Saturday, August 6, 2011

[www.keralites.net] വീണ്ടും ചില ആസ്‌പത്രി ചിന്തക

 

ഫസീല റഫീഖ്‌

മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ആരോഗ്യ മേഖലയില്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ നിര്‍ദ്ദേശങ്ങള്‍, പരിശോധനകള്‍ ഒക്കെയും സര്‍ക്കാര്‍ ആസ്പത്രികളുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് .ആരോഗ്യമന്ത്രിമാരുടെ നിര്‍ദ്ദേശങ്ങളും നിയമങ്ങളും നടപ്പാക്കുന്നതും സര്‍ക്കാര്‍ ആസ്പത്രികളിലും മെഡിക്കല്‍ കോളേജുകളിലുമാണ് .ഇതിലൊന്നും പെടാതെ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഒരു വാറോലയും നമുക്ക് സാധകമല്ല എന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്ക് മുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി നക്ഷത്ര പഞ്ചനക്ഷത്ര അലോപ്പതി ,ആയുര്‍വേദ ഹോസ്പിറ്റലുകളുണ്ടിവിടെ. സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് പോലും എന്‍.ഒ.സി. കിട്ടാന്‍ ഒരുപാട് കടമ്പകള്‍ കണക്കണം എന്നാല്‍ ഒരാസ്പത്രി തുടങ്ങാന്‍ എളുപ്പമാണ് എന്നാണ് കേള്‍വി.

നിയമങ്ങളും പാലിക്കേണ്ട മര്യാദകളും വിസ്മരിച്ച് പോകുന്നു .അല്ലെങ്കില്‍ നിയമലംഘനമാണെന്ന് അറിഞ്ഞുകൊണ്ട് പ്രതികരിച്ച് പോകുന്ന ഒരു മേഖലയാണ് ആസ്പത്രികള്‍. നിര്‍ദ്ദേശങ്ങളും ചട്ടങ്ങളും പാലിക്കേണ്ടത് രോഗിയും കൂടെ നില്‍ക്കുന്ന ബന്ധുക്കളുമാണ്. രോഗിയെ വിശ്വസിച്ച് ഡോക്ടറെ ഏല്‍പ്പിക്കുന്ന മറ്റുള്ളവര്‍ക്ക് രോഗിയുടെ കാര്യത്തില്‍ ഡോക്ടര്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരണയോടെ പാലിക്കക എന്ന ഒരു മാര്‍ഗ്ഗം മാത്രമേ അവലംബിക്കാനുള്ളൂ. വിവരാകാശനിയമം നടപ്പിലാക്കിയ രാജ്യമാണ് ഇന്ത്യ. ഒന്നുമല്ലാത്ത ഫസീലയ്ക്ക് രാഷ്ട്രപതിയുടെയോ പ്രധാനമന്ത്രിയുടെയോ എന്ന് വേണ്ട രാജ്യത്തിന്റെ മുന്‍നിരയിലുള്ളവരുടെ വിവരങ്ങള്‍ പകര്‍ത്തി നല്‍കാന്‍ രാജ്യത്ത് നിയമം അനുശാസിക്കുന്നു.

ഈ മഹത്തായ നിയമമുള്ള രാജ്യത്താണ് ഐ.സി.യുവില്‍ കിക്കുന്ന രോഗിയുടെ അവസ്ഥ എന്താണെന്ന് ചോദിച്ചാല്‍ ഒന്നും പറയാറായിട്ടില്ല, ശ്രമിക്കുന്നുണ്ട് എന്നിത്യാദി ഒഴുക്കന്‍ മറുപടി ലഭിക്കുന്നത്. ഒരു രോഗി ഏത് അവസ്ഥയിലാണെന്നോ ആസ്പത്രിയിലെത്തുന്നത് ആ അവസ്ഥ പരിശോധിച്ച് ഈ രോഗിയെ ഇവിടെ ചികിത്സിക്കാന്‍ പറ്റില്ല. ആധുനിക ചികിത്സ ആവശ്യമുള്ള രോഗിയാണ് കുറച്ച് കൂടി നല്ല ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നതാണ് നല്ലത് എന്ന് പറയാന്‍ ഏത് ഡോക്ടര്‍ തയ്യാറാവും. ഒരു സൗകര്യവും ഇല്ലാത്ത ആസ്പത്രിയിലെ ഐ.സി.യുവില്‍ നാലും അഞ്ചും ദിവസം കിടത്തി ഒന്നിനും വയ്യാത്ത അവസ്ഥയില്‍ മറ്റെവിടെയെങ്കിലും കൊണ്ടുപോക്കോളുക എന്ന് പറയുന്ന ഡോക്ടറോട് രോഗിയുടെ ബന്ധുക്കള്‍ പ്രതികരിച്ച് പോകുന്നത് നിയമം അനുസരിക്കാത്തത് കൊണ്ടല്ല. ഒരു നിമിഷം കൂടപ്പിറപ്പിന്റെ അവസ്ഥ കണ്ട് നിയമം വിസ്മരിച്ച് പോകുന്നത്‌കൊണ്ടാണ്.

അത് വരെ ചികിത്സിച്ചതിന്റെ ഒരു രേഖയും തരാതെ ടെസ്റ്റ് ചെയ്തതിന്റെ ഒരു റിസള്‍ട്ടും തരാതെ ഡിസ്ചാര്‍ജ്ജ് സമ്മറി എന്ന ഓമന പേരിലുള്ള ആര്‍ക്കും വായിക്കാനറിയാത്ത റിപ്പോര്‍ട്ട് മാത്രമേ തരികെയുള്ളൂ. ഐ.സി.യുവില്‍ കിടത്തി ചികിത്സിച്ചതിന്റെ ബില്ലും മരുന്നുവാങ്ങിയതിന്റെ ബില്ലും വളരെ കൃത്യമായി തരാന്‍ മറക്കാറില്ല. രോഗം മൂര്‍ച്ഛിച്ച് വഷളായ രോഗിയേയും കൊണ്ട് പത്തും നൂറും കിലോമീറ്റര്‍ ആംബുലന്‍സില്‍ ഓടി ഏതെങ്കിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ കവാടത്തിലെത്തും. രോഗിയേയും കൊണ്ട് ജീവനക്കാര്‍ ഐ.സി.യുവിലേക്ക് കയറും. പിന്നെ രോഗിയെ കാണണമെങ്കില്‍ സന്ദര്‍ശന സമയമെത്തണം. അതിനിടയില്‍ ഒരുപാട് തവണ 'മൈക്കില്‍' രോഗിയുടെ പേര് വിളിക്കും കാശ് അടയ്ക്കാനും മരുന്നിന്റെ ബില്ലടയ്ക്കാനും. മുന്‍കൂര്‍ കാശ് അടയ്ക്കാനുള്ള നിര്‍ദ്ദേശമായിരിക്കും. അനുസരണയുള്ള കുഞ്ഞാടുകളെപ്പോലെ പറയുന്നത് റാന്‍ മൂളി അനുസരിക്കും കാരണം നമുക്ക് ചെയ്യാനൊന്നുമില്ല. നിസ്സാഹായവസ്ഥ ചൂഷണം ചെയ്യുന്ന നമ്മുടെ അറിവില്ലായ്മ പരമാവധി വെളിപ്പെടുത്തുന്ന സമയങ്ങളാണവ. ലോക്പാല്‍ ബില്ലും തിരഞ്ഞൈടുപ്പ് ചട്ടങ്ങളും മുന്‍സിപ്പാലിറ്റിയുടെ അധികാര പരിധിയും രാഷ്ട്രപതിയുടെ, ഗവര്‍ണ്ണര്‍മാരുടെ ചുമതലകള്‍ പ്രതിപക്ഷ നേതാവിന്റെ, മുഖ്യ മന്ത്രിയുടെ നിയമസഭാ ചട്ടങ്ങള്‍ എന്നിത്യാദി കാര്യങ്ങളില്‍ അഗാധ പാണ്ഡത്യമുള്ള നമുക്കാണ് ആസ്പത്രി നിയമങ്ങള്‍, രോഗിയുടെ രോഗത്തെക്കുറിച്ചുള്ള അറിവ്,ചിക്തസാ രീതി മരുന്നിന്റെ ഉപയോഗം,രോഗിയുടെ ഇപ്പോഴത്തെ നില, ഇതൊന്നും അറിയാതെ ഡോക്ടര്‍ പറയുന്നത് വിനീത വിധേയനായി കേട്ടിരിക്കുക. അവസാന നിമിഷം രോഗിയുടെ നില വഷളാണ് 'നിങ്ങള്‍ മറ്റെവിടെയെങ്കിലും കൊണ്ടുപോയിക്കൊള്ളൂ' എന്ന് പറഞ്ഞ് ഡോക്ടര്‍ നടന്ന് നീങ്ങുന്നത്. അപ്പോഴാണ് ഏതോ സിനിമയില്‍ ഇന്നസെന്റ് ചോറ് വിളമ്പുമ്പോള്‍ ഒരാളോട് പറയുന്ന ഡയലോഗ് പറഞ്ഞ് പോകുന്നത്. പറയുന്നതും ചെയ്യുന്നതും തെറ്റാണെന്ന് അറിഞ്ഞ്‌കൊണ്ട് വിസ്മരിച്ച് പോകുന്ന നിമിഷങ്ങളാണിത്...

പ്രായത്തിന്റെ അസുഖം മൂലം മരണാസന്നനായികിടക്കുന്ന തൊണ്ണൂറുവയസ്സുകാരന് പോലും വെന്റിലേറ്ററില്‍ ശ്വാസം നല്‍കി ജീവന്റെ തുടിപ്പ് കാണിച്ച് എത്രയും ദിവസം വേണമെങ്കിലും ഐ.സി.യു.വിന്റെ ചാര്‍ജ്ജ് ഈടാക്കി മരുന്ന് പോലും ശരീരം സ്വീകരിക്കാത്ത അവസ്ഥയില്‍ ദിനേന ആയിരം രൂപയുടെ മരുന്ന് വാങ്ങിച്ചും ജീവന്‍ കാണിച്ച് കിട്ടികൊണ്ടു പോകുന്ന അവസ്ഥ എത്ര ഭയാനകമാണ്.

ഐ.സി.യു.വിന്റെ പുറത്ത് മക്കളും പേരക്കുട്ടികളും ബന്ധുക്കളും ഒരു നോക്ക് കാണാതെ മരണ സമയത്ത് ഒരിറ്റ് വെള്ളം നല്‍കാന്‍ കഴിയാതെ അവസാന ശ്വാസത്തില്‍ സ്വന്തം മതത്തിന്റെ അന്ത്യപ്രാര്‍ത്ഥന പോലും ചൊല്ലികൊടുക്കാനാവാതെ നിസ്സാഹായവസ്ഥ അനുഭവിക്കേണ്ടി വരിക. കേണു പറഞ്ഞാലും വാര്‍ഡിലേക്ക് മാറ്റാതെ ഐ.സി.യു.വിന്റെ ശീതീകരിച്ച തണുപ്പില്‍ മരണപ്പെട്ടിട്ടും മരണം സ്വീരികരിക്കാതെ ബില്ലിന്റെ കനംകൂട്ടുന്നവര്‍ ഏത് എത്തിക്‌സിന്റെ പേരിലാണ് അഭിമാനം കൊള്ളുന്നത്.

ഐ.സി.യുവും, സി.സി.യുവും ഇന്ന് ചുരുക്കമല്ല. പണ്ടൊക്കെ ഐ.സി.യുലിലാണെന്ന് കേട്ടാല്‍ രോഗം മൂര്‍ച്ഛിച്ചു അത്യാസന്ന നിലയിലാണെന്ന് നാം കരുതിയിരുന്നു. ഇന്ന് ഏത് രോഗിയേയും ആദ്യത്തെ മൂന്ന് ദിവസം ഐ.സി.യുവിന്റെ ശീതളത്തില്‍ കിടക്കേണ്ടി വരുന്നത്. ആസ്പത്രിയുടെ നടത്തിപ്പ് ചിലവ് വസൂലാക്കാന്‍ മാര്‍ഗ്ഗമില്ലാത്തത് കൊണ്ടാകാം. ആസ്പത്രി മുതലാളിമാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരായ ഡോക്ടര്‍മാര്‍ വാങ്ങുന്ന ശമ്പളം ആ തോതിലുള്ളതായിരിക്കാം.

ഐ.സി.യുവില്‍ രോഗികളെ പ്രവേശിപ്പിക്കേണ്ട എന്നല്ല ഈ പറഞ്ഞതിന്റെ അര്‍ത്ഥം. എല്ലാ ആസ്പത്രികളും ഇങ്ങയൊണെന്നുമല്ല. എന്റെ ഈ നാട്ടിലേക്കുള്ള യാത്രക്കിടയില്‍ 15 ദിവസത്തോളം കോഴിക്കോട്ടെ പ്രശസ്തമായ ആസ്പത്രിയിലെ ഐ.സി.യുവിന്റെ മുന്നില്‍ ഉറക്കമില്ലാതെ ഇരിക്കേണ്ടി വന്നിട്ടുണ്ട്. മുപ്പതോളം രോഗികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഐ.സി.യുവിന്റെ പുറത്ത്. നൂറോളം പേര്‍ സദാ സമയവും ഉണ്ടാവും. കുട്ടികള്‍ മുതല്‍ പ്രായം ചെന്നവര്‍ വരെ. ഐ.സി.യുവില്‍ കിടക്കുമ്പോള്‍ അവരുടെ ബന്ധുക്കള്‍ പുറത്ത് ഒരുപോള കണ്ണടയ്ക്കാന്‍ കഴിയാതെ പ്രാര്‍ത്ഥനയും നിശ്വാസവുമായി കഴിയുന്നുണ്ടാവും. 3,000 ഉറുപ്പിക മുതല്‍ മേലോട്ടാണ് ഐ.സി.യുവിന്റെ ദിവസ വാടക. മരുന്ന് കൂടാതെ. രോഗിയുടെ കൂടെയുള്ളവര്‍ക്ക് മുറി കൊടുക്കില്ല. അവര്‍ പുറത്ത് ലോഡ്ജിലോ മറ്റെവിടെയെങ്കിലുമോ താമസിച്ച് കൊള്ളണം. പുറത്ത് പോയി അകത്ത് കയറണമെങ്കില്‍ പാസ്സ് വേണം. ഒരു പാസ്സാണ് ഒരാള്‍ക്ക് അനുവദിക്കുക. രോഗിയെ സന്ദര്‍ശിക്കണമെങ്കില്‍ വൈകുന്നേരം അഞ്ച് മണി മുതല്‍ ആറ് മണി വരെ ഒരു മണിക്കൂര്‍. അതും കര്‍ശനമായി രണ്ട് പേര്‍ക്ക് മാത്രം. കൂടപ്പിറപ്പിനെ കാണാം എന്ന ആശ്വാസത്തില്‍ നില്‍ക്കുമ്പോഴാണ് നാട്ടില്‍ നിന്ന് രോഗിയെ കാണാന്‍ ബന്ധുക്കള്‍ എത്തുന്നത്, ഇത്രയും ദൂരം വന്നവര്‍ക്ക് കാണാനുള്ള സൗകര്യം ചെയ്ത് കൊടുത്ത് അടുത്ത ദിവസത്തെ ഊഴം കാത്ത് കിടക്കണം.

എന്റെ അനുജന് രോഗം ഭേദമായിട്ടും വാര്‍ഡിലേക്ക് മാറ്റിയില്ല. കാരണം മുറി ഒഴിവില്ല മൂന്ന് ദിവസം ഐ.സി.യുവില്‍ തന്നെ കിടത്തി. 9000/- ഉറുപ്പികയുടെ അധിക ബില്ല അടയ്‌ക്കേണ്ടി വന്നു. എങ്ങിനെയാണ് പ്രതികരിക്കേണ്ടത്. ഐ.സി.യുവില്‍ എല്ലാവര്‍ക്കും കയറണമെന്ന് വാശിപിടിക്കാമോ, വാങ്ങുന്ന മരുന്ന് രോഗിക്ക് ഉപയോഗിക്കുന്നുണ്ടോയെന്ന് ചോദിക്കാമോ, രോഗം നിസ്സാരമാണോ ഇത്രയും ദിവസം ആസ്പത്രിയില്‍ കിടത്താമോ, തീവ്രവാദികള്‍ ബന്ദിയാക്കിയ വിമാനയാത്രക്കാരെപ്പോലെയാണ് രോഗിയുടെ കൂടെയുള്ളവര്‍, പ്രതികരിച്ചാല്‍ ആസ്പത്രി അധികൃതര്‍ പ്രതികരിക്കും .രോഗിയെ ചികിത്സിക്കുന്നില്ല, രോഗം മാറില്ല, സഹിക്കുക. രോഗിക്ക് വേണ്ടിഎല്ലാം സഹിക്കുക. ഈ അവസ്ഥയാണ് ഈ കൂട്ടര്‍ മുതലെടുക്കുന്നത്. ഡോക്ടര്‍ പറയുന്നത് അവസാന വാക്കാവുന്നതും നഴ്‌സ് പറയുന്നത് അനുസരിക്കേണ്ടി വരുന്നതും സെക്യൂരിറ്റിക്കാരനെ സാര്‍ എന്ന് വിളിക്കേണ്ടി വരുന്നതും ഈ നിസ്സാഹായവസ്ഥകൊണ്ടാണ്.

വരും വരായ്കകള്‍ ചിന്തിക്കാതെ പ്രതികരിക്കുന്നവരെയാണ് നാം പത്രങ്ങളില്‍ വായിക്കുന്നത്. സ്വകാര്യ ആസ്പത്രി തല്ലി തകര്‍ത്തു, ഡോക്ടറെ ചീത്ത പറഞ്ഞു, എന്നൊക്കെ. സ്വാഭാവിക പ്രതികരണമായിരിക്കാം. മനുഷ്യന്റെ ക്ഷമയുടെ അവാസാന നിമിഷത്തിനപ്പുറം ശൂന്യമാണ്.

ഏത് സര്‍ക്കാര്‍ മാറി വന്നാലും ആരോഗ്യമന്ത്രി ഏത് ഘടകകക്ഷിയില്‍ നിന്നായാലും സ്വകാര്യ ആസ്പത്രിയിലെ ചൂഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നമുക്കാവില്ല. സ്വാശ്രയ കോളേജിന്റെ സമരത്തില്‍ നിന്ന് കാപ്പിറ്റേഷന്‍ ഫീസിന്റെ സമരത്തില്‍നിന്ന് സി.ബി.എസ.ഇ. സ്‌കൂളിന്റെ നടത്തിപ്പിന് എതിരായുള്ള സമരത്തില്‍ നിന്ന് നമ്മുടെ യുവാക്കള്‍ സ്വകാര്യ ആസ്പത്രിയിലെ ചൂഷണത്തിനെതിരെ പ്രതികരിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.

ലാബ് ടെക്‌നീഷ്യന്‍ മുതല്‍ നേഴ്‌സുമാര്‍ വരെ പത്താം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞവര്‍ മാത്രമാണെന്ന് തോന്നിപ്പോകും ചിലരുടെ സമീപനം കണ്ടാല്‍. നിയമിക്കുന്നവരുടെ യോഗ്യത അളക്കാനെങ്കിലും നമ്മുടെ ആരോഗ്യ മന്ത്രി ഒന്ന് മുന്‍കൈ എടുക്കണം.ആസ്പത്രിയിലെ ചികിത്സാ പിഴവ് കണ്ടാല്‍ പ്രതികരിക്കാന്‍ കഴിയില്ല. രോഗിയെ ഡിസ്ചാര്‍ജ്ജ് ചെയ്യണമെന്ന് പറഞ്ഞാല്‍ 'കൊണ്ട് പോയിക്കോള്ളൂ.. ഞങ്ങള്‍ ഒരു ഉത്തരവാദിത്വവും ഏല്‍ക്കില്ല' എന്ന് ഒരു ഡോക്ടര്‍ പറയുമ്പോള്‍ ആര്‍ക്കാണ് ധൈര്യമുണ്ടാവുക. ആരാണ് മുന്നോട്ട് വരിക. ഈ അവസ്ഥയാണ് ജീവനക്കാരും ആസ്പത്രി മുതലാളിമാരും ഡോക്ടര്‍മാരും തുരുപ്പ് ചീട്ടാക്കുന്നത്.

എന്റെ വിട്ടിന്റെ അയലത്തെ സി.കെ.സി. മമ്മദ്ക്ക 90-ാം വയസ്സിന്റെ പ്രായാധിക്യത്താല്‍ ആസ്പത്രയില്‍ അഡ്മിറ്റ് ചെയ്തു. ഐ.സി.യുവിലേക്കാണ് കൊണ്ടുപോയത്. ആറ് ദിവസത്തോളം വെന്റിലേറ്ററിലും മറ്റും ചിക്തിസിപ്പിച്ചു. ഒരുപാട് ശിശുഗണങ്ങളും ബന്ധുക്കളും പേരക്കുട്ടികളുമുള്ള മമ്മദ്ക്കയ്ക്ക് ഒരു മാറ്റവും ഇല്ല, ഡോക്ടറുടെ പതിവ് പല്ലവി തന്നെ. ഒന്നും പറയാറായിട്ടില്ല. ഐ.സി.യുവില്‍ നിന്ന് ബലമായി ഡിസ്ചാര്‍ജ്ജ് ചെയ്തു വീട്ടിനടുത്തുള്ള ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്തു. അങ്ങനെ ധൈര്യപൂര്‍വ്വം ഡിസ്ചാര്‍ജ്ജ് വാങ്ങിച്ചെത് അദ്ദേഹത്തിന്റെ പേരക്കുട്ടിയാണ്. രണ്ട് ദിവസം വാര്‍ഡില്‍ കിടന്ന് അദ്ദേഹം മരണപ്പെട്ടു. മരിക്കുമ്പോള്‍ ചുറ്റും അദ്ദേഹത്തിന്റെ മക്കളും ശേഷക്കാരുമുണ്ടായിരുന്നു. ഒരിറ്റ് വെള്ളം ചുണ്ടില്‍ നനയ്ക്കാന്‍ അവര്‍ക്കായി. ഐ.സി.യുവില്‍ നിന്ന് മരിച്ച ശരീരം പുറത്തേയ്ക്ക് കൊണ്ടുവരുന്നതിലും ഭേദമല്ലേ നമുക്ക് മുന്നില്‍ നിന്ന് മരിക്കുന്നത് എന്ന ചോദ്യം നൂറുദ്ദീന്‍ എന്ന പേരക്കുട്ടി ചോദിക്കുന്നതിന്റെ ശരി നമുക്ക് ശരിയായിട്ട് തന്നെയല്ലേ തോന്നുന്നത്. അങ്ങനെ പറയാന്‍ കാണിക്കുന്ന ധൈര്യം ചിലപ്പോള്‍ നമുക്ക് പറ്റാതെവരും. നിസ്സാഹയതയുടെ തോന്നലാണത്. ഒന്നും ചെയ്യാന്‍ കഴിയാതെ ഐ.സി.യുവിന്റെ മുന്നില്‍ ഓപ്പറേഷന്‍ തിയ്യേറ്ററിന്റെ മുന്നിലും എത്രപേര്‍ ഈ പാതിരാത്രിയിലും ഇരിക്കുന്നുണ്ടാവാം. അധികൃതരുടെ ശ്രദ്ധ പതിയേണ്ട വിഷയമാണ് നാം ഒരോരുത്തരും
ഉത്തരം പറയേണ്ട കാര്യമാണ്.


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment