഭംഗിയായി പ്രവര്‍ത്തിച്ചുവന്ന ഐ.ഡി.പി.എല്ലും കൂടാതെ മൂന്ന് വാക്‌സിന്‍ നിര്‍മാണ കമ്പനികളും ഇതിന്റെ മറവില്‍ അടച്ചുപൂട്ടി.
കുഞ്ഞുങ്ങള്‍ക്കുള്ള പ്രതിരോധ വാക്‌സിനുകള്‍ നിര്‍മിച്ചുവന്ന കമ്പനികളാണ് ഇവയില്‍ ഏറെയും. ഒരോവര്‍ഷവും രാജ്യത്ത് ജനിക്കുന്ന 25 ലക്ഷത്തോളം വരുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ 50 കോടിയുടെ പ്രതിരോധ മരുന്നുകളാണ് സര്‍ക്കാര്‍ വാങ്ങുന്നത്. 10 ശതമാനം കുട്ടികള്‍ക്ക് പോലും സൗജന്യമായി ഇത് കൊടുക്കാന്‍ തികയുന്നില്ല. 50 കോടിയെന്ന സര്‍ക്കാര്‍ വിഹിതം കൂട്ടാത്തത് പ്രശ്‌നം സൃഷ്ടിക്കുകയാണ്. അങ്ങനെ വരുമ്പോള്‍ ഡോക്ടര്‍മാര്‍ മരുന്ന് പുറത്തേക്കാണ് കുറിപ്പെഴുതുന്നത്. യൂനിവേഴ്‌സല്‍ ഇമ്യൂണൈസേഷന്റെ ഭാഗമായി കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ഈ പ്രതിരോധ മരുന്നുകളുടെ വില പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും താങ്ങാന്‍കഴിയാത്തത്ര വര്‍ധിച്ചിട്ടുണ്ട്. 

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
Know your score. Know what your credit strengths are. freecreditscore.com .
.

__,_._,___

No comments:

Post a Comment