Wednesday, August 3, 2011

[www.keralites.net] ജയിച്ചത് വി എസ്; നാടകം തുടരും

 

ജയിച്ചത് വി എസ്; നാടകം തുടരും.


'തീര്‍ത്തും വിപരീത സാഹചര്യത്തിലുണ്ടായ വിജയം' - പതിമൂന്നാം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ആദ്യമായി പ്രതികരിച്ചപ്പോള്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയത് ഇങ്ങനെയാണ്. പ്രാഥമികമായി വിലയിരുത്തുമ്പോള്‍ ഇതിലധികം മെച്ചപ്പെട്ട ഒന്ന് കാണാനാവില്ല. ഇടത് പക്ഷത്തെ സംബന്ധിച്ചാണെങ്കില്‍ വിജയ സാധ്യത കണക്കിലെടുത്ത് പെരുമാറാന്‍ സി പി എം നേതൃത്വത്തിന് കഴിയാതെ പോയതാണ് ഭരണത്തുടര്‍ച്ച എന്ന സാധ്യത അവര്‍ക്ക് ഇല്ലാതാക്കിയത്. കേരള നിയമസഭയില്‍ പ്രാതിനിധ്യം എന്ന ബി ജെ പിയുടെ സ്വപ്നം ഒരിക്കല്‍ കൂടി പൊലിയുകയും ചെയ്തു.
നാല് സീറ്റിന്റെ മുന്‍തൂക്കമുണ്ട് യു ഡി എഫിന്. മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വലിയ ഭൂരിപക്ഷം കണക്കിലെടുത്താല്‍ വോട്ട് ശതമാനത്തില്‍ കുറേക്കൂടി മെച്ചപ്പെട്ട മുന്‍തൂക്കമുണ്ടായേക്കാം. എന്നാല്‍ സംസ്ഥാനത്ത് ഭരണമാറ്റം വേണമെന്ന് നിശ്ചയിച്ച ജനങ്ങള്‍ യു ഡി എഫിനെ അധികാരമേല്‍പ്പിക്കാന്‍ തീരുമാനിച്ചതിന്റെ ഫലമാണിതെന്ന് പറയുകവയ്യ. അതിനുള്ള കാരണം കുഞ്ഞാലിക്കുട്ടി പറഞ്ഞ വിപരീത സാഹചര്യമാണ്. അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടുവെന്ന് പരിശോധിക്കേണ്ടത് യു ഡി എഫ് നേതൃത്വമാണ്. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിലും വലിയ വിജയമാണ് യു ഡി എഫിനുണ്ടായത്. ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ഇത്രത്തോളമോ അതിലധികമോ തിളക്കമുള്ള വിജയം യു ഡി എഫിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഇത്രയും വലിയ വിജയം ലഭിക്കുന്നത് ആദ്യമാണ്. അവിടെ നിന്നാണ് തീര്‍ത്തും വിപരീതമായ സാഹചര്യത്തിലേക്ക് യു ഡി എഫ് എത്തിപ്പെടുന്നത്. 
തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനുമിടയിലുണ്ടായ പ്രധാന സംഭവങ്ങളിലൊന്ന് അഴിമതിക്കേസില്‍ ആര്‍ ബാലകൃഷ്ണപിള്ളയെ സുപ്രീംകോടതി ശിക്ഷിച്ചതാണ്. ഈ വിധിക്കപ്പുറത്ത് അതിനോട് യു ഡി എഫ് സ്വീകരിച്ച നിലപാടാണ് വിപരീത സാഹചര്യ സൃഷ്ടിയില്‍ നിര്‍ണായകമായത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളെ അകറ്റി നിര്‍ത്തുകയാണെന്ന് പ്രഖ്യാപിക്കാനുള്ള രാഷ്ട്രീയ സത്യസന്ധത യു ഡി എഫ് കാണിച്ചില്ല. മറിച്ച് പിള്ളക്ക് സ്വീകരണം നല്‍കാന്‍ തയാറായി. കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയായിരുന്നു ഇത്. അതിനുള്ള ശിക്ഷയാണ് ഇപ്പോള്‍ ലഭിച്ചത്. ഇങ്ങനെ അഴിമതിക്കേസില്‍ പെട്ടവര്‍ക്കും ധാര്‍മികമായി സംശയിക്കപ്പെട്ടവര്‍ക്കും വേണ്ടി പ്രതിരോധത്തിന് യുഡിഎഫ് നേതാക്കള്‍ ഇറങ്ങിത്തിരിച്ചത് ജനങ്ങള്‍ക്കിടയില്‍ ചീത്ത പ്രതിഛായക്കിടയാക്കിയിട്ടുണ്ട്. സംശുദ്ധ ഭരണമെന്നത് ജനങ്ങളുടെ വലിയൊരു സ്വപ്നമാണ്. അതിലേക്ക് നടന്നെത്താന്‍ എന്തുകൊണ്ടോ യുഡിഎഫ് നേതാക്കള്‍ വൈകിപ്പോയി. അതിന്റെ നൈരാശ്യമാണ് വോട്ടിങ്ങില്‍ കണ്ട് ഈ കൊടും തണുപ്പ്. ഈ അതിശൈത്യം വരും കാലങ്ങളില്‍ യുഡിഎഫിന്ന് പലവിധത്തില്‍ 'പ്രതികൂല സാഹചര്യ'മായി കൂടെത്തന്നെയുണ്ടാകും.
സ്വയം സൃഷ്ടിച്ച വിപരീത സാഹചര്യത്തിന്റെ ഫലം അനുഭവിക്കുകയാണ് യു ഡി എഫ്. അത് തുടര്‍ന്നുള്ള നാളുകളില്‍ കൂടുതലായി അനുഭവിക്കുകയും ചെയ്യുമെന്ന് ഉറപ്പ്. യു ഡി എഫ് സൃഷ്ടിച്ച വിപരീത സാഹചര്യത്തെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ വി എസ് അച്യുതാനന്ദന്‍ ശ്രമിച്ചത് ഫലം കണ്ടുവെന്ന് നിസ്സംശയം പറയാനാവും. അഴിമതിയും പെണ്‍വാണിഭക്കേസും ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹം നടത്തിയ പ്രചാരണം ഫലം കാണാതെ പോയത് മലപ്പുറത്തും എറണാകുളത്തും കോട്ടയത്തും മാത്രമായിരിക്കും. കേരളാ കോണ്‍ഗ്രസ് ലയനവും ക്രിസ്തീയ സഭകളുടെ നിലപാടും എറണാകുളത്തും കോട്ടയത്തും യു ഡി എഫിന് തുണയായിട്ടുണ്ടെന്ന് നിസ്സംശയം പറയാം. പാഠപുസ്തക വിവാദമുള്‍പ്പെടെ  പല പ്രശ്നങ്ങളും ഇടത് ഭരണത്തിനെതിരെ മുസ്ലിം വിഭാഗങ്ങളുടെ കൂട്ടായ്മ സൃഷ്ടിച്ചിട്ടുണ്ട് എന്നത് കാണാതിരുന്നുകൂട. ലോക്സഭാ, തദ്ദേശഭരണ തിരഞ്ഞെടുപ്പുകളില്‍ മലപ്പുറം ജില്ലയിലുണ്ടാക്കിയ നേട്ടം ആവര്‍ത്തിക്കാന്‍ ലീഗീന് സാധിച്ചതിന്റെ കാരണം അതു കൂടിയാണ്. 
യു ഡി എഫ് നേരിടുന്ന വിപരീത സാഹചര്യവും വി എസ് ഘടകവും സമ്മാനിക്കാനിടയുള്ള മേല്‍ക്കൈയും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചില്ല എന്നതാണ് സി പി എമ്മിന് സംഭവിച്ച പാളിച്ച. സ്ഥാനാര്‍ഥി നിര്‍ണയത്തിലും മറ്റുമുണ്ടായ പാളിച്ചകള്‍ ഉദാഹരണം. പാലക്കാട് ജില്ലയിലെ ഒന്നോ രണ്ടോ മണ്ഡലങ്ങള്‍ അവര്‍ക്ക് നഷ്ടമായത് മികച്ച സ്ഥാനാര്‍ഥിയില്ലാത്തത് കൊണ്ട് മാത്രമാണ്. പൊതുവില്‍ ഇടതുപക്ഷത്തിന് എതിരായി വിധിയെഴുതുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ അവര്‍ക്ക് അനുകൂലമായി നിന്നപ്പോള്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരില്‍ തിരിച്ചടിയുണ്ടായത് ശ്രദ്ധേയമാണ്. വി എസ് അച്യുതാനന്ദന്‍ പ്രചാരണം ആരംഭിച്ചത് കണ്ണൂരില്‍ നിന്നായിരുന്നു. അന്ന് ഉയര്‍ന്ന ആവേശം തീവ്രമായിരുന്നു. പക്ഷേ, അതിനനുസൃതമായ ഫലം ആ ജില്ലയിലുണ്ടായില്ല. ഒന്നുകില്‍ അമിതമായ ആത്മവിശ്വാസം സിപിഎമ്മിനെയും ഇടതു മുന്നണിയെയും ചതിച്ചു. ഇല്ലെങ്കില്‍ പഴുതടച്ചുള്ള പ്രചാരണം സാധ്യമായില്ല. ഇടതു മുന്നണിയുടെ വിശിഷ്യാ സിപിഎമ്മിന്റെ നേതൃത്വത്തിന്റെ നോട്ടക്കുറവ് എന്നല്ലാതെ ഇതിന് മറ്റ് വിശദീകരണമില്ല. 
മഞ്ചേശ്വരം, കാസര്‍കോട്, നേമം തുടങ്ങിയ മണ്ഡലങ്ങളില്‍ ബി ജെ പി പ്രതീക്ഷയര്‍പ്പിച്ചിരുന്നു. നിയമസഭയില്‍ അക്കൌണ്ട് തുറക്കാന്‍ ഇതിലും പറ്റിയ സാഹചര്യം കിട്ടാനില്ലെന്ന് വിലയിരുത്തുകയും ചെയ്തു. ഇത് മുന്‍നിര്‍ത്തി ഏറെ നേരത്തെ തന്നെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. മഞ്ചേശ്വരത്തും കാസര്‍ക്കോട്ടും പ്രചാരണത്തിന് നേതൃത്വം കൊടുത്തത് പാര്‍ട്ടിയുടെ കര്‍ണാടക ഘടകവും നേതാക്കളുമായിരുന്നു. പ്രതീക്ഷിച്ച വിജയം നേടാന്‍ ബി ജെ പിക്ക് സാധിച്ചിരുന്നുവെങ്കില്‍ അത് സംസ്ഥാന രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങണ്‍ള്‍ക്ക് കാരണമാവുമായിരുന്നു. ആ സാധ്യത ഇല്ലാതാക്കാനാണ് വോട്ടര്‍മാര്‍ തീരുമാനിച്ചത്. രണ്ട് മുന്നണികളുടെയും ന•, തി•കള്‍ വിലയിരുത്തുണ്‍മ്പോള്‍ തന്നെ വര്‍ഗീയധ്രൂവീകരണത്തിന്റെ വലിയ വിപത്ത് കണക്കിലെടുക്കാന്‍ അവര്‍ തയാറായി. 
ഇല്ലാത്ത ശക്തി അവകാശപ്പെട്ട് രംഗത്തെത്തിയ ചില സമുദായ സംഘടനകളുടെ പരാജയം കൂടി ഈ തിരഞ്ഞെടുപ്പ് കാണിച്ചുതരുന്നുണ്ട്.  അതിലേറ്റവും പ്രധാനം നായര്‍ സര്‍വീസ് സൊസൈറ്റിയാണ്. വി എസ് അച്യുതാനന്ദന്‍ അധികാരത്തില്‍ തിരിച്ചെത്തുന്നത് തടയാനായി സമദൂര സിദ്ധാന്തം കൈവെടിഞ്ഞുവെന്നാണ് എന്‍ എസ് എസ് സെക്രട്ടറി സുകുമാരന്‍ നായര്‍ അടുത്തിടെ പറഞ്ഞത്. സമദൂര സിദ്ധാന്തത്തില്‍നിന്ന് എന്‍എസ്എസ് വ്യതിചലിച്ചത് ഏതെങ്കിലും മണ്ഡലത്തിലെ ഫലത്തെ സ്വാധീനിച്ചുവെന്ന് കരുതാനാവില്ല. 
രാഷ്ട്രീയ പാര്‍ട്ടികളെ കണക്കിലെടുത്താല്‍ ഏറ്റവും വലിയ തിരിച്ചടിയേറ്റിരിക്കുന്നത് കോണ്‍ഗ്രസിനാണ്. എണ്‍പതിലധികം സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് ജയിക്കാനായത് 38 ഇടത്ത് മാത്രം. 24 ഇടത്ത് മത്സരിച്ച് 20 ഇടത്ത് ജയിച്ച മുസ്ലിം ലീഗുമായും 15 സീറ്റില്‍ മത്സരിച്ച് ഒമ്പതിടത്ത് ജയിച്ച കേരള കോണ്‍ഗ്രസുമായും താരതമ്യം ചെയ്യുക കൂടിവേണം കോണ്‍ഗ്രസിന്റെ അവസ്ഥയെ. ഈ രണ്ട് പാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തെ അതിജീവിച്ച് ഭരിക്കുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാവും. ഈ അവസ്ഥയിലേക്ക് പാര്‍ട്ടിയെ കൊണ്ടുവന്നെത്തിച്ചതിന്റെ ഉത്തരവാദിത്വം പ്രധാനമായും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലക്കാണ്. സ്വന്തം ഗ്രൂപ്പിന്റെ അടിത്തറ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ചെന്നിത്തല മുന്നോട്ടുവച്ച സ്ഥാനാര്‍ഥികളില്‍ പലരും നിലം തൊട്ടിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടേയുമൊക്കെ വിജയവുമായി താരതമ്യം ചെയ്യുമ്പോള്‍ ഹരിപ്പാട്ടെ രമേശ് ചെന്നിത്തലയുടെ വിജയം തിളക്കമില്ലാത്തതാണ്. തനിക്കുള്ള ജനസ്വാധീനത്തെക്കുറിച്ച് സ്വയമൊരു വിലയിരുത്തല്‍ നടത്താന്‍ തയ്യാറാവുന്നതാവും ചെന്നിത്തലക്ക് ഗുണകരം. 
ജനങ്ങളില്‍നിന്ന് അകന്നുവെന്ന വിമര്‍ശം നേരിടുന്ന സിപിഎം ഔദ്യോഗിക നേതൃത്വത്തിനും ഇതൊരു പാഠമാണ്. ചുരുങ്ങിയ സമയം കൊണ്ട് വി എസ് അച്യുതാനന്ദന്‍ എന്ന വ്യക്തി ജനങ്ങളുടെ ചിന്താഗതിയില്‍ വരുത്തിയ മാറ്റമാണ് ശ്രദ്ധിക്കേണ്ടത്. താന്‍പോരിമ സ്ഥാപിച്ചെടുക്കാന്‍ അദ്ദേഹം ശ്രമിച്ചുവെന്നത് വസ്തുതയാണ്. എങ്കിലും അദ്ദേഹം മുന്നോട്ടുവച്ച പലകാര്യങ്ങളും ജനങ്ങള്‍ സ്വീകരിച്ചു. എന്തുകൊണ്ട് സ്വീകരിച്ചുവെന്നതിന് ഒരൊറ്റ മറുപടിയേയുള്ളൂ, താന്‍ പറയുന്ന കാര്യങ്ങള്‍ ആത്മാര്‍ഥതയോടെയാണെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നത്. അതിന് സാധിക്കുന്നില്ല എന്നതാണ് സി പി എം നേതൃത്വത്തിന്റെ പ്രശ്നം. അത് മനസ്സിലാക്കാന്‍ ഇതിലും വലിയൊരു അവസരം ഇനി ലഭിക്കാനില്ല. 
ചില വ്യക്തികളുടെ വിജയവും തോല്‍വിയും കൂടി ഇവിടെ പറയേണ്ടതുണ്ട്. ഇടത് മുന്നണിക്ക് രാഷ്ട്രീയമായി മുന്‍തൂക്കമുള്ള പറവൂര്‍ മണ്ഡലത്തില്‍ വി ഡി സതീശന്‍ നേടിയ തുടര്‍ച്ചയായ മൂന്നാംജയം പ്രധാനമാണ്. ചേലക്കര മണ്ഡലത്തില്‍ സ്പീക്കറായിരുന്ന കെ രാധാകൃഷ്ണന്‍ തുടര്‍ച്ചയായ നാലാം വട്ടം വിജയിച്ചപ്പോള്‍ ലഭിച്ച വലിയ ഭൂരിപക്ഷം. പാര്‍ട്ടിക്കും മുന്നണിക്കുമപ്പുറത്ത് വ്യക്തിഗതമായ മികവിന്റെ കൂടി തെളിവുകളാണിവ. സി പി ജോണിനെപ്പൊലൊരാള്‍ പരാജയപ്പെടുമ്പോള്‍ അതൊരു പക്ഷേ നമ്മുടെ പാര്‍ലിമെന്ററി സമ്പ്രദായത്തിന് മികവുറ്റൊരു സാന്നിധ്യത്തെ ഇല്ലാതാക്കുകയാണ്. ഗൌരിയമ്മയും എം വി രാഘവനും അനിവാര്യമായ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. കേരള രാഷ്ട്രീയത്തില്‍ നിഷേധിക്കാനാവാത്ത സ്ഥാനം ഇവര്‍ക്കുണ്ടെന്നത് കണക്കിലെടുത്ത് കൊണ്ട് തന്നെ വേണം ഈ തോല്‍വികളെ വിലയിരുത്താന്‍. ജെ എസ് എസ്, സി എം പി എന്നീ പാര്‍ട്ടികളുടെ പ്രാതിനിധ്യം ഇല്ലാതായിരിക്കുന്നു. ഈ പാര്‍ട്ടികളുടെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടും. ഐ എന്‍ എല്ലിന്റെ ഭാവി? പി ഡി പിയുടെ പ്രസക്തി? എല്ലാറ്റിനും പിറകില്‍ ചോദ്യചിഹ്നങ്ങള്‍ നിരക്കുകയാണ്. 
യു ഡി എഫ് ജയിക്കുകയോ എല്‍ ഡി എഫ് തോല്‍ക്കുകയോ ചെയ്യാത്ത ഒരു തിരഞ്ഞെടുപ്പ്. ഫലത്തേക്കുറിച്ചുള്ള വിലയിരുത്തലുകളേക്കാളേറെ വരും കാലത്തുണ്ടാകാന്‍ ഇടയുള്ള വലിയ നാടകങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠകളാണ് പ്രസക്തമാകുക. അതിനായി കാത്തിരിക്കുക.


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment