Saturday, August 20, 2011

[www.keralites.net] മുരളീധരനെ പേടിക്കുന്നതാര്‌?

 

മുരളീധരനെ പേടിക്കുന്നതാര്‌? ‍

Fun & Info @ Keralites.net

കെ.മുരളീധരന്‌ ഒരു മുഖവുരയുടെ ആവശ്യമില്ല. കേരളം കണ്ട ഏറ്റവും അതികായനും തന്ത്രശാലിയുമായ രാഷ്‌ട്രീയനേതാവ്‌ കണ്ണോത്ത്‌ കരുണാകരന്റെ മകനെന്ന മേല്‍വിലാസം മാത്രമല്ല, ---- കൊണ്ടും പ്രസംഗശൈലികൊണ്ടും ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്ന മുരളീധരന്‍ കഴിവുറ്റ ഒരു സംഘാടകനും ജനപ്രതിനിധിയുമാണെന്ന്‌ പലവട്ടം തെളിയിച്ചിട്ടുണ്ട്‌. പടലപ്പിണക്കങ്ങള്‍ക്കൊടുവില്‍ ഇടക്കാലത്ത്‌ അദ്ദേഹത്തിന്‌ കോണ്‍ഗ്രസില്‍നിന്ന്‌ പുറത്തുപോകേണ്ടിവന്നു. തിരിച്ചുവരവിനുള്ള ശ്രമത്തില്‍ ഹൈക്കമാന്‍ഡ്‌ പച്ചക്കൊടി കാട്ടിയിട്ടും സംസ്‌ഥാന നേതൃത്വം അനങ്ങിയില്ല. മുരളീധരന്റെ ജനപ്രീതിയും ആളുകളെ കാന്തംപോലെ ആകര്‍ഷിക്കാനുള്ള കഴിവിനെയുമാണ്‌ അവര്‍ ഭയപ്പെട്ടത്‌.

ഒടുവില്‍ ഗത്യന്തരമില്ലാതെ തിരിച്ചെടുത്തെങ്കിലും പലപ്പോഴും അഗവണിച്ചു. വെല്ലുവിളി ഉയര്‍ത്തിയ മണ്ഡലം ഉജ്‌ജ്വല ഭൂരിപക്ഷത്തോടെ കീഴടക്കിവന്നെങ്കിലും അര്‍ഹതപ്പെട്ട മന്ത്രിസ്‌ഥാനം നല്‍കിയില്ല. മന്ത്രിമാരുടെ സത്യപ്രതിജ്‌ഞാച്ചടങ്ങ്‌ വിളിച്ചറിയിക്കാനുള്ള മര്യാദപോലും കാട്ടിയില്ല. പക്ഷേ തിരിച്ചടികളുടെ ഈ നോവുകള്‍ക്കിടയിലും മനസു തുറക്കുമ്പോള്‍ മുരളീധരന്‍ ശാന്തനായാണ്‌ സംസാരിച്ചത്‌.

പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവില്‍ അവഗണിക്കപ്പെട്ടു എന്നു തോന്നുന്നുണ്ടോ?

പാര്‍ട്ടി മത്സരിക്കാന്‍ സീറ്റു തന്നു. നല്ല ഭൂരിപക്ഷത്തോടെ വിജയിച്ചു. അതുകൊണ്ട്‌ അവഗണിച്ചു എന്നു പറയാന്‍ പറ്റില്ല. പാര്‍ട്ടിക്കു പുറത്തുനിന്ന ശേഷം മടങ്ങിയെത്തിയ ഉടനെ മത്സരിക്കാന്‍ അവസരം തന്നത്‌ അംഗീകാരമായിട്ടാണ്‌ കരുതുന്നത്‌.

പ്രതീക്ഷിച്ച ഭാഗത്തുനിന്നും പിന്തുണ കിട്ടിയില്ലേ!

കേന്ദ്ര നേതാക്കളൊക്കെ നന്നായി പിന്തുണച്ചു. ശ്രീ. എ.കെ. ആന്റണി, വയലാര്‍ രവി, പി.സി. ചാക്കോ, എം.ഐ. ഷാനവാസ്‌ എന്നിവരൊക്കെ എനിക്കുവേണ്ടി വാദിച്ചവരുടെ കൂട്ടത്തിലാണ്‌.

ഇത്ര ശക്‌തമായ പിന്തുണ കിട്ടിയിട്ടും എന്തട്ടിമറിയാണ്‌ നടന്നത്‌?

ഞാന്‍ മുന്‍പേ പറഞ്ഞല്ലോ... എന്തുകൊണ്ടാണ്‌ ഒഴിവാക്കപ്പെട്ടതെന്ന്‌. സംസ്‌ഥാന നേതൃത്വത്തിലെ ആരും എന്നെ വിളിച്ചുപറഞ്ഞില്ല. കുറഞ്ഞപക്ഷം ഒരു ചര്‍ച്ചയെങ്കിലും ഉണ്ടാകേണ്ടതായിരുന്നു. അതുപോലും എന്റെ കാര്യത്തില്‍ ഉണ്ടായില്ല.

പത്മജ പിന്തുണയില്ലേ?

ഞാന്‍ ആരോടും പിന്തുണയ്‌ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. മന്ത്രിസ്‌ഥാനം പോലും ഞാന്‍ ആവശ്യപ്പെട്ടിട്ടില്ലല്ലോ.

വട്ടിയൂര്‍ക്കാവില്‍ താങ്കള്‍ക്കെതിരെ മത്സരിച്ച ചെറിയാന്‍ഫിലിപ്പുപോലും പറഞ്ഞു മുരളിക്ക്‌ മന്ത്രിസ്‌ഥാനം കൊടുക്കാത്തത്‌ ശ്രീ. കെ. കരുണാകരനോടു കാണിക്കുന്ന നന്ദികേടാണെന്ന്‌...

ഞാന്‍ മുന്‍പേ പറഞ്ഞിരുന്നു ശ്രീ. കെ. കരുണാകരന്റെ ചിത്രം ഓടയില്‍ വലിച്ചെറിഞ്ഞവര്‍ക്കുപോലും മന്ത്രിസ്‌ഥാനം ലഭിച്ചുവെന്ന്‌. അത്‌ അപ്പോഴത്തെ വികാരക്ഷോഭംകൊണ്ട്‌ പറഞ്ഞതാണെങ്കിലും അതിലെ വേദന നിങ്ങള്‍ക്കു മനസിലാകും. പാര്‍ട്ടിക്കു പുറത്തുള്ള എതിരാളികള്‍ക്കുപോലും അതു തിരിച്ചറിയാന്‍ കഴിഞ്ഞു.

മന്ത്രിസ്‌ഥാനം നല്‍കിയാല്‍ താങ്കള്‍ക്കു ചുറ്റും മറ്റൊരു അധികാരകേന്ദ്രവും ഗ്രൂപ്പും രൂപപ്പെടും എന്ന ഭയമാണോ തടസമായത്‌.

അതാകാന്‍ വഴിയില്ല. ഇനി ഗ്രൂപ്പുണ്ടാക്കി പാര്‍ട്ടിക്കു ദോഷമായി വരുന്ന ഒന്നും ചെയ്യില്ല എന്ന്‌ വാക്കു പറഞ്ഞിട്ടാണ്‌ ഞാന്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയത്‌.

മുരളീധരനെ ആര്‍ക്കാണ്‌ പേടി?

ജനപിന്തുണയുള്ളവര്‍ക്ക്‌ ആരെയും പേടിക്കേണ്ട കാര്യമില്ല. ജനപിന്തുണ ഇല്ലാത്തവര്‍ക്ക്‌ ചിലപ്പോള്‍ പേടികാണും. മുരളീധരന്‍ വീണ്ടും കരുത്താര്‍ജ്‌ജിക്കുന്നത്‌ അവര്‍ക്കു സഹിക്കാന്‍ കഴിഞ്ഞെന്നുവരില്ല.

പാര്‍ട്ടിയില്‍ ഒരു ഒറ്റപ്പെടലുണ്ടോ?

ഒറ്റപ്പെടലൊന്നുമില്ല. ഗ്രൂപ്പില്ലാതെ നില്‍ക്കുന്നതുകൊണ്ട്‌ തോന്നുന്നതാണ്‌. ഏതെങ്കിലും ഒരു കോക്കസില്‍ ഉള്‍പ്പെട്ടാല്‍ മാത്രമേ അംഗീകരിക്കപ്പെട്ടൂ എന്നു വരുന്നത്‌ നിര്‍ഭാഗ്യകരമാണ്‌. സത്യപ്രതിജ്‌ഞാചടങ്ങിനു ഔദ്യോഗിക ക്ഷണം കിട്ടാതിരുന്നതും പാസുപോലും ലഭിക്കാതിരുന്നതും മറ്റും. അത്‌ ഒരു ഒറ്റപ്പെടുത്തലായൊന്നും ഞാന്‍ വിചാരിക്കുന്നില്ല. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്‌ഞാ ചടങ്ങിന്റെ പാസാണ്‌ ലഭിക്കാതെ പോയത്‌. കാര്‍ പാസ്‌ പോലും കിട്ടിയില്ല. പാസ്‌ എന്റെ ഓഫീസില്‍ വന്നതായിട്ടോ മടങ്ങിപ്പോയതായിട്ടോ ഒരറിവും ഇതുവരെ ഇല്ല. ആരുടെ വീഴ്‌ചയാണെന്നറിയില്ല.

മന്ത്രിയാകുമെന്ന്‌ ഉറച്ചു പ്രതീക്ഷിച്ചിരുന്ന വി.ഡി. സതീശന്റെ മന്ത്രിസ്‌ഥാനം തെറിപ്പിച്ചത്‌ ലോട്ടറി മാഫിയാണെന്ന്‌ ഒരു ആരോപണം.സാമുദായിക വീതം വയ്‌പാണ്‌ നടന്നതെന്ന്‌ സതീശന്‍. ഇതിലെ വാസ്‌തവം?

Fun & Info @ Keralites.net

ലോട്ടറി മാഫിയയുടെ ഇടപെടലാണെന്നത്‌ തികച്ചും അടിസ്‌ഥാനരഹിതമാണ്‌. പിന്നെ സാമുദായിക വീതം വയ്‌പ്. അതില്‍ കുറച്ചു വാസ്‌തവമുണ്ട്‌. കമ്മ്യൂണല്‍ ബാലന്‍സ്‌ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനേ കഴിയൂ. കേരളാ കോണ്‍ഗ്രസിനോ ലീഗിനോ ഒന്നും അതുപറ്റില്ല. ലീഗ്‌ മുസ്ലിം ഭൂരിപക്ഷപാര്‍ട്ടി കേരള കോണ്‍ഗ്രസില്‍ ക്രിസ്‌ത്യന്‍ ഭൂരിപക്ഷം. അപ്പോള്‍ എല്ലാ സമുദായങ്ങള്‍ക്കും തുല്യ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കോണ്‍ഗ്രസിന്‌ ചില നിലപാടുകള്‍ എടുക്കേണ്ടിവരുന്നു. അതിനെ സാമുദായികവീതം വയ്‌പെന്നു പറഞ്ഞു തരംതാഴ്‌ത്തരുത്‌.

താങ്കള്‍ക്ക്‌ ഏറെ ഹൃദയബന്ധവും ഏറെ അനുയായികളുമുള്ള സ്‌ഥലമാണ്‌ കോഴിക്കോട്‌. സത്യപ്രതിജ്‌ഞാച്ചടങ്ങില്‍ പങ്കെടുക്കാതെ നേരെ പോയതും കോഴിക്കോട്ടാണ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ പാടെ തൂത്തെറിയപ്പെട്ട സ്‌ഥലമാണ്‌ കോഴിക്കോട്‌. ഒരു പക്ഷേ താങ്കള്‍ കോഴിക്കോട്ട്‌ ജില്ലയില്‍ മത്സരിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിന്‌ നില മെച്ചപ്പെടുത്താമായിരുന്നു എന്നൊരു വാദഗതി ഉയരുന്നുണ്ട്‌. എന്താണഭിപ്രായം.

സത്യപ്രതിജ്‌ഞാ ചടങ്ങില്‍ പങ്കെടുക്കാതെ ഒളിച്ചോടിയതൊന്നുമല്ല കോഴിക്കോട്ടേക്ക്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ കോഴിക്കോട്ടുകാര്‍ എനിക്കൊരു സ്വീകരണം തന്നു. അതില്‍ പങ്കെടുക്കാനാണ്‌ പോയത്‌. പിന്നെ പാര്‍ട്ടി എനിക്കു മത്സരിക്കാന്‍ നല്‍കിയത്‌ നല്ലൊരു മണ്ഡലമാണ്‌. അതില്‍ വിജയിക്കുകയും ചെയ്‌തു. എനിക്ക്‌ പ്രാദേശികമായി കോഴിക്കോട്‌ കുറച്ച്‌ സ്വാധീനമുണ്ട്‌. ഒരു പക്ഷേ എന്റെ സാന്നിധ്യം ജില്ലയില്‍ ചിലപ്പോള്‍ നില അല്‍പ്പം കൂടി മെച്ചപ്പെടുത്തിയേക്കാം എന്ന കാര്യം നിഷേധിക്കുന്നില്ല. ഒപ്പം മറ്റൊരു കാര്യം കൂടി പരിശോധിക്കേണ്ടതുണ്ട്‌.

ജില്ലയില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി. കോഴിക്കോട്‌ ജില്ലയിലൊട്ടാകെ നേരിയ ഒരു എല്‍.ഡി.എഫ്‌. തരംഗമുണ്ടായിരുന്നു. അതിന്റെ കാരണങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ട്‌.

ഒരു പാര്‍ട്ടിയിലും ഇല്ലാതെ, ഒരു മുള്‍മുനയിലുമില്ലാതെ, മറ്റേതൊരു രാഷ്‌ട്രീയക്കാരനും തകര്‍ന്നുതരിപ്പണമായി പോകുമായിരുന്ന അവസ്‌ഥയില്‍ എങ്ങനെ പിടിച്ചുനിന്നു.

എന്റെയൊപ്പം അടിയുറച്ചുനിന്ന പ്രവര്‍ത്തകര്‍. അവരായിരുന്നു എന്റെ ശക്‌തി. വീണ്ടും ഒരു സുവര്‍ണകാലം സ്വപ്‌നം കണ്ട്‌ ഒരു തിരിച്ചുവരവിന്‌ കാതോര്‍ത്ത്‌ എന്റെ കഷ്‌ടകാലത്തും അവര്‍ എനിക്കു താങ്ങായിരുന്നു. ഞാന്‍ അവഗണിക്കപ്പെട്ടപ്പോഴോക്കെ അവര്‍ എനിക്കുവേണ്ടി ശബ്‌ദിച്ചു. തെരുവുകളില്‍ പൊരുതി. ആപത്തുകാലത്താണ്‌ നമ്മള്‍ യഥാര്‍ത്ഥ സുഹൃത്തുക്കളെ തിരിച്ചറിയുന്നത്‌്.

ഏറെ വേദനിപ്പിച്ചത്‌?

ഞാന്‍ കൂടി മുന്‍കൈയെടുത്ത്‌ പണികഴിപ്പിച്ച കെ.പി.സി.സി. മന്ദിരത്തില്‍ കോണ്‍ഗ്രസിലേക്കുള്ള എന്റെ തിരിച്ചുവരവ്‌ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ ഞാന്‍ രാഷ്‌ട്രീയത്തിലേക്ക്‌ കൈപിടിച്ചു കൊണ്ടുവന്നവര്‍ എനിക്കെതിരെ വാദിച്ചതാണ്‌ ഏറെ വേദനിപ്പിച്ചത്‌. എന്നെ പിന്തുണയ്‌ക്കുമെന്ന്‌ ഞാന്‍ ഉറച്ചുവിശ്വസിച്ചിരുന്നവര്‍. അവര്‍ എനിക്കെതിരെ സംസാരിച്ചതറിഞ്ഞപ്പോഴാണ്‌ ഞാന്‍ തകര്‍ന്നുപോയത്‌. ചിലര്‍ ആ ചര്‍ച്ചയില്‍ ഒന്നും മിണ്ടാതിരുന്നു. ഒന്നും മിണ്ടാതിരിക്കുന്നതും എതിരെ വാദിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമില്ലായിരുന്നു. സി.പി.എമ്മില്‍നിന്നു പുറത്താക്കപ്പെടുന്നവരെ ചുവന്ന പരവതാനി വിരിച്ചു സ്വീകരിച്ച ഉടന്‍ തന്നെ സ്‌ഥാനമാനങ്ങള്‍ നല്‍കുന്നു. മുരളീധരനുമാത്രം അയിത്തം. ഇതെന്തു നീതിയെന്നു ആലോചിച്ചിട്ട്‌ എനിക്കു മനസിലായില്ല.

ആരാണ്‌ സഹായിപ്പത്‌്?

വി.എം. സുധീരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയുംപോലുള്ളവര്‍ എനിക്കുവേണ്ടി വാദിച്ചത്‌ ഞാന്‍ മറക്കില്ല. മുരളിക്കു മാത്രം രണ്ടുനീതി എന്നത്‌ ഉള്‍ക്കൊള്ളാനാവില്ല എന്നവര്‍ പറഞ്ഞു. ശ്രീ. എ.കെ. ആന്റണിയും ഒരു പാടു പിന്തുണച്ചു. ഹൈക്കമാന്‍ഡ്‌ എനിക്കനുകൂലമായിട്ടും കേരള ഘടകത്തില്‍ ഒരു സമവായം ഉണ്ടായില്ല. അടിത്തട്ടില്‍നിന്ന്‌ സ്വീകാര്യത ഉണ്ടായാല്‍ മാത്രമേ നന്നാവൂ എന്നുപറഞ്ഞ്‌ എന്നോട്‌ കാത്തിരിക്കാന്‍ ഉപദേശിച്ചത്‌ ശ്രീ ആന്റണിയാണ്‌.

താങ്കള്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തണമെന്നത്‌ ശ്രീ കെ. കരുണാകരന്റെ വലിയ ആഗ്രഹമായിരുന്നല്ലോ!

എന്റെ പുന:പ്രവേശനകാര്യം ചര്‍ച്ച ചെയ്യാന്‍ ഞാനും അച്‌ഛനും ഒരുമിച്ചാണ്‌ ദില്ലിക്കു പോയത്‌. അവിടെ സോണിയാഗാന്ധിയെ കണ്ടു ഉറപ്പുവാങ്ങിയ ശേഷം അച്‌ഛനു വലിയ സന്തോഷമായിരുന്നു. എത്രയും വേഗം പുന:പ്രവേശം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. പക്ഷേ ഇവിടുത്തെ ചില മെല്ലെപ്പോക്കുകാരുടെ തന്നിഷ്‌ടം കാര്യങ്ങള്‍ പിന്നെയും നീട്ടി. ഞാന്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയതും മത്സരിച്ച്‌ ജയിച്ചതും കാണാന്‍ അച്‌ഛന്‍ ഇല്ലല്ലോയെന്ന ദു:ഖം മാത്രമാണെനിക്ക്‌.

അച്‌ഛന്റെ ഓര്‍മ്മകള്‍ നല്‍കുന്ന ആത്മബലം?

Fun & Info @ Keralites.net

അച്‌ഛന്റെ ഓര്‍മ്മകളും അച്‌ഛനെ സ്‌നേഹിക്കുന്നവരുമാണ്‌. എവിടെയും എന്നെ സ്വീകരിക്കാനെത്തുന്നത്‌. ഇക്കഴിഞ്ഞ ഇലക്ഷനില്‍ വട്ടിയൂര്‍ക്കാവ്‌ മണ്ഡലത്തിലെ പ്രചാരണത്തിനിടയില്‍ പട്ടത്തിനു സമീപംവച്ചാണ്‌. അറുപത്തഞ്ചുവയസുള്ള ഒരാള്‍ ഓടിവന്ന്‌ എന്റെ കാല്‍ക്കല്‍വീണു. അമ്പരന്ന ഞാന്‍ അയാളെ പിടിച്ചെണീപ്പില്‍പ്പിച്ച്‌ എന്താ കാര്യമെന്നു ചോദിച്ചു. അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മോനെ കണ്ടതു വലിയ സന്തോഷം. ലീഡറെ നേരില്‍ കണ്ട്‌ നന്ദിപറയാന്‍ കഴിഞ്ഞിട്ടില്ല. ലീഡര്‍ തന്ന വീടാണതെന്നു പറഞ്ഞ്‌ സ്വന്തം വീട്ടിലേക്ക്‌ അയാള്‍ എന്നെ കൂട്ടിക്കൊണ്ടുപോയി.

അച്‌ഛന്‍ മുഖ്യമന്ത്രിയായിരുന്നകാലത്ത്‌ പാവപ്പെട്ടവര്‍ക്കു വീടു നിര്‍മ്മിച്ചു നല്‍കിയ കൂട്ടത്തില്‍ വീടു കിട്ടിയതിന്റെ നന്ദിയാണ്‌ അയാള്‍ക്ക്‌. ഞങ്ങള്‍ യു.ഡി.എഫുകാരൊന്നുമല്ല, പക്ഷേ ലീഡറുടെ മോനു വോട്ടു ചെയ്യും എന്നു പറഞ്ഞ ഒരുപാടുപേരുണ്ട്‌. അച്‌ഛന്റെ മരണശേഷമാണ്‌ ആ വ്യക്‌തിത്വത്തിന്റെ ആഴവും പരപ്പും എനിക്ക്‌ ശരിക്ക്‌ ബോധ്യപ്പെട്ടത്‌.

രാഷ്‌ട്രീയത്തില്‍ വരാന്‍ അച്‌ഛന്‍ നിര്‍ബന്ധിച്ചിട്ടുണ്ടോ?

ഒരിക്കലും രാഷ്‌ട്രീയക്കാരനാവരുതെന്നായിരുന്നു ആഗ്രഹം. പഠിച്ച്‌ ഒരു വക്കീലാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആശ. പക്ഷേ എനിക്ക്‌ രാഷ്‌ട്രീയത്തില്‍ കമ്പമുണ്ടായിരുന്നു. തിരുവനന്തപുരം മാര്‍ ഇവാനിയോസ്‌ കോളജില്‍ പഠിക്കുമ്പോള്‍ കെ.എസ്‌.യു. പ്രവര്‍ത്തകനൊക്കൊയായിരുന്നു. പക്ഷേ മത്സരിക്കാനൊന്നും പോയിട്ടില്ല. കോളജില്‍ എനിക്കു കുറച്ചു രാഷ്‌ട്രീയമൊക്കെയുണ്ടെന്ന്‌ അദ്ദേഹത്തിനറിയാമായിരുന്നു. എങ്കിലും അദ്ദേഹമത്‌ ഒരിക്കലും എന്നോടു ചോദിച്ചില്ല. ഒരു മുഴുവന്‍ സമയ രാഷ്‌ട്രീയക്കാരന്റെ കുപ്പായമിട്ടോട്ടെയെന്ന്‌ കര്‍ക്കശക്കാരനായ അദ്ദേഹത്തോട്‌ ചോദിക്കാന്‍ എനിക്കും ഭയമായിരുന്നു. ഒരേ സമയം തിരക്കും, കണിശതയും വേഗതയും മുന്‍പില്‍ ചെല്ലാന്‍തന്നെ പേടിയായിരുന്നു. അമ്മ കല്യാണിക്കുട്ടിയമ്മയായിരുന്നു ആശ്രയം. വീട്ടിലെക്കാര്യങ്ങളും എല്ലാം നോക്കിനടത്തുന്നത്‌ അമ്മയാണ്‌. അമ്മയും കര്‍ക്കശക്കാരിയായിരുന്നു. പുസ്‌തകം വാങ്ങാനോ പെന്‍സില്‍ വാങ്ങാനോ അന്‍പതുപൈസ തന്നുവിട്ടാല്‍ ബാക്കി പത്തുപൈസ ഉണ്ടെങ്കില്‍ അത്‌ അമ്മയെ ഏല്‍പ്പിക്കണം. കുട്ടികള്‍ പൈസ കൈവശം വച്ചു ചീത്തയായി പോകുമെന്ന പേടിയായിരുന്നു അമ്മയ്‌ക്ക്.

രാഷ്‌ട്രീയത്തിലേക്കു വന്നത്‌ പിന്നീട്‌ നിയമപഠനത്തിനുശേഷം ഗള്‍ഫില്‍ പോയി. ആറുമാസക്കാലം അവിടെ നിന്നു. കാലാവസ്‌ഥ പിടിക്കാതെ തിരിച്ചുപോരേണ്ടിവന്നു. പിന്നെ ടി.വി.എസില്‍ മാനേജ്‌മെന്റ്‌ ട്രെയിനി. അതിനുശേഷമാണ്‌ രാഷ്‌ട്രീയമാണ്‌ എന്റെ തട്ടകമെന്ന്‌ തിരിച്ചറിഞ്ഞതും സജീവമായി രംഗത്തിറങ്ങിയതും. കോഴിക്കോട്‌ ജില്ലാ സേവാദള്‍ ചെയര്‍മാനായിട്ടായിരുന്നു തുടക്കം.

രാഷ്‌ട്രീയത്തില്‍ വരാന്‍ അച്‌ഛന്‍ ആദ്യം പിന്തുക്കാതിരുന്നതിന്റെ കാരണം?

അച്‌ഛന്‍ രാഷ്‌ട്രീയത്തില്‍ ഒരുപാട്‌ കഷ്‌ടപ്പെട്ടയാളാണ്‌. തന്റെ കഷ്‌ടപ്പാട്‌ മക്കള്‍ക്കു വരരുതെന്നു മാത്രമേ അച്‌ഛന്‍ ആഗ്രഹിച്ചുള്ളൂ.

തന്നെ വിമര്‍ശിക്കുന്നവരെയും കളിയാക്കി വരയ്‌ക്കുന്നവരെയും മിമിക്രിവേദികളില്‍ അനുകരിക്കുന്നവരെയും ഒരുപാട്‌ പ്രോത്സാഹിപ്പിച്ചയാളാണ്‌ ശ്രീ. കരുണാകരന്‍. താങ്കളും ഏറെ അനുകരിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നുണ്ട്‌. ഇതൊക്കെ അച്‌ഛനെപ്പോലെ സ്‌പോര്‍ട്‌സ്മാന്‍ സ്‌പിരിറ്റില്‍ എടുക്കാറുണ്ടോ? അതോ ദേഷ്യം തോന്നുവോ?

ഒരു ദേഷ്യവുമില്ല. ഞാനും ഇതൊക്കെ ആസ്വദിക്കുന്നയാളാണ്‌. എന്റെ കാര്‍ട്ടൂണ്‍ വരച്ച ഒരു കാര്‍ട്ടൂണിസ്‌റ്റിന്‌ ഒരിക്കല്‍ എന്നെ നേരിട്ടു കണ്ടപ്പോള്‍ ഒരു പരുങ്ങല്‍. ഞാന്‍ എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു പേടി. ഞാന്‍ അയാളെ അടുത്തുവിളിച്ചു വരച്ചതൊക്കെ നന്നായിരിക്കുന്നു എന്നു പറഞ്ഞപ്പോഴാണ്‌ പുള്ളിക്കാരന്‌ സമാധാനമായത്‌.

വീണ്ടും സമകാലീന രാഷ്‌ട്രീയത്തിലേക്കു വരാം. കുഞ്ഞാലിക്കുട്ടി കണ്ണുരുട്ടിയാല്‍ മുഖ്യമന്ത്രി മൂത്രമൊഴിക്കുമെന്ന്‌ വി.എസ്‌. അച്യുതാനന്ദന്‍ പറയുന്നു. ഘടകകക്ഷികളുടെ അപ്രമാദിത്യമാണപ്പോള്‍ യു.ഡി.എഫില്‍?

ആരുടെയും അപ്രമാദിത്യമൊന്നുമില്ല. എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്വമാണ്‌. ആരുടെയും ഭീഷണിക്ക്‌ വഴങ്ങില്ല.

മുഖ്യമന്ത്രിപോലുമറിയാതെ കുഞ്ഞാലിക്കുട്ടി വകുപ്പ്‌ വിഭജിച്ചു നല്‍കിയതൊക്കെ ഈ ധാര്‍ഷ്‌ട്യത്തിന്‌ തെളിവല്ലേ?

അങ്ങനെയൊരു പ്രശ്‌നം ഉണ്ടായി. അതു മുന്നണിയില്‍ ചര്‍ച്ചചെയ്‌തു പരിഹരിച്ചു. വീണ്ടും അതു കുത്തിപ്പൊക്കി ഒരു അസ്വാരസ്യമുണ്ടാക്കേണ്ട. പരസ്‌പരം വിട്ടുവീഴ്‌ച ചെയ്‌താലേ ഒരു മുന്നണി നിലനില്‍ക്കൂ.

നേരിയ ഭൂരിപക്ഷമുള്ള, ദുര്‍ബലനായ മുഖ്യമന്ത്രി, ഈ മന്ത്രിസഭയുടെ ഭാവി.

ഒരു ആശങ്കയു വേണ്ട, കലാവാധി തികച്ചും ഭരിക്കും. മുന്‍കാല അനുഭവങ്ങള്‍ നോക്കൂ. 57-ലും 67-ലും മറ്റും മഹാഭൂരിപക്ഷവുമായി വന്ന മന്ത്രിസഭകള്‍ പെട്ടെന്നു തകര്‍ന്നു. പില്‍ക്കാലത്ത്‌ നേരിയ ഭൂരിപക്ഷവുമായി വന്ന മന്ത്രിസഭകള്‍ കാലാവധി തികച്ചും ചരിത്രമാണുള്ളത്‌.


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 598. A bad idea is not checking yours, at freecreditscore.com.
.

__,_._,___

No comments:

Post a Comment